Main News

എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണമെടുക്കാന്‍ കഴിയുന്ന കാലം യുകെയിലും അവസാനിക്കുന്നു. നാളെ നടപ്പാകുന്ന പുതിയ ക്യാഷ് പോയിന്റ് നിയമങ്ങള്‍ പല എടിഎമ്മുകളില്‍ നിന്നും സൗജന്യമായി പണമെടുക്കുന്നത് നിയന്ത്രിക്കുന്നു. പ്രതിമാസം 300 എടിഎമ്മുകള്‍ വീതം അടച്ചുപൂട്ടുന്നുണ്ടെന്നാണ് കണ്‍സ്യൂമര്‍ വാച്ച്‌ഡോഗായ വിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തന നിരതമാക്കാനായി വരുത്തുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതമാക്കുകയാണ്. അതായത് ഇനി മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണമെടുക്കണമെങ്കില്‍ അതിനുള്ള സര്‍വീസ് ചാര്‍ജ് കൂടി ഉപഭോക്താവ് നല്‍കേണ്ടി വരും.

ഗ്രാമീണ മേഖലകളിലെ ക്യാഷ് പോയിന്റുകള്‍ സംരക്ഷിക്കാനും ഈ രീതി അനുവര്‍ത്തിക്കുന്നതായിരിക്കും ഉചിതമെന്ന് നേരത്തേ നിര്‍ദേശിക്കപ്പെട്ടിരുന്നു. യുകെയിലെ എടിഎമ്മുകളുടെ ഷെയേര്‍ഡ് നെറ്റ്‌വര്‍ക്കായ ലിങ്ക് ക്യാഷ് പോയിന്റുകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഫീസുകള്‍ ശേഖരിക്കും. എന്നാല്‍ ഈ വിധത്തില്‍ പണമീടാക്കുന്നത് ഉപഭോക്താക്കളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 1500 മെഷീനുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

2015ല്‍ പ്രതിമാസം 50 മെഷീനുകള്‍ മാത്രമായിരുന്നു ഈ വിധത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നത്. ഗ്രാമീണ മേഖലയിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ ദൃശ്യമായത്. ബാങ്ക് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിലും വര്‍ദ്ധനയുണ്ടാകുന്നതിനാല്‍ റൂറല്‍ കമ്യൂണിറ്റികള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിച്ച് വിലയിരുത്തുന്നു.

ഐവിഎഫ് ചികിത്സക്കുള്ള ഫണ്ടിംഗ് കുറയ്ക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ ശരിയായ വിധത്തിലുള്ള വന്ധ്യതാ ചികിത്സ ലഭിക്കുന്നില്ല. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് നല്‍കുന്നത് ഇപ്പോള്‍ പത്തിലൊന്ന് സെന്ററുകളിലായി ചുരുങ്ങിയിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. മറ്റൊരു പത്തിലൊന്ന് സെന്ററുകളില്‍ ഫെര്‍ട്ടിലിറ്റി ചികിത്സ പൂര്‍ണ്ണമായും നിര്‍ത്താന്‍ പോകുന്നതായും അഭ്യൂഹമുണ്ട്. പണച്ചെലവ് ഒഴിവാക്കുന്നതിനാണ് എന്‍എച്ച്എസ് നേതൃത്വം ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (നൈസ്) നിര്‍ദേശമനുസരിച്ച് സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത 40 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മൂന്ന് സൈക്കിള്‍ ചികിത്സ നല്‍കേണ്ടതാണ്. കഴിഞ്ഞ 15 മാസമായി അതില്‍ കൂടുതല്‍ സൈക്കിളുകള്‍ നല്‍കിയിട്ടില്ല. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റുകള്‍ പോലും 16 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ഇപ്പോള്‍ പലരും നെട്ടോട്ടമോടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ചിലര്‍ ഇംഗ്ലണ്ടില്‍ത്തന്നെയുള്ള മറ്റു പ്രദേശങ്ങളില്‍ ചികിത്സക്കായി തെരയുമ്പോള്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് തേടി ബെര്‍ക്ക്ഷയറില്‍ നിന്ന് 200 മൈലുകള്‍ താണ്ടി ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ ഒരു കുടുംബം എത്തിയതായി ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖലയില്‍ വന്‍ തുക വേണ്ടിവരുന്ന ചികിത്സയായതിനാലാണ് പലരും ഈ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബന്ധുവിനെ കുത്തിക്കൊന്ന കോസില്‍ ഇന്ത്യന്‍ വംശജന് 5 വര്‍ഷം തടവ്. വോള്‍വര്‍ഹാംട്ടണിലെ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 41കാരനായ സുഖ്‌വീന്ദര്‍ സിംഗ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ കാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരികെ അയക്കും. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയതിന് ശേഷമായിരിക്കും ശിക്ഷാ നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ഇയാളുടെ ഭാര്യയുടെ സഹോദരനാണ്. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

