Main News

സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ടാം ലോകമഹായുദ്ധ കാലത്തും കൊറോണ വൈറസ് പ്രതിസന്ധിഘട്ടത്തിലും രാജ്യത്തിന് പ്രത്യാശയുടെ സന്ദേശം പകർന്നു നൽകിയ സംഗീതത്തിനുടമ, ഡെയിം വേറ ലിൻ അന്തരിച്ചു. 103 വയസ്സായിരുന്നു. 1940 യുദ്ധകാലത്ത് സൈനികരുടെ മനോവീര്യം വളർത്തിയ “വി വിൽ മീറ്റ് എഗൈൻ ” എന്ന സംഗീതം ആലപിച്ചത് ലിൻ ആയിരുന്നു. സേനയുടെ പ്രണയിനി എന്നു വിളിപ്പേരുള്ള വേറ ലിന്നിന്റെ സംഗീതം, പ്രതിസന്ധി കാലത്ത് രാജ്യത്തിന് താങ്ങായി മാറിയിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന എന്റർടൈനറിൽ ഒരാൾ ആയ വേറയുടെ മരണം തങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സൈനികരും വേറയുടെ ഗാനം ആസ്വദിച്ചിരുന്നു. സംസ്കാരചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.

ആറ് ആഴ്ച മുമ്പ്, വിഇ ദിനത്തിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായും കോവിഡ് പടർന്നുപിടിച്ച സമയത്തും ലിന്നിന്റെ വാക്കുകൾ രാജ്യത്തിന് പ്രത്യാശ പകർന്നുനൽകിയിരുന്നു. യുദ്ധകാല ക്ലാസിക് ആയ “വി വിൽ മീറ്റ് എഗൈൻ” ഇപ്പോൾ നമുക്ക് പ്രത്യാശ പകർന്നു നൽകുന്നുവെന്ന് ഏപ്രിലിൽ എലിസബത്ത് രാജ്ഞി പറയുകയുണ്ടായി. ജീവകാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധയൂന്നിയ വേറ സ്ഥാപിച്ച ‘ഡെയിം വേറ ലിൻ ചിൽഡ്രൻസ് ചാരിറ്റി’, സെറിബ്രൽ പാൽസിയുള്ള കുട്ടികളെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. 1917 ൽ ലണ്ടനിലെ ഈസ്റ്റ് ഹാമിൽ ജനിച്ച വെറയുടെ ആലാപന മികവ് ചെറുപ്പത്തിൽത്തന്നെ ജനശ്രദ്ധ നേടിയിരുന്നു. പതിനൊന്നാം വയസ്സിൽ ഒരു നർത്തകിയും ഗായികയും എന്ന നിലയിൽ മുഴുവൻ സമയ ജീവിതം നയിക്കാൻ അവൾ സ്കൂൾ വിട്ടു. 1939 ൽ ഡെയ്‌ലി എക്സ്പ്രസ് നടത്തിയ ഒരു വോട്ടെടുപ്പിൽ, സൈനികർ അവരുടെ പ്രിയപ്പെട്ട എന്റർടെയ്‌നറായി വേറയെ തിരഞ്ഞെടുക്കുകയുണ്ടായി. രാജ്യത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ പ്രത്യാശ പകർന്നുനൽകിയ ഗായികയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അനുസ്മരിച്ചു. “അവളുടെ ശബ്ദം വരും തലമുറകളുടെ ഹൃദയങ്ങളെ ഉണർത്തും.” അദ്ദേഹം പറഞ്ഞു. വേറയുടെ ഗാനങ്ങൾ 1940 തിലേതുപോലെ തന്നെ 2020 ലും രാജ്യത്തോട് സംസാരിക്കുന്നുവെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പറഞ്ഞു. “ഈ ഗായികയെ ഞാൻ എത്രമാത്രം ആരാധിച്ചുവെന്ന് വിശദീകരിക്കാൻ വാക്കുകൾ ഇല്ല.” ;കഴിഞ്ഞ മാസം വിഇ ദിന വാർഷികത്തിനായി വെറയുടെ യുദ്ധകാല ക്ലാസിക്കുകൾ അവതരിപ്പിച്ച ഗായിക കാതറിൻ ജെങ്കിൻസ് പറഞ്ഞു.

