Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറിക്കൊണ്ടിരുന്ന വാക്സിൻ വിതരണം താളം തെറ്റിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ. സിറം ഇൻസ്റ്റ്യൂട്ട് ഇന്ത്യയിൽനിന്ന് വാക്സിൻ ലഭ്യമാകാൻ 4 ആഴ്ച കാലതാമസം നേരിടുന്നതാണ് രാജ്യത്തെ വാക്സിൻ വിതരണം താറുമാറാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഇന്ത്യയിൽ കോവിഡ് -19 വ്യാപനം കുതിച്ചുയരുന്നതാണ് വാക്സിൻ കയറ്റുമതി നിയന്ത്രിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെയ്പ്പിൻെറ വർദ്ധിച്ച ആവശ്യകതയെ കുറിച്ചും മറ്റുള്ള രാജ്യങ്ങളോട് ക്ഷമയോടെ ഇരിക്കാനും കഴിഞ്ഞമാസം അദാർ പൂനവല്ല ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ഗവൺമെൻറിൻറെ ഇടപെടൽ മൂലമാണ് യുകെയിലെ വാക്സിൻ വിതരണം തടയപ്പെട്ടത് എന്നത് ബ്രിട്ടനിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കർഷക സമരത്തിന് ബ്രിട്ടൻ നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണ് ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ വിതരണം മോദി സർക്കാർ തടഞ്ഞത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്.എന്നാൽ വാക്സിൻ വിതരണത്തിൽ സംഭവിച്ചിരിക്കുന്ന താളപ്പിഴകൾ യുകെയുടെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വരുത്തുന്നതിന് ബാധിക്കില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് നല്കുന്നതിൽ രാജ്യം ഇപ്പോഴും ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 15നകം 50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ അവസാനത്തോടെ ജനസംഖ്യയിലെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ലൻഡ് :- സ്കോട്ട്ലൻഡിലെ പ്രഥമ മന്ത്രിയും , സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവും ആയിരിക്കുന്ന നിക്കോള സ്റ്റർജിയോൻ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സ്കോട്ട്‌ലൻഡിലെ മുൻ പ്രഥമ മന്ത്രിയായിരുന്ന അലക്സ്‌ സാൽമണ്ടിനെതിരെയുള്ള ലൈംഗികാരോപണ കേസിന്റെ അന്വേഷണത്തിലാണ് നിക്കോള സ്റ്റർജിയോൻ ഇടപെട്ടതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിൽ തന്റെ മുൻഗാമിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി സത്യമല്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയതായാണ് കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ കമ്മിറ്റി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സ്കോട്ടിഷ് പാർലമെന്റ് വക്താവ് വ്യക്തമാക്കിയത്. ഇത് നിക്കോള സ്റ്റർജിയോന്റെ മേലുള്ള സമ്മർദ്ദമേറുന്നതിന് കാരണമാകുമെന്നും, മെയ് ഇലക്ഷനു മുമ്പായി തന്നെ അവരുടെ രാജി ആവശ്യപ്പെടാൻ സാധ്യതയേറെ ആണെന്നും റിപ്പോർട്ടുകളുണ്ട്.

മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനമാണ് സ്റ്റർജിയോൻ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ രാജി ആവശ്യം ശക്തം ആകാനാണ് സാധ്യത. എന്നാൽ മനപ്പൂർവമാണ് സ്റ്റർജിയോൻ ഇത്തരത്തിൽ ഇടപെട്ടത് എന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചേർത്തിട്ടില്ല. അലക്സ് സാൽമണ്ടിനെതിരെ മനപ്പൂർവമായി തന്നെ ആരോപണങ്ങൾ ഉയർത്തുവാൻ സ്കോട്ടിഷ് നാഷണൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നതായി പുതിയ വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ സത്യം മാത്രമാണ് തന്റെ കക്ഷി പറഞ്ഞതെന്നും, അതിൽ തന്നെ ഉറച്ചു നിൽക്കുന്നതായും സ്റ്റർജിയോന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനു മുൻപ് തന്നെ ഇത്തരം ആരോപണങ്ങൾ വരുന്നത് മനപ്പൂർവ്വം ആണെന്നും വക്താവ് രേഖപ്പെടുത്തി. എന്നിരുന്നാൽ തന്നെയും ഈ സംഭവവികാസങ്ങൾ സ്കോട്ട്ലൻഡിലെ രാഷ്ട്രീയത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : ലോകമെമ്പാടും 176 മില്യൺ സ്ത്രീകളെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ മാസം കൂടിയാണ് മാർച്ച്. പത്തിൽ ഒരു സ്ത്രീക്ക് അവരുടെ റീപ്രൊഡക്ടീവ് കാലത്ത്, അതായത് 15നും 49നും ഇടയിലാണു രോഗം ബാധിക്കാറുള്ളത്. കൃത്യമായ പരിശോധനയും ചികിൽസയും എത്രയും വേഗം ലഭ്യമാക്കുക എന്നതാണു പ്രധാനം. വെയിൽസിൽ നിന്നുള്ള 26കാരിയായ സ്റ്റെഫാനി ലീച്ച് എൻഡോമെട്രിയോസിസിന്റെ ഏറ്റവും കഠിനമായ രണ്ടാമത്തെ ഘട്ടത്തിലാണെന്ന് കണ്ടെത്തി. എന്നാൽ ഒരു ശസ്ത്രക്രിയ ലഭിക്കുന്നതിന് അവൾക്ക് രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വരും. ലീച്ചിന് 15 വയസ്സുള്ളപ്പോഴാണ് വേദനാജനകമായ ആർത്തവം തുടങ്ങിയത്. നിരവധി തവണ ജി‌പിയിൽ പോയെങ്കിലും മരുന്നുകൾ ഒന്നും ഫലപ്രദം ആയില്ല. അവളെ ഒരു സ്പെഷ്യലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിൽ അവർ ആരും ശ്രദ്ധിച്ചില്ല.

2019 ൽ ഒരു സ്വകാര്യ കൺസൾട്ടേഷനായി പോയപ്പോഴാണ് അവൾക്ക് എൻഡോമെട്രിയോസിസിന്റെ ഏറ്റവും കഠിനമായ രണ്ടാമത്തെ ഘട്ടമാണെന്ന് കണ്ടെത്തിയത്. അതിതീവ്ര വേദന ആയതിനാൽ തന്നെ ജോലി സ്ഥലത്ത് എത്തിയാലും താൻ തളർന്നുപോകുന്ന അവസ്ഥയാണെന്ന് അവൾ വെളിപ്പെടുത്തി. ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും അവൾക്കിപ്പോൾ മൂന്നാം ഘട്ടത്തിന്റെ ആരംഭമാണ്. കോവിഡ് കാരണം അടിയന്തിര ശസ്ത്രക്രിയകളെല്ലാം നിർത്തിയതിനാൽ ശസ്ത്രക്രിയയ്ക്കായി രണ്ട് വർഷം കാത്തിരിക്കണമെന്ന് സ്റ്റെഫാനിയോട് പറഞ്ഞു. എന്നാൽ ഈ വേദന കടിച്ചമർത്തി എങ്ങനെ രണ്ട് വർഷങ്ങൾ ജീവിക്കുമെന്ന കാര്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് അവളുടെ ഭാവി ജീവിതത്തിന് വരെ വലിയ വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.

ഗർഭാശയത്തിന്റെ ഉൾവശത്തെ സ് തരമാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്തപ്പോൾ ഇത് ആർത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞു പുതിയ സ്തരങ്ങൾ രൂപപ്പെടും. ഗർഭപാത്രത്തിലല്ലാതെ മറ്റു ശരീരഭാഗങ്ങളിൽ ഈ കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം തുടങ്ങിയ അവയവങ്ങളിലാണ് ഇതു സാധാരണയായി കാണപ്പെടുന്നത്. ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആർ‌ത്തവത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകൾക്കു സമാനമാണ് എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളും. രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയെടുക്കാനും താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെ.

രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ചാണ് എൻഡോമെട്രിയോസിസിന്റെ ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി രോഗം ഏതു സ്റ്റേജിലാണെന്നു മനസ്സിലാക്കി വേണം ചികിത്സ നടത്താൻ. വേദനാസംഹാരികൾ കഴിച്ചും എൻഡോമെട്രിയം കോശങ്ങൾ നീക്കം ചെയ്തുമൊക്കെ എൻഡോമെട്രിയോസിസിനെ പ്രതിരോധിക്കാം. ചില ഘട്ടത്തിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നതു വരെ ഈ രോഗത്തിനു പ്രതിവിധിയായി നിർദേശിക്കാറുണ്ട്. കൃത്യമല്ലാത്ത ആർത്തവം, അധിക വേദന, അസ്വസ്ഥതകൾ തുടങ്ങിയവ ഉണ്ടായാൽ എത്രയും വേഗം പരിശോധനകൾ നടത്തി എൻഡോമെട്രിയോസിസ് ഇല്ലെന്ന് ഉറപ്പു വരുത്തണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്സിൻ ക്ഷാമത്തിന് ഇന്ത്യയെ പഴിച്ച് ബ്രിട്ടൻ. ഇന്ത്യയിൽ നിന്ന് വാക്സിൻ സമയത്ത് ലഭിക്കാത്തതാണ് ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റാൻ കാരണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്ഥിതീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഓക്സ്ഫോർഡ് വാക്‌സിൻെറ ലഭ്യമാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൊറോണവൈറസിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിനായി ഇന്ത്യയിലെ വാക്സിൻ വിതരണത്തിന് യുകെയിലേയ്ക്കുള്ള കയറ്റുമതി നരേന്ദ്ര മോദി ഗവൺമെൻറ് തടഞ്ഞതായി സിറം ഇൻസ്റ്റിട്യൂട്ട് സിഇഒ അദാർ പൂനവല്ല പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ത്യയിൽ കോവിഡ് -19 വ്യാപനം കുതിച്ചുയരുന്നതാണ് വാക്സിൻ കയറ്റുമതി നിയന്ത്രിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെയ്പ്പിൻെറ വർദ്ധിച്ച ആവശ്യകതയെ കുറിച്ചും മറ്റുള്ള രാജ്യങ്ങളോട് ക്ഷമയോടെ ഇരിക്കാനും കഴിഞ്ഞമാസം അദാർ പൂനവല്ല ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇന്ത്യൻ ഗവൺമെൻറിൻറെ ഇടപെടൽ മൂലമാണ് യുകെയിലെ വാക്സിൻ വിതരണം തടയപ്പെട്ടത് എന്നത് ബ്രിട്ടനിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കർഷക സമരത്തിന് ബ്രിട്ടൻ നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണ് ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ വിതരണം മോദി സർക്കാർ തടഞ്ഞത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും ആദ്യം പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം തുടങ്ങിയ രാജ്യമാണ് ബ്രിട്ടൻ. ഇതുവരെ 25 മില്യണിലധികം ജനങ്ങൾക്ക് രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചുകഴിഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിൻെറ താളം തെറ്റുന്നത് രാജ്യത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമോ എന്ന ആശങ്കയാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഏറ്റവും അധികം മോഷണ ശ്രമങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജർ . ഏഷ്യൻ വംശജരിൽ തന്നെ മലയാളികളിൽ സ്വർണ നിക്ഷേപം കൂടുതൽ ഉണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാക്കളുടെ ഒരു പ്രധാന ഇരകളാണ് മലയാളി കമ്മ്യൂണിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മോഷണ ശ്രമത്തിൻെറ തിക്തഫലങ്ങൾ നേരിട്ട മലയാളികൾ നിരവധിയാണ്. എന്നാൽ മോഷ്ടാക്കളുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിർണായകമായ ഒരു തീരുമാനമാണ് ബ്രിട്ടീഷ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ കുറ്റവാളികളുടെ ശിക്ഷാ കാലാവധി കഴിയുമ്പോൾ അവരുടെ ശരീരത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനുള്ള പദ്ധതിയാണ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്ത 12 മാസത്തേയ്ക്കായിരിക്കും മോഷ്ടാക്കളുടെ നീക്കങ്ങൾ ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് നിരീക്ഷിക്കുക. ഈ പദ്ധതിയോട് നിലവിൽ സോമർസെറ്റ്, ചെഷയർ, ഗ്ലോസ്റ്റർ ഷെയർ, ഹമ്പർ വൈഡ്, വെസ്റ്റ്‌ മിഡ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ പോലീസ് സഹകരിക്കുന്നുണ്ട്. 