Main News

സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ട് മാസം നീണ്ടുനിന്ന ലോക്ക്ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ഇംഗ്ലണ്ടിലെ പ്രാഥമിക വിദ്യാലയങ്ങളിൽ കുട്ടികൾ തിരിച്ചെത്തുന്നു എങ്കിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ആശങ്കാകുലരാണ്. സർവേകൾ സൂചിപ്പിക്കുന്നത് മാതാപിതാക്കളിൽ പകുതി പേരും തങ്ങളുടെ കുട്ടികളെ ഇപ്പോൾ സ്കൂളിലേയ്ക്ക് അയക്കില്ല എന്നാണ്. 1, 6 വർഷ വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ ആദ്യം തുറന്ന് പ്രവർത്തിക്കുക. പഠനം ആരംഭിക്കുമെങ്കിലും ഒന്നും പഴേപടി ആയിരിക്കില്ല. ഡ്രോപ്പ് – ഓഫ്‌ സമയങ്ങൾ ഒഴിവാകുന്നതോടൊപ്പം 15 പേർ അടങ്ങുന്ന ചെറിയ ഗ്രൂപ്പ് മാത്രമായിരിക്കും ഒരു ക്ലാസ്സിൽ.

1,200 സ്കൂൾ ലീഡർമാരെ അടിസ്ഥാനമാക്കി നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 46% മാതാപിതാക്കളും കുട്ടികളെ വീട്ടിൽ സൂക്ഷിക്കും എന്നാണ്. തങ്ങൾക്കോ ​​കുടുംബത്തിനോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം 25% അധ്യാപകർ സ്കൂളിലേക്ക് മടങ്ങിയെത്തില്ല. സ്കൂളുകൾ തുറക്കുന്നത് ഇതുവരെ സുരക്ഷിതമല്ലെന്ന് പറയുന്നവരിൽ ലങ്കാഷെയർ കൗണ്ടി കൗൺസിലും ഉൾപ്പെടുന്നു. സ്കൂളുകൾ തുറക്കുന്നത് മൂലം മാതാപിതാക്കൾക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് അവരുടെ നഷ്‌ടമായ പാഠങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ജൂൺ 15 മുതൽ 10, 12 വർഷ വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കും.

അതുപോലെ തന്നെ ജൂൺ 15 മുതൽ ആരാധനാലയങ്ങൾ തുറക്കും. എങ്കിലും അത് വ്യക്തിഗത പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമായിരിക്കും. കൂട്ടം കൂടി ആരാധന നടത്താൻ കഴിയില്ല. ജൂലൈ 4 വരെ ഇങ്ങനെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പള്ളികൾ, സിനഗോഗുകൾ, അമ്പലങ്ങൾ തുടങ്ങിയവ വ്യക്തിഗത പ്രാർത്ഥനകൾക്ക് മാത്രമായി ജൂൺ 15 മുതൽ തുറക്കാമെന്ന് ഹൗസിംഗ് സെക്രട്ടറി റോബർട്ട്‌ ജൻറിക് അറിയിച്ചു. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ അവ തുറക്കാൻ ആഗ്രഹിക്കുന്നു’ എന്ന് ജെൻറിക് പറഞ്ഞു. വിശ്വാസികൾ പാടുന്നതും കൂട്ടത്തോടെ ഒത്തുചേരുന്നതും ജൂലൈ വരെ നിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വ്യക്തിഗതമോ സ്വകാര്യമോ ആയ പ്രാർത്ഥനയ്‌ക്കായി ആരാധനാലയങ്ങൾ തുറക്കുകയെന്നതാണ് ആദ്യത്തെ യുക്തിസഹമായ നടപടിയെന്ന് ഞാൻ കരുതുന്നു. മത നേതാക്കളുമായി ചർച്ച ചെയ്ത് പ്രവർത്തിക്കും. ” ജൻറിക്ക് അറിയിച്ചു.

സ്വന്തം ലേഖകൻ

യുഎസിൽ നിരപരാധിയും നിരായുധനുമായ കറുത്തവർഗ്ഗക്കാരനായ ഫ്ലോയിഡിനെ പോലീസ് ബൂട്ട് വെച്ച് ചവിട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സെൻട്രൽ ലണ്ടനിൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ചിലരുടെ കയ്യിൽ ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയ്ഡ് എന്ന പ്ലക്കാർഡുകൾ ഉണ്ടായിരുന്നു. നിരായുധനായ ഫ്ലോയിഡിനെ വെള്ളക്കാരായ പോലീസുകാർ കാലുകൊണ്ട് റോഡിലേക്ക് കഴുത്ത് അമർത്തി ചേർത്തുപിടിച്ച് പത്തുമിനിറ്റോളം സമയമെടുത്താണ് കൊന്നത്. ഇതിനിടയിൽ ഫ്ലോയ്ഡ് “ഓഫീസർ എനിക്ക് ശ്വസിക്കാനാവുന്നില്ല” എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. മിനപൊലിസിലെ കൊലപാതകത്തിന് ഡെറിക് ചൗവിന് എതിരെ കേസെടുത്തു. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

ലണ്ടനിലെ പ്രതിഷേധത്തിനിടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ട്രാഫൽഗർ സ്‌ക്വയറിലും, ബാറ്റെർസീയിലെ യുഎസ് എംബസിക്ക് പുറത്തുമാണ് പ്രതിഷേധക്കാർ തടിച്ചു കൂടിയത്. യു കെ യിലെ മറ്റു പലയിടങ്ങളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സെന്ററിലൂടെ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന മുദ്രാവാക്യം മുഴക്കി ജനങ്ങൾ കടന്നുപോയി. കാർഡിഫിലും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്.

വർഗീയതയ്ക്ക് ഇവിടെ ഇടമില്ല, എനിക്ക് ശ്വസിക്കാനാവുന്നില്ല തുടങ്ങിയ പ്ലക്കാർഡുകളും ലണ്ടനിലെ പ്രതിഷേധക്കാർ ഉപയോഗിച്ചു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്ന് മെറ്റ് പോലീസ് പറഞ്ഞു. യുഎസ് എംബസിക്ക് മുന്നിൽ നിന്ന് 17 നും 25 നും ഇടയ്ക്ക് പ്രായമുള്ള അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിൽ മൂന്നു പേരെ കോവിഡ് 19 ലെജിസ്ലേഷൻ തെറ്റിച്ചതിനും രണ്ടുപേരെ പോലീസിനെതിരെ അതിക്രമം കാണിച്ചതിനും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ തന്നെ വെച്ചിരിക്കുകയാണ്.

