അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിപ്പിക്കുന്നതിന് അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്ന് ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. സൂസൻ മിച്ചി അഭിപ്രായപ്പെട്ടു. ക്രിസ്മസിൻെറ ആഘോഷങ്ങളിലേക്ക് ജനങ്ങൾക്ക് അനായാസവും സുരക്ഷിതമായി പ്രവേശിക്കുന്നതിന് വീണ്ടുമൊരു ലോക്ക്ഡൗൺ തടസ്സമാകും. നവംബർ അഞ്ചാം തീയതി ആരംഭിച്ച ലോക്ക്ഡൗണിനോട് തന്നെ പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. വാക്സിൻ ഉടനെ ലഭ്യമാകുമെന്ന വാർത്ത നിലവിലെ ഗുരുതര സ്ഥിതിവിശേഷത്തിന് ശമനം ഉണ്ടാക്കില്ല എന്ന് പ്രൊഫ. സൂസൻ മിച്ചി മുന്നറിയിപ്പ് നൽകി .
ലോക്ക്ഡൗണിനോട് അനുബന്ധിച്ചുള്ള നടപടികൾ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഡിസംബർ രണ്ടിന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ വൈറസ് വ്യാപനം തുടരുകയാണെങ്കിൽ ഡിസംബർ രണ്ടിന് അപ്പുറത്തേക്ക് നിയന്ത്രണങ്ങൾ തുടരാനുള്ള സാധ്യതയെക്കുറിച്ച് കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് മുന്നറിയിപ്പുനൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ നിരക്ക് സൂചിപ്പിക്കുന്ന ആർ റേറ്റ് ചില സ്ഥലങ്ങളിൽ കുറയുന്നതായുള്ള ശുഭ സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുകെയിൽ ഉടനീളം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികൾ തങ്ങളുടെ ഭവനത്തിലേക്ക് ഡിസംബർ രണ്ടിന് ശേഷം മടങ്ങാനിരിക്കുകയാണ്. യുദ്ധകാലടിസ്ഥാനത്തിൽ ഉള്ള പദ്ധതികൾ ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ വാക്‌സിൻ തയ്യാറായാൽ മുൻഗണനാക്രമത്തിൽ ജനങ്ങളിലേക്കെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ട്.
ലോക്ക്ഡൗൺ അവസാനിപ്പിക്കാനുള്ള സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനായി ജനങ്ങൾ കോവിഡ് -19 പ്രോട്ടോകോൾ പാലിക്കണമെന്നും രോഗവ്യാപന സാധ്യതയുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗമായ പ്രൊഫ. മിച്ചി അഭ്യർത്ഥിച്ചു. വെയിൽസിലും വടക്കൻ അയർലൻഡിലുമുള്ള കടുത്ത നടപടികൾ വൈറസ് വ്യാപന തോത് കുറച്ചത് പ്രതീക്ഷ ഉളവാക്കുന്നതാണെന്ന് അവർ പറഞ്ഞു. ഇതിനിടെ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 11 ദിനങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം യുകെയിൽ 26860 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 462 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.
സ്വന്തം ലേഖകൻ
യു കെ :- എലിസബത്ത് രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ് ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന ‘ദി ക്രൗൺ ‘ എന്ന സീരിസിനെതിരെ പ്രതികരിച്ച് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കൾ. രാജകുടുംബം നേരിട്ട പ്രതിസന്ധികളെ ചൂഷണം ചെയ്ത്, റേറ്റിംഗ് ഉണ്ടാക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ചാൾസ് രാജകുമാരന്റെ സുഹൃത്തുക്കളാണ് ഇത്തരത്തിലൊരു പ്രതികരണവുമായി രംഗത്തെത്തിയത്. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് ഈ ഷോ രാജകുടുംബത്തിലെ സംഭവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഷോയ്ക്കു യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്നും, അത് വെറുമൊരു സീരിസ് മാത്രമാണെന്നും രാജകുടുംബത്തിലെ വക്താവ് പ്രതികരിച്ചു.
