Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. എന്നാൽ ഇതിനിടയിൽ ‘ലോങ്ങ്‌ കോവിഡ്’ എന്ന അവസ്ഥ പലരിലും കണ്ടുവരുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ലണ്ടനിലെ കിങ്‌സ് കോളേജിൽ നടന്ന ഗവേഷണത്തിലാണ് സ്ത്രീകൾക്കും അമിതഭാരം ഉള്ളവർക്കും ആസ്ത്മ രോഗികൾക്കും ലോങ്ങ്‌ കോവിഡ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. 20 പേരിൽ ഒരാൾ കുറഞ്ഞത് എട്ട് ആഴ്ച കോവിഡ് ബാധിതനായിരിക്കുമെന്ന് പഠനം പറയുന്നു. വാർദ്ധക്യവും അനേക രോഗലക്ഷണങ്ങളും ഉള്ളവർക്ക് ലോങ്ങ്‌ കോവിഡ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ഇത്തരം രോഗികളെ നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ ഉറപ്പാക്കാനാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് സിംപ്റ്റം സ്റ്റഡി അപ്ലിക്കേഷനിലേക്ക് ആളുകൾ അവരുടെ ലക്ഷണങ്ങളും പരിശോധന ഫലങ്ങളും നൽകിയതിന്റെ വിശകലനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. ദൈർഘ്യമേറിയ കോവിഡ് ആരെയും ബാധിക്കുമെങ്കിലും ചിലരിൽ അപകടസാധ്യത ഉയർന്നിരിക്കുന്നു.

അഞ്ചിൽ കൂടുതൽ രോഗലക്ഷണങ്ങൾ കണ്ടുവരുന്നവർക്ക് ലോങ്ങ്‌ കോവിഡ് പിടിപ്പെട്ടേക്കാമെന്ന് കിംഗ്സ് കോളേജിലെ ഡോ. ക്ലാരി സ്റ്റീവ്സ് പറഞ്ഞു. കൊറോണ വൈറസ് ശരീരത്തിലുടനീളം അവയവങ്ങളെ ബാധിക്കും. ചുമ, ക്ഷീണം, തലവേദന, വയറിളക്കം എന്നിവയുണ്ടായിരുന്നവർക്കും രുചി, മണം എന്നിവ നഷ്ടപ്പെട്ടവർക്കും രോഗസാധ്യത കൂടുതലാണ്. പ്രായം കൂടുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു – പ്രത്യേകിച്ച് 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക്. ലോംഗ്-കോവിഡിന്റെ കൃത്യമായ ലക്ഷണങ്ങൾ പലരിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ക്ഷീണം സാധാരണമാണ്.

പഠനത്തിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ ;

• ഏഴ് പേരിൽ ഒരാൾ കുറഞ്ഞത് നാല് ആഴ്ചയെങ്കിലും രോഗബാധിതനാണ്.
• 20 പേരിൽ ഒരാൾ കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും രോഗബാധിതനാണ്.
• 45 പേരിൽ ഒരാൾ കുറഞ്ഞത് 12 ആഴ്ചയെങ്കിലും രോഗബാധിതനാണ്.

വേഗത്തിൽ സുഖം പ്രാപിക്കുന്ന നാലിലൊന്ന് ആളുകൾക്ക് ലോങ്ങ്‌ കോവിഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ” ഈ വിവരങ്ങൾ പ്രാധാന്യമുള്ളതായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. കാരണം ഇപ്പോൾ ഞങ്ങൾക്ക് ആ ആളുകളെ തിരിച്ചറിയാനും അവർക്ക് പ്രതിരോധ നടപടികൾ നൽകാനും സാധിക്കും. ” ഡോ. സ്റ്റീവ്സ് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ : ഗ്രേറ്റർ മാഞ്ചസ്റ്റർ വെള്ളിയാഴ്ച മുതൽ ടയർ 3 നിയന്ത്രണങ്ങൾ നേരിടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിരീകരണം. സർക്കാരും പ്രാദേശിക നേതാക്കളും തമ്മിലുള്ള ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്നാണ് പ്രധാനമന്ത്രി ഇടപെട്ടത്. പ്രദേശത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ബോറിസ് ജോൺസൺ ഏർപ്പെടുത്തുന്നത്. ചർച്ചകളിൽ നിന്ന് സർക്കാർ പിന്നോട്ട് നീങ്ങിയതായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടത്ര പിന്തുണ പ്രാദേശിക നേതാക്കൾക്ക് സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ടയർ 3 നിയന്ത്രണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ സർക്കാരിന്റെ ജോബ് സപ്പോർട്ട് സ്കീമും യൂണിവേഴ്സൽ ക്രെഡിറ്റിലേക്കുള്ള പ്രവേശനവും ഉൾപ്പെടെ സമഗ്രമായ പിന്തുണാ പാക്കേജ് നിലവിലുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. പുതിയ നടപടികൾ നടപ്പാക്കാൻ ഗ്രേറ്റർ മാഞ്ചസ്റ്ററിന് 22 മില്യൺ പൗണ്ട് ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ പിന്തുണയ്‌ക്ക് പുറമേ, മാഞ്ചസ്റ്ററിന്റെ ബിസിനസുകളെ പിന്തുണയ്‌ക്കുന്നതിനുള്ള ഉദാരവും വിപുലവുമായ ഓഫർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 60 മില്യൺ പൗണ്ടിന്റെ പിന്തുണ ലഭിക്കും. ടയർ 3 ലെ മറ്റ് പ്രദേശങ്ങൾക്ക് ഞങ്ങൾ നൽകിയ പിന്തുണയ്ക്ക് സമാനമാണ് ഇതെന്നും എന്നാൽ പ്രാദേശിക നേതാക്കൾ ഇത് സ്വീകരിച്ചില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബിസിനസ് പിന്തുണയെക്കുറിച്ച് വരും ദിവസങ്ങളിൽ പ്രാദേശിക നേതാക്കളുമായി കൂടുതൽ ചർച്ചകൾക്ക് ശ്രമിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ടയർ 3 ലേക്ക് നീങ്ങുമ്പോൾ ലിവർപൂൾ സിറ്റി റീജിയന് 44 മില്യൺ പൗണ്ടും ലങ്കാഷെയറിന് 42 മില്യൺ പൗണ്ടും ലഭിച്ചിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ന്യായീകരിച്ച ജോൺസൺ, പ്രവർത്തിക്കാൻ പരാജയപ്പെടുന്നത് വലിയ രോഗവ്യാപനത്തിൽ കലാശിക്കുമെന്ന് അറിയിച്ചു. “ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയറും കൗൺസിൽ നേതാക്കളും ഈ നടപടികൾ നടപ്പിലാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ജോൺസൻ പറഞ്ഞു.

