ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബെൽഫാസ്റ്റ് : മാസ്ക് ധരിക്കാതെ വിമാനത്തിൽ പ്രവേശിച്ച യുവതി മറ്റു യാത്രക്കാർക്ക് നേരെ ചുമച്ചു. നോർത്തേൺ അയർലണ്ടിൽ നിന്നും പറന്നുയരാനിരുന്ന ഈസി ജെറ്റ് ഫ്ലൈറ്റിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരോഗ്യപ്രതിസന്ധിയുടെ ഈ കാലത്ത് മറ്റുള്ളവർക്ക് വലിയ ഭീഷണി ഉയർത്തുന്ന സംഭവമാണ് ഇന്നലെ ഉണ്ടായത്. മാസ്ക് ധരിക്കാതെ എത്തിയ യുവതി മറ്റു യാത്രക്കാർക്ക് നേരെ ചുമയ്ക്കുകയും ക്യാബിൻ ക്രൂ സ്റ്റാഫുകളോട് കയർത്തു സംസാരിക്കുകയും ചെയ്തു. അതിനുപിന്നാലെ യുവതിയെ വിമാനത്തിൽ നിന്നും നീക്കി. ബെൽഫാസ്റ്റിൽ നിന്ന് എഡിൻബർഗിലേക്ക് യാത്ര ആരംഭിക്കാനിരുന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് ഈസി ജെറ്റ് വക്താവ് അറിയിച്ചു.
“എല്ലാവരും മരിക്കും. കൊറോണ അല്ലെങ്കിൽ മറ്റൊന്ന്… എല്ലാവരും മരിക്കും.” യാത്രികർക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയ ശേഷമാണ് അവർ വിമാനം വിട്ടിറങ്ങിയത്. വിമാനത്തിൽ നിന്നും പുറത്തേക്ക് വന്ന സമയത്തും യാത്രക്കാർക്ക് നേരെ യുവതി ചുമയ്ക്കുകയുണ്ടായി. ഫേസ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പോലീസ് എത്തിയതെന്ന് ഈസിജെറ്റ് സ്ഥിരീകരിച്ചു. “ഇ എ എസ് എ യുടെ മാർഗനിർദേശ പ്രകാരം എല്ലാ യാത്രക്കാരും നിലവിൽ ഫ്ലൈറ്റിനുള്ളിൽ അവരുടേതായ ഫേസ് മാസ്ക് ധരിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ അത് മാറ്റാൻ അനുവാദമുള്ളൂ.” എയർലൈനിന്റെ വക്താവ് പറഞ്ഞു.
യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിമാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ എല്ലാവർക്കും കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് യാത്രക്കാരോടും ക്രൂവിനോടും ഉള്ള മോശമായ പെരുമാറ്റം ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് കേസുകൾ ഗണ്യമായി ഉയരുന്ന ഈ സമയത്ത് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രെക് സിറ്റ് ബില്ലിനെതിരായ ആർച്ച് ബിഷപ്പുമാരുടെ നിലപാടിനെതിരെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്ത്. വിവാദ നിയമനിർമ്മാണം ജനാധിപത്യത്തിന് വിനാശകരമായ ഭീഷണിയായി മാറുമെന്ന് യുകെയിലെ അഞ്ച് ആംഗ്ലിക്കൻ ആർച്ച് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി. ലോകത്തിൽ ബ്രിട്ടന്റെ നിലനിൽപിന് തന്നെ ഇത് ഭീഷണിയായി മാറുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച പിൻവലിക്കൽ കരാറിനെ ഇന്റേർണൽ മാർക്കറ്റ് ബിൽ തകർക്കുമെന്നും നോർത്തേൺ അയർലണ്ടിൽ സമാധാനം താറുമാറാകുമെന്നും കാന്റർബറി അതിരൂപത ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു. “നമ്മുടെ ജനാധിപത്യം എന്ത് അടിത്തറയിലാണ് നിൽക്കുന്നത്?” എന്ന ചോദ്യം അവർ ഉന്നയിക്കുകയുണ്ടായി.