250ഓളം മോഷ്ടാക്കൾ ഇതിനോടകം ജിപിഎസ് സംവിധാനത്തിന്റെ നിരീക്ഷണത്തിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടൻ തെരുവുകളിൽ അപകടകരമായ രീതിയിൽ വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമത്തെ പറ്റി അപലപിക്കുകയായിരുന്നു അദ്ദേഹം. ലൈംഗിക വിദ്യാഭ്യാസത്തിനും റിലേഷൻഷിപ്പ് അഡ്വൈസുകൾക്കും ഒപ്പം തെരുവിൽ കണ്ടുമുട്ടുന്ന പെൺകുട്ടികളോടും സ്ത്രീകളോടും ബഹുമാനത്തോടെ എങ്ങനെ പെരുമാറാം എന്നതിനെ സംബന്ധിച്ച് ആൺകുട്ടികൾക്ക് സ്കൂളുകളിൽ നിർബന്ധമായി ക്ലാസുകൾ നൽകണം. കുട്ടികൾക്ക് മുന്നിൽ മികച്ച മാതൃകകൾ ആവാൻ മുതിർന്നവരും ശ്രമിക്കേണ്ടതുണ്ട്. എന്താണോ കണ്ടു വളരുന്നത് അതാണ് അവർ പ്രാവർത്തികമാക്കുക. എന്തു മൂല്യങ്ങൾ ആണോ പഠിപ്പിക്കുന്നത് അവയാണ് അവർ പാലിക്കുക. സമൂഹത്തിൽ ഇടപെടേണ്ട രീതികളെക്കുറിച്ച് നമ്മൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. തെരുവുകളിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ ഏറ്റവും മികച്ച മാർഗമാണ് ഇത്. അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിലെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സാറ എവറാർഡ് എന്ന 33 കാരിയായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ മാർച്ച് മൂന്നിന് കാണാതായിരുന്നു. പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സാറയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻ കൺസർവേറ്റീവ് മന്ത്രിയായിരുന്ന ആൻഡ്രിയ ലീഡ് സൺ സമാനമായ രീതിയിലാണ് പ്രതികരിച്ചത്. സാറയുടെ മരണത്തെ തുടർന്ന് ജനരോഷം ഉയർന്നിരുന്നുവെന്നും പുരുഷന്മാർക്ക് കർഫ്യൂ ടൈം പ്രഖ്യാപിക്കണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇ-മെയിലുകൾ ആയി ലഭിച്ചതെന്നും അവർ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തും മട്ടിൽ സ്റ്റേറ്റിന് മുന്നോട്ടു പോവാൻ കഴിയില്ല, പക്ഷേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ് താനും. സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളും, സ്ത്രീ വിരോധവും അങ്ങേയറ്റം പ്രാധാന്യത്തോടെ തന്നെ കണക്കിലെടുക്കണം. കുറ്റവാളികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം. കുറ്റകൃത്യങ്ങളിലേക്ക് കടക്കാനുള്ള സാഹചര്യം പരമാവധി കുറയ്ക്കണം. ക്ലബ്ബുകൾക്കും ബാറുകൾക്കും സമീപം യൂണിഫോമിൽ അല്ലാത്ത പോലീസുകാരെ കൂടുതലായി വിന്യസിക്കണം. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടനടി പോലീസിന് സംഭവ സ്ഥലത്ത് എത്താൻ കഴിയണം. കൂടുതൽ സിസിടിവി ക്യാമറകളും, സുരക്ഷാ സന്നാഹങ്ങളും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണം, തുടങ്ങിയ നിർദേശങ്ങളാണ് കൂടുതലായും ഉയർന്നുവന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാചകവാതകം, ഇലക്ട്രിസിറ്റി മുതലായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഊർജ്ജ വിതരണക്കാർക്ക് ഉപഭോക്താക്കൾ നൽകുന്ന അധിക തുക വർഷാന്ത്യത്തിൽ തന്നെ റീഫണ്ട് ചെയ്യാനുള്ള തീരുമാനമാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നത്. നിലവിൽ ഉപഭോക്താക്കളുടെ അധികതുക വിതരണക്കാരുടെ പക്കൽ തന്നെ നിലനിൽക്കുകയാണ് പതിവ്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ മാത്രമേ ഇത്തരം തുകകൾ റീഫണ്ട് ചെയ്യാറുള്ളൂ. എന്നാൽ പുതിയ നിയമം അനുസരിച്ച് വർഷാന്ത്യത്തിൽ ഉപഭോക്താക്കളുടെ അധികതുകകൾ നിർബന്ധമായും റീഫണ്ട് ചെയ്യണമെന്നാണ് വ്യക്തമാക്കുന്നത്. 1.4 ബില്യൺ പൗണ്ടോളം അധിക തുകയാണ് വിതരണക്കാരുടെ പക്കൽ ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത്തരം അധിക തുകകൾ വിതരണക്കാർ മറ്റ് ബിസിനസ് സംരംഭങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തിലെ 12 മാസവും ഒരേ ഉപയോഗം അനുസരിച്ചുള്ള ബില്ലുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഉപയോഗിച്ച ഊർജ്ജത്തിന്റെ തോത് കണക്കിലെടുക്കാതെ, ഒരു നിശ്ചിത തുക ബില്ലായി ഉപഭോക്താക്കൾക്ക് നൽകുകയാണ് ഇപ്പോൾ പതിവ്. ഉപയോഗം കുറവുള്ള മാസങ്ങളിലും ഇതേ തുക തന്നെയാണ് ഉപഭോക്താക്കൾ അടയ്ക്കേണ്ടതായി വരുന്നത്.

