Main News

സ്വന്തം ലേഖകൻ

യു കെ :- തനിക്കെതിരെ ഹാരി രാജകുമാരനും ഭാര്യ മേഗനും നടത്തിയ പ്രസ്താവനയ്ക്ക് പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. താൻ മേഗന്റെ ഒരു ആരാധകനല്ലെന്നു വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ഹാരി രാജകുമാരന് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഹാരി രാജകുമാരന് ഭാവിയിൽ ഭാഗ്യം ആവശ്യമായതിനാലാണ് താൻ അത്തരം ഒരു ആശംസ നൽകിയതെന്നും പ്രസിഡന്റ്‌ പറഞ്ഞു. ട്രംപിന്റെ എതിരാളിയായിരിക്കുന്ന ജോ ബൈഡനെ പിന്തുണയ്ക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ആഴ്ച ഇരുവരും പുറത്തിറക്കിയിരുന്നു. ഇതേതുടർന്നാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്. കള്ളത്തരങ്ങൾ മാത്രം പ്രചരിപ്പിക്കുന്നവരെ പുറത്താക്കാൻ ഇരുവരും ആഹ്വാനം ചെയ്തിരുന്നു.

മൂല്യങ്ങൾ മുറുകെ പിടിക്കുന്നവരെ വേണം ജനങ്ങൾ അധികാരത്തിൽ തെരഞ്ഞെടുക്കേണ്ടത് എന്നും ഇരുവരും പുറത്തിറക്കിയ. വീഡിയോയിൽ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇത്തരത്തിലുള്ള പ്രസ്താവന ട്രംപിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതാണ്. ഹാരി രാജകുമാരൻെറ വാക്കുകൾക്ക് പ്രസിഡന്റ് ഒരു തരത്തിലുള്ള വിലയും കൽപ്പിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ വക്താവ് ജയ്സൺ മില്ലർ പറഞ്ഞു. ഇരുവരും തങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ നടത്തിയ പ്രസ്താവന ട്രംപിനെതിരെ ആണ് എന്ന വിശ്വാസത്തിലാണ് ജനങ്ങൾ. യുഎസിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഹാരി രാജകുമാരൻ ഇടപെടേണ്ട ആവശ്യമില്ല എന്ന് മുൻ ലിബറൽ ഡെമോക്രാറ്റ് എംപി നോർമൻ ബേക്കർ വ്യക്തമാക്കി.

ഹാരി രാജകുമാരന്റെയും ഭാര്യയുടെയും പ്രസ്താവനയ്ക്ക് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഹാരി രാജകുമാരനും ഭാര്യയും അമേരിക്കൻ പൗരത്വം നേടുന്നതിനെ സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇരു മത്സരാർത്ഥികളെയും ഉദ്ദേശിച്ചല്ല ഇത്തരമൊരു പ്രസ്താവന രാജകുമാരനും ഭാര്യയും നടത്തിയതെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സ്വന്തം ലേഖകൻ

കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ മാസ്ക് ധരിക്കുകയും ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്തില്ലെങ്കിൽ ബ്രിട്ടീഷുകാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന്, സ്പാനിഷ് ഡോക്ടർ മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് മാഡ്രിഡിലെ ഡോക്ടറായ മോറീനോ സാൻടിയാഗോ ബ്രിട്ടീഷുകാരെ താക്കീത് ചെയ്യുന്നത്. മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നത് പോലെയുള്ള ബുദ്ധിമുട്ടേറിയ കാര്യങ്ങൾ നമ്മൾ ഏതാനും ആഴ്ചകൾ കൂടി പാലിച്ചാൽ മതി, ഇത് ജീവിതകാലം മുഴുവനും വേണ്ടിയുള്ളതല്ല. പക്ഷെ ജീവൻ നിലനിർത്തണമെങ്കിൽ ഇവയൊക്കെ പാലിച്ചേ മതിയാവൂ. ഇല്ലെങ്കിൽ ജനങ്ങൾ കൊടുക്കേണ്ടിവരുന്ന പിഴ വളരെ വലുതായിരിക്കും. സ്പെയിനിൽ ഇപ്പോൾ അതിഗുരുതരമായ രണ്ടാംഘട്ട രോഗവ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സ്പെയിനിൽ ആറാഴ്ച്ച മുന്നേ തന്നെ രോഗവ്യാപന നിരക്ക് യുകെയെക്കാൾ കൂടുതലായിരുന്നു .

