സ്വന്തം ലേഖകൻ
ലണ്ടൻ : മൂന്ന് മാസത്തെ ലോക്ക്ഡൗണിന് ശേഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ തിരികെകൊണ്ടുവരുവാനുള്ള പദ്ധതികൾ ഒരുക്കുകയാണ് ചാൻസലർ റിഷി സുനക്. മൂന്നു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്ന രാജ്യത്തെ കൈപിടിച്ചുയർത്താൻ ജൂലൈ ആദ്യം തന്നെ സാമ്പത്തിക സഹായ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ചാൻസലർമാരായ സാജിദ് ജാവിദ്, അലിസ്റ്റർ ഡാർലിംഗ് എന്നിവർ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ താൽക്കാലിക വാറ്റ് കട്ട് നടപ്പിലാക്കാൻ സുനക്കിനോട് അഭ്യർത്ഥിച്ചു. വിൽപ്പന നികുതി നിലവിലെ 20 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറയ്ക്കണമെന്ന് ജാവിദ് ആവശ്യപ്പെട്ടു. 2008 നവംബറിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഡാർലിംഗും വാറ്റ് കുറച്ചിരുന്നു. ഹോസ്പിറ്റബിലിറ്റി, ടൂറിസം തുടങ്ങിയ കോവിഡ് -19 ബാധിത മേഖലകളിലും നികുതി വെട്ടിക്കുറയ്ക്കൽ നടത്തുമെന്നാണ് കരുതുന്നത്.
തൊഴിൽ നഷ്ടം തടയുന്നതിനായി തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾ (എൻഐസി) വെട്ടിക്കുറയ്ക്കാൻ ബിസിനസ്സ് നേതാക്കൾ ചാൻസലറോട് അഭ്യർത്ഥിച്ചു. ഫർലോഫ് പദ്ധതി അവസാനിക്കുമ്പോൾ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് അവർ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ ഗവേഷണമനുസരിച്ച് , തൊഴിലുടമകൾ നേരിടുന്ന ഏറ്റവും വലിയ വേതന-ഇതര തൊഴിൽ ചെലവാണ് എൻഐസികൾ. പ്രതിവർഷം 8,788 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തിങ്ക് ടാങ്ക് പറഞ്ഞു. ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സുനക്കിന് രൂപീകരിക്കുവാൻ കഴിയും. അതുപോലെ തന്നെ ബിസിനസ് നിരക്കിലും മാറ്റം വരുത്താൻ സാധിക്കും. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് മേഖലകൾക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ബില്ലുകൾ ഉണ്ടെന്ന വസ്തുത കണക്കിലെടുത്ത്, ഈ സംവിധാനം പരിഷ്കരിക്കുന്നതിനായി മുമ്പും നീക്കങ്ങൾ നടന്നിട്ടുണ്ട്.
സർക്കാർ പിന്തുണയുള്ള കൊറോണ വൈറസ് ബിസിനസ് ഇന്ററപ്ഷൻ ലോണുകളും (സിബിഎൽ) ബൗൺസ് ബാക്ക് ലോണുകളും (ബിബിഎൽ) തിരിച്ചടയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ നിബന്ധനകൾ പ്രഖ്യാപിക്കാൻ ചാൻസലർക്ക് കഴിയും. പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ പാടുപ്പെട്ട സ്ഥാപനങ്ങൾ സ്കീമുകളിലൂടെ 38 ബില്യൺ പൗണ്ടിലധികം വായ്പയെടുത്തു. ലാഭം നേടിക്കഴിഞ്ഞാൽ തിരിച്ചടവ് ആരംഭിക്കാൻ കമ്പനികളെ അനുവദിക്കും. അതേസമയം, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളാമെന്ന് മുൻ കൺസർവേറ്റീവ് ചാൻസലർ ജോർജ് ഓസ്ബോൺ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, കഴിവുകൾ, പരിശീലനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുമെന്ന് സുനക് പറഞ്ഞിരുന്നു. അപ്രന്റീസ് ഏറ്റെടുക്കുന്നതിന് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അപ്രന്റീസ്ഷിപ്പ് ലെവിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും സുനക്കിന് പ്രഖ്യാപിക്കാം. ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് നെറ്റ്‌വർക്കുകൾ, ബ്രോഡ്‌ബാൻഡ്, സൈക്ലിംഗ്, വാക്കിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ പൊതുജനങ്ങൾക്ക് ഉടനടി ഉപയോഗപ്രദമാകുന്ന പുതിയ പദ്ധതികൾക്ക് ധനസഹായം പ്രഖ്യാപിക്കാൻ അടുത്ത മാസത്തെ പ്രസ്താവന സുനക്കിന് ഉപയോഗിക്കാം.