ഇതിന്റെ നാലാമത്തെ എപ്പിസോഡിൽ, 1979 ലോർഡ് മൗണ്ട് ബാറ്റന്റെ മരണം മുതൽ മാർഗരറ്റ് താച്ചറിന്റെ സ്ഥാനഭ്രംശം വരെയുള്ളതാണ് കാണിക്കുന്നത്. ഇതിൽ ചാൾസ് രാജകുമാരൻ കമില്ല എന്ന സ്ത്രീയുമായി ബന്ധം ഉണ്ടായിരിക്കെ തന്നെ, ഡയാന രാജകുമാരിയെ വിവാഹം ചെയ്തു എന്ന സംഭവവും നിർമ്മാതാക്കൾ കാണിക്കുന്നുണ്ട്. ഇതാണ് ചാൾസ് രാജകുമാരന്റെ സുഹൃത്തുക്കളെ പ്രകോപിതരാക്കിയത്.
എന്നാൽ ഇത് ജനങ്ങൾക്കുവേണ്ടിയുള്ള സീരിസ് മാത്രമാണെന്നും, ഇതിന് രാജകുടുംബത്തിൽ നടന്ന സംഭവങ്ങളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള പ്രതികരണമാണ് രാജകുടുംബത്തിൻെറ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള വിവാദങ്ങളും ഉയർന്നു വരുന്നുണ്ട്. രാജകുടുംബത്തിലെ വ്യക്തികളെ മോശമായി ചിത്രീകരിക്കാൻ ഉള്ള ശ്രമമാണ് ഇതെന്നുമുള്ള ആരോപണം നിലനിൽക്കുന്നുണ്ട്.
സ്വന്തം ലേഖകൻ
വോട്ടെണ്ണലിൽ തിരിമറി നടന്നുവെന്ന ആരോപണവുമായി ഡൊണാൾഡ് ട്രംപ് മുന്നോട്ടു നീങ്ങുമ്പോൾ, വലതു പക്ഷ അനുഭാവികൾ ഹെൽമറ്റുകളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഉൾപ്പെടെ ധരിച്ച് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. 1992 മുതൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ജോർജിയ വരെ ബൈഡനൊപ്പം നിന്നപ്പോൾ, 306 വോട്ടുകളോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ നിയുക്ത അമേരിക്കൻ പ്രസിഡന്റ്നെതിരെ പുതിയ തന്ത്രങ്ങളുമായി കളത്തിൽ ഇറങ്ങുകയാണ് ട്രംപ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പ്രാദേശിക സമയം മൂന്നുമണിയോടെ, വൈറ്റ്ഹൗസിന് അരികെയുള്ള റോയൽ പ്ലാസയിൽ പ്രതിഷേധക്കാർ തടിച്ചു കൂടുകയായിരുന്നു. സുപ്രീംകോടതി ആയിരുന്നു ലക്ഷ്യം. മില്യൺ മാഗാ മാർച്ച് എന്ന പ്രതിഷേധ റാലിക്ക്, ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ സ്ലോഗനോട് സാമ്യമുണ്ട്. സ്റ്റോപ്പ് ദ് സ്റ്റീൽ ഡിസിയെന്നും, മാർച്ച് ഫോർ ട്രംപ് എന്നും പ്രതിഷേധ റാലിക്ക് പേരുകൾ ഉണ്ടായിരുന്നു.
റാലിയെ ട്രംപ് അഭിമുഖീകരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വാഹനത്തിൽ റാലിക്ക് സമീപത്തുകൂടെ കടന്നുപോയ ട്രംപ് ഗോൾഫ് ക്ലബ്ബിലേക്കാണ് പോയത്. “നമ്മൾ വിജയിക്കും” എന്ന പ്രതിഷേധക്കാരുടെ മുദ്രാവാക്യം ട്രംപ് റീ ട്വീറ്റ് ചെയ്തിരുന്നു. വാഷിംഗ്ടണിലെ തീവ്ര ഇടത് അനുഭാവികളും, കുടിയേറ്റ വിമർശകരും ആയ പ്രൗഡ് ബോയ്സ്ന് വാർത്താ മാധ്യമമായ എയർ ബിഎൻബി നൽകിയിരുന്ന റിസർവേഷൻ പിൻവലിച്ചു. ‘വെറുപ്പ് പരത്തുന്ന ഹേറ്റ് ഗ്രൂപ്പുകൾക്ക് ഞങ്ങൾ സ്ഥാനം നൽകില്ല എന്നാണ് എയർ ബിഎൻബി പ്രതികരിച്ചത്. അതേസമയം കൊറിയൻ പോപ്പ് മ്യൂസിക് ആരാധകർ പ്രതിഷേധക്കാർ ഉപയോഗിച്ച അതേ ഹാഷ് ടാഗിൽ പാൻ കേക്കുകളുടെ ചിത്രം പോസ്റ്റ് ചെയ്തു. ട്രംപ് അനുഭാവികളുടെ പോസ്റ്റുകൾ ഇത്തരത്തിൽ മുക്കി കളയുന്നത് ആദ്യത്തെ അനുഭവം അല്ല.
