Main News

ലതികാ സുബാഷ് തല മുണ്ഠനം ചെയ്തത് എന്തുകൊണ്ട്?
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ തീരുമാനങ്ങളിലെ പോരായ്മകളല്ലേ ഇത്?
ഘടകകക്ഷികളെ സംതൃപ്തരാക്കിയപ്പോള്‍ കോണ്‍ഗ്രസും അണികളും എന്ത് കൊണ്ട് സന്തോഷവാന്മാരല്ല?
ജീവിതം മുഴുവനും കോണ്‍ഗ്രസ്സിനായി സമര്‍പ്പിച്ച ലതികാ സുഭാഷിനെ എന്തുകൊണ്ട് ഏറ്റുമാനൂരില്‍ പരിഗണിച്ചില്ല?
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി.ഡി. സതീശനോട് മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റര്‍ എഡിറ്റര്‍ ഷിബു മാത്യൂ ഫോണിലൂടെ ചോദിച്ച സന്ദര്‍ഭത്തിലാണ് വി. ഡി. സതീശന്‍ ഫോണ്‍ കട്ട് ചെയ്തത്.
കാര്യങ്ങളുടെ വ്യക്തത മനസ്സിലാക്കാതെയുള്ള ഈ സമീപനം വരുന്ന തെരെഞ്ഞെടുപ്പിനെ എത്രത്തോളം ബാധിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വെസ്റ്റ് ലണ്ടനിൽ ബെഡ്റൂമും ബാത്റൂമും ഇല്ലാത്ത സിംഗിൾ റൂം ഫ്ലാറ്റിന്റെ വില 150,000 പൗണ്ട്. ലണ്ടനിലെ ഏറ്റവും സമ്പന്നമായ സ്ഥലത്താണ് ഫ്ലാറ്റിന് ഈ വില. പ്രശസ്തമായ ഹാരോഡ്സ് ഡിപ്പാർട്ട്മെന്റൽ സ്റ്റോറിന് എതിർവശത്തായി ഉള്ള ഈ സ്ഥലത്ത് 3.3 മില്യൺ പൗണ്ടാണ് ഭവനങ്ങളുടെ അടിസ്ഥാന വില. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രാഷ്ട്രീയപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് താങ്ങാവുന്ന തരത്തിൽ കൂടുതൽ അപ്പാർട്ട്മെന്റുകളും മറ്റും ലഭ്യമാക്കേണ്ടത് അത്യാവശ്യം ആയിരിക്കുകയാണ്. തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹൗസിംഗ് മാർക്കറ്റിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹൗസിംഗ് സെക്രട്ടറി താങാമ് ഡബ്ബോനേയർ കുറ്റപ്പെടുത്തി.

2011ൽ പുറത്തിറക്കിയ റെഗുലേഷൻസ് പ്രകാരം 400 സ്ക്വയർ ഫീറ്റിൽ കുറഞ്ഞ ഭവനങ്ങൾ പണിയുന്നതിൽ നിന്ന് പ്രോപ്പർട്ടി ഡെവലപ്പേഴ്സിനെ വിലക്കിയിരുന്നു. എന്നാൽ ഈ ഫ്ലാറ്റ് 1976 -ൽ പണിതതായതിനാൽ നിയമാനുസൃതമായ വിൽപന തന്നെയാണ് നടന്നത്.