ട്രാഫൽഗർ സ്ക്വയറിലെ സെന്റ് മാർട്ടിൻ ഇൻ ദി ഫീൽഡ്സ് പള്ളിയിലെ അസോസിയേറ്റ് വികാരിയായ റെവറണ്ട് സാലി ഹിച്ചിനേർ പറയുന്നു” ഈ വിഷയത്തിൽ എനിക്ക് സഹതാപം ഉണ്ട്, എന്നാൽ ഇത്രയധികം ജനങ്ങൾ ഒരുമിച്ച് കൂടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒന്നിച്ചുകൂടിയവരാരും ലോക്ക്ഡൗണോ സോഷ്യൽ ഡിസ്റ്റൻസിംഗോ പാലിക്കുന്നില്ല. തീർച്ചയായും ഈ വിഷയത്തിൽ വൈകാരികത ഉണ്ട്, എന്നാൽ എത്രമാത്രം അപകടം പിടിച്ച കാര്യമാണ് അവർ ചെയ്യുന്നത് എന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നില്ലേ?

കുറെയധികം പ്രതിഷേധക്കാർ ബാറ്റെർ സീ പാർക്ക് സ്റ്റേഷനിലെ റെയിൽവേ ബ്രിഡ്ജിനടിയിൽ തടിച്ചു കൂടിയിരുന്നു. നാലുപേർ ഒരു ബസ്സിന് മുകളിൽ കയറി ഒരു മുട്ടുമടക്കി വലത്തെ കൈ ഉയർത്തി നിശബ്ദമായി സല്യൂട്ട് ചെയ്ത്, ജനങ്ങളെയും അനുകരിക്കാൻ പ്രേരിപ്പിച്ചു. 1968 ലെ ഒളിമ്പിക്സിൽ യുഎസ് സ്പ്രിന്റർ ആയ ടോമി സ്മിത്ത് ആണ് ആദ്യമായി വർഗീയതയ്ക്കെതിരെ ഗോൾഡ് മെഡൽ സെറമണിയിൽ ഈ രീതിയിൽ പ്രതികരിച്ചത്.

യുഎസിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 22 നഗരങ്ങളിലായി 1600 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അഞ്ചുദിവസമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ ടിയർഗ്യാസും റബ്ബർ ബുള്ളറ്റും ഉൾപ്പെടെയുള്ള മുറകളാണ് പോലീസ് പ്രയോഗിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ട് മാസത്തിലേറയായി രാജ്യത്ത് തുടർന്നുവന്ന ലോക്ക്ഡൗണിന് നാളെ മുതൽ പുതിയ മുഖം. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്ന് അതീവജാഗ്രതയോടുകൂടി തന്നെ ജനജീവിതം സാധാരണനിലയിൽ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എങ്കിലും ഇത്രയും നാൾ ലോക്ക്ഡൗണിൽ കഴിഞ്ഞതിന്റെ സമ്മർദം മൂലം ബ്രിട്ടനിലെ 10 % ആളുകൾ ഇനി കൊണ്ടുവരുന്ന നടപടികൾ അവഗണിക്കുമെന്ന് ആരോഗ്യമേധാവി മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ ക്ഷീണം മൂലം തുടർന്നുള്ള ഉപദേശങ്ങൾ ആളുകൾ അവഗണിക്കാൻ സാധ്യത കൂടുതലാണ്. എൻ എച്ച് എസ് കോവിഡ് ട്രേസർസ് ജനങ്ങളുമായി ബന്ധപ്പെട്ട ശേഷമാണ് ഈ വിവരം പുറത്തുവിടുന്നത്. സോഫ്റ്റ് വെയർ ഉപയോഗിച്ച് എത്ര പേരെ ട്രാക്ക് ചെയ്തുവെന്ന് പറയാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു. രോഗബാധിതരായവരെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ ട്രേസിംഗ് ആപ്പ് രൂപകൽപ്പന ചെയ്യാൻ പ്രൊഫസർ ഇസബെൽ ഒലിവറിന്റെ സഹായം ഉണ്ടായിരുന്നു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളോട് സർക്കാരിന്റെ ആപ്ലിക്കേഷൻ വിശദീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ പരിശോധിക്കാൻ അവർ അഭ്യർത്ഥിച്ചു. തെറ്റായ സന്ദേശങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഒപ്പം എല്ലാ തരത്തിലുള്ള ആശയവിനിമയത്തിനും രണ്ട്-ഘട്ട പരിശോധന ഉൾപ്പെടുത്താൻ പബ്ലിക് ഹെൽത്ത് ഡയറക്ടർമാർ ആവശ്യപ്പെടുന്നു. ഇതുവഴി വിവരങ്ങൾ ചോരുന്നതിന്റെ അപകടസാധ്യത ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

അതേസമയം രാജ്യത്തിന് എന്നെന്നേക്കുമായി ലോക്ക്ഡൗണിൽ തുടരാൻ കഴിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ശ്രദ്ധാപൂർവ്വം ഇളവ് വരുത്തിയത് ശരിയായ നടപടിയാണെന്ന് റാബ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് കേസുകളിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊണ്ടുവരുന്ന ഇളവുകൾ കൂടുതൽ കേസുകൾ ഉയരാൻ കാരണമായേക്കുമെന്ന് ശാസ്ത്ര ഉപദേഷ്ടാക്കൾ പറഞ്ഞിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായേക്കുമെന്ന് എഡിൻബർഗ് സർവകലാശാലയിലെ ആഗോള പൊതുജനാരോഗ്യ പ്രൊഫസർ ദേവി ശ്രീധർ   പറഞ്ഞു. ഈ രോഗം വീണ്ടും നിയന്ത്രണാതീതമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. അതിനാലാണ് സ്കോട്ട്ലൻഡിൽ നിയന്ത്രണങ്ങൾ വളരെ പതുക്കെ മാത്രം ലഘൂകരിക്കുന്നത്.

