Main News

ഫാഷന്‍ ഡിസ്ട്രിബ്യൂഷന്‍ വെയര്‍ഹൗസുകളിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ജീവനക്കാരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ വിളിക്കുന്നത് പതിവാകുന്നതാണ് ആശങ്കയുയര്‍ത്തുന്നത്. റോച്ച്‌ഡെയിലിലെ ജെഡി സ്‌പോര്‍ട്‌സിന്റെ വെയര്‍ഹൗസില്‍ കഴിഞ്ഞ വര്‍ഷം 40 തവണയാണ് ആംബുലന്‍സുകള്‍ എത്തിയത്. ആസോസ് യൂണിറ്റില്‍ നിന്ന് 45 പേരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ബാണ്‍സ്ലിയില്‍ പ്രവര്‍ത്തിക്കുന്ന ആസോസ് യൂണിറ്റില്‍ നിന്ന് ആഴ്ചയില്‍ ഒരാള്‍ വീതം എന്ന നിലയിലാണ് ജീവനക്കാര്‍ ആശുപത്രികളിലേക്ക് മാറ്റപ്പെട്ടത്. ബ്രിട്ടനിലെ ലേബര്‍ മാര്‍ക്കറ്റിന്റെ ദുര്‍ബല വശമാണ് ഈ സംഭവങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.

പുതിയൊരു എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മില്‍ട്ടന്‍ കെയിന്‍സ്, ഡിഡ്‌കോട്ട്, റീഡിംഗ് എന്നിവിടങ്ങളിലെ ടെസ്‌കോയിലേക്ക് 40 ആംബുലന്‍സുകള്‍ വിളിച്ചിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. വാറിംഗ്ടണിലെ ആമസോണിലേക്ക് 21 ആംബുലന്‍സുകളും ഡോണ്‍കാസ്റ്ററിലേക്ക് ആറ് ആംബുലന്‍സുകളും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആനുപാതികമായി കുറവാണെന്നും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരിലല്ല ആംബുലന്‍സുകള്‍ വിളിച്ചിട്ടുള്ളതെന്നുമാണ് ജെഡി സ്‌പോര്‍ട്‌സ് വിശദീകരിക്കുന്നത്.

മുന്‍കരുതലുകളുടെ ഭാഗമായാണ് ആംബുലന്‍സ് വിളിച്ചതെന്ന് ആസോസ്, എക്‌സ്പിഒ ലോജിസ്റ്റിക്‌സ് എന്നിവര്‍ അറിയിച്ചു. ലാഭത്തിനായുള്ള തൊഴിലുടമകളുടെ മത്സരം ജീവനക്കാരെ രോഗികളാക്കുകയാണെന്ന വിമര്‍ശനമാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉയരുന്നത്. ആംബുലന്‍സുകള്‍ എന്തു കാര്യത്തിനായാണ് വിളിച്ചതെന്ന കാര്യത്തില്‍ കണക്കുകള്‍ വ്യക്തത വരുത്തുന്നില്ല. എന്നാല്‍ ഇത്തരം ജോലിസ്ഥലങ്ങളില്‍ ടോയ്‌ലെറ്റ് ബ്രേക്കിന് സമയം നിശ്ചയിക്കുകയും അനാവശ്യ സെക്യൂരിറ്റി പരിശോധനകള്‍ നടത്തുകയും ചെയ്യുന്നതായി ആരോപണം ഉയരുന്നുണ്ട്. താങ്ങാനാവാത്ത വിധത്തിലുള്ള ടാര്‍ജെറ്റുകളാണ് അടിച്ചേല്‍പ്പിക്കുന്നത്. നിര്‍ബന്ധിത ഓവര്‍ടൈം ചെയ്യുന്ന ജീവനക്കാര്‍ നിന്ന് ഉറങ്ങുന്നതു പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