സ്റ്റോപ്പ് ദ് സ്റ്റീൽ, ട്രംപ് 2020 പോലെയുള്ള ടീഷർട്ടുകൾ ധരിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും രംഗത്തിറങ്ങുന്ന പ്രതിഷേധക്കാരുടെ ഊർജ്ജം നശിച്ചു തുടങ്ങുന്നുണ്ട്. അമേരിക്കയിൽ കോവിഡ് കേസുകൾ ഉയർന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മാസ്കുകൾ ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും അലക്ഷ്യമായി പ്രതിഷേധിക്കുന്ന റാലികാർക്കെതിരെ പൊതുവികാരം ഉയരുന്നുണ്ട്.
ഡോ. ഐഷ വി
ചാത്തന്നൂരിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ കൊല്ലം ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സിനെ കണ്ടു. പതിവു പോലെ കുശലാന്വേഷണങ്ങൾ നടത്തി. വിഷയം എങ്ങനെയോ കായംകുളം കെ വി കെ യും ഐസ്റ്റഡും സംയുക്തമായി നടത്തിയ ടെയിനിംഗിൽ എത്തി. പപ്പായയാണ് താരം. പപ്പായയുടെ ഗുണഗണങ്ങളെപ്പറ്റി സിസ്റ്റർ നന്നായി സംസാരിച്ചു. കൂട്ടത്തിൽ സിസ്റ്റർക്ക് ഗവ. ജോലി കിട്ടുന്നതിന് മുമ്പ് ബെൻസിഗർ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പ്രമേഹ ബാധിതർ ഉണങ്ങാ വ്രണവുമായി വന്നാൽ മാഗ്സൾഫും ഗ്ലിസറിനും മുറിവിൽ വച്ചുകെട്ടാൻ ഉപയോഗിക്കുകയേ ഇല്ല. പകരം മാസങ്ങളായി ഉണങ്ങാതെ നിൽക്കുന്ന വ്രണത്തിലേയ്ക്ക് പച്ച പപ്പായയുടെ കറ നീക്കിയിറക്കി വ്രണത്തിൽ വച്ച് കെട്ടും രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ വ്രണത്തിലെ പഴുപ്പ് നിറം മാറി ചുവപ്പുനിറം വച്ച് തുടങ്ങും. പിന്നെ വ്രണമുണങ്ങാൻ അധികം താമസമില്ല.