എന്നാൽ ഇത്തരത്തിൽ അമിത വിലയ്ക്ക് ഫ്ലാറ്റുകൾ വിറ്റുപോകുന്നത് സാധാരണക്കാരെ ബാധിക്കും എന്ന നിലപാടിലാണ് എംപിമാർ. ഇത്തരത്തിൽ തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹൗസിംഗ് മാർക്കറ്റിനെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞ ദിവസം മരണപ്പെട്ട 33 കാരിയായ സാറാ എവറാർഡിന്റെ അനുസ്മരണത്തിൽ ലോക്ഡൗൺ ലംഘിച്ച് ആയിരത്തോളം പേരാണ് ഒരുമിച്ചു കൂടിയത്. ശനിയാഴ്ച വൈകിട്ട് സൗത്ത് ലണ്ടനിലാണ് ഇത്തരത്തിൽ അനുസ്മരണം നടന്നത്. ഇതേത്തുടർന്ന് ജനങ്ങളും പോലീസുകാരുമായി സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. സംഭവത്തെ സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. പോലീസുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധാർഹമായ നടപടികൾ ഉണ്ടായതായാണ് ജനങ്ങൾ പറയുന്നത്. നാലോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിന് മണിക്കൂറുകൾ മുൻപ് കെയ്‌റ്റ് മിഡിൽട്ടൻ സ്ഥലം സന്ദർശിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ സംഭവത്തെ കൈകാര്യം ചെയ്തത് ശരിയായ രീതിയിൽ അല്ലെന്ന ആരോപണങ്ങൾ ശക്തമായി ഉയർന്നുവരുന്നുണ്ട്. മാർച്ച് മൂന്നിനാണ് സെയിൽസ് എക്സിക്യൂട്ടീവ് ആയ യുവതിയെ കാണാതായത്. പിന്നീട് ഇവരെ മരണപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.

ഇത്തരത്തിൽ സംഭവങ്ങൾ നടക്കുന്നത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ജനങ്ങൾ. നടന്ന സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ പറ്റാത്തതാണെന്ന് ലണ്ടൻ മേയർ വ്യക്തമാക്കി.

മാതൃത്വം ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ നാമങ്ങളില്‍ ഒന്ന്…
ഏറ്റം മഹോത്തര സ്ഥാനങ്ങളില്‍ മുമ്പില്‍…
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും സഹനത്തിന്റെയും ആള്‍രൂപം…
കാലത്തിന്റെയോ സമയത്തിന്റെയോ നിര്‍വ്വചനങ്ങളില്‍ തളയ്ക്കപ്പെടാന്‍ കഴിയാത്ത ദിവ്യമായ യാഥാര്‍ത്ഥ്യം..

കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്വയം ഉരുകി തീരുമ്പോഴും അജയ്യമായി നില്‍ക്കുന്ന ഏറ്റവും വലിയ വൈരുദ്ധ്യത്തിന്റെ പ്രതീകമാണ് മാതൃത്വം. ഈ അവസ്ഥാന്തരങ്ങളാണ് മാതൃദിന ചിന്തകളെ സമ്പുംഷ്ടമാക്കുന്നത്.

ആവര്‍ത്തന വിരസതയുടെ പേരില്‍ മാതൃത്വത്തെ കൊട്ടിഘോഷിക്കുവാനും ശ്ലാഘിക്കുവാനും വിവരിക്കുവാനും ഞാന്‍ മുതിരുന്നില്ല. എന്നാല്‍, സ്ത്രീത്വത്തെ മാതൃത്വമാക്കുന്ന ഒരു ആത്മസാക്ഷാത്ക്കാരത്തെക്കുറിച്ച് മാത്രം സൂചിപ്പിക്കട്ടെ.

ഒരു കുടുംബത്തിന്റെ അടിസ്ഥാന ശില അമ്മയാണ്. വിവിധ തലങ്ങളിലുള്ള ബന്ധത്തെ അഭിലഷണീയമായ ബന്ധനമാകുന്ന പ്രധാന ഘടകം. അംഗീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും ചേര്‍ത്ത് പിടിച്ച് സ്വയം പിന്‍പോട്ട് പോയി കുടുംബാംഗങ്ങളെ മുമ്പോട്ടു കൊണ്ടു പോകുവാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ധാരാളമാണ്.

