Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈന :- 21 ടൺ ഭാരമുള്ള ചൈനയുടെ റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട ജനവാസ മേഖലകളിൽ പതിക്കുവാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വിദഗ് ധർ. വ്യാഴാഴ്ച വിക്ഷേപിച്ച ലോങ്ങ്‌ മാർച്ച്‌ 5 ബി റോക്കറ്റിനാണ് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലേയ്ക്ക് പതിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. റോക്കറ്റിന്റെ പാത ന്യൂയോർക്ക്, മാഡ്രിഡ്‌, ബെയ് ജിങ് തുടങ്ങിയ നഗരങ്ങൾക്ക് കുറച്ച് വടക്കു നിന്നും ചിലി, വെല്ലിങ്‌ടൺ ന്യൂസിലൻഡ് തുടങ്ങി തെക്കൻ നഗരങ്ങളിലൂടെ ആണ്. ഈ നഗരങ്ങൾക്കു മേൽ പതിക്കാനുള്ള സാധ്യത വളരെ വലുതാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞനായ ജോനാഥാൻ മക്ഡോനൽ വിലയിരുത്തുന്നു. എന്നാൽ റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വച്ച് തന്നെ നശിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈന ഈ റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടങ്ങൾ എത്തിക്കുന്നതിനായാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. ‘ ടിയാൻഹെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശനിലയം പൂർത്തീകരിക്കപ്പെടുമ്പോൾ ഏകദേശം മൂന്ന് ക്രൂവിലുള്ള ആളുകൾക്ക് ഇതിൽ താമസിക്കാം. 2022 ഓടെ ബഹിരാകാശ നിലയം പൂർത്തീകരിക്കുവാൻ ആണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം പൂർത്തീകരിക്കപ്പെടുമ്പോൾ 211 മുതൽ 280 മൈൽ വേഗത്തിൽ ഇത് ഭൂമിയെ വലംവയ്ക്കും എന്നാണ് ചൈനീസ് വിദഗ് ധർ വ്യക്തമാക്കുന്നത്.

യു എസ്‌, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ അത്യാധുനികമായ ഒരു ബഹിരാകാശനിലയം നിർമ്മിക്കുവാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന് ഏകദേശം പത്ത് വർഷത്തോളം ആണ് സമയം എടുത്തത്. യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേർന്നത്. ചൈനയെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് യു എസ് വിലക്കിയിരുന്നു.
എന്നാൽ വിക്ഷേപിച്ച ഈ റോക്കറ്റ് ജനവാസ മേഖലകളിൽ പതിച്ചാൽ ചൈനയ്ക്ക് അത് വൻ തിരിച്ചടിയാകും.

യു കെ യിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വേക്ഫീൽഡ് സ്വദേശിയായ നവീൻ ഭാസ്കർ (37) മരണമടഞ്ഞു. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണെങ്കിലും നവീന് യുകെയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇടുക്കി സ്വദേശിയായ ആനി ആണ് നവീന്റെ ഭാര്യ. മൂന്ന് മക്കളാണ് നവീൻ ആനി ദമ്പതികൾക്കുള്ളത്. ആൻഡ്രിയ നവീൻ (11), കേസിയ നവീൻ (8), ജെറമിയ നവീൻ( 3).

കോവിഡിൽ നിന്ന് രോഗമുക്തി നേടിയിരുന്നെങ്കിലും കോവിഡാനന്തര പാർശ്വഫലങ്ങളിലൊന്നായ ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അറിയാൻ സാധിച്ചത്. വയനാടിന്റെ അതിർത്തി ജില്ലയായ നീലഗിരി സ്വദേശിയായ നവീൻെറ കുടുംബബന്ധങ്ങളിലേറെയും കേരളത്തിലായിരുന്നു. ഭാര്യ മലയാളിയും. നന്നായി മലയാളം സംസാരിച്ചിരുന്ന നവീൻ മാഞ്ചസ്റ്റർ ആസ്ഥാനമായ പെന്തക്കോസ്ത് ചർച്ചിന്റെ പ്രാർത്ഥന കൂട്ടായ്‌മയിൽ സജീവസാന്നിധ്യമായിരുന്നു.