സൗത്ത് യോർക്ക്ക്ഷയർ, വെസ്റ്റ് യോർക്ക്ക്ഷയർ, നോട്ടിംഗ്ഹാംഷെയർ, നോർത്ത് ഈസ്റ്റ് എന്നീ പ്രദേശങ്ങളെയും വെരി ഹൈ അലേർട്ട് ലെവലിലേക്ക് മാറ്റാനുള്ള ചർച്ചകൾ നടന്നുവരികയാണ്. ടയർ 3 ലേക്ക് നീങ്ങുന്ന ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടച്ചിടും. വാതുവയ്പ്പ് ഷോപ്പുകൾ, കാസിനോകൾ, ബിങ്കോ ഹാളുകൾ, അഡൾട് ഗെയിമിംഗ് സെന്റേ ഴ്സ്, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയും അടയ്ക്കും. വീടുകളിലും പുറത്തും ഒത്തുചേരുന്നതിനും വിലക്കുണ്ട്. അതേസമയം 21,331 കൊറോണ വൈറസ് കേസുകളാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം 28 ദിവസത്തിനുള്ളിൽ 241 പേർ കൂടി മരിച്ചു.

സ്വന്തം ലേഖകൻ

2014 ഒക്ടോബറിൽ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും സൈക്കോളജിയും പഠിക്കാൻ എത്തിച്ചേർന്നതായിരുന്നു റേച്ചൽ ബെയ് ലി. എന്നാൽ ആ ഇടയ്ക്കുണ്ടായ മോശം ഹാങ്ങോവർ എന്ന് കരുതിയ രോഗാവസ്ഥ അവളുടെ ജീവിതം കീഴ്മേൽ മറിക്കുകയായിരുന്നു. കാലിന് തളർച്ച തോന്നി തുടങ്ങിയത്,അപൂർവമായ ന്യൂറോളജിക്കൽ ഡിസോഡറിന്റെ ഭാഗമായിരുന്നു. ഇന്ന് 25കാരിയായ അവൾ തന്നെ രോഗക്കിടക്കയിൽ നിന്ന് എണീപ്പിച്ചു സ്വയം നടക്കാൻ പ്രാപ് തരാക്കിയ ഹീറോസ് ആയ ഫിസിയോതെറാപ്പിസ്റ്റുകളുടെ വഴിതന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. കിടന്നിടത്തു നിന്ന് ചലിക്കാൻ പോലും ആവതില്ലാതിരുന്ന അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് അവരാണ്.