ഈ പ്രവാസ ജീവിതത്തില്‍ സുരക്ഷിതത്തിന്റെ ഒരു പുകമറയിലാണ് നമ്മുടെ കുടുംബങ്ങള്‍
ഇപ്പോഴുള്ളതെന്ന് വേദനയോടെ പറയാതെ വയ്യ. തലമുറകള്‍ തമ്മിലുള്ള വിടവ് ഏറ്റം പ്രകടം. സ്വന്തം അസ്ഥിത്വം തിരിച്ചറിയാന്‍ വിഷമിക്കുന്ന ഒരു പുതു തലമുറയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുന്ന അതി ഭീതിദയമായ അവസ്ഥ.
കള്‍ച്ചറല്‍ ഷോക്കിന് നിരന്തരം വിധേയമാകുന്ന കുടുംബത്തിന്റെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോള്‍ സമചിത്തത നിലനിര്‍ത്താനുള്ള ഒരു കാലഘട്ടത്തിന്റെ ചുമതലയും ഭാരവുമാണ് അമ്മമാരില്‍ നിക്ഷിപ്തമായിരിക്കുന്നത്.

വളരെ ചെറിയ ഇടപെടലുകള്‍ ഞാന്‍ ഈ സമൂഹത്തില്‍ നടത്തുന്നതിനാല്‍ എത്രയോ അഗ്‌നിപര്‍വ്വത സമാന കുടുംബങ്ങളെ കാണുവാന്‍ എനിക്ക് ഇടവരുന്നുണ്ട്. കുടുംബത്തിന്റെ ശാക്തീക ചേരികളില്‍ പാരമ്പര്യം മല്ലടിക്കുമ്പോഴും തിരിക്കല്ലില്‍ നുറുങ്ങുന്ന ധാന്യമണികള്‍ പോലെ നിസ്സഹായതയിലും വേദനയിലും തകരുന്ന അമ്മമാരെ കാണാറുണ്ട്. ഇവിടെ തോല്‍ക്കുന്നത് മാതൃത്വമാണ്. അത് സംഭവിച്ചുകൂടാ. അങ്ങനെ അല്ലെങ്കില്‍ കുടുംബം തകരും. സമൂഹം തകരും. ഇത്തരുണത്തില്‍ ഒരമ്മയ്ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ഘടകമുണ്ട്. പുതു തലമുറയിലെ മക്കളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയണം. സ്‌പെയിസും സമയവും നല്‍കണം. അവരുടെ നേട്ടങ്ങളേക്കാളുപരി കോട്ടങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ അംഗീകരിച്ച് അണച്ചുപിടിച്ച് മുറിഞ്ഞുപോയ കണ്ണികള്‍ വിളക്കിയെടുക്കണം. തേഞ്ഞു പോകുന്ന തലങ്ങള്‍ ബലപ്പെടുത്തണം.

വായനയില്‍ അറിഞ്ഞ ഒരു വേറിട്ട ചിന്തകൂടി പങ്ക് വെയ്ക്കട്ടെ. മാതൃത്വത്തിന് ആര് ആരോടാണ് കടപ്പെട്ടിരിക്കുന്നത്? ‘പത്ത് മാസം പെറ്റു വളര്‍ത്തിയ’ അമ്മമാരോട് മക്കളോ, അതോ സ്ത്രീത്വത്തെ മാതൃത്വമാക്കി പരിണാമപ്പെടുത്തിയ മക്കളോട് അമ്മമാരോ? (കടപ്പാട്. Fr. Boby Jose Kattikad) ഈ യാഥാര്‍ത്യം തിരിച്ചറിഞ്ഞാല്‍ മാതൃത്വത്തിന്റെ സമ്പൂര്‍ണ്ണമായ സാക്ഷാത്കാരം സാധ്യമാകും.

ചുരുക്കിപ്പറഞ്ഞാല്‍ ‘അമ്മ’ സ്വന്തം സ്വത്വം സമഗ്രതയില്‍ തിരിച്ചറിയണം. സഹയാത്രികരായ എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ സ്‌നേഹാശംസകള്‍.