ഒരു കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്യപ്പെട്ടയാളെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയിരിക്കാനുള്ള അവകാശവുമുണ്ട്.(Right of Silence). കുറ്റവാളി തന്നില്‍ ആരോപിതമായിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുകയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും ഇത്തരത്തില്‍ നല്‍കുന്ന ഉത്തരങ്ങള്‍ ചിലപ്പോള്‍ അന്വേഷണത്തിനായി ഉപയോഗിക്കുമെന്നും ഉത്തരം പറയാതിരുന്നാലുണ്ടാകുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം എന്തെന്ന് അനുമാനിക്കാന്‍ കോടതിയില്‍ പറയാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ കുറ്റാരോപിതന്‍ നല്‍കുന്ന ഉത്തരമോ, കുറ്റസമ്മതമോ കോടതിയില്‍ സ്വീകരിക്കാനാകില്ല. അതായത് പോലീസ് മേല്‍പറഞ്ഞ Caution നല്‍കാതെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്‍ പറയുന്ന യാതൊന്നും തെളിവായി കോടതിയില്‍ സ്വീകരിക്കാനാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക് മൂന്ന് ഓപ്ഷനാണുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുക, ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരിക്കുക (ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതിരിക്കുക), തയ്യാറാക്കിയ ഒരു സ്റ്റേറ്റ്‌മെന്റ് കൊടുക്കുക, . മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും മറ്റു ചിലതിന് മറുപടി പറയാതിരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഉത്തരം പറയാതെ വരുന്ന ചോദ്യങ്ങളുടെ പ്രാധാന്യവും ആരോപിച്ചിരിക്കുന്ന കുറ്റവുമായി ബന്ധപ്പെടുത്തിയുള്ള ബന്ധവും കോടതിയില്‍ വളരെ വ്യക്തമായി പ്രോസിക്യൂഷന്‍ ലോയര്‍ കോടതിയില്‍ എടുത്തു പറയുകയും തന്‍മൂലം പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട്. അക്കാരണത്താല്‍ ചോദ്യം ചെയപ്പെടലിന്റെ ആദ്യം തന്നെ വക്കീലുമായി ധാരണയിലെത്തുകയും മേല്‍പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ഉചിതം.

കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരിക്കാന്‍ അവകാശമുണ്ടോ എന്നത് വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. Section 34 to 38 Criminal justice and public order act 1994 (CJPOA 1994) എന്ന നിയമ നിര്‍മാണത്തോടെ കുറ്റാരോപിതന്റെ അവകാശങ്ങള്‍ വളരെയധികം ചുരുക്കപ്പെട്ടു എന്നതാണ് വസ്തുത. കാരണം പോലീസ് ചോദ്യം ചെയ്യുമ്പോള്‍ കുറ്റാരോപിതന്‍ നിശബ്ദനായിരുന്നാല്‍ വിചാരണ വേളയില്‍ ജൂറിക്ക് ഇയാള്‍ ഉത്തരം പറയാതിരിക്കുന്നത് കണക്കിലെടുത്ത്  പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട് ആയതിനാൽ   ജൂറിയെ ഏതു തരത്തില്‍ ഇത് സ്വാധീനിച്ചു എന്നത് തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതാണ്. എന്നിരുന്നാലും ഇത്തരത്തില്‍ കുറ്റാരോപിതന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരുന്നതു കൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി വിധിക്കാന്‍ സാധിക്കുകയില്ല. അത്തരത്തില്‍ വിധിക്കപ്പെടുന്നത് സ്റ്റാറ്റിയൂട്ട് മുഖാന്തരം തന്നെ നിയന്ത്രിച്ചിരിക്കുന്നു. മാത്രമല്ല, കുറ്റാരോപിതന്‍ തന്നെ ചോദ്യം ചെയ്യലില്‍ നിശബ്ദനായിരുന്നാല്‍ത്തന്നെയും കുറ്റം തെളിയിക്കപ്പെടേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പ്രോസിക്യൂഷന്റെ മാത്രമാണ്.

ചില സാഹചര്യങ്ങളില്‍ ജൂറി ഇത്തരത്തില്‍ Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു. ഉദാ. പോലീസ് കുറ്റാരോപിതനായ വ്യക്തിയെ കുറ്റം ചാര്‍ത്തി (Charge) വിചാരണയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചാല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ചോദ്യം ചെയ്യല്‍ അവിടെ അവസാനിക്കുകയും തന്‍മൂലം പിന്നീട് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നാല്‍ അക്കാരണത്താല്‍ പ്രതികൂല അനുമാനം (Adverse Inference) എടുക്കാന്‍ സാധിക്കില്ല. ആരോപിതമായ കുറ്റകൃത്യം വളരെ സങ്കീര്‍ണ്ണമായതും (Complex) വളരെ മുമ്പ് നടന്നതെന്ന് കരുതപ്പെടുന്നതാണെങ്കിലും ചോദ്യങ്ങള്‍ക്ക് പെട്ടെന്നു തന്നെ മറുപടി പറയുക അസാധ്യമാണെങ്കില്‍ ചോദ്യം ചെയ്യപ്പെട്ട കാര്യങ്ങള്‍ കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെട്ട സമയത്ത് അറിവുള്ളതുമല്ല എങ്കിൽ  Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു.

