സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടനിൽ സ്റ്റേറ്റ് പെൻഷൻ ലഭിക്കാനുള്ള പ്രായപരിധി അടുത്ത ആഴ്ച മുതൽ 66 ആയി ഉയർത്തുവാൻ തീരുമാനമായി. നിലവിൽ 65 വയസ്സാണ് പെൻഷൻ ലഭിക്കാനുള്ള പ്രായം ആയി നിശ്ചയിച്ചിരുന്നത്. സമീപഭാവിയിൽ ഇത് വീണ്ടും ഉയർത്തുവാൻ ആലോചിക്കുന്നതായും പെൻഷൻസ് ഡയറക്ടർ സ്റ്റീഫൻ ക്യാമറോൺ അറിയിച്ചു. പത്തുവർഷത്തിനിടയിൽ നിരവധി തവണയാണ് പെൻഷൻ ലഭിക്കുന്ന പ്രായത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. 2010- ൽ സ്ത്രീകൾക്ക് 60 വയസ്സ് മുതലും, പുരുഷന്മാർക്ക് 65 വയസ്സുമുതലും പെൻഷൻ ലഭിക്കാൻ അർഹരായിരുന്നു. 2028 ഓടു കൂടി ഇത് 67 ആക്കാനാണ് തീരുമാനം.
അതോടൊപ്പം തന്നെ പെൻഷൻ തുകയിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പെൻഷനിലൂടെ ലഭിക്കുന്ന തുക കൊണ്ട് മാത്രം റിട്ടയർമെന്റ് ജീവിതം സുഖമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. അതുകൊണ്ട് ജനങ്ങൾ പൂർണമായി പെൻഷനെ തന്നെ ആശ്രയിക്കാതെ, മറ്റ് വരുമാന മാർഗങ്ങൾ കണ്ടുപിടിക്കണമെന്ന് പെൻഷൻസ് ഡയറക്ടർ ഓർമിപ്പിച്ചു. നിലവിൽ പാലിച്ച് വരുന്ന ട്രിപ്പിൾ ലോക്ക് മെക്കാനിസം അനുസരിച്ച്, വർഷാവർഷങ്ങളിൽ പെൻഷൻ തുക വർധിപ്പിക്കുന്ന തരത്തിലാണ് സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നാൽ കോവിഡ് ബാധ മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം പെൻഷൻ കാര്യങ്ങളെ ബാധിക്കുമെന്ന് ഇതുവരെയും സർക്കാർ വ്യക്തമാക്കിയിട്ടില്ല.
സ്വന്തം ലേഖകൻ
21 ഓളം കണ്ടെയ് നറുകളിൽ പരിസ്ഥിതിയും മനുഷ്യനും അത്യധികം ദോഷം വരുത്തി വെക്കുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇറക്കുമതി ചെയ് ത യുകെയിലേക്ക് തന്നെ അതെല്ലാം തിരിച്ചയക്കാനുറച്ച് ശ്രീലങ്കൻ സർക്കാർ. സ്വകാര്യ സ്ഥാപനം യുകെയിൽ നിന്ന് വരുത്തിയ 263 ഓളം കണ്ടെയ് നറുകളിൽ ഹോസ്പിറ്റൽ വേസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്.
ഉപയോഗിച്ച ചവിട്ടികൾ, കയറ്റുപായകൾ, കാർപെറ്റുകൾ എന്നിവയാണ് പൊട്ടൻഷ്യൽ റീസൈക്ലിംങിനായി യഥാർത്ഥത്തിൽ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ലഭിച്ച കണ്ടെയ് നറുകളിൽ ചുരുങ്ങിയ അളവിൽ മാത്രമേ ആവശ്യപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ സാധിച്ചുള്ളൂ. അഴുകുന്ന മാലിന്യങ്ങളും വലിയ അളവിൽ കണ്ടെയ് നറുകളിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. പ്ലാസ്റ്റിക് പോളിത്തീൻ വേസ്റ്റുകളും ഉൾപ്പെട്ടിരുന്നതായി അധികൃതർ പരാതിപ്പെടുന്നു.