 

ജോളി മാത്യൂ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ്, രൂപതയുടെ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, നോര്‍ത്ത് കുമ്പ്രിയാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷ്യനര്‍, C C ഗ്ലോബല്‍ മെഡിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. യുകെയില്‍ നോര്‍ത്ത് അലേര്‍ട്ടണിലാണ് താമസം. ഭര്‍ത്താവ് മാത്യൂ ജോണ്‍. ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇന്ന് മാർച്ച് 14, മാർച്ചിലെ രണ്ടാം ഞായറാഴ്ച ആയ ഇന്നാണ് യുകെ യിൽ മദേഴ്സ് ഡേ ആഘോഷിക്കുന്നത്. മതപരമായ പ്രാധാന്യം കൂടി ഉൾക്കൊള്ളുന്നത് കൊണ്ട് മദറിങ് സൺഡേ എന്നും ഈ ദിനത്തെ അറിയപ്പെടുന്നു.

എല്ലാ പ്രത്യേക ദിനങ്ങളെയും പോലെ മദേഴ്സ് ഡേയും വാണിജ്യവൽക്കരിക്കപ്പെട്ട് കഴിഞ്ഞു. അമ്മമാരോടും മാതൃ സ്ഥാനീയനായ വ്യക്തികളോടും മക്കൾക്കുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനും സമ്മാനങ്ങൾ കൊണ്ട് മൂടാനുമുള്ള ദിവസമാണിന്ന്. എങ്കിലും ഈ ദിനത്തെ സംബന്ധിച്ച് ഇപ്പോഴും എല്ലാവരിലും ഉദിക്കുന്ന ഒരു സംശയമുണ്ട് ” എന്തുകൊണ്ടാണ് മദേഴ്സ് ഡേ ആചരിക്കാൻ എല്ലാ കൊല്ലവും കൃത്യമായ ഒരു തീയതി ഇല്ലാത്തത്? “ഇക്കുറി മറ്റു രാജ്യങ്ങളിൽ മെയ് പത്തിനും മറ്റും മാതൃദിനം ആചരിക്കുമ്പോൾ യുകെയിൽ ഇത് ആഘോഷിക്കുന്നത് ലെൻറ് കാലക്രമപ്രകാരമുള്ള നാലാം ഞായറാഴ്ചയാണ്. ലൂണാർ കലണ്ടർ പ്രകാരം, ( ചാന്ദ്ര കലണ്ടർ) ഈ ദിനം വർഷാവർഷം മാറി വരും. ഈസ്റ്ററുമായി ബന്ധപ്പെട്ട ആചാരമാണിത്. ഈസ്റ്ററിന് മുന്നോടിയായി ചില ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കുകയും മോശം ശീലങ്ങൾ നിർത്തുകയും ചെയ്യുന്ന സമയമാണിത്. യുഎസ് പോലെയുള്ള രാജ്യങ്ങളിൽ മാതൃദിനം മെയിലെ രണ്ടാം ഞായറാഴ്ചയാണ് ആചരിച്ചുവരുന്നത്. അന്ന് ഗവൺമെന്റ് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

” പോരാളികൾ” എന്നാണ് അമ്മമാരെ പൊതുവേ അറിയപ്പെടുന്നത്. ഒരു ജീവിതകാലം മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി അഹോരാത്രം പണിയെടുക്കുകയും, മകളുടെ ആദ്യ ഗുരുവായി, ഒന്ന് ചുമച്ചാൽ, ശരീരം ഒന്ന് മുറിഞ്ഞാൽ ഓടിയെത്തുന്ന നേഴ്സായി, പനിക്കിടക്കയിൽ ഉറങ്ങാതെ കൂട്ടിരിക്കുന്ന ഡോക്ടർ ആയി, പാകമാവാത്ത ഉടുപ്പുകളെ സ്നേഹത്തോടെ അഴിച്ചും തുന്നിയും തരുന്ന ടൈലർ ആയി, ചോദിക്കുന്ന ഭക്ഷണം മിക്കപ്പോഴും ഞൊടിയിടയിൽ ഉണ്ടാക്കിത്തരുന്ന കുക്ക് ആയി, ഒരൽപം കൂടി അതിശയോക്തി കലർത്തി പറഞ്ഞാൽ എന്താവശ്യത്തിനും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ജീനി ആയി ഒരമ്മ എല്ലാ കുടുംബത്തിലും ഉണ്ടാവും. അതുകൊണ്ടാവണമല്ലോ അമ്മ മരിച്ചതിനുശേഷം പോലും ഒരാളിന്റെ കാലൊന്ന് ഇടറിയാലോ ചെറു നോവ് അനുഭവിച്ചാലോ അറിയാതെ പോലും ” അമ്മേ ” എന്ന് നിലവിളിച്ചു പോകുന്നത്. അവർക്കായുള്ള ദിനത്തിന് പ്രാധാന്യം കൂടുന്നതും അതുകൊണ്ടുതന്നെ ആയിരിക്കണം.