വി വിൽ മീറ്റ് എഗെയ്ൻ, ദി വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവർ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം, രണ്ടാം ലോക മഹായുദ്ധസമയത്ത് വിദേശത്തുള്ള സൈനികർക്കും സ്വദേശികളായ സാധാരണക്കാർക്കും പ്രചോദനമായ ഗായികയുടെ മരണം രാജ്യത്തിന് തീരാനഷ്ടമാണ്. രണ്ടാഴ്ച മുമ്പ്, തന്റെ 103-ാം ജന്മദിനത്തിൽ വേറ ഒരു സന്ദേശം അയച്ചിരുന്നു. ഈ പ്രയാസകരമായ ഘട്ടങ്ങളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളോട് അവൾ ആവശ്യപ്പെട്ടു. 1930 കളുടെ അവസാനത്തിൽ റേഡിയോ പ്രക്ഷേപണത്തോടൊപ്പം ബാൻഡുകളുമായി ചേർന്നു പാടാനും തുടങ്ങി. എന്നാൽ അവളുടെ യുദ്ധകാല ഗാനങ്ങളാണ് പ്രശസ്തി നേടിയത്. 1941ൽ ഹാരി ലൂയിസിനെ വിവാഹം ചെയ്തു. “വേറ കൂടുതൽ കാലം ജീവിക്കുമെന്ന് ഞാൻ കരുതി. ബർമയിൽ എനിക്ക് പ്രചോദനമായി തീരുകയും ജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വെരാ.” സർ ടോം മൂർ പറയുകയുണ്ടായി.

ജോജി തോമസ്

മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട്  7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.

ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.

സ്വന്തം ലേഖകൻ

വെയിൽസ് : മാർക്ക്സ് & സ്പെൻസർ എന്നിവയുൾപ്പെടെയുള്ളവർക്ക് ഇറച്ചി വിതരണം ചെയ്യുന്ന ചിക്കൻ ഫാക്ടറിയിൽ കൊറോണ വൈറസ് പടർന്നുപിടിച്ചു. പ്രോസസ്സിംഗ് പ്ലാന്റിലെ തൊഴിലാളികളിൽ നാലിലൊന്ന് ആളുകൾ സെൽഫ് ഐസൊലേഷനിൽ ആണ്. നോർത്ത് വെയിൽ‌സിലെ ലാൻ‌ഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് ഫാക്ടറിയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 13 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. 100ഓളം ആളുകളോട് സെൽഫ് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതും അവരുടെ സഹപ്രവർത്തകർ കമ്പനിയിൽ നിന്ന് വിട്ടുനിൽക്കുന്നതും മറ്റു ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്ന് യുണൈറ്റ് യൂണിയന്റെ റീജിയണൽ ഓഫീസർ പാഡി മക്നോട്ട് പറഞ്ഞു.

“ഇത് വളരെ ഭയപ്പെടുത്തുന്ന സമയമാണ്. ആളുകൾക്ക് ആശങ്കയുണ്ട്. എന്നാൽ കമ്പനിയെ കഴിയുന്നത്ര സുരക്ഷിതമായ അന്തരീക്ഷമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. സ്റ്റാഫുകളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.” മക്നോട്ട് പറഞ്ഞു. 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പ് ഫാക്ടറി ഉടമ കോവിഡ് കേസുകളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. യുകെയിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽ‌പാദകരിൽ ഒന്നാണ് ഈ കമ്പനി. യുകെയിൽ ഉപയോഗിക്കുന്ന ചിക്കൻ ഉത്പന്നങ്ങളിൽ മൂന്നിലൊന്ന് ഭാഗം എല്ലാദിവസവും 2 സിസ്റ്റേഴ്സ് ഉല്പാദിപ്പിക്കുന്നതാണ്. ലാൻ‌ഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് പ്ലാന്റിലെ കൊറോണ വൈറസ് കേസുകൾ ഒരു മുൻഗണന വിഷയമായി കൈകൊണ്ട് ആവശ്യമായ നടപടികൾ ചെയ്യുമെന്ന് ഐൽ ഓഫ് ആംഗ്‌ലെസി കൗണ്ടി കൗൺസിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.

 

“ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് എന്ന നിലയിൽ ഞങ്ങളുടെ പ്രധാന മുൻ‌ഗണന ജോലിസ്ഥലം സുരക്ഷിതമാക്കുകയും ലാൻ‌ഗെഫ്‌നിയിലെ എല്ലാ സഹപ്രവർത്തകരെയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. കാരണം സൈറ്റിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഞങ്ങൾ മൂന്ന് മാസമായി വിജയകരമായി പ്രവർത്തിക്കുന്നു.” 2 സിസ്റ്റേഴ്സ് വക്താവ് അറിയിച്ചു. കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് മുതൽ സാമൂഹിക അകലം പാലിക്കൽ നിയമം കർശനമാക്കിയിട്ടുണ്ടെന്നും താപനില പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം ലേഖകൻ