സ്റ്റുഡൻറ് വിസയിൽ എത്തി ചെറിയ ജോലികൾ ചെയ്ത് ജീവിതം പച്ച പിടിക്കുന്ന അവസ്ഥയിലാണ് വിധി കോവിഡിന്റെ രൂപത്തിൽ വന്ന് നവീന്റെ ജീവിതം തട്ടിയെടുത്തത്. സ്വന്തമായി ബിസിനസ് ചെയ്യാനുള്ള പ്രാരംഭ നടപടികളിലായിരുന്നെങ്കിലും കോവിഡും ലോക്ക് ഡൗണും കാരണം മുന്നോട്ട് പോകാനായില്ല. ഇതിനിടെ ആനിയ്ക്ക് പാർട്ട് ടൈം ആയി കെയർ അസിസ്റ്റന്റിന്റെ ജോലി ലഭിച്ച് ജീവിതം പച്ച പിടിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം . നവീന്റെ കുടുംബത്തെ സഹായിക്കാനായിട്ട് ഒട്ടേറെ യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.

നവീൻ ഭാസ്കറിന്റെ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിച്ച് സംഭാവന നൽകാം.

നവീൻ ഭാസ്കറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിച്ചതോടുകൂടി അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സാമ്പത്തിക വിദ്യാഭ്യാസ മേഖലകളെയാണ് . ബ്രിട്ടീഷ് സർക്കാർ കുട്ടികളെ തിരികെ സ്കൂളുകളിൽ കൊണ്ടുവരുന്നതിൽ മുൻഗണന നൽകിയെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഒരുവർഷത്തിലേറെയായി കുട്ടികൾ വീട്ടിലാണ്. യുകെയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്ന ചിന്തയിലാണ് അധികൃതർ.

വേനലവധിക്കാലത്ത് മുഖാമുഖമുള്ള സ്കൂൾ ദിനങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആഴ്ചകൾ തോറും പ്രത്യേക ട്യൂഷൻ ക്ലാസുകൾ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വീണ്ടും അതേ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുക, സ്കൂൾ ദിനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കുക, കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനുള്ള കഴിവ് ആർജിക്കുക തുടങ്ങിയ അഞ്ചിന പദ്ധതികളാണ് വിദ്യാഭ്യാസ വിദഗ്ധർ ഗവൺമെൻ്റിന് മുൻപിൽ വച്ചിട്ടുള്ളത്.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകാതിരിക്കുക എന്നത് യുഎസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും യുകെയിൽ പതിവില്ല. മാത്രമല്ല ക്ലാസ് കയറ്റം നൽകാത്ത ഒരു കുട്ടിയ്ക്കായി ഗവൺമെൻറ് 6000 പൗണ്ടോളം അധികം കണ്ടെത്തേണ്ടിവരും. എന്തായാലും നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി ഗവൺമെൻറ് വൻതോതിൽ തുക വകയിരുത്തിയെങ്കിലും പദ്ധതികൾ നടപ്പാക്കാൻ അധ്യാപക സംഘടനകളുടെയും, സ്കൂളുകളുടെയും സഹകരണം ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 135 ബില്യൺ പൗണ്ട് വിലമതിക്കുന്ന യുകെ ബിസിനസുകൾ, ഇൻഫ്രാസ്ട്രക്ചർ, പ്രോപ്പർട്ടി, മറ്റ് ആസ്തികൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ ചൈനീസ് നിക്ഷേപകർ സ്വരൂപിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്‌. 200 ഓളം ബ്രിട്ടീഷ് കമ്പനികളെ ചൈനീസ് നിക്ഷേപകരാണ് നിയന്ത്രിക്കുന്നതെന്നും അവരെ ന്യൂനപക്ഷ ഓഹരി ഉടമകളായി കണക്കാക്കുന്നുവെന്നും അന്വേഷണം വെളിപ്പെടുത്തുന്നു. സൺ‌ഡേ ടൈംസ് കണ്ടെത്തിയ 200 നിക്ഷേപങ്ങളിൽ 80 ലധികം എണ്ണത്തിലെ ബ്രിട്ടീഷ് – ചൈന ബന്ധം 2019 മുതൽ വഷളായികൊണ്ടിരിക്കുകയാണ്. തേംസ് വാട്ടർ, യുകെ പവർ നെറ്റ്‌വർക്കുകൾ, ഹീത്രോ എയർപോർട്ട് എന്നിവയുൾപ്പെടെയുള്ള നിർണായക ബിസിനസുകളുടെ ഓഹരികൾ ചൈനീസ്, ഹോങ്കോംഗ് കമ്പനികളോ നിക്ഷേപകരോ സ്വന്തമാക്കിയിട്ടുണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി.