സ്വന്തം ലേഖകൻ
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിന് മുകളിലൂടെ വൈറ്റ് ലൈവ്സ് മാറ്റർ ബേൺലി എന്ന് ബാനറുമായി വിമാനം പറന്നത് വിവാദമായിരുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബേൺലിക്കെതിരെ 5-0 ത്തിനു ജയിച്ചിരുന്നു. എയർപോർട്ടും ബ്ലാക്ക്പൂൾ കൗൺസിലും സംഭവത്തിൽ പ്രകോപിതരായിട്ടുണ്ടെന്ന് മാനേജർ സ്റ്റീഫൻ സ്മിത്ത് പറഞ്ഞു
സംഭവം തങ്ങൾക്ക് നാണക്കേടും ലജ്ജാകരവും ആണെന്ന് ബേൺലി പ്രതികരിച്ചു.
വിഷയത്തെപ്പറ്റി പോലീസിനെയും സിവിൽ ഏവിയേഷൻ അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് തങ്ങൾ അന്വേഷിച്ചുവെന്നും ഇപ്പോൾ പുറത്തു വിടതക്ക ക്രിമിനൽ ഒഫൻസ് അവിടെ നടന്നിട്ടില്ല എന്നുമാണ് ചീഫ് സൂപ്രണ്ട് റസ് പ്രോക്ടർ പറയുന്നത്. സംഭവത്തിൽ തന്റെ സ്ഥാപനം അപലപിക്കുന്നതായി യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് മോറിയാർട്ടി പറഞ്ഞു.
ബ്ലാക്ക്പൂൾ എയർപോർട്ട് ഇതിനെപ്പറ്റി ഇറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു” ഞങ്ങൾ വംശീയതയ്ക്ക് എതിരാണ്, ഈ പ്രവർത്തി യാതൊരു വിധത്തിലും ന്യായീകരണത്തിന് അർഹമല്ല, പ്രദർശിപ്പിച്ച സന്ദേശം അങ്ങേയറ്റം അപലപനീയമാണ്, ഈ പ്രകോപനപരമായ സന്ദേശം പ്രദർശിപ്പിച്ചത് ബ്ലാക്ക് പൂൾ കൗൺസിലിന്റെയോ എയർപോർട്ടിന്റെയോ അറിവോ സമ്മതമോ കൂടാതെ ബാനർ ഫ്ലയിങ് കമ്പനി സ്വമേധയാ ആയിരുന്നു. എന്നാൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ബാനറിൽ എന്താണുള്ളതെന്ന് പരിശോധിച്ചിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ അടിയന്തര അവലോകനത്തെ തുടർന്ന് വിമാനത്താവളം ബാനർ പ്രദർശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബ്ലാക്ക് പൂളിൽ സംഭവിച്ചതിനെ കണക്കിലെടുത്ത് മറ്റുള്ള വിമാനത്താവളങ്ങളും ഇതേ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
വെള്ളക്കാർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വിമാനം പറക്കുന്നതിന് തൊട്ടു മുൻപും ബേൺലി കളിക്കാരും സിറ്റി കളിക്കാരും ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റ്നൊപ്പം ചേർന്നിരുന്നു. ഇത്തരം ആരാധകർ ഫുട്ബോളിന് തന്നെ അപമാനമാണെന്ന് ക്ലാരെട് സ്‌കിപ്പർ ബെൻ മീ മാധ്യമങ്ങളോട് പറഞ്ഞു. പ്രദർശിപ്പിക്കപ്പെട്ട സന്ദേശം ക്ലബ്ബിന്റെ നിലപാടല്ല എന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എയർ ആഡ്സ് നൽകുന്ന കമ്പനിയുടേതാണ് കുറ്റമെന്ന് പ്രഥമദൃഷ്ട്യാ പ്രകടമായിരുന്നു. ഇതിനുമുൻപും കമ്പനി ഫുട്ബോൾ സ്റ്റേഡിയങ്ങൾക്ക് മുകളിലൂടെ പരസ്യങ്ങൾ പറത്തിയിട്ടുണ്ട്. കമ്പനിയോട് മാധ്യമങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തി ‘ മോശം ഭാഷ ഉപയോഗിക്കാത്തിടത്തോളം ബാനറുകൾ നിയമവിധേയമാണെന്ന് വാദിച്ചിരുന്നു. കമ്പനിക്ക് ഇതിൽ വ്യക്തമായ നിലപാടില്ലെന്നതും പ്രകടമാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിച്ച നിരവധി പേരിൽ കടുത്ത ശ്വാസകോശ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്. ബിബിസിക്ക് നൽകിയ റിപ്പോർട്ടിലാണ് ഡോക്ടർമാർ ഈ പ്രധാനപ്പെട്ട വിവരം പങ്കുവെച്ചത്. പലപ്പോഴും കൊറോണ ബാധ പൾമണറി ഫൈബ്രോസിസ് എന്ന സ്ഥിരമായ ശ്വാസകോശ രോഗത്തിന് കാരണമാകുന്നു. ഈയൊരു അവസ്ഥ ചികിത്സിച്ച് ഭേദമാക്കാവുന്നതല്ല. ശ്വാസതടസ്സം, ചുമ, ക്ഷീണം മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇത്തരം രോഗികളുടെ ചികിത്സക്കായി പ്രത്യേക റിഹാബിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു.
