Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

2020 വിടപറയുന്നു . 2021 -നെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ തന്നെ   2020 ൻെറ ആദ്യം മുതൽ പടർന്നുപിടിച്ച മഹാമാരിയും കൂട്ടത്തിലുണ്ട് . ലോകമൊട്ടാകെ പടർന്നുപിടിച്ച കോവിഡ്-19 ന് സമാനമായ പകർച്ചവ്യാധികൾ ചരിത്രത്തിലില്ല. ഒട്ടുമിക്ക രാജ്യങ്ങളും പലപ്പോഴായി വൈറസ് വ്യാപനത്തെ തടയാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

മലയാളം യുകെ ഈ പുതുവർഷത്തിൽ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എട്ടുവയസുള്ള ബോൾട്ടണിൽ നിന്നുള്ള മിലൻ കുമാറിനെയാണ്. ലോക്ക്ഡൗൺ കാലത്ത് മിലൻ കുമാർ വായിച്ചത് 50 പുസ്തകങ്ങളാണ്. വായന മാത്രമല്ല, അതിനുശേഷം ഈ കൊച്ചുമിടുക്കൻ ഒരു പുസ്തകം എഴുതുക കൂടി ചെയ്തു. പുസ്തകങ്ങളിൽ നിന്നുള്ള വരുമാനം ദേശീയ സാക്ഷരത ട്രസ്റ്റിൻെറ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചത് ഒരു വലിയ അംഗീകാരമാണെന്ന് മിലൻ പറഞ്ഞു. ലോക്ക് ഡൗൺ സമയത്തെ വെറും മൂന്നുമാസത്തിനുള്ളിൽ 50 പുസ്തകങ്ങൾ വായിച്ച് തീർത്ത  മിലനെ തേടി ഡച്ചസ് ഓഫ് കോൺ‌വാൾ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനപ്രവാഹം എത്തിയിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

യുകെയിലെ ആദ്യത്തെ ലോക്ക്ഡൗണിന് ശേഷം കൊച്ചുകുട്ടികളിൽ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു . മെഡിക്കൽ റിസർച്ച് കൗൺസിലിലെ ഗവേഷകരാണ് കുട്ടികളിലും മാതാപിതാക്കളിലും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഗവേഷണം നടത്തിയത്. ലോക്ക്ഡൗൺ മാത്രമല്ല കോവിഡ് -19 പ്രതിരോധിക്കാനായി എടുത്തിരിക്കുന്ന സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള പല മുൻകരുതലുകളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ചു . എന്നാൽ തൻെറ നിശ്ചയദാർഢ്യം കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്  അതുല്യമായ നേട്ടം കൈവരിച്ച മിലൻ കുമാറിന് മലയാളംയുകെ ന്യൂസ് ടീമിൻെറ അഭിനന്ദനങ്ങൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ലഭിച്ച അഞ്ചുലക്ഷം പേർക്കുള്ള രണ്ടാമത്തെ ഡോസ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ. ഇത് രോഗികളിൽ കൂടുതൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇങ്ങനെ ചെയ്യുന്നത് വൈദ്യരംഗത്തെ ധാർമികതയ്ക്ക് എതിരാണെന്നും അവർ വ്യക്തമാക്കി. കോവിഡ് വാക്സിൻ നൽകുന്ന പ്രക്രിയയിൽ ബുധനാഴ്ചയാണ് ഗവൺമെന്റ് മാറ്റം വരുത്തുന്നതായി അറിയിച്ചത്. ആദ്യ ഡോസ് വാക്സിൻ നൽകിയതിനുശേഷം, 12 ആഴ്ചകൾക്കു ശേഷം മാത്രമേ അടുത്ത ഡോസ് നൽകുകയുള്ളൂ എന്നാണ് പുതിയ ഗവൺമെന്റ് തീരുമാനം. നേരത്തെ നൽകിയ ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് ജനുവരി നാലിന് ശേഷം ലഭിക്കാനിരുന്നവരെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. ഈ വാക്സിന്റെ രണ്ട് ഡോസ് എടുത്താൽ മാത്രമേ കോവിഡിനെതിരെ പൂർണ സുരക്ഷ ലഭിക്കുകയുള്ളൂ എന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്. ആദ്യദിവസം വാക്സിന്റെ കാലാവധി മൂന്ന് ആഴ്ചകൾക്കു ശേഷം ലഭിക്കാൻ സാധ്യത കുറവാണെന്നും അവർ അറിയിച്ചു.

