ന്യൂസ് ഡെസ്ക് , മലയാളം യുകെ
വർദ്ധിച്ചുവരുന്ന കൊറോണാ വൈറസ് വ്യാപന ഭീതിയിൽ യുകെയിൽ ഉടനീളം ദശലക്ഷക്കണക്കിന് ജനങ്ങൾ വരും ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളുടെ കീഴിലാകും. നാളെമുതൽ ഇംഗ്ലണ്ടിലെ 38 ദശലക്ഷം ജനങ്ങളാണ് ടയർ – 3 നിയന്ത്രണങ്ങളിലാകുന്നത്. വടക്കൻ അയർലൻഡിൽ ഡിസംബർ 26 മുതൽ 6 ആഴ്ചത്തെ ലോക്ക്ഡൗൺ ആയിരിക്കും. മാർച്ചിലെ പൂർണ്ണമായ അടച്ചിടലിന് സമാനമായ സാഹചര്യമാണ് വടക്കൻ അയർലൻഡിൽ വരാൻ പോകുന്നത്.

ടയർ സംവിധാനം ഫലപ്രദമാണെന്നും എന്നാൽ ആവശ്യമായി വന്നാൽ ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗണിൻെറ സാധ്യത തള്ളിക്കളയാനാവുകയില്ലെന്നുമാണ് മന്ത്രി നിക്ക് ഗിബ്ബ് പ്രതികരിച്ചത്. വൈറസിൻെറ പിടിയിൽനിന്ന് രക്ഷനേടാൻ പൂർണ്ണ ലോക്ഡൗൺ ഉൾപ്പെടെയുള്ള എന്ത് കടുത്ത നടപടികളും സ്വീകരിക്കണമെന്നാണ് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനിലെ ഡോ. കാതറിൻ ഹെൻഡേഴ്സൺ അഭിപ്രായപ്പെട്ടത്.

ഡിസംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഇളവ് വരുത്തുകയും മൂന്നോളം കുടുംബങ്ങൾക്ക് ഒരു വീട്ടിൽ ഒത്തുചേരാനും, ഓവർ നൈറ്റ് ചിലവഴിക്കാനുമുള്ള അനുവാദം ബ്രിട്ടീഷ് സർക്കാർ നൽകിയതിനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നാഷണൽ ഹെൽത്ത് സർവീസ് നടത്തിയത് മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്തുമസ് സമയത്തെ കൂടിച്ചേരലുകളിൽ പതിയിരിക്കുന്ന അപകട സാധ്യതയെ കുറിച്ച് പൊതുജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ എൻഎച്ച്എസ് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് കാലത്ത് ഒത്തുചേരലുകൾക്ക് പദ്ധതിയിടുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്ന സന്ദേശം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ഫലത്തിൽ ക്രിസ്മസ് കാലയളവിലെ പുനസമാഗമവും ഒത്തുചേരലുകളും പരമാവധി ഒഴിവാക്കാനുള്ള സന്ദേശമാണ് രാഷ്ട്രീയനേതൃത്വവും ആരോഗ്യ വിദഗ്ധരും നൽകുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്. ഈ വർഷം യുകെ സമ്പദ്‌വ്യവസ്ഥ 11.3 ശതമാനം കുറയുമെന്ന് ഓഫീസ് ഫോർ ബജറ്ററി റെസ്പോൺസിബിലിറ്റി പ്രവചിച്ചു. 300 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. തൊഴിലില്ലായ്മ 9.7 ശതമാനമായി ഉയരുമെന്നും അവർ വ്യക്തമാക്കി. പുതിയ കൊറോണ വൈറസ് വാക്സിനുകൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉത്തമമാണെന്നും എന്നാൽ അടുത്തയിടെ കേസുകൾ കുതിച്ചുയരുന്നത് വീണ്ടെടുക്കലിനെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിലെ യുകെ-ഇയു വ്യാപാര ബന്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്.