യുകെയിലെ മാതൃദിനം മതപരമായി പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ടെങ്കിലും പഴയതിനെ അപേക്ഷിച്ച് ഇപ്പോൾ പള്ളികളിൽ ആചാരാനുഷ്ഠാനങ്ങൾ കുറവാണ്. അതിനാൽ ഈ ദിനം ഒരു ഫാമിലി ഡേ ആയി ആചരിച്ചുവരുന്നു.

കുട്ടികളാണ് വീടിൻറെ ഐശ്വര്യമെന്നും അവരുടെ സർഗാത്മകമായ കഴിവുകൾ വളർത്തുന്നതിലും, വ്യക്തിത്വ വികസനത്തിലും മാതാപിതാക്കൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക് പ്രധാന പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു കുടുംബത്തിൻറെ ജീവിതമാണ് മലയാളം യുകെ   മലയാളികളുടെ മുൻപിൽ എത്തിക്കുന്നത്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജെയിംസിന്റെയും മിനിയുടെയും കുടുംബമാണ് കുട്ടികളുടെ സർഗവാസനകളെ വളർത്താൻ തങ്ങളുടേതായ വഴി കണ്ടു പിടിച്ച് പ്രവാസ ജീവിതത്തിലെ തിരക്കുകളിൽ എങ്ങനെ മാതൃകാ കുടുംബം കെട്ടിപ്പെടുക്കാം എന്നതിൻറെ നേർ കാഴ്ചയാകുന്നത്. കുട്ടികൾ ദൈവത്തിൻറെ ദാനമാണെന്ന് വിശ്വസിക്കുന്ന ജെയിംസും മിനിയും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് തികച്ചും ബോധവാന്മാരാണ്.

മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോഴാണ് അവരുടെ കൂടെ നമ്മൾ കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്നാണ് മിനിയുടെയും ജെയിംസിന്റെയും പക്ഷം. എങ്കിൽ മാത്രമേ കുട്ടികൾ നമ്മുടെ കൂട്ടുകാരായി വളരുകയും ജീവിതയാത്രയിലെ സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറാവുകയും ചെയ്യുകയുള്ളൂ . പ്രവാസ ജീവിതത്തിലെ സാംസ്കാരികാന്തരങ്ങളിൽ കുട്ടികളെ കൂട്ടുകാരായി മാറ്റേണ്ടതിന്റെ പ്രസക്തി വലുതാണ്. കളിയും ചിരിയും നിറഞ്ഞതാവണം കുടുംബ ജീവിതമെന്ന ചിന്താഗതിക്കാരാണ് മിനിയും ജെയിംസും. കളിയിലൂടെ കുട്ടികൾക്ക് മാനസികോല്ലാസം നൽകാനും അവരുടെ സർഗാത്മകമായ കഴിവുകളെ വളർത്താനുമാണ് മൈ കുട്ടൂസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും അത് നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തത്.

