Main News

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- സിറിയൻ അഭയാർഥികളായ ബ്രിട്ടീഷ് അനാഥ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുവാൻ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. വടക്ക്-കിഴക്കൻ സിറിയയിൽ അകപ്പെട്ട അനാഥരായ കുഞ്ഞുങ്ങളെ പറ്റി വിവരം ലഭിച്ചാൽ അവരെ രക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പു നൽകി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുൻ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായാണ്, ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം. മുൻപ് സിറിയയിൽ നിന്നും കുട്ടികളെ പുറത്തു കൊണ്ട് വന്നാൽ മാത്രമേ ഇടപെടുകയുള്ളു എന്നായിരുന്നു യുകെയുടെ തീരുമാനം.


കഴിഞ്ഞആഴ്ച ബിബിസി റിപ്പോർട്ടിങ് ടീം ബ്രിട്ടീഷുകാരായ മൂന്നു അനാഥ കുഞ്ഞുങ്ങളെ സിറിയൻ ക്യാമ്പിൽ കണ്ടെത്തിയിരുന്നു. 10 വയസ്സും അതിൽ താഴെയുമുള്ളവരായിരുന്നു മൂന്നുപേരും. അഞ്ചു വർഷം മുൻപ് ആണ് അവർ സിറിയയിലേക്ക് താമസം മാറ്റിയത് എന്ന് കുട്ടികൾ പറഞ്ഞിരുന്നു . അവരുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും മറ്റും കൊല്ലപ്പെട്ടുവെന്നും, ഇപ്പോൾ തങ്ങൾക്ക് ആരുമില്ലെന്നും മൂത്ത കുട്ടിയായ പത്തു വയസ്സുള്ള അമീറ ബിബിസിയോട് പറഞ്ഞു. തനിക്ക് ബ്രിട്ടനിലേക്ക് മടങ്ങിപ്പോകണം എന്നും അമീറ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ തീരുമാനം. വളരെ ഉചിതമായ തീരുമാനം ആണ് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റേത് എന്ന് വടക്ക്-കിഴക്കൻ സിറിയയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘ സേവ് ദി ചിൽഡ്രൻ ‘ രേഖപ്പെടുത്തി. എന്നാൽ എങ്ങനെയാണ് ബ്രിട്ടീഷ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് വ്യക്തമായ അറിയിപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ മാത്രം വിശ്വസിക്കാനാകില്ലെന്നും അവർ പറഞ്ഞു.

സിറിയയിലെ കുർദിഷ് മേഖലയിലുള്ള തിരക്കേറിയ അഭയാർത്ഥിക്യാമ്പുകളിൽ എത്രത്തോളം ബ്രിട്ടീഷ് അനാഥ കുഞ്ഞുങ്ങൾ ഉണ്ടെന്നുള്ള ശരിയായ കണക്ക് ഇതുവരെ ലഭ്യമല്ല. ചില അനൗദ്യോഗികമായ കണക്കുകൾ പ്രകാരം 30 കുഞ്ഞുങ്ങളുണ്ട് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം .

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ബ്ലെൻഹൈം കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തെയിംസ് വാലി പോലീസ് അറസ്റ്റു ചെയ്തു . പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ 34, 35 വയസ്സുള്ള രണ്ട് പുരുഷന്മാരെയും 36 വയസ്സുള്ള ഒരു സ്ത്രീയേയും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഓക്സ്ഫോർഡ് സ്വദേശികളാണ്.