വെസ്റ്റ്മിനിസ്റ്റർ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കാറപകടം. പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയ്ക്ക് ശേഷം തന്റെ ജാഗ്വാറിൽ പാർലമെന്റ് സ്‌ക്വയറിലേക്ക് പോകവേ ആണ് അപകടം ഉണ്ടായത്. വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിന് പുറത്താണ് സംഭവം. പ്രധാനമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥരുടെ മുന്നിലേക്ക് പ്രതിഷേധക്കാരൻ ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. പെട്ടെന്നുള്ള ബ്രേക്കിടീൽ മൂലം പുറകിലുണ്ടായിരുന്ന വാഹനം പ്രധാനമന്ത്രിയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

കാറിന് മുന്നിലേക്ക് ഓടിക്കയറിയ പ്രതിഷേധക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പബ്ലിക് ഓർഡർ ആക്ടിന്റെ അഞ്ചാം വകുപ്പ് പ്രകാരവും ദേശീയപാത തടസ്സപ്പെടുത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. കുർദിഷ് വിമതർക്കെതിരായ തുർക്കിയുടെ നടപടിയിൽ പ്രതിഷേധം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം ലേഖകൻ

യു എസിലെ ഫ്ലോറിഡയിൽ താമസിക്കുന്ന 40കാരിയായ എറിക ക്രിസ്പിനും ഒപ്പം മദ്യപിക്കാൻ എത്തിയ 10 പേർക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. നാലുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. പരിശോധനാഫലം വരും മുൻപ് തന്നെ ക്ലാസിക് രോഗലക്ഷണമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു എന്ന് എറിക്ക പറഞ്ഞു.

ജാക്ക്സൺ വില്ലെ ബീച്ചിലെ ലിഞ്ച്സ് പബ്ബിലാണ് ജൂൺ ആറിന് സുഹൃത്തുക്കൾ ലോക്ക് ഡൗണിന് ശേഷം ആദ്യമായി ഒത്തുകൂടിയത്. ബാർ സന്ദർശനത്തിന് മൂന്നു ദിവസത്തിനു ശേഷം അവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായി തുടങ്ങി, ഒരാഴ്ചയ്ക്കുശേഷം കാര്യമായി അസുഖം ബാധിച്ചു. ലോക്കൽ റിപ്പോർട്ടുകൾ പ്രകാരം ബാറിൽ എത്തിയ മറ്റനേകം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ ബാറും തൊട്ടടുത്ത പ്രദേശങ്ങളും അണുവിമുക്തമാക്കാൻ വേണ്ടി പൂട്ടിയിട്ടിരിക്കുകയാണ്. 49 ജീവനക്കാരിൽ ഏഴു പേർക്കും മാരകമായ വൈറസിന്റെ സാന്നിധ്യമുണ്ട്. ഫ്ലോറിഡയിൽ തുറന്നു പ്രവർത്തിച്ചു കൊണ്ടിരുന്ന ആറോളം ബാറുകൾ ആണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ വർദ്ധനവിനെ തുടർന്ന്, രണ്ടാംഘട്ട വ്യാപനം ഭയന്ന് അടച്ചത്. എന്നാൽ കഴിഞ്ഞ ഞായറോടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് മാർച്ചിൽ തുടങ്ങിയ രോഗവ്യാപനത്തിലെ ഏറ്റവും വലിയ കണക്കാണ്.

രോഗം ബാധിക്കുന്നതിനുമുൻപ്, അതായത് തന്റെ ആദ്യ നൈറ്റ് ഔട്ട്ന് മുൻപ് മാസങ്ങളോളം വീടിനുള്ളിൽ കഴിയുകയും, അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ സോഷ്യൽ ഡിസ്റ്റൻസിങ് പോലെയുള്ള കാര്യങ്ങളിൽ പരിപൂർണ്ണ ശ്രദ്ധ ചെലുത്തുകയും ചെയ്ത വ്യക്തിയാണ് താനെന്ന് എറിക്ക മാധ്യമങ്ങളോട് അവകാശപ്പെട്ടു. എന്നാൽ അന്നത്തെ ദിവസം തീർത്തും അലക്ഷ്യമായി ആണ് പെരുമാറിയത്, തങ്ങൾ ആരും മാസ്കുകൾ ധരിച്ചിരുന്നില്ല. ലോക് ഡൗൺ ഉയർത്തി, സ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, സ്റ്റേറ്റ് പഴയതുപോലെയായി, ഇനി പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ഞങ്ങൾ ധരിച്ചു വച്ചിരുന്നത്.

ആരോഗ്യ പ്രവർത്തകയായ എറിക്, ലോക്ക്ഡൗൺ മാറ്റിയാലും എല്ലാവരും സൂക്ഷ്മത പുലർത്തണം എന്ന് സുഹൃത്തുക്കൾക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. യുഎസിൽ അതിദ്രുതം കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന 22 സ്റ്റേറ്റുകളിൽ ഒന്നാണ് ഫ്ലോറിഡ.