തന്റെ ഭാര്യ സഹോദരനായ ഹമീഷ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സിംഗ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. മൂര്‍ച്ചേയേറിയ ആയുധംകൊണ്ട് ഹമീഷ് കുമാറിന്റെ നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇരയുടെ മൃതദേഹവുമായി സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ മൃതദേഹം വെച്ച് സ്റ്റേഷനിലെത്തിയ സിംഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മണിക്കൂറോളം പാസഞ്ചര്‍ സീറ്റില്‍ മൃതദേഹവത്തെ ഇരുത്തി അലഞ്ഞതിന് ശേഷമാണ് സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിലെത്തിയ ഉടനെ പാസഞ്ചര്‍ സീറ്റില്‍ ഭാര്യ സഹോദരന്‍ മരിച്ചു കിടക്കുന്നതായി ഉദ്യോഗസ്ഥരോട് വിവരിച്ചു. സംശയം തോന്നിയതോടെ പോലീസ് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് സ്‌റ്റേഷനിലെത്തിയ സമയത്ത് തന്നെ സിംഗ് മാനസിക അസ്യാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ ആനുകൂല്യം കണക്കിലെടുത്താണ് കോടതി വെറും അഞ്ച് വര്‍ഷത്തെ ശിക്ഷ നല്‍കിയതെന്നാണ് കരുതുന്നത്. അതേസമയം കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ചികിത്സയുടെ സമയത്ത് കൊലപാതകം നടത്തിയതായി ഇയാള്‍ പലതവണ വ്യക്തമാക്കിയിരുന്നതായി പോലീസ് പറയുന്നു. ഇതൊരു അസാധാരണമായ കേസായിരുന്നുവെന്ന് കേസന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇരയുടെ മൃതദേഹവുമായി സ്‌റ്റേഷനിലെത്തിയ സമയത്ത് വളരെ സാധാരണമായി പെരുമാറാന്‍ സിംഗ് ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്.

ലണ്ടനിൽ ഫ്ളാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. വെല്ലിംഗ്ടൺ വേയിലെ മിൽ എൻഡിലുള്ള ടവർ ബ്ളോക്കിലാണ് തീപിടുത്തം. കെട്ടിടത്തിൽ നിന്നും കനത്ത തോതിൽ പുകയുയരുകയാണ്. എട്ട് ഫയർ എഞ്ചിനുകളും അമ്പത് ഫയർ ഫൈറ്റേഴ്സും സ്ഥലത്ത് കുതിച്ചെത്തിയിട്ടുണ്ട്. മറ്റ് എമർജൻസി സർവീസുകളും രംഗത്തുണ്ട്. സമീപത്തെ റോഡുകൾ അടച്ചു. നാല്പതോളം പേർ കെട്ടിടത്തിൽ നിന്ന് എമർജൻസി സർവീസുകൾ എത്തുന്നതിനു മുമ്പ് തന്നെ സുരക്ഷിതമായി പുറത്തെത്തി. രണ്ടു പേരെ ഫയർ സർവീസ് പുറത്തെത്തിച്ചു. ഏരിയൽ പ്ലാറ്റ്ഫോമിൽ നിന്ന് ടവർ ബ്ളോക്കിലേയ്ക്ക് വെള്ളം സ്പ്രേ ചെയ്തു കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളുടെ ഭാഗമായി സമീപ സ്ഥലങ്ങളിൽ നിന്നുള്ള ഫയർ യുണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആർക്കും അപകടമുണ്ടായതായി റിപ്പോർട്ടില്ല.