എന്നാൽ ആർച്ച്ബിഷപ്പുമാരുടെ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി ടോറി എംപിമാർ ആണ് രംഗത്തെത്തിയത്. ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാതെയാണ് അവർ സംസാരിക്കുന്നതെന്ന് മുൻ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ജോൺസ് പറഞ്ഞു. ഫിനാൻഷ്യൽ ടൈംസ് ടുഡേയ്ക്ക് അയച്ച കത്തിൽ അഞ്ചു പേരും യൂറോപ്യൻ യൂണിയന്റെ നിലപാടിനോട് കൂടുതൽ യോജിക്കുന്നതായി കാണുന്നു. ഡോ. വെൽബിയോടൊപ്പം അർമാഗ് അതിരൂപത ആർച്ച്ബിഷപ്പ് ജോൺ മക്ഡൊവൽ, വെയിൽസ് അതിരൂപത ആർച്ച്ബിഷപ്പ് ജോൺ ഡേവിസ്, സ്കോട്ടിഷ് എപ്പിസ്കോപ്പൽ ചർച്ചിന്റെ തലവൻ മാർക്ക് സ്ട്രേഞ്ച്, യോർക്ക് അതിരൂപതാ ആർച്ച്ബിഷപ്പ് സ്റ്റീഫൻ കോട്രെൽ എന്നിവർ ഒപ്പിട്ടു. ബ്രസൽസിൽ നിന്നും ലേബറിൽ നിന്നുമുള്ള നിയമനിർമ്മാണത്തെ ശക്തമായി വിമർശിക്കുകയാണ് ഈ കത്ത്.
ഇത് ഭരണഘടനാപരമായ ഏറ്റുമുട്ടലിന് കാരണമാവുകയും ബ്രസൽസുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയെ ദുർബലപ്പെടുത്തുകയും ചെയ്യും. നമ്മുടെ രാജ്യത്ത് ആവശ്യമായ ഐക്യം വളർത്തിയെടുക്കാൻ കഴിയുന്ന ഒരു കാലഘട്ടത്തിൽ ആർച്ച് ബിഷപ്പുമാർ അനൈക്യവും ഭിന്നതയും വിതയ്ക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് മുൻ ബ്രെക് സിറ്റ് മന്ത്രി സ്റ്റീവ് ബേക്കർ പറഞ്ഞു. രാഷ്ട്രീയയവും മതവും തമ്മിൽ ഇടകലർത്തരുതെന്ന നിലപാടിലാണ് എംപിമാർ. യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് ചർച്ചകൾ പ്രതിസന്ധിയിലായ സമയത്താണ് ആർച്ച്ബിഷപ്പുമാർ രംഗത്തെത്തുന്നത്. ട്രേഡ് ഡീലിന് 66 ശതമാനം സാധ്യതയുണ്ടെന്ന് ഈ മാസം ആദ്യം മൈക്കിൾ ഗോവ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സാധ്യതകൾ കുറവാണ്. കൂടുതൽ ചർച്ചകൾ നടത്തുന്നതിന് യൂറോപ്യൻ യൂണിയൻ അവരുടെ നിലപാട് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
ഉക്രൈൻ :- ലോകമെമ്പാടും പടർന്ന കോവിഡ് ബാധയെ അംഗീകരിക്കാതിരുന്ന പ്രശസ് ത ഫിറ്റ്നസ് ട്രെയിനർ ഡ് മിട്രി സ്റ്റുഷക് തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ കോവിഡ് ബാധിച്ച് മരിച്ചു. തുർക്കിയിലേക്ക് ട്രിപ്പ് പോയി തിരിച്ചു തന്റെ രാജ്യമായ ഉക്രൈനിലേയ്ക്ക് എത്തിയ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ജനങ്ങൾക്ക് അവബോധം നൽകിയിരുന്ന സോഷ്യൽ മീഡിയയിലെ ഒരു സ്റ്റാർ ആയിരുന്നു അദ്ദേഹം. കോവിഡ് പോസിറ്റീവായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം, 8 ദിവസം കഴിഞ്ഞ് ഡിസ് ചാർജ് ചെയ്തിരുന്നു.
എന്നാൽ പിന്നീട് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഗുരുതരമാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, സ്ഥിതി വളരെ മോശമായിരുന്നു എന്ന് മുൻ ഭാര്യ സോഫിയ പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥിതി തിരിച്ചുവരാൻ ആവുന്നതിലും മോശമായിയിരിക്കുകയാണെന്ന് പിന്നീട് സോഫിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ 1.1 മില്യൺ ഫോളോവേഴ് സ് ഉള്ള സ്റ്റാർ ആണ് ഇദ്ദേഹം. തനിക്ക് കോവിഡ് ബാധിക്കുന്നത് വരെ ഇങ്ങനെയൊരു രോഗത്തെപ്പറ്റി താൻ ഗൗരവമായി ചിന്തിച്ചിരുന്നില്ല എന്ന് അദ്ദേഹം അവസാനമായിട്ട പോസ്റ്റുകളൊന്നിൽ പറഞ്ഞിരുന്നു. ആറുമാസം മുൻപാണ് ഡ് മിട്രിയും സോഫിയയും വേർപിരിഞ്ഞത്. ഇവർക്ക് മൂന്നു മക്കൾ ആണ് ഉള്ളത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഗ്രേറ്റ് മാഞ്ചസ്റ്റർ : ഗ്രേറ്റ് മാഞ്ചസ്റ്ററിന് മേൽ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ മേയർ രംഗത്ത്. കർശനമായ കോവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായ പ്രദേശത്തിന്റെ നിലപാടിന് വിപുലമായ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പോരാട്ടം മാത്രമല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ശൈത്യകാലത്ത് രോഗവ്യാപനം ഉയരുമ്പോൾ മിക്ക പ്രദേശങ്ങളും ടയർ 3ലേയ്ക്ക് പ്രവേശിച്ചേക്കും. ഇത് പ്രാദേശിക അധികാരികൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കൂടുതൽ ഉദാരമായ സാമ്പത്തിക സഹായമില്ലാതെ വെരി ഹൈ അലേർട്ട് ലെവലിലേയ്ക്കുള്ള നീക്കം ഗ്രേറ്റ് മാഞ്ചെസ്റ്റർ നേതാക്കൾ നിരസിച്ചു. ഒരു പുതിയ സമീപനം അംഗീകരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ഗവൺമെന്റ് മിനിസ്റ്റർ മൈക്കിൾ ഗോവ് പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്ററിന് ഏറ്റവും മികച്ചത് നൽകാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇരുവർക്കും ഒരുമിച്ച് ഒരു വഴി കണ്ടെത്താനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ സർക്കാരിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടയർ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം പ്രാദേശിക നേതാക്കൾ അംഗീകരിക്കുന്നില്ലെങ്കിൽ ഇടപെടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കഴിഞ്ഞ ഒൻപത് ദിവസങ്ങളെ അപേക്ഷിച്ച് പ്രദേശത്തെ കേസുകൾ ഇരട്ടിയായതായി ജോൺസൻ അറിയിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ താൻ ഒരുക്കമാണെന്ന് മാഞ്ചസ്റ്റർ മേയർ ബർൺഹാം പറഞ്ഞു. ഇന്ന് നമ്പർ 10 ഉദ്യോഗസ്ഥനായ സർ എഡ്വേർഡ് ലിസ്റ്ററുമായി താൻ സംസാരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം പ്രാദേശിക നിയന്ത്രണങ്ങൾക്ക് പകരം ഹ്രസ്വവും പരിമിതവുമായ ഒരു ലോക്ക്ഡൗണും സപ്പോർട്ട് പാക്കേജും നടപ്പിലാക്കണമെന്ന് ലേബർ പാർട്ടിയുടെ റേച്ചൽ റീവ്സ് അഭിപ്രായപ്പെട്ടു.