ഇതേ പോലെ കായംകുളം കെ വി കെ യിലെ ജിസി മാഡം ട്രെയിനിംഗിനു വന്ന ഒരു സ്ത്രീയുടെ ഭർത്താവിന്റെ അനുഭവം ഞങ്ങളോട് പങ്ക് വച്ചിരുന്നു. മറ്റു ട്രെയിനേഴ്സ് എല്ലാം ശാന്തമായി ക്ലാസ്സ് കേൾക്കുമ്പോൾ ഒരു സ്ത്രീയ്ക്കുമാത്രം ആകെ അസ്വസ്തത, ട്രെയിനിംഗിൽ പങ്കെടുത്തില്ലെങ്കിലും വേണ്ടില്ല വേഗം വീട്ടിലെത്തിയാൽ മതിയെന്ന ചിന്ത. ആകെ അസ്വസ്തയായിരുന്ന അവരോട് മാഡം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി . വിഷമ ഹേതു ആ സ്ത്രീയുടെ ഭർത്താവിന്റെ കാലിലെ ഉണങ്ങാത്ത പ്രമേഹ വ്രണമാണ്. കാര്യങ്ങൾ കേട്ട ശേഷം മാഡം അവരോട് പറഞ്ഞു. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കി തുടച്ച വ്രണത്തിൽ പച്ച പപ്പായക്കറ ഇറ്റിക്കാൻ. അവർ അതുപോലെ ചെയ്തു. രോഗിയ്ക്ക് നീറ്റൽ സഹിക്കാൻ വയ്യാതായപ്പോൾ മാഡത്തെ വിളിച്ചു. തത്ക്കാലം വേദാനാസംഹാരി കഴിച്ച് കടിച്ച് പിടിച്ച് കിടന്നോളാൻ നിർദ്ദേശിച്ചു. അവർ അനുസരിച്ചു. മൂന്ന് ദിവസം ഇത് ആവർത്തിച്ചു. നാലാം ദിവസം മുതൽ വ്രണത്തിന്റെ കുഴിയിൽ ഉരുക്കു വെളിച്ചെണ്ണ നിറക്കാൻ നിർദ്ദേശിച്ചു . 21 ദിവസം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഉണങ്ങി. പല ചികിത്സ മൂന്ന് മാസത്തിലധികം പരീക്ഷിച്ചിട്ടും ഉണങ്ങാത്ത വ്രണമാണ് കേവലം പപ്പായക്കറ ഉരുക്ക് വെളിച്ചെണ്ണ ചികിത്സയിലൂടെ മൂനാഴ്ച കൊണ്ട് ഉണങ്ങിക്കിട്ടിയത്. അപ്പോഴേയ്ക്കും ഒരു എറണാകുളം ബസ്സെത്തി . ഞങ്ങൾ അതിൽ കയറി യാത്രയായി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
പോർട്ട് ടാൽബോട്ടിലെ പ്ലാൻറ് നിർത്താനും നെതർലാൻഡിലെ സംരംഭങ്ങൾ വിൽക്കാനുമുള്ള പദ്ധതികൾ ടാറ്റാ സ്റ്റീൽ പുറത്തുവിട്ടു. യുകെയിലെ തങ്ങളുടെ സംരംഭങ്ങൾ സ്വയംപര്യാപ്തമാക്കുന്നതിൻെറ ഭാഗമായിട്ടാണ് ഈ നടപടികൾ. മലയാളികൾ ഉൾപ്പെടെയുള്ള 8000 തൊഴിലാളികളെ കമ്പനിയുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. ടാറ്റയുടെ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നാണ് വെയിൽസ് ധനകാര്യമന്ത്രി ഈ വാർത്തയോട് പ്രതികരിച്ചത്. അതേസമയം യുകെയിലെ തങ്ങളുടെ ബിസിനസ് സുസ്ഥിരപ്പെടുത്തതിനായിട്ട് ഗവൺമെൻറ് തലത്തിലുള്ള ചർച്ചകൾ തുടരുമെന്ന് ടാറ്റാ സ്റ്റീൽ സിഇഒയും മാനേജിംഗ് ഡയറക്ടറും ആയ റ്റി. വി നരേന്ദ്രൻ പറഞ്ഞു.