ഗവൺമെന്റിന്റെ ഈ തീരുമാനം തന്നെ ഞെട്ടിച്ചതായി ഇമ്പീരിയൽ കോളജ് ലണ്ടനിലെ പ്രൈമറി കെയർ ആൻഡ് പബ്ലിക് ഹെൽത്ത് പ്രൊഫസർ അസീം മജീദ് വ്യക്തമാക്കി.നിരവധി ആളുകളാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗംപേരും വാർധക്യത്തിൽ ഉള്ളവരാണ്. അതിനാൽ തന്നെ ഇത്രയും ആളുകൾക്ക് നൽകിയിരിക്കുന്ന ബുക്കിംഗ് ക്യാൻസൽ ചെയ്ത്, വീണ്ടും ബുക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ നടപടിയാണെന്നും അദ്ദേഹം അറിയിച്ചു. ഗവൺമെന്റിന്റെ ഈ തീരുമാനം ഒട്ടനേകം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ ഇത് കൂടുതൽ ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്ന് മറ്റൊരു ഡോക്ടർ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. യുകെ ഡോക്റ്റേഴ്സ് അസോസിയേഷൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്ത് എഴുതിയതായി അറിയിച്ചു. എന്നാൽ വളരെ വിരളമായി ചിലർ ഗവൺമെന്റിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായും അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മെൽബണിലെ ആർ എം ഐ ടി യിൽ ഗവേഷണ വിദ്യാർഥിനിയായ ശ്രുതിയുടേത് ശാസ്ത്രത്തിനും ഐടി മേഖലയ്ക്കും മുതൽക്കൂട്ടാവുമെന്നുറപ്പുള്ള കണ്ടെത്തൽ. എഞ്ചിനീയേഴ്സ് ഓസ്ട്രേലിയ എന്ന നാഷണൽ പ്രൊഫഷണൽ അസോസിയേഷൻ ആണ് ശ്രുതിയെ മികച്ച 30 ഇന്നോവേറ്റീവ് സയന്റിസ്റ്റ്കളിൽ ഒരാളായി തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന സമ്മാനം തനിക്ക് ലഭിച്ചതിൽ തനിക്കും ടീമിനും സന്തോഷവും അഭിമാനവും ഉണ്ടെന്ന് ശ്രുതി പറഞ്ഞു. ഈ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ സഹായിക്കും എന്നും ശ്രുതി പറഞ്ഞു.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ മൂന്ന് പേരാണ് പട്ടികയിൽ ഇടം നേടിയത്. 10 കാറ്റഗറികളിൽ നിന്നാണ് ശാസ്ത്രജ്ഞരെ തെരഞ്ഞെടുക്കുക.ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ പി എച്ച് ഡി ചെയ്യുന്ന ശ്രുതി മെറ്റീരിയൽ സയൻസിനാണ് പ്രാധാന്യം കൊടുക്കുന്നത്.