സർക്കാർ ഏർപ്പെടുത്തിയ പുതിയ സംവിധാനം ദോഷകരമായി ബാധിച്ച ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി മുമ്പ് നടപ്പിലാക്കിയ 80% ഫർലോഫ് പദ്ധതി വീണ്ടും അവതരിപ്പിക്കാൻ ബൺഹാം ആവശ്യപ്പെട്ടു. ടയർ 3 നിയന്ത്രണത്തിന് കീഴിൽ സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ അധികവും കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണ്. അതിനാലാണ് സർക്കാർ കൂടുതൽ ധനസഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം വാദിക്കുന്നത്.
പ്രെസ്റ്റൺ: യുകെ മലയാളികൾക്ക് ദുഃഖം നൽകി പ്രെസ്റ്റണിൽ മലയാളി മരണം. പ്രെസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് വിടപറഞ്ഞിരിക്കുന്നത്. പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. കടുത്തുരുത്തി മാൻമുട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമാണ് പരേതനായ ബെന്നി ജോസഫ്. പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും ലിവർപൂൾ മിഷൻ പാരിഷ് അംഗവും ആണ് പരേതൻ.
ഇന്ന് രാവിലെ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ മകനാണ് കണ്ടെത്തുന്നത്. ഉടൻ തന്നെ ആംബുലൻസും പാരാമെഡിക്‌സ് ടീമും എത്തി പരിശോധിച്ചെങ്കിലും ഇതിനകം ബെന്നിയുടെ മരണം നടന്നിരുന്നു എന്ന് പാരാമെഡിക്‌സ് സ്ഥിരീകരിച്ചു എന്നാണ് മലയാളം യുകെ മനസ്സിലാക്കുന്നത്.
ഭാര്യ സുബി റോയൽ പ്രെസ്റ്റൺ ആശുപത്രിയിലെ നഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്‌ലിൻ എന്നിവർ.
ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. റോയൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ബെന്നി ജോസഫിന്റെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
സ്വന്തം ലേഖകൻ
യു കെ :- അടുത്ത വെള്ളിയാഴ്ച മുതൽ വെയിൽസിൽ 17 ദിവസത്തെ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ ഉള്ള തീരുമാനം ഗവൺമെന്റ് കൈക്കൊണ്ടതായി അഭ്യൂഹങ്ങൾ പരക്കുന്നു.കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ടിന്റെ പക്കൽ നിന്നും പുറത്തുവന്ന കത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നതായി പറയുന്നത്. ഞായറാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണ് കത്തിൽ പറയുന്നത്. ഇതനുസരിച്ച് പബ്ബുകളും, റസ്റ്റോറന്റുകളും, മറ്റും തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ല. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ എടുത്ത തീരുമാനങ്ങൾ മാറ്റം വരുത്തിയതായി റിപ്പോർട്ടിലില്ല. നവംബർ രണ്ടുമുതൽ പ്രൈമറി സ്കൂളുകൾ തുറക്കും എന്നാണ് നിലവിലെ തീരുമാനം.
കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ട് റീജിയണൽ ഡയറക്ടർ ജോൺ പോക്കറ്റ് എഴുതിയ കത്ത് ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ ഒക്ടോബർ 23 വെള്ളി മുതൽ നവംബർ ഒൻപത് തിങ്കൾ വരെ വെയിൽസിൽ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനം ഇരുവരെയും ഗവൺമെന്റ് കൈക്കൊണ്ടിട്ടില്ല. ഇതോടെ രോഗബാധ തുടങ്ങിയ മാർച്ചിലെ സാഹചര്യം പോലെ തന്നെ വെയിൽസിൽ വീണ്ടും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ലോക്ക്ഡൗൺ ഏർപ്പെടുത്തി കഴിഞ്ഞാൽ പബ്ലിക് ട്രാൻസ്പോർട്ട് അത്യാവശ്യ യാത്രകൾക്കു മാത്രമേ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് സംബന്ധിച്ച് അറിയിപ്പ് തിങ്കളാഴ്ചയോടെ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൊറോണ ബാധ കൂടുതലുള്ള യുകെയിലെ പ്രദേശങ്ങളിൽ നിന്നും ആളുകൾ വെയിൽസിലേയ്ക്ക് പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ മുതൽ നിലവിൽ വന്നു. രോഗബാധയെ നിയന്ത്രിക്കാൻ ഉള്ള എല്ലാ തീരുമാനങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
16 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, സ്ഥിരം തൊഴിലില്ലാത്തവരോ, സ്ഥിരം വിദ്യാർത്ഥികൾ അല്ലാത്തവരോ ആയ യുവതലമുറ ആസന്നമായ തൊഴിൽരാഹിത്യത്തിൽ വീർപ്പുമുട്ടുന്നു. കോവിഡ് മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയതിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടങ്ങൾ ഒരു കൂട്ടം യുവജനങ്ങളുടെ ‘ കോവിഡ് തലമുറയെ’ സൃഷ്ടിക്കുമെന്ന് വിദഗ് ധർ. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണോ ഇളവുനൽകണോ എന്ന കാര്യത്തിൽ ഗവൺമെന്റും ജനപ്രതിനിധികളും തമ്മിൽ വടംവലി നടക്കുന്ന സാഹചര്യത്തിൽ, യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനുള്ള ചാൻസിലർ ഋഷി സുനാകിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രമകരം ആകും. ഫർലോഫ് സ്കീം ഈ മാസം തീരുന്നതോടുകൂടി അവസാനിക്കുമ്പോൾ, ഒരു മില്യനോളം വരുന്ന കുട്ടികളാണ് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരിക എന്ന് ബാത്ത് യൂണിവേഴ്സിറ്റിയിലെ,സോഷ്യൽ ആൻഡ് എക്കണോമിക്സ് പ്രൊഫസറായ പോൾ ഗ്രെഗ് മുന്നറിയിപ്പ് നൽകുന്നു.
ആർച്ച് ബിഷപ്പ് ഓഫ് കാന്റർ ബെറി ‘ജസ്റ്റിൽ വെൽബി ‘ അദ്ദേഹത്തിന്റെ നിലപാടും അറിയിച്ചതോട് കൂടി ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്, ഇവിടെ ലണ്ടനിലെ സമ്പദ് വ്യവസ്ഥയാണ് നമ്മുടെയൊക്കെ അയൽക്കാർ .ഇത് എല്ലാവരുടെയും പൊതുബോധത്തെ ബാധിക്കുന്ന കാര്യമാണ്’ അദ്ദേഹം തന്റെ ആശങ്ക വ്യക്തമാക്കി.
തിങ്കളാഴ്ച പബ്ലിഷ് ചെയ്യാനിരിക്കുന്ന പഠനത്തിൽ ” ഇപ്പോൾ യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞ് ഇറങ്ങിവന്ന വിദ്യാർത്ഥികളെ, തൊഴിൽ മേഖലയിലെ അസന്തുലിതാവസ്ഥയും, പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാൻ ആവാത്തതും അത്യധികം മോശമായി ബാധിക്കുന്നുണ്ട്’ എന്നത് വ്യക്തമായി സമർഥിക്കുന്നു.
