Main News

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

യു കെയിൽ ഇലക്ട്രിക്ക് കാർ റീചാർജിങ് സ്റ്റേഷനുകൾ കൂടുതലായുള്ളതും മികച്ച രീതിയിൽ സേവനം ലഭ്യമാക്കുന്നതുമായ ഇടങ്ങൾ ഏതൊക്കെ എന്നതിനെ കുറിച്ച് ഒരു പഠനം നടക്കുകയുണ്ടായി. പുറത്തു വന്നിരിക്കുന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നത് ലണ്ടനും സ്കോട്ട്ലാണ്ടുമാണ് ഈ രംഗത്ത് ഏറ്റവും മികച്ച സേവനം നല്കുന്നതെന്നാണ്.റീചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് സ്റ്റേഷനുകൾ ഉള്ളത് യോർക്ക്ഷെയറിൽ ആണ്.

രണ്ടായിരത്തി അമ്പതോടെ കാർബൺ വാതകത്തിന്റെ പുറംതള്ളൽ പൂർണ്ണമായി ഇല്ലാതെയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പഠനം. റീചാർജിങ് സ്റ്റേഷനുകൾ കുറവുള്ള ഇടങ്ങളിൽ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ 5 മില്യൻ യൂറോ അധികൃതർ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇരുപത്തിയഞ്ച് മില്യൻ റീചാർജിങ് സ്റ്റേഷനുകൾ എങ്കിലും തുടങ്ങാൻ കഴിഞ്ഞാൽ മാത്രമേ സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളൂ. ഇപ്പോൾ കണക്കുകൂട്ടിയിരിക്കുന്ന തുക അതിന് പര്യാപ്‌തമല്ലതാനും.

ഇലക്ട്രിക്ക് കാർ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഉദാഹരണമായി ഇലക്ട്രിക് കാർ ഉപയോക്താക്കൾക്ക് പാർക്കിങ് ഫീസ് കുറച്ചു കൊടുക്കുക മുതലായ ഇളവുകൾ. കൂടുതൽ പേർ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിനായി മുന്നോട്ട് വരും എന്ന പ്രതീക്ഷയിൽ ആണ് ഇത്തരം ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നത്.

സാധാരണ വാഹനങ്ങളേക്കാൾ വില കൂടുതൽ ആണ് എന്നതാണ് ഇലക്ട്രിക്ക് വാഹന വിപണി നേരിടുന്ന വെല്ലുവിളി. അതിനാൽ തന്നെ റീചാർജിങ് സ്റ്റേഷനുകളെ കുറിച്ചുള്ള പഠനത്തിന് വർത്തമാന സാഹചര്യത്തിൽ വലിയ പ്രസക്തിയില്ല. അത്ര വിദൂരമല്ലാത്ത ഭാവിയിൽ തന്നെ ഇലക്ട്രിക്ക് വാഹനങ്ങൾ റോഡുകൾ കീഴടക്കുന്നതിനായി കാത്തിരിക്കാം. ഇപ്പോഴുള്ള പെട്രോൾ പമ്പുകൾ റീചാർജിങ് സ്റ്റേഷനുകൾ ആയി മാറിക്കഴിഞ്ഞ കാഴ്ച്ചയാകും നമ്മൾക്കപ്പോൾ കാണാനാകുക.

പി. ഡി ബൗസാലി

ആഫ്രിക്കയെന്നു കേൾക്കുമ്പോൾ എപ്പോഴും “ഇരുണ്ട ഭൂഖണ്ഡ”മെന്ന വിശേഷണം മനസ്സിൽ തങ്ങി നിന്നിരുന്നു. നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു:” നിങ്ങൾ ഞങ്ങൾക്കു മോഹൻദാസ കരംചന്ദ്ഗാന്ധിയെ നൽകി ,ഞങ്ങൾ നിങ്ങൾക്ക് മഹാത്മാഗാന്ധിയെ തിരികെ തന്നു”. ആ രാജ്യം സന്ദർശിക്കുവാനൊരു ക്ഷണം ലഭിച്ചപ്പോൾ, അതു സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. മരുമകൾ മെറിയുടെ മാതാപിതാക്കൾ സൗത്താഫ്രിക്കയുടെ തൊട്ടടുത്ത രാജ്യമായ ബോട്ട്സെവാനയിൽ അധ്യാപക ജോലി ചെയ്യുന്നവരാണവർ . അവരുടെ ക്ഷണപ്രകാരം ഞാനും ഭാര്യ സാലിമ്മയും കൂടി 2019 ആഗസ്റ്റ് 7-)o തീയതി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും തിരിച്ച്‌, ജോഹനാസബർഗ് വഴി ബോട്ട്സവാനയുടെ തലസ്ഥാനമായ ഗാബറോണയിൽ എത്തി. 4 ഫ്ലൈറ്റുകൾ മാറി കയറിയാണ് ഗാബറോണയിൽഎത്തിയത് . അവിടെ ഞങ്ങളെ സ്വികരിക്കുവാൻ മെറിയുടെ സഹോദരൻ, സ്വിറ്റ്ർലാൻഡിൽ ജോലിയുള്ള ടോണിയും, മെറിയുടെ അമ്മ ഷെല്ലിയും എത്തിയിരുന്നു.