 

14 വര്‍ഷങ്ങള്‍ക്കിടെ യുകെ ജനസംഖ്യാ വര്‍ദ്ധനവ് അതിന്റെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് കുറഞ്ഞതാണ് ഇതിനുള്ള പ്രധാന കാരണം. 2017 മധ്യത്തോടെ ജനസംഖ്യ 66 മില്യന്‍ കടന്നുവെന്നാണ് കണക്ക്. എന്നാല്‍ വര്‍ദ്ധനയുടെ നിരക്ക് വെറും 0.6 ശതമാനം മാത്രമാണ്. 2004ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

 

ജോലികള്‍ ലഭിച്ച് യുകെയിലെത്തുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ജോലി അന്വേഷിച്ച് ഇവിടേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്ന 2016നു ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ 43 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ജോലി തേയടിയെത്തുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ വ്യക്തമായ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

മൊത്തം കുടിയേറ്റക്കാരില്‍ കുറവു വന്ന 75 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 5,72,000 കുടിയേറ്റക്കാരാണ് 2017ല്‍ രാജ്യത്തെത്തിയത്. ഇതില്‍ 2016നെ അപേക്ഷിച്ച് 78,000 പേര്‍ കുറവാണ്. 2016നും 2017നുമിടക്ക് യുകെയിലെ യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം 189,000ല്‍ നിന്ന് 107,000 ആയി കുറഞ്ഞിട്ടുണ്ട്. 82,000 പേരുടെ കുറവാണ് ഇതിലുണ്ടായിരിക്കുന്നത്. ബ്രെക്‌സിറ്റാണ് ഈ കുറവിന് കാരണമെന്ന്‌

ടെസ്‌കോയുടെ ആദ്യ ക്യാഷ്‌ലെസ് സ്‌റ്റോര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്യാഷ് കൗണ്ടറുകളില്‍ പണമടയ്ക്കാനായി ഉപഭോക്താക്കള്‍ക്ക് നില്‍ക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഇനി 45 സെക്കന്‍ഡ് മാത്രം ഉപഭോക്താക്കള്‍ക്ക് കാത്തുനിന്നാല്‍ മതിയാകും. വെയിറ്റ്‌റോസ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച സ്‌കാന്‍ ആന്‍ഡ് ഗോ ആപ്പിന്റെ ചുവടുപിടിച്ചാണ് ടെസ്‌കോയും ഈ പദ്ധതിയുടെ ട്രയല്‍ നടത്തുന്നത്. അതേസമയം പൂര്‍ണ്ണമായും ക്യാഷ്‌ലെസ് ആകുന്നത് പാവപ്പെട്ടവരെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.

ടെസ്‌കോ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായില്ലാത്ത പാവപ്പെട്ടവര്‍ക്കും പണം നല്‍കാന്‍ ഇഷ്ടപ്പെടുന്ന പെന്‍ഷനര്‍മാര്‍ക്കും ക്യാഷ്‌ലെസ് ആകുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്‌കോ എക്‌സ്പ്രസ് എന്ന ഈ പദ്ധതിയുടെ ആദ്യ സ്റ്റോര്‍ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വെല്‍വിന്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ക്യാംപസിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആറാഴ്ചയായി ഇത് പ്രവര്‍ത്തിച്ചു വരികയാണ്.

സ്റ്റോറില്‍ കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. ക്യാനഡ, സ്വീഡന്‍ എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവുംവലിയ ക്യാഷ്‌ലെസ് സൊസൈറ്റിയാണ് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷമാണ് പ്ലാസ്റ്റിക് മണി കറന്‍സിയെ പിന്തള്ളി മുന്നിലെത്തിയത്. ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയിലൂടെ 13.2 ബില്യന്‍ ഇടപാടുകളാണ് നടക്കുന്നത്.