നിരവധി രോഗികളാണ് ഈയൊരു അവസ്ഥയുമായി ആശുപത്രികളിൽ ചികിത്സ തേടുന്നത്. ടാക്സി ഡ്രൈവറായി റിട്ടയർ ചെയ്ത അറുപത്തെട്ടുകാരനായ അന്തോണി മക്ഹ്യൂഗ് തന്റെ അനുഭവം ബിബിസി ന്യൂസിനോട് പങ്കുവെച്ചു. കൊറോണ ബാധിച്ച ഇദ്ദേഹത്തെ മാർച്ച് 6നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അതിനുശേഷം ഇദ്ദേഹത്തിന് അവസ്ഥ മോശമാവുകയും, ഇന്റെൻസീവ് കെയറിൽ വെന്റിലേറ്ററിൽ 13 ദിവസം കഴിയുകയും ചെയ്തു. ഏകദേശം നാല് ആഴ്ചയോളം ഉള്ള ആശുപത്രിയിലും , പിന്നീട് രണ്ടാഴ്ചയോളം റിഹാബിലിറ്റേഷൻ സെന്ററിലും അദ്ദേഹം ചികിത്സ തേടി. ഏപ്രിൽ പകുതിയോടെ കൂടി ഭവനത്തിൽ എത്തിച്ചേർന്ന അദ്ദേഹത്തിന് പിന്നീട് പലപ്പോഴായി ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും സാധാരണ ജോലികൾ പോലും ചെയ്യുവാൻ തനിക്ക് പ്രയാസം അനുഭവപ്പെടുന്നുണ്ടെന്ന് ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പിന്നീട് ആശുപത്രിയിൽ എത്തി സി.റ്റി സ്കാൻ ചെയ്ത ഇദ്ദേഹത്തിന്, സ്ഥിരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള അനേകം രോഗികളാണ് ദിവസവും ആശുപത്രികളിൽ ചികിത്സ തേടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ചെറിയതോതിൽ രോഗം വന്നവരിൽ ഇത്തരം ശ്വാസകോശ പ്രശ്നങ്ങൾ സ്ഥിരീകരിക്കുന്നില്ല. എന്നാൽ അതീവ ഗുരുതരമായി രോഗം ബാധിച്ചു ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്ന ഭൂരിഭാഗം പേരിലും ഇത്തരം അവസ്ഥ ഉണ്ടാകുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലങ് ഫൈബ്രോസിസിനു സ്ഥിരമായ ശാശ്വത പരിഹാരമില്ല. ഇത്തരം രോഗികൾക്ക് വേണ്ടി റിഹാബിലിറ്റേഷൻ സെന്ററുകൾ കൂട്ടുവാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഹെയർ സലൂണുകൾ എന്നിവ ജൂലൈ 4 മുതൽ ഇംഗ്ലണ്ടിൽ തുറന്ന് പ്രവർത്തിക്കും. സാമൂഹിക അകലം പാലിക്കൽ നിയമത്തിലും ലഘൂകരണം കൊണ്ടുവന്നു. സാധ്യമാകുന്നിടത്ത് ആളുകൾ രണ്ട് മീറ്റർ അകലം പാലിക്കണമെന്നും എന്നാൽ ഒരു മീറ്റർ ദൂരം പ്രാബല്യത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് രണ്ട് വീടുകളിലെ ആളുകൾക്ക് ഇനി ഒരുമിച്ച് കഴിയാൻ സാധിക്കും. എന്നാൽ എല്ലാ നടപടികളും തിരിച്ചെടുക്കാവുന്നതാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ജിം, വാട്ടർ പാർക്കുകൾ എന്നിവ ഇനിയും അടച്ചിടേണ്ടതായി വരും. ക്യാമ്പ് സൈറ്റുകൾ തുറക്കാൻ അനുവദിക്കുമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നും ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ജോൺസൻ പറഞ്ഞു. പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. ഒപ്പം സാമൂഹിക അകലം പാലിച്ചുകൊണ്ട്, മുപ്പതു പേരെ വരെ ഉൾക്കൊള്ളിച്ച് വിവാഹച്ചടങ്ങുകൾ നടത്താനും കഴിയും.