കുറ്റാരോപിതന് വക്കീലിനെയോ ദ്വിഭാഷാ സഹായിയെയോ കൊടുക്കുക എന്നത് കുറ്റാരോപിതന്റെ നിയമപരമായ അവകാശമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വക്കീലിന്റെ ഫീസും ദ്വിഭാഷിയുടെ ഫീസും കൊടുക്കേണ്ടത് സര്‍ക്കാരാണ്. അതായത് മേല്‍പറഞ്ഞ സഹായം ലഭിക്കുന്നതിന് യാതൊരു ഫീസും കുറ്റാരോപിതന്‍ നല്‍കേണ്ട. മേല്‍പറഞ്ഞ രീതിയിലുള്ള തന്റെ അവകാശം പോലീസ് താമസിപ്പിക്കുകയും ചോദ്യം ചെയ്യല്‍ തുടങ്ങുകയും ചെയ്താല്‍ Adverse Inference ഉണ്ടാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്തത് ഒരു കുറ്റത്തിന്, എന്നാല്‍ ചാര്‍ജ് ചെയ്ത് വിചാരണ നടത്തിയത് മറ്റൊരു വകുപ്പുമാണെങ്കില്‍ Adverse Inference ബാധകമല്ല. ചില സാഹചര്യങ്ങളില്‍ കുറ്റാരോപിതന്‍ തന്റെ പ്രത്യേക അവകാശമായ വക്കീലിന്റെ ഉപദേശമോ, താന്‍ വക്കീലിനോട് പറഞ്ഞ വസ്തുതകള്‍ വെളിപ്പെടുത്താന്‍ വിചാരണ വേളയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരാള്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ് താന്‍ ചോദ്യംചെയ്യലില്‍ നിശബ്ദനായിരുന്നത് എന്നത് കോടതിയെ ബോധിപ്പിക്കുന്നതിനാണ്. 2010ലെ പ്രധാനപ്പെട്ട ഒരു വിധിയില്‍ കോടതി വ്യക്തമാക്കിയത് ഒരു കുറ്റാരോപിതനും തന്റെ വക്കീലുമായുള്ള സംഭാഷണം Legal Professional Privilegeന്റെ പരിധിയില്‍ വരുന്നതാണെന്നും ഇത് പുറത്ത് പറയുന്നത് പൊതു താല്‍പര്യം മുന്‍നിര്‍ത്തി നോക്കിക്കാണാന്‍ പറ്റില്ലെന്നും ഈ അവകാശം പരമപ്രധാനമാണെന്നും മാത്രമല്ല, ഇത്തരത്തില്‍ തന്റെ അവകാശം റദ്ദാക്കി തന്റെ വക്കീലുമായുള്ള സംഭാഷണം പുറത്തു പറയാനുള്ള അവകാശം കുറ്റാരോപിതന്റെ മാത്രം തീരുമാനമാണെന്നും ഇത്തരത്തില്‍ പുറത്തു പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട നിയമപരമായ ബാധ്യത കുറ്റാരോപിതനില്ല എന്ന് ജഡ്ജി ഇയാളെ ധരിപ്പിക്കണം എന്നും മേല്‍പറഞ്ഞ വിധിയില്‍ നിര്‍ദേശിച്ചു.