നോട്ടിംഗ്ഹാമിൽ 19 വയസുകാരിയായ റെയ്ച്ചൽ ഒരു ദിവസം രാവിലെ എണീറ്റത് കാൽവെള്ളകളിൽ ഇക്കിളി ഉണ്ടാവുന്നത് പോലെയുള്ള അലോസരത്തോടുകൂടിയാണ്. കുറെയധികം സമയം നൃത്തം ചെയ്തതിനാലോ, മോശം ചെരുപ്പ് ഉപയോഗിക്കുന്നതുമൂലമോ ആയിരിക്കാം വേദന ഉണ്ടായത് എന്ന് ആദ്യം കരുതിയെങ്കിലും,മൂന്നു ദിവസത്തിനുള്ളിൽ തന്നെ അവൾ വെന്റിലേറ്ററിൽ ആയി.തുടർന്ന് അവൾക്ക് ഗുയിലെയ്ൻ-ബാരെ സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. സ്വന്തം ശരീരത്തിലെ പ്രതിരോധശേഷി തന്നെ സ്വയം നാഡിവിന്യാസത്തെ ആക്രമിക്കുന്ന രോഗമാണിത്. രോഗം ബാധിച്ചാൽ കൈകാലുകൾ അനക്കാൻ പോലുമാവാതെ ചലനശേഷി നഷ്ടപ്പെടും. റെയ്ച്ചൽലിന്റെ കേസിൽ അവൾക്ക് കണ്ണുകൾ മാത്രമേ ചലിപ്പിക്കാൻ ആവുമായിരുന്നുള്ളൂ. കണ്ണുകൾ ബോർഡിലെ അക്ഷരങ്ങൾക്ക് നേരെ ചലിപ്പിച്ചാണ് അവൾ ഡോക്ടർമാരോട് ആശയവിനിമയം നടത്തിക്കൊണ്ടിരുന്നത്. വേദന മൂലം ഒന്ന് അലറി കരയാൻ ഉള്ള കഴിവ് പോലും അവൾക്ക് നഷ്ടപ്പെട്ടിരുന്നു.

എന്നാൽ 59 ദിവസം ക്രിട്ടിക്കൽ കെയറിലും, 76 ദിവസം റിഹാബിലിയേഷൻ സെന്ററിലും കഴിഞ്ഞ അവൾ 2015 മാർച്ച് 11 ന് സ്വന്തം കാലിൽ നടന്ന് തന്നെ ആശുപത്രി വിട്ടു.

ഡോക്ടർമാർ അവളുടെ മടങ്ങിവരവിനെ ‘അത്ഭുതകരം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം രോഗികളിൽ ഇത്രവേഗം രോഗം മാറുന്നത് ആദ്യമായിട്ടായിരുന്നു. തന്നെ രോഗക്കിടക്കയിൽ നിന്ന് എണീറ്റ് നടക്കാൻ സഹായിച്ചവരുടെ വഴി പിന്തുടരാൻ അങ്ങനെയാണ് റെയ്ച്ചൽ തീരുമാനിച്ചത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ എത്തിയ ഉടൻ തന്നെ അവൾ ഫിസിയോതെറാപ്പി കോഴ്സിന് ചേർന്നു. കഴിഞ്ഞ വേനലിൽ മികച്ച മാർക്ക് വാങ്ങി ഫസ്റ്റ് ക്ലാസോടെ പാസായി .ഇപ്പോൾ ഓക്സ്ബ്രിഡ്ജിലെ ഹെയർഫീൽഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു.തന്റെ അത്ഭുതകരമായ യാത്രാപഥം ഉൾക്കൊള്ളിച്ച ഒരു ഫോട്ടോ അവൾ ട്വീറ്റ് ചെയ്തത് വൈറലായിരുന്നു. ഈ ജോലി താൻ ഏറ്റവുമധികം ആസ്വദിച്ചാണ് ചെയ്യുന്നതെന്നും, ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങൾ ആണെന്നും, തന്റെ ടീം മനോഹരമായ ഐക്യമുള്ളവരാണെന്നും ചേർത്തുപിടിക്കുന്നവരാണ് എന്നും അവൾ പറയുന്നു. ഇപ്പോഴും പൂർണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത രോഗം കഠിനമായ വേദനയുടെ രൂപത്തിൽ അവളെ ഇടയ്ക്കിടെ ആക്രമിക്കാറുണ്ട്. എന്നാൽ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ എത്ര പേരുടെ മുഖത്ത് പുഞ്ചിരി വിടർത്താനാവുമെന്ന പരിശ്രമത്തിലാണ് റെയ്ച്ചൽ.

സ്വന്തം ലേഖകൻ

വെൽഷ് : വെൽഷ് കടൽത്തീരത്ത് ഞെട്ടിപ്പിക്കുന്ന സംഭവം. ആയിരക്കണക്കിന് ചെറുമത്സ്യങ്ങളാണ് കടൽത്തീരത്ത് ചത്തുപൊങ്ങിയത്. ഗ്യനഡിലെ ബാർമൌത്തിന് സമീപമുള്ള ബെനാർ ബീച്ചിൽ ആണ് സംഭവം. നാച്ചുറൽ റിസോഴ്‌സസ് വെയിൽസിൽ (എൻ‌ആർ‌ഡബ്ല്യു) ഈ ആവിശ്വസനീയ സംഭവം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. റേ ഫിൻ‌ഡ് മത്സ്യങ്ങളുടെ ക് ലൂപ്പിഡേ ഫാമിലിയിൽ പെട്ട സ്പ്രാറ്റ്സ് ആണിവയെന്ന് കരുതുന്നു. “നോർത്ത് വെയിൽസിലെ ബാർമൗത്തിനടുത്തുള്ള ബെനാർ ബീച്ചിൽ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി ശനിയാഴ്ച ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചു.” എൻ‌ആർ‌ഡബ്ല്യുവിന്റെ വക്താവ് പറഞ്ഞു.