സിലിക്കോൺ എന്ന ത്രീ ഡയമെൻഷനൽ മെറ്റീരിയലിന് പകരം വെക്കാൻ ആവുംവിധം ബ്ലാക്ക് ഫോസ് ഫറസ് എന്ന റ്റു ഡയമെൻഷനൽ വസ്തുവിന്റെ പ്രത്യേകതകൾ കണ്ടെത്തുകയാണ് ശ്രുതി ചെയ്തത്. ഭാവിയിൽ സിലിക്കൺ ലഭ്യമല്ലാതാവുന്നതിനെ പ്രതിരോധിക്കാൻ ബ്ലാക്ക് ഫോസ് ഫറസിന് കഴിയും, 2021ലെ ന്യൂജനറേഷൻ കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ കുറച്ചുകൂടി ചെറിയ ചിപ്പുകളും മറ്റും നിർമ്മിക്കാനും, ഒരു ത്രീ ഡയമെൻഷനൽ വസ്തുവിനുണ്ടാകുന്ന എനർജി നഷ്ടവും, വേഗത കുറവും പരിഹരിക്കാനും ബ്ലാക്ക് ഫോസ്ഫറസിന് കഴിയും.

തന്റെ റിസർച്ച് ഫണ്ടമെന്റൽ മേഖലയിൽ എത്തിയിട്ട് ഉള്ളൂവെന്നും കൂടുതൽ വികസിപ്പിച്ചുകൊണ്ടുള്ള പ്രൊഡക്ട് ആക്കി മാർക്കറ്റിൽ ഇറക്കണമെന്നും ശ്രുതി പറഞ്ഞു.

ഈ വസ്തു വളരെ പെട്ടെന്ന് ദ്രവിച്ചു പോകും എന്നത് പ്രധാനപ്പെട്ട വെല്ലുവിളിയാണ്, എന്നാൽ അതിനെ നേരിടാനായി പാച്ചിവേഷൻ ടെക് നിക് എന്ന വിദ്യയും ശ്രുതി മുന്നോട്ടുവെക്കുന്നു. ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് ഡെമോൺസ്ട്രേഷൻ നടത്തിയതിനാൽ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമാണ്.ഐബിഎം, എച്ച്പി സാംസങ്, ഇന്റൽ തുടങ്ങിയ കമ്പനികൾ വളരെ കാലമായി സിലിക്കോണിന് പകരം വെക്കാവുന്ന പുതിയ വസ്തുവിനായുള്ള അന്വേഷണത്തിലായിരുന്നു. ശ്രുതിയുടെ കണ്ടെത്തൽ ഇതിനൊരു പരിഹാരമാകും.

ശ്രുതിയുടെ മേഖലയിൽ സമാനമായ രീതിയിൽ അൾട്രാ ലാർജ് പൈസൊഇലക്ട്രിക് ഫിലിം കണ്ടെത്തിയ ആർ എം ഐ ടി യൂണിവേഴ്സിറ്റിയിലെ ഡോക്ടർ നീതു സൈദ് ആണ് പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ വ്യക്തി. യുദ്ധ മേഖലയിൽ ആശുപത്രികൾ മറ്റു സുരക്ഷാ പ്രാധാന്യമുള്ള വസ്തുക്കൾ എന്നിവയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കണ്ടെത്താനും ആക്രമണങ്ങളിൽ നിന്ന് ഒഴിവാക്കാനും സാധിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ സ്റ്റീഫൻ ബോൺസ്റ്റീൻ ആണ് പട്ടികയിലെ മൂന്നാമൻ.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 വ്യാപനം രൂക്ഷമായതോടെ ഓരോ ദിവസവും കർശനമായ നിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാൻ ഉള്ള ശ്രമത്തിലാണ് യുകെ. അതിൻറെ ഭാഗമായി ഇന്നുമുതൽ 20 ദശലക്ഷം ജനങ്ങൾ കൂടിയാണ് യുകെയിൽ കടുത്ത നിയന്ത്രണ പരിധിയിലേയ്ക്ക് വരുന്നത്. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൻെറ ഭാഗമായി ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സെക്കൻഡറി സ്കൂളുകളും രണ്ടാഴ്ചത്തേയ്ക്ക് കൂടി അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. വൈറസ് വ്യാപനത്തിന് സ്കൂൾ വിദ്യാർത്ഥികൾ കാരണമാകുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനിടെ മലയാളികൾ വളരെയേറെയുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്നു മുതൽ ടയർ – 4 നിയന്ത്രണത്തിലേയ്ക്ക് പ്രവേശിച്ചു. ഇപ്പോൾ തന്നെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ താങ്ങാവുന്നതിലധികം കോവിഡ്-19 രോഗികൾ നിറഞ്ഞിരിക്കുകയാണ്. പക്ഷേ സ്റ്റോക്ക് ഓൺ ട്രെന്റിലെ അണുബാധ നിരക്ക് മറ്റു പല സ്ഥലങ്ങളെക്കാളും കുറവാണെന്നത് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും സ്റ്റോക്ക് ഓൺ ട്രെന്റിനെ ബിർമിംഗ്ഹാം റീജിയണിൽ ഉൾപ്പെടുത്തി ടയർ – 4 നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