ബോട്ട്സവാന ചെറിയ ഒരു ആഫ്രിക്കൻ രാജ്യമാണ്. എന്നാൽ ധാരാളം മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്; അധ്യാപകരായും, ബിസിനസ് കാരായും മറ്റും. ഞങ്ങൾ ചെന്നപ്പോൾ പാരിസിലായിരുന്നു ശ്രീ.കെ എ. ജോർജ് ( മെറിയുടെ പിതാവ് ). ആഗസ്റ്റ് പത്തിനു തിരികെഎത്തി. അപ്പോഴേയ്ക്കും എന്റെ മകൻ ചിന്റുവും അവന്റെ ഭാര്യ ചെറിയും മദ്രാസിൽ നിന്നുമെത്തിയിരുന്നു. മിസ്റ്റർ ജോർജും മറ്റും പ്ലാൻ ചെയ്തിരുന്നതുപോലെ ബോട്സ് വാനയിൽ ജോലി ചെയ്യുന്ന ശ്രീ ആന്റണിയും കുടുംബവും, ദുബായിൽ ജോലി ചെയ്യുന്ന അവരുടെ മകൾ അനീറ്റയും അനീറ്റയുടെ ഭർത്താവ് അജിത്തും , അജിത്തിന്റെ മാതാപിതാക്കളായ അച്ചൻകുഞ്ഞും ജെസ്സിയും, അനീറ്റയുടെ മക്കളായ അർണോൾഡും, എയ്ഡനും ഉൾപ്പെടുന്ന സംഘം ആഗസ്റ്റ്‌ 12 -)0 തീയതി ഉച്ച കഴിഞ്ഞു 3 മണിക്ക് രണ്ടു ടെമ്പോ വാനുകൾ വഴി സൗത്താഫ്രിക്കക്കു തിരിച്ചു. ബോട്സ് വാന വിശേഷം പിന്നീട് ഞാൻ എഴുതാം. 10 ദിവസം നീളുന്ന യാത്രയാണ് സൗത്താഫ്രിക്കയിലേയ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത്.