എഫ്‌ടി‌എസ്‌ഇയുടെ 100 സ്ഥാപനങ്ങളിൽ കുറഞ്ഞത് 57 ബില്യൺ പൗണ്ട് ചൈനീസ് നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 134 ബില്യൺ പൗണ്ടിൽ 44 ബില്യൺ പൗണ്ട് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. പ്രശസ്ത സ്വകാര്യ സ്കൂളുകളായ തെറ്റ് ഫോർഡ് ഗ്രാമർ സ്കൂൾ, ബോർനെമൗത്ത് കൊളീജിയറ്റ് കോളേജ് തുടങ്ങിയവയിലും ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മെയിൽ ഓൺ സൺ‌ഡേ റിപ്പോർട്ട്‌ ചെയ്തു. സർക്കാരുകൾ തുടർച്ചയായ നിരീക്ഷണത്തിൽ ആണെന്ന് തെളിയിക്കുന്നതാണ് ഈ അന്വേഷണ റിപ്പോർട്ടുകളെന്ന് മുൻ കൺസർവേറ്റീവ് പാർട്ടി നേതാവ് സർ ഇയാൻ ഡങ്കൻ സ്മിത്ത് പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അവശേഷിക്കുന്ന നൂറുകണക്കിന് സ്വതന്ത്ര വിദ്യാലയങ്ങൾ ചൈനീസ് നിക്ഷേപകർ ലക്ഷ്യമിടുന്നതെങ്ങനെയെന്ന് ഈ വർഷം തുടക്കത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പതിനേഴ് സ്കൂളുകൾ ഇതിനകം ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞ വർഷം, ചൈനീസ് കമ്പനികൾ സ്റ്റാഫോർഡ്ഷയറിലെ ലിച്ച്ഫീൽഡിനടുത്തുള്ള അബോട്ട്സ് ബ്രോംലി സ്കൂൾ ഉൾപ്പെടെ മൂന്ന് സ്കൂളുകൾ വാങ്ങിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത അംഗങ്ങൾ ബ്രിട്ടന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചൈനയുടെ ആഗോള സാമ്പത്തിക, രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ ബെൽറ്റ് ആൻഡ് റോഡ് തന്ത്രത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സഹായിക്കുന്നതിന് ബ്രിട്ടീഷ് സ്കൂളുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 3689 ആണ്. രോഗവ്യാപനതോതും മരണസംഖ്യയും ഇതുവരെ ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും കൂടുതലാണ്. മഹാമാരിയെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആളെ കൂട്ടിയതും രണ്ടാം തരംഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കാണിച്ച ഗുരുതരമായ അനാസ്ഥയും തുടർന്ന് മോദി സർക്കാരിനെതിരെ രാജ്യത്തിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വൻ പ്രാധാന്യത്തോടെയാണ് ബി ബി സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ മഹാമാരിയിൽ ആടിയുലയുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യുകെ രംഗത്തുവന്നു. രാജ്യത്തെ രോഗബാധിതരെ സഹായിക്കാനായി 1000 വെൻറിലേറ്ററുകൾ കൂടി അയക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയാൻ സാധിച്ചത്. ഇന്ത്യയ്ക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് യുകെ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു . നേരത്തെതന്നെ യുകെ ഇന്ത്യയ്ക്ക് കോവിഡിനെ തടയാനുള്ള ഒട്ടേറെ ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറിയിരുന്നു.

ഗ്ലാസ്ഗോയിൽ താമസിക്കുന്ന കോട്ടയം,കോതനല്ലൂർ സ്വദേശി രാജു സ്റ്റീഫൻ (58) നിര്യാതനായി. ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ ‘വല്യേട്ടൻ ‘ എന്നായിരുന്നു രാജു സ്റ്റീഫൻ അറിയപ്പെട്ടിരുന്നത്. കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന രാജു സ്റ്റീഫൻ അറിയപ്പെടുന്ന വോളി ബോൾ താരവും വാഗ്മീയും , സംഘാടകനും ആയിരുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ വോളി ബോൾ താരവും എസ് ബി ഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ മോളി വർഗീസ്സ് റാന്നി ചെമ്മാരിയിൽ കുടുംബാഗമാണ്. മക്കൾ ലിബിൻ , വിവിൻ , ഡോ. അന്ന. ചെറുമകൻ മൈക്കിൾ സ്റ്റീഫൻ സഹോദരി ലീലാമ്മ സ്റ്റീഫനും ഗ്ലാസ്ഗോ നിവാസിയാണ്.

