ചൈനീസ് വിമാനവാഹിനി യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രത്തിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് നേവിയുടെ പസിഫിക് ഫ്‌ളീറ്റ് കമാന്‍ഡര്‍. ചൈനീസ് വിമാനവാഹിനി കപ്പല്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമുദ്രത്തിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല – അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. എന്‍ഡിടിവിയുടെ ചോദ്യത്തിന് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തില്‍ ചൈനയ്ക്ക് മറ്റേത് രാജ്യത്തേക്കാളും വേഗതയാണുള്ളത്. ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ന്യൂഡല്‍ഹിയിലെത്തിയാണ് അഡ്മിറല്‍ അക്വിലിനോ.
ഇന്ത്യ പോലുള്ള സ്വതന്ത്ര മനസ്ഥിതിയുള്ള രാജ്യങ്ങള്‍ക്ക് ചൈനീസ് സൈനിക ശാക്തീകരണം ഭീഷണിയാണ് എന്ന് അഡ്മിറല്‍ അക്വിലിനോ അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന സൈനിക താവളമുണ്ട്. ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടക്കമുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. കടല്‍ക്കൊള്ളക്കാരെ തടയാന്‍ എന്ന് പറഞ്ഞാണ് ചൈനയുടെ ഇവിടത്തെ പ്രവര്ര#ത്തനം. ആധുനിക കപ്പല്‍വേധ മിസൈലുകള്‍ ഘടിപ്പിച്ച ടൈപ്പ് 52 ഡി ഡിസ്‌ട്രോയറും ടൈപ്പ് 54 ഫ്രിഗേറ്റും ഇവിടെ ചൈനയ്ക്കുണ്ട്.
ആണവവാഹിനി മുങ്ങിക്കപ്പലിനേയും ചൈന നിയോഗിച്ചിട്ടുണ്ട്. ചൈന മേഖലയില്‍ ഇനിയും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി. തന്ത്രപ്രധാന വിവരങ്ങള്‍, റഡാര്‍, സോണാര്‍ ഡാറ്റകള്‍ തുടങ്ങിയ സുരക്ഷിതമായ ആശയ വിനിമയ സംവിധാനങ്ങളിലൂടെ കൈമാറ്റാന്‍ ചെയ്യാന്‍ സഹായകമാണ് ഇന്ത്യയുടേയും യുഎസിന്റേയും നാവിക സേനകള്‍ തമ്മിലുള്ള ധാരണയെന്ന് അഡ്മിറില്‍ അക്വിലിനോ പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബ്രസൽസ് : ഒക്ടോബർ 31 എന്ന തീയതി ഇനി മറന്നേക്കൂ. ബ്രെക്സിറ്റിൽ പുതിയ വഴിത്തിരിവ്. 2020 ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടണമെന്നുള്ള ബ്രിട്ടന്റെ അഭ്യർത്ഥനയക്ക് യൂറോപ്യൻ യൂണിയന്റെ അനുമതി. അതുകൊണ്ട് തന്നെ മുൻ നിശ്ചയപ്രകാരം അന്തിമ കാലാവധിയായിരുന്ന ഈ വ്യാഴാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ല. യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള 27 അംഗരാജ്യങ്ങളും ബ്രെക്സിറ്റ് നീട്ടുന്നതിന് അനുമതി നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് അറിയിച്ചു. ഒക്ടോബർ 31ന് തന്നെ എന്ത് വന്നാലും യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലായിരുന്നു ജോൺസൻ. എന്നാൽ പാർലമെന്റിൽ ഏറ്റ കനത്ത തിരിച്ചടി മൂലമാണ് അധികസമയത്തിനായി യൂറോപ്യൻ യൂണിയനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
സമയം നീട്ടിചോദിക്കണമെന്ന നിലപാടാണ് ഭൂരിഭാഗം എംപിമാരും കൈകൊണ്ടത്. ജോൺസൻ കൊണ്ടുവന്ന പുതിയ ബ്രെക്സിറ്റ് കരാറിന് അവർ അംഗീകാരം നൽകിയതുമില്ല. ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന ഒരു നിയമവും അവർ പാസ്സാക്കിയിരുന്നു. പാർലമെന്റിന്റെ അഭ്യർത്ഥനയും ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കണക്കിലെടുത്താണ് ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയത്.