പൊതു ജനങ്ങൾ നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. 2021 ഏപ്രിൽ മാസത്തോടെ കാര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തിച്ചേരുമെന്ന അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും യുകെയിൽ അന്തിമാനുമതി ലഭിച്ചത് വാക്‌സിനേഷൻ കൂടുതൽ സുഗമമാക്കും . തിങ്കളാഴ്ചമുതൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള കുത്തിവെയ്പ്പ് ആരംഭിക്കും. വൈറസ് വ്യാപനത്തെ തടയുന്നതിൽ ഇത് നിർണ്ണായക പങ്ക് വഹിക്കും എന്നാണ് കരുതപ്പെടുന്നത്. പക്ഷേ പ്രതിരോധ കുത്തിവെയ്പ്പുകൾ നടക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം അനിയന്ത്രിതമാണെന്നും എല്ലാവർക്കും വാക്സിനേഷൻ രണ്ടാം ഡോസ് ലഭിക്കുന്ന സമയം വരെ ജനങ്ങൾ കരുതലോടെ ഇരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകി

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രക്സിറ്റാനന്തര കരാറിനെ പാർലമെന്റിൽ പിന്തുണച്ച് എംപിമാർ. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ, 521 വോട്ടുകൾക്കാണ് കരാർ പാസായത്. 73 പേർ മാത്രമാണ് കരാറിന് എതിരായി വോട്ട് ചെയ്തത്. ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും കരാറിനെ അനുകൂലിച്ചു വോട്ട് ചെയ്തു. ഒരു കരാറും ഇല്ലായിരിക്കുന്നതിലും നല്ലതാണ്, ശക്തമല്ലെങ്കിലും ഒരു കരാർ ഉണ്ടാകുന്നതെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 12 മണിയോടെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കും. ഹൗസ് ഓഫ് ലോർഡ് സിലും ബില്ല് പാസ്സായിട്ടുണ്ട്. ഇനി രാജ്ഞിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ബില്ല് പൂർത്തിയാകും.

ബില്ല് പാസാക്കുന്നതിൽ സഹായിച്ച എല്ലാ എം പിമാരോടും ഉള്ള നന്ദി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. രാജ്യത്തിന്റെ ഭാവി ഇനി നമ്മുടെ കയ്യിൽ സുരക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, രാജ്യത്തിന് ഇനി സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അതോടൊപ്പം തന്നെ സ്വതന്ത്ര വ്യാപാര കരാറുകളും ഏർപ്പെടാനുള്ള സാധ്യത തെളിഞ്ഞുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അടുത്ത വർഷം മുതൽ പുതിയ മാറ്റങ്ങൾ ആവും ഉണ്ടാവുക.