സ്വന്തം ലേഖകൻ

ലണ്ടൻ : എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടുതവണ പരിശോധന ആവശ്യമാണെന്ന് പ്രമുഖ സർജൻ. കോവിഡിനെതിരെ പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായും പൊതുജനവിശ്വാസം വീണ്ടെടുക്കുന്നതിനായും എൻ‌എച്ച്‌എസ് സ്റ്റാഫിനെ ആഴ്ചയിൽ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫ ഡെറക് ആൽഡർസൺ ആവശ്യപ്പെട്ടു. ജീവനക്കാരിൽ നിന്ന് രോഗികളിലേക്ക് വൈറസ് പടരാതിക്കാൻ ഇത് സഹായിക്കും. കൃത്യമായ പരിശോധനയ്ക്കുള്ള പദ്ധതികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ആശുപത്രി ട്രസ്റ്റ് മേധാവികൾ അറിയിച്ചു. കെയർ ഹോമുകളിലെ പതിവ് പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) പറഞ്ഞു. എൻ എച്ച് എസ് സേവനങ്ങൾ എല്ലാം തിരികെ കൊണ്ടുവരുവാനുള്ള നടപടികളെപറ്റി ചർച്ച ചെയ്ത ഹെൽത്ത് സെലക്ട് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു ആൽഡർസൺ. ആഴ്ചയിൽ രണ്ടുതവണ പരിശോധന നടത്തുന്നത് പ്രായോഗികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിലധികം ടെസ്റ്റുകൾ നടത്തേണ്ടത് എല്ലായ്പ്പോഴും അത്യാവശ്യമാണെന്ന് ലീഡ്സ് സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫ. നിക്കോള സ്റ്റോൺഹൗസ് പറഞ്ഞു. ആദ്യ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിരുന്നാലും പിന്നീട് അത് മാറിമറിയാൻ സാധ്യതയുണ്ട്. ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന് (ഡിഎച്ച്എസ്സി) ജൂൺ 15 വരെ 200,000 ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താനുള്ള ശേഷിയുണ്ട്. എങ്കിലും ഇതുവരെ 75,935 പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്. “സ്റ്റാഫുകളെ പതിവായി പരിശോധിക്കാൻ നമുക്ക് കഴിയുമെന്ന വിശ്വാസം പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. മതിയായ ശേഷിയുള്ളതിനാൽ അത് ഏറ്റവും ആവശ്യമുള്ളവർക്ക് നൽകണം.” ആൽഡർസൺ പറയുകയുണ്ടായി.

ട്രസ്റ്റ് നേതാക്കളെ പ്രതിനിധീകരിക്കുന്ന എൻ‌എച്ച്എസ് പ്രൊവൈഡേഴ്സ് പറയുന്നതനുസരിച്ച്, ഒരു മാസം മുമ്പ് 11 ആശുപത്രി ട്രസ്റ്റുകളിലായി ഒരു സ്റ്റാഫ് ടെസ്റ്റിംഗ് പൈലറ്റ് സ്കീം നടത്തിയിരുന്നു. എന്നാൽ അതിന്റെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സഫ്രോൺ കോർഡറി പറഞ്ഞു. കെയർ ഹോം സ്റ്റാഫുകളെയും ജീവനക്കാരെയും രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും പരീക്ഷിക്കാമെന്ന് ഏപ്രിൽ അവസാനം സർക്കാർ പറഞ്ഞിരുന്നു. പക്ഷേ എൻ‌എച്ച്എസ് തൊഴിലാളികളെ പതിവായി പരിശോധിക്കുന്നതിന് സാധിച്ചില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ നട്ടംതിരിഞ്ഞ് പരിചരണക്കാർ. വൃദ്ധ ദമ്പതികളും വികലാംഗരായ കുട്ടികളെ പരിപാലിക്കുന്ന മാതാപിതാക്കളും ലോക്ക്ഡൗൺ സമയത്ത് പൊതുജനങ്ങളേക്കാൾ ഏറെ ഫുഡ്‌ ബാങ്കുകളെ ആശ്രയിക്കേണ്ടിവന്നു എന്ന് റിപ്പോർട്ട്‌. ഷെഫീൽഡ്, ബർമിംഗ്ഹാം സർവകലാശാലകളിൽ നിന്നുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് യുകെയിലെ ഒരു ലക്ഷത്തിലധികം ശമ്പളമില്ലാത്ത പരിചരണക്കാർ പകർച്ചവ്യാധിയുടെ സമയത്ത് ഫുഡ്‌ ബാങ്കുകളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്. ലോക്ക്ഡൗൺ സമയത്ത് മാതാപിതാക്കളെയും വികലാംഗരായ ബന്ധുക്കളെയും പരിചരിക്കുന്ന ആളുകളുടെ അനുഭവങ്ങൾ ഗവേഷകർ പരിശോധിച്ചു. കൂടാതെ ആളുകൾ വിശന്നിരിക്കുന്ന വീടുകളിൽ ശമ്പളമില്ലാത്ത 229,000 പരിചരണക്കാർ ഉണ്ടെന്ന് കണ്ടെത്തി. പരിചരണക്കാർ, പ്രത്യേകിച്ച് 17 നും 30 നും ഇടയിൽ പ്രായമുള്ളവർ അസഹനീയമായ സമ്മർദ്ദത്തിലായതിന്റെ ആശങ്കാജനകമായ ചിത്രം ഈ കണക്കുകൾ വരച്ചിടുന്നു.