2018 തന്നെ ലഭിച്ച വസ്തുക്കളിൽ മാലിന്യങ്ങളാണ് കൂടുതൽ എന്ന് തിരിച്ചറിഞ്ഞപ്പോൾ ശ്രീലങ്ക കണ്ടെയ് നറുകൾ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ചയോടുകൂടി 21 കണ്ടെയ് നറുകൾ കപ്പലിൽ അയച്ചിട്ടുണ്ട്. അതേസമയം ഹസാർഡിയസ് വേസ്റ്റ് ആൻഡ് ഡിസ്പോസൽ – അന്താരാഷ്ട്രതലത്തിലും യൂറോപ്യൻ യൂണിയൻ നിയമങ്ങളും മുറിവേറ്റിരിക്കുകയാണെന്ന് കസ്റ്റംസ് സ്പോക്സ് പേഴ്സൺ ആയ സുനിൽ ജയ് രത്ന പറഞ്ഞു.
അതേസമയം നിയമലംഘനം നടന്നിട്ടുള്ള വേസ്റ്റ് കയറ്റുമതികളെ പറ്റി അന്വേഷിച്ചു പരിഹാരമുണ്ടാകുമെന്ന് ഇംഗ്ലണ്ട് പരിസ്ഥിതി ഏജൻസി അറിയിച്ചു. ” അന്വേഷണത്തിനായി കൂടുതൽ വിവരങ്ങൾ നൽകാൻ ശ്രീലങ്കൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ വക്താവ് മറുപടി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത മാലിന്യങ്ങൾ തിരിച്ചയക്കാൻ ഒരുങ്ങുകയാണ് മറ്റു മിക്ക രാജ്യങ്ങളും. ജനുവരിയിൽ മലേഷ്യ 42 ഓളം ഷിപ്പിംഗ് കണ്ടെയ്നറുകൾ യുകെയ്ക്ക് മടക്കി അയച്ചിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ 40 ലക്ഷം തൊഴിലാളികൾക്ക് സെൽഫ് ഐസൊലേഷൻ ഗ്രാന്റിനായി ഇന്ന് മുതൽ അപേക്ഷിക്കാൻ കഴിയും. രണ്ടാഴ് ചത്തേക്ക് സ്വയം ഒറ്റപ്പെടാൻ സാധിക്കാത്ത, കുറഞ്ഞ വരുമാനമുള്ള ജീവനക്കാർക്ക് സാമ്പത്തിക സഹായം നൽകാമെന്ന പ്രതീക്ഷയിലാണ് നിലവിൽ ഇംഗ്ലണ്ടിൽ മാത്രമായി ഈ ഗ്രാന്റ് അവതരിപ്പിച്ചത്. രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് 10,000 പൗണ്ട് പിഴ ഈടാക്കുമെന്ന പുതിയ നടപടി സ്വീകരിച്ച സമയത്ത് തന്നെ ക്വാറന്റൈനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് 500 പൗണ്ട് ആനുകൂല്യം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിലെ നാല്പത് ലക്ഷത്തിൽ താഴെ വരുന്ന ആളുകൾക്ക് മാത്രമെ ഇതിനപേക്ഷിക്കാൻ യോഗ്യത ഉള്ളൂ എന്നും സർക്കാർ അറിയിച്ചു. യൂണിവേഴ് സൽ ക്രെഡിറ്റ്, വർക്കിംഗ് ടാക് സ് ക്രെഡിറ്റ്, പെൻഷൻ ക്രെഡിറ്റ്, വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ, പിന്തുണ അലവൻസ്, ഭവന ആനുകൂല്യം, വരുമാന പിന്തുണ, ജോബ് സീക്കർ അലവൻസ് തുടങ്ങിയവ ലഭിക്കുന്നുണ്ടെങ്കിൽ ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാം. ഒപ്പം കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയില്ല. എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസ് ആപ്ളിക്കേഷൻ വഴി ക്വാറന്റൈനിൽ കഴിയാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ മാത്രമെ ആനുകൂല്യത്തിന് അർഹതയുള്ളൂ. സെപ്റ്റംബർ 28 മുതൽ ക്വാറന്റൈനിൽ കഴിയാൻ ആരംഭിക്കുന്ന ആർക്കും പേയ്‌മെന്റുകൾ ലഭ്യമാകും. എന്നാൽ ഒക്ടോബർ 12 നകം മാത്രമേ ഇത് പൂർണമായും പ്രവർത്തനക്ഷമമായേക്കൂ എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
സെപ്റ്റംബർ 28 മുതൽ സ്വയം ഒറ്റപ്പെടാൻ തുടങ്ങുന്ന ആർക്കും അവരുടെ പ്രദേശത്ത് പദ്ധതി പ്രാബല്യത്തിൽ വന്നതിനുശേഷം ഒരു ബാക്ക്ഡേറ്റഡ് പേയ്‌മെന്റ് ലഭിക്കും. ഈ ആനുകൂല്യത്തിനായി ഫോണിലൂടെയോ ഓൺലൈൻ വഴിയോ അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ പ്രാദേശിക കൗൺസിലിനാണ് ആവശ്യമായ തെളിവുകൾ സമർപ്പിക്കേണ്ടത്. കൗൺസിലുകൾ പേയ്‌മെന്റുകൾ വിതരണം ചെയ്യുകയും സിസ്റ്റം നിയന്ത്രിക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. കൗൺസിലുകൾക്ക് അവരുടെ ചെലവുകൾ കേന്ദ്രസർക്കാർ നൽകും.