പരമാധികാരം എന്ന് പറയുന്നത് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ അല്ല എന്ന് ഓർമിക്കണം എന്ന മുൻ പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായുള്ള സഹകരണം ബ്രിട്ടന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. എന്നാലും താൻ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത് എന്ന് അവർ രേഖപ്പെടുത്തി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും മറ്റു ബില്ലിനെ എതിർത്ത് തന്നെയാണ് പാർലമെന്റിൽ വോട്ട് ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ പ്രതിരോധകുത്തിവയ്പ് നൽകാൻ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിന് അന്തിമാനുമതി ലഭിച്ചു. കോവിഡ്-19 കേസുകൾ കുതിച്ചു കയറുന്നതിന് തടയിടാൻ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. 100 ദശലക്ഷം ഡോസുകൾക്കാണ് യുകെ ഓർഡർ നൽകിയിരിക്കുന്നത്. ഇത് 50 ദശലക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ഉപകരിക്കും. ഫൈസറിൻെറ വാക്‌സിനും കൂടി മുഴുവൻ ലഭ്യമാകുമ്പോൾ യുകെയിലെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാൻ ഇത് മതിയാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

യുകെയിലെ ഭൂരിഭാഗം ജനങ്ങളും കർശന നിയന്ത്രണങ്ങളുള്ള ടയർ -4 നിയന്ത്രണങ്ങളുടെ പരിധിയിലാണ്. വാക്‌സിനേഷൻ സെന്ററുകൾ അടുത്ത ആഴ്ച മുതൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ജനങ്ങൾക്ക് അറിയിപ്പ് കൊടുത്തു തുടങ്ങും. 50 വയസ്സ് മുകളിലുള്ളവർക്കും ചെറുപ്പക്കാർക്കും ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതോടുകൂടി ഏകദേശം 25 ദശലക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ കഴിയും എന്നതാണ് ഏകദേശ കണക്ക്.

ഓക്സ്ഫോർഡ് വാക്‌സിൻ സംഭരിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ് എന്നത് പ്രതിരോധ കുത്തിവെയ്പ്പ് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകൾക്ക് നൽകാൻ കഴിയുമെന്നാണ് ആരോഗ്യ പ്രവർത്തകർ കരുതുന്നത്. കാരണം സാധാരണ ഫ്രിഡ്ജിൻെറ താപനിലയിൽ ഓക്സ്ഫോർഡ് വാക്സിൻ സൂക്ഷിക്കാൻ കഴിയും. എന്നാൽ ഫൈസറിൻെറ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ ആവശ്യമായ സജ്ജീകരണം ആവശ്യമാണ്. അതിലുപരി ഓക്സ്ഫോർഡ് വാക്സിൻ നിർമ്മിക്കപ്പെടുന്നത് യുകെയിൽ തന്നെയാണെന്നത് വാക്‌സിൻെറ ലഭ്യത കൂടുതൽ എളുപ്പമാക്കാൻ സഹായകരമാണ്. എന്നാൽ ഫൈസറിൻെറ വാക്‌സിൻ ബെൽജിയത്തിൽ നിന്നാണ് യുകെയിൽ എത്തിച്ചേരുന്നത്.

ലെസ്റ്റർ: രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് മരണം. യുകെ മലയാളികൾ വളരെ ദുഃഖകരമായ വാർത്തകൾ ആണ് കേൾക്കുന്നത്. പ്രവാസത്തിന്റെ വ്യഥകൾ ഒരു വഴിക്കും കൊറോണയുടെ ഭീതിപ്പെടുത്തുന്ന വാർത്തകൾ മറ്റൊരു വഴിക്കും യുകെ മലയാളികളെ വരിഞ്ഞു മുറുക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് ഒന്ന് മാത്രം.. തന്റെ പ്രിയപ്പെട്ടവരുടെ മരണ വാർത്തകൾ കേൾക്കാൻ ഇടയാകരുതേ… എന്നാൽ ലെസ്റ്റർ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി അവരുടെ പ്രിയ ജൂലിയ വിനോദിന്റെ (13) മരണം ഇന്ന് വെളിപ്പിന് 2:30 ക്ക് സംഭവിച്ചപ്പോൾ. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന ജൂലിയയുടെ മരണം എല്ലാവരെയും ഒരുപോലെ ദുഃഖിപ്പിച്ചിരിക്കുന്നു.