സെപ്റ്റംബർ 14 ന് ഓക്സ്ഫോർഡ്ഷയറിലെ വുഡ്സ്റ്റോക്കിൽ ഉള്ള വിൻസെന്റ് ചർച്ചിലിന്റെ ജന്മ സ്ഥലത്താണ് സംഭവം നടന്നത് . 4.8 മില്യൻ യൂറോ വിലമതിക്കുന്ന യൂറോപ്യൻ മാതൃകയിലുള്ള ക്ലോസെറ്റ് ആർട്ട്‌ ഇൻസ്റ്റാളേഷൻ ആണ് ഒറ്റരാത്രികൊണ്ട് മോഷണം പോയത് . രാത്രിയിൽ നടത്തിയ റെയ്ഡിലാണ് 4.8 മില്യൺ ഡോളർ വിലമതിക്കുന്ന ആർട്ട് ഇൻസ്റ്റാളേഷൻ കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ മൂന്നുപേരും പോലീസ് കസ്റ്റഡിയിൽ ആണെന്ന് ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു.

അമേരിക്ക എന്ന് പേരിട്ട തടികൊണ്ട് നിർമ്മിച്ച ഒരു മുറിയിൽ വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി വിരുന്നുകാർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് ടോയ്‌ലറ്റ് സൂക്ഷിച്ചിരുന്നത്. മോഷണം നടത്തിയെന്ന് സംശയിച്ച് ഈവ്ഷാമിൽ നിന്നുള്ള 66 കാരനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. കവർച്ച നടത്താൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ചെൽട്ടൻഹാമിൽ നിന്നുള്ള 35 കാരനെയും അറസ്റ്റ് ചെയ്തിരുന്നു.

സൗദി അറേബ്യയിലെ മദീന പ്രവിശ്യയിൽ നടന്ന ബസ് അപകടത്തിൽ മുപ്പത്തിയഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യയിലെ പോലീസ് വക്താവ് ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്‌. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ബുധനാഴ്ച രാത്രി അൽ-അഖാൽ സെന്ററിൽ കനത്ത വാഹനവുമായി കൂട്ടിയിടിച്ച് ഏഷ്യൻ, അറബ് പൗരന്മാർ ഉൾപ്പെടെ 39 വിദേശ തീർഥാടകരോടൊപ്പം സ്വകാര്യ ചാർട്ടേഡ് ബസിന് തീപിടിച്ചതിനെ തുടർന്നാണ് അപകടം.

പരിക്കേറ്റവരെ അൽ ഹംന ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പിഎ റിപ്പോർട്ടിൽ പറയുന്നു.

യുകെയിലെ മലയാളി സമൂഹത്തിന് വേദന സമ്മാനിച്ച് മറ്റൊരു മരണവാര്‍ത്ത കൂടി. വാറ്റ് ഫോര്‍ഡില്‍ മലയാളിയായ നഴ്സ് ബീന ഷാജി (55)യുടെ വേര്‍പാട് ആണ് യുകെയിലെ മലയാളികള്‍ക്ക് വേദനയുടെ മറ്റൊരു ദിനം കൂടിനല്‍കിയിരിക്കുന്നത്. റോയല്‍ നാഷണല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്ന ബീന ഇന്ന് ഉച്ച കഴിഞ്ഞാണ് മരണമടഞ്ഞത്. അര്‍ബുദരോഗമാണ് ബീനയുടെ മരണത്തിന് കാരണം.

ബീനയുടെ ഭര്‍ത്താവ് ഷാജി ജേക്കബ്, രണ്ട് കുട്ടികളാണ്. ജെബിന്‍ ഷാജി, ജീന ഷാജി. കൂത്താട്ടുകുളം മണ്ണത്തൂര്‍ പുതുശ്ശേരി പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ് മരണമടഞ്ഞ ബീന ഷാജി.

ബീനയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലക്സംബർഗ് : യൂറോപ്യൻ യൂണിയൻ ദ്വിദിന ഉച്ചകോടിയിൽ ബ്രെക്സിറ്റ്‌ ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ്‌ വക്താവ് മൈക്കിൾ ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, നല്ല ഉദ്ദേശ്യങ്ങളൊക്കെ നിയമപരമായ പാഠമാക്കി മാറ്റുവാൻ ബ്രിട്ടന് സമയമായെന്നും അറിയിച്ചു. ഈ ബ്രെക്സിറ്റ്‌ ഇടപാട് ബുദ്ധിമുട്ടാണെങ്കിലും ഇരുപക്ഷവും വിശദാംശങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും ബാർനിയർ അഭിപ്രായപ്പെട്ടു. ചർച്ചകൾ രൂക്ഷമായപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു.ചർച്ചകൾ ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. ഒക്ടോബർ അവസാനം തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ജോൺസൻ. എന്നാൽ ഒക്ടോബർ 19നകം ഒരു കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രി നിർബന്ധിതനാവും.

ഒരു കരാറിൽ എത്തുന്നത് ഇപ്പോഴും സാധ്യമായ കാര്യമാണെന്നും അതിനാൽ എല്ലാവരുമായി ചേർന്ന് പോകുന്ന കരാർ സൃഷ്ടിക്കണമെന്നും ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ ആവശ്യങ്ങൾ അംഗീകരിക്കുന്നതോടൊപ്പം ഐറിഷ് കടലിലെ കസ്റ്റംസ് അതിർത്തി അംഗീകരിക്കുകയും വേണം.ഒപ്പം ഐറിഷ് ബാക്കസ്റ്റോപ് വിഷയത്തിലും യുകെ വ്യക്തമായ നിലപാട് സ്വീകരിക്കണം. ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേയും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ബുദ്ധിമുട്ടാണെങ്കിലും ഒരു ബ്രെക്സിറ്റ്‌ ഇടപാട് ഈയാഴ്ചയിൽ സാധ്യമാണെന്നും അതിനായി ഞങ്ങൾ പ്രവർത്തിച്ചുവരികയാണെന്നും ബാർനിയർ കൂട്ടിച്ചേർത്തു.

ഈ വ്യാഴാഴ്ച ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ നിർണായക ദ്വിദിന ഉച്ചകോടി ആരംഭിക്കും. നിലവിൽ ബ്രെക്സിറ്റ് സമയപരിധിക്ക് മുമ്പായി വെച്ചിരിക്കുന്ന അവസാനത്തെ മീറ്റിംഗാണിത്. അതിനാൽ തന്നെ ഈ യോഗം ജോൺസന് വളരെ പ്രധാനപ്പെട്ടതാണ്. ഒരു കാലതാമസം ആവശ്യപ്പെടാതിരിക്കാനായി ശനിയാഴ്ചയോടെ എംപിമാർ അംഗീകരിച്ച പുതിയ കരാർ ജോൺസന് നേടേണ്ടതായി വരും.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- അവധി ആഘോഷിക്കുന്നതിനിടയിൽ യുഎസ് -കാനഡ അതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ ബ്രിട്ടീഷ് കുടുംബത്തെ ബുധനാഴ്ചയോടുകൂടി വിട്ടയയ്ക്കും. മുപ്പതുകാരനായ ഡേവിഡ് കോണെഴ്സ്, ഭാര്യ ഇരുപത്തിനാലുകാരി എലീൻ എന്നിവരാണ് ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരോടൊപ്പം ഇവരുടെ ഇളയ കുഞ്ഞും പെൻസിൽവേനിയ ജയിലിൽ തടവിലായിരുന്നു. അറസ്റ്റിലായ ശേഷം വാഷിങ്ടണിൽ നിന്നും മാറ്റിയ ഇവരെ, പെൻസിൽവാനിയയിലെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ഇത്തരമൊരു അനുഭവം തങ്ങളെ മാനസികമായി തളർത്തിയതായി കുടുംബം ബിബിസി ന്യൂസ് വാഷിംഗ്‌ടൺ കറസ്പോണ്ടന്റ് ക്രിസ് ബക്ക്ലറിന് അയച്ച ഇ-മെയിലിൽ രേഖപ്പെടുത്തി. പ്രത്യേകിച്ച് തങ്ങളുടെ കുഞ്ഞിന് ഈ അനുഭവം ഒരു പേടിസ്വപ്നമായിരുന്നു. മുൻപ് പലതവണ തങ്ങൾ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും , ഇത്തരമൊരു അനുഭവം ആദ്യമാണ്. വിട്ടയക്കപ്പെട്ടതിനുശേഷം യുഎസിലേക്ക് തിരിച്ചുവരുവാൻ പ്രത്യേക പദ്ധതികൾ ഒന്നുമില്ലെന്നും, എന്നാൽ മകനോടൊപ്പം ഫ്ലോറിഡയിലെ ഡിസ്നി വേൾഡ് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.

അവധി ആഘോഷിക്കുകയായിരുന്ന കുടുംബം വ്യാൻകവൗർ നഗരത്തിന് തെക്കു ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു മൃഗത്തെ ഒഴിവാക്കുന്നതിനായി മറ്റൊരു വഴി സ്വീകരിച്ച പ്പോഴാണ് അതിർത്തി ലംഘിച്ചത്. എന്നാൽ ഈ വസ്തുത കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തങ്ങളെ തടഞ്ഞുനിർത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാനഡയിലേക്ക് തിരിച്ചുപോകുവാൻ പോലും അനുവദിച്ചില്ല എന്ന് അവർ പറഞ്ഞു. അറസ്റ്റിലായ ശേഷം ഡേവിഡിനെ പുരുഷന്മാരുടെ സെല്ലിലും, ഭാര്യയെയും മകനെയും വനിത സെല്ലിലുമാണ് പാർപ്പിച്ചിരുന്നത്. സെല്ലുകളിൽ വളരെ മോശമായ അന്തരീക്ഷമായിരുന്നുവെന്നും, തണുപ്പ് ഒഴിവാക്കുന്നതിനായി ഹീറ്റർ പോലും നൽകിയില്ല എന്നും അവർ പറഞ്ഞു . കുഞ്ഞിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായതായും അവർ അറിയിച്ചു. ക്രിമിനലുകളെ പോലെയാണ് തങ്ങളെ പരിഗണിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബെർക്സ് ഫാമിലി ഡിറ്റൻഷൻ സെന്റർ അധികൃതർ നിക്ഷേധിച്ചു .

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : താൻ 5 ലക്ഷം പൗണ്ട് കമ്പനിയിൽനിന്ന് ബോണസ് കൈ പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച മുൻ മേധാവി  പീറ്റർ ഫാംഹൗസ്റ്റർ പറയുന്നത് താൻ ഒറ്റയാൾ കാരണമല്ല കമ്പനി തകർന്നത് എന്നാണ്. എംപിമാർ നടത്തിയ ക്രോസ് പാർട്ടി കമ്മിറ്റിയിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. കമ്പനി തകർന്നതിൽ തനിക്ക് വേദനയുണ്ട് എന്നും അവസാന മാസങ്ങളിൽ കമ്പനിയെ സഹായിക്കാൻ താൻ അഹോരാത്രം പണിയെടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കമ്മറ്റി അധ്യക്ഷ റേച്ചൽ റിവീസ് ഫാംഹൗസ്സ്റ്ററിനോട് ബോണസ് തിരികെ നൽകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ താൻ അതിന് ഉത്തരംനൽകുന്നില്ല എന്നായിരുന്നു മറുപടി. 23 സെപ്റ്റംബറിൽ പിരിച്ചുവിട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടമായതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല. പൊതുജനത്തിന്റെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിലും സഹപ്രവർത്തകരുടെ അഭിപ്രായത്തെകൂടി മാനിക്കേണ്ടതുണ്ടെന്നും പീറ്റർ പറഞ്ഞു .

2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചിരിക്കുന്നത് . അതോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തോമസ് കുക്കിന്റെ തകർച്ച എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. .22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരായിരുന്നു .

 

ന്യൂസ് ടീം 

ലണ്ടൻ : മൂന്നാമത് ലണ്ടൻ ഏഷ്യൻ ബിസിനസ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 വെള്ളിയാഴ്ച്ച കേസിങ്ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റർ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന ചടങ്ങിൽ ഫൈനലിസ്റ്റുകളായ 32 പേർക്ക് അവാർഡുകൾ ലഭിച്ചു. യുവ സംരംഭകൻ , റൈസിംഗ് സ്റ്റാർ , ഇന്റർനാഷണൽ ബിസിനസ്‌ ഓഫ് ദി ഇയർ തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ലണ്ടൻ ഏഷ്യൻ ബിസിനസ് അവാർഡ് 2019 ലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം ടെക് ബാങ്കിന്റെ ഉടമയായ സുഭാഷ് മാനുവൽ കരസ്ഥമാക്കി. ലണ്ടനിലെ വ്യവസായ മേഖലയിൽ ഏഷ്യാക്കാരുടെ സ്വാധീനം എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്നതിനുള്ള തെളിവുകളാണ് ഈ പുരസ്‌കാരങ്ങൾ.

ഈ ചടങ്ങിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികൾ ലണ്ടൻ ബിസിനസ് ജേണൽ ആയിരുന്നു. ലണ്ടനിലെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഗാർഹിക പീഡന സഹായ സേവനങ്ങൾ നൽകുന്ന ഏഷ്യൻ വിമൻസ് റിസോഴ്‌സ് സെന്ററായിരുന്നു ചാരിറ്റി പങ്കാളികൾ. ഏഷ്യൻ ബിസിനസ് അവാർഡ് 2019 സംഘടിപ്പിക്കുന്നത് യുകെയിലെ പ്രമുഖ കമ്പനിയായ ഓഷ്യാനിക് കൺസൾട്ടിംഗ് ആണ്. ഒപ്പം അവാർഡുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗേറ്റ്ഹൗസ് ബാങ്കും നൽകുന്നത് ഗ്രീൻലീഫ് കേറ്ററിങ്ങുമാണ്.

സമ്മാനാർഹരായ ഏവരെയും ഓഷ്യാനിക് കൺസൾട്ടിംഗ് സി ഇ ഒ ഇർഫാൻ യൂനിസ് അഭിനന്ദിച്ചു. ലണ്ടനിലെ ഏഷ്യൻ ബിസിനസ് കമ്മ്യൂണിറ്റി , ഭാവി തലമുറയിലെ സംരംഭകർക്ക് മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 13 വർഷത്തെ പ്രവർത്തന പരിചയമുള്ള ഓഷ്യാനിക് കൺസൾട്ടിംഗ് പ്രധാനപ്പെട്ട ഇംഗ്ലീഷ് , സ്കോട്ടിഷ് , ഐറിഷ് നഗരങ്ങളിൽ വാർഷിക അവാർഡ് ദാന ചടങ്ങുകൾ നടത്തിവരുന്നു.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

സ്വീഡൻ :- 2019 – ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ- അമേരിക്കൻ വംശജനായ അഭിജിത് ബാനർജി, അദ്ദേഹത്തിന്റെ ഭാര്യ എസ്ഥേർ ദുഫ്ളോ, മൈക്കൽ ക്രിമെർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതലത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതലത്തിൽ ദാരിദ്ര്യ നിർമാർജനത്തിന് ഇവരുടെ പരീക്ഷണങ്ങൾ വളരെയധികം സഹായകമായെന്ന് നോബൽ കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുംബൈയിൽ ജനിച്ച അഭിജിത് ബാനർജി, കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എസ് സി ബിരുദവും, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ബിരുദവും നേടി. പിന്നീട് 1988- ൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി ബിരുദവും നേടി. ഇപ്പോൾ മസ്സാച്യുസ്സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ് അദ്ദേഹം. 2003- ൽ അഭിജിത്ത് ബാനർജി, ഭാര്യ എസ്ഥേർ ദുഫ്ലോയോടും, അമേരിക്കയിലെ കമ്പ്യൂട്ടേഷൻ & ബിഹേവിയറൽ സയൻസ് പ്രൊഫസർ സെന്തിൽ മുല്ലൈനാഥനോടും ചേർന്ന് അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ക്ലബ്ബ് ( ജെ – പാൽ ) രൂപീകരിച്ചു. പോവർട്ടി ലാബിന്റെ ഡയറക്ടർമാരിൽ ഒരാളായി ഇപ്പോഴും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

അഭിജിത്തിനൊപ്പം പുരസ്കാരം ലഭിച്ച ഭാര്യ എസ്ഥേർ ദുഫ്ളോ, മസ്സാച്യുസ്സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായിരുന്നു. 46 കാരിയായ എസ്ഥേർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ്. അഭിജിത് ബാനർജിയുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം ഇന്ത്യയുടെ സാമ്പത്തിക പോളിസികളെയും മറ്റും സംബന്ധിച്ചുള്ളതാണ്. 2019 – ലെ ഇലക്ഷന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയുടെ മികച്ച വാഗ്ദാനങ്ങളിൽ ഒന്നായ ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു അഭിജിത് ബാനർജി. മോദി സർക്കാരിന്റെ ഡെമോണിറ്റായ്സെഷൻ പദ്ധതിയോടും, ജി എസ് ടി പദ്ധതിയോടും അദ്ദേഹം അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക തളർച്ചയ്ക്ക് ഇത് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ തുടങ്ങിയവർ അഭിജിത്തിനെ അഭിനന്ദിച്ച് പോസ്റ്റുകൾ ഇട്ടു. അഭിജിത്തിന് ലഭിച്ച നോബൽ സമ്മാനത്തിൽ ഇന്ത്യ മുഴുവൻ സന്തോഷിക്കുന്നതായി പ്രധാനമന്ത്രി രേഖപ്പെടുത്തി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ക്ലൈമറ്റ് ചേഞ്ച് ആക്ടിവിസ്റ്റുകൾ ലണ്ടനിലെ വാണിജ്യ ജില്ലയെ ലക്ഷ്യമാക്കി പ്രതിഷേധിച്ചു. തിങ്കളാഴ്ച ബാങ്ക് ജംഗ്ഷനിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പ്രധാന സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാക്കി. ലണ്ടനിലെ ബാങ്കുകൾ പരിസ്ഥിതി ആഘാതങ്ങൾക്ക് വേണ്ടിയാണു പണം ചിലവഴിയ്ക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലണ്ടൻ നഗരത്തിന്റെ ഹൃദയ ഭാഗത്തു തടിച്ചു കൂടിയ പ്രവർത്തകർ റോഡുകൾ തടഞ്ഞു. സംഭവം പോലീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

 

“പ്രകൃതിയെ നശിപ്പിച്ചു, ചൂഷണം ചെയ്തു ഇല്ലാതെ ആക്കുന്ന ആഗോള ശക്തികേന്ദ്രമാണ് ലണ്ടൻ “എന്ന് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിനിധി ആയ കാറോലിൻ പറഞ്ഞു.

പ്രകൃതിയെ സാമൂഹികമായും, രാഷ്ട്രീയമായും, സാമ്പത്തികമായും തകർക്കുന്ന ആധുനിക സമൂഹത്തിന്റെ ചെയ്തികൾക്കെതിരെ 2 ആഴ്ച നിസ്സഹകരണസമരത്തിനു തീരുമാനിച്ചിരിക്കുകയാണ് പ്രവർത്തകർ.

പെട്രോളിയം പദ്ധതികൾക്ക് ധനസഹായം നൽകുന്നത് ആഗോളതാപനം പരിമിതപ്പെടുത്താനുള്ള 2015 ലെ പാരീസ് കരാറിന്റെ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത മോളിക്യുലർ ബയോളജിയിൽ പിഎച്ച്ഡി നേടിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ബ്രോഡ്കാസ്റ്റർ എമിലി ഗ്രോസ്മാൻ പറഞ്ഞു.വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാനാണ് സാധ്യത .

RECENT POSTS
Copyright © . All rights reserved