മാഡ്രിഡിലെ 27 ഓളം ജില്ലകൾ ഈ ആഴ്ച മുതൽ ലോക്ഡൗണിൽ ആണ്. അത്യാവശ്യമായി ജോലിക്ക് പോകേണ്ടവരോ ആരോഗ്യപരിരക്ഷ ലഭിക്കേണ്ടവരോ മാത്രമേ ഇപ്പോൾ പുറത്തിറങ്ങാൻ പാടുള്ളൂ. എന്നാൽ കാര്യങ്ങൾ നിരീക്ഷിക്കാനായി ഒരു ജില്ലയിൽ തങ്ങിയ ഡോക്ടർക്ക് നിരാശാജനകമായ അനുഭവമാണ് ഉണ്ടായത്. ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുന്നില്ല, എന്നു മാത്രമല്ല ഓരോ ചെക്ക് പോയെന്റിലും പോലീസിന് 10 മുതൽ 15 വരെ വാഹനങ്ങൾ മാത്രമേ പരിശോധിക്കാൻ കഴിയുന്നുള്ളൂ, ഇതു കണക്കിലെടുത്തുകൊണ്ട് അധികംപേരും നിയമലംഘനം നടത്തുകയാണ്. ഓരോ വ്യക്തിയും സ്വയം പോലീസുകാരായി പെരുമാറേണ്ട സമയമാണിത്. അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്, ജനജീവിതം സാധാരണ ഗതിയിൽ തന്നെയാണ്. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാഡ്രിഡിലെ തെക്കേ ജില്ലകളെയാണ് ലോക്ക്ഡൗൺ നിയമങ്ങൾ വളരെ മോശമായി ബാധിച്ചിട്ടുള്ളത്. സോഷ്യൽ ഡിവിഷനുകൾ ഉണ്ടാകുന്നത് മൂലം കൊറോണ ബാധിത പ്രദേശങ്ങളിൽ തന്നെ വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തൊഴിൽരഹിതരുടെ എണ്ണം വർദ്ധിച്ചതോടെ ഫുഡ് ബാങ്കുകൾ പ്രവർത്തനക്ഷമമായി. ജോലി ചെയ്യാനുള്ള യോഗ്യതയും ആരോഗ്യവുമുള്ള മിക്കവാറും യുവാക്കൾ പട്ടിണിയിലാണ്. തൊഴിൽ വാഗ്ദാനം ചെയ്യാൻ കഴിവുള്ളവർ ദയവായി അത് ചെയ്യണമെന്നും തങ്ങളുടെ ഭാവി അങ്ങേയറ്റം ഇരുളടഞ്ഞതാണെന്നും മാഡ്രിഡിലെ യുവാക്കൾ സമൂഹത്തോട് ആശയറ്റ് അപേക്ഷിക്കുകയാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഒക്ടോബറിൽ ഫർലോ സ്‌കീം അവസാനിക്കുമെന്നിരിക്കെ പകരം എന്തു നടപടിയാണ് സർക്കാർ കൈകൊള്ളുന്നതെന്നറിയാൻ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. സാലറി ടോപ് – അപ്പ്‌ പോലെയുള്ള നടപടികൾ സ്വീകരിക്കാൻ ചാൻസലർ റിഷി സുനക് ഒരുങ്ങുന്നു. ഇതിനകം ഫ്രാൻസിലും ജർമ്മനിയിലും പ്രവർത്തിക്കുന്നതിന് സമാനമായ നടപടിയാണിത്. വലിയ തൊഴിൽ നഷ്ടം തടയാൻ വേഗത്തിൽ പ്രവർത്തിക്കണമെന്ന് ലേബർ, എസ്എൻപി എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. അനുയോജ്യമായ പരിഹാര നടപടിയ്ക്കായി സുനക് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തൊഴിലാളികളെ നിലനിർത്താൻ കമ്പനികൾ പാടുപെടുന്നതിനാൽ, പദ്ധതി അവസാനിക്കുമ്പോൾ തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് അവർ ഭയപ്പെടുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, ഫർ‌ലോ സ്‌കീം നിർത്തലാക്കാനും പുനർവിചിന്തനം നടത്താനും ചൊവ്വാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നവർ, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്‌അവേകളിലും കോഫി ഷോപ്പുകളിലും ജോലി ചെയുന്നവർ തുടങ്ങിയർക്ക് ജോലികൾ നഷ്ടപെടുമെന്ന് ആശങ്കയുണ്ട്. ഫർലോ സ്‌കീം തുടർന്നാൽ അത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, നവംബർ മുതൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നത് തടയാൻ സർക്കാർ പിന്തുണ നൽകണമെന്ന് മറ്റുള്ളവർ വാദിക്കുന്നു. അടുത്ത വർഷം മുഴുവൻ ഫ്രാൻസും ജർമ്മനിയും തങ്ങളുടെ പിന്തുണാ പദ്ധതികൾ വിപുലീകരിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു.

തൊഴിലാളികളുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും അതിന്റെ ഫലമായി അവർക്ക് നഷ്ടമായ പണത്തിന്റെ ഒരു ശതമാനം സർക്കാർ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ജർമനിയുടെ കുർസാർബീറ്റ്. പകർച്ചവ്യാധിയുടെ സമയത്താണ് ഈ പദ്ധതി പരിഷ്കരിച്ചത്. “ഭാഗിക തൊഴിലില്ലായ്മ” അല്ലെങ്കിൽ “ഭാഗിക പ്രവർത്തനം” എന്നറിയപ്പെടുന്ന ഫ്രഞ്ച് പദ്ധതിയും ചാൻസലറുടെ പരിഗണനയിലുണ്ട്. മൂന്ന് വർഷം വരെ ജീവനക്കാരുടെ സമയം 40% വരെ കുറയ്ക്കാൻ സ്ഥാപനങ്ങളെ അനുവദിച്ചിരിക്കുന്നു. എങ്കിലും ജീവനക്കാർക്ക് അവരുടെ സാധാരണ ശമ്പളം ലഭിക്കും. ചെലവിന്റെ ഒരു ശതമാനം സർക്കാർ ആണ് നൽകുന്നത്. ജീവനക്കാർക്ക് അവരുടെ സാധാരണ സമയത്തിന്റെ 50% എങ്കിലും പ്രവർത്തിക്കാൻ കഴിയുമെങ്കിൽ സർക്കാരിൽ നിന്ന് വേതനം ലഭിക്കണമെന്ന് സിബിഐ നിർദേശിക്കുന്നു. കമ്പനിയും ട്രഷറിയും തമ്മിലാണ് ചെലവ് പങ്കിടുന്നത്. സബ്സിഡി ഒരു വർഷം വരെ നീണ്ടുനിൽക്കും. മേല്പറഞ്ഞ പദ്ധതികളിൽ യുകെ ഏത് സ്വീകരിക്കുമെന്ന് വരും ദിനങ്ങളിൽ അറിയാം. രൂക്ഷമായ തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യുകെയിലുടനീളം വർദ്ധിച്ചുവരുന്ന കോവിഡ് 19 തടയുന്നതിനായി ബോറിസ് ജോൺസൺ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നിയന്ത്രണങ്ങൾ ആറു മാസം വരെ നീണ്ടുനിൽക്കും. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനും സ്കോട്ട്ലൻഡിനായി പുതിയ നടപടികൾ പ്രഖ്യാപിച്ചു.

ഇംഗ്ലണ്ടിൽ നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെ?

• സെപ്റ്റംബർ 24 വ്യാഴാഴ്ച മുതൽ പബ്ബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 10 മണി വരെ മാത്രം പ്രവർത്തിക്കാം.
• വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പരമാവധി ശ്രമിക്കുക.
•യാത്രക്കാർ ടാക് സികളിൽ ഫെയ് സ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. അതുപോലെ ഷോപ്പ് സ്റ്റാഫുകളും.
•ഇൻഡോർ ഹോസ്പിറ്റാലിറ്റി വേദികളിലെ സ്റ്റാഫും ഉപഭോക്താക്കളും മാസ് ക് ധരിക്കണം.
• സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ 15 പേർക്ക് മാത്രമേ വിവാഹത്തിലും വിവാഹാസൽക്കാരത്തിലും പങ്കെടുക്കാൻ കഴിയൂ. ശവസംസ്കാര ചടങ്ങിൽ 30 പേർക്ക് വരെ പങ്കെടുക്കാം.
• ഇൻഡോർ ടീം സ്പോർട് സിൽ പരമാവധി ആറ് പേർക്ക് പങ്കെടുക്കാം.
• നേരത്തെ ആസൂത്രണം ചെയ് തതുപോലെ വലിയ കായിക മത്സരങ്ങളും സമ്മേളനങ്ങളും ഒക്ടോബർ 1 മുതൽ നടക്കില്ല.

നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ ബിസിനസുകൾക്ക് 10,000 പൗണ്ട് പിഴ ഈടാക്കുകയും അവ അടപ്പിക്കുകയും ചെയ്യും. ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, പൊതുഗതാഗതം, ടാക് സികൾ, ഇൻഡോർ ഹോസ്പിറ്റാലിറ്റി എന്നിവയിൽ മാസ് ക് ധരിക്കാത്ത ആളുകൾക്കുള്ള പിഴ 100 പൗണ്ടിൽ നിന്നും 200 പൗണ്ട് ആയി ഉയർത്തി.

സ്കോട് ലൻഡിലെ പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെ?

• സെപ്റ്റംബർ 23 ബുധനാഴ്ച മുതൽ സ്കോട്ട്‌ലൻഡിൽ മറ്റ് വീടുകൾ സന്ദർശിക്കുന്നത് നിരോധിച്ചിരിക്കുന്നു.
• മറ്റു വീടുകളിൽ നിന്നുള്ളവരുമായി കാർ യാത്രകൾ പാടില്ല.
•സെപ്റ്റംബർ 25 വെള്ളിയാഴ്ച മുതൽ പബ്ബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 10 മണി വരെ മാത്രം പ്രവർത്തിക്കാം.
• വീട്ടിൽ നിന്ന് ജോലി തുടരാൻ പരമാവധി ശ്രമിക്കുക.

ആറിലധികം ആളുകളുടെ ഒത്തുകൂടൽ ഇംഗ്ലണ്ടിൽ നേരത്തെ നിരോധിച്ചിരുന്നു. പബ്ബുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള വേദികൾ‌ ഉപഭോക്താക്കളുടെ വിശദാംശങ്ങൾ‌ ശേഖരിക്കുകയും 21 ദിവസത്തേക്ക് സൂക്ഷിക്കുകയും വേണം. കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിച്ചു നടത്തുന്ന കായിക മത്സരത്തിൽ ആറിലധികം ആളുകൾക്ക് പങ്കെടുക്കാവുന്നതാണ്.

ഇംഗ്ലണ്ടിലെ സാമൂഹിക ഒത്തുചേരലുകൾ സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന ആർക്കും 200 പൗണ്ട് പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ പിഴത്തുക 3,200 പൗണ്ട് ആയി ഉയരും. നഗരത്തിലും നഗര കേന്ദ്രങ്ങളിലും സാമൂഹിക വിദൂര നിയമങ്ങൾ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തെരുവുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിക്കും. ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളും പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. അതിന് പുറമെയാണ് ഈ പുതിയ നിയന്ത്രണങ്ങൾ.

2020 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള ജീവിതകാലം ഒരു തരത്തിലുള്ള അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാകുമെന്നാണ് ഈ നിയന്ത്രണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പഴയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് ഇപ്പോഴും സങ്കല് പിക്കാൻ പ്രയാസമാണ്. ഇന്നലെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സാമ്പത്തിക വീണ്ടെടുക്കൽ കൂടുതൽ ദുഷ്കരമാക്കുകയാണ്. കൊറോണ വൈറസ് നിറഞ്ഞാടിയ രാജ്യത്ത് ലോക്ക്ഡൗൺ കൊണ്ടുവന്നിട്ട് ഇന്ന് കൃത്യം ആറു മാസം തികയുകയാണ്.

സ്വന്തം ലേഖകൻ

ഇറ്റലി :- രാജ്യത്ത് എല്ലായിടത്തും കൊറോണ പടരുന്ന സാഹചര്യത്തിൽ, ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോഴാണ് പയോളയുടെയും, മിഷേലിന്റെയും പ്രണയം മൊട്ടിട്ടത്. രണ്ടു വീടുകളിലെ ബാൽക്കണികളിൽ നിന്നുമാണ് ഇരുവരും പരസ്പരം ആദ്യമായി കണ്ടത്. അതിനു ശേഷം പിന്നീട് ഇരുവരും പ്രണയിക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലത്തെ ഇറ്റലിയുടെ ‘ റോമിയോയും, ജൂലിയറ്റുമായി ‘ മാറിയിരിക്കുകയാണ് ഇരുവരും. 40 വയസ്സുള്ള പയോള അഗ് നെല്ലിയും, 38 വയസ്സുള്ള മിഷേലും ഇതേ ഫ്ലാറ്റുകളിൽ തന്നെയായിരുന്നു മുൻപും താമസിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലമാണ് ഇരുവരെയും ആദ്യമായി കണ്ടുമുട്ടുന്നതിന് ഇടയാക്കിയത്.

ലോക് ഡൗൺ കാലത്ത് നടത്തിയ ഒരു കമ്മ്യൂണിറ്റി ബാൽക്കണി കോൺസെർട്ടിലൂടെ ആണ് താൻ മിഷേലിനെ ആദ്യമായി കണ്ടത് എന്ന് പയോള ‘ദി ടൈംസ് ‘ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് പ്രണയം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരുടേയും പ്രണയം പുരോഗമിച്ചത്. രാത്രി 3 മണി വരെയും തങ്ങൾ പരസ്പരം മെസ്സേജുകൾ കൈമാറിയതായി ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും ആഗ്രഹങ്ങളും, ചിന്തകളും തമ്മിൽ പരസ്പരം കൂട്ടിമുട്ടുന്നതാണ്. ഇതാണ് തങ്ങളെ പരസ്പരം അടുപ്പിച്ചത് എന്ന് അവർ പറഞ്ഞു.

ആറുമാസം നീണ്ട പ്രണയത്തിനു ശേഷം ഇരുവരും പരസ്പരം വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ ഫ്ലാറ്റിലെ ടെറസിൽ ആണ് ഇരുവരും വിവാഹം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. തങ്ങൾ കണ്ടുമുട്ടിയതിന്റെ ഓർമ്മയ്ക്കായാണ് ഇത്തരമൊരു വിവാഹചടങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് ഇരുവരും പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ കൊറോണ വൈറസ് വ്യാപനം അതിശക്തമായതോടെ പുതിയ നിയന്ത്രണങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇന്നുച്ചയ്ക്ക് കോമൺസിൽ സംസാരിച്ച ജോൺസൻ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. രാജ്യം അപകടകരമായ അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ആറു മാസം വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങൾ ആണ് ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വരുന്നത്. ഷോപ്പ് സ്റ്റാഫുകൾ‌, ടാക്സി ഡ്രൈവർമാർ, യാത്രക്കാർ എന്നിവർക്ക് ഫെയ്‌സ് മാസ്കുകൾ‌ ധരിക്കേണ്ടിവരും, വിവാഹങ്ങൾക്ക് പരമാവധി 15 ആളുകൾക്ക് മാത്രം പങ്കെടുക്കാം എന്നിവ പുതിയ നിയന്ത്രണങ്ങൾ പെടുന്നു. അതോടൊപ്പം ഒത്തുചേരലിനുള്ള നിയമങ്ങൾ ലംഘിക്കുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 പൗണ്ട് ആയി ഉയരും. ആവശ്യമെങ്കിൽ കൂടുതൽ വലിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് നേതാക്കളുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയ ശേഷം യുകെയിലുടനീളം സമാനമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ജോൺസൺ വെളിപ്പെടുത്തി.

സാധ്യമെങ്കിൽ ഒരിക്കൽ കൂടി വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഓഫീസ് ജീവനക്കാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിക്കാഴ്ച നിരോധിച്ചതായി സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനും അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ അധിക ധനസഹായം ഉറപ്പാക്കും. പോലീസിനും പ്രാദേശിക നേതാക്കൾക്കും കൂടുതൽ അധികാരം നൽകുകയാണെന്ന് ജോൺസൻ അറിയിച്ചു. മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് കടക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബിസിനസുകൾ, സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ തുറന്നിരിക്കും.