കുട്ടികളുടെയും മാതാപിതാക്കളുടെയും ജീവിതം ചിരിയും കളിയും നിറഞ്ഞതാക്കാനുള്ള ടിപ്സുമായിട്ടാണ് മൈ കുട്ടൂസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തിലും അവർ കുട്ടികളിൽ ഒരാളായി തീർന്നാൽ അത് അവരുടെ മാനസിക, ശാരീരിക വളർച്ചയിലും, ആത്മവിശ്വാസം വർധിപ്പിക്കാനായും എത്രമാത്രം ഉതകുമെന്നതിന്റെ തെളിവാണ് മൈ കുട്ടൂസ്. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കാനും വൊക്കാബുലറി സ്കിൽ വർദ്ധിപ്പിക്കാനും സഹായകരമാണ് മൈ കുട്ടൂസ് എന്ന ചാനൽ

ഉഴവൂർ സ്വദേശിയായ മൈലപറമ്പിൽ ജെയിംസും മിനിയും സ്റ്റോൺ ട്രെന്റിലെ മലയാളികളുടെ കലാ സാംസ്കാരിക വേദികളിലെ സജീവസാന്നിധ്യമാണ്. കുട്ടികളായ മെഡ് വിൻ, മെൽവിൻ, അൽവിയാ, ഫാബിയ, ജെസ് വിനുമാണ് മൈ കുട്ടൂസിന്റെ അണിയറശില്പികൾ. മെഡ് വിൻ ഒമ്പതാം ക്ലാസിലും, മെൽവിൻ എട്ടാം ക്ലാസിലും, അൽവിയാ ഏഴാം ക്ലാസിലും, ഫാബിയ മൂന്നാം ക്ലാസിലും, ജെസ് വിൻ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. പഠനത്തോടൊപ്പം മൈ കുട്ടൂസിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഈ കുട്ടികൾ അഭിനന്ദനമർഹിക്കുന്നു. മൈ കുട്ടൂസ് കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/channel/UCDFrDW5StCjhe4qE1eayTAA

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലെ പ്രമുഖ പ്രൈവറ്റ് സ്കൂളുകളിലൊന്നായ ഹാമ്മർസ്മിത്തിലെ ലാറ്റിമർ അപ്പർ സ്കൂളിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതായി പരാതി. സ്കൂളിൽ ഒരു റേപ്പ് കൾച്ചർ ആണ് നിലനിൽക്കുന്നത് എന്നാണ് ആരോപണം. ഇത്തരത്തിലുള്ള ആരോപണങ്ങൾ സ്കൂളിനെ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നതായി പ്രധാന അധ്യാപകൻ ഡേവിഡ് ഗുഡ്ഹ്യു മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളെ ക്ലാസിലെ മറ്റ് ആൺകുട്ടികൾ തന്നെ ലൈംഗികമായി ഉപയോഗിക്കുന്നതായും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പന്നരായ വെളുത്ത വർഗ്ഗക്കാരായ ആൺകുട്ടികളാണ് ഇത്തരത്തിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് എന്ന ശക്തമായ ആരോപണവും രംഗത്തുവന്നിട്ടുണ്ട്. ആൺകുട്ടികൾ ലൈംഗികപരമായി തങ്ങളെ ആക്ഷേപിക്കുകയും മറ്റും ചെയ്തതായി പെൺകുട്ടികൾ പരാതിയിൽ രേഖപ്പെടുത്തുന്നു.

അധ്യാപകർ ആരും തന്നെ ഈ വിഷയത്തെ ഗൗരവമായി ഇതുവരെ കണക്കിലെടുത്തില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ചില മാതാപിതാക്കൾ ഇതിനെതിരെ പരാതി നൽകിയെങ്കിലും, ഈ പരാതികൾ ഒന്നും തന്നെ സ്കൂൾ അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല. സ്കൂളിനെതിരെ വന്ന ആരോപണത്തിൽ തങ്ങൾക്ക് പ്രയാസം ഉണ്ടെന്നും, കുട്ടികളുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കാൻ ഒരിക്കലും സ്കൂൾ അനുവദിക്കുകയില്ല എന്ന് അധികൃതർ ഉറപ്പു നൽകി. ഇത്തരത്തിൽ ലഭിച്ച പരാതികൾ എല്ലാംതന്നെ വ്യക്തമായി അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഐറിഷ് കടലിന് കുറുകെ ഒരു പാലത്തിനു വേണ്ടി 20 ബില്യൺ പൗണ്ട് പദ്ധതികൾ ആവിഷ്കരിക്കുന്ന പ്രധാനമന്ത്രി നേഴ്‌സുമാർക്ക് ശരിയായ ശമ്പള വർദ്ധനവ് നൽകാൻ വിസമ്മതിക്കുന്നത് വിവാദമാകുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഒരു ശതമാനം എന്ന നാമമാത്ര വേതന വര്‍ദ്ധനവ് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സ്കോട്ട്ലൻഡും വടക്കൻ അയർലൻഡും തമ്മിൽ ഒരു സ്ഥിര ബന്ധം ഉണ്ടാക്കിയെടുക്കുക എന്ന ആശയം മുന്നോട്ട് നീക്കുകയുണ്ടായി. മുൻ ക്രോസ് റെയിൽ, എച്ച്എസ് 2 ചെയർമാൻ പ്രൊഫ. ഡഗ് ഓക്കർവി, ടോപ്പ് എഞ്ചിനീയർ പ്രൊഫ. ഗോർഡൻ മാസ്റ്റർസൺ എന്നിവർ പഠനത്തിന് നേതൃത്വം നൽകി റിപ്പോർട്ട്‌ സമർപ്പിക്കും. തുരങ്കത്തിന്റെ ആശയത്തിന് സൺ‌ഡേ ടെലിഗ്രാഫ് ‘ബോറിസ് ബറോ’ എന്ന് വിളിപ്പേരു നൽകി. ഇതിന് പ്രധാനമന്ത്രിയുടെ ആവേശകരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. ഇതുപോലുള്ള നിർദ്ദേശങ്ങളോട് താൻ അകലം പാലിക്കുന്നില്ലെന്നും എന്നാൽ ഇത് കൂടുതൽ വഴിതിരിച്ചുവിടുന്ന തന്ത്രമാണെന്ന് വിശ്വസിക്കുന്നതായി സ്കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം വേതന വർധനവുമായി മുന്നോട്ട് പോകുന്ന സർക്കാരിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് നേഴ്സിംഗ് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഉടനീളം സ്വന്തം ജീവന് വില കൽപിക്കാതെ പോരാടിയവർക്ക് പരിഗണന നൽകാതെ മറ്റു വികസനപ്രവർത്തനങ്ങളിലേക്ക് തിരിയുന്ന പ്രധാനമന്ത്രിയുടെ നടപടിയിൽ പ്രതിഷേധം അലയടിച്ചുയരുകയാണ്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ആയതുകൊണ്ട് തന്നെ ഈ ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്.

ഒരു ശതമാനം വേതന വർധനവ് മാന്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടെങ്കിലും ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തിലായിരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സ്, റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗ് എന്നിവര്‍ ചാന്‍സലര്‍ റിഷി സുനകിന് ആശങ്കകള്‍ അറിയിച്ച് കത്തയച്ചിരുന്നു . സാമ്പത്തിക ഞെരുക്കം മൂലമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ ഒതുങ്ങിയതെതെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോവിഡ് മുൻനിര പോരാളികളെ അവഗണിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം സജീവമാകവേ നേഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നേഴ്‌സുമാര്‍ക്ക് കേവലം ഒരു ശതമാനമായിരിക്കില്ല ശമ്പള വര്‍ദ്ധനവ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി നേഴ്‌സുമാര്‍ക്ക് 1.7 ശതമാനം വര്‍ദ്ധനവ് ഈ വര്‍ഷം ലഭിക്കും. മുന്‍പ് സര്‍ക്കാർ അംഗീകരിച്ച കരാറിന്റെ ബലത്തിലാണ് നേഴ്‌സുമാര്‍ക്ക് ഈ ബോണസ് ലഭിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോളിളക്കം സൃഷ്ടിച്ച സാറാ എവറാർഡിൻെറ മരണത്തിൽ പൊലീസ് ഓഫീസർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയായ വെയ്ൻ കൊസെൻസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായാണ് കേസ്. പ്രതിയെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.