സമ്പദ്‌വ്യവസ്ഥയുടെ ഉയിർത്തെഴുന്നേൽപ്പ് അനിശ്ചിതത്ത്വത്തിലാണെന്ന് ബാങ്ക് അറിയിച്ചു. “ഇത് പകർച്ചവ്യാധിയുടെ പരിണാമത്തെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളെയും യൂറോപ്യൻ യൂണിയനും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളുടെ സ്വഭാവത്തെയും പരിവർത്തനത്തെയും ആശ്രയിച്ചിരിക്കുന്നു.” ബാങ്ക് കൂട്ടിച്ചേർത്തു. ചില കോവിഡ് വാക്സിനുകൾ വിജയകരമായി പരീക്ഷിച്ചുനോക്കുന്നതും അടുത്ത വർഷം അവ പുറത്തിറക്കുന്നതും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാവുന്ന അപകടങ്ങൾ കുറയ്ക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ 2 ശതമാനത്തെക്കാൾ വളരെ താഴെയാണ്. എന്നാൽ, കരാറില്ലാത്ത ബ്രെക്സിറ്റ് സ്റ്റെർലിംഗ് കുത്തനെ ഇടിയാൻ കാരണമായാൽ, ഇറക്കുമതിയുടെ വില കുതിച്ചുയരുന്നതോടൊപ്പം പണപ്പെരുപ്പം 2 ശതമാനത്തിന് മുകളിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021 ന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതിന്റെ വേഗതയിൽ മാറ്റമില്ലാതെ തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞു. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയെ തുടർന്ന് ഹൗസിംഗ് മാർക്കറ്റിൽ വൻ തകർച്ചയാണ് പ്രതീക്ഷിക്കുന്നത്
റ്റിജി തോമസ്
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും പ്രവചനാതീതമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതായി എന്ന് പറയുന്നതാവും ശരി. തങ്ങളുടെ പ്രതീക്ഷയെക്കാൾ ഉപരിയായി ഉള്ള വിജയത്തിലൂടെ തിളക്കമാർന്ന് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു. വിവാദങ്ങളുടെ തേരിലേറി വിജയം കൊതിച്ച വലതു മുന്നണി നേതൃത്വം ഏറ്റുവാങ്ങിയ തോൽവി യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കി എന്ന് അവരുടെ നേതാക്കൾ അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലത്തിൻെറ പേരിൽ നേതൃമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിലേയ്ക്ക് പരാതികൾ പോയി കഴിഞ്ഞു.
സിപിഎം നേതൃത്വം നൽകുന്ന ഗവൺമെൻറിനെതിരെ വിവാദങ്ങളും അന്വേഷണ ഏജൻസികളുടെ വരിഞ്ഞുമുറുക്കലുകളും പ്രതിപക്ഷ പാർട്ടികളുടെ സമരഘോഷവും എല്ലാം ഉണ്ടായെങ്കിലും ജനങ്ങൾ ഇടതുപക്ഷം ശരിപക്ഷം എന്ന് കരുതുവാൻ എന്താകും കാരണം? സമാനമായ വിവാദങ്ങളുടെ പെരുമഴയിൽ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ യുഡിഎഫ് തകർന്നടിഞ്ഞതിന് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചതാണ്. കഥാപാത്രങ്ങൾ മാറിയെങ്കിലും കഥയും തിരക്കഥയും ഏകദേശം സമാനസ്വഭാവമുള്ളത് തന്നെയായിരുന്നു. എന്നാൽ കേരളജനത വിവാദങ്ങളും പത്രവാർത്തകളും ചാനൽ ചർച്ചകൾക്കും അപ്പുറം ഇടതുപക്ഷത്തോടൊപ്പം നിന്നു. വിജയത്തിൻറെ ഒന്നാമത്തെ ക്രെഡിറ്റ് ബൂത്ത് തലം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളുമായി സംവേദിച്ച ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്ക് അവകാശപ്പെടാൻ ഉള്ളത് തന്നെയാണ്. കാരണം രാഷ്ട്രീയത്തിനപ്പുറം സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങൾ ജയപരാജയങ്ങൾ നിർണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായുള്ള ഇഴയടുപ്പവും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടലുകളും എൽഡിഎഫ് നടത്തിയത് ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്.