ഒരാള്‍ കുറ്റാരോപിതനായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ വക്കീലിന്റെ അഭാവം വളരെ പ്രതികൂലമായി കോടതിയില്‍ വിചാരണ വേളയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ബ്രിട്ടന്റെ പൗരാവകാശ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയാണ് കുറ്റാരോപിതന് സൗജന്യമായ നിയമസഹായവും ആവശ്യമെങ്കില്‍ ദ്വിഭാഷിയുടെ സഹായവും  പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ലഭിക്കുന്നത്

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

ലണ്ടന്‍: ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ജി.പി എന്‍.എച്ച്.എസ് നിര്‍ദേശം അവഗണിച്ചതാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ തടയാന്‍ കഴിയാത്തതിന് പിന്നിലെന്ന് സൂചന. 20കാരിയായ നടാഷ അബ്രഹാര്‍ട്ട് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് ആത്മഹത്യ ചെയ്യുന്നത്. മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്ന നടാഷ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചില പ്രശ്‌നങ്ങള്‍ കാരണം താന്‍ പുറത്താക്കപ്പെടുമോയെന്ന് നടാഷ ഭയപ്പെട്ടിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് നടാഷയുടെ മാതാപിതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ആരംഭിച്ചതിന് ശേഷം നടാഷ യൂണിവേഴ്‌സിറ്റി ജി.പി ഡോ. എമ്മ വെബിനെ കാണാനെത്തിയിരുന്നു.

അടിയന്തരമായി ബുക്ക് ചെയ്ത് കണ്‍സള്‍ട്ടേഷനെത്തിയ നടാഷയെ രണ്ട് തവണ താന്‍ പരിശോധിച്ചിരുന്നുവെന്നും ഡോ. വെബ് പറയുന്നു. മരിക്കുന്നതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് നടാഷ് ഡോ. വെബിനെ കാണാനെത്തിയിരുന്നു. ഇക്കാര്യം ഡോ. വെബ് കോടതിയല്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30നും സമാന പ്രശ്‌നങ്ങളുമായി ഡോ. വെബിനെ കാണാന്‍ വിദ്യാര്‍ത്ഥിനി എത്തിയിരുന്നു. മാര്‍ച്ച് 30ന് പരിശോധനയ്ക്ക് എത്തിയ സമയത്ത് ഡിപ്രഷന്‍ കുറയ്ക്കാനുള്ള മരുന്നാണ് ഡോ. വെബ് നടാഷയ്ക്ക് നല്‍കിയിരുന്നത്. രണ്ടാഴ്ച്ചക്ക് ശേഷം തിരികെ വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും നിര്‍ദേശം നല്‍കി. എന്നാല്‍ നടാഷയെപ്പോലുള്ള ഗൗരവമേറിയ കേസുകള്‍ ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കണമെന്നാണ് എന്‍.എച്ച്.എസ് നിയമം. ഇത് ഡോ. വെബ് പാലിച്ചില്ല. ഒരുപക്ഷേ കേസിന്റെ ഗൗരവം മനസിലാക്കാന്‍ ഒരാഴ്ച്ചയ്ക്ക് ശേഷം സാധിക്കുമായിരുന്നു.

അതേസമയം താന്‍ സാധാരണയായി രണ്ടാഴ്ച്ചയാണ് ഡിപ്രഷന്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാറുള്ളതെന്ന് ഡോ. വെബ് കോടതിയില്‍ അറിയിച്ചു. നടാഷയുമായി കാര്യങ്ങള്‍ സംവദിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും ഡോ. വെബ് കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 12 ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. ഇതില്‍ 8 പേരുടെ മരണം ആത്മഹത്യയാണ്. നടാഷയുടേത് ഉള്‍പ്പെടെ 2 മരണങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നടക്കുകയാണ്. ആത്മഹത്യാ പ്രവണതയുള്ള രോഗികളെ കൃത്യമായി ജി.പിക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും കോടതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: 13 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. മെയ് 13ന് ജനീവയിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടി. സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.

ഒമ്പതാം തീയതി നെതർലൻഡ്സിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്‍റെ പ്രതിനിധികളുമായും വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രകൃതി ക്ഷോഭത്തെ നേരിടുന്നതിന് നെതർലൻഡ്സ് സർക്കാർ നടപ്പിലാക്കിയ ‘റൂം ഫോർ റിവർ’ പദ്ധതി പ്രദേശവും മറ്റ് പദ്ധതികളും അദ്ദേഹം സന്ദർശിക്കും. നെതര്‍ലൻഡ്സിലെ മലയാളി കൂട്ടായ്മയുമായി അദ്ദേഹം സംവദിക്കും.