ടാറ്റയുടെ ഇന്നത്തെ പ്രഖ്യാപനം തൊഴിലാളികൾക്ക് മാത്രമല്ല മറ്റ് അനുബന്ധ വ്യവസായങ്ങൾക്കും വിതരണശൃംഖലകൾക്കും വളരെയധികം ആശങ്ക പ്രധാനം ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണായിരത്തോളം തൊഴിൽ നഷ്ടങ്ങളെയും അനുബന്ധ പ്രശ്നങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയുമായി അടിയന്തര ചർച്ചകൾക്ക് ഒരുങ്ങുകയാണ് വെയിൽസ്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കമ്പനിക്ക് 500 ദശലക്ഷം പൗണ്ടിൻെറ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം നേരത്തെ ഉയർന്നുവന്നിരുന്നു. പക്ഷേ ടാറ്റയുടെ ഇന്നത്തെ പ്രഖ്യാപനം പ്രതീക്ഷിച്ചതാണെന്നും കൊറോണാ വൈറസ് വ്യാപനത്തോടെ വാഹന നിർമാണ വ്യവസായത്തിൽ ഉൾപ്പെടെ ഉണ്ടായ മാന്ദ്യം സ്റ്റീൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : പനോരമ അഭിമുഖത്തെക്കുറിച്ച് ഡയാന രാജകുമാരി ബിബിസിയ്ക്ക് എഴുതിയ കത്ത് 25 വർഷങ്ങൾക്കു ശേഷം കണ്ടെടുത്തു. 1995 നവംബറിലെ വിഖ്യാതമായ ബിബിസി അഭിമുഖത്തെ തുടർന്ന് രാജകുമാരി സ്വയം എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ടെന്ന് ബിബിസി അറിയിച്ചു. കത്ത് ഒരു സ്വതന്ത്ര അന്വേഷണത്തിന് കൈമാറുമെന്ന് അവർ അറിയിച്ചു. ഡയാന രാജകുമാരിയുമായുള്ള മാർട്ടിൻ ബഷീറിന്റെ പനോരമ അഭിമുഖം ഏകദേശം 23 ദശലക്ഷം ആളുകൾ ആണ് കണ്ടത്. ബിബിസി റിപ്പോർട്ടർ മാർട്ടിൻ ബഷീറുമായുള്ള അഭിമുഖം എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ഡയാനയുടെ സഹോദരൻ നടത്തിയ അവകാശവാദങ്ങളും അന്വേഷിക്കും. നിലവിൽ ബിബിസി ന്യൂസ് റിലീജിയൻ എഡിറ്ററായ ബഷീർ (57) ഹൃദയ ശസ്ത്രക്രിയയിൽ നിന്നും കോവിഡ് -19 ൽ നിന്നും സുഖം പ്രാപിച്ചു വരികയാണ്. ഈ മാസം ആദ്യം ഒരു സ്വതന്ത്ര അന്വേഷണത്തിന് ഏൾ സ്പെൻസർ ആവശ്യപ്പെട്ടിരുന്നു. മാർട്ടിൻ ബഷീർ നടത്തിയ പ്രസ്താവനകൾ ഡയാനയെ സ്വാധീനിച്ചിട്ടില്ലെന്നും അഭിമുഖം സുരക്ഷിതമാക്കിയതിൽ സന്തോഷമുണ്ടെന്നും കത്തിൽ പറയുന്നു.
വ്യാജ രേഖകൾ ബഷീർ തന്നോട് പറഞ്ഞ നുണകളുടെ ഒരു ഭാഗമായിരുന്നുവെന്ന് ഏൾ ആരോപിച്ചു. തന്റെ വിശ്വാസം നേടുന്നതിനും ഡയാനയിലേക്ക് എത്തുന്നതിനുമുള്ള നുണകൾ ആയിരുന്നു അവ. കാമില പാർക്കർ-ബൗൾസുമായുള്ള ചാൾസ് രാജകുമാരന്റെ ബന്ധത്തെ പരാമർശിച്ച് രാജകുമാരി സംസാരിച്ചത് ഈ അഭിമുഖത്തിലാണ്. അന്ന് ഡയാന രാജകുമാരി ചാൾസ് രാജകുമാരനിൽ നിന്ന് വേർപിരിഞ്ഞെങ്കിലും വിവാഹമോചനം നേടിയിരുന്നില്ല. “സ്വതന്ത്ര അന്വേഷണ പ്രഖ്യാപനത്തെത്തുടർന്ന്, രാജകുമാരിയുടെ യഥാർത്ഥ കൈയ്യക്ഷര കുറിപ്പ് ബിബിസി ഇപ്പോൾ കണ്ടെടുത്തിട്ടുണ്ട്. അത് അക്കാലത്ത് ഞങ്ങളുടെ രേഖകളിൽ പരാമർശിക്കപ്പെടുന്നു. ഞങ്ങൾ അത് സ്വതന്ത്ര അന്വേഷണത്തിലേക്ക് കൈമാറും.” ബിബിസി വക്താവ് അറിയിച്ചു. അഴിമതിയുടെ ഫലമായി ബഷീർ ജോലിയിലേക്ക് മടങ്ങില്ലെന്ന പ്രതീക്ഷ ബിബിസി ന്യൂസ് റൂമിൽ വർദ്ധിച്ചുവരികയാണ്.