2004 മുതൽ ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ കുടിയേറ്റ കാലഘട്ടത്തിന്റെ ബാലാരിഷ്ഠിതകളിൽ ജ്യേഷ്ഠ സ്ഥാനീയനായി നിന്നുകൊണ്ട് നിലവിലുള്ള ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് ഊടുംപാവും നല്കുന്നതിൽ രാജു സ്റ്റീഫന്റെ നിസ്തുലവും നിസ്സീമവുമായ പ്രവർത്തനങ്ങളുണ്ട്.
കാര്യമായ ആരോഗ്യപ്രശനങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫൻ മെയ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഹാർട്ട് അറ്റാക്ക് സംഭവിച്ചാണ് മരണമടഞ്ഞത്. പൊതു ദർശന -സംസ്കാര ചടങ്ങുകളേക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടറിയിക്കുന്നതാണ്.

രാജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ചുവന്നു തുടുത്തു. എൽഡിഎഫിന് ചരിത്ര വിജയത്തിലേക്ക് നയിച്ച പിണറായി വിജയനാണ് ഈ തെരഞ്ഞെടുപ്പിലെ താരം. വിജയ കൊടുങ്കാറ്റിലും കേരള കോൺഗ്രസ് (എം) -ൻെറ ചെയർമാൻ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പരാജയം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായി. മാണി സി കാപ്പന് ബിജെപി വോട്ട് മറിച്ചതാണ് പരാജയകാരണം എന്ന് ജോസ് കെ മാണി ആക്ഷേപം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻെറ പത്രസമ്മേളനത്തിലും ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറയാതെ പറഞ്ഞത് ഇതു തന്നെയാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി പ്രമീള ദേവിയ്ക്ക് കിട്ടിയ വോട്ട് 10466 ആണ്.  കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എൻഡിഎയ്ക്ക് പതിനായിരത്തോളം വോട്ടിൻെറ കുറവാണ് ഉണ്ടായിരിക്കുന്നത്.

എന്നാലും പാലായിലെ കേരള കോൺഗ്രസ് സിപിഎം തർക്കം ജോസ് കെ മാണിയുടെ പരാജയത്തിലേക്ക് വഴിവെച്ചു എന്ന് കരുതുന്നവർ ഏറെയാണ്. പ്രത്യേകിച്ച് പാലാ മുൻസിപ്പാലിറ്റിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന തമ്മിലടി മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. അടുത്തയിടവരെ എതിർചേരിയിൽ ആയിരുന്ന അഴിമതിക്കാരനെന്ന് മുദ്രകുത്തി ആക്ഷേപിച്ച നേതാവിന് വോട്ടുചെയ്യാനുള്ള ശരാശരി ഇടതുപക്ഷക്കാരൻെറ വൈമുഖ്യവും ജോസ് കെ മാണിയുടെ പരാജയത്തിന് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.

കേരള കോൺഗ്രസുകളെ വലതുപക്ഷ രാഷ്ട്രീയത്തിലെ ആത്മഹത്യ ബോംബുകളായാണ് ഒരു സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകൻ വിശേഷിപ്പിച്ചത്. 10 സീറ്റിൽ മത്സരിച്ച ജോസഫ് പക്ഷം രണ്ടു സീറ്റിൽ ഒതുങ്ങി. പന്ത്രണ്ട് സീറ്റിൽ മത്സരിച്ച ജോസ് പക്ഷത്തിന് അഞ്ചു സീറ്റ് ലഭിച്ചെങ്കിലും പടനായകൻെറ പതനം വരും കാലത്ത് ആ പാർട്ടിയുടെ അധികാര സമവാക്യത്തിൽ ഉണ്ടാകാൻ പോകുന്ന വടംവലികൾ കണ്ടുതന്നെ അറിയണം. മന്ത്രിസ്ഥാനം തന്നെ തർക്ക വിഷയം ആകാനുള്ള സാധ്യത മുന്നിലുണ്ട്. കാലാവധി കഴിയാതെ ലോകസഭയിൽ നിന്ന് രാജ്യസഭയിലേക്കും അവിടെ നിന്ന് നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ട ജോസ് കെ മാണിയെ ഏത് രീതിയിൽ എൽഡിഎഫ് ഉൾക്കൊള്ളും എന്നതും വരുംദിവസങ്ങളിൽ നിർണായകമാണ് . സിപിഐയും കേരള കോൺഗ്രസ് ജോസ് പക്ഷവും തമ്മിലുള്ള തർക്കങ്ങളും മുറുകാനാണ് സാധ്യത. ഇടതുപക്ഷ സ്വഭാവം ഇല്ലാത്ത കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് എത്ര കാലം എൽഡിഎഫിൽ തുടരാനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നുത്. പ്രത്യേകിച്ച് ചെയർമാൻ ജോസ് കെ മാണി അധികാരത്തിന് പുറത്തായിരിക്കുമ്പോൾ എൽഡിഫുമായുള്ള സ്വരചേർച്ച കണ്ടുതന്നെ അറിയണം.