എന്നാൽ പുതിയ നിയമം അനുസരിച്ച് വർഷാന്ത്യത്തിൽ അധികതുക ഉപഭോക്താക്കൾക്ക് നിർബന്ധമായും നൽകേണ്ടത് വിതരണക്കാരുടെ ചുമതലയാണ്. ഏകദേശം ആയിരത്തോളം കംപ്ലൈന്റുകൾ ആണ് കഴിഞ്ഞ വർഷം തന്നെ എനർജി ഓംബുഡ്സ്മാന് ലഭിച്ചത്. ഉപഭോക്താക്കൾ കൃത്യമായി ബില്ല് പേ ചെയ്യുന്നതുപോലെ, തിരിച്ച് അവർക്ക് അധിക തുക മടക്കി കിട്ടേണ്ടത് അവരുടെ അവകാശമാണെന്ന് എനർജി ഓംബുഡ്സ്മാൻ ഡയറക്ടർ എഡ് ഡോഡ്മാൻ വ്യക്തമാക്കി. പുതിയ നിയമങ്ങൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മലയാളികൾ ഉൾപ്പടെയുള്ള 70,000 ത്തിലധികം ഡ്രൈവർമാർക്ക് ഇന്ന് മുതൽ മിനിമം വേതനം അടക്കമുള്ള ജീവനക്കാരുടെ അവകാശങ്ങൾ യൂബർ നൽകും. സുപ്രീം കോടതി വിധിയെ തുടർന്നാണ് ഇത്. 2016 ൽ രണ്ട് മുൻ യൂബർ ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള കേസിൽ, ജീവനക്കാർക്ക് ശമ്പളമുള്ള അവധിദിനങ്ങൾക്ക് അർഹതയുണ്ടെന്ന് എം‌പ്ലോയ്‌മെന്റ് ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരായി യൂബർ ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലം കണ്ടില്ല. കൂടുതൽ എം‌പ്ലോയ്‌മെന്റ് ട്രൈബ്യൂണൽ ഹിയറിംഗിൽ വിധി നടപ്പാക്കാൻ മാസങ്ങൾ എടുക്കുമെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ ഡ്രൈവർമാരുമായി കൂടിയാലോചിക്കുമെന്ന് യൂബർ പറഞ്ഞു. ഡ്രൈവർമാർക്ക് അവധിക്കാലം അനുവദിക്കുമെന്നും പെൻഷൻ പദ്ധതിയിൽ ചേരാമെന്നും മിനിമം വേതനത്തിൽ കുറയാതെ ലഭിക്കുമെന്നും ചൊവ്വാഴ്ച യൂബർ പറഞ്ഞു.