ഒക്ടോബറോടെ പ്രതിദിനം 50,000 കേസുകളിലേക്ക് എത്തുമെന്ന് മിക്ക വിദഗ്ധരും കരുതുന്നുണ്ട്. ആവശ്യമായ കർശന നടപടികളെ പിന്തുണയ്ക്കുന്നതായി ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. “ഇത് ദേശീയ പ്രതിസന്ധിയുടെ കാലമാണ്, പക്ഷേ ഞങ്ങൾക്ക് വ്യക്തമായ നേതൃത്വം ആവശ്യമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇംഗ്ലണ്ടിൽ ആശുപത്രി പ്രവേശനം ഇരട്ടിയായിയിരുന്നു. ശൈത്യകാലത്ത് രോഗം അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്ന് ജോൺസൻ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരവധി ബ്രിട്ടീഷുകാർക്ക് പിഴ ചുമത്തി പോലീസ്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഫിക് സഡ് പെനാൽറ്റി നോട്ടീസ് (എഫ് പിഎൻ) ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ സംയുക്ത സമിതി പ്രതികരിച്ചു. സർക്കാരിന്റെ പല നിയന്ത്രണങ്ങളും ആശയകുഴപ്പത്തിൽ ആക്കിയതായി കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന പോലീസ് രീതി മറ്റു രാജ്യക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. നിലവിൽ, ആളുകൾ‌ക്ക് നോട്ടീസിനെതിരെ പ്രതികരിക്കാൻ മാർഗങ്ങളില്ല. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള പിഴത്തുക 10000 പൗണ്ട് ആയി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ ഓരോ ആഴ് ചയും മാറുന്നതിനാൽ ഉപദേശം, മാർഗനിർദേശം, നിയമം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയക്കുഴപ്പം സൃഷ് ടിക്കുന്ന നിർദേശങ്ങൾ ശിക്ഷകൾ ലഭിക്കാൻ ഇടയാക്കിയതായി കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിയറ്റ് ഹർമാൻ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലാക്കാൻ കൂടുതൽ നിയന്ത്രണപരമായ നടപടികൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണിത്.

അതേസമയം കോവിഡ് -19 ന്റെ വ്യാപനം തടയാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് ചീഫ് സയന്റിഫിക് ഓഫീസർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ പകുതിയോടെ പ്രതിദിനം 50,000 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ കാണാൻ കഴിയുമെന്ന് സർക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ് ടാവ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുശേഷം പ്രതിദിനം 200-ലധികം മരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചകൾ പിന്നിടുന്തോറും രോഗികളുടെ എണ്ണവും ഇരട്ടിയാവുകയാണ്. പെട്ടെന്നുള്ള രോഗവ്യാപനം തടയാൻ സർക്കാർ ഇപ്പോൾ മുൻകൈ എടുക്കേണ്ടതുണ്ട്.

ഒരു ഒഎൻഎസ് പഠനത്തെ അടിസ്ഥാനമാക്കി യുകെയിൽ 70,000 ത്തോളം ആളുകൾക്ക് നിലവിൽ ഈ രോഗം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രതിദിനം 6,000 പേർക്ക് രോഗം പിടിപെടുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ കേസുകൾ ഉയരുന്നുണ്ടെന്നും ചില പ്രായക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കോവിഡ് ബാധിച്ചിട്ടുണ്ടെന്നും പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് സീസണൽ ഇൻഫ് ളുവൻസയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ ലേബർ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ കഴിവില്ലായ് മയുടെയും മതിയായ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന്റെയും അനന്തരഫലമാണ് ഈ രോഗവ്യാപനമെന്ന് ലേബർ പാർട്ടി അറിയിച്ചു. “മറ്റൊരു ലോക്ക്ഡൗൺ തടയാൻ സർക്കാർ എന്തും ചെയ്യണം, അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും കനത്ത നാശനഷ്ടമുണ്ടാക്കും.” അവർ കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

സോളമൻ ദ്വീപിൽ രണ്ടാംലോകമഹായുദ്ധകാലത്ത് കുഴിച്ചിട്ട ഇപ്പോഴും പൊട്ടാതെ കിടക്കുന്ന ബോംബുകൾ കണ്ടെത്തി അടയാളപ്പെടുത്തുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പസഫിക് ദ്വീപിന്റെ തലസ്ഥാനമായ ഹൊണെരിയയിലെ ജനവാസ പ്രദേശമായ താഷേ ഏരിയയിലാണ് സംഭവം നടന്നത് എന്ന് റോയൽ സോളമൻ ഐലൻഡ് പോലീസ് ഫോഴ്സ് അറിയിച്ചു. നോർവീജിയൻ പീപ്പിൾസ് എയ് ഡ് (എൻ പി എ ) എന്ന സർക്കാരിതര സംഘടന, തങ്ങളുടെ ജീവനക്കാരായ സ്റ്റീഫൻ ലൂക്ക് ആക്കിൻസൺ എന്ന ബ്രിട്ടീഷ് പൗരനും, ട്രെന്റ് ലീ എന്ന ഓസ്ട്രേലിയൻ പൗരനുമാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ” ഇതൊരു വലിയ ദുരന്തമാണ്, കനത്ത പ്രഹരശേഷിയുള്ള ആഘാതമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്” എന്ന് എൻ പി എ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ടവരുടെ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമൊപ്പമാണ് തങ്ങൾ, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ബാക്കിപത്രമായ പൊട്ടാത്ത ബോംബുകളെ കുറിച്ച് സോളമൻ ഐലൻഡ് പോലീസ് ഫോഴ് സിനൊപ്പംപഠനം നടത്തുകയും മാപ്പിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന ടീമിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവർ.

പസഫിക്കിലെ ഏറ്റവും പ്രധാനപ്പെട്ട മിലിറ്ററി ക്യാമ്പെയിൻ മേഖലയായിരുന്നു സോളമൻ ദ്വീപ്. അവിടെ ഇപ്പോഴും പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകളാണ് അവശേഷിക്കുന്നത്. അവയെ കണ്ടെത്തി നിർവീര്യമാക്കുക എന്നത് അതിസാഹസികമായ കർത്തവ്യമാണ്. ഹോണിയാറയിലെ നാഷണൽ റഫറൽ ഹോസ് പിറ്റലിൽ രണ്ടു വിദേശികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. 19 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എൻ പി എ സോളമൻ ദ്വീപിലെ പ്രവർത്തനം അന്വേഷണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്.

” മികച്ച രണ്ടു സഹപ്രവർത്തകരെ ആണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്, അവരുടെ കുടുബങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം ഈ തീരാ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുകയാണ്” എൻപിഎ ജനറൽ സെക്രട്ടറി കില്ലി വെസ്ത്രിൻ പറഞ്ഞു.

എന്നാൽ ബോംബ് ഡിസ്പോസൽ യൂണിറ്റ് ഓഫീസർമാർ, എൻ പി എ യുടെ താമസസ്ഥലത്താണ് ബോംബ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും, ഇരുവരും അൺ എക്സ്പ്ലോഡഡ് ഓർഡനൻസ് വർക്ക് ചെയ്യുകയായിരുന്നു എന്ന് വേണം കരുതാൻ.പൊതുവെ പൊട്ടിത്തെറിക്കാത്ത ബോംബുകളെ പറ്റിയുള്ള പഠനം താമസസ്ഥലങ്ങളിൽ നടത്താറില്ല. അതിനാൽ സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണ്ടിവന്നേക്കും.

1942 ൽ യൂ എസ് മറൈനേഴ്‌സ് ജപ്പാനെ ആക്രമിച്ചു കീഴടക്കിയതാണ് രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാന വിജയം ആയി കണക്കാക്കുന്നത്. പസഫിക്കിലെ പ്രധാനപ്പെട്ട യുദ്ധ മേഖലയായിരുന്നു ഈ ദ്വീപ്. സിറ്റിയിലെ നിർമ്മാണ മേഖലകളിലും, കൃഷിയിടങ്ങളിലും പവിഴപ്പുറ്റുകളിലും കുട്ടികളുടെ കളി സ്ഥലത്തും തുടങ്ങി വളരെയേറെ സ്ഥലങ്ങളിൽ പൊട്ടാത്ത ബോംബുകൾ ഇപ്പോഴും കണ്ടെടുക്കാറുണ്ട്.

RECENT POSTS
Copyright © . All rights reserved