30 കാരിയായ ക്രിസ്റ്റി, അമ്മയോടൊപ്പം വാൾത്താം ആബിയിൽ ആണ് താമസിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ അമ്മയെ പരിപാലിച്ചുവരുന്നു. ലോക്ക്ഡൗൺ സമയത്ത് തങ്ങൾ വിശന്നിരുന്നതായി ക്രിസ്റ്റി വെളിപ്പെടുത്തി. 76 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതിനിടയിൽ കടകളിൽ പോകുവാൻ കഴിഞ്ഞില്ല. പണം ഇല്ലാത്തതിനാൽ ഓൺലൈൻ ഡെലിവറിയും ലഭിച്ചില്ല. അതിനാൽ തന്നെ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഫുഡ്‌ ബാങ്കുകളെ ആശ്രയിച്ചു ജീവിക്കേണ്ടിവന്നെന്ന് ക്രിസ്റ്റി തുറഞ്ഞുപറഞ്ഞു. ഫുഡ്‌ ബാങ്കുകളുടെ പ്രാധാന്യം ആളുകൾക്ക് മനസ്സിലാകുന്നില്ല എന്ന് അവൾ പറഞ്ഞു. മുഴുവൻ സമയ കെയറർ എന്ന നിലയിൽ ആഴ്ചയിൽ 67 ഡോളർ വീതമുള്ള ഒരു കെയർ അലവൻസ് അവൾക്ക് ലഭിക്കുന്നുണ്ട്. കൂടാതെ കെയേഴ്സ് യുകെ ചാരിറ്റി ഒരു വർദ്ധനവിന് ശ്രമിക്കുന്നു. എങ്കിലും മറ്റു ചിലവുകൾക്കും ഈ പണമാണ് ഉപയോഗിക്കുന്നത്. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ക്രിസ്റ്റി വീടിന് പുറത്തു പോയിട്ടില്ല.

“ഈ പകർച്ചവ്യാധിയുടെ സമയത്ത് ഭൂരിഭാഗം പരിചരണക്കാരും തങ്ങളുടെ ബന്ധുക്കൾക്ക് കൂടുതൽ പരിചരണം നൽകുകയും അതിനായി കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ, അവർക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ? “എന്ന് കെയേഴ്സ് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ വാക്കർ ചോദിച്ചു. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്ന ആളുകളെ പിന്തുണയ്ക്കുന്നതിനായി 63 മില്യൺ ഡോളർ അധിക ധനസഹായം അടുത്തിടെ പ്രഖ്യാപിച്ചതായി ആരോഗ്യ-സാമൂഹ്യ പരിപാലന വകുപ്പിന്റെ വക്താവ് അറിയിച്ചു. രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പരിചരണക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ കെയർ ഓർഗനൈസേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നെന്ന് അവർ വ്യക്തമാക്കി. “ഞങ്ങളുടെ പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ എല്ലാവരിലേക്കും എത്തണം. 2020 ഏപ്രിലിൽ, നിരവധി പരിചരണക്കാരുടെ വീടുകളിലെ ആളുകൾ പട്ടിണിയിലായിരുന്നു. അവർക്ക് ഭക്ഷണം കഴിക്കാൻ ഒരു ഫുഡ് ബാങ്ക് ഉപയോഗിക്കേണ്ടിവന്നു എന്നത് രാജ്യത്തെ ഞെട്ടിക്കും.” ഷെഫീൽഡ് സർവകലാശാലയിലെ സസ്‌റ്റൈനബിൾ കെയർ പ്രോഗ്രാമിന്റെ തലവൻ പ്രൊഫ. സ്യൂ യെൻഡൽ പറഞ്ഞു.