ഒരു ട്രിപ്പ്‌ റിക്വസ്റ്റ് സ്വീകരിച്ചുകഴിഞ്ഞാൽ 25 വയസ്സോ അതിൽ കൂടുതലോ ഉള്ള ഡ്രൈവർമാർക്ക് മണിക്കൂറിൽ 8.72 പൗണ്ട് ലഭിക്കുമെന്നും യൂബർ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ പ്രഖ്യാപനം ഗിഗ് എക്കണോമിയിൽ ഉള്ളവർക്ക് കൂടുതൽ ആശ്വാസം പകരുന്ന ഒന്നാണ്. ഇവിടെ ദശലക്ഷക്കണക്കിന് ആളുകൾ ഒന്നോ അതിലധികമോ കമ്പനികൾക്കായി ജോലി ചെയ്യുന്നവരാണ്.

യൂറോപ്യൻ യൂണിയൻ റെഗുലേറ്റർമാർ ഗിഗ് എക്കണോമി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പുതിയ നിയമങ്ങൾ പരിഗണിക്കുന്നതിനിടയിൽ 2020 ൽ ഫ്രാൻസിലെ പരമോന്നത കോടതി യൂബർ ഡ്രൈവറെ ഒരു ജീവനക്കാരനായി കണക്കാക്കാനുള്ള അവകാശം അംഗീകരിക്കുകയുണ്ടായി. ബ്രിട്ടനിൽ, തൊഴിലാളികളായി (workers) കണക്കാക്കുന്ന ആളുകൾക്ക് ജീവനക്കാരെക്കാൾ (employees) കുറഞ്ഞ അവകാശങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ജീവനക്കാർക്ക് സിക്ക് പേയും മറ്റു അവധികളും ഉറപ്പാക്കുന്നുണ്ട്.

ചങ്ങനാശ്ശേരി:  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ കേരള രാഷ്ട്രീയ രംഗം മൊത്തത്തിൽ ചൂട് പിടിച്ചിരിക്കുകയാണ്. ഒരു സീറ്റ് കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഒരുപിടി മത്സരാർത്ഥികളെ ആണ് ഇപ്പോൾ കേരളത്തിൽ കാണാൻ സാധിക്കുക. കുത്തിത്തിരിപ്പും കുതികാൽ വെട്ടും ഒക്കെ ഭംഗിയായി നടക്കുബോൾ യുകെയിൽ നിന്നും പുറപ്പെട്ട ഒരു മലയാളി നേഴ്സ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ വാർത്തയാണ് മലയാളം യുകെ നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. ലണ്ടനിൽ താമസിച്ചിരുന്ന ടിജോ മാത്യു ആണ് കേരള നിയമസഭയിലേക്ക് മത്സരിക്കുന്നത്. ചങ്ങനാശ്ശേരി നിയോചകമണ്ഡലത്തിൽ ‘വൺ ഇന്ത്യ വൺ പെൻഷൻ’ പിന്തുണയോടെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

2010 ആണ് ടിജോ തനിക്ക്  24 വയസുള്ളപ്പോൾ  യുകെയിൽ എത്തുന്നത്. യുകെയിൽ എത്തിയ എല്ലാവരെയുംപോലെയുള്ള ആദ്യകാല ബുദ്ധിമുട്ടുകൾ. എങ്കിലും ഒരുകാര്യത്തിലും തളർന്നില്ല. പരാതികൾ ഇല്ലാതെ പണിയെടുക്കാനുള്ള ഒരു മനസ്സ്.. അതായിരുന്നു ടിജോ മാത്യു എന്ന നഴ്‌സ്‌. ബോൺമൗത്തിൽ തന്റെ അഡാപ്റ്റേഷൻ പൂർത്തിയാക്കി. അതോടെ യുകെയിലെ നേഴ്സ് എന്ന കടമ്പ കടക്കുകയായിരുന്നു. തുടർന്ന് ചെയ്തുകൊണ്ടിരുന്ന നഴ്സിംഗ് ഹോമിന്റെ മാനേജർ തസ്തികയിലേക്ക്. തന്റെ കഠിന ശ്രമങ്ങൾ ഫലം തന്നു കൊണ്ടേയിരുന്നു എന്ന് ടിജോ മലയാളം യുകെയോട് പറഞ്ഞു.

2012 നഴ്സിംഗ് ഹോം വിട്ട് ലണ്ടനിലെ  റോയൽ ബ്രോംപ്ടൺ NHS ആശുപത്രിയിലെ ബാൻഡ് 5 നഴ്‌സായി പുതിയ ജോലി ആരംഭിച്ചു. പുതിയ അറിവുകൾ നേടാനുള്ള തന്റെ ആഗ്രഹം സഫലമാകുകയായിരുന്നു റോയൽ ബ്രോംപ്ടൺ ആശുപത്രിയിൽ. 2013 ൽ വിവാഹം. വധു കോതമംഗലം സ്വദേശനിയായ അനു തോമസ്. നഴ്‌സായിരുന്ന അനുവും അഡാപ്റ്റേഷൻ ചെയ്തു യുകെയിൽ നഴ്‌സായി. മൂന്ന് കുട്ടികൾ രണ്ടാണും ഒരു പെൺകുട്ടിയും.