അതേസമയം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയർ ആയ ആൻഡി ബർഹാം, ഇപ്പോഴും തന്റെ പ്രദേശത്തെ ത്രീ ടയർ നിയന്ത്രണത്തിനു കീഴിൽ ഉൾപ്പെടുത്താൻ വിസമ്മതിക്കുകയാണ്. ജനങ്ങൾക്ക് കൃത്യമായ ബാക്ക് അപ്പ്, അഥവാ സാമ്പത്തിക മേഖലയിലും, തൊഴിലിലും,നിത്യ വൃത്തിയുടെ കാര്യത്തിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ തനിക്ക് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാൻ ആവില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. രണ്ട് ആഴ്ച നീളുന്ന സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ പാലിക്കാൻ പല ജനപ്രതിനിധികൾക്കും ബുദ്ധിമുട്ട് നേരിടുന്ന അവസരത്തിൽ, അവരോടെല്ലാം ഗവൺമെന്റിന്റെ നടപടികളിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.
അതേസമയം നോർഫോക്ക് എംപി ജെറോം ഒപ്പിട്ട കത്തിൽ മാഞ്ചസ്റ്ററിൽ തന്നെ പതിനായിരക്കണക്കിന് തൊഴിലുകളാണ് ഇല്ലാതാകുന്നത് എന്നും ദേശീയവ്യാപകമായ ലോക്ക് ഡൗൺ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധികൾ സൃഷ്ടിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ ഇത്രയധികം പ്രാധാന്യമർഹിക്കുന്ന ഒരു സമയത്ത് ജനപ്രതിനിധികൾ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി മുന്നോട്ടു വരുന്നത് കഷ്ടമാണെന്ന് ശാസ്ത്ര മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലോക്ക് ഡൗൺ, നിർബന്ധം ആകുമ്പോൾ തൊഴിൽ ദാതാക്കൾ സ്ഥാപനങ്ങൾ അടച്ചിടാൻ നിർബന്ധിതരാവുകയാണ്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ചെറുകിട ജീവനക്കാർ ഏറ്റവുമധികം ബുദ്ധിമുട്ടും. ത്രീ ടയർ നിയന്ത്രണങ്ങൾ മൂലം ജോലി നഷ്ടപ്പെട്ടവർക്ക് 80 ശതമാനത്തോളം വേതനം ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ടാക്സി ഡ്രൈവർമാർ സെക്യൂരിറ്റി ജീവനക്കാർ പോലെയുള്ളവർക്കും വരുമാനം ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം തൊഴിൽ മേഖലയിലെ താഴെത്തട്ടിലുള്ള ജീവനക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ലണ്ടനിലെ കോവിഡ് മരണങ്ങൾ43,579 ആയി ഉയർന്നു.ശനിയാഴ്ച മാത്രം 16,171 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സ്വന്തം ലേഖകൻ
ലിവർപൂൾ : ലിവർപൂൾ മേയർ ജോ ആൻഡേഴ്സന്റെ സഹോദരൻ കോവിഡ് ബാധിച്ച് മരണമടഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോട് അടുപ്പിച്ചാണ് അൻഡേഴ്സന്റെ മൂത്ത സഹോദരൻ മരണപ്പെട്ടത്. ട്വീറ്റിൽ വാർത്ത സ്ഥിരീകരിച്ച മേയർ ലിവർപൂൾ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പ്രയത്നങ്ങൾക്ക് നന്ദി പറഞ്ഞു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് വെരി ഹൈ അലേർട്ട് ലെവലിലാണ് ഇപ്പോൾ ലിവർപൂൾ ഉള്ളത്. ജിമ്മുകൾ, ഒഴിവുസമയ കേന്ദ്രങ്ങൾ, ബെറ്റിങ് ഷോപ്പുകൾ, കാസിനോകൾ, ഭക്ഷണം നൽകാത്ത പബ്ബുകൾ എന്നിവ അടയ്ക്കുന്നതിനൊപ്പം നിയമങ്ങൾ പാലിക്കാൻ മേയർ ആളുകളോട് അഭ്യർത്ഥിച്ചു. “ഞങ്ങൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി പരിശ്രമിക്കുന്ന ആശുപത്രി ജീവനക്കാർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു.” സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു.