ഇത് പ്രകൃതിയുടെ പ്രതിഭാസം ആണെന്നും വെള്ളത്തിൽ വസിക്കുന്ന മറ്റു ജീവികളിൽ നിന്ന് വൻ തോതിൽ രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് ഇതുണ്ടാവുന്നതെന്നും എൻ‌ആർ‌ഡബ്ല്യു പറഞ്ഞു. എന്നാൽ ഈ ആഴ്ചയിലെ ശാന്തമായ കടൽ സൂചിപ്പിക്കുന്നത് ചെറുമീനുകൾ കടൽത്തീരത്തേക്ക് എത്താൻ സാധ്യതയില്ലെന്നാണ്. ഇത് ആശങ്കാകുലമാണെന്ന് തോന്നാമെങ്കിലും സംഭവിക്കുന്നതാണ്. സംഭവം റിപ്പോർട്ട്‌ ചെയ്തവർക്ക് എൻ‌ആർ‌ഡബ്ല്യു നന്ദി അറിയിച്ചു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ 0300 065 3000 എന്ന നമ്പറിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും അവർ അറിയിച്ചു.

മലിനീകരണം മൂലമല്ല ഇത് ഉണ്ടായത്. അതുകൊണ്ട് തന്നെ കടൽത്തീരം വൃത്തിയാക്കുന്നതിന് സാധാരണയായി ആരെയും ചുമതലപ്പെടുത്തില്ലെന്നും എൻ‌ആർ‌ഡബ്ല്യു കൂട്ടിച്ചേർത്തു. സ്പ്രാറ്റുകളിലെ പോഷകങ്ങൾ വീണ്ടും കടലിലേക്ക് എത്തുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ മത്സ്യങ്ങളിൽ ഭൂരിഭാഗവും കടലിലേക്ക് തന്നെ ഒഴുകിനീങ്ങുമെന്നും അവർ അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റ്‌ മാഞ്ചസ്റ്റർ : പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി ഒരു കരാറിലെത്താൻ ഇതുവരെയും കഴിയാത്തതിനെത്തുടർന്ന് ഗ്രേറ്റ്‌ മാഞ്ചസ്റ്റർ പ്രതിസന്ധിയിൽ. പ്രദേശം ഇപ്പോഴും സർക്കാരിൽ നിന്ന് ഒരു പിന്തുണ തേടുകയാണെന്ന് മേയർ ആൻഡി ബർൺഹാം പറഞ്ഞു. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ കൗൺസിൽ നേതാക്കൾ സർക്കാരിൽ നിന്ന് കുറഞ്ഞത് 75 മില്യൺ പൗണ്ട് ധനസഹായം വേണമെന്ന് വാദിക്കുന്നുണ്ട്. ഒരു കരാറും അംഗീകരിച്ചില്ലെങ്കിൽ പ്രധാനമന്ത്രിക്ക് ഉന്നതതല നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് വ്യക്തമാക്കി. വെരി ഹൈ അലേർട്ട് ലെവൽ ഏർപ്പെടുത്തുന്നതോടെ ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടച്ചിടും. ഒപ്പം വീടിനുള്ളിൽ ഒത്തുകൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ 28 ലക്ഷം ജനങ്ങളെ ടയർ 2വിൽ നിന്ന് ടയർ 3യിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് സർക്കാരും പ്രാദേശിക നേതാക്കളും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ട്‌ പത്തു ദിനങ്ങളായി. ഇതിനിടയിൽ സർക്കാർ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു.

ടയർ 3 നിയന്ത്രണങ്ങൾ തൊഴിലാളികളെ മോശമായി ബാധിക്കുമെന്നും അവരെ സഹായിക്കാൻ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും ഗ്രേറ്റ് മാഞ്ചസ്റ്ററിലെ പ്രാദേശിക നേതാക്കൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഗ്രേറ്റ് മാഞ്ചസ്റ്ററിനെ യുകെയുടെ എല്ലാ ഭാഗങ്ങൾക്കും തുല്യമായിട്ടാണ് പരിഗണിക്കുന്നതെന്ന് ചാൻസലർ റിഷി സുനക് കോമൺസിൽ പറഞ്ഞു. നാഷണൽ ഫണ്ടിങ് ഫോർമുല നിലവിലുണ്ടെന്ന് സുനക് ആവർത്തിച്ചു. ടയർ 3യിലേയ്ക്ക് കടക്കുന്ന പ്രദേശത്തിലെ ഒരാൾക്ക് 8 പൗണ്ട് എന്ന നിലയിലാണ് ആകെ തുക ലഭിക്കുക. അതുപ്രകാരം ഗ്രേറ്റ് മാഞ്ചസ്റ്ററിന് 22 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തതായും ലിവർപൂൾ സിറ്റി റീജിയനിലും ലങ്കാഷെയറിലും സർക്കാർ ചെയ്ത കാര്യങ്ങൾക്ക് അനുസൃതമായി അധിക പിന്തുണ മാഞ്ചെസ്റ്ററിനും ലഭിക്കുമെന്നും ബിസിനസ് മന്ത്രി നാദിം സഹാവി പറഞ്ഞു.