അന്നു രാത്രി 11മണിയോടു കൂടി ഞങ്ങൾ സൗത്താഫ്രിക്കൻ നഗരമായ കിംബർലിയിലെത്തി. നല്ല തണുപ്പ്. മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു. ഹാഫ് വെയ് ഹൗസ് എന്നു പേരുള്ള ഞങ്ങളുടെ ഹോം സ്റ്റേയിൽ ഞങ്ങൾ രാത്രി ഉറങ്ങി പിറ്റേ ദിവസം രാവിലെ 7 മണിയോടു കൂടി ഞങ്ങളെല്ലാവരും റെഡിയായി യാത്ര തുടങ്ങി. സൗത്താഫ്രിക്കയിലെ പ്രസിദ്ധമായ കാങ്കോ കെയ്‌വ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഔട്‍സ് ഹൂം പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ ദൂരമുള്ള വർണ സുരഭിലമായ കാങ്കോ വാലിയിലാണ് കൗതുകകരമായ ഈ ഗുഹാ സമുച്ഛയം. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള മനോഹരമായ ഒരു പർവതശിഖരത്തിന്റെ അടിത്തട്ടിലുള്ള ഈ ഗുഹ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലുതും സുന്ദരവുമായ ഗുഹയാണ്. മലയുടെ ഉപരിതലത്തിലെ ചെടികളും മരങ്ങളും മറ്റും ദ്രവിച്ചുണ്ടാകുന്ന അസിടിക് കാർബൺഡയോക്സൈഡ് ഉം പർവത ശിഖരത്തിൽനിന്നും ചെറിയ സുഷിരങ്ങൾ വഴി ഒലിച്ചിറങ്ങുന്ന ജലവും കൂടിയുള്ള മിശ്രിതം ലക്ഷകണക്കിനു വർഷങ്ങൾ കൊണ്ട് കട്ടി പിടിച്ച്, ഘനീഭവിച്ച്‌ പരലുകളായി പല രൂപങ്ങളിൽ, ഏതോ മഹാനായ ശില്പി തീർത്ത വിസ്മയകരമായ ആകൃതിയിൽ ഗുഹയുടെ ഉള്ളിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്നു. പ്രകൃതിയാകുന്ന കലാകാരൻ തീർത്ത മനോഹരമായ ഒരു കാഴ്ച വിരുന്നാണ് ഈ ഗുഹാ നമ്മുക്കു സമ്മാനിക്കുന്നത്. ഗുഹകളിലെ പ്രത്യേക പ്രകാശ സംവിധാനത്തിൽ ഉജ്ജ്വലിപ്പിക്കുമ്പോഴുള്ള ഇവയുടെ ഭംഗി വർണനാതീതമാണ്. ഇവിടെയുള്ള പല അറകളിലും വ്യത്യസ്തമായ രീതിയിലാണ് രൂപങ്ങൾ ഉണ്ടായിരിക്കുന്നത്. അവയിലേക്കെത്തുവാൻ തുരങ്കങ്ങളും പടവുകളും തിർത്തിട്ടുണ്ട്. ആറുമണിയോടുകൂടി ഞങ്ങൾ ഗുഹയിൽ നിന്നും പുറത്തിറങ്ങി. അവിടെനിന്നും നൈസ്നാ പട്ടണത്തിൽ ഞങ്ങൾ താമസിക്കുവാൻ സൗകര്യം ചെയ്തിട്ടുള്ള സെൽഫ് കാറ്ററിംഗ് ഹോട്ടലിലേയ്ക്ക് പോയി. ഭക്ഷണം കഴിഞ്ഞ് രാത്രി 11 മണിയോടെ
ഉറങ്ങാൻ കിടന്നപ്പോൾ മനസ്സുനിറയെ കാങ്കോ ഗുഹയുടെ വിസ്മയ കാഴ്ചകളായിരുന്നു, കൂടാതെ  ഇനിയുള്ള യാത്രകളെ കുറിച്ചുള്ള ആകാംഷയും …

തുടരും…. (നൈസാ എലഫന്റ് പാർക്കിന്റെ വിശേഷങ്ങളുമായി ……)

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഡോക്ട്ടേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്നലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയേയും, സാന്മാര്‍ഗ്ഗികതയേയും കുറിച്ചുള്ള സെമിനാര്‍ നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.

മനുഷ്യശരീരത്തെ കേവലം ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ മാത്രം കാണെരുതെന്നും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തേണ്ടവനാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യന്‍റെ ശരീരത്തേയും ആത്മാവിനേയും വേര്‍പെടുത്തികാണാതെ അവന്‍റെ സമ്പൂര്‍ണ്ണതയില്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍. ആന്‍റെണി ചുണ്ടെണ്‍ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ ടൂട്ടര്‍ ഡോ. ഡേവ് ക്രിക്ക് സെമിനാറിന് നേതൃത്വം നല്‍കി. സമകാലിക ലോകത്തിലുള്ള ആരോഗ്യപരിചരണത്തില്‍ ഉയര്‍ന്നു വരുന്ന ധാര്‍മ്മിക സാന്മാര്‍ഗ്ഗിക വിഷയങ്ങള്‍ക്ക് വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എപ്രകാരം പരിഹാരം കണ്‍െത്താനാവുമെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്തു.

സിഞ്ചെല്ലുസ് മോണ്‍. ജോര്‍ജ്ജ് ചേലക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, ഡോ. മിനി നെല്‍സണ്‍, ഡോ. മാര്‍ട്ടിന്‍ ആന്‍റെണി, ഡോ. മനോ ജോസഫ്, ഡോ. സെബി സെബാസ്റ്റ്യന്‍, ഡോ. നീതു സെബാസ്റ്റ്യന്‍, ഡോ. ഷെറിന്‍ ജോസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : 2007 മുതൽ 2017 വരെയുള്ള കാലയളവിൽ ലിവർ ക്യാൻസർ മൂലം മരിച്ചവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവ്. ഹെപറ്റോ സെല്ലുലാർ കാർസിനോമ എന്നറിയപ്പെടുന്ന രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടെത്തിയത് യുകെ ക്യാൻസർ റിസർച്ച് സെന്റർ ആണ്. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം രോഗം മൂർച്ഛിക്കുമ്പോൾ മാത്രമേ അറിയുകയുള്ളൂ എന്നത് മരണസാധ്യത വർദ്ധിപ്പിക്കുന്നു.