“”നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. നമുക്ക് ഒരുമിച്ച് നിൽക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ഈ യുദ്ധത്തിൽ വിജയിക്കുകയും ചെയ്യാം.” ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് ലിവർപൂൾ. ചൊവ്വാഴ്ച 3,204 കേസുകളാണ് ലിവർപൂളിൽ രേഖപ്പെടുത്തിയത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് നഗരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ പ്രവർത്തിയെ ഈ ആഴ്ച ആദ്യം ആൻഡേഴ്സൺ വിമർശിച്ചിരുന്നു. ഇതിലൂടെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡോ. ഐഷ വി
കാലം 1976-77. പണിക്കാരൻ നെല്ല് കുതിർത്ത് കിഴി കെട്ടി മുളവന്നപ്പോൾ വയലിൽ വിതയ്ക്കാനായി കൊണ്ടു പോയി. അമ്മാമ അമ്മയോട് പറയുന്നത് കേട്ടു. ഇന്ന് കാക്കയും കിളിയും കൊണ്ടുപോകാതെ നോക്കിയാൽ മുളച്ചു കിട്ടും. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ഒരുങ്ങി എന്നെയും ഒരുക്കി. ഞങ്ങൾ വയലിലേയ്ക്ക് നടന്നു. ഒരു ചാട്ട കൂടി അമ്മ കൈയ്യിലെടുത്തിരുന്നു. ചിരവാ തോട്ടത്തെ വീടിന് കിഴക്കു വശത്തുള്ള പറമ്പിന് നടുവിലൂടെ അമ്മയുടെ അച്ഛൻ വെട്ടിതയ്യാറാക്കിയിരുന്ന വഴിയിലൂടെ ഞാനും അമ്മയും കൂടി നടന്നു. മഠത്തിൽ കുളത്ത് വാതുക്കൽ എത്തിയപ്പോർ വഴിയുടെ വീതി കുറഞ്ഞു. ഞാനും അമ്മയും കൂടി അല്പം വലത്തോട്ട് തിരിഞ്ഞ് വീണ്ടും ഇടത്തോട്ട് കിടന്ന നടന്നു പോകാൻ മാത്രം സൗകര്യമുള്ള വഴിയിലൂടെ വീണ്ടും താഴേയ്ക്ക് കുറച്ചു ദൂരം നടന്നപ്പോൾ വയലിലെത്തി. അന്ന് എല്ലാ വയലിലും കൃഷിയുണ്ടായിരുന്നു. കരഭൂമി കൃഷിയിടങ്ങളായി ഉപയോഗിച്ചിരുന്നത് സമയാ സമയങ്ങളിൽ പല്ലുകളഞ്ഞ് കയ്യാല കോരി മനോഹരമായി ഇട്ടിരുന്നത് പ്രോലെ വയലുകളും മനോഹരമാക്കി ഇട്ടിരുന്നു. . തോട്ടു വരമ്പുകളും ഇട വരമ്പുകളും വയലിലെ ചെളി കൊണ്ടു തന്നെ ബലപ്പെടുത്തി ചെളിയിലിറങ്ങി പുല്ല് പിഴുതു കളഞ്ഞ് മനോഹരമാക്കിയിട്ടിരിയ്ക്കുന്ന വയൽ വരമ്പിലൂടെ ഞങ്ങൾ ഒരു തോട്ടിനടുത്തെത്തി. അമ്മ ചെരിപ്പ് ഊരി കൈയ്യിൽ പിടിച്ചു. അതു കണ്ട് ഞാനും. ഞങ്ങൾ രണ്ടു പേരും കൂടി തോട്ടിലിറങ്ങി മറുകരയിലെത്തി. ഇപ്പോഴാണ് ഞാൻ സ്കൂളിൽ പോകുന്ന വഴിയ്ക്ക് ചിറക്കര വയലിലെ തോട് മുറിച്ച് കടക്കുമ്പോൾ ചെരുപ്പ് ഊരിപ്പോകുന്നതിന് ഒരു പരിഹാരമായത്. കാസർ ഗോഡു നിന്നും ചിറക്കര സ്കൂളിലേയ്ക്ക് മാറിയപ്പോൾ തോട് മുറിച്ച് കടക്കുമ്പോഴൊക്കെ എന്റെ ചെരുപ്പ് ഒഴുക്കു വെള്ളത്തിൽ ഒഴുകി പോവുകയും പിന്നെ അതിന്റെ പുറകേ പോയി പിടിക്കുകയും ചെയ്യുന്നത് എനിക്കൊരു പ്രശ്നമായിരുന്നു. ഇപ്പോൾ അതിന് പരിഹാരമായിരിക്കുന്നു. ചെരുപ്പ് ഊരി കൈയ്യിൽ പിടിക്കുക.
അങ്ങനെ ഞങ്ങൾ വീണ്ടുമൊരു വയൽ വരമ്പിലേയ്ക്ക് തോട്ടു വരമ്പിൽ നിന്നുമിറങ്ങി നടന്ന് വയലിനക്കരെയെത്തി. പ്ലാവറക്കുന്നിന് താഴെ മൂന്ന് വശം കരയും ഒരു വശം തോട്ടു വരമ്പുമായുള്ള കണ്ടമായിരുന്നു അത്. ഒരു കരയിൽ മൺകട്ട കൊണ്ട് നിർമ്മിച്ച ഓല മേഞ്ഞ ഒരു വീടുണ്ടായിരുന്നു. അമ്മ എന്നെ വയലിനരികത്തിരുത്തി. തലയിൽ ഒരു തോർത്ത് കെട്ടിത്തന്നു. കൈയ്യിൽ ഒരു ചാട്ടയും . വിതച്ച നെല്ല് കാക്ക കൊണ്ട് പോകാതെ നോക്കണമെന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. അമ്മ തിരികെ പോയി. ഞാൻ അവിടെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മൺ വീട്ടിൽ നിന്നും എന്റെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ഇറങ്ങി വന്നു. ചോദിച്ചപ്പോൾ ഉളിയനാട് സ്കൂളിൽ നാലാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞു. കക്ഷി തോട്ടു വരമ്പിൽ നിന്ന പൂകൈതയുടെ ഇലയുടെ തുമ്പ് മുറിച്ചെടുത്തു. തുമ്പറ്റം ആ കുട്ടിയുടെ കൈയ്യിൽ പിടിച്ചിട്ട് അല്പം വീതിയുള്ള വശം എന്റെ നേർക്ക് നീട്ടി. പിടിക്കാൻ പറഞ്ഞു. ഞാൻ വീതിയുള്ള വശത്ത് പിടിച്ചപ്പോൾ ഒറ്റവലി. കൈ വിരലുകളിൽ കൈതോലയുടെ മുള്ളുകൊണ്ട് ചെറിയ മുറിവായി. എനിക്ക് ദേഷ്യം വന്നു. കാക്കയെ ഓടിക്കാൻ കൊണ്ടുവന്ന ചാട്ട ഞാനൊന്നു വീശി. പയ്യൻ വീടിനുള്ളിലേയ്ക്ക് വലിഞ്ഞു. കാക്കയോ കിളിയോ നെല്ല് കൊത്തിക്കൊണ്ട് പോകുവാൻ വരുമ്പോൾ ഞാനൊന്ന് ചാട്ടവീശും. അപ്പോൾ പറവകൾ പറപറക്കും. ഇത് ഉച്ചവരെ തുടർന്നു. അമ്മാമയ്ക്ക് കരഭൂമി ഉണ്ടായിരുന്നെങ്കിലും വയൽ ഇല്ലായിരുന്നു. ഈ വയൽ ആരോ ഒരാൾ ഒറ്റികൊടുത്തതാണ്. അങ്ങനെ ഉച്ചയായപ്പോൾ അമ്മയെത്തി. എന്നെയും കൂട്ടി വീട്ടിലേയ്ക്ക് പോയി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്