വലതുപക്ഷ മുന്നണിയുടെ പല സ്ഥാനാർഥികളും ജനങ്ങൾക്ക് അന്യരായിരുന്നു എന്ന യാഥാർത്ഥ്യം തോൽവിയിലേയ്ക്ക് വഴിതെളിയിച്ചു എന്ന് പറയേണ്ടിവരും. സ്ഥാനാർഥിയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി വീടുകളിൽ ചെന്ന് വോട്ടർപട്ടികയിൽ സമ്മതിദായകരുടെ പേര് തപ്പി വശം കെടുന്ന കാഴ്ചയിൽ നിന്ന് യുഡിഎഫിന് ഈ പ്രാവശ്യവും കരകയറാനാവത്തത് തോൽവിയുടെ ആക്കംകൂട്ടി. കേരള കോൺഗ്രസ് തർക്കം യുഡിഎഫിൻെറ കെട്ടുറപ്പിനെ ബാധിക്കാതെ നോക്കേണ്ട ചുമതല മുന്നണി നേതൃത്വത്തിനുണ്ടായിരുന്നു. നിയമസഭ സീറ്റ് മോഹികളായ ചില കോൺഗ്രസ് നേതാക്കളുടെ ചരടുവലികളാണ് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പേരിൽ ജോസ് വിഭാഗത്തെ മുന്നണിക്ക് വെളിയിലാക്കിയത് എന്നത് വരും കാലങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നീറി പിടിക്കുന്ന വിഷയമായി തീരാം. അതോടൊപ്പം ജോസ് വിഭാഗത്തെ പുറംതള്ളുന്നതുകൊണ്ട് കോൺഗ്രസിലെ എ വിഭാഗത്തിൻെറ സീറ്റുകളുടെ എണ്ണം കുറച്ച് ദുർബലമാക്കാനുള്ള ചരടുവലികളും ഗ്രൂപ്പ് പോരിൻെറ ഭാഗമായി ഉണ്ടായി എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തങ്ങളുടെ സീറ്റുകൾ കുറയാൻ കാരണം കോൺഗ്രസുകാർ കാലുവാരിയതാണെന്ന ആക്ഷേപം പിജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു.സ്വാർത്ഥ താൽപര്യത്തിനായി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തന രീതിയിലൂടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രീയ ആത്മഹത്യയിലേക്ക് യുഡിഎഫ് പോകുന്നുണ്ടോ എന്ന് മുന്നണിയെ നയിക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രത്തിലെ ഭരണകക്ഷി നയിക്കുന്ന എൻഡിഎ മുന്നണിക്ക് അവരുടെ ദേശീയതലത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പേരിൽ കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പും തെളിയിച്ചിരിക്കുന്നു. ബിജെപി മുന്നണിയിലെ തല മുതിർന്ന പല നേതാക്കളെയും നിഷ്കരുണം പരാജയപ്പെടുത്തുക വഴിയായി എൻഡിഎ മുന്നണിക്ക് വ്യക്തമായ സൂചനകൾ നൽകാൻ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾക്കായി. നേതൃതലത്തിലെ അസ്വാരസ്യങ്ങൾ എൻഡിഎയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
കിഴക്കമ്പലം മോഡൽ ട്വൻറി -20 യുടെ വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായി. രാഷ്ട്രീയത്തിനതീതമായി വികസന കുതിപ്പിനെ ജനങ്ങൾ പിന്തുണച്ചു എന്നുവേണം കരുതാൻ. സമൂഹ മാധ്യമത്തിലൂടെയും മറ്റ് സാധ്യമായ രീതിയിലും തങ്ങൾ നടപ്പിലാക്കിയതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവേദിക്കാൻ ട്വൻറി-20യ്ക്ക് കഴിഞ്ഞത് അവരുടെ വിജയത്തിന് കാരണമായി. ഇരുമുന്നണികളും ഒന്നിച്ച് എതിർത്തിട്ടും ഇത്രയും സ്ഥലങ്ങളിൽ വിജയക്കുതിപ്പ് നടത്താൻ ട്വൻറി-20 കഴിഞ്ഞത് നല്ല അവസരങ്ങൾ വന്നാൽ ജനങ്ങൾ മാറി ചിന്തിക്കാൻ തയ്യാറാകുമെന്നതിൻെറ സൂചനയാണ്. ട്വൻറി-20യുടെ അനുഭാവികളെ ബൂത്തിൽ വോട്ടെടുപ്പിൽ നിന്ന് തടയുകയും മർദിക്കുകയും ചെയ്തതായിട്ടുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്.
ജാതിമത സങ്കുചിത രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ മനസ്സ് അറിഞ്ഞ് പെരുമാറാൻ യുഡിഎഫ് നേതൃത്വത്തിന് അലംഭാവമുണ്ടായി . സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തെ എൽഡിഎഫിലേയ്ക്ക് അടുപ്പിച്ചതിൽ യുഡിഎഫിൻെറ ഘടകകക്ഷിയായ മുസ്‌ലിംലീഗിൻെറ നിലപാടുകളും കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.
കുറെ തെറ്റുകൾ ഉണ്ടെങ്കിലും കുറെയേറെ ശരികളിലൂടെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഇറങ്ങിച്ചെല്ലാൻ ഇടത് മുന്നണിയ്ക്കായി എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഹീത്രോ : യുകെയിലെ പരമോന്നത കോടതി വിമാനത്താവളത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും ഹീത്രോയിലെ മൂന്നാമത്തെ റൺവേയ്ക്കുള്ള നിർദേശങ്ങൾ അംഗീകരിക്കാൻ ബോറിസ് ജോൺസൺ വിസമ്മതിച്ചു. അഞ്ച് സുപ്രീം കോടതി ജഡ്ജിമാരടങ്ങുന്ന പാനൽ വിപുലീകരണത്തിനെതിരായ മുൻ വിധി അസാധുവാക്കി. ഇതോടെ 14 ബില്യൺ പൗണ്ടിന്റെ പദ്ധതിക്കായി ആസൂത്രണം ചെയ്യാൻ ഹീത്രോയ്ക്ക് അനുവാദം നൽകി. എങ്കിലും റൺവേയുടെ ആത്യന്തിക പൂർത്തീകരണം അനിശ്ചിതത്വത്തിലാണ്. ഹീത്രോ വിമാനത്താവളത്തിലെ മൂന്നാമത്തെ റൺവേ നിയമവിരുദ്ധമാണെന്ന ഫെബ്രുവരിയിലെ വിധിയാണ് സുപ്രീംകോടതി ഇപ്പോൾ റദ്ദാക്കിയത്. സുപ്രീംകോടതിയുടെ തീരുമാനത്തെ ഹീത്രോ സ്വാഗതം ചെയ്തു. ഈ തീരുമാനം രാജ്യത്തിന് ഫലം ചെയ്യുമെന്ന് വിമാനത്താവളം അറിയിച്ചു. നിലവിലുള്ള വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറായി നിർമ്മിക്കേണ്ട റൺവേ മുന്നോട്ട് പോകുമോ എന്ന് വിമർശകർ ചോദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണു ഹീത്രോ. എന്നാൽ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം യാത്രക്കാരുടെ എണ്ണം 72 ശതമാനം കുറയുകയും 1.5 ബില്യൺ പൗണ്ട് നഷ്ടം നേരിടുകയും ചെയ്തു.

പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കുന്നതിനുമുമ്പ് കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പ്ലാനിങ് ഇൻസ്പെക്ടറേറ്റിനെ ബോധ്യപ്പെടുത്താൻ ഹീത്രോയ്ക്ക് കഴിയണമെന്ന് ജോൺസന്റെ പ്രസ് സെക്രട്ടറി അല്ലെഗ്ര സ്ട്രാറ്റൺ ചൂണ്ടിക്കാട്ടി. “ഏത് വിപുലീകരണവും വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. സർക്കാർ ഉടൻ തന്നെ പ്രതികരണവുമായി മുന്നോട്ട് വരും.” അവർ കൂട്ടിച്ചേർത്തു.

റൺവേയുമായി മുന്നോട്ട് പോകാൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെങ്കിലും 2030 വരെ ഇത് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഹീത്രോയുടെ അഭിഭാഷകർ ഒക്ടോബറിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2026 ൽ നോർത്ത് വെസ്റ്റ് റൺവേ തുറക്കാൻ മുമ്പ് ആഗ്രഹിച്ചിരുന്നു. ഹീത്രോയുടെ ശേഷി 50 ശതമാനം ഉയർത്താനാണ് പുതിയ റൺവേ ലക്ഷ്യമിടുന്നത്. വിധിയെ ഹീത്രോയെ പിന്തുണയ്ക്കുന്നവർ സ്വാഗതം ചെയ്തു. എന്നാൽ വിപുലീകരണം ഒരു വിദൂര പ്രതീക്ഷയായി തുടരുന്നുവെന്ന് വിമർശകർ പറഞ്ഞു. മൂന്നാമത്തെ റൺവേ എപ്പോഴെങ്കിലും സാധ്യമാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹീത്രോ വിപുലീകരണത്തെ എതിർക്കുന്ന റസിഡന്റ്‌സ് ഗ്രൂപ്പായ ഹകാൻ ചെയർമാൻ ജോൺ സ്റ്റുവാർട്ട് പറഞ്ഞു. മൂന്നാമത്തെ റൺവേയെ എതിർക്കുന്ന പരിസ്ഥിതി ഗ്രൂപ്പുകളിലൊന്നായ പ്ലാൻ ബി, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ കൂടുതൽ അപ്പീൽ നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. വിമാനത്താവളം വിപുലീകരണത്തെ ലേബർ പാർട്ടിയും എതിർത്തു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഡൽഹി : ഇന്ത്യയുമായുള്ള ബ്രെക്‌സിറ്റ് സ്വതന്ത്ര വ്യാപാര കരാറിന് വർഷങ്ങളെടുക്കുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. എന്നാൽ ഒരു വ്യാപാര കരാർ ഉണ്ടാക്കിയെടുക്കുന്നത് ഇരുരാജ്യങ്ങൾക്കും വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റാബ്, ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളിൽ നിന്ന് യുകെ സർക്കാർ പിന്മാറില്ലെന്ന് റാബ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ചർച്ച നടത്തിയതിന് ശേഷമാണ് റാബ് സ്വന്തന്ത്ര വ്യാപാര കരാറിനെപറ്റി സംസാരിച്ചത്.

ഒരു സ്വന്തന്ത്ര വ്യാപാര കരാർ വളരെ പ്രധാനമാണെന്നും എന്നാൽ അതിനായി അനേക കടമ്പകൾ കടക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യാവകാശങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്കും റാബ് മറുപടി നൽകി. “നമുക്കറിയാം ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമാണ് ഇന്ത്യ. പല തരത്തിലുള്ള സംസ്കാരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് നാം ഇപ്പോൾ സാക്ഷിയാകുന്നത്. അതുപോലെ തന്നെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും അനേകം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനെപറ്റി ഇന്ത്യൻ ഗവണ്മെന്റുമായും ജയശങ്കറുമായും ചർച്ച നടത്തിയിട്ടുണ്ട്.” റാബ് പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ പറ്റിയുള്ള അഭിപ്രായം റാബ് അറിയിക്കുകയുണ്ടായി. “സർക്കാർ മുന്നോട്ട് വയ്ക്കുന്ന കാർഷിക ബില്ലിനെ എതിർക്കുന്നവർ ഉണ്ടെന്നറിയാം. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ സാധിച്ചില്ലെങ്കിലും വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവർ അവരുടെ ഉള്ളിൽ നിന്നുകൊണ്ട് തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്.” റാബ് വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി 14നാണ് റാബ് ഡൽഹിയിലെത്തിയത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ യുകെയിൽ 137,897 പേർ വാക്സിനേഷന് വിധേയമായി. കമ്മ്യൂണിറ്റി ക്ലിനിക്കുകളിൽ ജി.പി കളും നഴ്സുമാരും നൽകിയ പ്രതിരോധകുത്തിവെയ്പ്പ് കൂടാതെയുള്ള കണക്കാണിത് .വാക്സിനേഷൻെറ ആദ്യവാരം എഴുപതിലധികം ആശുപത്രികളിലായി ആണ് പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കിയത്. ലോകത്ത് ആദ്യമായി ജനങ്ങൾക്കായി പ്രതിരോധകുത്തിവെയ്പ്പ് ആരംഭിച്ച രാജ്യം യുകെയായിരുന്നു .

യുകെയിൽ വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി ആണ് ഇതുവരെയുള്ള കണക്കുകൾ പുറത്തുവിട്ടത്. ഇത്രയധികം ആൾക്കാർക്ക് തുടക്കത്തിൽതന്നെ വാക്സിനേഷൻ നൽകാൻ ആയത് ശുഭസൂചനയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ പേർ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇംഗ്ലണ്ടിൽ മാത്രം 108,000 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയത്. വെയിൽസിൽ 7,897 , വടക്കൻ അയർലണ്ടിൽ 4,000, സ്കോട്ട്ലൻഡിൽ 18,000 എന്നിങ്ങനെയാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ മറ്റ് കണക്കുകൾ. ഇത് ഏകദേശ കണക്കുകൾ ആണെന്നും കൂടുതൽ കൃത്യമായ വിവരങ്ങൾ അടുത്ത ആഴ്ച ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ക്രിസ്മസ് കാല ഇളവുകളെ കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ ആണ് ഭരണനേതൃത്വത്തിന്റെയും ആരോഗ്യവിദഗ്‌ധരുടെയും ഇടയിൽ പുരോഗമിക്കുന്നത്. ക്രിസ്മസ് കാലയളവിൽ നൽകാനുദ്ദേശിച്ചിരിക്കുന്ന ഇളവുകൾ രോഗവ്യാപനതോത് ഉയരാൻ ഇടയാക്കുമെന്നും നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു . വെയിൽസിലും, തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിലും രോഗവ്യാപനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ 5 ദിവസത്തെ ഇളവുകൾ അനുവദിക്കുന്നത് പുനരവലോകനം ചെയ്യണമെന്നുള്ള സമ്മർദ്ദങ്ങൾ ശക്തമാണ്. ക്രിസ്മസിന് ഇളവുകൾ ഉണ്ടെങ്കിൽ പോലും സാമൂഹ്യ സമ്പർക്കം പരമാവധി കുറയ്ക്കാനുള്ള നിർദ്ദേശമാണ് ആരോഗ്യ വിദഗ്‌ധരുടെ ഭാഗത്തുനിന്ന് ഉള്ളത് .
സ്വന്തം ലേഖകൻ
യു കെ :- തന്റെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ, സൂപ്പർ മാർക്കറ്റിന് പുറത്തുനിന്നും കളഞ്ഞു കിട്ടിയ പേഴ്സിൽ ഉണ്ടായിരുന്ന 700 പൗണ്ട് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് പതിനാലുകാരിയായ പെൺകുട്ടി. റിയന്നോൻ പാർക്കിൻസൺ എന്ന പെൺകുട്ടിക്കാണ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ പണം കളഞ്ഞു കിട്ടിയത്. സെയിന്റസ്ബറി സൂപ്പർ മാർക്കറ്റിനു പുറത്താണ് സംഭവം നടന്നത്. പണം കിട്ടിയ ഉടൻ തന്നെ പെൺകുട്ടി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരെ ഏൽപ്പിക്കുകയായിരുന്നു. ഈ പണം പിന്നീട് മേരി – ജോനാഥാൻ എന്നീ ദമ്പതികളുടെതാണെന്ന് കണ്ടെത്തി. തങ്ങളുടെ കുട്ടികൾക്കായി ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങിക്കുവാൻ വേണ്ടി കരുതിവച്ച പൈസയാണ് നഷ്ടപ്പെട്ടത് എന്ന് ഈ ദമ്പതികൾ പിന്നീട് പറഞ്ഞു.

റിയന്നോൻ ഓട്ടിസം രോഗബാധിത കൂടിയാണ്. പണം തിരിച്ചു നൽകാൻ കാണിച്ച് കുട്ടിയുടെ സന്മനസ്സിന് പ്രകീർത്തിച്ച് ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്. പണം തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദമ്പതികൾ ഈ പതിനാലുകാരിക്ക് സമ്മാനങ്ങൾ വാങ്ങി നൽകി. അതോടൊപ്പം തന്നെ സൂപ്പർമാർക്കറ്റിലെ സ്റ്റാഫും കുട്ടിയെ അഭിനന്ദിച്ചു.

സത്യസന്ധത പുലർത്തുന്ന വ്യക്തികൾ ഇനിയും സമൂഹത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് ദമ്പതികൾ കുട്ടിക്ക് അയച്ച കാർഡിൽ ആശംസിച്ചു. തന്റെ മകൾ ചെയ്ത പ്രവർത്തിയിൽ താൻ അഭിമാനിക്കുന്നതായി മാതാവ് സാറ ലിതേർലാൻഡ് പറഞ്ഞു. ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് മാതൃക ആണെന്ന് സൂപ്പർമാർക്കറ്റ് മാനേജർ രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസ് നിര്യാതനായി. ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.
ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വ ശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.
യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ റേയ്ക്കു വേണ്ടി അസോസിയേഷൻറെ നേതൃത്വത്തിൽ രാവിലെ മുതൽ ജപമാലയും ഉപവാസ പ്രാർത്ഥനയും നടത്തിയെങ്കിലും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് റേ വിടപറഞ്ഞത്.
റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . മൂന്ന് മക്കളാണുള്ളത് . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍. പരേതന്റെ വിയോഗത്തിൽ മലയാളം യു.കെ യുടെ അനുശോചനം അറിയിക്കുന്നു.