സ്വന്തം ലേഖകൻ

കൊറോണ എന്ന മഹാമാരി, കുടുംബങ്ങളിൽ വ്യക്തികളെ അകറ്റി നിർത്തുന്നു, വീടുകൾക്കുള്ളിൽ ഒതുക്കുന്നു, ഒരുപക്ഷേ എന്നെന്നേക്കുമായി ലോക ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ തങ്ങളുടെ ദുരിത സമയത്ത് കൈത്താങ്ങായ രാജ്യത്തിനും ജനതയ്ക്കും തങ്ങളാലാവുന്ന സേവനം ചെയ്യുകയാണ് ഈ അഭയാർത്ഥികൾ. കൊറോണ മൂലം ബുദ്ധിമുട്ടുന്ന അനേകർക്കാണ് നൂറുകണക്കിന് ഫേസ് മാസ്ക്കിന്റെയും ഭക്ഷണ പൊതികളുടെയും രൂപത്തിൽ അവർ സഹായം എത്തിച്ചത്.

മാജിദ ഖ് വറി, മനുഷ്യാവകാശ പ്രവർത്തകയും കാറ്ററിംഗ് കമ്പനി ഉടമയുമായ മാജിദ സിറിയയിൽനിന്ന് ഏറെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ശേഷം പലായനം ചെയ്ത വ്യക്തിയാണ്, 2013ൽ പ്രസിഡന്റ് ബഷർ അൽ അസദ്ന്റെ സമയത്ത് കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടന്ന അതിക്രമത്തിന് ഇരയായിരുന്നു അവർ. മൃഗങ്ങൾക്ക് പോലും ജീവിക്കാൻ അനുയോജ്യമല്ലാതിരുന്ന ഇടത്ത് നാലു മാസത്തോളം ഒരു മീറ്റർ നീളമുള്ള ഇടുങ്ങിയ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ദിവസത്തിൽ ഒറ്റ ഉരുളകിഴങ്ങും തക്കാളിയും മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയിരുന്ന അവർ, സഹതടവുകാർ മരിച്ചുമരവിച്ചു കിടക്കുന്നത് 24 മണിക്കൂറിൽ ഒരിക്കൽ മാത്രം ബാത്റൂമിലേക്ക് നടക്കുമ്പോൾ അവർ കാണാറുണ്ടായിരുന്നു. ഒടുവിൽ 47 കാരിയായ മാജിദ ഭർത്താവിനെയും രണ്ടു കുട്ടികളെയും സിറിയയിൽ വിട്ട് ഓടി പോരാൻ നിർബന്ധിതയായി. ഇപ്പോൾ വെസ്റ്റ് ലണ്ടനിൽ സിറിയൻ സൺഫ്ലവർ കാറ്ററിംഗ് ബിസിനസ് നടത്തുന്ന അവർ, ആഹാരം ലഭിക്കാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് നാനൂറോളം ഭക്ഷണപ്പൊതികൾ ആണ് സ്വയം ഉണ്ടാക്കി ബൈക്കിൽ യാത്ര ചെയ്തു എത്തിച്ചു കൊടുത്തത്. രോഗം ബാധിച്ചു രണ്ടുമാസം വിശ്രമത്തിലായിരുന്നു എങ്കിലും തിരികെ എത്തിയ ഉടൻ തന്നെ വോളണ്ടിയർ ആയി പ്രവർത്തനം തുടങ്ങി. ആപത്ഘട്ടങ്ങളിൽ തന്നെ സഹായിച്ചവരെ തിരിച്ച് സഹായിക്കേണ്ട കടമ തനിക്ക് ഉണ്ടെന്നാണ് ഇതിനെപ്പറ്റി ഇവർ പറയുക. നോമ്പുകാലത്ത് സിറിയയുടെ വർണാഭമായ ഭക്ഷണം ആവശ്യക്കാർക്ക് സൗജന്യമായി എത്തിച്ചു കൊടുത്തിരുന്നു.