ജൂലൈ 4 മുതൽ ഇവയൊക്കെ തുറന്നു പ്രവർത്തിക്കുമെങ്കിലും ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. സ്ഥാപനത്തിൽ എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കണം. മാസ്ക് ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ജോൺസൻ പറഞ്ഞു. സിനിമാശാലകൾ, ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ എന്നിവ വീണ്ടും തുറന്ന് പ്രവർത്തിക്കും. എന്നാൽ തത്സമയ പ്രകടനങ്ങൾ നടത്താൻ അനുവദിക്കുന്നതല്ല.
വിവിധ മേഖലകൾക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശം ഇന്നുതന്നെ പ്രസിദ്ധീകരിച്ചേക്കും. രണ്ട് മീറ്റർ അകലം പാലിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അതിന് കഴിയാത്തിടത്ത് മുൻകരുതൽ സ്വീകരിച്ചുകൊണ്ട് ഒരു മീറ്റർ അകലം പാലിക്കണമെന്നും ജോൺസൻ അറിയിച്ചു. “ഈ പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു. സർക്കാർ ശരിയായ കാര്യം ചെയ്യുവാൻ ശ്രമിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ തന്നെ അവരെ പിന്തുണയ്ക്കുന്നു.” ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജോൺസൻ വ്യക്തമാക്കി. സ്കോട്ടിഷ്, വെൽഷ് സർക്കാരുകളും നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവും അവരുടെ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണെന്നും രാജ്യം ശരിയായ ദിശയിലേക്കാണ് ഇപ്പോൾ നീങ്ങുന്നതെന്നും ജോൺസൻ അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലുള്ള മലയാളികളുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വൈറ്റമിൻ ഡി യുടെ അഭാവം. ജി .പി യുടെ കൈയ്യിൽ നിന്ന് വൈറ്റമിൻ ഡിയുടെ പ്രിസ്ക്രിപ്ഷൻ കിട്ടാത്ത മലയാളികൾ കുറവാണ്. ഇതിനുപുറമെ ഡോക്ടർമാർ വൈറ്റമിൻ ഡി ടാബ്ലറ്റ് ഫാർമസിയിൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഏഷ്യൻ വംശജരെ ഉപദേശിക്കാറുമുണ്ട്. വൈറ്റമിൻ ഡി നമുക്ക് പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. എന്നാൽ മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജരുടെ സ്കിന്നിന് വൈറ്റമിൻ ഡി ആഗിരണം ചെയ്യാനുള്ള കഴിവ് കുറവാണ്. അതുകൊണ്ട് സൂര്യ പ്രകാശം കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾക്ക് വൈറ്റമിൻ ഡിയുടെ അഭാവവും, തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും സാധാരണമാണ്. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർ പകൽസമയത്ത് ഉറങ്ങുന്നതിനാൽ വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കോവിഡ് -19 ന് വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ലോക്ക്ഡൗൺ സമയത്ത് കൂടുതൽ ആളുകളും വീടിനകത്ത് കഴിയുന്നതിനാൽ ശരീരത്തിൽ നിന്ന് വിറ്റാമിൻ ഡി നഷ്ടപ്പെട്ടിരിക്കാമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും. സാധാരണഗതിയിൽ പുറത്ത് ജോലി ചെയ്യുമ്പോഴോ മറ്റോ സൂര്യപ്രകാശത്തിലൂടെയാണ് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നത് . എന്നാൽ ലോക്ക്ഡൗൺ സമയത്ത് വീട്ടിനുള്ളിൽ കഴിയുന്ന ആളുകൾ ഒരു ദിവസം 10 മൈക്രോഗ്രാം വിറ്റാമിൻ ഡി കഴിക്കുന്നത് പരിഗണിക്കണമെന്ന് എൻഎച്ച്എസ് നിർദ്ദേശിക്കുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് രാജ്യത്തെ ആളുകൾ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കണമെന്ന് നേരത്തെ തന്നെ എൻ എച്ച് എസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വർഷം മുഴുവനും വിറ്റാമിൻ ഡി ശുപാർശ ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ സ്കോട്ടിഷ് , വെൽഷ് സർക്കാരുകളും നോർത്തേൺ അയർലണ്ടിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും പൊതുജനങ്ങൾക്ക് സമാനമായ ഉപദേശം നൽകിയിട്ടുണ്ടായിരുന്നു.
ആരോഗ്യമുള്ള അസ്ഥികൾക്കും പല്ലുകൾക്കും പേശികൾക്കും വിറ്റാമിൻ ഡി പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് എന്ന രോഗത്തിനും മുതിർന്നവരിൽ ഓസ്റ്റിയോമാലാസിയയ്ക്കും കാരണമാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. ബിഎംജെ ന്യൂട്രീഷൻ, പ്രിവൻഷൻ ആൻഡ് ഹെൽത്തിലെ റിപ്പോർട്ട് അനുസരിച്ച് , “ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റ് എന്ന നിലയിൽ വിറ്റാമിൻ ഡിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് പറയുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഒന്നായിട്ടല്ല, മറിച്ചു ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിറ്റാമിൻ ഡി ഉപയോഗിക്കണം.
വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒന്ന് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു ദിവസം 50 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒരു വയസ്സിന് താഴെ പ്രായമുള്ള ശിശുക്കൾക്ക് ഒരു ദിവസം 25 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒപ്പം മുതിർന്നവർ ഒരു ദിവസം 100 മൈക്രോഗ്രാമിൽ കൂടുതൽ കഴിക്കുകയുമരുത്. പക്ഷെ വിറ്റാമിൻ ഡിയുടെ അഭാവം മൂലം രോഗികളായവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ അളവിൽ സ്വീകരിക്കാം. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാൻ കഴിയും. ഭക്ഷണത്തിൽ നിന്ന് മാത്രം വിറ്റാമിൻ ഡി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും മുട്ട, മത്സ്യം, തൈര് തുടങ്ങിയവ ഉപയോഗിക്കുന്നത് ഒരു പരിധി വരെ വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കും. ആരോഗ്യവിദഗ്ധർ നിർദേശിച്ച 10 മൈക്രോഗ്രാം വിറ്റാമിൻ ഡി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ബാധകമാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിലെ ജനങ്ങൾക്ക് ആശ്വാസമേകി കോവിഡ് കേസുകൾ കുറയുന്നു. 15 മരണങ്ങൾ മാത്രമാണ് ഇന്നലെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യ ആണിത്. അത്പോലെ തന്നെ പുതിയ കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി. 958 പേർക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15നു ശേഷം ഇന്നലെയാണ് ഇത്രയും കുറവ് മരണങ്ങൾ ഉണ്ടായത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ചത്തെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്, മരണങ്ങളുടെ എണ്ണവും പോസിറ്റീവ് കേസുകളുടെ എണ്ണവും ആദ്യമായി ലോക്ക്ഡൗണിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുന്നു എന്നാണ്. മാർച്ച് 23 ന് യുകെയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ 967 കേസുകൾ രേഖപ്പെടുത്തിയിരുന്നു. പരിശോധന വൻതോതിൽ വർദ്ധിപ്പിക്കുന്നതിന് മുമ്പായിരുന്നു അത്. അതുപോലെ തന്നെ രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,000 ത്തിൽ താഴെയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. ഏപ്രിൽ 12 ന് ആശുപത്രിയിലെ രോഗികളുടെ എണ്ണം 20,699 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്‌കോട്ട്‌ലൻഡിലോ നോർത്തേൺ അയർലൻഡിലോ കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ല. വെയിൽസിൽ ഒരാൾ മാത്രമാണ് മരിച്ചത്.
ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ നോർത്തേൺ അയർലണ്ടിൽ 6 പേർക്ക് വരെ വീടിനുള്ളിൽ കൂടിക്കാഴ്ച നടത്താൻ കഴിയും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വീടിനകത്ത് കണ്ടുമുട്ടുമ്പോൾ ആളുകൾ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിൽ നിന്നുള്ള നോർത്തേൺ അയർലണ്ടിന്റെ യാത്രയിൽ ഈ തീരുമാനം പുതിയൊരു നാഴികല്ലായി മാറുമെന്ന് ഫസ്റ്റ് മിനിസ്റ്റർ അർലിൻ ഫോസ്റ്റർ പറഞ്ഞു. വീടിനകത്തുള്ള ഒത്തുചേരലിലും ആളുകൾ മാസ്ക് ധരിച്ചിരിക്കണമെന്ന് എക്സിക്യൂട്ടീവ് വ്യക്തമാക്കി. പരസ്പരം കെട്ടിപിടിക്കുന്നത് ഒഴിവാക്കണമെന്നും ഇപ്പോൾ കർശനമായും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എക്‌സിക്യൂട്ടീവിന്റെ പത്രസമ്മേളനത്തിൽ സംസാരിച്ച ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഓ നീൽ പറഞ്ഞു.
കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ഡോൺകാസ്റ്ററിലെ ഔട്ട്‌വുഡ് അക്കാദമി ഡാനം തിങ്കളാഴ്ച അടച്ചുപൂട്ടി. സ്കൂളിലെ ഒരംഗത്തിന് രോഗം സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ഇതിനെത്തുടർന്നാണ് ഒരാഴ്ചയോളം സ്കൂൾ പൂട്ടിയിടാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. എന്നാൽ അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 29 ന് സ്കൂൾ വീണ്ടും തുറന്നുകഴിഞ്ഞാൽ ജീവനക്കാരെയും വിദ്യാർത്ഥികളെയും തിരികെ വരാൻ അനുവദിക്കും. അടച്ചുപൂട്ടൽ ഒരു മുൻകരുതൽ നടപടിയാണെന്നും കെട്ടിടങ്ങളും ക്ലാസ്സ്മുറികളും കൂടുതൽ വൃത്തിയാക്കുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
സ്വന്തം ലേഖകൻ
ജെയിംസ് ഫർലോങ്, ഡേവിഡ് വെയിൽസ്, ജോ റിച്ചി എന്നിവരാണ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടത്, അവർ സമീപത്തെ ഫോർബെറി ഗാർഡന് അടുത്തുള്ള പബ്ബിൽ സ്ഥിരം സന്ദർശകരായിരുന്നു. സ്ഥലവാസികൾ മരിച്ചവർക്ക് വേണ്ടി കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു.റീഡിങ്സ് ഫോർബെറി ഗാർഡന് അടുത്തുള്ള പാർക്കിൽ, വൈകുന്നേരം ഏഴുമണിയോടെ ഒരാൾ കഠാരയുമായി എന്തൊക്കെയോ പുലമ്പി അവിടെയുണ്ടായിരുന്ന ഒരുകൂട്ടം ആൾക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
അറസ്റ്റിലായ 25കാരനായ ഖൈറി സാദല്ലാഹ് ലിബിയൻ സ്വദേശിയാണ്. 2012ലെ യുകെയിലെത്തിയ ഇയാൾക്കെതിരെ തീവ്രവാദ നിയമത്തിൽ കേസെടുത്തിട്ടുണ്ട്. ഈ നിയമപ്രകാരം പൊലീസിന് ഇയാളെ 14 ദിവസം കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാനാവും. 2018ൽ അഭയം തേടിയ ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ബിബിസി കറസ്പോണ്ടണ്ട് പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ഇയാൾ എം 15 ന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു, ഇടയ്ക്കിടെ വിദേശത്തേക്ക് യാത്ര ചെയ്യുന്ന തീവ്രവാദ പ്രവർത്തനം നടത്താൻ സാധ്യതയുള്ള ആളെന്ന നിലയിലാണ് ഇയാളെ പോലീസ് നോട്ടീസ് ചെയ്തത്. ഇയാൾ യുദ്ധാനന്തര ട്രോമ അനുഭവിച്ചിരുന്ന വ്യക്തിയാണെന്നും, ലിബിയയിലെ സിവിൽ യുദ്ധങ്ങൾ, മാനസിക നിലതെറ്റിച്ചിരുന്നു എന്നും സാദല്ലാഹ് യുടെ ലിബിയയിൽ ഉള്ള ബന്ധുക്കൾ പറഞ്ഞു. കൊറോണ ലോക്ക്ഡൗൺ അയാളുടെ മാനസികനില വീണ്ടും തെറ്റിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്.
കൗണ്ടർ ടെററിസം പോലീസിംഗ്, മെട്രോപൊളിറ്റൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയ നീൽ ബസു ധീരന്മാരായ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. ആക്രമണം നടന്ന ഉടനെ തന്നെ സംഭവസ്ഥലത്തെത്തിയത് പ്രതിയെ ഉടൻതന്നെ കീഴടക്കാൻ സഹായിച്ചു. ആക്രമണം നടന്ന ഗാർഡന് അടുത്തുള്ള പബ്ബ് ക്യുവെർ കമ്മ്യൂണിറ്റിക്ക് സുരക്ഷിതമായ ഇടം ആണെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളുടെ സുഹൃത്തായ ജെമി വെക്സ് പറഞ്ഞു. ഞങ്ങൾ ഇത്തരം അക്രമങ്ങളെ കുറിച്ച് ടിവിയിൽ കണ്ടു പരിചയമുള്ളവരാണ്, പക്ഷേ ഇത്തവണ ചാനൽ മാറ്റാനാവില്ല കാരണം ഇരകൾ ഞങ്ങളിൽ പെട്ടവർ തന്നെയാണ്. പരിക്കേറ്റ മറ്റു 3 പേരും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
കൊല്ലപ്പെട്ടവരിൽ ഒരാളായ മിസ്റ്റർ വെയിൽസ് 49 കാരനായ ശാസ്ത്രജ്ഞനായിരുന്നു. 39 കാരനായ റിച്ചി ആകട്ടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും മുഴുവൻ പ്രിയങ്കരനായ മിടുക്കനായ യുവാവായിരുന്നു. വോക്കിങ്ഹാമിലെ വോൾട്ട് സ്കൂളിലെ ഹിസ്റ്ററി അധ്യാപകനായിരുന്നു 36 കാരനായ മിസ്റ്റർ ഫർലോങ്ങ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് കെട്ടിടം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യണം എന്ന് പൂർവ്വ വിദ്യാർത്ഥികളും മാതാപിതാക്കളും സ്കൂളിന് നൽകിയ തുറന്ന കത്തിൽ അഭ്യർത്ഥിച്ചു. പുഷ്പങ്ങൾ അർപ്പിക്കാനായി ഗാർഡനിലെത്തിയ പ്രീതി പട്ടേൽ ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനും ക്രമസമാധാന നിയന്ത്രിക്കാനും മുന്നിട്ടുനിന്ന സ്റ്റുഡന്റ് പോലീസിനെ പ്രത്യേകം അനുമോദിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കോവിഡ് ബാധിച്ചു