ഇറ്റലിയിലെ മിലാനിൽ ആയിരുന്ന കോട്ടയം ഒറ്റപ്ലാക്കൽ വിനോദ് ജേക്കബും കുടുംബവും എട്ട് വർഷം മുൻപാണ് യുകെ യിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് ഒട്ടേറെ ബന്ധുക്കള്‍ യുകെയില്‍ ഉള്ളതുകൊണ്ടാണ് ഇറ്റലിയിൽ നിന്നും യുകെയിലേക്കു കുടിയേറിയത്. എന്നാല്‍ ലെസ്റ്ററില്‍ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുക ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫാര്‍മറി ഹോസ്പിറ്റലിലെ ചികിത്സയില്‍ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടില്‍ തന്നെയാണ് തുടര്‍ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്.

ലോക് ഡൌണ്‍ സമാനമായ സാഹചര്യം ആയതിനാല്‍ വിനോദിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. അഞ്ചു പെൺ മക്കളിൽ മൂന്നാമത്തെ മകളാണ് മരിച്ച ജൂലിയ. നന്നായി പാടുകയും നൃത്തം ചെയ്‌തിരുന്ന ജൂലിയയുടെ മരണം സ്നേഹിതരുടെയും ബന്ധുക്കളുടെയും വേദന വർദ്ധിപ്പിക്കുന്നു.

ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റിലും കുടുംബ കൂട്ടായ്മയിലും ഒക്കെ ജൂലിയ പാടിയ പാട്ടുകളും നൃത്തങ്ങളും ഒക്കെയാണ് അടുപ്പമുള്ളവര്‍ക്കു ഇപ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത്. ജൂലിയയുടെ അകാല വേര്‍പാടില്‍ വ്യസനിക്കുന്ന വിനോദിനും കുടുംബത്തിനും വേദനയില്‍ നിന്നുള്ള മുക്തിക്കായി പ്രാര്‍ത്ഥനകള്‍ നേരുകയാണെന്നു ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റ്, യു കെ കെ സി എ ഭാരവാഹികള്‍ അറിയിച്ചു.

ലെസ്റ്ററിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ വീട്ടില്‍ ജൂലിയയ്ക്ക് അന്ത്യകൂദാശ നല്‍കി. മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭവനസന്ദര്‍ശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. നാട്ടിൽ കൊണ്ടുപോകണം എന്നാണ് പിതാവായ വിനോദിന്റെ ആഗ്രഹമെങ്കിലും വിമാന സർവീസ് ഇല്ലാത്തതുകൊണ്ട് ഇവിടെത്തന്നെ സംസ്ക്കാരം നടക്കും എന്നാണ് അറിയുന്നത്.

ജൂലിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ വെൺപകൽ നടുതോട്ടം കോളനിയിൽ രാജൻ (47 )ഭാര്യ അമ്പിളി (40) എന്നിവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കുടിയൊഴിപ്പിക്കാൻ എത്തിയ പോലീസും കോടതിയിലെ ആമീനും നോക്കിനിൽക്കെ, പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിച്ച് ആത്മഹത്യാഭീഷണി മുഴക്കിയതും, തടയാൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ തുടർന്നു നടന്ന അപകടത്തിൽ ഇരുവരും ഗുരുതരമായ പൊള്ളലേറ്റ് മരണപ്പെട്ടതും കേരളീയ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണ്. കോടതിയിൽനിന്ന് സ്റ്റേ വരാൻ അരമണിക്കൂർ മാത്രം ശേഷിക്കെ വസ്തുവിന്റെ ഉടമസ്ഥ എന്ന് അവകാശപ്പെടുന്ന വസന്തയുടെ പരാതിയിൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ് പാലിക്കാൻ എത്തിയ പോലീസ് തിടുക്കം കാട്ടിയതായി വ്യാപകമായ പരാതി ഉയർന്നു. ഡിസംബർ 20 ന് നടന്ന അപകടത്തെത്തുടർന്ന് ദമ്പതിമാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താൻ മരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്താൻ മാത്രമാണ് പെട്രോളൊഴിച്ചതെന്നും രാജൻ മരണ മൊഴി നൽകിയിരുന്നു.