2015 പരിശ്രമശാലിയായ ടിജോ മാത്യു ബാൻഡ് 6 നഴ്‌സായി. ക്ലിനിക്കൽ വിഭാഗത്തിൽ എത്തുന്ന പുതിയ നഴ്സുമാരെ പരിശീലിപ്പിക്കുന്നത് മലയാളിയായ റ്റിജോയിൽ എത്തിനിന്നു.

ഒരു വർഷം എടുത്തില്ല ബാൻഡ് 7 ലേക്ക് എത്താൻ. 2016 റിൽ ലണ്ടനിൽ തന്നെയുള്ള റോയൽ ഫ്രീ ഹോസ്പിറ്റലിൽ ബാൻഡ് 7 നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. കാർഡിയോളജി സ്പെഷ്യലിസ്റ് നഴ്‌സായിരുന്ന ടിജോ പടവുകൾ ഒന്നൊന്നനായി കയറുകയായിരുന്നു.

2018 ൽ BHRUT ( Barking, Havering and Redbridge University Hospitals NHS Trust) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ആശുപത്രിയിലെ ബാൻഡ് 8 നഴ്‌സായി ചുമതലയേറ്റു. 50,000 പൗണ്ടാണ് (Rs.50,00,000) പ്രാരംഭ വാർഷിക ശമ്പളം. നഴ്‌സായ ഭാര്യക്ക് ലഭിക്കുന്ന 30000..  അങ്ങനെ ലഭിക്കുന്നത് £8,00,000.. അതായത് ഇപ്പോഴത്തെ വിലയനുസരിച്ചു 80 ലക്ഷം രൂപ. ( യുകെയിൽ വരുമാനത്തിന് അനുസൃതമായ നികുതി കൊടുക്കണം. നികുതിക്ക് മുൻപുള്ള ശമ്പളമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്)    പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ് യുകെയിലെ നാളുകൾ. അങ്ങനെ ഇരിക്കെയാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന ഒരു മുദ്രാവാക്യം നാട്ടിൽ ഉയരുന്നത്. തന്റെ ചെറിയ പ്രായം മുതൽ ആഗ്രഹിച്ചിരുന്ന സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കണം എന്നുള്ളത്. അങ്ങനെയാണ് ആതുര സേവനം മതിയാക്കി 2020 ഏപ്രിൽ നാട്ടിലേക്ക് തിരിച്ചുപോകുവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടക്കവെയാണ് കൊറോണയുടെ രംഗപ്രവേശം. യുകെ ലോക്ക് ഡൗണിലേക്കു പോകുന്നു എന്ന് മനസ്സിലാക്കിയ ടിജോയും കുടുംബവും ബുക്ക്തി ചെയ്‌തിരുന്ന തിയതി മാറ്റി 2020 മാർച്ച് പതിനഞ്ചാം തിയതി നാട്ടിലേക്ക് പുറപ്പെട്ടു.  നാട്ടിൽ എത്തി ഇന്നലെ ഒരു വർഷം പൂർത്തിയാവുമ്പോൾ ടിജോ ഒരു MLA സ്ഥാനാർത്ഥിയാണ്. വി ജെ ലാലി (UDF), ജോബ് മൈക്കിൾ (LDF), രാമൻ നായർ (BJP) എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.

ഇതിനോടകം തന്നെ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്തത് 20000 പരം പേരാണ്. യുകെയിലെ ടിജോയുടെ ജീവിതാനുഭവം  നാട്ടിലുള്ളവർക്കായി  ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാനുള്ള അനുഭവജ്ഞാനം നൽകുന്നു എന്നത് വളരെ വലുതാണ്. രോഗി പരിപാലനത്തിലൂടെ മറ്റുള്ളവരോടുള്ള അനുകമ്പ, സഹാനുഭൂതി… അതിനെല്ലാം ഉപരിയായി ലണ്ടനിലെ മലയാളി സമൂഹത്തിൽ എല്ലാത്തിനും സന്നദ്ധനായിരുന്ന ഒരാളായിരുന്നു ടിജോ. മറ്റുള്ളവരെ സഹായിക്കണം എന്ന ഉറച്ച തീരുമാനത്തിന് ശേഷമാണ് യുകെയിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