ഇരുപക്ഷവും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ താൻ നിയമം ലംഘിക്കില്ലെന്ന് ബൺഹാം കൂട്ടിച്ചേർത്തു. ലിവർപൂൾ സിറ്റി റീജിയണും ലങ്കാഷയറുമാണ് ഇപ്പോൾ ടയർ 3 നിയന്ത്രണത്തിന് കീഴിൽ ഉള്ളത്. എന്നിരുന്നാലും, സൗത്ത് യോർക്ക് ക്ഷയർ, വെസ്റ്റ് യോർക്ക് ക്ഷയർ, നോട്ടിംഗ്ഹാംഷെയർ, നോർത്ത്ഈസ്റ്റ്‌ ഇംഗ്ലണ്ട്, ടീസൈഡ് എന്നിവയും മുൻനിരയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്നലെ പറയുകയുണ്ടായി. ബിസിനസുകൾ, ജോലികൾ, വിദ്യാഭ്യാസം എന്നിവ പരിരക്ഷിക്കുന്ന ഒരു പാക്കേജ് ഞങ്ങൾക്ക് ആവശ്യമാണെന്ന് സർക്കാരുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സംസാരിച്ച നോട്ടിംഗ്ഹാം സിറ്റി കൗൺസിൽ നേതാവ് ഡേവിഡ് മെല്ലൻ അറിയിച്ചു.

ജോജി തോമസ്

യുകെയിലെ മലയാളി സമൂഹത്തിലേയ്ക്ക് തട്ടിപ്പുകാർ കടന്നുവരുന്നത് പല രൂപത്തിലാണ് . ഇതിൽ തന്നെ കഴിഞ്ഞ കുറെ കാലമായി സജീവമായിരിക്കുന്നതാണ് എച്ച് എം ആർ സിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. ഇതിനെക്കുറിച്ച് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തട്ടിപ്പിനിരയായവരുടെ , പ്രത്യേകിച്ച് മലയാളികളുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഇത്തരത്തിലുള്ള ഒരു സംയുക്ത പ്രസ്താവന ഇറക്കാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ ലോക്കൽ ഗവൺമെൻ്റുകളിലെ പ്രതിനിധികളും മുൻ പ്രതിനിധികളും , മത്സരാർത്ഥികളുമായിരുന്ന മലയാളികളെ പ്രേരിപ്പിച്ചത്. സുഗതൻ തെക്കേപ്പുര, ഡോ. ഓമന ഗംഗാധരൻ ,മഞ്ജു ഷാഹുൽ ഹമീദ് ,ടോം ആദിത്യ ,ഫിലിപ്പ് എബ്രഹാം, ബൈജു തിട്ടാല , ജെയ് മ്സ് ചിറയൻ കണ്ടത്ത്, വർഗീസ് ഇഗ്നേഷ്യസ്, ജോസ് അലക്സാണ്ടർ, സജീഷ് ടോം ,റോയി സ്റ്റീഫൻ , ജോസ് ജോസഫ് , ലിഡോ ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രസ്താവന നൽകിയിരിക്കുന്നത്.

എച്ച് എം ആർ സി യുടെ പേരിൽ വരുന്ന ഫോൺ കോളുകളിൽ എച്ച് എം ആർ സി യുടെ ഫോൺ നമ്പർ തന്നെയാവും ഡിസ്പ്ലേ ചെയ്യുന്നത് . സ് പൂപ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിനുശേഷം വിശ്വാസ്യത നേടാനായി ഇരയുടെ ഏതാനും വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തും. തുടർന്ന് തട്ടിപ്പിനിരയാകുന്ന വ്യക്തി വലിയൊരു തുക എച്ച് എം ആർ സി യിലേയ്ക്ക് ടാക് സായി നൽകാനുണ്ടെന്നും, ഉടൻ നൽകിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഭീഷണിപ്പെടുത്തും .

വിശ്വാസ്യത നേടുന്ന തരത്തിൽ വളരെ നാടകീയമായി ഇരയെ വീഴ്ത്തുന്ന സംഘം ആയിരക്കണക്കിന് പൗണ്ടാണ് പലരിൽ നിന്നായി തട്ടിച്ചത്. തട്ടിപ്പുകൾ ഇതിനു പുറമേ പല രൂപത്തിൽ നടക്കുന്നുണ്ട് .സൗത്ത്-വെസ്റ്റ് കൗണ്ടിയിലെ ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് 3000 പൗണ്ടോളം നിക്ഷേപിച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് ആരംഭിച്ചത്. അതിനുശേഷം ബാങ്കിൽ നിന്നാണെന്നും ,അബദ്ധത്തിൽ 3000 പൗണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും അത് തിരിച്ചു നൽകണമെന്നും പറഞ്ഞ് ഫോൺ കോൾ വന്നു . അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ട മലയാളി തട്ടിപ്പുസംഘം കൊടുത്ത അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതോടുകൂടി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും, അക്കൗണ്ടിൽ കിടന്ന പണം മുഴുവൻ നഷ്ടപ്പെടുകയും ചെയ്തു.

ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിക്കുകയും നിരവധി മലയാളികൾ തട്ടിപ്പിനിരയാകുകയും ചെയ്യുന്നതാണ് മലയാളികളായ ലോക്കൽ കൗൺസിൽ പ്രതിനിധികളെ തട്ടിപ്പിനെക്കുറിച്ച് ബോധവൽക്കരിക്കാൻ പ്രേരിപ്പിച്ചത്. എച്ച് എം ആർ സി ഉൾപ്പെടെയുള്ള ഗവൺമെൻറ് സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ ദീർഘവും, വളരെയധികം കാലതാമസം എടുക്കുന്നതുമാണെന്നും , അതിനാൽ ഭീഷണികൾക്ക് വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്നും , ഇങ്ങനെ വരുന്ന ഫോൺ കോളികൾക്ക് മറുപടി നൽകരുതെന്നും ,  നേരിട്ട്  എച്ച് എം ആർ സിയിൽ വിളിച്ച് ടാക്സ് അടച്ചുകൊള്ളാമെന്ന് മറുപടി നൽകി തട്ടിപ്പിൽ നിന്ന് രക്ഷപെടണമെന്നും ലോക്കൽ കൗൺസിൽ പ്രതിനിധികൾ അഭ്യർത്ഥിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നൽകുന്ന പരമോന്നത ദേശീയ ബഹുമതി കരസ്ഥമാക്കി ജേക്കബ്‌ തുണ്ടിൽ. അന്തർദേശീയ വ്യാപാരത്തിനും കയറ്റുമതിക്കുമാണ് കൊല്ലം സ്വദേശിയായ ജേക്കബ് തുണ്ടിലിനു മെമ്പർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എം.ബി.ഇ) അവാർഡ് ലഭിച്ചത്. നാളികേരം അടിസ്ഥാനമാക്കിയുള്ള ജൈവ – ഭക്ഷ്യ ബ്രാൻഡ്‌ ആയ കൊക്കോഫീനയുടെ സ്ഥാപകനാണ് ജേക്കബ്‌. നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ നൂതനമായ രീതിയിൽ കൊക്കോഫീന കടകൾ വഴി വിപണനം ചെയ്യുന്നു. നിലവിൽ 28 രാജ്യങ്ങളിൽ ബ്രാഞ്ചുകളുള‌ള കൊക്കോഫീന കടകൾക്കും ഉൽപന്നങ്ങൾക്കും ഓൺലൈനായും വലിയ വിപണനമാണ് നടത്തിയത്. 2005ലാണ് ജേക്കബ് തന്റെ വ്യവസായസംരംഭം ആരംഭിക്കുന്നത്. നാളികേരത്തിൽ നിന്ന് 32ഓളം മൂല്യവർധിത ഉത്പന്നങ്ങൾ കൊക്കോഫീന ഉത്പാദിപ്പിക്കുന്നുണ്ട്.

ബ്രിട്ടീഷ് ടെലികോം, എച്ച്.എസ്.ബി.സി. അക്‌സെഞ്ചർ, ലോയ് ഡ്‌സ് എച്ച് ബി ഒ എസ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം കൊക്കോഫീനയ്ക്ക് തുടക്കം കുറിക്കുന്നത്. 2017ൽ ബ്രണൽ യൂണിവേഴ് സിറ്റിയിൽ നിന്നുള്ള ‘ബെസ്റ്റ് എംപ്ലോയർ’ അവാർഡും കൊക്കോഫീന നേടിയിരുന്നു. എം.ബി.ഇ. ബഹുമതി ഒരു ആദരമാണെന്നും ബ്രിട്ടീഷ് ഭക്ഷ്യവ്യവസായത്തിന്റെ ഭാഗമാകാനും രാജ്യത്തിന്റെ കയറ്റുമതി വർധനയിൽ സഹായിക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ടെന്നും ജേക്കബ് പറഞ്ഞു. ബ്രിട്ടനിലെത്തുന്ന വ്യവസായികൾക്ക് വളരാൻ താൻ അവസരമുണ്ടാക്കുമെന്നും തുടർന്നും കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ബ്രിട്ടീഷ് രാജ്ഞിയോ രാജകുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണ് ബഹുമതി സമ്മാനിക്കുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

അനിക ചെബ്രോളു എന്ന ഇന്ത്യൻ അമേരിക്കൻ പെൺകുട്ടിയാണ് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്റെ പ്രോജക്ട് അവാർഡിനായി സമർപ്പിച്ചത്. ലോകം ഉടനീളമുള്ള ശാസ്ത്രജ്ഞൻമാർ മരണ വൈറസിനെതിരെയുള്ള ചികിത്സയ്ക്കായി അഹോരാത്രം പണിയെടുക്കുമ്പോൾ തന്റെ കഴിവിന്റെ പരമാവധി സഹായിക്കുകയാണ് അനികയുടെ ലക്ഷ്യം. ടെക്സാസിലെ ഫ്രിസ്കോയിൽ നിന്നുള്ള അനികക്ക് ത്രീ എം യങ് സയന്റിസ്റ്റ് ചലഞ്ച് അവാർഡ് ആണ് ലഭിച്ചത്. കോവിഡ് 19ന് എതിരെയുള്ള ചികിത്സയിൽ നിർണായക പങ്കുവഹിച്ചേക്കാവുന്ന കണ്ടെത്തലാണ് അനികയുടേത്.