ഗാരേജിന്റെ കേടായ ഓട്ടോമാറ്റിക് ഡോറില്‍ കുടുങ്ങിയ സ്ത്രീ ചതഞ്ഞരഞ്ഞ് മരിച്ചു. ഹെയ്ദി ചോക്ക്‌ലി എന്ന 40കാരിയാണ് മരിച്ചത്. ഒരു സുഹൃത്ത് കണ്ടുനില്‍ക്കെയായിരുന്നു ഇവരുടെ ദാരുണാന്ത്യം. ഷട്ടര്‍ തുറക്കുമ്പോള്‍ ഇരു കൈകള്‍കൊണ്ടും പിടിച്ചിരുന്ന ഇവരെ അതിന്റെ മെക്കാനിസം ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. കൈകള്‍ കുടുങ്ങിപ്പോയതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മെക്കാനിസത്തിലേക്ക് വലിച്ചെടുക്കപ്പെട്ട ഇവര്‍ റോളിംഗ് ഷട്ടറിനുള്ളില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. എന്നാല്‍ ഡോറിന്റെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇവരുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേംബ്രിഡ്ജ്ഷയര്‍ സ്വദേശിയായ ഇവര്‍ ഒരു സോഷ്യല്‍ വര്‍ക്കറായിരുന്നു. ഒരു സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ കാര്‍പാര്‍ക്കിന്റെ ഡോര്‍ തുറക്കുന്നതിനിടെ ഷട്ടറില്‍ വെറുതെ പിടിച്ചതാണ് ഇവര്‍. അത് സ്വന്തം ജീവനെടുക്കുന്ന പ്രവൃത്തിയാകുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. കാര്‍ പാര്‍ക്കിന്റെ എക്‌സിറ്റിലൂടെ പുറത്തേക്കിറങ്ങാനായിരുന്നു ഇവര്‍ രണ്ടുപേരും ശ്രമിച്ചതെന്ന് കൊറോണര്‍ ഓഫീസര്‍ പോള്‍ ഗാര്‍നല്‍ പറഞ്ഞു. ഷട്ടര്‍ തുറക്കാനുള്ള ബട്ടന്‍ അമര്‍ത്തിയതും ഹെയ്ദി തന്നെയാണ്. ഷട്ടര്‍ ഉയര്‍ന്നപ്പോള്‍ അവര്‍ അതില്‍ വെറുതെ രണ്ടു കൈകള്‍ കൊണ്ടും പിടിക്കുകയായിരുന്നു.

കണ്ടുനിന്നവര്‍ ഇവരെ സഹായിക്കാന്‍ എത്തിയെങ്കിലും കൈകള്‍ കുടുങ്ങിയതിനാല്‍ മെക്കാനിസത്തിലേക്ക് ഇവര്‍ വലിച്ചെടുക്കപ്പെടുകയായിരുന്നു. ഷട്ടറിലെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായ വിധത്തില്‍ കോണ്‍ഫിഗര്‍ ചെയ്തിരുന്നില്ലെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായ പോള്‍ ആര്‍നോള്‍ഡ് കൊറോണറെ അറിയിച്ചു. അവ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഹെയ്ദി പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടേനെയെന്ന് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

വാഷിങ്ടൻ∙ മെരിലാൻഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ മാധ്യമ സ്ഥാപനത്തിൽ വെടിവയ്പ്. അഞ്ചു പേർ കൊല്ലപ്പെട്ടെന്നു വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ചയാൾ പിടിയിലായെന്നു ‘ഫോക്സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ന്യൂസ് റൂമിലേക്കു കയറിയ ഇയാൾ ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

ആരെല്ലാം മരിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ വെടിവയ്പ് ഏറെ ഭീകരമാണെന്നും ഫിൽ ഡേവിസ് ട്വീറ്റ് ചെയ്തു. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്പെന്നും ഫിൽ കുറിച്ചു. ഓഫിസിനകത്ത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞു.

പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തു ആണിതെന്ന സംശയത്തിൽ ബോംബ് സ്ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.

‘ദ് ബാൾട്ടിമോർ സൺ’ പത്രസ്ഥാപനത്തിന്റെ കീഴിലാണു ക്യാപിറ്റൽ ഗസറ്റിന്റെ പ്രവർത്തനം.