28 രാജ്യങ്ങളുടെ കൂട്ടായ്മ ആയ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ കരാറായ ബ്രെക്സിറ്റ്, നേരത്തെ രണ്ടു പ്രാവശ്യം നീട്ടിവെച്ചിരുന്നു. നിലവിലെ പാർലമെന്റിൽ ബ്രെക്സിറ്റ് തീരുമാനത്തിന് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തീയതി നീട്ടിയുള്ള തീരുമാനം. എന്നിരുന്നാലും ബ്രെക്സിറ്റ് പ്രശ്നങ്ങൾ പ്രധാനമന്ത്രിയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയെ ഉള്ളൂ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബാഗ്ദാദ് : 21 രാജ്യങ്ങൾ, 90 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 1400 പേർ. ഈ കണക്കുകൾ വെളിവാക്കുന്നത് ഐഎസ് എന്ന ഭീകരസംഘടനയുടെ വളർച്ചയും അതിന്റെ തലവനായ അബൂബക്കർ അൽ ബഗ്ദാദിയുടെ വാഴ്ച്ചയുമാണ്. ഈ കൊടുംഭീകരനെ ലോകം അറിയുന്നത് 2014ൽ ആണ്. വടക്കൻ സിറിയ മുതൽ ഇറാഖിലെ മൊസൂൾ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ് ഐഎസിന്റെ ഭീകരത പടർന്നു പന്തലിച്ചത്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ അത്രയും വലിപ്പമുള്ള ഒരു സാമ്രാജ്യം അൽ ബഗ്ദാദി പണിതെടുത്തു. അനുഭാവികളും സ്ലീപ്പർ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു. ഇതിൽ ഒട്ടനവധി മലയാളികളും ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽനടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം പിന്നീട് ഈ സംഘടന ഏറ്റു.
ഇന്റർനെറ്റിലൂടെയായിരുന്നു ഐഎസ് ആശയപ്രചാരണം നടത്തിയിരുന്നത് . തടവുകാരായി പിടിച്ച പാശ്ചാത്യരെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവിട്ട് ഭീകരർ ലോകത്തെ ഞെട്ടിച്ചു.1971ൽ ഇറാഖിലെ സമാരയിലായിരുന്നു ബഗ്ദാദിയുടെ ജനനം. കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാതിരുന്ന അബൂബക്കർ അൽ ബഗ്ദാദി പിന്നീട് അൽ ഖായിദയിൽ ചേർന്നു. ഒടുവിൽ അതിനേക്കാളൊക്കെ ലോകത്തെ പേടിപ്പെടുത്തുന്ന ഐഎസിന് രൂപം നൽകി. ഈ വർഷം ഇറങ്ങിയ വീഡിയോയിൽ, തന്റെ സാമ്രാജ്യം ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചു എന്നദ്ദേഹം വാദിച്ചു. യുഎസ് 2011ൽ ബഗ്ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ കൊടുംഭീകരൻ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റിന്റെ സ്ഥിരീകരണവും.