രോഗം കണ്ടെത്തി കഴിഞ്ഞാൽ രോഗിക്ക് ഏതാനും മാസങ്ങൾ മാത്രമേ ജീവിതത്തിൽ ശേഷിക്കൂ എന്നതും ഇതിനെ രോഗങ്ങളിലെ വില്ലനാക്കുന്നു. സി ആർ യു കെ യുടെ ചീഫ് എക്സിക്യൂട്ടീവ് ആയ മൈക്കിൾ മിച്ചൽ പറയുന്നു” ക്യാൻസറിൽ നിന്നും രോഗികളെ രക്ഷിക്കാനുള്ള കണ്ടെത്തലുകൾ വളരെയധികം മുന്നേറ്റത്തിൽ ആണ് പക്ഷെ രോഗികളുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്”.

ഒരു ലക്ഷത്തിന് 8.9 ആളുകളാണ് ഈക്യാൻസർ മൂലം മരണപ്പെടുന്നത്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ മരണനിരക്ക് 3200 നിന്ന് 5700 ലേക്ക് ഉയർന്നു. ഒരേസമയം രോഗം കണ്ടെത്തിയവരുടെ എണ്ണത്തിലും 60 ശതമാനത്തിലധികം വർദ്ധനവ്ഉണ്ട്.

വാർധക്യം, എയ്ഡ്സ്, പാരമ്പര്യം, തുടങ്ങിയ ഘടകങ്ങളാണ് രോഗം വരാനുള്ള സാധ്യതകളായി പഠനങ്ങൾ പറയപ്പെടുന്നത് . അമിത വണ്ണവും , ജീവിതശൈലി എന്നിവയും രോഗകാരണങ്ങൾ ആണ്.കൂടാതെ ഏഷ്യക്കാരിലും കറുത്തവർഗക്കാരിലും ഈ രോഗം കൂടുതലായി കാണുന്നു . പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം, മദ്യപാനം എന്നിവ രോഗസാധ്യത കൂട്ടുന്നവയാണ്. ഇംഗ്ലണ്ടിൽ ഉള്ള നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അന്വേഷണവും സമാനമായ വിവരങ്ങളാണ് നൽകുന്നത്.

2014നും 2035-നും ഇടയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം 38 ശതമാനം വർദ്ധിക്കും എന്ന് മിശ്ചൽ പറഞ്ഞു. ലിവർക്യാൻസർ തടയാനുള്ള മാർഗങ്ങൾ ഉടൻ കണ്ടെത്തണമെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹെപ്പറ്റോബിലിയറി സർജൻ ഹാഷിം മാലിക് പറഞ്ഞു. പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലതാണെന്നത് , കരൾ ക്യാൻസറിനെ സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഡിസംബർ മാസം നടക്കുന്ന ജനറൽ ഇലക്ഷനിലേക്കുള്ള പ്രചാരണപരിപാടികൾ ബ്രിട്ടനിൽ ആരംഭിച്ചു. എൻ എച്ച് എസിന്റെ ഭാവി എന്താകുമെന്ന ആശങ്കകളാണ് ആദ്യഘട്ട പ്രചാരണത്തിൽ വിവാദത്തിന് വഴി തെളിയിച്ചിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഭരണം എൻ എച്ച് എസിന്റെ സ്വകാര്യവൽക്കരണത്തിന് കാരണമാകുമെന്ന് ലേബർ പാർട്ടി ആരോപിച്ചിരുന്നു. ബ്രെക്സിറ്റിനുശേഷം എൻ എച്ച് എസിന്റെ ഭാവി അമേരിക്കൻ കുത്തകകളുടെ കൈയിൽ ആകുമെന്ന് അവർ ആരോപിച്ചു. എന്നാൽ എൻഎച്ച് എസിനെ ഒരിക്കലും വിൽപ്പനച്ചരക്കാക്കുകയില്ലെന്ന് കൺസർവേറ്റീവ് പാർട്ടി വൃത്തങ്ങൾ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.