എന്നാൽ ഈ സമയത്ത് ശരിയായ നടപടിയാണ് നാം സ്വീകരിച്ചതെന്ന് റാബ് മറുപടി പറഞ്ഞു. ട്രാൻസ്മിഷൻ നിരക്ക് കുറയ്ക്കുന്നതിൽ സ്ഥിരമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് 113 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്തതോടെ ആകെ മരണസംഖ്യ 38,489 ആയി ഉയർന്നു. എന്നാൽ യഥാർത്ഥത്തിൽ ആകെ മരണസംഖ്യ 50000ത്തിന് അടുത്ത് ആയിരിക്കുമെന്ന് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു. 1,936 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട്‌ ചെയ്തു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയമങ്ങളിൽ ചില ഇളവുകൾ വരുത്തിയിരിക്കുകയാണ്. രോഗം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സ്വയം ക്വാറന്റൈനിൽ കഴിഞ്ഞു വരികയായിരുന്ന രണ്ടു മില്യനോളം ആളുകൾകൾക്ക് അവരുടെ ഉറ്റവരെയും, സ്നേഹിതരേയും കാണുവാൻ തിങ്കളാഴ്ച മുതൽ അവസരം ഉണ്ടായിരിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഈ തീരുമാനം അറിയിച്ചത്. ഇതോടൊപ്പം തന്നെ രണ്ടു മാസത്തിലേറെയായി ഇത്തരത്തിൽ സ്വന്തം വീടുകളിൽ തന്നെ കഴിയുന്ന ആളുകളുടെ മനഃസ്സാന്നിധ്യത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റീസ് സെക്രട്ടറി റോബർട്ട്‌ ജനറിക് ഇതിനെ സംബന്ധിച്ചുള്ള എല്ലാ മാർഗ നിർദേശങ്ങളും ഇന്ന് പുറപ്പെടുവിക്കും. എന്നാൽ ഇത്തരം കൂടി കാഴ്ചകൾ എല്ലാം തന്നെ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശമുണ്ട്. ഒറ്റയ്ക്ക് കഴിയുന്നവർക്ക് മറ്റ് വീടുകളിൽ കഴിയുന്ന സ്നേഹിതരെയും, കുടുംബാംഗങ്ങളെയും കാണുവാനും അവസരമുണ്ട്.

എന്നാൽ ജൂൺ 30 വരെ ഇവർ താമസിക്കുന്ന ഇടങ്ങളിൽ തന്നെ കഴിയണമെന്നാണ് നിർദ്ദേശം. എന്നാൽ അവരുടെ ജീവിതം കുറച്ചു കൂടെ സുഖകരമാക്കാൻ ഉള്ള തീരുമാനങ്ങൾ ആണ് ഇപ്പോൾ എടുക്കുന്നത്. ഇത്തരത്തിൽ സ്വയം മുൻകരുതൽ എടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ ഇവരുടെ എല്ലാ ആവശ്യങ്ങളിലും സഹായിച്ച വോളണ്ടിയർമാരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകളും സഹായഹസ്തങ്ങളും ഇത്തരം വോളണ്ടിയർമാർ ആണ് നൽകിയത്.

കൊറോണ രോഗബാധയുടെ നിരക്ക് ബ്രിട്ടണിൽ കുറഞ്ഞതിനാലാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്ന് കമ്മ്യൂണിറ്റി സെക്രട്ടറി പറഞ്ഞു. എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് രോഗബാധ കൂടാൻ ഇടയാക്കും എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം ഇളവുകൾ രോഗബാധയുടെ രണ്ടാംവരവിന് കാരണമാകുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥാൻ വാൻ ടാം ആശങ്ക അറിയിച്ചു.

സ്വന്തം ലേഖകൻ

വെസ്റ്റ് മിഡ് ലാൻഡ്സിലെ, റ്റിപ്റ്റനിൽ കഠാര കുത്തേറ്റ നിലയിൽ അമ്മയേയും 7 മാസം പ്രായമുള്ള മകനെയും കണ്ടെത്തിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. വ്യാഴാഴ്ച വെളുപ്പിന് 12. 30 ഓടെ, അമ്മയും കുഞ്ഞും രക്തത്തിൽ മുങ്ങി കിടക്കുന്നു എന്ന ദൃക്‌സാക്ഷിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ആംഡ് പോലീസ് ഓഫീസേഴ്സും ആംബുലൻസും സ്ഥലത്തെത്തിയത്. സംഭവത്തിൽ 32 കാരനായ ആമർ അറാഫിനെ മാൻഷൻ ഡ്രൈവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു, ഇന്ന് വോൾവർ ഹാംപ്ടൺലെ കോടതിയിൽ എത്തിക്കും.

ഒരു ഇരട്ട സഹോദരി കൂടിയുള്ള ആൺകുഞ്ഞ് ഗുരുതരാവസ്ഥയിലാണ്, കുട്ടിക്ക് ഏത് രീതിയിലാണ് പരിക്കേറ്റത് എന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. 37 കാരിയായ അമ്മ ഇപ്പോൾ ഗുരുതര നില തരണം ചെയ്തിട്ടുണ്ട്. സംഭവുമായി മറ്റാർക്കും ബന്ധമില്ല എന്നാണ് കരുതപ്പെടുന്നത്. “യുവതി രക്തത്തിൽ കുളിച്ച നിലയിൽ തറയിൽ, കതകിന് സമീപത്തായി ഒരു മൂലയിൽ കിടക്കുകയായിരുന്നു, അവരുടെ കയ്യിലും കൈത്തണ്ടയിലും മുറിവുകളും ചോരയൊലിക്കുന്ന പാടുകളും ഉണ്ടായിരുന്നു. എനിക്ക് അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല” എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു.

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയ്ക്ക് മേൽ ഇനി ബാങ്കിംഗ് നിരോധനമില്ല. ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കോ ​​കമ്പനികൾക്കോ ​​വ്യാപാരികൾക്കോ ​​ഇനിമേൽ ബാങ്കിംഗ് നിരോധനം ഇല്ലെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് (ആർബിഐ) സ്ഥിരീകരിച്ചു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ നിരോധനം നീക്കി, ക്രിപ്റ്റോ കറൻസി ട്രേഡ് ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും റിസർവ് ബാങ്ക് നിർദേശം നൽകാത്തതിനാൽ ഇടപാടുകളിൽ നിന്ന് ബാങ്കുകൾ ഒഴിഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്ത് ക്രിപ്റ്റോകറൻസിയ്ക്ക് ബാങ്കിംഗ് നിരോധം ഇല്ലെന്ന് റിസർവ് ബാങ്ക് സ്ഥിരീകരിച്ചു.

