അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

രക്തം കട്ടപിടിക്കുന്ന പാർശ്വഫലവും ഓക്സ്ഫോർഡ് അസ്ട്രാസെനക്കവാക്‌സിൻ സ്വീകരിച്ചതും തമ്മിൽ ബന്ധമില്ലെന്ന് തീർപ്പ് കൽപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വാക്സിൻ മേധാവി മാർക്കോ കവാലേരി പറഞ്ഞത് വിവാദമായി. യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ വാക്സിനെകുറിച്ചുള്ള സമ്പൂർണ്ണ വിലയിരുത്തൽ ഇതുവരെ പൂർത്തിയായിട്ടില്ല എന്ന് അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും ഓക്സ്ഫോർഡ് വാക്സിൻെറ റിസ്ക് ബെനിഫിറ്റ് അനുപാതം ഇപ്പോഴും വാക്സിന് അനുകൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഓക്സ്ഫോർഡ് വാക്‌സിനെതിരെ യൂറോപ്യൻ മെഡിക്കൽ ഏജൻസിയുടെ നിരീക്ഷണത്തെ തള്ളി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് വന്നു. വാക്സിനിൽ പൂർണ്ണവിശ്വാസം അർപ്പിക്കാനും എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

നേരത്തെ ഓക്സ്ഫോർഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു എന്ന ആശങ്കയെ തുടർന്ന് നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽക്കാലികമായി ഓക്സ്ഫോർഡ് വാക്സിൻ വിതരണം നിർത്തിവച്ചിരുന്നു. പിന്നീട് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും ജർമ്മനി ,ഫ്രാൻസ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പ്രായമായവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.