ന്യൂസ് ഡെസ്ക്

മുംബൈയിൽ ഉണ്ടായ വിമാനാപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മുംബൈ എയർ പോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനം തകർന്നു വീണത്. മുംബൈ എയർ പോർട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഗാട്ട് ഘോപറിനു സമീപം വിമാനം നിലംപതിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ മെയിന്റനൻസ് എഞ്ചിനീയർമാരുമാണ്. ഇതിൽ രണ്ടു പേർ വനിതകളാണ്. വിമാനം തകർന്നു വീണാണ്  ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അഞ്ചാമത്തെയാൾ കൊല്ലപ്പെട്ടത്. കൺസ്ട്രക്ഷൻ സൈറ്റിലാണ് വിമാനം തകർന്നു വീണത്. ഇന്നുച്ചയ്ക്ക് 1.10 നാണ് അപകടം നടന്നത്. പുകപടലങ്ങൾ മൂലം മുംബൈ എയർ പോർട്ടിൽ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫുകൾ മറ്റൊരു റൺവേയിലേക്ക് മാറ്റേണ്ടി വന്നു.

ഒരു മണിക്കൂർ പരിശ്രമിച്ചാണ് തകർന്ന വിമാനത്തിലെ തീ നിയന്ത്രിക്കാനായത്. ടെസ്റ്റ് ഫ്ളൈ നടത്തുകയായിരുന്ന എയർക്രാഫ്റ്റ് ജൂഹുവിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. യു പി ഗവൺമെന്റിൽ നിന്ന് യുവൈ ഏവിയേഷൻ എന്ന കമ്പനി 2014 ലാണ് ഈ വിമാനം വാങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനം മുൻപും അപകടത്തിൽ പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കാമായിരുന്നു എന്ന് മുൻ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തു.

കുട്ടികള്‍ക്ക് ടേം ടൈം ഹോളിഡേ അവതരിപ്പിച്ച് ഹെഡ്ടീച്ചര്‍. എന്‍ റിച്ച്‌മെന്റ് വീക്ക് എന്ന പേരിലാണ് പുതിയ ടേം ടൈം ഹോളിഡേ അവതരിപ്പിച്ചിരിക്കുന്നത്. എസെക്‌സിലെ വുഡ്‌ലാന്‍ഡ്‌സ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായ സൈമണ്‍ കോക്‌സാണ് ഇത് അവതരിപ്പിച്ചത്. ഇതനുസരിച്ച് 7,8,9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്ക് യാത്രക്കള്‍ക്കും മറ്റുമായി കൊണ്ടുപോകാം. ടേം ടൈമില്‍ ഹോളിഡേകള്‍ക്കും മറ്റുമായി കുട്ടികളെ രക്ഷിതാക്കള്‍ കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു അവധി നല്‍കാന്‍ കോക്‌സ് തീരുമാനിച്ചത്.

2019 ജൂലൈ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങള്‍ എന്റിച്ച്‌മെന്റ് ഹോളിഡേ ആയിരിക്കുമെന്ന് രക്ഷിതാക്കള്‍ക്കുള്ള കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇക്കാലയളവില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം കള്‍ച്ചറല്‍, സോഷ്യല്‍, മോറല്‍ ട്രിപ്പുകള്‍ നടത്താമെന്ന് അദ്ദേഹം പറയുന്നു. വിദേശത്തേക്കുള്ള ട്രിപ്പുകളും ഇക്കാലയളവില്‍ നടത്താം. ഇവയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച അനുഭവങ്ങള്‍ കുട്ടികള്‍ക്ക് അവതരിപ്പിക്കുകയുമാകാം.

കുട്ടികളെ ഈ അവധിക്കായി കൊണ്ടുപോകുന്നതിനു മുമ്പായി രക്ഷിതാക്കള്‍ ഒരു അവധിയപേക്ഷ നല്‍കേണ്ടതുണ്ട്. 92 ശതമാനം അറ്റന്‍ഡന്‍സുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ അവധി ലഭിക്കുകയുള്ളു. അല്ലെങ്കില്‍ മുമ്പുണ്ടായിട്ടുള്ള ആബ്‌സന്‍സുകള്‍ക്ക് മെഡിക്കല്‍ കാരണങ്ങള്‍ ബോധിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Copyright © . All rights reserved