മാസിൻ സൽമോവ്, വോർസെസ്റ്റർഷെയറിലെ ബ്രോംസ്ഗ്രോവിൽ താമസം തുടങ്ങിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ, എങ്കിലും ചുറ്റുമുള്ളവർക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം. സിറിയയിലെ ദമാസ്കസിൽ നിന്ന് എത്തിയ 40കാരൻ ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ ഉള്ള സന്നദ്ധ പ്രവർത്തകനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഇതുവരെ മുന്നൂറോളം കുടുംബങ്ങൾക്ക് സഹായം എത്തിച്ചു കൊടുത്തിട്ടുണ്ട്. ഫാർമസികളിൽ നിന്ന് ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് മാസ് വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുന്നത്. അതോടൊപ്പം ലോക്ക്ഡൗൺ കാലത്ത് മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന പ്രദേശവാസികൾക്ക് ലിസ്റ്റണിങ് സഹായം നൽകുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മരണപ്പെട്ടുപോയ അച്ഛനിൽ നിന്നാണ് സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സ് ലഭിച്ചത്. യു കെ യിലാണ് തനിക്ക് ജീവിക്കാൻ സുരക്ഷിതമായ സാഹചര്യം ലഭിച്ചതെന്നും തന്നെ സ്നേഹിച്ചവരെ താൻ തിരിച്ച് സേവിക്കാൻ ബാധ്യസ്ഥനാണെന്നും മാസ് പറയുന്നു. റെഫ്യൂജി ആക്ഷന്റെ സഹായത്തോടെ അദ്ദേഹം ലണ്ടനിൽനിന്ന് ജേർണലിസം കോഴ്സ് പൂർത്തിയാക്കുകയും, ദേശീയ മാധ്യമങ്ങളിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

ചിനെസെ, നാനാ നോക്കി എന്ന നൈജീരിയൻ കാറ്ററിംഗ് കമ്പനി ഉടമയാണ്. ലോക്ക്ഡൗൺ കാലത്ത് ഇരുന്നൂറോളം സൗജന്യ ഭക്ഷണപ്പൊതികൾ ആണ് ഇവർ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തത്. മുൻ ലോയറും മൂന്നു കുട്ടികളുടെ അമ്മയുമായ ചിനെസെ ലണ്ടനിലെ ചിലയിടങ്ങളിലെ കുട്ടികൾ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നു എന്ന് അറിഞ്ഞപ്പോഴാണ് മാതൃസഹജമായ സ്നേഹവും വാത്സല്യവും ചേർത്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ തുടങ്ങിയത്. കിഴക്കൻ നൈജീരിയയിൽ നിന്ന് 2008ൽ കുട്ടികൾക്കൊപ്പം ഓടി പോന്നതാണ് ചിനെസെ. ജോലിയും, വീടും, കാറും ബിസിനസും എല്ലാം ഉപേക്ഷിച്ചു വന്നചിനെസെക്ക് ജീവിതം എളുപ്പമുള്ളതായിരുന്നില്ല. നിറത്തിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിച്ചതും, സംശയ ദൃഷ്ടിയോടെ നോക്കപെട്ടതും അവർ മറക്കുന്നില്ലെങ്കിലും വേദനയിൽ കരുതലായ് നിന്ന് രാജ്യത്തിനും ജനതയ്ക്കും തന്റെ രാജ്യത്തെ വിശിഷ്ടഭോജ്യങ്ങൾ സ്നേഹത്തിൽ പൊതിഞ്ഞു വിതരണം ചെയ്യുന്നുണ്ട് ചിനെസെ.

23കാരിയായ മരിയ ഇഗ്വേബുക് ഫേസ് മാസ്കുകൾ നിർമിച്ചുനൽകിയാണ് മാതൃകയാവുന്നത്. ചുറ്റുമുള്ളവർ രോഗക്കിടക്കയിൽ ബുദ്ധിമുട്ടുമ്പോൾ വെറുതെ ഇരിക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല ഈ യുവ സംരംഭയ്ക്ക്. ഓൺലൈനായി മാസ്ക്കുകൾ വിൽക്കുകയും ആ തുകയിൽ നിന്ന് നല്ലൊരു പങ്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയുമാണ്, പന്ത്രണ്ടാം വയസ്സിൽ യുകെയിലെത്തിയ ഈ നൈജീരിയക്കാരി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടണിലെ സ്കൂളുകളിൽ ഉള്ള ഏകദേശം 1.3 മില്യൺ കുട്ടികൾക്ക് ഇനി സൗജന്യ ഭക്ഷണ വൗച്ചറുകൾ ലഭിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ താരം ഇരുപത്തിരണ്ടുകാരനായ മാർക്കസ് റാഷ്‌ഫോർഡിന്റെ പ്രചാരണങ്ങളെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം. ഈയൊരു നടപടിയെ സ്വാഗതം ചെയ്യുന്നതായി മാർക്കസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിന് മാർക്കസ് ചെയ്യുന്ന പ്രയത്നങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിനന്ദിച്ചു. ലോക്ക്ഡൗൺ സമയത്ത് അർഹരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഗവൺമെന്റ് സൗജന്യഭക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതു മുന്നോട്ടു നീട്ടി കൊണ്ടു പോകുവാൻ ആദ്യം ഗവൺമെന്റ് തീരുമാനിച്ചിരുന്നില്ല. ഇതേതുടർന്നാണ് മാർക്കസ് ഈ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രിക്കും എംപിമാർക്കും തുറന്ന കത്തെഴുതിയത്. ഇതിനുശേഷമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ പദ്ധതി നീട്ടിയതായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും, പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്നും മാർക്കസ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുവാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ട്. തുടർന്ന് തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് മാർക്കസ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സാധാരണക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. അതിനാൽ കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നത് അത്യന്താപേക്ഷിതമാണെന്ന് മാർക്കസ് അഭിപ്രായപ്പെട്ടു. സ്കോട്ട്‌ലൻഡിലും, വെയിൽസിലും ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് രോഗികളെ രക്ഷിക്കാൻ ഡെക്സമെതസോൺ എന്ന മരുന്ന്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഡെക്സമെതസോൺ എന്ന മരുന്നിനു കഴിയുമെന്ന് കണ്ടെത്തൽ. വിലകുറഞ്ഞതും വ്യാപകമായി ലഭിക്കുന്നതുമായ മരുന്നാണ് ഡെക്സമെതസോൺ. വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് സ്റ്റിറോയിഡ് ചികിത്സയെന്ന് വിദഗ്ധർ പറയുന്നു. ഈ മരുന്ന്, വെന്റിലേറ്റർ രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ തുടക്കം മുതൽ യുകെയിലെ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കിൽ 5,000 ജീവൻ വരെ രക്ഷപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വില കുറവായതിനാൽ എല്ലാവർക്കും ഉപയോഗിക്കുവാനും സാധിക്കും.