സാർസ്-കോവ് -2  വൈറസിന്റെ  സ്പൈക്ക്  പ്രോട്ടീനിൽ  പ്രത്യേകമായി  ഒട്ടിച്ചെടുക്കാനാവുന്ന  (ബൈൻഡ് ചെയ്യാൻ ആവുന്ന) ഒരു മോളിക്യൂൾ, ഇൻ സിലിക്കോ മെത്തഡോളജി ഉപയോഗിച്ച് അനിക കണ്ടെത്തിയിരുന്നു. ” കഴിഞ്ഞ രണ്ട് ദിവസമായി എന്റെ പ്രോജക്ടിന് ലോക മാധ്യമ ശ്രദ്ധനേടാൻ കഴിഞ്ഞതായി മനസ്സിലാക്കുന്നു,സാർസ്-കോവ് -2 വൈറസിനെ പ്രതിരോധിക്കാനുള്ള അനേകം പരീക്ഷണങ്ങളിൽ ഒന്നാണിത് എന്നതിനാലാവാം. എല്ലാവരെയും പോലെ എനിക്കും ഭൂമുഖത്തുനിന്ന് ഈ അസുഖം തുടച്ചുനീക്കണമെന്നും നമ്മളെല്ലാവരും നിത്യജീവിതത്തിലേക്ക് മടങ്ങിപ്പോകണം എന്നും അതിയായ ആഗ്രഹമുണ്ട്.” അനിക പറയുന്നു.

ആഗോളതലത്തിൽ 1.1 മില്യൻ ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്.ഡിസംബറിൽ ചൈന ആദ്യ കേസ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ മാത്രം ഇതുവരെ മരണങ്ങൾ 219000 കടന്നു.

 

ഇൻഫ്ലുവൻസ വൈറസിന്റെ പ്രധാന പ്രോട്ടീൻ ഭാഗത്ത് പറ്റി പിടിക്കാൻ ആവുന്ന പദാർത്ഥത്തെ ഇൻ- സിലിക്കോ മാർഗ്ഗം ഉപയോഗിച്ച് കണ്ടെത്താനാണ് അനികയുടെ ആദ്യശ്രമം. മുൻപ് തന്നെ ലോകത്തുണ്ടായ മഹാമാരികളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും പഠിക്കാനും റിസർച്ച് നടത്താനും ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും അതിനു മധ്യത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് സാർസ്-കോവ് -2 വൈറസ് ലോകത്തെ മുഴുവൻ മാറ്റിമറിച്ചു. തന്റെ മെന്ററിന്റെ സഹായത്തോടെ ഇതിനെതിരെയുള്ള പോരാട്ടത്തിൽ താനും അണിചേരുകയാണ്. 1918 ലെ ഫ്ലൂ എങ്ങനെയാണ് മനുഷ്യൻ ഇല്ലാതാക്കിയതെന്ന് താൻ പഠിച്ചു, അതിനുശേഷം വാക്സിനുകൾ ഉണ്ടായിട്ടും അമേരിക്കയിൽ ദിനംപ്രതി രോഗം ബാധിച്ചു ആളുകൾ മരിക്കുന്നുണ്ടായിരുന്നു. ഇവയൊക്കെയും പഠനവിധേയമാക്കി.

“അനികയുടെ സഹജമായ ജിജ്ഞാസ കോവിഡ് 19നെ നിയന്ത്രിക്കാനുള്ള വാക്സിനുകളിലേക്ക് സഞ്ചരിക്കുകയായിരുന്നു,ധാരാളം ഡേറ്റാബേസ് കളക്ട് ചെയ്തും സമാനമായ സാഹചര്യങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ചും, അവളുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചും പരീക്ഷണങ്ങൾ നടത്തിയുമാണ് അനിക മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്ന് ത്രീ എം യങ് സയന്റിസ്റ്റ് ചാലഞ്ച് ജഡ്ജ് ഡോക്ടർ സിൻഡി മോസ് പറഞ്ഞു.

നേതൃനിരയിൽ ഉള്ള ശാസ്ത്രജ്ഞർക്കൊപ്പം വൈറസിനെ തോൽപ്പിക്കാനുള്ള യഥാർത്ഥ വാക്സിൻ കണ്ടുപിടിക്കാനുള്ള തീവ്രമായ പരിശ്രമമാണ് ഇനി അനികയുടെ ലക്ഷ്യം.

ലാബിലോ പഠനത്തിലോ പരീക്ഷണങ്ങളിലോ അല്ലാത്ത സമയത്ത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരു സാധാരണ പതിനാലുകാരിയുടെ ജീവിതമാണ് അനിക നയിക്കുന്നത്. എട്ടുവർഷമായി ഭരതനാട്യം പഠിക്കുന്ന അനിക ഒരു മികച്ച നർത്തകി കൂടിയാണ്.