ബ്രെക്സിറ്റിനുശേഷം യു എസുമായുള്ള കരാറിൽ എൻ എച്ച് എസ് അമേരിക്കയിൽ നിന്നുള്ള മരുന്നുകൾക്ക് ഇരട്ടി വില നൽകേണ്ടി വരുമെന്ന വിവാദവും പുറത്തുവന്നിട്ടുണ്ട്. ചാനൽ ഫോർ പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ബ്രിട്ടീഷ് അധികൃതരും യുഎസിലെ മരുന്ന് കമ്പനികളും തമ്മിൽ രഹസ്യ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും അവർ പുറത്തിറക്കിയ ഡോക്യൂമെന്ററിയിൽ രേഖപ്പെടുത്തുന്നുണ്ട്.

 

എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒരിക്കലും എൻഎച്ച് എസിന്റെ ഭാവിയെ തകർക്കുക ഇല്ലെന്നും, മരുന്നുകൾക്ക് വില വർദ്ധിക്കും എന്നത് തെറ്റായ പ്രചാരണം ആണെന്ന് ഗവൺമെന്റ് അധികൃതർ അറിയിച്ചു. എന്നാൽ ഗവൺമെന്റ് നൽകുന്നത് തെറ്റായ വാഗ്ദാനങ്ങൾ ആണെന്ന് ലേബർ പാർട്ടി വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂണിൽ ബ്രിട്ടനിൽ നടത്തിയ സന്ദർശനത്തിൽ എൻ എച്ച് എസ് ഭാവി കരാറുകളിൽ കേന്ദ്ര വിഷയമാകും എന്ന് പറഞ്ഞിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ അദ്ദേഹം ആ പ്രസ്താവന പിൻവലിച്ചിരുന്നു. ഇലക്ഷൻ പ്രചരണത്തിലേക്ക് ഏറ്റവും ചൂടേറിയ വിഷയമായി എൻ എച്ച് എസ് മാറിക്കൊണ്ടിരിക്കുകയാണ്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടീഷ് ഹാൾമാർക്കിങ് കൗൺസിൽ(BHC) ഓൺലൈൻ സ്വർണ്ണവ്യാപരികൾക്കിടയിൽ നടത്തിയ പഠനം പുറത്തുവിടുന്ന ഫലം പഴഞ്ചൊല്ലിൽ പതിരില്ല എന്ന പഴമക്കാരുടെ വചനത്തെ ശരി വെയ്ക്കുന്നതാണ്. ഓൺലൈനായി വാങ്ങുന്ന സ്വർണ്ണാഭരണങ്ങളിൽ അധികവും വ്യാജമാണെന്നാണ് പുതിയ കണ്ടെത്തൽ. കാതിലും കഴുത്തിലും കിടന്ന് തിളങ്ങുന്നതെല്ലാം പൊന്നാകണം എന്നുറപ്പു പറയാനാകില്ല എന്നു സാരം.

സ്വർണ്ണം , വെള്ളി , പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളാൽ നിർമ്മിതമായ , ഒരു പരിമിത തൂക്കത്തിൽ കൂടുതൽ ഉള്ള എന്തും വിൽക്കണമെങ്കിൽ ഹാൾമാർക്ക് വേണമെന്നാണ് യു കെ-യിലെ നിയമങ്ങൾ അനുശാസിക്കുന്നത്. സ്വർണ്ണം എന്ന പേരിൽ ഒരു ആഭരണമോ മറ്റെന്തിങ്കിലുമോ വിൽക്കുന്നുണ്ട് എങ്കിൽ ഹാൾമാർക്ക് നിർബന്ധം ആണ് . ഹാൾമാർക്ക് ഇല്ലായെങ്കിൽ പ്രസ്തുത വസ്തുവിന്റെ വില്പന നിയമവിരുദ്ധമാണ്. 150,000ൽപരം വ്യാജ സ്വർണ്ണാഭരണങ്ങൾ ഒരു വർഷം യു കെ-യിൽ മാത്രം വിൽക്കപ്പെടുന്നു എന്നാണ് ബി എച്ച് സി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

ബി എച്ച് സി ചെയർമാൻ നോയൽ ഹണ്ടർ പറയുന്നത് ആകെയുള്ളത്തിന്റെ ചെറിയൊരു ശതമാനം സാമ്പിളുകൾ മാത്രമാണ് തങ്ങൾ പരിശോധിച്ചത് എന്നാണ്. അതിനാൽ തന്നെ ഓൺലൈനായി സ്വർണ്ണം വാങ്ങുമ്പോൾ ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങൾ ആണോ തിരഞ്ഞെടുക്കുന്നത് എന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുള്ളവർ അഭിപ്രായപെടുന്നു.