ഐഎസിന്റെ ശക്തി കുറഞ്ഞ സമയത്ത് തന്നെയാണ് തലവന്റെ പതനവും. ഐഎസിന്റെ കീഴിലുള്ള പല സ്ഥലങ്ങളും സ്വതന്ത്രമാക്കി വരുന്നു. 22 പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ മാഞ്ചസ്റ്റർ അരീന സ്ഫോടനത്തിന്റെ പിന്നിലും അൽ ബഗ്ദാദി ആയിരുന്നു. ഇത് കൂടാതെ സാൻ ബെർണാർഡിനോയിലെ വെടിവെപ്പ്, ഫ്രാൻസിലെയും ജർമ്മനിയിലെയും ആക്രമണങ്ങൾ എന്നിവയൊക്കെയും ഐഎസിന്റെ നേതൃത്വത്തിൽ ആയിരുന്നു. യുഎസ് രണ്ടര കോടി ഡോളർ വിലയിട്ട കൊടുംഭീകരന്റെ അന്ത്യം ലോകത്തിന് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. എന്നാലും അദേഹത്തിന്റെ മരണത്തോടെ എല്ലാം അവസാനിക്കുന്നുമില്ല. ബഗ്ദാദിയുടെ മരണം സുപ്രധാനമായ നിമിഷമാണെന്നും ഐഎസിനെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സ്‌കോട് ലാൻഡ് : 12 വയസ്സിൽ താഴെയുള്ള കുട്ടികൾ പന്ത് ഹെഡ് ചെയ്തു പ്രാക്ടീസ് ചെയ്യുന്നത് തലച്ചോറിന് ക്ഷതമുണ്ടാക്കുക വഴി മരണകാരണമാകുന്നു എന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് സ്കോട്ട് ഫുട്ബോൾ അസോസിയേഷൻ ചെറിയ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നത് നിരോധിച്ചു. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാർക്ക് തലച്ചോറിനുണ്ടാകുന്ന ക്ഷതം മൂലം മരിക്കാനുള്ള സാധ്യത സാധാരണക്കാരേക്കാൾ മൂന്നര ഇരട്ടി അധികം ആണെന്നാണ് പഠനം. ഇത് കണ്ടെത്തിയത് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി ആരോഗ്യ വിദഗ്ദ്ധരാണ്.യു എസിൽ ഈ നിരോധനം 2014 മുതൽ നിലവിൽ ഉണ്ട്.
ആരോഗ്യ വിദഗ്ദ്ധരുമായി കൂടുതൽ ചർച്ച നടത്താൻ അസോസിയേഷൻ തീരുമാനിച്ചു. നിരോധനം ഉടനെ നടക്കാൻ ഇരിക്കുന്ന നാഷണൽ ഗെയിംസിനെ ബാധിക്കും എന്ന് നിരീക്ഷണം ഉണ്ട്. കണ്ടെത്തൽ മൂലം ഗെയിംസിൽ അപ്പാടെ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലെങ്കിലും ചർച്ചകൾക്കുശേഷം കൂടുതൽ കാര്യങ്ങൾ അറിയിക്കുമെന്ന് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കളിയിൽ ഹെഡ് ചെയ്യുന്നത് നിരോധിക്കാൻ സാധിക്കില്ല പക്ഷെ പ്രാക്ടീസ് നടത്തുമ്പോൾ തുടർച്ചയായി തലകൊണ്ട് പന്ത് നിയന്ത്രിക്കുന്നത് നിർത്തലാക്കാൻ കഴിയും.
കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ ചീഫ് മെഡിക്കൽ കൺസൽറ്റൻഡ് ആയ ഡോക്ടർ ജോൺ മൿബീൻ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. ജെഫ് അസൽ എന്ന ഫുട്ബോൾ കളിക്കാരൻ തലക്ക് ഏറ്റ ക്ഷതം കാരണം മരണപ്പെട്ടിരുന്നു
ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരൻ നവംബർ 13ന് രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തും. സുസ്ഥിര വിപണി, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക ധനകാര്യം എന്നീ വിഷയങ്ങളിൽ ഔദ്യോഗിക ചർച്ച നടത്തും. സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ക്ലാരൻസ് ഹൗസ് ഓഫിസ് അറിയിച്ചു.
70 കാരനായ ചാൾസിന്റെ പത്താമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്. 2017 നവംബറിൽ ഭാര്യ കാമിലക്കൊപ്പം ഡച്ചസ് ഓഫ് കോൺവാൾ, ബ്രൂണൈ, ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കു നടത്തിയ സംയുക്തപര്യടനത്തിന്റെ ഭാഗമായാണ് അവസാനമായി ചാൾസ് ഇന്ത്യയിൽ എത്തിയത്. ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി വ്യാപാര കരാർ ഉറപ്പിക്കുന്ന കാര്യത്തിൽ ബ്രിട്ടൻ കൂടുതൽ പ്രധാന്യം നല്‍കുന്നുണ്ട്. മകൻ വില്യമിന്റെയും ഭാര്യ കേറ്റിന്റെയും നാലുദിവസത്തെ പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞാണ് ചാൾസിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പ്രഖ്യാപനം.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
ബെർമിംഗ്ഹാം: തിന്മയ്‌ക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ദൈവത്തിന്റെ ആയുധങ്ങളായ രക്ഷയും വചനവും സത്യവും നീതിയും സമാധാനവും ധരിക്കാത്തവരാണ് പരാജയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കൺവെൻഷനിൽ കവെൻട്രി റീജിയണിൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രൂപതയുടെ വികാരി ജനറാൾ വെരി റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ ഉൾപ്പെടെ പത്തിലധികം വൈദികർ ദിവ്യബലിയിലും മറ്റു ശുശ്രുഷകളിലും സഹകാർമ്മികരരായി. ബെർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിലായിരുന്നു ശുശ്രുഷകൾ.
വി. കുർബ്ബാനയ്ക്ക് മുൻപായി ഈ വർഷത്തെ ബൈബിൾ കൺവെൻഷന്റെ മുഖ്യ പ്രഭാഷകനും വിഖ്യാത ധ്യാനഗുരുവുമായ റെവ. ഫാ. ജോർജ്ജ് പനക്കൽ വചനസന്ദേശം നൽകി. ക്രിസ്തുവിനോടുകൂടി കുടുംബജീവിതം ആരംഭിച്ചവർ വിജയത്തിലേക്കാണ് നടന്നടുക്കുന്നതെന്നു അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ദൈവത്തോടുകൂടി ജീവിതം തുടങ്ങുന്നവരുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ടന്നും അത് വിജയത്തിൽ എത്തിക്കാൻ ദൈവം സഹായിക്കുമെന്നും അദ്ദേഹം ദമ്പതികളെ ഓർമ്മിപ്പിച്ചു. ഇതിനായി ഓരോരുത്തർക്കും ഈശോയുമായി വ്യക്തിപരമായ ബന്ധവും അടുപ്പവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊവെൻട്രി റീജിയണൽ ഡയറക്ടർ റെവ . ഫാ. ടെറിൻ മുള്ളക്കര, റെവ. ഫാ. ജോജോ മാരിപ്പാട്ട് വി. സി., റെവ. ഫാ. ആൻ്റണി പറങ്കിമാലിൽ വി. സി., റെവ. ഫാ. ജോസ് പള്ളിയിൽ വി സി., റെവ. ഫാ. ജോസഫ് എടാട്ട് വി സി, കാവെൻട്രി റീജിയനിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ ഏകദിന ശുശ്രുഷകൾക്കു നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകളും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിലെ ഏകദിന ബൈബിൾ കൺവെൻഷൻ ഇന്ന് നടക്കും. ബ്രിസ്റ്റോൾ ഫെയർഫീൽഡ് സ്കൂളിൽ (BS7 9NL) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ശുശ്രുഷകൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റെവ. ഫാ. ജോർജ്ജ് പനക്കൽ, റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST, റീജിയണിലെ വൈദികർ, മറ്റു ധ്യാനശുശ്രുഷകർ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ വിശ്വാസികളെയും ഈ ഏകദിന ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.
ഷിബു മാത്യൂ
ഹള്‍. പത്താമത് യുക്മ നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായിട്ടുള്ള യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേള ഹള്ളില്‍ ഇന്നലെ നടന്നു. രാവിലെ പത്ത് മണിയോടെ പെയിന്റിംഗ് മത്സരം ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ സബ് ജൂണിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ ഔദ്യോഗികമായി കലാമത്സരങ്ങള്‍ ആരംഭിച്ചു. മൂന്ന് മണിയോടെ കലാമേളയുടെ ഔദ്യോഗിക ഉത്ഘാടനം യുക്മ നാഷണല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിവിധ അസ്സോസിയേഷനില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. മുപ്പത്തിയെട്ടിനങ്ങളിലായി എഴുപതോളം ടീമുകള്‍ മാറ്റുരച്ചു. ഹളളും ഷെഫീല്‍ഡും സ്‌കന്‍ന്തോര്‍പ്പുമായിരുന്നു മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നത്.
അത്യധികം വാശിയേറിയ മത്സരത്തിനൊടുവില്‍ 235 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണല്‍ കലാമേളയില്‍ തുടര്‍ച്ചയായി മൂന്നാമതും കിരീടം ചൂടി. 93 പോയിന്റോടെ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തുമെത്തി. ഹെലനാ സ്റ്റീഫന്‍ കലാതിലകവും രോഹിത് ഷൈന്‍ കലാപ്രതിഭ പട്ടവും ചൂടി. നാട്യ മയൂരം എവാ കുര്യാക്കോസും നേടി.
വൈകിട്ട് 8.30 ന് മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. കാവാലം നാരായണപണിക്കരുടെ മകന്‍ കാവാലം ശ്രീകുമാര്‍ മുഖ്യ അതിഥിയായിരുന്നു. വേദിയിലെത്തിയ കാവാലം ശ്രീകുമാര്‍ അച്ഛന്റെ അതേ താളത്തില്‍ പാടി കാണികളുടെ കൈയ്യടി നേടി. യുകെ മലയാളികള്‍ക്കായി ഒരു നല്ല സന്ദേശം നല്കാനും അദ്ദേഹം മറന്നില്ല. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും അദ്ദേഹം അനുമോദിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. തുടര്‍ന്ന് കലാമേളയുടെ സുഗമമായ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫെല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. പതിവില്‍ നിന്ന് വിപരീതമായി പത്തു മണിയോടെ കലാമേളയ്ക്ക് തിരശ്ശീല വീണു.
സംഘാടക മികവുകൊണ്ട് അവിശ്വസനീയമായ രീതിയിലാണ് യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ കലാമേള ചിട്ടപ്പെടുത്തിയിരുന്നത്. അതിവിശാലമായ ഹാളും സ്റ്റേജും, സുതാര്യമായ ശബ്ദ നിയന്ത്രണവും വെളിച്ചവും. സത്യസന്ധമായ വിധി നിര്‍ണ്ണയം, രുചികരമായ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, പരിപാടിയില്‍ ഉടനീളം നീണ്ടുനിന്ന ഹെല്‍പ്പിംഗ് ആന്റ് കെയറിംഗ്, വ്യക്തമായ കമ്മ്യൂണിക്കേഷന്‍, ഇതെല്ലാം റീജിയണല്‍ കലാമേളയെ ഇതുവരെയും നടന്ന കലാമേളകളില്‍ നിന്നും വ്യത്യസ്തമാക്കി.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ പ്രസിഡന്റ് അശ്വിന്‍ മാണിയുടെ നേതൃത്വത്തില്‍, സെക്രട്ടറി സജിന്‍ രവീന്ദ്രന്‍, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി ജോണ്‍ മാര്‍ട്ടിന്‍, ജോയിന്റ് ട്രഷറര്‍ ബാബു സെബാസ്റ്റ്യന്‍, ആട്‌സ് കോര്‍ഡിനേറ്റര്‍ അമ്പിളി രഞ്ജു കൂടാതെ റീജിയണിനെ ആത്മാത്ഥമായി പുറത്തു നിന്ന് സഹായിച്ചുകൊണ്ടിരിക്കുന്ന കിരണ്‍ സോളമനും ജസ്റ്റിന്‍ എബ്രഹാമും കൂടി ചേര്‍ന്നപ്പോള്‍ കലാമേളയ്ക്ക് പൂര്‍ണ്ണമായ ഒരു വേദി മത്സരാര്‍ത്ഥികള്‍ക്കായി ഒരുങ്ങി. ഡോ. ദീപാ ജേക്കബ്, ഡോ. ഷീതള്‍ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം കൊടുത്ത ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആതിഥേയത്വം കലാ മേളയെ വന്‍ വിജയത്തിലെത്തിച്ചു എന്ന് എടുത്ത് പറയേണ്ടതുണ്ട്.
പതിവ് കാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജനപങ്കാളിത്തമാണ് ഇത്തവണ ഹളളില്‍ നടന്ന റീജിയണല്‍ കലാമേളയ്ക്ക് ലഭിച്ചത്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് രാവിലെ 9.30 തിന് ആരംഭിക്കേണ്ടിയിരുന്ന ചിത്രരചനാ മത്സരം തുടങ്ങിയത് പത്ത് മണിക്കാണ്. 10.30 ന് ആരംഭിക്കേണ്ടിയിരുന്ന കലാമത്സരങ്ങള്‍ തുടങ്ങിയത് 12 മണിക്കും. കലാമേളയുടെ ഔദ്യോഗീക ഉത്ഘാടനം നടന്നത് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും. പ്രതികൂലമായ കാലാവസ്ഥയില്‍ മത്സരങ്ങള്‍ വളരെ വൈകി തുടങ്ങിയെങ്കിലും മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവ് ആശങ്കയ്ക്ക് വകയേകുന്നു. മത്സരയിനങ്ങളില്‍ പലതിലും മത്സരാര്‍ത്ഥികളുടെ എണ്ണം മൂന്നില്‍ താഴെയായിരുന്നു. പല അസ്സോസിയേഷനുകളും മത്സരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് എവിടേയ്ക്ക് എന്ന ചോദ്യം ഇനിയും ബാക്കി നില്ക്കുന്നു.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ അത്യാധുനിക സൗകര്യത്തോടെ കൃത്യമായി കലാമേള സംഘടിപ്പിച്ചിട്ടും ജനപങ്കാളിത്തം വളരെ കുറഞ്ഞു പോയതും പ്രമുഖ അസ്സോസിയേഷനുകള്‍ കലാമേളയില്‍ നിന്നു വിട്ടുനിന്നതും യുക്മയുടെ 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികാരം നേടിയെടുക്കുന്നതിന് നേതൃത്വനിരയിലുണ്ടായ ചില വ്യക്തികളുടെ ആഭ്യന്തര കലഹമാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വിയറ്റ്നാം : “അവൾക്ക് വലിയ മനസ്സായിരുന്നു. ഈ കുടുംബത്തെ പരിപാലിച്ചത് അവളായിരുന്നു ” ആ അച്ഛൻ വിതുമ്പി. ബൾഗേറിയയിൽ നിന്ന് അയർലൻഡ് വഴി ലണ്ടനിൽ എത്തിയ ട്രക്കിന്റെ കണ്ടെയ്നറിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ ഒന്ന് തന്റെ മകളുടെ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് തകർന്നുപോയിരുന്നു. വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലെ എൻഗെൻ പട്ടണത്തിലുള്ള ഫാം വാൻ തിനിന്റെ വീട്ടിൽ ഇന്ന് കളിചിരികളില്ല , തകർന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ചിലർ മാത്രം. എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട പുത്രിയെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ. 26കാരിയായ ഫാം തി ട്രാ മൈ ഒക്ടോബർ മൂന്നിനാണ് ഹാനോയിലേക്ക് തിരിച്ചത്. അവിടെ നിന്ന് ചൈനയിലേക്കും ഫ്രാൻസിലേക്കും കടന്നു. ബ്രിട്ടനിലേക്ക് എത്തുന്ന വഴിയാണ് മരിച്ചത്. 31000 പൗണ്ട് ആണ് കടത്തുകാർക്ക് കുടുംബാംഗങ്ങൾ നൽകിയത്. “ആളുകളെ ഒരു സുരക്ഷിതമായ മാർഗ്ഗത്തിലൂടെയാണ് കൊണ്ട് പോകുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കാറിലോ വിമാനത്തിലോ ആയിരിക്കുമെന്നും പറഞ്ഞു. ” ട്രാ മൈയുടെ പിതാവ് സിഎൻഎന്നിനോട് പറഞ്ഞു.
കുടുംബത്തിനോടുള്ള അഗാധമായ സ് നേഹം അവളുടെ അവസാന സന്ദേശത്തിലും പ്രകടമായിരുന്നു. “അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. വിദേശത്തേക്ക് പോയത് തെറ്റായി. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഐ ലവ് യു മം ആൻഡ് ഡാഡ് ” ലോകത്തിൽ നിന്ന് വിടപറയുന്നതിന് മുമ്പ് ട്രാ മൈ അമ്മയ്ക്കയച്ച സന്ദേശമാണിത്. യാത്ര കഠിനമാണെങ്കിൽ പോകേണ്ടെന്ന് പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി. എന്നാൽ താൻ പോയില്ലെങ്കിൽ കടബാധ്യത മൂലം കുടുംബത്തിന് ബുദ്ധിമുട്ട് വരുമെന്നും അതിനാൽ പോകണമെന്നും അവൾ പറയുമായിരുന്നു. ആളുകളെ തെറ്റായ രീതിയിൽ ആണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ വിടില്ലായിരുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലെ ഒരു നെയിൽ സലൂണിൽ ജോലിചെയ്യാനും അതിൽ നിന്നും ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയക്കാനും അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടെങ്കിലും എത്രയും വേഗം തന്റെ മകളെ വീട്ടിൽ എത്തിക്കാനാണ് പിതാവ് ശ്രമിക്കുന്നത്. അതാണ് ഇനി അവരുടെ ആഗ്രഹവും.
അനധികൃത കുടിയേറ്റം മൂലം തകർന്നത് ഒരു കുടുംബത്തിന്റെ സ്വപ്‍നവും പ്രതീക്ഷയും ആയിരുന്നു. ബാക്കി 38 കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ. 39 മൃതദേഹങ്ങളേയും പോസ്റ്റ്മാർട്ടത്തിനായി ക്‌ളെയിംസ്‌ഫോർഡ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ ബാഗും ഫോണും എല്ലാം പരിശോധനവിധേയമാക്കും. തുടരന്വേഷണത്തിനായി ഫോണിലെ സന്ദേശങ്ങളും പരിശോധിക്കും. ബ്രിട്ടനിലേക്ക് വന്ന മൂന്ന് ലോറികളിൽ ഒന്ന് മാത്രമാണ് എസ്സെക്സിലെതെന്ന വാദവും ഉയരുന്നു. രണ്ടു ലോറികളിലായി എഴുപതോളം കുടിയേറ്റക്കാർ യുകെയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ വരുന്നു. ട്രക്ക് കണ്ടെയ്നറുകളിൽ ഒളിച്ച് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം പതിവാണ്. 2000ൽ 58 ചൈനക്കാരുടെ മൃതദേഹങ്ങൾ ഒരു ട്രക്കിൽ കണ്ടെടുത്തിരുന്നു. 2014ൽ കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെ അവശനിലയിൽ അഫ്ഗാനിൽ നിന്നുള്ള 34 സിഖുകാരെയും കണ്ടെത്തിയിരുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരൻെറ ജീവിതം കുറെ നാളുകളായി വിവാദങ്ങൾക്ക് നടുവിൽ ആണ്. അടുത്തിടെയായി പുതിയ ഒരു വിവാദത്തിനും തുടക്കമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് ടോം ബ്രാഡ്ബിയുടെ ” ഹാരി & മേഗൻ : ആൻ ആഫ്രിക്കൻ ജേർണി ” എന്ന ഡോക്യുമെന്ററി യിലൂടെ മാധ്യമങ്ങളെ ആകെ വിമർശിച്ചു എന്നതാണ് പുതിയ ആരോപണം.
ഹാരിയെ മുറിവേറ്റ ഹൃദയത്തിന് ഉടമയായ ഒരു യുവാവായാണ് ബ്രിട്ടനിൽ ഇപ്പോൾ പലരും ചിത്രീകരിക്കുന്നത്. ഷേക്സ്പിയർ നാടകങ്ങളിലെ പ്രിൻസ് ഹാളിനോടാണ് ഹാരിയെ ഉപമിക്കുന്നത്. എന്നാൽ അടുത്തിടെയായി അമ്മയുടെ മരണത്തിന്റെ ദുഃഖം തന്നെ ഇന്നും വേട്ടയാടുന്നു എന്ന ഹാരിയുടെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹത്തെ മറ്റൊരു ഷേക്സ്പീരിയൻ കഥാപാത്രമായ ഹാംലറ്റുമായാണ് ഉപമിച്ചിരിക്കുന്നത്.
മാധ്യമങ്ങൾ എന്നും രാജകുടുംബത്തിന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകങ്ങളാണ്. രാജകുടുംബങ്ങളിലെ വിവാഹവും, മരണവും ജന്മദിനവുമെല്ലാം മാധ്യമശ്രദ്ധ ആകർഷിക്കപ്പെടുന്നതാണ്. മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന അവസാനത്തെ രാജ്ഞിയായി നിലവിലുള്ള എലിസബത്ത് രാജ്ഞി മാറും എന്നാണ് നിഗമനം. രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടവരാണ്. ഏറ്റവും അവസാനത്തെ ഇരയായി ഹാരി രാജകുമാരൻ മാറിയിരിക്കുകയാണ്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- 2017-ൽ നടന്ന ജനറൽ ഇലക്ഷന് ശേഷം രണ്ടരവർഷം കഴിയുന്നതിനു മുൻപേ ബ്രിട്ടൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത വർദ്ധിച്ചു വരുന്നു. ബ്രെക്സിറ്റിനെ കുറിച്ച് പുനർവിചിന്തനം ചെയ്യുവാൻ ജനങ്ങൾക്ക് കൂടുതൽ സമയം നൽകാൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. എന്നാൽ ഇതിനു പകരമായി രണ്ടുമാസത്തിനുള്ളിൽ ഒരു ജനറൽ ഇലക്ഷൻ നടത്തണമെന്ന ആവശ്യം ആണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. ഡിസംബർ 12ന് ഇലക്ഷൻ നടത്തുന്നതിനെ കുറിച്ച് ഹൗസ് ഓഫ് കോമൺസിന്റെ അഭിപ്രായം അറിയുവാൻ ജോൺസൻ തയ്യാറെടുക്കുകയാണ്. അടുത്ത ഒരു ഇലക്ഷന്റെ മുഖ്യ പ്രചാരണ വിഷയവും ബ്രെക്സിറ്റ് തന്നെയാവും.
എല്ലാ പ്രാവശ്യവും മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതനുസരിച്ച് 2022 മെയ് അഞ്ചിനാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ സമയത്തിനും നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മൂന്നിൽ രണ്ട് എംപിമാരുടെയും സമ്മതം ആവശ്യമാണ്. ഇതിനു മുൻപ് രണ്ട് പ്രാവശ്യവും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഈ ആവശ്യം പാർലമെന്റ് നിരാകരിച്ചിരുന്നു. അതിനാലാണ് പുതിയ തന്ത്രം അദ്ദേഹം പ്രയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളോടും ഇലക്ഷനെ അനുകൂലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഏകദേശം 650 കോൺസ്റ്റിട്യുൻസികളാണ് ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലായി ഉള്ളത്. ഏതുവിധേനയും ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന് ആവശ്യമാണ് ബോറിസ് ജോൺസൺ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ലേബർ പാർട്ടി രണ്ടാമതൊരു റഫറണ്ടം നടത്തണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. വീണ്ടുമൊരു ഇലക്ഷൻ നടക്കുമോ എന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷ് ജനങ്ങൾ.