കൊറോണ വൈറസ് ബാധിച്ച 20 രോഗികളിൽ 19 പേരും ആശുപത്രിയിൽ പ്രവേശിക്കാതെ തന്നെ സുഖം പ്രാപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗവും സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഓക്സിജനോ മെക്കാനിക്കൽ വെന്റിലേഷനോ ആവശ്യമായി വന്നേക്കാം. അവർക്കാണ് ജീവൻ രക്ഷിക്കാൻ ഡെക്സമെതസോൺ നൽകുന്നത്. ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിന് ഈ മരുന്ന് നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. കോറോണയ്ക്കെതിരെ പോരാടുമ്പോൾ ഉണ്ടാവുന്ന ശരീരത്തിന്റെ അമിത പ്രതികരണത്തെ സൈറ്റോകൈൻ സ്റ്റോം എന്ന് വിളിക്കുന്നു. ഇത് മരണത്തിനുവരെ കാരണമായേക്കാം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിൽ രണ്ടായിരത്തോളം ആശുപത്രി രോഗികൾക്ക് ഡെക്സമെതസോൺ നൽകിയിരുന്നു. ഈ മരുന്നിന്റെ ഉപയോഗം വെന്റിലേറ്റർ രോഗികളുടെ മരണ സാധ്യത 40% ൽ നിന്ന് 28% ആക്കി കുറയ്ക്കുന്നു. ഒപ്പം ഓക്സിജൻ ആവശ്യമുള്ള രോഗികളിൽ മരണസാധ്യത 25% ൽ നിന്ന് 20% ആയി കുറഞ്ഞു. മരണനിരക്ക് കുറയ്ക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു മരുന്നാണ് ഡെക്സമെതസോൺ എന്ന് ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. പീറ്റർ ഹോർബി പറഞ്ഞു. കൊറോണ വൈറസിന്റെ നേരിയ ലക്ഷണങ്ങളുള്ള ആളുകൾക്ക് ഡെക്സമെതസോൺ നൽകുന്നില്ല.

ആഗോളതലത്തിൽ ലഭ്യമായ മരുന്നാണ് ഡെക്സമെതസോൺ. കോവിഡ് -19 ൽ നിന്നുള്ള മരണങ്ങൾ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ട ആദ്യത്തെ മരുന്ന് പുതിയതും ചെലവേറിയതുമായ ഒന്നല്ല. മറിച്ച് നേരത്തെ ഉണ്ടായിരുന്നതും വിലകുറഞ്ഞതുമാണ്. ലോകമെമ്പാടുമുള്ള രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന വിവരങ്ങളാണ് ഓക്സ്‌ഫോർഡ് പുറത്തുവിട്ടിരിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗാവസ്ഥകൾക്ക് ചികിത്സിക്കാൻ 1960 കളുടെ തുടക്കം മുതൽ ഡെക്സമെതസോൺ ഉപയോഗിക്കുന്നുണ്ട്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളിൽ പകുതിപേരും രക്ഷപെടുന്നില്ല. അതിനാൽ തന്നെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തും.

RECENT POSTS
Copyright © . All rights reserved