അനാഥരായ കുട്ടികൾക്ക് സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും സംരക്ഷണവും വിദ്യാഭ്യാസ ചെലവും വഹിക്കുമെന്നും അറിയിച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കും. സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.പരാതിക്കാരി കള്ളക്കേസ് കൊടുത്തു തങ്ങളെ വേട്ടയാടുകയാണെന്ന് കുട്ടികൾ ആരോപിക്കുന്നുണ്ട്. സമാനമായ രീതിയിൽ വസന്ത കോളനിയിൽ താമസിക്കുന്ന മറ്റു പല കുടുംബങ്ങൾക്കും എതിരെ പരാതികൾ നൽകിയിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് താഴെതട്ടിലുള്ളവരെ മനപ്പൂർവ്വം ഉപദ്രവിക്കുകയാണ് ഇവരെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.


തലചായ്ക്കാൻ ഇടമില്ലാതെ,പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയ കൂരയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വരുന്നതിന്റെ നീറ്റലിലാവണം രാജൻ അവസാനത്തെ ശ്രമമായ ആത്മഹത്യാഭീഷണി മുഴക്കിയത്. മാനസിക ബുദ്ധിമുട്ടുകൾ ഉള്ള ഭാര്യയുടെ പ്രയാസം അറിയാവുന്ന രാജൻ തെരുവിൽ ഉറങ്ങുന്നവർക്ക് തന്റെ ദിവസ വേതനത്തിൽ നിന്നും ഒരു പങ്ക് മാറ്റിവെച്ച് അന്നം നല്കുന്ന വ്യക്തിയായിരുന്നു. ക്രമസമാധാന പരിപാലനത്തിനായി പ്രവർത്തിക്കേണ്ട പൊലീസ് സാഹചര്യത്തിന് യോജിക്കാത്ത തരത്തിലുള്ള ധാർഷ്ട്യം കാട്ടുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വഴിമുട്ടുന്നവൻ ജീവിതം അവസാനിപ്പിക്കുക എന്ന രീതിയിലുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

ലൈഫ് മിഷൻ പോലെയുള്ള പദ്ധതികളിലൂടെ ഒന്നരലക്ഷത്തോളം കുടുംബങ്ങൾക്ക് കിടപ്പാടം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എങ്കിൽപോലും മരിച്ചാൽ അടക്കാൻ ഒരുതുണ്ട് ഭൂമിയില്ലാത്ത രണ്ടര ലക്ഷം കുടുംബങ്ങൾ ഔദ്യോഗിക കണക്കിലും നാല് ലക്ഷത്തോളം കുടുംബങ്ങൾ ഈ കണക്കിൽ പെടാതെയും കേരളത്തിൽ ജീവിക്കുന്നു. കേരളത്തിലെ 79% ദളിതരും കഴിയുന്നത് 26,119 കോളനികളിലാണ്. ഭൂരഹിതരായ അനേകം ആദിവാസികളും തോട്ടം തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കേരളത്തിൽ ഉണ്ട്. കണക്കുകളിൽ പെടാതെ പോകുന്ന ഇത്തരം കുടുംബങ്ങളിലേക്ക് പദ്ധതികൾ എത്താതിരിക്കുന്നത് വ്യവസ്ഥിതിക്കു നേരെ ഉയർന്നു നിൽക്കുന്ന ചൂണ്ടുവിരലാണ്.നമ്മളിതിന് ഉത്തരം പറയേണ്ടതുണ്ട്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ ആദ്യമായി പ്രതിരോധകുത്തിവെയ്പ്പ് എടുത്ത മാർഗരറ്റ് കീനൻ 3 ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു. 91 വയസ്സുകാരിയായ മാർഗരറ്റ് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചത് ഡിസംബർ എട്ടാം തീയതിയായിരുന്നു. സമാനമായ രീതിയിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ച എല്ലാവർക്കും 21 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് നൽകുന്ന നടപടികളുമായി എൻഎച്ച്എസ് മുന്നോട്ടു പോകുകയാണ്.