ഗവണ്മെന്റിന് ചില കാര്യങ്ങൾ ഈ വിഷയത്തിൽ ചെയ്യാനുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഓൺലൈൻ വ്യാപാരങ്ങളെ നിയന്ത്രിച്ചു നിർത്താൻ ഭരണസംവിധാനങ്ങൾക്ക് കഴിയണം. ഗുണമേന്മയുള്ള ആഭരണങ്ങൾ ആണ് വില്പനയ്ക്ക് വെച്ചിരുക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ ഗവണ്മെന്റിനാകും. ഓൺലൈൻ ആഭരണ വിപണിയിൽ ഹാൾമാർക്കിങ് നിർബന്ധമാക്കിയാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും.

പന്നികളെ ക്രാഷ് ടെസ്റ്റ് ഡമ്മികളായി ഉപയോഗിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. സ്ലെഡുകളിൽ കെട്ടിയിട്ട് 30 മൈൽ വേഗതയിൽ മതിലിൽ ഇടിച്ച് പരീക്ഷണം നടത്തിയതിന്‍റെ ഭാഗമായി ഏഴു പന്നികളാണ് കൊല്ലപ്പെട്ടത്. എട്ടെണ്ണം ജീവച്ഛവമായി. മൃതദേഹങ്ങൾ പരിശോധിച്ച ഗവേഷകർ ശ്വാസകോശത്തിനാണ് ഏറ്റവും കൂടുതൽ പരിക്കേല്‍ക്കുന്നതെന്ന് കണ്ടെത്തി.

ചെറു പ്രായത്തിലുള്ള പന്നികളെ പരീക്ഷണത്തിനു മുന്‍പ് 24 മണിക്കൂർ പട്ടിണിക്കിട്ടിരുന്നു. ആറ് മണിക്കൂർ മുന്‍പാണ് അല്‍പം വെള്ളം നല്‍കിയത്. കുട്ടികൾക്കായി സീറ്റ് ബെൽറ്റുകൾ വികസിപ്പിക്കുന്നതിനാണ് പന്നികളില്‍ പരീക്ഷണം നടത്തുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു. പന്നോയുടെയും ആറുവയസ്സുള്ള മനുഷ്യക്കുഞ്ഞിന്‍റെയും ശരീരഘടന സമാനമാണെന്നതാണ് കാരണം. ഭാവിയിൽ സമാനമായ പരീക്ഷണങ്ങൾ തുടരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

എന്നാൽ പരീക്ഷണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് മൃഗ ഗവേഷണത്തെ പ്രതിരോധിക്കുന്ന ബ്രിട്ടീണില്‍നിന്നുള്ള വിദഗ്ധർ പറഞ്ഞു. ‘ക്രാഷ്-ടെസ്റ്റ് ഡമ്മികൾ മാര്‍ക്കറ്റില്‍ സുലഭമാണെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്’ യുകെ ആസ്ഥാനമായുള്ള ‘അണ്ടർസ്റ്റാൻഡിംഗ് അനിമൽ റിസർച്ച് ഗ്രൂപ്പ്’ അംഗം ക്രിസ് മാഗി പറയുന്നു.

മൂന്ന് വ്യത്യസ്ത സീറ്റ് ബെൽറ്റ് പരിഷ്കാരങ്ങളാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചതെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ക്രാഷ് വർത്തിനെസിൽ റിപ്പോർട്ട് ചെയ്ത ഗവേഷണത്തിൽ വിവരിക്കുന്നു. നെഞ്ചിനേയും അടിവയറ്റിനേയും പ്രധിരോധിക്കുന്ന രണ്ട് സമാന്തര ബെൽറ്റുകൾ, ഒരു ഡയഗണൽ ബെൽറ്റും, ലാപ് ബെൽറ്റുമാണ് പരീക്ഷിക്കപ്പെട്ടത്.

സാലിസ്ബറി: യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന മരണത്തിന്റെ വിളയാട്ടത്തിൽ ഇന്ന് വെളുപ്പിന് 3.45 ഓടെ (1 / 11 / 2019 ) നഷ്ടമായത് സാലിസ്ബറിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ നേഴ്‌സിന്റെ ജീവൻ എടുത്തുകൊണ്ടാണ്. സാലിസ്ബറി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്. കോട്ടയത്തിനടുത്തു അറുന്നൂറ്റിമംഗലം ഇടവകാംഗമായ സീന ഷിബു(41) വാണ് യുകെ മലയാളികൾക്ക് തീരാ ദുഃഖം നൽകി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കുറച്ചു കാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍.

സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സീന ഷിബു സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ്. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സീനയുടെ മരണം സാലിസ്ബറി മലയാളി സമൂഹത്തെ സംബന്ധിച്ചു ഒരു തീരാനഷ്ടമാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സീന ഷിബുവിന്റെ നിര്യാണത്തില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അകാലത്തിൽ ഉണ്ടായ സീനയുടെ മരണത്തിൽ മലയാളം യുകെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

Also read … ജോലി കഴിഞ്ഞെത്തിയ പ്രിൻസ് കാണുന്നത് അടുക്കളയുടെ തറയിൽ വീണുകിടക്കുന്ന ട്രീസയെ… എല്ലാവരോടും സൗഹൃദം പങ്കിടുന്ന ട്രീസ വിടപറഞ്ഞത് ഉൾക്കൊള്ളാനാവാതെ ഒരു മലയാളി സമൂഹം… തളരാൻ ഉള്ള സമയമല്ല, താങ്ങാൻ ഉള്ള സമയമെന്ന് സഹപ്രവർത്തകരും കൂട്ടുകാരും 

ജോജി തോമസ്‌

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലിൽ നിറയുന്ന പല വാർത്തകളും കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റുന്നുവോ എന്ന ഗുരുതര ചോദ്യമുയർത്തുന്നതാണ് . പ്രണയപകകളും കൂട്ടക്കൊലകളും തുടർക്കഥയാകുകയും മലയാളിയുടെയും കേരളത്തിൻെറയും അഹങ്കാരമായിരുന്ന കുടുംബബന്ധങ്ങൾക്ക് വിള്ളലുകളുണ്ടാകുകയും ചെയ്യുമ്പോൾ കേരളത്തിൽ എന്തൊക്കയോ അസ്വാഭാവികമായി സംഭവിക്കുന്നുണ്ടെന്ന് നിസംശ്ശയം പറയാം. കേരളത്തിലെ ഒരു ചെറിയ ഗ്രാമമായിരുന്ന കൂടത്തായിലെ ഒരു ഭർത്താവിന് സ്വന്തം ഭാര്യ എവിടെയാണ് ജോലി ചെയ്യുന്നത്, എന്തു ജോലിയാണ് ചെയ്യുന്നതെന്ന് വർഷങ്ങളായി അറിയത്തില്ലായിരുന്നു എന്നത് വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെയും, വിവാഹേതര ബന്ധങ്ങളുടെയും വെളിച്ചത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമായി കരുതാൻ സാധിക്കില്ല. കൂട്ടക്കൊലകളെക്കാൾ ഭയപ്പാടുളവാക്കുന്നതാണ് പ്രണയ പകകൾ. ഇഷ്ട്ടപെട്ടതിനെ ലഭിക്കാതാകുമ്പോഴോ, നഷ്ടപെടുമ്പോഴും ഇല്ലാതാക്കാനുള്ള പ്രവണതകൾ വർദ്ധിച്ചു വരുകയാണ്. അണുകുടുംബങ്ങളിൽ കുട്ടികളെ വളർത്തുമ്പോൾ അവരിൽ നാമറിയാതെ നട്ടുവളർത്തുന്ന സ്വാർത്ഥതയെന്ന വികാരം സമൂഹത്തെയാകെ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് പ്രണയ പകകൾ കാരണമുള്ള കൊലപാതകങ്ങൾ. പെൺകുട്ടികളെ ധൈര്യമായി പുറത്തു അയക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു സാംസ്കാരിക കേരളം.

ഒക്ടോബർ പത്താം തീയതി ലോകമെങ്ങും, “World Mental Health Day” ആയി ആഘോഷിച്ചിരുന്നു.
മാനസികരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് “ലോകമാനസികാരോഗ്യദിനം ” ആചരിക്കുന്നത്. ആത്മഹത്യാ പ്രവണതകൾ തടയേണ്ടതിന്റെ ആവശ്യകഥയായിരുന്നു ഈ വർഷത്തെ ലോകമാനസികാരോഗ്യദിനത്തിൻെറ ചിന്താവിഷയം. കേരളം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മേഖലകളിൽ ഒന്നാണ് വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതകൾ. ലോകത്തു നടക്കുന്ന ആത്മഹത്യകളിൽ 20 ശതമാനവും ഇന്ത്യയിലാണെന്നതും, ഇന്ത്യയിൽ കേരളവും തമിഴ്‌നാടുമാണ് ആത്മഹത്യനിരക്കിൽ മുൻപന്തിയിലുള്ളതെന്നതും ഇവിടെ ശ്രദ്ധേയമാണ്.

കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റാൻ നിരവധി കാരണങ്ങളുണ്ട് . കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ കുട്ടികളിൽ നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും, മാനസികാരോഗ്യവും രൂപപ്പെടുന്ന കാലഘട്ടത്തിൽ തന്നെ താളം തെറ്റാൻ ഈ അമിതപ്രതീക്ഷകൾ കാരണമാകുന്നു. മാനസികാരോഗ്യത്തിന് വിദ്യാഭ്യാസസമ്പ്രദായത്തിൽ നൽകുന്ന അവഗണന, അമിതമായ മദ്യപാനം, ആയുർനിരക്കിൽ നേട്ടം ഉണ്ടാക്കിയെങ്കിലുംവൃദ്ധ ജനങ്ങളെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും വരുന്ന വീഴ്ചകൾ, വിവാഹേതരബന്ധങ്ങളും, തുടർകഥകളാകുന്ന വിവാഹമോചനങ്ങളും വിദേശങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കേരളത്തിലെ കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങി കേരളത്തിന്റെ മാനസികാരോഗ്യം തകരാറിലാക്കുന്ന കാരണങ്ങൾ നിരവധിയാണ്. ഈ കാരണങ്ങളെ ശരിയായ വിധത്തിൽ പഠിക്കുകയും തിരുത്തലുകൾ വരുത്തുകയും സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുന്നില്ലെങ്കിൽ പ്രണയ പകകളും കൂടത്തായ്കളും ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കംബോഡിയ : ദിവസങ്ങളോളം നീണ്ടുനിന്ന പരിശ്രമത്തിന് ഫലം കണ്ടില്ല. വെസ്റ്റ് സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിന്റെ (21) മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. കംബോഡിയയിലെ കോ റോങ് ദ്വീപിൽ നിന്നും മുപ്പത് മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സിഹാൻക്വില്ലിലേക്ക് മൃതദേഹം കൊണ്ടുപോയി. അമേലിയയുടെ കുടുംബാംഗങ്ങളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. അമേലിയയുടെ തിരോധനത്തെ തുടർന്ന് കുടുംബം ദ്വീപിൽ എത്തി അന്വേഷണത്തിൽ പങ്കുചേർന്നിരുന്നു. ഒക്ടോബർ 23 നാണ് കോ റോങിൽ നിന്ന് പെൺകുട്ടിയെ കാണാതായത്.

അമേലിയയുടെ സഹോദരൻ ഹാരിയാണ് തന്റെ സഹോദരിയുടെ മരണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ” ഞാൻ അവളെ കണ്ടു. അതെന്റെ കുഞ്ഞനിയത്തിയാണ്. അവളെ ജീവനോടെ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തോടും കൂട്ടുകാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അമേലിയ… നീ എന്നോട് ക്ഷമിക്കൂ.. ” വികാരനിർഭരനായി ഹാരി ഇപ്രകാരം കുറിച്ചു. മകളുടെ തിരോധാനവും മരണം ഒരിക്കലും സങ്കല്പിക്കാനാവാത്ത ഒന്നാണെന്ന് പിതാവ് ക്രിസ്റ്റഫർ പറഞ്ഞു.

കോ റോങിലെ ബീച്ചിൽ നിന്ന് അമേലിയയുടെ പേഴ്സ്, ഫോൺ, ബാങ്ക് കാർഡ് എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. ബീച്ചിലെ പാർട്ടിയിലാണ് അവൾ അവസാനമായി പങ്കെടുത്തത്. മുങ്ങൽവിദഗ്ദർ , നാവികസേന, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ 150 ഓളം വോളന്റിയർമാർ കമ്പോഡിയൻ പോലീസിനൊപ്പം കരയിലും കടലിലും നടത്തിയ തിരച്ചിലിൽ പങ്കുചേർന്നു.

അതിനിടയിൽ തിരച്ചിൽ നടത്തുന്നതിന് വിദേശകാര്യ ഓഫിസ് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ സ്റ്റാഫ്‌ നേരിട്ട് ദ്വീപിൽ എത്തി സഹായങ്ങൾ നൽകിയെന്നും അമേലിയക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ കംബോഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved