അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ 90 % ത്തിലധികം ആൾക്കാരിലും കോവിഡ്- 19 തടയാൻ ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൊറോണയുടെ വ്യാപനത്തെ തടയാൻ യുകെയിൽ പ്രഖ്യാപിച്ച രണ്ടാം ലോക്ക് ഡൗൺ അഞ്ചു ദിനങ്ങൾ പിന്നിടുമ്പോഴാണ് കോവിഡ് -19 നെതിരായുള്ള പോരാട്ടത്തിൽ പ്രത്യാശ നൽകുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ലോകത്താകമാനമുള്ള ആരോഗ്യ ശാസ്ത്ര ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ ആഹ്ളാദത്തോടു കൂടിയാണ് ഈ വാർത്ത സ്വീകരിച്ചത്. വാക്സിൻ വികസിപ്പിക്കുന്ന ഫൈസർ ബയോടെക് ശാസ്ത്രത്തിൻ്റെയും മാനവികതയുടെയും മികച്ച ദിവസമെന്ന് ഇതിനെ വിശേഷിപ്പിച്ചു.

ഇതുവരെ ആറ് രാജ്യങ്ങളിലുള്ള 43,500 പേർക്ക് വാക്സിൻ പരീക്ഷിച്ചെങ്കിലും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ല എന്നതും ഗവേഷകർക്ക് ആത്മവിശ്വാസം നൽകുന്നതാണ് . അതുകൊണ്ടുതന്നെ ഈ മാസാവസാനത്തോടെ വാക്സിൻ വിതരണത്തിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനികൾ.
ലോക്ക് ഡൗൺ ,സാമൂഹ്യ അകലം പാലിക്കുക ,മാസ്ക്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ലോകജനതയ്ക്ക് ഒരു മോചനം തരാൻ വാക്സിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . എങ്കിലും വൈറസ് ബാധയിൽ നിന്ന് വാക്സിൻ എത്രകാലം സംരക്ഷണം നൽകും? ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കോവിഡ് ബാധിക്കാതെ സംരക്ഷണം നൽകുമോ? എന്നീ ചോദ്യങ്ങൾക്കായുള്ള പരീക്ഷണങ്ങൾ തുടരുകയാണ് , 30 ദശലക്ഷം ഡോസ് വാക്സിന് ഓർഡർ ചെയ്ത് വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പിൽ യുകെ മുൻപന്തിയിൽ തന്നെയുണ്ട് .
സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന ഫ്രാൻസിസ് സേവ്യറിന് അടുത്ത ദിവസങ്ങളിലാണ് രക്താർബുദം പിടിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള ഫ്രാൻസിസ് സേവ്യർ ഇപ്പോൾ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സയുടെ ഭാഗമായി ഫ്രാൻസിസിന് കീമോതെറാപ്പി നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ആരോഗ്യമുള്ള സ്റ്റെം സെൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിലയിരുത്തുകയായിരുന്നു . അതിന്റെ ഭാഗമായി അനേകം ബന്ധുക്കൾ വഴിയും , സുഹൃത്തുക്കൾ വഴിയും ഫ്രാൻസിസിന് യോജിച്ച ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.
പ്രിയ സുഹൃത്തുക്കളെ ഡി കെ എം എസ് ഡാറ്റാബേസിൽ ഒരു ദാതാവായി നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഒരുപക്ഷേ ഫ്രാൻസിസിൻെറ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ജീവകാരുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു ദാതാവായി ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുക. പിന്നീട് നിങ്ങളുടെ ടിഷ്യൂ ടൈപ്പ് രോഗിയുടെ ടിഷ്യൂ ടൈപ്പുമായി മാച്ച് ചെയ്യുകയാണെങ്കിൽ സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ നിങ്ങൾക്ക് കഴിയും. സന്നദ്ധരായവരുടെ വിവരങ്ങൾ ലോകത്തെല്ലായിടത്തുമുള്ള രക്താർബുദ രോഗികളിൽ ആരുടെയെങ്കിലും ജീവൻ നിലനിർത്താൻ ഉപകാരപ്പെടാം. ഓർക്കുക ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രായപരിധി 17 വയസ്സു മുതൽ 55 വയസ്സ് വരെയാണ്.
നിങ്ങൾ ഒരു ദാതാവായി രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ , ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ചേർന്ന് ഞങ്ങളുടെ പരിശ്രമത്തിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://chat.whatsapp.com/GL2HbzryQSQKE67Ugrdm8s
https://www.facebook.com/stemcarebristol/
തപാൽ മുഖേന ഉപയോഗിക്കാൻ എളുപ്പമുള്ള ഓറൽ സ്വാബ് കിറ്റ് ഡി കെ എം എസ് നിങ്ങൾക്ക് അയയ്ച്ചു നൽകുന്നതായിരിക്കും . അതിലെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സ്വാബ് എടുത്തതിനുശേഷം കിറ്റ് തിരികെ നൽകേണ്ടതുണ്ട്. അങ്ങനെ നിങ്ങൾ രജിസ്ട്രിയിൽ എത്തിക്കഴിഞ്ഞാൽ, തപാൽ വഴി നിങ്ങൾക്ക് ഒരു ദാതാവിന്റെ കാർഡ് ലഭിക്കും. നിങ്ങളുടെ ടിഷ്യു രോഗിയുടെ ടിഷ്യുവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്റ്റെം സെല്ലുകൾ ആ രോഗിക്ക് ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുമില്ല മറിച്ച് ഒരു ജീവൻ നിലനിർത്താൻ നിങ്ങൾ കാരണമാവുകയും ചെയ്യുന്നു.
സ്റ്റെം സെൽ ദാന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക . നിങ്ങൾക്ക് വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.
യുകെയിലുള്ള ഒരാൾക്ക് സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്ത്യയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഉള്ളവർ സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക
അതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ലിങ്കുകൾ അയച്ച് കൊടുത്ത് ഫ്രാൻസിസിന്റെ ജീവൻ നിലനിർത്താൻ നടത്തുന്ന ദൗത്യത്തിൽ പങ്കാളിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
ലോറൻസ് പെല്ലിശ്ശേരി : 0044 7762224421
ക്രൂ/സ്റ്റോക്ക് ഓൺ ട്രെൻഡ്: മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനോടുള്ള സ്നേഹസൂചകമായി സ്പെഷ്യൽ ഡാൻസ് കവർ സീരിസ്സുമായി (foot vibes) യുകെയിലെ ക്രൂവിൽ താമസിക്കുന്ന മലയാളി സുഹൃത്തുക്കൾ. 2019 ജനുവരിയിൽ യുട്യൂബിൽ ആരംഭിച്ച ഫുഡ് വൈബ്‌സ് ആറാമത്തെ എപ്പിസോഡിൽ എത്തിയപ്പോൾ മോഹൻലാൽ സ്പെഷ്യൽ ആയത് ഒരു നിമിത്തം മാത്രമെന്ന് അണിയറപ്രവർത്തകർ മലയാളം യുകെയോട് പ്രതികരിച്ചത്.
സാധാരണയായി മിക്ക സിനിമാഗാനങ്ങളും വിവരിക്കുക പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണ്. എന്നാൽ യുകെയിൽ എത്തിച്ചേർന്ന ക്രൂ മലയാളികൾ വ്യതിസ്തമായ ആശയങ്ങളുമായി എങ്ങനെ ഇത്തരം പാട്ടുകളെ പുനഃരാവിഷ്‌ക്കരിക്കാം എന്നാണ്. വളരെ വ്യത്യസ്തങ്ങൾ ആയ ആശയങ്ങൾ ആണ് ഇവർ എടുത്തിരിക്കുന്ന ഒരോ വീഡിയോകളും നമ്മളോട് പറയുന്നത്.
വളരെയധികം സമയമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് വീഡിയോ ഷൂട്ടിംഗ് തന്നെ നടത്താറ്. യൂട്യൂബ് ചാനൽ വഴി പബ്ലിഷ് ചെയ്യുന്ന വീഡിയോ മോണിറ്ററി ബെനെഫിറ് നോക്കിയല്ല മറിച്ചു തങ്ങളുടെ പാഷൻ ആയ വീഡിയോ, ഫോട്ടോഗ്രഫി മറ്റുള്ളവർക്കായി പകുത്തുനൽകുകയാണ്, ക്രൂ മലയാളികൾ പറഞ്ഞു.
ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയോടും ഉള്ള കടുത്ത പ്രണയമാണ് മനുവിനെ ഇതിന് പ്രേരിപ്പിക്കുന്നതെങ്കിൽ ഭാര്യയായ ബൈനുവിന് ഡാൻസും കൊറിയോഗ്രഫിയും ഇഷ്ടപ്പെടുന്ന തൃശ്ശൂർ സ്വദേശിനിയാണ്. ലെൻസ് മേറ്റ് മീഡിയ എന്ന ഫോട്ടോഗ്രാഫി സ്ഥാപനവും മനു ജോൺ, അനൂപ് ശിവരാജൻ, അരുൺ ബെന്നി, ജയൻ ചാക്കോ എന്നിവർ ചേർന്ന് നടത്തുന്നു.
യുകെയിൽ സിമെൻസ് എന്ന കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിട്ടാണ് കേരളത്തിൽ നിന്നും ബൈനു ബെഞ്ചമിൻ യുകെയിൽ എത്തിയത്. ഭർത്താവായ മനുവാകട്ടെ കാവെന്ററി ലോട്ടസ് കാർ കമ്പനിയിലെ ഡിസൈൻ എൻജിനീയർ ആയി ജോലി ചെയ്യുന്നു.
ഇതുവരെ ആറ് എപ്പിസോഡുകൾ പൂർത്തിയാക്കിയ ഫുട് വൈബ്‌സ് കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത് ക്രൂവിലെ മലയാളി കൂട്ടായ്മയാണ്. നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ കണ്ണാടി വേണ്ട എന്ന് പറയുന്നതുപോലെ ക്രൂവിലെ ഒരു പിടി മലയാളി സുഹൃത്തുക്കൾ ഒന്നിച്ചുചേർന്ന് ഒരേ വഴിയിൽ ചരിക്കുമ്പോൾ യുകെ മലയാളികൾക്ക് ഇനിയും ഇത്തരം നല്ല കാഴ്ചകൾ ഇവർ സമ്മാനിക്കും എന്ന് ഉറപ്പാണ്.
അവസാനമിറക്കിയ മോഹൻലാൽ സ്പെഷ്യൽ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ബെന്റ്ലിയിലെ എഞ്ചിനീയർ അലൻ ജോർജ്ജ്, മെഡിക്കൽ വിദ്യാർത്ഥിനിയായ അലിറ്റ സാബു, വിർജിൻ കമ്പനിയിലെ ലോക്കോ പൈലറ്റ് ജോലിചെയ്യുന്ന നിതിൻ മാത്യു എന്നിവർക്കൊപ്പം ക്രൂ മലയാളികളുടെപ്രിയപ്പെട്ട സാബു ചേട്ടനും ഒത്തുചേർന്നപ്പോൾ ലൂസിഫറിലെ വേഷപ്പകർച്ചയുമായി കെ & കെ ഓട്ടോമൊബൈയിൽ ക്രൂവിന്റെ റോഡിൽ പുനർജ്ജനിക്കുകയായിരുന്നു. അതെ ഇതൊരു മോഹൻലാൽ സ്പെഷ്യൽ തന്നെ.. വീഡിയോ കാണാം
contact no: 00447459380728
[ot-video][/ot-video]
[ot-video][/ot-video]
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സിനായി തയ്യാറെടുക്കാൻ ആശുപത്രികൾക്ക് നിർദേശം. ക്രിസ്മസിന് മുമ്പ് ഏറ്റവും ദുർബലരായ ആളുകൾക്ക് കുത്തിവയ്പ്പ് നൽകാൻ എൻ എച്ച് എസ് ഒരുങ്ങുകയാണ്. മാനേജർമാരുമായും എക്സിക്യൂട്ടീവുകളുമായും നടത്തിയ കൂടിക്കാഴ്ചയിൽ, ഗൈസിന്റെയും സെന്റ് തോമസിന്റെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും തലവൻ ജോൺ ഫിൻഡ് ലേ, ഈ മാസവസാനത്തിനുമുമ്പ് ഒരു വാക്സിൻ ലഭ്യമാക്കുമെന്ന് അറിയിച്ചു. കെയർ ഹോമിൽ കഴിയുന്നവർക്കും 80 വയസ്സിനു മുകളിലുള്ളവർക്കും മുൻനിരയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യം വാക്സിൻ ലഭിക്കുക. ഡിസംബർ 31 ന് ബ്രെക്സിറ്റ് പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് സുരക്ഷിതവും ശക്തവുമായ ഒരു വാക്സിൻ നിർമിക്കേണ്ടത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിഷയമാണ്.

മൂന്നു നാല് ആഴ്ചകൾക്കുള്ളിൽ കുത്തിവയ്പ്പ് രണ്ട് ഡോസുകളായി നൽകുമെന്ന് കരുതുന്നു. ലണ്ടനിലെ രണ്ട് ആശുപത്രികൾ, ഗൈസ്, സെന്റ് തോമസ്, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എന്നിവ വാക്സിൻ ഹബുകൾ ആകുമെന്നാണ് റിപ്പോർട്ട്. കൂടാതെ “വാക്സിൻ ടാസ്‌ക് ഫോഴ്‌സ്” എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരെയും നിയമിക്കും. എന്നിരുന്നാലും, ഏഴു ദിവസത്തിനുള്ളിൽ ഫ്ലൂ വാക്സിൻ ലഭിച്ച ഒരാൾക്ക് ഈ കുത്തിവയ്പ്പ് നൽകില്ല. നൈറ്റിംഗേൽ വാക്സിനേഷൻ സെന്ററുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും അധികൃതർ ഒരുങ്ങുകയാണ്. വാക്സിനേഷൻ സെന്ററുകളും ബാക്ക് ഓഫീസുകളും ഉൾപ്പെടുന്ന അഞ്ഞൂറിലധികം സ്ഥലങ്ങളുടെ ഒരു പട്ടിക ഈ മാസം പകുതിയോടെ അംഗീകരിക്കും. ഡിസംബറോടെ ഇവ പൂർണമായും പ്രവർത്തനക്ഷമമാകും.

വ്യത്യസ്തമായ ആറ് വാക്‌സിനുകളിൽ നിന്ന് 350 ദശലക്ഷം ഡോസുകൾ വാങ്ങാൻ ബ്രിട്ടീഷ് സർക്കാർ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്. ഇതുവരെ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്‌ട്രാസെനെക്കയും ഫൈസറിനൊപ്പം ബയോ ടെക്കുമായി സഹകരിച്ച് കാര്യമായ പുരോഗതി കൈവരിച്ചതായി പറയപ്പെടുന്നു. മനുഷ്യ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഈ വാക്സിൻ. വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായാൽ 14 ദശലക്ഷം ഡോസുകൾ വർഷാവസാനത്തോടെ ലഭ്യമാക്കുമെന്ന് യുകെ വാക്സിൻ ടാസ്ക്ഫോഴ്സ് മേധാവി കേറ്റ് ബിംഗ്ഹാം അഭിപ്രായപ്പെട്ടു. വാക്സിൻ പ്രോഗ്രാം അടുത്ത മാസം ആരംഭിച്ചേക്കും. ഓരോ വാക്സിൻ ഡോസും നൽകുന്നതിന് 12.58 പൗണ്ട് നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
യു കെ :- ലോകമഹായുദ്ധങ്ങളിൽ തങ്ങളുടെ ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമ്മ പുതുക്കുന്ന ഞായറാഴ്ച, ഹാരി രാജകുമാരനും ഭാര്യ മേഗനും ലോസ് അഞ്ചൽസിലെ സെമിത്തേരിയിൽ സന്ദർശനം നടത്തി. ഇവർ ഇരുവരും സ്വന്തം നിലയ്ക്കാണ് സന്ദർശനം നടത്തിയത്. റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സിലെ സൈനികർക്ക് വേണ്ടിയുള്ള കല്ലറയിലും, റോയൽ കനേഡിയൻ ആർട്ടിലറിയുടെ കല്ലറയിലും ഇരുവരും റീത്ത് സമർപ്പിച്ചു. പത്ത് വർഷം മിലിറ്ററി സർവീസിൽ ഉണ്ടായിരുന്ന ഹാരി, തന്റെ ഔദ്യോഗിക നേവി യൂണിഫോമിൽ ആണ് സന്ദർശനത്തിന് എത്തിയത്. മാസ്ക് ധരിച്ചാണ് ഇരുവരും എത്തിയതെങ്കിലും, കല്ലറകൾക്ക് അടുത്തെത്തിയപ്പോൾ മാസ്ക് മാറ്റിയിരുന്നു.

ഔദ്യോഗികമായ റീത്ത് സമർപ്പിക്കുവാൻ രാജകുടുംബം ഹാരി രാജകുമാരന് അനുമതി നൽകിയിരുന്നില്ല. മാർച്ചോടുകൂടി രാജകുടുംബാംഗം എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാനുള്ള പ്രധാന കാരണം എന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. ഇതിനെ തുടർന്നാണ് ഇരുവരും തങ്ങളുടെ നിലയ്ക്ക് കല്ലറകളിൽ സന്ദർശനം നടത്തിയത്.

സൈനികരുടെ ഓർമ്മ പുതുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അതിനുശേഷം നടന്ന മിലിറ്ററി ഇന്റർവ്യൂവിൽ അദ്ദേഹം വ്യക്തമാക്കി.തങ്ങളുടെ ജീവൻ പോലും നഷ്ടമാക്കി രാജ്യത്തിനു വേണ്ടി പോരാടിയ സൈനികരുടെ ഓർമ്മകൾ എന്നും നിലനിർത്തപെടേണ്ടതാണ്. മിലിട്ടറി സേവനത്തിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ തന്റെ അനുഭവങ്ങളും ഹാരി രാജകുമാരൻ പങ്കുവെച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അമേരിക്കയിൽ കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി വനിത ഡോക്ടർ ഡോ. നിത കുന്നുംപുറത്തിന്റെ(30) മൃതദേഹം ഇന്ന് ഷിക്കാഗോയിൽ എത്തിക്കും. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഇതിനായി നിതയുടെ സഹോദരൻ നിതിനും സഹോദരി ഭർത്താവ് നിഖിലും മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട് . സംസ്കാര ശുശ്രൂഷ എസ് എച്ച് ക്നാനായ കത്തോലിക്കാ പള്ളിയിലാണ് നടക്കുക. സംസാരസമയം തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
കൽപ്പറ്റയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ഡോ . നിതയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിൽ മടങ്ങിയെത്തി വയനാട്ടിൽ സേവനം അനുഷ്ഠിക്കണം എന്നുള്ളത് . കൽപ്പറ്റയിലെ സ്കൂൾ പഠനകാലത്തെ കുറിച്ച് നിത പങ്കുവെച്ച ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മനസ്സിൽ വിങ്ങലായി. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തങ്ങളിലും എന്നും മുൻപന്തിയിലായിരുന്ന നിത വയനാട്ടിലേക്ക് മടങ്ങിവരണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടപറഞ്ഞത് .
മിയാമിയിൽ സർജറി പി ജി വിദ്യാർഥിയായിരുന്ന നിത നേപ്പിൾസിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് . നിതയുടെ ദുരന്തമരണവും രക്ഷിക്കാൻ കനാലിലെ ചീങ്കണ്ണികളുടെ സാന്നിധ്യം തടസ്സം ആയതും ലോകമെങ്ങും വൻ വാർത്തയായിരുന്നു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എം സി തോമസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളായ നിത മെഡിസിനിൽ ബിരുദമെടുത്ത ശേഷം സർജറിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി മിയാമിയിലെ ആശുപത്രിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ആയിരക്കണക്കിന് ആളുകൾക്ക് കൊറോണ വൈറസ് പിടിപെട്ടത് ആശുപത്രികളിൽ നിന്നെന്ന് പ്രധാന കണ്ടെത്തൽ. മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിയെത്തിയ ആളുകളിലേക്ക് വൈറസ് പകർന്നത് ആശുപത്രി ജീവനക്കാരിൽ നിന്നും മറ്റു കോവിഡ് രോഗികളിൽ നിന്നുമാണ്. ഇതാണ് ആയിരത്തിലേറെ പേരുടെ മരണത്തിന് കാരണമായി മാറിയത്. കോവിഡിന്റെ ആദ്യ തരംഗത്തിലാണ് ഇത് സംഭവിച്ചത്. മെയിൽ ഓൺ സൺഡേ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ, മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയവർ കോവിഡ് ഇതര വാർഡിൽ ആയിരിക്കുമ്പോൾ രോഗം ബാധിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ആശുപത്രികളിൽ നടന്ന പത്തു കോവിഡ് മരണങ്ങളിൽ ഒന്ന് ഇത്തരത്തിലുള്ളതാണെന്ന് പത്രം പറയുന്നു. വിവരാവകാശ സ്വാതന്ത്ര്യ നിയമപ്രകാരം പുറത്തുവിട്ട കണക്കുകൾ എൻ എച്ച് എസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ നടന്ന 231 കോവിഡ് -19 മരണങ്ങളിൽ 88 എണ്ണം ആശുപത്രിയിൽ നിന്ന് രോഗം പിടിപെട്ടത് മൂലം ഉണ്ടായതാണ്.

ബ്രിസ്റ്റലിലും വെസ്റ്റണിലും ഉണ്ടായ 151 കോവിഡ് മരണങ്ങളിൽ 51 എണ്ണം ആശുപത്രിയിൽ ഇത്തരത്തിൽ ഉണ്ടായതാണ്. രാജ്യത്തെ ഏറ്റവും വലിയ ഹോസ്പിറ്റൽ ട്രസ്റ്റുകളിലൊന്നായ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ മാർച്ച് മുതൽ ഓഗസ്റ്റ് വരെ 504 കോവിഡ് -19 മരണങ്ങൾ രേഖപ്പെടുത്തി. എന്നിരുന്നാലും, ഇതിൽ പത്തിൽ താഴെ മാത്രം മരണങ്ങളുടെ ഉത്തരവാദിത്തമാണ് ആശുപത്രി ഏറ്റെടുത്തത്. 100 ലധികം എൻഎച്ച്‌എസ് ട്രസ്റ്റുകളിൽ നിന്നുള്ള വിവരത്തിന്റെ വെളിച്ചത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

പൊതുജനങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. ആശുപത്രി അണുബാധ നിയന്ത്രണ പ്രോട്ടോക്കോളിലെ പിഴവും പരസ്പരം വൈറസ് പടർത്തുന്ന ജീവനക്കാരും ഈ മരണങ്ങൾക്ക് കാരണമായെന്ന് പറയപ്പെടുന്നു. ആശുപത്രി ഏറ്റെടുക്കുന്ന കോവിഡ് മരണങ്ങളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്ന ബർമിംഗ്ഹാം ആസ്ഥാനമായുള്ള കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ഡേവിഡ് നിക്കോൾ ഈ അവസ്ഥ ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ടു. പല അടിസ്ഥാന അണുബാധ നിയന്ത്രണ നിയമങ്ങളും നടപ്പാക്കുന്നതിൽ ആശുപത്രികൾ പരാജയപ്പെട്ടുവെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ സെന്റർ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ ടോം ജെഫേഴ്സൺ പറഞ്ഞു. ആശുപത്രികളിൽ വച്ചു രോഗം പടർന്നത് രോഗികൾ തമ്മിൽ മാത്രമല്ല, സ്റ്റാഫുകൾ തമ്മിലും സ്റ്റാഫുകളും രോഗികളും തമ്മിലും രോഗം പടർന്നു. മൊത്തത്തിൽ, 93 ട്രസ്റ്റിൻെറ നിയന്ത്രണങ്ങളിൽ ഉള്ള ആശുപത്രികളിൽ 10,184 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,051 പേർക്ക് കോവിഡ് ഇതര വാർഡുകളിൽ ആയിരിക്കുമ്പോൾ വൈറസ് പിടിപെട്ടു. എന്നാൽ ഇപ്പോൾ ആശുപത്രികൾ തികച്ചും സുരക്ഷിതമാണെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
സ്വന്തം ലേഖകൻ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് വൻ വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡൻ യുഎസിൻെറ 46 ആമത്തെ പ്രസിഡന്റ് ആകും. ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി ബൈഡൻ ജനുവരി 20 ന് നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും.