എനിക്ക് രാഷ്ട്രീയപരമായി വല്ല അറിവൊന്നും ഇല്ല . വളർന്നു വന്ന സാഹചര്യവും അറിവും അനുസരിച്ച് എപ്പോളും സപ്പോർട്ട് ചെയ്യുന്നതും അംഗീകരിക്കുന്നതുമായ ഒരു പാർട്ടി കോൺഗ്രസ് ആണ്. പക്ഷെ ഇത്രയും നാൾ നേരിട്ടു കണ്ടു അറിഞ്ഞ ആൾ എന്ന നിലയിൽ LDF ചെയ്യുന്ന പല കാര്യത്തിലും ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്നതാണ്. ഒരു പാർട്ടിയിൽ എല്ലാവരും നല്ലവരാകണമെന്നില്ല. എന്തിനേറെ യേശു ക്രിസ്തുവിന്റെ ടീമിൽ പോലുമില്ലായിരുന്നോ  മാറ്റിനിർത്തപ്പെടേണ്ട വ്യക്തിത്വങ്ങൾ…

പക്ഷെ അത് മാറ്റിവച്ചിട്ടു ചിലകാര്യങ്ങൾ നമ്മൾ നോക്കികാണുകയാണെങ്കിൽ ആരോഗ്യ സംരക്ഷണം അത് നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഒന്നാണ്. അതിൽ ഒരു പരിധിവരെ ഇന്നത്തെ കേരള സർക്കാർ വിജയിച്ചു എന്ന് നമുക്ക് പലവട്ടം മനസിലായ കാര്യമാണ് .

അത് നിപ്പയുടെ കാര്യം തന്നെയെടുക്കുക. നമ്മളുടെ വീടുകൾ തോറും കയറി ഇറങ്ങി ബോധവത്കരിച്ചും ഹൈജീൻ കിറ്റുകൾ കൊടുത്തും ഉയർത്തിയപോലെത്തന്നെ വെള്ളപൊക്കം വന്നപ്പോളും ആ ഒരു സർക്കാരിന്റെ കഴിവിൽ പിടിച്ചുനിന്നവരാണ് നമ്മൾ മലയാളികൾ .

ഇതിനിടയിൽ ആരോമൂലം ഇല്ലാതാക്കപ്പെട്ട ചില കുഞ്ഞുങ്ങളുടെ ഏങ്ങലടികളും വറ്റിയ മാറുകളുടെ ശാപങ്ങളും അനാധമാക്കപ്പെട്ട ചില കുടുംബങ്ങളുടെ കണ്ണുനീരും ആർക്കൊക്കയോ  വേണ്ടി ജയിലറക്കുള്ളിലകപ്പെട്ടു കുടുങ്ങിപ്പോയ ശബദമില്ലാ  മുറവിളികളുടെയും മറ്റുപല അരോചക മരണങ്ങളുടെ മണവും… ഓട്ടകൾ ഉണ്ടായിരുന്ന ഖജനാവ് വിളക്കിച്ചേർക്കുന്നതിന് പകരം ഓട്ടകൾ വലുതാവുകയും, വിള്ളലുകൾ രൂപപ്പെടുകയും ചെയ്ത സാഹചര്യമാണ് നമുക്ക് ചുറ്റിലുമുള്ളതെങ്കിലും…