പ്രമുഖ ഇന്ത്യൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ യുനോകോയിന്റെ സഹസ്ഥാപകനായ ബി വി ഹരീഷ് ഏപ്രിൽ 25 ന് വിവരാവകാശ അന്വേഷണം ഫയൽ ചെയ്തു. ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കോ ​​കമ്പനികൾക്കോ ​​ക്രിപ്റ്റോ വ്യാപാരികൾക്കോ ​​ബാങ്ക് അക്കൗണ്ടുകൾ നൽകുന്നതിൽ നിന്ന് ഏതെങ്കിലും ബാങ്കുകളെ റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. “തീയതി പ്രകാരം, അത്തരം വിലക്കുകളൊന്നും നിലവിലില്ല” എന്നാണ് മെയ് 22ന് റിസർവ് ബാങ്ക് മറുപടി നൽകിയത്. എന്നിരുന്നാലും, ചില ബാങ്കുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കായി അക്കൗണ്ടുകൾ തുറക്കാൻ വിസമ്മതിക്കുന്നു. ക്രിപ്റ്റോകറൻസി സംബന്ധിച്ച് റിസർവ് ബാങ്കിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അവർ അവകാശപ്പെടുന്നു.

ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ഇന്ത്യയിൽ നിയമപരമാണെന്ന് റിസർവ് ബാങ്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക മാന്ദ്യം വരുമെന്ന് വിദഗ്ധർ പ്രവചിക്കുമ്പോഴും രാജ്യവ്യാപകമായി ലോക്ക്ഡൗണിൽ കഴിയുമ്പോഴും ക്രിപ്റ്റോ വ്യവസായം കുതിച്ചുയരുകയാണ്. പുതിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ആരംഭിക്കുകയും നിക്ഷേപങ്ങൾ വരികയും ചെയ്യുന്നു. അതേസമയം, ക്രിപ്റ്റോകറൻസി നിയന്ത്രിക്കണമോ എന്നും ഇന്ത്യൻ സർക്കാർ ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. 2018 ഏപ്രിലിൽ ആണ് റിസർവ് ബാങ്ക് ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്നാൽ ഈ മാർച്ചിൽ ക്രിപ്‌റ്റോ കറന്‍സി നിരോധനം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

ഡോ. ഐഷ വി

ഒരു കുഞ്ഞ് പിച്ചവച്ച് നടന്നു തുടങ്ങുന്നതു പോലെയാണ് ആ കുഞ്ഞിന്റെ അറിവും വളർന്നു വരുന്നത്. കണ്ടും കേട്ടും ഘ്രാണിച്ചും സ്പശിച്ചും രുചിച്ചും വായിച്ചറിഞ്ഞും സാമാന്യ ജനങ്ങൾക്ക് ഇന്ദ്രിയ ജ്ഞാനമുണ്ടാകുന്നു. അപൂർവം ചിലർക്ക് അതീന്ദ്രിയ ജ്ഞാനവും. ജനനവും മരണവും ജീവിതവും ഒക്കെ നിർവ്വചിയ്ക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പലരും വിജയിച്ചിട്ടുമുണ്ട്. എന്റെ അനുജത്തിയുടേയും അനുജന്റേയും ജനനം കൂടെ കളിയ്ക്കാൻ രണ്ട് ജീവനുകൾ ഭൂമിയിൽ അവതരിച്ചു എന്ന തോന്നലാണ് എന്നിലുളവാക്കിയത്.

ഞങ്ങളുടെ കുട്ടിക്കാലം കാസർഗോഡായിരുന്നതിനാൽ ഞങ്ങൾക്കങ്ങനെ ബന്ധുക്കളുടെ മരണത്തിന് പോകേണ്ട സന്ദർഭങ്ങൾ ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുന്നതു വരെയും ഉണ്ടായിട്ടില്ല. മരണം എന്നൊന്ന് ഉണ്ടെന്ന് ഞാനാദ്യം അറിയുന്നത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ്. ഒരവധി ദിവസം ഞാൻ ഉമ്മറത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. “ഐഷേ ഇങ്ങു വാ ‘ എന്ന വിളി കേട്ടാണ് ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലുന്നത്. എന്തിനാ വിളിച്ചതെന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ കയ്യാലയ്ക്കുപുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി. അമ്മ പറഞ്ഞു ഒരാൾ മരിച്ചത് അടക്കം ചെയ്യാനായി കൊണ്ടുപോവുകയാണ്. ഞാൻ എത്തി വലിഞ്ഞ് വലിഞ്ഞ് നോക്കി. പക്ഷേ ശവമഞ്ചം കണാൻ പറ്റിയില്ല. പരേതനെ അനുഗമിയ്ക്കുന്ന ഒന്നുരണ്ടുപേരെ കണ്ടു. അമ്മ പറഞ്ഞു: അല്പം കൂടി നേരത്തേ വന്നെങ്കിൽ കാണാമായിരുന്നെന്ന് . മരണമെന്താണെന്ന് ഞാൻ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് ഒരാളുടെ ജീവൻ പോയി അയാളുടെ കണ്ണടയുന്നതാണ് മരണം.
ഞാൻ ഓടിപ്പോയി ഒന്നാം പാഠം മുഴുവൻ അരിച്ചു പെറുക്കി . മരണത്തെ കുറിച്ച് എനിയ്ക്ക് ഒന്നും കണ്ടെത്താനായില്ല. താളുകൾ മറിയ്ക്കുന്ന കൂട്ടത്തിൽ കണ്ണടച്ച് ധ്യാനനിരതനായിരിയ്ക്കുന്ന ഒരു സന്യാസിയുടെ ചിത്രം ശ്രദ്ധയിൽപ്പെട്ടു. ആ ചിത്രത്തിനു താഴെ “ഋഷി “എന്ന് എഴുതിയിരിയ്ക്കുന്നു. പിന്നീട് ഒരു വർഷത്തോളം ആ ചിത്രമായിരുന്നു മരണത്തെ കുറിച്ചുള്ള എന്റെ സങ്കല്പം. രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ “ജീവനില്ലാത്തത് ജഡം” എന്ന് ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ അതായിരുന്നു മരണത്തെ കുറിച്ചുള്ള സങ്കല്പം.

മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ഒരവധി ദിവസം അമ്മ ഞങ്ങൾ മൂന്നു മക്കളേയും കൂട്ടി ഉച്ചയുറക്കത്തിനൊരുങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അനുജത്തിയും അനുജനും കൂടി ഉറങ്ങി. എനിയ്ക്ക് ഉറക്കം വന്നില്ല. ഞാൻ എഴുന്നേറ്റു. അച്ഛൻ വീട്ടിലില്ലായിരുന്നു.വീടിന്റെ മുൻ വശത്തെ കതക് തുറന്ന് വാതിൽ പടിയിൽ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നോക്കിയിരുപ്പായി. അയലത്തെ വീട്ടിലെ ദേവയാനി ചേച്ചിയുo ഉച്ചയുറക്കത്തിലായതിനാൽ തികഞ്ഞ ഏകാന്തതയും നിശബ്ദതയും എനിയ്ക്കനുഭവപ്പെട്ടു. കാസർഗോഡ് പട്ടണത്തിൽ ഞായറാഴച മാത്രമേ ഭിക്ഷക്കാർ ഭിക്ഷ തേടി വീടുകളിൽ പോയിരുന്നുള്ളൂ. അന്ന് ശനിയാഴ്ചയായിരുന്നതിനാൽ ഭിക്ഷക്കാരുടെ ദാനം ലഭിക്കാനായുള്ള “അമ്മാ… ” വിളിയും ഇല്ലായിരുന്നു. അങ്ങനെ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ഏറെ നേരം എനിയ്ക്ക് നോക്കിയിരിക്കാനായി. പെടുന്ന് ഒരു മിന്നൽ പിണർ പോലെ ഒരു ചിന്ത എന്നിലുണ്ടായി. ഞാൻ എവിടെ നിന്നു വന്നു ? എങ്ങോട്ട് പോകുന്നു. പിന്നെ എന്റെ മനസ്സിനെ അദൃശ്യനായ ആരോ ശക്തമായി പിടിച്ച് വലിച്ച് കൊണ്ടുപോകുന്നതു പോലെ ഒരനുഭവം ഉണ്ടായി. അതെത്ര നേരം നില നിന്നു എന്നെനിക്കറിയില്ല. ഒന്നറിയാം. ഞാൻ ഉറങ്ങിയതല്ലെന്ന്. എന്റെ അര നൂറ്റാണ്ടിലേറെയുള്ള ജീവിത യാത്രയ്ക്കിടയിൽ പല പ്രാവശ്യം ഞാൻ ഏകാന്തമായി ഇരുന്ന് നോക്കിയിട്ടുണ്ട്. അതേ വാതിൽപ്പടിയിൽ തന്നെ ഇരുന്നു നോക്കിയിട്ടുണ്ട് അതെന്താണെന്നറിയാൻ . മെഡിറ്റേഷൻ ചെയ്തിട്ടുണ്ട്. പക്ഷേ ആ ദിവസത്തെപ്പോലെ ശക്തമായ അതീന്ദ്രിയമായ എന്തോ ലഭിച്ചതു പോലെ ഒരനുഭവം അതിന് മുമ്പോ അതിന് ശേഷമോ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ചിലപ്പോൾ എനിയ്ക്ക് തോന്നും എന്റെ മനസ്സിനെ ഏതോ അദൃശ്യ ശക്തി എടുത്ത് റീപ്രോഗ്രാം ചെയ്ത് തിരികെ വച്ചതാണെന്ന്.

അക്കാലത്ത് നാട്ടിൽ നിന്നും വന്ന ഒരു കത്തിലെ വാർത്ത അമ്മയുടെ ഇളയച്ചൻ കരുണാകരൻ വൈദ്യൻ മരിച്ച വിവരമായിരുന്നു. അമ്മ കുറച്ചുനേരം കണ്ണീർ തുടയ്ക്കുന്നതു കണ്ടു. കാറിടിച്ച് ദീർഘകാലം കിടന്നിട്ടാണ് അദ്ദേഹം മരിച്ചതെന്ന് അച്ഛനമ്മമാരുടെ സംഭാഷണത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി. കാറിടിച്ചാൽ അത് മനുഷ്യന്റെ മരണ കാരണമാകാമെന്നും മരണം വ്യസനമുണ്ടാക്കുന്ന ഒന്നാണെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ നവംബർ മാസത്തിൽ ഉച്ച കഴിഞ്ഞുള്ള ഒരു ഇടവേളയിൽ ഞാനും കമലാക്ഷിയും മറ്റു കൂട്ടുകാരും സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ ഞാൻ എന്റെ അച്ഛൻ ഹെഡ് മാസ്റ്ററുടെ റൂമിലേയ്ക്ക് പോകുന്നത് കണ്ടില്ല. പക്ഷേ കമലാക്ഷി അത് കണ്ടുപിടിച്ചു. എന്നോടൊന്നും പറയാതെ കമലാക്ഷി അച്ഛന്റെ പിറകെ ഓടി .