മരിച്ച 88കാരന്റെ മകൾ. ഡോ. കാത്തി ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഓക്സ്ഫോർഡ്ഷയറിലെ ഒരു കെയർ ഹോമിൽ വച്ച് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് “കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന” ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കാത്തി ഒരു കത്തയക്കുകയുണ്ടായി. എന്നാൽ മതിയായ പ്രതികരണം ലഭിക്കാത്തതിനെത്തുടർന്നാണ് ആരോഗ്യ സെക്രട്ടറി, എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കെതിരെ നിയമപോരാട്ടം നടത്താൻ കാത്തി ഒരുങ്ങുന്നത്. കെയർ ഹോമിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെയും സ്റ്റാഫിന്റെയും ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി തൃപ്തികരമല്ല എന്ന് കാത്തി വെളിപ്പെടുത്തി. ഡോ. ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഏപ്രിൽ 3 നാണ് ഓക്സ്ഫോർഡ്ഷയറിലെ കെയർ ഹോമിൽ വച്ച് മരിച്ചത്. അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റിൽ ‘കോവിഡ് ബാധിതനായി’ മരിച്ചുവെന്ന് പറയുന്നു.
കൊറോണ വൈറസ് രോഗികളെ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്ന് അവർ പറഞ്ഞു. പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 3 ന് ഹെൽത്ത് സെക്രട്ടറിയ്ക്കും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും എൻഎച്ച്എസ് ഇംഗ്ലണ്ടിനും തന്റെ അഭിഭാഷകർ കത്തെഴുതിയെന്ന് ഡോ. ഗാർഡ്നർ വെളിപ്പെടുത്തി. കെയർ ഹോമുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു, പരിശോധനയില്ലാതെ ആശുപത്രികളിൽ നിന്ന് രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തു, പിപിഇയും പരിശോധനയും നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കുറ്റങ്ങളാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്. തന്റെ കേസിന് പൊതുജന പിന്തുണ നേടാനും കാത്തി ശ്രമിക്കുന്നുണ്ട്. “ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ഒരുക്കമല്ല. മാത്രമല്ല പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതിന് വിശദീകരണവും അയച്ചിട്ടില്ല.” കാത്തി വെളിപ്പെടുത്തി.
കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന് ആദ്യം മുതൽ തന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നുണ്ടായിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനായി കാത്തിയുടെ അഭിഭാഷകൻ മതിയായ രേഖകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായില്ല. “പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആരോഗ്യ സെക്രട്ടറി, എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കായിട്ടില്ല. ഇത് നിരാശജനകമായ വസ്തുതയാണ്.” അഭിഭാഷകൻ പോൾ കോൺറാത്ത് പറഞ്ഞു. ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ ആളുകളെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വക്താവ് മെയ് അവസാനം പറഞ്ഞിരുന്നു. ഇതിനായി കൂടുതൽ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. എങ്കിലും യുകെയിലെ കെയർ ഹോമുകളിൽ മരണപ്പെട്ടവർക്കുവേണ്ടിയാണ് കാത്തി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
സ്വന്തം ലേഖകൻ
ജൂലൈ 4 മുതൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ചില വ്യവസായ സ്ഥാപനങ്ങൾ കൂടി തുറന്നു പ്രവർത്തിക്കാൻ നീക്കം. സാമൂഹിക അകലം രണ്ട് മീറ്ററിൽ നിന്ന് കുറയ്ക്കുന്നതിനോട് ലേബർ പാർട്ടിക്കും വിയോജിപ്പില്ല. ജൂലൈ 4 മുതൽ ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹോസ്പിറ്റാലിറ്റി ബിസിനസുകൾ ആയ പബ്ബ്, റസ്റ്റോറന്റ് ഹെയർ സലൂൺ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ ആവും, എന്നാൽ സർക്കാർ നൽകുന്ന സുരക്ഷയ്ക്കായുള്ള മുൻകരുതലുകൾ പാലിച്ചായിരിക്കണം പ്രവർത്തനം നടത്തേണ്ടത്. വിഷയം തിങ്കളാഴ്ച വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടി, ചൊവ്വാഴ്ച ക്യാബിനറ്റിൽ അവതരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം.