നമ്മുടെ സർക്കാരിന്റെ ചില ആത്മസമർപ്പണവും കഴിവുകളും ഈ ഒരു മഹാമാരിയിലും തുടരുന്നുവെന്നത് നമ്മൾ മറന്നൂടാ. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി പൂത്തതും പഴകിയതുമായ ധാന്യവർഗ്ഗങ്ങൾ കൊടുത്തു സർക്കാർ മനുഷ്യനെ വഞ്ചിച്ചുവെന്ന് പറയുമ്പോളും ആരോടും പറയാതെ ആ ധാന്യത്തിന്റെ ബലത്തിൽ മാത്രം  ജീവൻ പിടിച്ചുനിർത്തിയ എത്ര എത്ര കുഞ്ഞുങ്ങൾ, അമ്മമാർ, വയറൊട്ടിയ കുടുംബനാഥൻമാർ ഉണ്ടായിരുന്നുവെന്ന് എല്ലാവരും അറിയണമെന്നില്ല. കാരണം പലരും കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പരത്തുന്നതിന്റെയും വാശിയിലും തിരക്കിലുമായിരുന്നു.

ഇന്നത്തെ അവസ്ഥ തന്നെ നോക്കുക നോർത്ത് ഇന്ത്യയിൽ ഓക്സിജൻ ഇല്ലാതെ ജനങ്ങൾ വഴിയിൽ കിടന്നു മരിക്കുന്നു. സംസ്കരിക്കാൻ ആളും സ്ഥലവും ഇല്ലാതെ പോവുന്ന എത്ര എത്ര മരവിച്ച ദേഹങ്ങൾ. താൻ പ്രസവിച്ചു മുലയൂട്ടി വളർത്തിയ കുഞ്ഞ് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നതു കാണേണ്ടിവരുന്ന  എത്ര എത്ര അമ്മമാർ. തനിക്കു താങ്ങും തണലുമായി നിന്നവളുടെ മരവിച്ച ശരീരം എങ്ങോട്ടെന്നില്ലാതെ ദിശ അറിയാതെ സൈക്കിളിൽ കെട്ടി ഏങ്ങി എങ്ങി പോകുന്ന വേറൊരു പടു വൃദ്ധനെ ഇന്നലെയും നമ്മൾ കണ്ടു മറന്നു . ഇനിയും നമ്മൾ അറിയാത്തതും കേൾക്കാത്തതുമായ എത്രയോ രോദനങ്ങൾ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഏതോ ഒരു കോണിൽ കത്തി ചാമ്പലായിട്ടുണ്ടാവാം .

അതേസമയം നമ്മളുടെ കൊച്ചു കേരളത്തിൽ നമുക്കു സ്വന്തമായി വാക്‌സിൻ മേടിച്ചു തന്റെ ജനങ്ങളെ സംരക്ഷിക്കുന്ന, ഓക്സിജൻ ഷാമം നേരത്തെ നോക്കിക്കണ്ടു നമ്മളെ ജീവിക്കാൻ സഹായിക്കുന്ന, പൂത്തതെന്നും പഴയതെന്നും പറഞ്ഞു ആർത്തുചിരിക്കുന്ന മുഖങ്ങൾക്കു പിടികൊടുക്കാതെ തങ്ങളുടെ കർത്തവ്യങ്ങൾ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്ന ഈ ഒരു ഗവൺമെന്റിൽ അഭിമാനം  മാത്രം.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തം പാർട്ടി എന്നത് ഒരു പുറം ചട്ട മാത്രമാണ് .മനുഷ്യർ എവിടെ മനുഷനാകുന്നുവോ അവിടെ മതമോ പാർട്ടിയോ തീർത്തും അപ്രസിദ്ധമാകുന്നു. നല്ലതു ചെയ്യുന്ന മനഷ്യനെ കുറിച്ച് നല്ല രണ്ടു വാക്കു പറയണമെങ്കിൽ അത് അത് അവരുടെ ചേതനയറ്റ ശരീരത്തിനു മുമ്പിൽ മാത്രമേ ആകുകയുള്ളു എന്ന സ്വഭാവം ചില പാർട്ടി ഭ്രാന്തും മതഭ്രാന്തും പിടിച്ചവരുടെ സ്വഭാവം ആയി പോയി. അരെങ്കിലും  എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ നിങളുടെ ദൈവിക കരങ്ങളെ പാർട്ടി നോക്കാതെ ഇഷ്ടപെടുന്ന ഒരു പാട് ആൾക്കാർ നിങ്ങൾക്ക് ചുറ്റുമുണ്ട് . കൂടുതൽ ഊർജം പേറി മുമ്പോട്ടു പോകുക . ഒന്നും നിങ്ങളുടെ  മനസ്സിനെ തളർത്താതെ ഇരിക്കട്ടെ.
ഇനിയും ഒട്ടേറെ നന്മയും സ്നേഹവുമൊക്കെയായ് നമ്മുടെ ഈ കൊച്ചു കേരളം വളർന്നു പന്തലിക്കട്ടെ  ഈ ചുവന്ന കുടക്കീഴിൽ …..

അഭിനന്ദനങ്ങൾ 💞

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാസ്ക് വെച്ച് മുഖം മറയ്ക്കാതെ, സാമൂഹിക അകലം പാലിക്കാതെ സന്തോഷത്തോടെ ക്ലബിൽ നൃത്തം ചവിട്ടി ജനങ്ങൾ. സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്കിന്‌ ശുഭപ്രതീക്ഷ നൽകികൊണ്ട് ഏകദേശം 3000 ത്തോളം പേരാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി ലിവർപൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ഗവൺമെന്റിന്റെ പൈലറ്റ് ഇവന്റിന്റെ ഭാഗമായാണ് പരിപാടി നടന്നത്. ലോക്ക്ഡൗണിന് ശേഷം ഇത് ആദ്യമായാണ് മാസ്ക് ഇല്ലാതെ ക്ലബ്ബിൽ ഒത്തുകൂടി ആഘോഷിക്കുന്നത്. ഇത് രാജ്യത്തിന്റെ വലിയൊരു നിമിഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഒപ്പം പ്രതിസന്ധിയ്ക്കിടയിലും ഇത് ഊർജം പകരുന്ന ഒന്നായി മാറിയെന്ന് പങ്കെടുത്തവർ അറിയിച്ചു. “കൊറോണ വൈറസ് വന്നതിന് ശേഷം ഈ ഒത്തുകൂടൽ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ്. എന്നാൽ ഇത് എനിക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകി.” ഒരു വ്യക്തി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം വ്യവസായം തകർന്നടിഞ്ഞതായി ഇവന്റ് പ്രൊഡ്യൂസർ സാം ന്യൂസൺ പറഞ്ഞു. എന്നാൽ ഇത് തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന ക്ലബ് ഇവന്റ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് ലിവർപൂൾ പബ്ലിക് ഹെൽത്ത് ഡയറക്ടർ മാറ്റ് ആഷ്ടൺ പറഞ്ഞു. “ലിവർപൂളിൽ ഇത് ഞങ്ങളുടെ സാമ്പത്തിക ഉൽപാദനത്തിന്റെ 40 ശതമാനത്തിലധികമാണ്. അതിനാൽ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത് പ്രധാനമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ വീടിനകത്ത് കൂടിച്ചേർന്നാൽ കൊറോണ വൈറസ് സംക്രമണം വർദ്ധിക്കുമോയെന്ന് അറിയാൻ ശാസ്ത്രജ്ഞർ കൂടുതൽ വിവരങ്ങൾ പരിശോധിക്കും. ഇവന്റ്സ് റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസത്തെ പരിപാടി. ലിവർപൂളിന്റെ സെഫ്ടൺ പാർക്കിൽ നടക്കുന്ന എഫ്എ കപ്പ് ഫൈനലിലേക്കും ഞായറാഴ്ചത്തെ സംഗീതമേളയിലേയ്ക്കും കാണികൾ മടങ്ങിവരും. അതെ ഇത് ശുഭപ്രതീക്ഷ സമ്മാനിക്കുന്ന വാർത്തയാണ്.

ബേസിൽ ജോസഫ്

ഈ റെസിപ്പിക്ക് കാരണമായത് പ്രിയ സുഹൃത്തായ അജിത് പാലിയത്തിന്റെ പൈ പുരാണം എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. അപ്പോൾ മനസ്സിലായി മലയാളികൾക്ക് ഒക്കെ പൈ ഇഷ്ടമാണ് പക്ഷെ അതിൽ പാരമ്പരഗതമായി ഉപയോഗിക്കുന്ന ഫില്ലിംഗ് ആണ് എല്ലാവർക്കും ഇഷ്ടക്കുറവ് അപ്പോൾ ആലോചിച്ചു എങ്ങനെ നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇതിനെ ഒന്ന് മാറ്റിയെടുത്താലോ എന്ന്. വീക്കെൻഡ് കുക്കിംഗ് സീസൺ 2 ടീമുമായി ഈ ആശയം പങ്കുവച്ചു. അവസാനം വിന്താലു മസാലയിൽ പോർക്ക് ജോയിന്റ് സ്ലോ കുക്ക് ചെയ്ത് പോർക്ക് ഫില്ലിംഗ് ഉണ്ടാക്കിയാൽ ഏറെ വ്യത്യസ്തമായിരിക്കും എന്ന ഒരു തീരുമാനത്തിൽ എത്തിച്ചേരുകയും അത് പരീക്ഷിക്കുകയും ചെയ്തു. വിന്താലു മസാല ആണ് ഈ ഡിഷിന്റെ കാതൽ. വിന്താലു എന്ന പേര് പോർച്ചുഗീസ് ഡിഷ് ആയ “carne de vinha d’alhos” നിന്നും ഉണ്ടായതാണ്. വിശദമായ പാചക വിധി താഴെ വിവരിക്കുന്നു.

ചേരുവകൾ

1)പോർക്ക്‌ മീഡിയം സൈസ് ജോയിൻറ് (750 ഗ്രാം )
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റൽ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
കറുവാപട്ട 1 പീസ്
ശർക്കര 25 ഗ്രാം
മഞ്ഞൾ പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 കപ്പ്‌ (50 മില്ലി)
3) ടൊമറ്റോ 1 എണ്ണം
4)ഓയിൽ 2 ടീസ്പൂണ്‍
5)പഫ് പേയ്സ്റ്റ്റി ഷീറ്റ്സ് – 2 എണ്ണം
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

വിന്താലു മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകൾ വിനാഗിരിയിൽ ചേർത്ത് അരച്ച് എടുക്കുക്കുക. നല്ല കുഴിവുള്ള ഒരു പാനിൽ (കാസറോൾ പാൻ) ഓയിൽ ചൂടാക്കി ഫൈൻ ആയി ചോപ് ചെയ്ത 2 സബോള ,ടൊമറ്റോ, 2 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ നിറമായി കഴിയുമ്പോൾ അരച്ചുവച്ച മസാലയും ചേർത്ത് വഴറ്റുക. മസാല കുക്ക് ആയി കഴിയുമ്പോൾ പോർക്ക് (മുറിക്കാതെ ഒറ്റ പീസ് ആയി ) ചേർത്ത് വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത് മൂടി വച്ച് ചെറു തീയിൽ 90 മിനിറ്റു കുക്ക് ചെയ്യുക. പോർക്ക് വെന്തുകഴിയുമ്പോൾ പുറത്തെടുത്തു ഒരു ഫോർക്ക് കൊണ്ട് പോർക്ക് ചെറുതായി മിൻസ് രീതിയിൽ ചീന്തിയെടുക്കുക (തൊലി ഒഴിവാക്കി മീറ്റ് മാത്രം). ഇങ്ങനെ ചീന്തിയെടുത്ത പോർക്ക് വീണ്ടും അതെ ഗ്രേവിയിൽ ഇട്ട് നന്നയി വറ്റിച്ചെടുക്കുക. ഓവൻ 200 ഡിഗ്രിയിൽ പ്രീഹീറ്റ്ചെയ്യുക. ഒരു ബേക്കിങ് ഡിഷിൽ പഫ് പേയ്സ്റ്ററി കൊണ്ട് ബേസ് ഉണ്ടാക്കി അതിലേയ്ക്ക് ഈ മിശ്രിതം മാറ്റി മുകളിൽ മറ്റൊരു പഫ് പേയ്സ്റ്ററി ഷീറ്റ് കൊണ്ട് കവർചെയ്ത് അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പേയ്സ്ട്രയിക്ക് മുകളിൽ പുരട്ടി .ചൂടായ ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റുക. ( മസാല അരയ്ക്കുമ്പോൾ കുറച്ചു ഗോവൻ കോക്കനട്ട് ഫെനി കൂടി ചേർത്താൽ ഈ മസാല പ്രെസെർവ് ചെയ്തു കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും. ബീഫ് ,മട്ടണ്‍ ,ചിക്കൻ എന്നിവ ഉപയോഗിച്ചും വിന്താലു ഉണ്ടാക്കുമെങ്കിലും പോർക്ക്‌ ആണ് ഓതെന്റിക് വിന്താലു ആയി ഉപയോഗിക്കുന്നത്).

ബേസിൽ ജോസഫ്

RECENT POSTS
Copyright © . All rights reserved