ഇതിനിടെ രോഗവ്യാപനം ബ്രിട്ടനിൽ ദിനംപ്രതി കുതിച്ചു കയറുകയാണ്. ഇന്നലെ മാത്രം 53135 കേസുകളാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പോർട്സ് മൗത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അജി ജോസഫ് ഉൾപ്പെടെ 414 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. വർദ്ധിച്ചു വരുന്ന രോഗവ്യാപനതോതിനെ നേരിടാൻ കടുത്ത നടപടികളിലേയ്ക്ക് ഗവൺമെൻറ് നീങ്ങാനാണ് സാധ്യത. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിൻെറ മൂന്നിൽ രണ്ടു ഭാഗങ്ങളും ടയർ – 4 നിയന്ത്രണങ്ങളുടെ പരിധിയിലാകുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.

ലണ്ടനിലെ രോഗ വ്യാപനവും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണവും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി വളരെ രൂക്ഷമാണ്. ലണ്ടനിലെ സ്ഥിതി രൂക്ഷമായതിനാൽ തീവ്രപരിചരണം ആവശ്യമായ രോഗികളെ യോർക്ക്ഷെയറിലെ ഹോസ്പിറ്റലുകളിലേയ്ക്ക് തുടർ ചികിത്സയ്ക്കായി മാറ്റാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. പുറത്തുവന്ന വിവരങ്ങൾ പ്രകാരം ലണ്ടനിലെ പല ആശുപത്രികളും താങ്ങാവുന്നതിൽ കൂടുതൽ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. മിക്കവാറും ആശുപത്രികളിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നതിൽ 60 ശതമാനം രോഗികളും കോവിഡ് ബാധിതരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രൊയേഷ്യ:- ക്രൊയേഷ്യയിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ വൻ ഭൂകമ്പം ചൊവ്വാഴ്ച രാത്രി ഉണ്ടായി. 7 പേരോളം മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിന് തെക്കുള്ള പെട്രിഞ്ച എന്ന നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തകർ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ ആളുകളുണ്ടോ എന്നു രാത്രി വൈകിയും അന്വേഷണത്തിലാണ്. യൂറോപ്യൻ യൂണിയൻ കൂടുതൽ സഹായങ്ങൾ രാജ്യത്തിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഇനിയും മരണങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നും ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രേജ് പ്ലങ്കോവിക് അറിയിച്ചു.


മരിച്ചവരുടെ കൂട്ടത്തിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഉള്ളതായി പോലീസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേർക്ക് സാരമായ പരിക്കുകളും ഉണ്ട്. ഭൂകമ്പത്തിൽ ഭൂരിഭാഗം കെട്ടിടങ്ങളും ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയതായി കൺസ്ട്രക്ഷൻ എക്സ്പർട്ടുകൾ അറിയിച്ചു. മിക്ക സ്ഥലങ്ങളിലെയും വൈദ്യുതി ബന്ധവും വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്.വീടുകളിലെയും മറ്റും ടൈലുകളും എല്ലാം ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്.


നഗരത്തിലെ ജനങ്ങളിൽ ഭൂരിഭാഗംപേരും ബന്ധുക്കളുടെയും മറ്റു ഭവനങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.തൊട്ടടുത്ത നഗരമായ സിസക്കിൽ സ്കൂളുകളുടെ മറ്റു ഗ്രൗണ്ടുകളും, ഓഡിറ്റോറിയങ്ങളും ജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ക്രൈസ് മാനേജ്മെന്റ് ചീഫ് ജനെസ് ലെനറിക് ബുധനാഴ്ച സംഭവസ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് ഒരു കിന്റഡർഗാർട്ടൻ ഉണ്ടായിരുന്നെങ്കിലും, ഭൂകമ്പം നടന്ന സമയത്ത് കുട്ടികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. അപകടം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

RECENT POSTS
Copyright © . All rights reserved