നിങ്ങൾ അപേക്ഷിക്കുമ്പോൾ നാല് തെളിവുകൾ കാണിക്കേണ്ടതുണ്ടെന്ന് സർക്കാർ പറയുന്നു;
• നിങ്ങളോട് സെൽഫ് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ട് ടെസ്റ്റ് ആൻഡ് ട്രേസിൽ നിന്നും വന്ന നോട്ടിഫിക്കേഷൻ ( ഐഡി നമ്പർ ഉൾപ്പടെ )
• ബാങ്ക് സ്റ്റേറ്റ് മെന്റ്
• തൊഴിൽ ചെയ്യുന്നുണ്ടെന്ന തെളിവുകൾ
• നിങ്ങൾക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളുടെ തൊഴിലുടമയിൽ നിന്നുള്ള സ്ഥിരീകരണം. നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്നയാളാണെങ്കിൽ, സ്വയം വിലയിരുത്തലിന്റെ തെളിവുകൾ.
ആഴ്ചയിൽ 95.85 പൗണ്ടിന്റെ ചികിത്സാ ആനുകൂല്യത്തിന് പുറമെയാണ് ഈ സഹായം സർക്കാർ ഒരുക്കുന്നത്. ഈ തുക പര്യാപ് തമല്ലെന്ന് യൂണിയനുകളും ലേബർ പാർട്ടിയും മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പദ്ധതി ഇപ്പോൾ ഇംഗ്ലണ്ടിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും നിശ്ചിത തീയതി നൽകിയിട്ടില്ല.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ ആഴ് ചയിലെ കണക്കുകൾ ഗണ്യമായി ഉയർന്നെങ്കിലും വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞത് രാജ്യത്തിന് ആശ്വാസം നൽകുന്നു. ഇന്നലെ 5,693 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച ഇത് 6,042 ആയിരുന്നു. കഴിഞ്ഞാഴ്ച്ചയിലെ അഞ്ചു ദിവസവും കേസുകൾ ഉയർന്നുകൊണ്ടിരുന്നപ്പോൾ ഈ ഇടിവ് അല് പം ആശ്വാസം നൽകുന്നതാണ്. എങ്കിലും കഴിഞ്ഞ ശനി, ഞായർ കണക്കുകൾ പരിശോധിച്ചാൽ രോഗവ്യാപനം ഉയർന്നതായി വ്യക്തമാണ്. രോഗം ബാധിച്ച് 28 ദിവസത്തിനുള്ളിൽ 17 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 41,988 ആയി ഉയർന്നു. യുകെയുടെ സ്റ്റാറ്റിസ്റ്റിക് സ് ഏജൻസികൾ പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകൾ കാണിക്കുന്നത് 57,600 കോവിഡ് മരണങ്ങൾ യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്. രോഗം രൂക്ഷമായ ഏപ്രിൽ, മെയ് മാസങ്ങളിൽ ഒരു ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ ഉണ്ടായിരുന്നതായി ഇംപീരിയൽ കോളേജ് ഗവേഷകർ അഭിപ്രായപ്പെട്ടു.