സ്വന്തം ലേഖകൻ

യു കെ :- തനിക്ക് ഒരു തൊഴിൽ കണ്ടെത്തുവാൻ സാധിക്കാതെ ബുദ്ധിമുട്ടിയ ഒരു പിതാവ് ട്വിറ്ററിലൂടെ സഹായമഭ്യർത്ഥിച്ച് ഇട്ട ട്വീറ്റിന് മറുപടിയായി ലഭിച്ചത് 100000 മെസ്സേജുകൾ. അമ്പതിയൊന്നുകാരനായ എഡ്മണ്ട് ലീയറിയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചത്. താൻ വളരെയധികം വിഷമഘട്ടത്തിൽ ആണെന്നും, ഈ മെസ്സേജ് കാണുന്നവർ ഒരു ഹലോ പറയുവാനുള്ള സമയം തനിക്കുവേണ്ടി നീക്കിവെക്കണമെന്നുമായിരുന്നു എഡ്മണ്ടിന്റെ ട്വീറ്റ്. ഇതിനു മറുപടിയായി നിരവധി ആളുകളാണ് അദ്ദേഹത്തിന് മാനസിക പിന്തുണ നൽകി മെസ്സേജുകൾ അയച്ചത്.

കോവിഡ് – 19 മൂലം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് എഡ്മണ്ട് കടന്നുപോയത്. അതിനാൽ തന്നെ മാനസികമായ ഒത്തിരി പിരിമുറുക്കങ്ങൾ അനുഭവിക്കേണ്ടതായി വന്നുവെന്നും അദ്ദേഹം സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ വിവാഹമോചിതനാണ്. അതിനാൽ തന്നെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും കാര്യമായ പിന്തുണ ഒന്നും തന്നെ ലഭിക്കുന്നില്ല എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന് രണ്ട് ഇരട്ടക്കുട്ടികൾ ആണ് ഉള്ളത്.

ഒരുപാട് ജോലികൾക്കായി എഡ്മണ്ട് ശ്രമിച്ചെങ്കിലും ഒന്നുംതന്നെ ലഭിച്ചില്ല. നിരവധി പ്രശസ്തരായ ആളുകളാണ് എഡ്മണ്ടിന് സഹായം വാഗ്ദാനം ചെയ്ത് മെസ്സേജുകൾ അയച്ചത്. തനിക്ക് ലഭിച്ച പിന്തുണയിൽ താൻ വളരെയധികം സന്തോഷവാൻ ആണെന്ന് എഡ്മണ്ട് പറഞ്ഞു. ഒരിക്കലും ഇത്രയും പിന്തുണ താൻ പ്രതീക്ഷിച്ചില്ല എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബെൽഫാസ്റ്റ് : മാസ്ക് ധരിക്കാതെ വിമാനത്തിൽ പ്രവേശിച്ച യുവതി മറ്റു യാത്രക്കാർക്ക് നേരെ ചുമച്ചു. നോർത്തേൺ അയർലണ്ടിൽ നിന്നും പറന്നുയരാനിരുന്ന ഈസി ജെറ്റ് ഫ്ലൈറ്റിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരോഗ്യപ്രതിസന്ധിയുടെ ഈ കാലത്ത് മറ്റുള്ളവർക്ക് വലിയ ഭീഷണി ഉയർത്തുന്ന സംഭവമാണ് ഇന്നലെ ഉണ്ടായത്. മാസ്ക് ധരിക്കാതെ എത്തിയ യുവതി മറ്റു യാത്രക്കാർക്ക് നേരെ ചുമയ്ക്കുകയും ക്യാബിൻ ക്രൂ സ്റ്റാഫുകളോട് കയർത്തു സംസാരിക്കുകയും ചെയ്തു. അതിനുപിന്നാലെ യുവതിയെ വിമാനത്തിൽ നിന്നും നീക്കി. ബെൽഫാസ്റ്റിൽ നിന്ന് എഡിൻബർഗിലേക്ക് യാത്ര ആരംഭിക്കാനിരുന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് ഈസി ജെറ്റ് വക്താവ് അറിയിച്ചു.

“എല്ലാവരും മരിക്കും. കൊറോണ അല്ലെങ്കിൽ മറ്റൊന്ന്… എല്ലാവരും മരിക്കും.” യാത്രികർക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയ ശേഷമാണ് അവർ വിമാനം വിട്ടിറങ്ങിയത്. വിമാനത്തിൽ നിന്നും പുറത്തേക്ക് വന്ന സമയത്തും യാത്രക്കാർക്ക് നേരെ യുവതി ചുമയ്ക്കുകയുണ്ടായി. ഫേസ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പോലീസ് എത്തിയതെന്ന് ഈസിജെറ്റ് സ്ഥിരീകരിച്ചു. “ഇ എ എസ് എ യുടെ മാർഗനിർദേശ പ്രകാരം എല്ലാ യാത്രക്കാരും നിലവിൽ ഫ്ലൈറ്റിനുള്ളിൽ അവരുടേതായ ഫേസ് മാസ്ക് ധരിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ അത് മാറ്റാൻ അനുവാദമുള്ളൂ.” എയർലൈനിന്റെ വക്താവ് പറഞ്ഞു.

യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിമാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ എല്ലാവർക്കും കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് യാത്രക്കാരോടും ക്രൂവിനോടും ഉള്ള മോശമായ പെരുമാറ്റം ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് കേസുകൾ ഗണ്യമായി ഉയരുന്ന ഈ സമയത്ത് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

RECENT POSTS
Copyright © . All rights reserved