നൂറ്റാണ്ടിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലാണ് അമേരിക്ക ഇത്തവണ സാക്ഷിയായത്. യുഎസിന്റെ ചരിത്രത്തിലേക്ക് കൂടിയാണ് കമല ഹാരിസ് ജയിച്ചു കയറുന്നത്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കകാരനായ ഡൊണാൾഡ് ഹാരിസിന്റെയും മകളാണ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യൻ വംശജയും ആദ്യ വനിതയുമാണ് കമല ഹാരിസ്.

നിർഭയമായ നിലപാടുകളുടെ പേരിൽ ഏറെ കൈയ്യടി നേടിയിട്ടുള്ള നേതാവാണ് 56 വയസ്സുകാരിയായ കമല. ഇത്തവണത്തെ ഇലക്ഷൻ ഫലത്തെ നിർണായകമായി സ്വാധീനിച്ച സ്ത്രീകളുടെയും കറുത്തവർഗ്ഗക്കാരുടെയും ഏറിയ പങ്ക് വോട്ടിനും കാരണക്കാരി കമല ഹാരിസ് ആണെന്ന് പറയേണ്ടി വരും. അഭിഭാഷക ആയി ജോലി ചെയ്യവേ വധശിക്ഷ, സ്വവർഗ്ഗ വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായി. കറുത്ത വർഗ്ഗക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബരാക് ഒബാമയുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയ ഭാവിക്ക് തുണയായിട്ടുണ്ട്. എതിർസ്ഥാനാർഥി മൈക്ക് പെൻസിലുമായുള്ള സംവാദത്തിൽ കമലയുടെ രാഷ്ട്രീയനിലപാടുകൾ തെളിഞ്ഞു കാണാമായിരുന്നു. ശക്തയായ ഒരു നേതാവ് എന്ന നിലയിലും,അവർ പ്രതിനിധീകരിക്കുന്ന ജനതയുടെ ശബ്ദം എന്ന നിലയിലും കമല അമേരിക്കയ്ക്ക് പ്രിയപ്പെട്ടവൾ ആകുന്നു.

വിജയിച്ച ശേഷം കമലയുടെ അനന്തരവൾ മീന ഹാരിസ്, ‘നിനക്കും പ്രസിഡന്റ്’ ആവാം എന്ന് കൊച്ചു മകളോട് രസകരമായ രീതിയിൽ സംസാരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു കുഞ്ഞിനോടുള്ള സംഭാഷണം എന്നതിലുപരിയായി ഒരു ജനതയുടെ പ്രതീക്ഷയായി ഈ വാക്കുകളെ വ്യാഖ്യാനിക്കാം.
മുൻ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ബൈഡൻ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ വ്യക്തിയാണ്. പൊതുജന സേവനത്തിലും ഭരണത്തിലുമുള്ള അരനൂറ്റാണ്ട് അനുഭവസമ്പത്ത് കൈമുതലായുള്ള ഇദ്ദേഹം, അപകടവും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത് പക്വതയും സ്ഥിരതയും ഉള്ള നേതാവായാണ് സ്വയം വിശേഷിപ്പിക്കുന്നത്. വംശീയ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളോട് പൊതുവെ എതിർപ്പുള്ള ബൈഡൻ ഇന്ത്യൻ ജനതയോടുള്ള സമീപനത്തിലും ഇതേ കാഴ്ചപ്പാട് പുലർത്തും എന്നാണ് പ്രതീക്ഷ.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
മിങ്ക് കൊറോണ ഭീതിയിൽ ഡെൻമാർക്കിൽ നിന്നുള്ള സന്ദർശകർക്ക് യുകെയിൽ വിലക്കേർപ്പെടുത്തി. ബ്രിട്ടീഷ് പൗരൻമാർക്ക് ഡെൻമാർക്കിൽ നിന്ന് തിരിച്ചെത്തി ചേരാൻ കഴിയുമെങ്കിലും 14 ദിവസത്തെ ക്വാറന്റെനിൽ കഴിയേണ്ടിവരും. ഡെൻമാർക്കിലെ മിങ്ക് ഫാമുകളിൽ വ്യാപകമായ രീതിയിൽ കൊറോണ വൈറസ് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഡെൻമാർക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്താനുള്ള ചടുലമായ നീക്കത്തിന് പിന്നിൽ.

ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കൊറോണാ വൈറസിനെ മിങ്കകളിൽ (ഒരിനം നീർനായ) കണ്ടെത്തിയതിനെത്തുടർന്ന് ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഡെൻമാർക്ക് തീരുമാനിച്ചിരുന്നു. മിങ്കകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് രാജ്യം നീങ്ങിയത് . മിങ്കകളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസിന്റെ വ്യാപനം ലോകത്ത് മറ്റൊരു ദുരന്തമുഖം തുറന്നിരിക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്. കാരണം കോവിഡ് – 19 നെതിരെ വികസിപ്പിച്ചെടുക്കുന്ന വാക്സിനുകൾ പുതിയ ജനിതക മാറ്റം വന്ന വൈറസുകൾക്കെതിരെ ഫലം കാണണമെന്നില്ല.

17 ദശലക്ഷത്തോളം മിങ്കകളെയാണ് കോവിഡിന്റെ ആഗോള വ്യാപന ആശങ്കയെ തുടർന്ന് കൊന്നൊടുക്കുന്നത്. ഇതുവരെ യുകെയിൽ 1,171,441 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 48,888 പേരാണ് മരണത്തിന് കീഴടങ്ങിയത്. മഞ്ഞു കാലത്തോടെ ഉണ്ടായേക്കാവുന്ന കൊറോണയുടെ വ്യാപനം തടയാനായി ബ്രിട്ടൻ രണ്ടാം ലോക്ക് ഡൗൺ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരംഭിച്ചിരുന്നു . വീടുകളിൽ തന്നെ തുടരാനും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അണിചേരാനും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
സ്വന്തം ലേഖകൻ
കള്ളൻ കപ്പലിൽത്തന്നെ. ലിവർപൂളിലെ ബിയർ നിർമ്മാണ കമ്പനിയിൽ നിന്ന് 8 ലക്ഷം പൗണ്ട് മോഷ്ടിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആൻഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ്സ് ആൻഡ് ബാർലി കമ്പനിയിൽ നിന്നാണ് ജീവനക്കാരനായ ബെൻ ഡോലൻ മോഷണം നടത്തിയത്. ബെൻ ഡോലൻ മൂന്ന് വർഷത്തിനടുത്ത് ഈ സ്ഥാപനത്തിൽ മർമ്മപ്രധാനമായ സ്ഥാനങ്ങളിൽ ജോലി അനുഷ്ഠിക്കുകയായിരുന്നു. ലിവർപൂൾ കോടതിയിൽ ഹാജരാക്കിയ 29 കാരനായ പ്രതി 839,281 പൗണ്ട് മോഷ്ടിച്ച കുറ്റം സമ്മതിച്ചു. 2017 മാർച്ച് 23 -നും 2019 ഡിസംബർ 27 – നും ഇടയിലാണ് മോഷണം നടത്തിയത്.

ജഡ്ജി വുഡ്ഹാൾ പ്രതിയുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. അതുവരെ ഡോലനെ നിരുപാധിക ജാമ്യം അനുവദിച്ചു. ഡോലൻ നടത്തിയ സാമ്പത്തിക കുറ്റകൃത്യം വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. ഒരു കമ്പനിയിൽ മൂന്നുവർഷത്തോളം വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ജോലി ചെയ്യുകയും വിശ്വസ്തനാണെന്ന് കരുതപ്പെടുകയും ചെയ്തിരുന്ന ജോലിക്കാരനിൽ നിന്ന് ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം അതിശയിപ്പിക്കുന്നതായി. കമ്പനികൾ സുതാര്യമായ രീതിയിൽ അക്കൗണ്ട് കൈകാര്യം ചെയ്യുകയും ഓഡിറ്റിങ്ങ് നടത്തുകയും ചെയ്യുമ്പോൾ നടക്കുന്ന ഇങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അത്ഭുതപ്പെടുത്തുന്നതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.