മാർച്ച് 3 ന് കാണാതായ സാറയുടെ മൃതദേഹം ഒരാഴ്ചയ്ക്കുശേഷം കെന്റിലെ ആഷ്‌ഫോർഡിനടുത്തുള്ള വനഭൂമിയിൽ നിന്ന് ബുധനാഴ്ചയാണ് പോലീസ് കണ്ടെത്തിയത്. ക്ലാഫാമിലെ ലീത്‌വൈറ്റ് റോഡിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ സാറാ ഹെവാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ച് ബ്രിട്ടനിൽ വൻ ചർച്ചയ്ക്ക് വഴി മരുന്നിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പല സ്ത്രീകളും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചു. #saraheverard, #TooManyMen ഹാഷ് ടാഗുകളിൽ പങ്കുവെച്ച പല കഥകളും ബ്രിട്ടനിലെ തെരുവീഥികൾ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരല്ല എന്നതിൻെറ നേർക്കാഴ്ചകളാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .സ്ത്രീകൾ കൊല്ലപ്പെടുന്ന പകുതിയിലധികം സംഭവങ്ങളിലും കുറ്റവാളികൾ അവരുടെ പങ്കാളിയോ മുൻ പങ്കാളിയോ ആണ്.

ഓരോ സ്ത്രീയ്ക്കും നമ്മുടെ തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ ആകണം എന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ ഉറപ്പു നൽകി. ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിന് സ്ത്രീകളെ അവർ പ്രശംസിക്കുകയും ചെയ്തു. സാറയുടെ കൊലപാതകത്തിനോട് ബന്ധപ്പെട്ട് അറസ്റ്റിലായത് ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ ആണെന്നത് സംഭവത്തിൻെറ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. സംരക്ഷിക്കേണ്ട പോലീസ് തന്നെ കുറ്റവാളിയായതിൻെറ ഞെട്ടൽ ബ്രിട്ടനിലെങ്ങുമുണ്ട്.

കോവിഡ് 19 കാരണം നഷ്ടപ്പെട്ട അധ്യായന ദിനങ്ങൾ തിരിച്ചുപിടിക്കാനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് .;സ്കൂൾ ദിനങ്ങളിലെ സമയം ദൈർഘ്യപ്പെടുത്താനും, സമ്മറിലെ സ്കൂൾ അവധി ദിനങ്ങൾ കുറയ്ക്കുന്നതും ഗവൺമെൻറിൻറെ സജീവ പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് -19 നെ തുടർന്നുള്ള ലോക് ഡൗൺ കാലത്ത് വളരെയധികം അദ്ധ്യയന ദിനങ്ങളാണ് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടത് . ഇത് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ കുറവുകൾ പരിഹരിക്കാനായിട്ടാണ് അധ്യായന ദിനങ്ങളിലെ സമയം ദൈർഘ്യപ്പിച്ചും, വേനലവധി വെട്ടിച്ചുരുക്കിയും ഗവൺമെൻറ് ലക്ഷ്യമിടുന്നത്.

സമ്മർ ഹോളിഡേയിലെ അവധി ദിനങ്ങൾ കുറയ്ക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള മാതാപിതാക്കളിൽ അത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കും. ബ്രിട്ടീഷുകാർ പൊതുവേ ഹോളിഡേ ഭ്രാന്തന്മാരാണ്. കോവിഡിന്റെ ഭീഷണി കുറഞ്ഞാൽ ഹോളിഡേ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. കോവിഡ് കാരണം പ്രവാസി മലയാളികൾക്ക് കഴിഞ്ഞവർഷം നാട്ടിൽ പോകാൻ സാധിച്ചില്ല. അതിനാൽ തന്നെ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ നാട്ടിൽ പോകണമെന്ന ദൃഢനിശ്ചയത്തിലാണ് മലയാളികൾ. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് സ്കൂൾ അവധിയിൽ വരുന്ന മാറ്റങ്ങൾ പരിഗണിക്കേണ്ടിയിരിക്കുന്നു.

RECENT POSTS
Copyright © . All rights reserved