പിന്നീട് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മെയ് 14ന് സ്വിറ്റ്‌സര്‍ലൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും പിണറായികൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഇംഗ്ലണ്ടിലെത്തുന്ന മുഖ്യമന്ത്രി മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കും. ധനകാര്യമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം.എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും അനുഗമിക്കും. മെയ് 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. ഇതുവരെയുള്ള മുഖ്യന്ത്രിയുടെ വിദേശപര്യടനങ്ങളിൽ ചുമതല മറ്റ് മന്ത്രിമാർക്ക് നൽകിയിരുന്നില്ല. ഇക്കുറിയും അത് ഉണ്ടാകില്ല എന്നാണ് കരുതുന്നത്.

യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ യുകെ പങ്കാളികളാകുമെന്ന് പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണ്‍. മെയ് 23നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇതിനുള്ളില്‍ ബ്രെക്‌സിറ്റ് ഡീല്‍ അന്തിമമാക്കാമെന്ന ഗവണ്‍മെന്റ് പ്രതീക്ഷനിലനില്‍ക്കെയാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. എംപിമാര്‍ ഡീല്‍ അംഗീകരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ യുകെയ്ക്ക് പങ്കെടുക്കേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞത്. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ ഡീലിന് അംഗീകാരം ലഭിക്കുകയെന്നത് സാധ്യതയില്ലാത്ത കാര്യമാണെന്നും അതിനാല്‍ നിയമപരമായി യുകെയ്ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടി വരുമെന്നും ലിഡിംഗ്ടണ്‍ പറഞ്ഞു. കാലതാമസം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ് എന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 29നായിരുന്നു ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറേണ്ടിയിരുന്നത്. എന്നാല്‍ അന്തിമ ഡീല്‍ പാര്‍ലമെന്റ് അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടുകയായിരുന്നു. ഒക്ടോബര്‍ 31 ആണ് പുതിയ ബ്രെക്‌സിറ്റ് തിയതി. ഈ തിയതിക്കു മുമ്പും ബ്രിട്ടന് ബ്ലോക്കില്‍ നിന്ന് പുറത്തു പോകാം. എന്നാല്‍ മേയ് 23നു മുമ്പ് പുറത്തു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കേണ്ടതായി വരികയും ബ്രസല്‍സിലേക്ക് എംഇപിമാരെ അയക്കേണ്ടതായി വരികയും ചെയ്യും. നേരത്തേ നിശ്ചയിച്ച തിയതിയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രിക്ക് ഖേദമുണ്ടെന്നും യൂറോപ്യന്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ പലയാളുകളും നിരാശരാണെന്നും ലിഡിംഗ്ടണ്‍ വ്യക്തമാക്കി.

ജൂലൈയിലാണ് തെരഞ്ഞെടുപ്പിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് ആദ്യമായി ചേരുന്നത്. ഈ സെഷനു മുമ്പായി ബ്രെക്‌സിറ്റ് പ്ലാന്‍ പാര്‍ലമെന്റ് അംഗീകരിക്കുമെന്നു തന്നെയാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് ഉടമ്പടിയിലെ തടസങ്ങള്‍ നീക്കുന്നതിനായി ലേബറുമായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുകയാണ്. സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റിന് അടുത്ത പടിയായി എന്തു ചെയ്യാന്‍ കഴിയുമെന്നതില്‍ സൂചനാ വോട്ട് നടത്താമെന്ന് ലേബര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഒരു രാജകുമാരന്‍ കൂടി പിറന്നു. ഹാരി-മേഗന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതായി ഹാരി രാജകുമാരന്‍ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഹാരി അറിയിച്ചു. രാജകുമാരന് എന്തു പേരിടണമെന്ന കാര്യം ഇപ്പോഴും ആലോചിക്കുകയാണ്. ബ്രിട്ടീഷ് സമയം 05.26നായിരുന്നു ജനനമെന്നും ഹാരി വ്യക്തമാക്കി. കുഞ്ഞിന് 3.2 കിലോഗ്രാം ഭാരമുണ്ടെന്നും ഹാരി രാജകുമാരന്‍ ജനന സമയത്ത് ഒപ്പമുണ്ടായിരുന്നുവെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കിരീടാവകാശത്തില്‍ ഏഴാം സ്ഥാനത്താണ് ഹാരിയുടെ മകന്‍. വെയില്‍സ് രാജകുമാരന്‍, കേംബ്രിഡ്ജ് പ്രഭു, മക്കളായ ജോര്‍ജ് രാജകുമാരന്‍, ഷാര്‍ലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്‍, ഹാരി എന്നിവര്‍ക്കു ശേഷമാണ് ഹാരിയുടെ മകന്റെ സ്ഥാനം. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയാണ് ഹാരിയുടെ മകന്‍.