1995 ലെ വിഖ്യാത അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയതോടെ ഡയാനയും രാജകുടുംബവുമായുള്ള വിള്ളലുകള്‍ വ്യക്തമായി. താന്‍ ഒരിക്കലും ഒരു രാജ്ഞി ആകാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നും ആകുകയാണെങ്കില്‍ അത് ജനങ്ങളുടെ മനസ്സിലെ രാജ്ഞിയായിരിയ്ക്കും എന്നും ഡയാന വെളിപ്പെടുത്തി. 1996 ൽ നിയമപരമായി വിവാഹമോചിതയാകുന്നത് വരെ വെയ്ല്‍സ് രാജകുമാരി എന്ന നിലയില്‍ രാജ്ഞിയെ പ്രതിനിധീകരിച്ച് തന്റെ രാജകീയ കടമകളെല്ലാം അവൾ നിർവഹിച്ചിരുന്നു. ജനങ്ങളുടെ രാജകുമാരി എന്നാണ് ഡയാന അറിയപ്പെട്ടിരുന്നത്.1997 ഓഗസ്റ്റ് 31 ന് പാരീസ് അണ്ടർപാസിൽ നടന്ന വാഹനാപകടത്തിലാണ് 36 കാരിയായ രാജകുമാരി കൊല്ലപ്പെട്ടത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ടിൽ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തോത് കുറയുന്നതായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പക്ഷേ വരും ദിവസങ്ങളിൽ മരണസംഖ്യ ഉയർന്ന തോതിൽ തന്നെ തുടരാനാണ് സാധ്യത എന്നാണ് വിദഗ്ധാഭിപ്രായം. കൊറോണവൈറസ് വ്യാപനത്തിന്റെ തോത് നിർണയിക്കാൻ ഉപയോഗിക്കുന്ന ആർ നമ്പർ – അതായത് ഒരു രോഗബാധിതനിൽ നിന്നും എത്ര പേർക്ക് വൈറസ് ബാധ പടർന്നു എന്നതിൻറെ ഏറ്റവും പുതിയ കണക്കുകൾ യുകെയിൽ 1.0 – 1.2 ആണ്. അതേസമയം ഇംഗ്ലണ്ടിൽ ആർ നമ്പർ 1.1 – 1.2 ആണ്. ആർ നമ്പർ ഒന്നിൽ കൂടുതലാണെങ്കിൽ രോഗവ്യാപനം കൂടാനാണ് സാധ്യത. ഈ കണക്കുകൾ വരും ദിവസങ്ങളിലുള്ള കൊറോണ വൈറസിന്റെ വ്യാപനതോതിനെ കാണിക്കുന്നു.
ഇംഗ്ലണ്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാം ലോക്ക്ഡൗൺ ഇംഗ്ലണ്ടിലെ ആർ നമ്പർ കുറയ്ക്കുമെന്നാണ് കരുതുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം നോർത്ത് അയർലണ്ടിലെ കോവിഡ്-19 ന്റെ ബാധയിൽ വൻതോതിലുള്ള കുറവാണുണ്ടായിരിക്കുന്നത്. പക്ഷേ അതേസമയം വെയിൽസ്സിൽ പകർച്ച വ്യാധി വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുവേ രാജ്യത്തൊട്ടാകെ കൊറോണ വൈറസ് ബാധയുടെ തോത് കുറഞ്ഞതായുള്ള ശുഭസൂചനകളുടെ കണക്കുകളാണ് പുറത്ത് വരുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടനിലെ ചരിത്രത്തിലെ തന്നെ ക്രൂരനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിപ്പർ പീറ്റർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ലോറിഡ്രൈവർ ആയിരുന്ന പീറ്റർ 1975 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ 13 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. പീറ്ററിൻെറ ഇരകൾ യോർക്ക്ഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നു. 13 കൊലപാതകങ്ങൾ കൂടാതെ ഏഴ് സ്ത്രീകളെ കൊലപ്പെടുത്താനുള്ള ശ്രമത്തിനും ആണ് പീറ്റർ ആജീവനാന്തകാലം അഴിയറക്കുള്ളിലായത്. നാല് കുട്ടികളുടെ അമ്മയായ വിൽമ മക്കാനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ് പീറ്റർ കൊലപാതക പരമ്പരകൾ ആരംഭിച്ചത്. കൊലയാളിയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയ പലരും മാരകമായ ശാരീരികപ്രശ്നങ്ങളുമായാണ് ശിഷ്ഠകാലം ജീവിച്ചത്. വേശ്യകളെ കൊല്ലാനുള്ള ദൈവത്തിൽനിന്നുള്ള പ്രത്യേക ദൗത്യത്തിലാണ് താനെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. കൊലയാളിയുടെ ഇരകളിൽ ചിലരൊക്കെ ലൈംഗിക തൊഴിലാളികളായിരുന്നു. 