നല്ല ജോലിയും പണവും ലഭിച്ച സാഹചര്യത്തിലും വിനയം ഒരിക്കിലും ടിജോയിക്ക് കൈമോശം വന്നിട്ടില്ല എന്നാണ് ലണ്ടനിലെ നഴ്‌സും സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചറുമായ മലയാളി നേഴ്സ് മലയാളം യുകെയോട് പറഞ്ഞത്. പ്രവാസികളായ മലയാളികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ലഭിക്കുന്നത് നിയമസഭയിൽ നിങ്ങൾക്ക് വേണ്ടി നിങ്ങളോടൊപ്പം പണിയെടുത്ത, നിങ്ങളുടെ വിഷമങ്ങൾ എന്താണ് എന്ന് അനുഭവത്തിലൂടെ മനസിലാക്കിയ  ഒരു നഴ്സിനെയാണ്… സഹപ്രവർത്തകനെയാണ്… എല്ലാവരും കക്ഷി രാഷട്രീയത്തിനതീതമായി ചിന്തിച്ചാൽ ലഭിക്കുന്നത്  നാടിനെ സേവിക്കാൻ സുമനസ്സുള്ള ഒരു യുവാവിനെയാണ്. എല്ലാവരുടെയും ജീവിത ചുറ്റുപാടുകളുടെ പുരോഗമനത്തോടൊപ്പം അഴിമതി രഹിതമായ ഒരു പൊതുപ്രവർത്തനനവും … അതാണ് എന്റെ ആശയും അഭിലാഷവും … ടിജോ മലയാളം യുകെയോട് പറഞ്ഞു നിർത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏപ്രിൽ 12 മുതൽ വലിയ ഒത്തുചേരലുകൾക്ക് വാതിൽപ്പുറ ഇടങ്ങളിൽ മാത്രമേ അനുവാദം ഉള്ളൂ. അതുകൊണ്ട് തന്നെ ഏകദേശം 7000ത്തോളം ദമ്പതികളാണ് വിവാഹം റദ്ദാക്കാൻ ഒരുങ്ങുന്നത്. അടുത്ത മാസം ലോക്ക്ഡൗൺ ഇളവുകൾ വരുന്നതോടെ വാതിൽപ്പുറ ഇടങ്ങളിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളടക്കം 15 പേർക്ക് വിവാഹങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ആരാധനാലയങ്ങൾ, പൊതു കെട്ടിടങ്ങൾ, ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങൾ എന്നിവയിൽ മാത്രമേ ചടങ്ങുകളും സ്വീകരണങ്ങളും അനുവദിക്കുകയുള്ളൂവെന്ന് യുകെ വെഡ്ഡിംഗ്സ് ഇൻഡസ്ട്രി ബോഡി അറിയിച്ചു. ഈ ആശങ്ക നിലനിൽക്കുന്നതിനാൽ തന്നെ 7,000 വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമെന്ന് യുകെ വെഡ്ഡിംഗ്സ് പറയുന്നു.

“റോഡ് മാപ്പിലേക്ക് ഞാൻ വിരൽ ചൂണ്ടുന്നു. രണ്ടാം ഘട്ടത്തിൽ, വിവാഹങ്ങൾ, സ്വീകരണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് 15 പേർ വരെ പങ്കെടുക്കാൻ കഴിയും.” പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഔട്ട്‌ഡോർ ഇടങ്ങളാണ് കൂടുതൽ സുരക്ഷിതമെന്നതിനാൽ അവിടെ വച്ചു മാത്രമേ വിവാഹം നടത്താവൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാർച്ച് 29 മുതൽ ആറ് പേർക്ക് വരെ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. മെയ്‌ മുതൽ ഇത് 30 ആയി ഉയരും. “വിവാഹങ്ങളും സ്വീകരണങ്ങളും ഏപ്രിൽ 12 ന് പുനരാരംഭിക്കുമെന്ന് റോഡ് മാപ്പ് സൂചിപ്പിച്ചു. എന്നാൽ ഇതിൽ വ്യക്തതക്കുറവുണ്ട്. ” യുകെ വെഡ്ഡിംഗ്സ് വക്താവ് സാറാ ഹേവുഡ് പറഞ്ഞു.

നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ബോറിസ് ജോൺസൺ പ്രതിശ്രുത വധു കാരി സൈമണ്ടിനെ വിവാഹം ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാൽ അവർ ഒരു തീയതി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞുവരുന്നുണ്ടെങ്കിലും പല മേഖലകളും ഇപ്പോഴും കനത്ത പ്രതിസന്ധി നേരിടുകയാണ്.

RECENT POSTS
Copyright © . All rights reserved