വിവരം മണത്തറിഞ്ഞ് കമലാക്ഷി അതേ വേഗത്തിൽ ഓടി തിരികെ എന്റെയടുത്തെത്തി പറഞ്ഞു. ഐഷയുടെ വല്യച്ഛൻ മരിച്ചു പോയി. ഐഷയേയും അനുജനേയും വിളിച്ചു കൊണ്ട് പോകാനാണ് അച്ഛൻ വന്നത്. അച്ഛൻ അനുജനെയും കൂട്ടി എന്റെ അടുത്തു വന്നു. ആരും പറയാതെ തന്നെ കമലാക്ഷി ഓടിപ്പോയി എന്റെ ബാഗും കുടയുമൊക്കെ എടുത്തു കൊണ്ടുവന്നു. ഞാൻ അതും വാങ്ങി അച്ഛന്റെ ഒപ്പം യാത്രയായി. ആ ദിനം കാസർഗോഡ് ഗവ. ടൗൺ യുപി എസ്സിലെ എന്റെ അവസാന ദിനമായിരിയ്ക്കുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഞങ്ങൾ വീട്ടിലെത്തി. അമ്മയോട് വേഗം സാധനങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്തു നാട്ടിലേയ്ക്ക് പോകാനൊരുങ്ങാൻ പറഞ്ഞു. അമ്മ അച്ഛൻ പറഞ്ഞത് അനുസരിച്ചു. അത്താഴം പൊതി കെട്ടി പാത്രങ്ങൾ കഴുകി വച്ച് ഞങ്ങളേയും ഒരുക്കി അമ്മ യാത്രയ്ക്ക് തയ്യാറായി. അച്ഛൻ ഞങ്ങളോടോ അമ്മയോടോ വല്യച്ഛന്റെ മരണ വിവരത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. നാട്ടിലേയ്ക്ക് പോകുമ്പോൾ മാമന്റെ മകൾ സിന്ധുവിനേയും മൂത്തേമ്മയുടെ മകൾ സത്യവതിയേയും കാണാമെന്ന സന്തോഷമായിരുന്നു എനിയ്ക്ക്. ഞങ്ങൾ വൈകുന്നേരത്തെ ട്രെയിനിൽ കയറി കൊല്ലത്തേയ്ക്ക് തിരിച്ചു. നേരം വെളുത്തപ്പോൾ ഞങ്ങൾ കൊല്ലത്തെത്തി. അമ്മ ഞങ്ങളെയെല്ലാം പല്ലൊക്കെ തേപ്പിച്ച് വൃത്തിയാക്കിയിരുന്നു. അച്ഛൻ ഞങ്ങൾക്ക് പ്രാതൽ വാങ്ങിത്തന്നു. കൊല്ലത്തു നിന്നും അടുത്ത ബസ്സിൽ ഞങ്ങൾ കൊട്ടിയത്തിറങ്ങി. അച്ഛൻ അമ്മയോട് പറഞ്ഞു. ഞാനൊരു കാര്യം പറഞ്ഞാൽ നീ ഇവിടെ വച്ച് കരഞ്ഞ് ബഹളം വയ്ക്കരുത്. ഇന്നലെ എനിയ്ക്കൊരു ടെലഗ്രാം കിട്ടി. ” കേശവൻ വൈദ്യൻ എക്സ്പയേഡ്” എന്നാണ് അതിലെഴുതിയിരുന്നത് . അമ്മയുടെ കണ്ണിൽ കണ്ണുനീർത്തുള്ളികൾ ഉറഞ്ഞു കൂടി . അച്ഛൻ ഒരു ടാക്ലി പിടിച്ചു. ഞങ്ങളെ അതിൽ കയറ്റി ചിരവാത്തോട്ടത്ത് വലിയ വിള വീട്ടിലെത്തി.. ഞങ്ങളെത്തിയതും മണി മാമൻ ഓടി വന്ന് ഞങ്ങളുടെ സാധനങ്ങൾ എടുത്ത് ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. അമ്മ അമ്മാമയുടെ മുറിയിലേയ്ക്ക് പോയി കരയാൻ തുടങ്ങി. തലേന്ന് ശവസംസ്കാരം നടന്നെന്ന് എനിയ്ക്ക് മനസ്സിലായി. അന്ന് വൈകിട്ട് അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചി അവിടെയെത്തി. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ചിട്ട് എന്നെയും കൂട്ടി അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ കുറേ ദിവസം ഞാൻ തങ്ങി. അമ്മയുടെ അച്ഛന്റെ പതിനാറടിയന്തിരത്തിന് രണ്ടു ദിവസം മുമ്പാണ് ഞാൻ തിരികെ എത്തിയത്. പിന്നെ ഞങ്ങളെ അമ്മ വീട്ടുകാർ കാസർഗോട്ടേയ്ക്ക് വിട്ടില്ല. അച്ഛൻ മാത്രം തിരികെ പോയി. ഞങ്ങളുടെ ടി സി അച്ഛൻ വാങ്ങിക്കൊണ്ടുവന്നു. ഞങ്ങളെ ചിറക്കര ഗവ സ്കൂളിൽ പ്രവേശിപ്പിച്ചു. ഹെഡ് മാസ്റ്ററുടെ മുറിയിലിരിയ്ക്കുമ്പോൾ അച്ഛൻ കാസർഗോഡ് ടൗൺ യു പി എസ്സിനെ കുറിച്ച് അല്പം പുകഴ്ത്തി സംസാരിച്ചത് ഹെഡ് മാസ്റ്റർ ഭാസ്കരൻ സാറിന് അത്ര രസിച്ചില്ലെന്ന് തോന്നി. അദ്ദേഹം എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഞാനുത്തരം പറഞ്ഞു. പിന്നെ അദ്ദേഹം 25 ന്റെ സ്ക്വയർ റൂട്ട് എത്രയെന്ന് ചോദിച്ചു. എനിയ്ക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. പിന്നീടാണ് അത് അഞ്ചാം ക്ലാസ്സിലെ പാഠഭാഗമാണെന്ന് എനിക്ക് മനസിലായത്. അച്ഛൻ അന്നല്പം വിഷണ്ണനായി.

ആയിടെ മൂന്ന് മാസത്തിലേറെക്കാലം അമ്മവീട്ടിൽ വല്യച്ഛന്റെ മരണമന്വേഷിച്ച് എത്തുന്നവരുടെ തിരക്കായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾ കുട്ടികളെ വല്യച്ഛൻ ലാളിച്ചിട്ടൊന്നുമില്ലെങ്കിലും നല്ല പ്രവൃത്തികൾ കൊണ്ട് അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു എന്ന് എനിയ്ക്ക് പിന്നീടാണ് മനസ്സിലായത്. നാട്ടിൽ സ്വന്തം ചിലവിൽ രണ്ടു വഴി വെട്ടുകയും പല വഴികളും വൃത്തിയാക്കിയിടുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. കൂടാതെ കല്ലുവാതുക്കലും ചിറക്കരയിലും വൈദ്യശാലയുണ്ടായിരുന്നതിനാൽ അങ്ങനേയും ധാരാളം പേർ അന്വേഷിച്ചെത്തി. ചിറക്കരയിൽ ആദ്യമായി ഒരു നെയ്ത്ത് സൊസൈറ്റി തുടങ്ങുകയും ഒട്ടേറെ കുടുംബങ്ങൾ വീടുകളിൽ നെയ്ത്ത് തുടങ്ങുകയും ചെയ്തിരുന്നു. ചിറക്കരയിലെ എസ് എൻ ഡി പി ശാഖയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.. അങ്ങനെ കർമ്മയോഗിയുടെ വിയോഗം മനുഷ്യർക്ക് പെട്ടെന്ന് മറക്കാനാവാത്തതാണെന്ന് എനിയ്ക്ക് മനസ്സിലായി. മരണം ചിലപ്പോൾ സ്കൂളിലെ ആത്മാർത്ഥ സുഹൃത്തുക്കളെ വേർപിരിയാനിടയാക്കുമെന്നും മനസ്സിലായി.