സ്കോട് ലൻഡിന്റെയും നോർത്ത് അയർലണ്ടിന്റെയും പ്രധാനമന്ത്രിമാർ സാമൂഹികഅകലം കുറയ്ക്കാൻ ആണ് സാധ്യത. നമ്പർ ടെൻ പ്രതിനിധി പറയുന്നു ” ഭൂരിഭാഗം ജനങ്ങൾക്കും ഇപ്പോൾ വൈറസിനെ നേരിടാൻ അറിയാം, അതിനാലാണ് നമുക്ക് ഇത്തരം നീക്കങ്ങളെ കുറിച്ച് ചിന്തിച്ച് മുന്നോട്ടുപോകാൻ കഴിയുന്നത് തന്നെ. നമ്മുടെ രാജ്യം കൂടുതൽ തുറക്കുന്നതിന് അനുസരിച്ച് ജനങ്ങൾ കൂടുതലായി സൂഷ്മത പാലിക്കേണ്ടി വരും, അതാണ് സുരക്ഷയ്ക്ക് ഉത്തമം ”
സൗതാംടണിൽ സ്വാബ് ഫ്രീ കൊറോണ വൈറസ് ടെസ്റ്റ് നിലവിൽ വന്നു. ടെസ്റ്റ് ചെയ്യേണ്ടവർക്ക് വീട്ടിലിരുന്ന് തന്നെ ഉമിനീർ ഒരു പോട്ടിലേക്ക് എടുത്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. രോഗികളുടെ മൂക്കിലേക്കും തൊണ്ടയിലേക്കും സ്വാപ് ആഴത്തിൽ കുത്തി ഇറക്കേണ്ടാത്ത പുതിയ ടെക്നിക് കൂടുതൽ സൗകര്യപ്രദം ആണെന്ന് ഹെൽത്ത് സെക്രട്ടറി ഹാറ്റ്മാൻകോക്ക് പറഞ്ഞു. നിലവിൽ രോഗികളുടെ ശരീരത്ത് വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയുന്നതാണ് പുതിയ ടെസ്റ്റ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കോവിഡ് 19 രോഗബാധയെ തടയുന്നതിനായി നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ നിബന്ധനകളിൽ ഇളവുകൾ നൽകി തുടങ്ങിയിരിക്കുകയാണ്. ഞായറാഴ്ചമുതൽ ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് സ്പെയിനിൽ ക്വാറന്റൈൻ നിർബന്ധമല്ലാതാക്കി. സ്പെയിൻ വിദേശകാര്യമന്ത്രി ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്പെയിനിലേക്ക് പോകുന്ന ബ്രിട്ടനിൽ നിന്നുള്ള ജനങ്ങൾക്ക് ഇനി മുതൽ ക്വാറന്റൈൻ ആവശ്യം ഇല്ലാതാക്കിയ ഉത്തരവാണ് വിദേശകാര്യമന്ത്രി പുറപ്പെടുവിച്ചത്. എന്നാൽ ബ്രിട്ടണിൽ ഇത്തരം ഇളവുകൾ ഇതുവരെയും അനുവദിച്ചിട്ടില്ല. ബ്രിട്ടനിൽ പ്രവേശിക്കുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ ഈ നിബന്ധനകളിൽ ഉള്ള അന്തിമതീരുമാനം ജൂൺ 29ന് ബ്രിട്ടീഷ് ഗവൺമെന്റ് ചർച്ച ചെയ്ത് തീരുമാനിക്കും എന്നാണ് റിപ്പോർട്ടുകൾ. നാലുലക്ഷത്തോളം ബ്രിട്ടീഷുകാർക്ക് സ്പെയിനിൽ വീടുകൾ ഉള്ളതിനാലാണ് ഇത്തരത്തിലൊരു ഇളവ് രാജ്യം നൽകിയത് എന്ന് മന്ത്രി വ്യക്തമാക്കി.
എന്നാൽ ആവശ്യമില്ലാത്ത യാത്രകൾ ഒന്നുംതന്നെ നടത്തരുതെന്ന നിർദേശമാണ് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നൽകുന്നത്. ബ്രിട്ടനിലേക്ക് പോകുന്ന സ്പാനിഷ് ടൂറിസ്റ്റുകൾക്കുള്ള ക്വാറന്റൈൻ നിർത്തലാക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്പാനിഷ് മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരത്തോടെ ചില ഇളവുകൾ നല്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
എന്നാൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ബ്രിട്ടീഷ് അധികൃതർ നൽകുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നുള്ള ഓർമപ്പെടുത്തലാണ് അധികൃതർ നൽകുന്നത്.