16 നും 45 നും ഇടയിൽ പ്രായമുള്ള ഇരകളിൽ 2 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളിയായി പീറ്റർ ശിക്ഷിക്കപ്പെട്ടതിനുശേഷവും അയാളുടെ മുൻ ഭാര്യ സോണിയ സട്ട്ക്ലിഫ് ഭർത്താവിനൊപ്പം നിന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൊലപാതക പരമ്പരകളുടെ സമയത്ത് പീറ്ററിൻെറ ഭാര്യയായിരുന്ന സോണിയ ഒരിക്കൽ പോലും ഈ സംഭവങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. അവർ പലപ്പോഴും പീറ്ററിനെ ജയിലിൽ തൻെറ രണ്ടാം വിവാഹ ശേഷവും സന്ദർശിച്ചത് വാർത്തയായിരുന്നു.
ബ്രിട്ടനിലെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയുടെ മരണത്തിൽ താൻ ഒരു തുള്ളി കണ്ണുനീർ പോലും ഒഴുക്കുന്നില്ലന്നാണ് കൊലയാളിയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥൻ ബോബ് ബ്രിഡ്‌ജസ്റ്റോക്ക് അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പൊതുജനങ്ങൾക്ക് വിതരണത്തിനായി തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നാഷണൽ ഹെൽത്ത് സർവീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഫുട്ബോൾ സ്റ്റേഡിയങ്ങളും, ടൗൺഹാളുകളും വാക്സിൻ കേന്ദ്രങ്ങളാക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഎച്ച്എസ്. ഇത്തരത്തിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് 2000 മുതൽ 5000 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. ഈ സൗകര്യങ്ങൾ വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള 1560 ഓളം കമ്മ്യൂണിറ്റികൾ കേന്ദ്രീകരിച്ചുള്ള വാക്സിൻ കേന്ദ്രങ്ങൾക്ക് പുറമേയാണ്. വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് പ്രതിദിനം 200 മുതൽ 500 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും. വാക്സിൻ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതായിരിക്കും.
ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ഒരുക്കങ്ങൾക്ക് എൻഎച്ച്എസിനെ സഹായിക്കാനായി മിലിട്ടറിയുടെ സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 12 ലക്ഷത്തോളം കോവിഡ് വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ കൊടുക്കാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത് . ഡിസംബർ ആദ്യവാരത്തോടെയാണ് ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ബ്രഹ്ദ് യജ്ഞം ആരംഭിക്കുന്നത് . കോവിഡ് വാക്സിൻ വ്യക്തികളുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മുൻഗണനാക്രമത്തിലാവും നൽകുക. കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള മുൻഗണന താഴെ കൊടുത്ത പ്രകാരമാണ് .
നഴ്സിംഗ് ഹോമിലെ അന്തേവാസികളും അവിടുത്തെ ജീവനക്കാരും .
80 വയസിന് മുകളിലുള്ളവരും ആരോഗ്യ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരും
75 വയസ്സിനു മുകളിലുള്ളവർ
70 വയസ്സിനു മുകളിൽ ഉള്ളവർ
65 വയസ്സിനു മുകളിലുള്ളവർ
60 വയസ്സിനു മുകളിലുള്ളവർ
55 വയസ്സിനു മുകളിൽ ഉള്ളവർ
50 വയസ്സിനു മുകളിലുള്ളവർ
50 വയസ്സിനു താഴെയുള്ളവരുടെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടില്ല.