പിന്നെയും കുറേക്കാലം കൂടി കാത്തിരിക്കേണ്ടി വന്നു എനിയ്ക്ക് ഒരു മൃതദേഹം കാണാനും ശവസംസ്കാരം കാണാനും അവസരമുണ്ടാകാൻ. കരിഞ്ഞ പുൽക്കൊടികളും ഉണങ്ങിയ മരങ്ങളും ചത്ത മത്സ്യങ്ങളും ഒക്കെ കണ്ട് മരണമെന്തെന്ന് ഞാൻ അറിയാൻ തുടങ്ങിയിരുന്നെങ്കിലും ഒരു മനുഷ്യ മൃതദ്ദേഹം ആദ്യമായി കാണുന്നത് എന്റെ മൂത്തേമ്മയുടെ അമ്മായിഅമ്മയുടെ മരണത്തിനാണ്. മേടയിൽ വീട്ടിൽ വച്ച് . ജീവനുള്ള മനുഷ്യന്റെ ജീവന്റെ തുടിപ്പും ജീവനില്ലാത്ത മനുഷ്യന്റെ മുഖത്തെ നിർജ്ജീവതയും ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു.
( തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ ലോക്ക്ഡൗൺ ലഘൂകരിച്ചുകൊണ്ട് വരികയാണ്. എങ്കിലും രാജ്യം കൊറോണ വൈറസിൽ നിന്നും പൂർണമായും മുകതമായിട്ടില്ല. അതിനാൽ തന്നെ രോഗവ്യാപന സാധ്യതയും ഉയർന്നുനിൽക്കുകയാണ്. ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് പ്രൊഫസർ ജോൺ എഡ്മണ്ട്സ് അഭിപ്രായപ്പെട്ടു. എൻ‌എച്ച്‌എസ് ടെസ്റ്റും ട്രേസ് സിസ്റ്റവും പൂർണ്ണമായും പ്രവർത്തിക്കണമെന്ന് സർ ജെറമി ഫറാർ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ വീണ്ടും തുറക്കും. ഒപ്പം ആറ് പേർക്ക് വരെ പുറത്ത് കൂടിക്കാഴ്ച നടത്താവുന്നതാണ്. ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളും ജൂൺ ആദ്യം മുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണ്. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ഇന്ന് 146 കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തി. സ്‌കോട്ട്‌ലൻഡിൽ 22 മരണങ്ങളും വെയിൽസിൽ 14 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അതിന്റെ രഹസ്യ മീറ്റിംഗുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. കൊറോണ വൈറസിന്റെ വ്യാപനതോത് ഇപ്പോഴും വളരെ ഉയർന്നതാണെന്നും നടപടികളിൽ ഇളവ് വരുത്തുന്നതിന് മുമ്പ് കേസുകളുടെ എണ്ണം കുറയുമെന്നും പല ശാസ്ത്രജ്ഞരും ആഗ്രഹിക്കുന്നു. ആർ റേറ്റ് ഇപ്പോഴും ഒന്നിൽ തന്നെ ആണെന്നും അതിനാൽ രോഗവ്യാപനത്തിന് സാധ്യത ഉണ്ടെന്നും പ്രൊഫസർ പീറ്റർ ഹോർബി അറിയിച്ചു. നിയന്ത്രണങ്ങൾ കൈവിട്ടുപോയാൽ അവസ്ഥ കൂടുതൽ മോശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എല്ലാം സാധാരണമായെന്ന രീതിയിൽ സ്കൂളുകൾ വീണ്ടും തുറക്കുമ്പോഴും അപകടസാധ്യത തള്ളികളയാൻ കഴിയില്ലെന്ന് സേജ് അംഗം പ്രൊഫ. കാലം സെമ്പിൾ പറഞ്ഞു. ലോക്ക്ഡൗണിന്റെ ഇളവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് മുന്നറിയിപ്പ് നൽകി. അണുബാധയുടെ തോത് വീണ്ടും ഉയരാൻ തുടങ്ങിയാൽ കർശനമായ ലോക്ക്ഡൗൺ നടപടികൾ വീണ്ടും നടപ്പാക്കാൻ കുറച്ച് സമയം മാത്രമേ ഉള്ളുവെന്ന് സേജ് രേഖകൾ വെളിപ്പെടുത്തുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസർ സാലി ബ്ലൂംഫീൽഡ്, രോഗസാധ്യത നിലനിൽക്കുന്നതിനാൽ അതിഥികളുമായി ചേർന്നു ബാർബിക്യൂ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.


“എല്ലാ സമയത്തും വിവരങ്ങളും തെളിവുകളും സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ നടപടികൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിനാൽ ലോക്ക്ഡൗൺ ലഘൂകരിക്കാനും ആർ‌ റേറ്റ് ഒന്നിനെക്കാൾ താഴെയായി നിലനിർത്താമെന്നും പ്രതീക്ഷിക്കുന്നു.” 10-ാം നമ്പർ വക്താവ് പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇംഗ്ലണ്ടിലെ പോലീസ് സേന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ നടപടികൾ പിൻവലിക്കാൻ സർക്കാർ അതിവേഗം തിരക്കുകൂട്ടുന്നതിൽ അതീവ ആശങ്കയുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. അലർട്ട് ലെവൽ നിശ്ചയിക്കുന്ന ജോയിന്റ് ബയോസെക്യൂരിറ്റി സെന്റർ, രാജ്യം മൂന്നാം ലെവലിലേക്ക് നീങ്ങാൻ തയ്യാറാണെന്ന് പറഞ്ഞിട്ടില്ല. ജാഗ്രതയോടെ പ്രവർത്തിക്കാൻ ലണ്ടൻ നിവാസികളോട് അഭ്യർത്ഥിക്കുന്നുവെന്ന് സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു.

സ്വന്തം ലേഖകൻ

ഒസിഐ കാർഡ് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് അടുത്തകാലത്ത് വച്ച നിയമഭേദഗതി മലയാളികൾ ഉൾപ്പെടുന്ന പ്രവാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നാണ്. 20 വയസ്സിൽ താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ള വരും പാസ്പോർട്ട് പുതുക്കുന്ന അവസരങ്ങളിലെല്ലാം ഒസിഐ കാർഡും പുതുക്കണമെന്നും പാസ്പോർട്ട് നമ്പർ ഒസിഐ കാർഡിൽ പതിപ്പിക്കണമെന്നും പുതിയ ഭേദഗതിയിൽ നിർദേശിച്ചിരുന്നു.