വൈറസിന്റെ വ്യാപനം തടയാൻ രൂപകൽപ്പന ചെയ് തിരിക്കുന്ന കോവിഡ് -19 “ടെസ്റ്റ് ആൻഡ് ട്രേസ്” സ് മാർട്ട്‌ഫോൺ ആപ്ളിക്കേഷൻ രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഒരു കോടിയിലധികം ആളുകൾ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്തതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഞായറാഴ്ച്ച പറഞ്ഞു. ആപ്പിൽ നേരിട്ട പ്രശ്നം പരിഹരിച്ചതായി മന്ത്രിമാർ അറിയിച്ചു. രാജ്യത്തിലെ ജനസംഖ്യയുടെ നാലിലൊന്നിൽ കൂടുതൽ ആളുകൾ ഇപ്പോൾ പലവിധ നിയന്ത്രണങ്ങൾക്ക് കീഴിലാണ് ജീവിക്കുന്നത്.
അന്താരാഷ്ട്ര സമൂഹ സങ്കൽപം ഒൻപത് മാസത്തെ പകർച്ചവ്യാധി തകിടം മറിച്ചതായി ഐക്യരാഷ്ട്ര പൊതുസഭയിൽ മുൻകൂട്ടി രേഖപ്പെടുത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യങ്ങളുടെ മരണനിരക്ക് താരതമ്യപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. കൊറോണയ്‌ക്കെതിരെ പോരാടാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും വലിയ ദുരന്തത്തിലേക്ക് നീങ്ങാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. യുകെയിലെ കൊറോണ വൈറസ് മരണങ്ങൾ യൂറോപ്പിലെ ഏറ്റവും ഉയർന്നതും ലോകത്തിലെ അഞ്ചാമത്തെ വലിയ മരണസംഖ്യയുമാണ്.
സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടനും, യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളായിരിക്കെ, തിങ്കളാഴ്ച മുതൽ വീണ്ടും ചർച്ചകൾ ആരംഭിക്കാൻ തീരുമാനം. നിലവിലുള്ള ബ്രെക് സിറ്റ് സംബന്ധിച്ച കരാറിൽ ഒരുതരത്തിലുള്ള മാറ്റം വരുത്താനും യൂറോപ്യൻ യൂണിയൻ തയ്യാറാവുകയില്ല എന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നോർത്തേൺ അയർലൻഡിനെ സംബന്ധിച്ച കരാറിലെ ചില വ്യവസ്ഥകളിൽ നിന്നും ബ്രിട്ടൺ വ്യതിചലിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.ഇന്റെർണൽ മാർക്കറ്റ് ബിൽ നടപ്പിലാക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനം അനുചിതമാണെന്ന് ജർമ്മൻ മന്ത്രി മൈക്കൽ റോത് ഈ ആഴ്ചയുടെ തുടക്കത്തിൽ പ്രസ്താവിച്ചിരുന്നു. ചർച്ചകളിലൂടെ നിലവിലുള്ള എല്ലാ പ്രശ് നങ്ങളെയും പരിഹരിക്കാനും ബ്രിട്ടൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടൻ പാസാക്കാൻ തീരുമാനിച്ചിരിക്കുന്ന ഇന്റെർണൽ മാർക്കറ്റ് ബിൽ നിലവിലുള്ള ബ്രെക് സിറ്റ് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. എന്നാൽ യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടായില്ലെങ്കിൽ, ബ്രിട്ടണിലെ പലചരക്ക് വ്യാപാരികൾക്കും, ഉപഭോക്താക്കൾക്കും 3.1 ബില്യൺ പൗണ്ടിന്റെ താരിഫ് ബിൽ ഓരോ വർഷവും നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് റീട്ടെയ്‌ൽ കൺസോർഷ്യം മുന്നറിയിപ്പുനൽകി. പുതിയൊരു കരാർ ഉണ്ടായില്ലെങ്കിൽ, 2021 ജനുവരി മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ് തുക്കൾക്ക് ഇരട്ടി താരിഫ് ആണ് ബ്രിട്ടീഷ് ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടായില്ലെങ്കിൽ, അത് ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. യൂറോപ്പിലുള്ള പല ബാങ്കുകളും ബ്രിട്ടനിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ ഡിസംബർ 31 ഓടുകൂടി നിർത്തലാക്കുമെന്ന മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതേ പോലെ തന്നെ ബ്രിട്ടനിലുള്ള ബാങ്കുകളും യൂറോപ്പിൽ താമസിക്കുന്നവർക്ക് തങ്ങളുടെ സേവനങ്ങൾ നിർത്തലാക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സമാധാന ചർച്ചകൾ നടക്കാനിരിക്കെ എന്ത് നിലപാടാണ് ബ്രിട്ടൻ സ്വീകരിക്കുക എന്നത് ആശങ്കാജനകമാണ്.
സ്വന്തം ലേഖകൻ
ജന്മനാ അന്ധതയെന്ന ഇരുൾ പാട കണ്ണുകളെ മൂടിയ ടോയൽ ഇന്ന് ലോകത്തിനു മുഴുവൻ വെളിച്ചം പകരാൻ ഉള്ള ശ്രമത്തിലാണ്. തന്റെ ആറാം വയസ്സിൽ യുകെയിലെത്തിയ ടോയൽ പരിമിതികളെ തന്നെ ആയുധമായി കണ്ട് ഉറച്ച നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന വ്യക്തിയാണ്. ഇരട്ട സഹോദരനും കുടുംബാംഗങ്ങളും ആണ് വിജയവഴിയിൽ ടോയലിനു കൈത്താങ്ങ്.
മാഞ്ചസ്റ്ററിന് അടുത്തുള്ള വിഗണിൽ ആണ് ഈ മിടുക്കന്റെ താമസം. ഷാജു ആനി ദമ്പതിമാരുടെ മകനാണ്. 2014ൽ ജി സി എസ് ഇ പരീക്ഷയിൽ വൻ വിജയം നേടിയ ടോയൽ അന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ജി സി എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ വാങ്ങിയാണ് ടോയൽ ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിൽ അഡ് മിഷൻ നേടിയത്. അന്ന് ലിവർപൂളിൽ എ സി എ എൽന്റെ നേതൃത്വത്തിൽ ടോയലിനു സ്വീകരണം നൽകിയിരുന്നു. അന്നത്തെ വാൾട്ടൻ എംപി ആയിരുന്ന സ്റ്റീവ് റോതറാം ആണ് ടോയലിനു മെമെന്റോ സമ്മാനിച്ചത്. 6 വയസ്സു മുതൽ യുകെയിൽ ടോയലിൻെറ കഴിവുകൾക്ക് അനുസൃതമായ പരിഗണന ലഭിക്കുന്നുണ്ടായിരുന്നു.
ഏറ്റവും മികച്ച രീതിയിൽ ലോകത്തെ സേവിക്കാനുതകണമെന്നാണ് ടോയലിന്റെ ആഗ്രഹം. അതിനുള്ള ആദ്യ ചവിട്ടുപടിയായി ഗവൺമെന്റ് ലീഗൽ അഡ്വൈസർ ജോലി ആരംഭിച്ചുകഴിഞ്ഞു. നിയമത്തിൽ പിഎച്ച്ഡി നേടണം എന്നതാണ് അടുത്ത ലക്ഷ്യം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : നേഴ് സുമാരും ഡോക് ടർമാരും ഉൾപ്പെടുന്ന അതുരസേവന വിഭാഗത്തിന് ആദരവൊരുക്കുകയാണ് എലിസബത്ത് രാജ്ഞി. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്ക് രാജ്ഞിയുടെ ജന്മദിനത്തിൽ പ്രത്യേക ആദരവ് ഒരുക്കും. ബ്രിട്ടന്റെ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്നതിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് പടർന്നുപിടിച്ച സമയം മുതൽ വലിയ ദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിവിടാതെ പ്രതിരോധിച്ച് നിർത്തിയത് അവരുടെ കഴിവാണ്. അതിൽ തന്നെ മലയാളികളായ ആരോഗ്യപ്രവർത്തകർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ മികച്ച സംഭാവന നൽകിയവരെ അടുത്ത മാസം നടക്കുന്ന രാജ്ഞിയുടെ ജന്മദിനാഘോഷത്തിൽ ആദരിക്കും. ക്വീൻസ് ബർത്ത്ഡേ ഹോണെർസ് ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തുന്നതാണ്. ഒക്ടോബർ 10ന് നടക്കുന്ന ചടങ്ങിൽ പ്രവാസി മലയാളികൾക്ക് അഭിമാനിക്കാനുള്ള വക ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്ഞിയുടെ അംഗീകാരത്തെത്തുടർന്ന് ആരോഗ്യ രംഗത്തെ പ്രഗത്ഭരെ അടുത്ത മാസം ആദരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് ഇന്നലെ അറിയിച്ചിരുന്നു.
ക്യാപ്റ്റൻ സർ ടോം മൂറിനെപ്പോലെയുള്ളവർ പട്ടികയിൽ ഇടം നേടും. കൊറോണ വൈറസ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. “വൈറസ് നിയന്ത്രിക്കുന്നതിനും എൻഎച്ച്‌എസിനെ സംരക്ഷിക്കുന്നതിനും ഈ ശൈത്യകാലത്ത് ജീവൻ രക്ഷിക്കുവാനും അവർ ശ്രമിക്കുകയാണ്. അവർ നൽകിയ മഹത്തായ സംഭാവനകൾ തിരിച്ചറിയേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.2020 ലെ രാജ്ഞിയുടെ ജന്മദിന ബഹുമതികൾ ഒരു രാഷ്ട്രമെന്ന നിലയിൽ അവർക്ക് നന്ദി പറയാൻ കഴിയുന്ന നിരവധി അവസരങ്ങളിൽ ആദ്യത്തേതായിരിക്കുമെന്നും ജോൺസൻ അറിയിച്ചു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പിപിഇ കിറ്റിന്റെ ക്ഷാമവും മറ്റും അവരെ വല്ലാതെ വലയ്ക്കുകയുണ്ടായി. എങ്കിലും മറ്റു പല രാജ്യങ്ങൾ ഇപ്പോൾ നേരിടുന്നതുപോലെയുള്ള ദുരന്തം ബ്രിട്ടനിൽ നിന്ന് ഒഴിവായത് ഡോക്ടർമാരുടെയും നേഴ് സുമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ്. പലർക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും ഇപ്പോൾ ഒരുക്കുന്ന ഈ ആദരവ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുമെന്നുറപ്പാണ്. അതേസമയം യുകെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പാതയിലാണെന്ന് ജോൺസൻ മുന്നറിയിപ്പ് നൽകി. കോവിഡ് നിയമങ്ങൾ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ തുടർന്ന് ടോറി എംപിമാർ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം ഉയർത്തുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇന്നു മുതൽ നിലവിൽ വരുന്ന കടുത്ത നിയന്ത്രണങ്ങൾ യുകെയിലെ മുക്കാൽ ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളെയും പൗരന്മാരെയും ബാധിച്ചേക്കും. ശനിയാഴ്ച മുതൽ ഇംഗ്ലണ്ട് ലീഡ് വിഗാൻ, സ്റ്റോക്ക് പോർട്ട്, ബ്ലാക്ക് പൂൾ എന്നിവിടങ്ങളിൽ ഒരുമിച്ചു താമസിക്കുന്ന കുടുംബങ്ങൾ തമ്മിലോ, വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളിൽ പോലും ഒത്തുകൂടൽ പാടില്ല എന്നാണ് പുതിയ നിർദ്ദേശം. വെയിൽസ്, കാർഡിഫ്, സ്വാൻഷീ എന്നിവിടങ്ങളിൽ ഞായറാഴ്ചമുതൽ നിയന്ത്രണം വരും. വൈറസ് വ്യാപനം കൂടുതലായ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ യുകെയിൽ 6,042 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 28 ദിവസങ്ങൾക്കുള്ളിൽ 34 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ നിയമങ്ങൾ കർശനമാക്കാനാണ് തീരുമാനം.
തുടർച്ചയായ നാലാം ദിനമാണ് യുകെയിൽ കേസുകൾ ആറായിരത്തിന് മുകളിൽ വർദ്ധിക്കുന്നത്. സ്കോട്ട്‌ലൻഡിൽ ശനിയാഴ്ച മാത്രം 714 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ പ്രതിദിനം 319 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഒരേ ഇടങ്ങളിൽ താമസിക്കുന്നവർ തൊട്ടടുത്ത വീട്ടുകാരെ പോലും സന്ദർശിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. ആർ നമ്പർ 1.2 നും 1.5 ഇടയിലാണ് എന്നത് ആശങ്ക വർധിക്കുന്നു. ആർ നമ്പർ ഒന്നിനു മുകളിൽ വരുന്നത് സമൂഹ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.
ഐസിയുവിലും, ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനെ തുടർന്ന് തലസ്ഥാനത്ത് കൊറോണ വൈറസിന് നിയന്ത്രണവിധേയമാക്കാൻ ചടുലമായ നടപടികൾ ആവശ്യമാണെന്ന് മേയർ സാദിഖ് ഖാൻ പറയുന്നു. ആറു മണി ആകുമ്പോൾ പബ്ബുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ അടയ്ക്കണം എന്നാണ് നിർദേശം. ഒരേ പ്രദേശങ്ങളിൽ, അഥവാ ഒരേ ഹൗസ് ഹോൾഡുകളിൽ താമസിക്കുന്നവർ പോലും തമ്മിലിടകലരാൻ പാടില്ല. 17 മില്യണോളം ജനങ്ങളാണ് കടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ജീവിക്കേണ്ടത്. ആരോഗ്യമന്ത്രി വൗഗൻ ഗെതിങ് പറയുന്നത് പബ്ബുകളെക്കാൾ അധികമായി വീടുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്നാണ്.
അതേ സമയം യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ഹാളുകളിൽ സെൽഫ് ഐസലേഷൻ നടത്തണമെന്ന നിർദ്ദേശത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ 1700 ഓളം വരുന്ന വിദ്യാർത്ഥികളിൽ രണ്ടാഴ്ചയോളം സെൽഫ് ഐസലേഷൻ നടത്താനാണ് നിർദ്ദേശം. എന്നാൽ ശ്രദ്ധിക്കാൻ ആളില്ലാതെ തങ്ങളെ ഈ വിധം ഒറ്റപ്പെടുത്തുന്നതിലാണ് വിദ്യാർത്ഥികൾക്ക് അമർഷം.
കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണത്തിനും, മറ്റു പരീക്ഷണങ്ങൾക്കും ആയി 500 മില്യണോളം പൗണ്ട് വകയിരുത്തിയിട്ടുണ്ട്. ചെറിയ കുട്ടികളിൽ കോവിഡ് ടെസ്റ്റ് നടത്തണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട് എങ്കിലും ഒരു ശതമാനത്തോളം കുഞ്ഞുങ്ങളിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നത് ആശാവഹമാണ്.
സ്വന്തം ലേഖകൻ
യു കെ :- ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ആൻകോർട്സിൽ നിന്നുള്ള സെയിൽസ് മാനേജർ ആയ 29 കാരൻ കൊറോണ രോഗബാധയുടെ തുടക്കത്തിൽ രോഗത്തെ പുച്ഛിച്ച് തള്ളുകയായിരുന്നു. തനിക്ക് രോഗം വരത്തില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. എന്നാൽ ഇപ്പോൾ ഇദ്ദേഹം രോഗം ബാധിച്ച് ആശുപത്രികിടക്കയിൽ അത്യാസന്നനിലയിൽ ആണ്. ഓക്സിജൻ മാസ്ക് ഉപയോഗിച്ച് മാത്രമാണ് ക്രിസ് ഗെയ്‌ലി എന്ന ഈ ഇരുപത്തൊമ്പതുകാരൻ ഇപ്പോൾ ശ്വസിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. യുവാക്കൾക്ക് മുന്നറിയിപ്പു നൽകുന്ന ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരിക്കുകയാണ്. രോഗത്തിന്റെ അപകടഭീഷണികളെ സംബന്ധിച്ചും, എടുക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന് നൽകിയ വീഡിയോയിൽ, തനിക്ക് രോഗം വരത്തില്ല എന്ന ആത്മവിശ്വാസം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാസ്കോ മറ്റു സുരക്ഷാ ഉപകരണങ്ങളോ ഒന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. തനിക്ക് രോഗം ബാധിച്ചപ്പോഴാണ് രോഗത്തിൻെറ ഗുരുതര അവസ്ഥകൾ മനസ്സിലായത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഇന്റെൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ഇദ്ദേഹം രക്ഷപ്പെടുമോ എന്ന ആശങ്ക ഡോക്ടർമാർക്ക് ഉണ്ട്.
കാനറി അയ് ലൻഡിൽ അവധി ആഘോഷിക്കാൻ പോയ സമയത്താണ് അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ടെസ്റ്റിന് വിധേയമാക്കിയ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തനിക്ക് മറ്റ് രോഗാവസ്ഥകൾ ഒന്നും തന്നെ ഇല്ലാതിരിക്കെ, ഏറ്റവും മോശമായ അവസ്ഥയിലേക്ക് ആണ് തന്റെ ആരോഗ്യസ്ഥിതി പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശം ആണ് ഈ വീഡിയോയിലൂടെ അദ്ദേഹം നൽകുന്നത്.