തന്റെ ആദ്യത്തെ കുട്ടിയുടെ ജനനമായതിനാല്‍ ഒപ്പമുണ്ടായിരുന്നുവെന്നും അതിശയകരമായിരുന്നു ഇതെന്നും തന്റെ ഭാര്യയില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും ഹാരി പറഞ്ഞു. എല്ലാ മാതാപിതാക്കളും പറയുന്നതുപോലെ നമ്മുടെ കുട്ടികള്‍ വിസ്മയിപ്പിക്കുന്നവരാണ്. താനിപ്പോള്‍ ആകാശത്തു നില്‍ക്കുന്നതുപോലെയാണ് തോന്നുന്നതെന്നും ഹാരി പറഞ്ഞു. രാജകുമാരന്റെ ജനനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഫലകം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മുന്നില്‍ സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി 10 മണി വരെ ഇത് ഇവിടെയുണ്ടാകും. എലിസബത്ത് രാജ്ഞി, ഫിലിപ്പ് രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍ തുടങ്ങി രാജകുടുംബത്തിലുള്ള എല്ലാവരും രാജകുമാരന്റെ ജനനത്തില്‍ സന്തോഷം അറിയിച്ചു.

മേഗന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡ് അവരുടെ പേരക്കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് മകള്‍ക്കൊപ്പം എത്തിയിട്ടുണ്ട്. ഫ്രോഗ്മോര്‍ കോട്ടേജിലാണ് ഇവര്‍ താമസിക്കുന്നത്. കേംബ്രിഡ്ജ് പ്രഭുവും ഭാര്യയും ജനനത്തില്‍ സന്തോഷം അറിയിച്ചതായി കെന്‍സിംഗ്ടണ്‍ പാലസ് ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയ ഉപയോഗം ഒട്ടേറെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ സന്തുഷ്ടി ഇല്ലാതാക്കുന്നില്ലെന്നാണ്. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗം വളരെ ചെറിയ തോതില്‍ മാത്രമേ പ്രതികൂലമായി ബാധിക്കുന്നുള്ളുവെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നതില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സോഷ്യല്‍ മീഡിയ പ്രതികൂലമായി ബാധിക്കുന്നില്ല. എന്നാല്‍ അസംതൃപ്തി മൂലം സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും പഠനം പറയുന്നു.

വളരെ ചുരുങ്ങിയ തോതിലാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗം വരുത്തുന്ന പ്രതികൂല ഫലങ്ങള്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെയാണ് ഏറെയും ബാധിക്കുന്നതെന്നും പഠനം കണ്ടെത്തി. 99.75 ശതമാനം ചെറുപ്പക്കാരിലും ലൈഫ് സാറ്റിസ്ഫാക്ഷന്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ആന്‍ഡി പ്രൈബില്‍സ്‌കി പറയുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത പലതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുമെന്നത് ശരിയാണെന്നും എന്നാല്‍ ചെറുപ്പക്കാര്‍ ദുര്‍ബലരാകുന്നത് മറ്റു ചില പശ്ചാത്തലങ്ങള്‍ മൂലമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ലെന്നാണ് ഗവേഷക സംഘം പറയുന്നത്. പകരം അവരുടെ സോഷ്യല്‍ മീഡിയ അനുഭവം എന്തായിരുന്നു എന്നത് അവരുമായി സംസാരിക്കുകയാണ് വേണ്ടത്. ആശയവിനിമയം ശക്തമാകുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.

ആത്മരതിയില്‍ മുഴുകുന്നയാളുകള്‍ ഏറെ നമുക്കു ചുറ്റുമുണ്ട്. പൊതുവിടങ്ങളില്‍ സ്വയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ കാട്ടുന്ന താല്പര്യം കൂടെ നില്‍ക്കുന്നവരെ നാണിപ്പിക്കുന്ന വിധത്തിലായിരിക്കുകയും ചെയ്യും. അത്തരമൊരാളാണ് ഡൊമിനിക് മാര്‍ക്കസ് ഷെല്ലാര്‍ഡ്. ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ അടുത്തിടെ സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലറാണ് ഇദ്ദേഹം. ഒരു ഫോട്ടോയില്‍ നിന്നോ യൂട്യൂബ് അപ്പിയറന്‍സില്‍ നിന്നോ ഒഴിയാന്‍ ഇദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. ഒരു സെല്‍ഫിയോ സ്വയം അഭിനന്ദിക്കുന്ന ട്വീറ്റോ അദ്ദേഹത്തില്‍ നിന്ന് മിക്കവാറും ഉണ്ടാകുകയും ചെയ്യും. ക്യാമ്പസില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായി ഇദ്ദേഹം കറങ്ങുന്നത് കണ്ടതായുള്ള റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

എന്നാല്‍ ഇതൊന്നുമല്ല ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക കണക്കുകള്‍ അദ്ദേഹത്തെ ഒന്നു കൂടി വെളിവാക്കും. യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ അനാവശ്യമായി ഇദ്ദേഹം ചെലവഴിച്ചിട്ടുണ്ടോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. 53 കാരനായ ഇദ്ദേഹമായിരുന്നു ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലര്‍. ഈ വര്‍ഷം ആദ്യം ഷെല്ലാര്‍ഡ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചു. വിദേശ യാത്രകള്‍ ഉള്‍പ്പെടെ ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ നിന്നുള്‍പ്പെടെയാണ് യൂണിവേഴ്‌സിറ്റികള്‍ ഫണ്ട് സ്വരൂപിക്കുന്നത്.  350,000 പൗണ്ട് ശമ്പളവും സൗജന്യ താമസവുംന്‍തുക യാത്രാച്ചെലവിനത്തില്‍ 57,000 പൗണ്ടുമൊക്കെയാണ് ഇയാള്‍ക്കു വേണ്ടി യൂണിവേഴ്‌സിറ്റി നല്‍കിയത്.

ഷെല്ലാര്‍ഡ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും തന്റെ കീഴ് ജീവനക്കാരെ നിയമിക്കുന്നതില്‍ പക്ഷപാതിത്വം കാട്ടിയെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഹയര്‍ എജ്യുക്കേഷനിലെ പുതിയ റെഗുലേറ്ററായ ദി ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍ തുക ശമ്പളമായി വാങ്ങിയിട്ടുണ്ടോ എന്നുള്ള വിവരമുള്‍പ്പെടെ അന്വേഷണ വിധേയമാകുമെന്നാണ് കരുതുന്നത്.

ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധകള്‍ ചെറുക്കാന്‍ പുതിയ വാക്വം ഡ്രസിംഗ് സംവിധാനം അവതരിപ്പിച്ച് എന്‍എച്ച്എസ്. ശസ്ത്രക്രിയകള്‍ക്കു ശേഷമുണ്ടാകുന്ന അണുബാധകള്‍ ചെറുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് ജീവന്‍ രക്ഷാ മാര്‍ഗ്ഗമാകുമെന്നാണ് വിവരം. ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള ഡ്രസിംഗില്‍ ബാക്ടീരിയ അണുബാധയുണ്ടാകാതിരിക്കാനായി സ്രവങ്ങള്‍ വലിച്ചെടുക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. എട്ടില്‍ ഒന്ന് രോഗികള്‍ക്ക് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഗുരുതരമായ അണുബാധയുണ്ടാകാറുണ്ട്. ശസ്ത്രക്രിയാ മുറിവുകളിലുടെ പ്രവേശിക്കുന്ന ബാക്ടീരിയകളാണ് ഇതിന് പ്രധാന കാരണക്കാര്‍.

അമിത വണ്ണക്കാരായ രോഗികളില്‍ അണുബാധ 40 ശതമാനത്തോളം അധികമാണ്. പൈകോ മെഷീന്‍ എന്ന് അറിയപ്പെടുന്ന പുതിയ ഉപകരണം മുറിവുകള്‍ നന്നായി സീല്‍ ചെയ്യുകയാണ് ചെയ്യുന്നത്. മുറിവുകള്‍ അബദ്ധത്തില്‍ വീണ്ടും തുറക്കുന്നത് ഒഴിവാക്കാനും ഈ ഉപകരണം സഹായിക്കും. ഈ ഉപകരണത്തിലൂടെ ഡ്രസ് ചെയ്യുമ്പോള്‍ ബാറ്ററി പാക്ക് പ്രവര്‍ത്തിക്കുകയും മുറിവിനു സമീപത്ത് സക്ഷന്‍ നടത്തി സീല്‍ ചെയ്യപ്പെടുകയും ചെയ്യും. മുറിവിലെ പഴുപ്പും സ്രവങ്ങളും വലിച്ചെടുക്കുകയും മുറിവുള്ള പ്രദേശത്തേക്ക് രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ മുറിവുണങ്ങാനുള്ള സ്വാഭാവിക ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.

യുകെയില്‍ തന്നെ നിര്‍മിച്ച ഈ ഉപകരണത്തിന്റെ പരീക്ഷണം നൂറിലേറെ ആശുപത്രികളില്‍ നടത്തിക്കഴിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധകള്‍ 70 ശതമാനത്തോളം കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രീയ കക്ഷിയായി ബ്രെക്‌സിറ്റ് പാര്‍ട്ടി മാറുമെന്ന് പാര്‍ട്ടി സ്ഥാപകനും മുതിര്‍ന്ന നേതാവുമായ നിഗല്‍ ഫരാഷ്. പാര്‍ട്ടി രൂപംകൊണ്ട് മാസങ്ങള്‍ക്കുള്ളില്‍ 85,000 അംഗങ്ങളാണ് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നയിക്കുന്നതിനുമായി 2 മില്യണ്‍ പൗണ്ടിലധികം സംഭാവനയും എത്തിക്കഴിഞ്ഞുവെന്ന് നിഗല്‍ ഫാര്‍ഷ് വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള രണ്ട് പാര്‍ട്ടി സംവിധാനത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ പ്രതീക്ഷ. നേരത്തെ ബ്രെക്‌സിറ്റ് പാര്‍ട്ടിയെ ഗൗരവത്തോടെ കാണണമെന്ന് ലേബര്‍ പാര്‍ട്ടി പാളയത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

പാര്‍ട്ടി രൂപംകൊണ്ട് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് മില്യണ്‍ പൗണ്ട് സംഭവാനയായി എത്തിയത് ചെറിയ കാര്യമായിട്ടല്ല ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാക്കള്‍ കാണുന്നത്. തങ്ങള്‍ക്കുള്ള ജനപിന്തുണയുടെ പ്രതിഫലനമാണ് തെന്ന് ഫരാഷ് തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്നു. നിലവില്‍ ബ്രിട്ടനില്‍ രണ്ട് പ്രബലരായ പാര്‍ട്ടികളാണ് ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. ഇരുവര്‍ക്കും ബദലായി ഒരു പാര്‍ട്ടി വളര്‍ത്തിയെടുക്കാനാണ് ഫരാഷിന്റെ നീക്കം. എന്നാല്‍ ഇക്കാര്യം അത്ര എളുപ്പമായിരിക്കില്ല. യൂറോപ്യന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്പിലെ എല്ലാ ചെറുകിട ഇടതുപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ലേബര്‍. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തെരഞ്ഞെടുപ്പോടു കൂടി പരിഹാരം കാണാനാണ് കണ്‍സര്‍വേറ്റീവിന്റെ ശ്രമം. ഇതിനായുള്ള രാഷ്ട്രീയ നിക്കങ്ങള്‍ മേയുടെ നേതൃത്വത്തിലും നടക്കുന്നുണ്ട്.

രണ്ടാം ഹിത പരിശോധനയില്‍ കണ്ണുംനട്ടിരിക്കുന്ന ലേബര്‍ പാര്‍ട്ടിക്കെതിരെയും കണ്‍സര്‍വേറ്റീവിനെതിരെയും ഒരു ബദലായി തങ്ങള്‍ വളരുമെന്ന് നേരത്തെ ഫരാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേ തന്റെ പദ്ധതികളുമായി മുന്നോട്ട് പോവുന്നത് രാഷ്ട്ര താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി നിലപാടിനെക്കുറിച്ച് ജെറമി കോര്‍ബനുമായി പരസ്യമായ സംവാദത്തിന് താന്‍ തയ്യാറാണെന്നും ഫരാഷ് വെല്ലുവിളിച്ചു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പോടെ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് മനസിലാക്കാമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

RECENT POSTS
Copyright © . All rights reserved