ഈ നിയമ ഭേദഗതി പ്രവാസികളിൽ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഓരോതവണയും പാസ്പോർട്ട് പുതുക്കുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ ഒസിഐ കാർഡുകൾ പുതുക്കാനായി ഏൽപ്പിച്ചിരുന്ന പ്രൈവറ്റ് ഏജൻസിയായ വിഎഫ്എസിൽ കയറി ഇറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു സംജാതമായിരുന്നത്. വിഎഫ്എസിന്റെ ഭാഗത്തുനിന്നുള്ള സേവനങ്ങളിൽ വളരെയധികം പോരായ്മകളും ഉണ്ട്. യുകെ പോലെയുള്ള രാജ്യങ്ങളിൽ തപാൽ വഴി വിഎഫ്എസുമായി അപേക്ഷകൾ കൊടുക്കാനായിട്ടോ കാര്യങ്ങൾ നേടിയെടുക്കാനായിട്ടോ സാധിക്കുമായിരുന്നില്ല. അപേക്ഷകൻ നേരിട്ട് ചെന്ന് തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് എന്ന നിബന്ധന വളരെയധികം ബുദ്ധിമുട്ടുകൾ ആണ് പ്രവാസികളായ ഇന്ത്യക്കാരിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് ജൂൺ 30 വരെ ഒസിഐ കാർഡുകൾ പുതുക്കേണ്ടതില്ലെന്ന് കേന്ദ്ര ഗവൺമെന്റ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനം വ്യപകമായതിൻെറ പശ്ചാത്തലത്തിൽ ജൂൺ 30 എന്നുള്ളത് ഡിസംബർ മുപ്പത്തിയൊന്ന് 2020 വരെ നീട്ടിയിരിക്കുകയാണ്. 2020 ഡിസംബർ 31വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒസിഐ കാർഡ് ഉടമകൾ പാസ്പോർട്ട് കാലാവധി കഴിഞ്ഞു പുതുക്കി എങ്കിലും ഒസിഐ കാർഡ് പുതുക്കേണ്ടതില്ലെന്നുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനമാണ് ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസമായി എത്തിയിരിക്കുന്നത്.

സ്വന്തം ലേഖകൻ

നമ്പർ ടെൻ വാർത്താസമ്മേളനത്തിൽ, സ്കീമിന്റെ ബാധ്യത എംപ്ലോയേഴ്സും കൂടി പങ്കിടുന്നതിനെപ്പറ്റി ചാൻസലർ ഋഷി സുനാക് സംസാരിച്ചു. ഓഗസ്റ്റ് മുതൽ തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസും പെൻഷൻ കോൺട്രിബ്യൂഷനുകളും നൽകണം, സെപ്റ്റംബറിൽ 10% ശമ്പളവും, ഒക്ടോബറിൽ20% ശമ്പളവും ഇതിലേക്ക് വകയിരുത്തണം.

ജൂലൈ മുതൽ ജോലി ചെയ്യാൻ കഴിയുന്ന തൊഴിലാളികൾക്ക് പാർട് ടൈം ജോലിയിൽ പ്രവേശിക്കാം. എന്നാൽ കമ്പനികൾ 100 ശതമാനം ശമ്പളം നൽകണം. പറ്റാവുന്നവർക്ക് ജോലി ചെയ്യാവുന്ന തരത്തിൽ ജോബ് റീടെൻഷൻ സ്കീം ഉയർത്തുമെന്ന് ഋഷി സുനാക് പറഞ്ഞു. 8.4 മില്യൺ ജോലിക്കാർക്ക് 80 ശതമാനത്തോളം ശമ്പളം ജൂലൈ അവസാനം വരെ ഗവൺമെന്റ് ആണ് നൽകുന്നത്, ഏകദേശം2,500 പൗണ്ട് തുക. ഈ മാസം തുടക്കത്തിൽ ചാൻസലർ ഈ സ്കീം ഒക്ടോബർ അവസാനം വരെ നീട്ടിയിരുന്നു. എന്നാൽ തൊഴിൽദാതാക്കൾ എങ്ങനെയാണ് സഹകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. 80 ശതമാനത്തോളം ശമ്പളം തൊഴിലാളികൾക്ക് ഗവൺമെന്റ് നൽകുമ്പോൾ തൊഴിൽദാതാക്കൾക്ക് അഞ്ചിലൊന്ന് ശമ്പളത്തിൻെറ കാര്യം മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. എട്ടു മാസത്തിനു ശേഷം ശമ്പളം എത്തിക്കാനുള്ള ഈ സ്കീം പൂർത്തിയാകും. എന്നാൽ ലോക്ഡൗൺ നീട്ടുകയാണെങ്കിൽ ഫർലോഗ് സ്കീം ഒരുപക്ഷേ തിരിച്ചു വന്നേക്കും. എന്നാൽ എട്ടുമാസം എന്നത് തീർത്തും ഉദാരമായ, നീണ്ട ഒരു കാലയളവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക വ്യവസ്ഥയെ തകർക്കാതെ ഗവൺമെന്റ് നൽകുന്ന ഇളവുകൾ പതിയെ പിൻവലിക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയം. ഇതുവഴി തൊഴിലില്ലാത്തവർക്കും ശമ്പളം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കും വലിയ സഹായം നൽകാൻ സാധിക്കും. പോസ്റ്റ് കൊറോണ വൈറസ് എക്കോണമിയിൽ എത്രമാത്രം ജോലി സാധ്യതകൾ ബാക്കിയുണ്ടാകും എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതയായി നിലനിൽക്കുന്നു. സ്കീമിന് ഏകദേശം 80 ബില്യൺ പൗണ്ടോളം ചെലവ് വരുന്നുണ്ട്, അതായത് ഒരു മാസത്തിൽ ഏകദേശം പത്തു ബില്യൺ പൗണ്ട്. ഇതിന്റെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഓഫീസ് ഫോർ ബഡ്ജറ്റ് ഉടൻ പ്രസിദ്ധീകരിക്കും.

എന്നാൽ അഞ്ച് മാസമായി ബിസിനസ് നടക്കുകയോ, ലാഭം ഉണ്ടാവുകയോ ചെയ്യാത്ത ബിസിനസുകാരോടും തൊഴിൽദാതാക്കളോടും 15 ബില്യണോളം വരുന്ന വലിയൊരു തുക കണ്ടെത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത് അത്യധികം ആശങ്കാജനകമാണെന്ന് റെസ്റ്റോറേറ്റർ ഡേവിഡ് മൂർ മാധ്യമങ്ങളോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved