Main News

ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.

ജനറല്‍ കാസെം സുലൈമാനി കൊല്ലപ്പെട്ടത് ബഗ്ദാദ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ്. ഇറാനില്‍ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി.

ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്ക – ഇറാന്‍ – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ഖുദ്സ് സേന ഭീകരസംഘടനയാണെന്നും ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ആണെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കൂട‌ുകയും ചെയ്തു.

സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

മലയാളി പ്രവാസികളുടെ പറുദീസയാണ് യുകെ. 2000 ആണ്ട് മുതൽ യുകെയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മലയാളി നഴ്സുമാർ അടങ്ങുന്ന ഒരു പ്രവാസി സമൂഹം യുകെ യോട് വൈകാരിക ബന്ധം പുലർത്താൻ തുടങ്ങിയിട്ടും നാളുകളായി.

യു കെ യിൽ പ്രധാനമായും മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന നാല് ഋതുക്കൾ ആണുള്ളത്. മാർച്ചിൽ തുടങ്ങി മെയിൽ അവസാനിക്കുന്ന വസന്തകാലം, ജൂണിൽ തുടങ്ങി ഓഗസ്റ്റിൽ അവസാനിക്കുന്ന വേനൽക്കാലം, സെപ്റ്റംബറിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന ശിശിരകാലം, ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന ഹേമന്ത കാലം. ഈ മാറ്റം നേരിട്ട് കാണാനും അനുഭവിച്ചറിയാനും യുകെ വാസികൾക്ക് അകലെ ഒന്നും പോകണ്ടതില്ല. ഋതുക്കൾക്ക് അനുസരിച്ചുള്ള പ്രകൃതിയിലുണ്ടാകുന്ന ഓരോ സൂക്ഷ്മമായ മാറ്റങ്ങളും സ്വന്തം വീട്ടുമുറ്റത്തെ വൃക്ഷങ്ങളുടെ വേഷപ്പകർച്ചയിൽ നിന്ന് അറിയാൻ സാധിക്കും.

വസന്തകാലത്തെ പ്രകൃതി ഉടുത്തൊരുങ്ങി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്, കണ്ണെത്തുന്നിടത്തെല്ലാം വിരിഞ്ഞുനിൽക്കുന്ന പൂക്കളും, അവയെ തേടിയെത്തുന്ന വിരുന്നുകാരും, വൃക്ഷങ്ങളും പൂക്കളുമെല്ലാം പരത്തുന്ന നറുമണവും ഒക്കെ ചേർന്ന് ആകെക്കൂടി മനോഹരമാണ് വസന്തകാലം. ഇത് വർഷം മുഴുവൻ നീണ്ടു നിൽക്കുണേ എന്ന് പ്രദേശവാസികൾ ആഗ്രഹിച്ചു പോകും. വേനൽക്കാലത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അത്രയധികം ചൂട് അനുഭവപ്പെടാറില്ല എങ്കിലും, ബീച്ചിലും പാർക്കിലും ഒക്കെ കൂടുതൽ സമയം ചെലവിടുന്നവരാണ് യുകെക്കാർ.

ശിശിര കാലത്തിലാണ് പ്രകൃതി ഏറ്റവുമധികം നിറം വാരി ചുറ്റുന്നത്. മരങ്ങളിലെ ഇലകൾ എല്ലാം പൊഴിയാനുള്ള തയ്യാറെടുപ്പിൽ മഞ്ഞയും പച്ചയും ചുവപ്പുമൊക്കെ നിറങ്ങളിലേക്ക് ചമയം നടത്തുന്നത് കൊണ്ട് രാജ്യം മുഴുവൻ ഒരു പ്രത്യേക സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കും. ഇപ്പോൾ യുകെയിൽ തണുപ്പ് കാലമാണ്. മഞ്ഞുപൊഴിയുന്ന രാവുകളും പകലുകളും വൃക്ഷങ്ങൾക്കും റോഡുകൾക്കും കാറുകൾക്കും എല്ലാം ഒരു ശ്വേത നിറമുള്ള പുതപ്പ് സമ്മാനിക്കും. രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ, വീട്ടുമുറ്റത്തെയും കാറിനെയും ഒക്കെ ഐസ് അടർത്തി കളഞ്ഞശേഷം വേണം തുടങ്ങാൻ. നല്ല കാറ്റ് വീശുന്ന തണുത്ത ഈർപ്പമുള്ള കാലാവസ്ഥയാണ് യു കെ യുടേത്. പുറത്ത് പോകുന്നവർ അതിനനുസൃതമായ വേഷ വിധാനമാവും ധരിക്കാറുള്ളത്. സാന്റായെ വരവേൽക്കാൻ മഞ്ഞിൽ കുളിച്ചു നിൽക്കയാവും പ്രകൃതി. പക്ഷേ ഇക്കുറി, മഞ്ഞുവീഴ്ച തീരെ കുറവായിരുന്നു. ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്, എന്നുമാത്രമല്ല താപനില താരതമ്യേന കൂടുതലും ആയിരുന്നു. പ്രവാസികളെ സംബന്ധിച്ചെടുത്തോളം യുകെയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ.

മെട്രൊജിക്കൽ, ആസ്‌ട്രോളജിക്കൽ, ഫിനോളജിക്കൽ എന്നീ 3 കാരണങ്ങൾ മൂലമാണ് യു കെ യിലെ ഈ കാലാവസ്ഥമാറ്റം ഉണ്ടാവുന്നതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

പാരീസ് : ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ. ഫ്രഞ്ച് അധികൃതരുടെ കണക്കുകൾ പ്രകാരം 2019ൽ ഏകദേശം 2360 ആളുകളെയാണ് ചാനൽ വഴി യുകെയിലേക്കുള്ള കുടിയേറ്റത്തിന് പിടികൂടിയത്. 2018ൽ ഇത് 586 മാത്രമായിരുന്നു. ചെറിയ ബോട്ടുകൾ ഉപയോഗിച്ച് 2019ൽ 261 കുടിയേറ്റ ശ്രമങ്ങൾ നടന്നു. അതിൽ നാല് മരണങ്ങളും ഉണ്ടായി. ഈ ചൊവ്വാഴ്ച, എട്ട് കുട്ടികളടക്കം 40 ലധികം കുടിയേറ്റക്കാരെ അതിർത്തി സേന ചാനലിൽ തടഞ്ഞിരുന്നു. ക്രിസ്തുമസിന് ശേഷമുള്ള ദിവസങ്ങളിൽ ഒരു ഡസൻ ആളുകളെയാണ് കുടിയേറ്റ ശ്രമത്തിന് പിടികൂടിയത്. അതുപോലെ ഇന്നലെ പുതുവർഷദിനത്തിലും ബോട്ട് മാർഗം ചാനൽ കടക്കാൻ ശ്രമിച്ച 6 പുരുഷന്മാരെ അതിർത്തി സേന തടയുകയുണ്ടായി.

ചാനലിലെ തകരാറുകളെ പറ്റി തുടർച്ചയായി നിർദേശങ്ങളും മുന്നറിയിപ്പും നൽകിയിട്ടും കുടിയേറ്റം വർദ്ധിക്കുകയാണ് ഉണ്ടായത്. കരയിലും കടലിലും ഫ്രഞ്ച് സൈന്യത്തെ ശക്തമായി അണിനിരത്തിയതിനാൽ കഴിഞ്ഞ വർഷം 55% അനധികൃത കുടിയേറ്റ ശ്രമങ്ങൾ പരാജയപ്പെട്ടു എന്ന് പാസ്-ഡി-കാലൈസ് മേഖലയിലെ ഗവർണർ ഫാബിയൻ സുഡ്രി പറഞ്ഞു. 95% കുടിയേറ്റ ബോട്ടുകളും പുറപ്പെടുന്നത് തുറമുഖ നഗരമായ കാലായിസിൽ നിന്നുമാണെന്ന് പോലീസ് അറിയിച്ചു.

ഈ അനധികൃത കുടിയേറ്റം തടയാൻ യുകെയും ഫ്രാൻസും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രഞ്ച് തീരങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്തിയതായും കുടിയേറ്റങ്ങൾ തടയാൻ ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ, കണ്ടെത്തൽ ഉപകരണങ്ങൾ എന്നിവ വിന്യസിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഓഫീസ് അറിയിച്ചു. ഈയൊരു കുടിയേറ്റം തടയാൻ ഫ്രാൻസ് കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് കൺസേർവേറ്റിവ് എംപി നതാലി എൽഫിക്കെ അഭിപ്രായപ്പെട്ടു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഡൽഹി :- 55 ശതമാനത്തിൽ താഴെ വിജയശതമാനം ഉള്ള 342 ഓളം സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്താൻ ഡൽഹി ഗവൺമെന്റിന്റെ തീരുമാനം. കണക്ക് വിഷയങ്ങൾക്കാണ് ഇപ്പോൾ സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കുന്നത്. ജനുവരി മാസത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഏകദേശം മുപ്പതിനായിരത്തോളം കുട്ടികൾക്കായി ഈ ക്ലാസ്സുകൾ നടത്തുന്നതാണെന്ന് ഗവൺമെന്റ് അധികൃതർ അറിയിച്ചു. ബോർഡ് പരീക്ഷയിൽ വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായണ് ഈ നടപടി. ഈ തീരുമാനം ഡൽഹി ക്യാബിനറ്റ് തിങ്കളാഴ്ച അംഗീകരിച്ചു.


കഴിഞ്ഞ വർഷത്തെ ഡൽഹി പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ ഏകദേശം 1.66 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ തന്നെ 37, 073 വിദ്യാർഥികൾ കണക്ക് വിഷയത്തിൽ തോൽക്കുകയാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് കുട്ടികൾക്കായി സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. പരീക്ഷയ്ക്ക് മുൻപായി ഏകദേശം 100 മണിക്കൂർ അധിക കോച്ചിംഗ് നൽകുന്നതാണ് പുതിയ നടപടി. 30 പേരടങ്ങുന്ന ഓരോ ബാച്ചുകളിലായി ദിവസവും രണ്ടു മണിക്കൂർ നീണ്ട കോച്ചിംഗ് ആണ് ഉദ്ദേശിക്കുന്നത്.

സ്കൂളിലെ അധ്യാപകരെ മാറ്റി, പുറത്തുനിന്നുള്ള ഏജൻസികളെയാണ് ഇതിനായി ഏൽപ്പിച്ചിരിക്കുന്നത്. ഈ ഏജൻസികൾ അധ്യാപകരോടൊപ്പം ചേർന്ന് പ്രവർത്തിക്കും.

ജോജി തോമസ് , മലയാളം യുകെ ന്യൂസ് ടീം.

ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായ ലീഡ്സ് ഗ്ലാഡിയേറ്റഴ്സിന് പ്രൗഢഗംഭീരമായ സദസ്സിനേ സാക്ഷി നിർത്തി സമ്മാനദാനം നൽകപ്പെട്ടു . ലീഡ്സ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയത് ഷെഫീൻസ് ബ്ലാസ്റ്റേഴ്സ് ആണ്. ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ അവാർഡുകൾ ലീഡ്സ് ഗ്ലാഡിയേറ്റഴ്സിന്റെ അരവിന്ദ്, ജെയിംസ് എന്നിവർ കരസ്ഥമാക്കി. ബെസ്റ്റ് ഫീൽഡറായി ജി. എച്ച് മാസ്റ്റർ ബ്ലാസ്റ്റേഴ്സിന്റെ ദീപക് തെരഞ്ഞെടുക്കപ്പെട്ടു .

പുതിയ താരോദയങ്ങൾക്കുള്ള അവാർഡ് സന്ദീപ് (ലീഡ്സ് ഗ്ലാഡിയേറ്റഴ്സ് ) ബാറ്റ്സ്മാൻ, അഫ്സർ (ഗ്ലാഡിയേറ്റഴ്സ് ടസ്കർ ) – ബൗളർ, ജോനാഥൻ( ലീഡ്സ് ഗ്ലാഡിയേറ്റഴ്സ്)- ഓൾറൗണ്ടർ എന്നിവർക്ക് ലഭിച്ചു.

ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്‌സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. പതിനഞ്ച് ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ലീഡ്സ് ഗ്ലാഡിയേറ്റഴ്സ് വിജയികളായത്. ലീഡ്‌സ് പ്രീമിയർ ലീഗിൽ ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.  

മലയാളം യുകെ ന്യൂസ് ടീം.

“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ്  ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15-ന് ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ഒരു രെജിസ്റ്റേർഡ് ചാരിറ്റിയായി 2005 ൽ ആരംഭിച്ച സെന്റ് ജോർജ് ചാരിറ്റി യുകെയിലും ഇന്ത്യയിലുമുള്ള സഹായം അർഹിക്കുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും പിന്തുണച്ചു വരുന്നു.

ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ ചെലവ് കുറഞ്ഞ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.

സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.

ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ  പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട്  പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.

ചാരിറ്റി ഈവെന്റ് മായി ബന്ധപ്പെട്ടുള്ള റാഫെൽ ടിക്കറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാഞ്ചെസ്റ്റർ ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് വികാരി റവ. ഫാ. ഹാപ്പി ജേക്കബ് നിർവ്വഹിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തികളും സംഘടനകളും ഈ ചാരിറ്റി ഈവെന്റിന് പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച നടക്കുന്ന ചാരിറ്റി ഈവെന്റിന്റെ കുടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. മലയാളം യുകെ ന്യൂസ് ചാരിറ്റി ഈവെന്റിെന്റെ മീഡിയാ പാട്ണറാണ്.

ലിവര്‍പൂള്‍:  പുതുവർഷ തലേന്ന് ( ഇന്നലെ, 31/12/2019) മരണം തട്ടിയെടുത്ത ലിവര്‍പൂളിലെ മലയാളി നഴ്‌സിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞാജലി അര്‍പ്പിച്ച് യുകെ മലയാളി സമൂഹം. ഇന്നലെ രാവിലെ 8:20 ന് പാലാ സ്വദേശിനിയായ കൊച്ചു റാണി (54)  മരണത്തിനു കീഴടങ്ങിയത്. ശാരീരിക അസുഖങ്ങള്‍ മൂലം ലിവര്‍പൂള്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു കൊച്ചുറാണി. അസുഖം മൂര്‍ച്ഛിച്ചത്തോടെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമായത്.

തങ്ങളുടെ പ്രിയ മിത്രത്തിന്റെ മരണവാർത്ത അറിഞ്ഞ് ഒട്ടേറെ മലയാളികളും സഹപ്രവർത്തകരും കുടുംബത്തിന് ആശ്വാസമായി ദുഃഖാർത്ഥരായ കുടുംബത്തോടെ ഒപ്പമുള്ളത്.

ലിവര്‍പൂള്‍ വാള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ചെയ്തിരുന്ന കൊച്ചുറാണി ലിവര്‍പൂള്‍ ഫസാര്‍ക്കലിയില്‍ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. കൊഴുവനാല്‍ സ്വദേശിയും റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറുമായ തണ്ണിപ്പാറ ജോസിന്റെ ഭാര്യയാണ് പരേതയായ കൊച്ചുറാണി.

ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജ്യോതിസ്, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ഇരുവരും ബിഡിഎസ് വിദ്യാർത്ഥികളാണ്.

പരേതയുടെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ തന്നെ ലിതെര്‍ലാന്റ് ക്യൂന്‍ ഓഫ് പീസ് ആര്‍സി പള്ളിയില്‍ വെച്ച് നടത്തപെടുന്ന ലിവർപൂളിലെ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് അറിയിച്ചിരിക്കുന്നത്.

പാലാ രൂപതയിൽ പെടുന്ന ഇടവകയായ കൊഴുവനാൽ സെന്റ് ജോണ്‍സ് നെപ്യൂണ്‍സ് ദേവാലയത്തില്‍ വെച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തിയതിയും മറ്റുകാര്യങ്ങളും പിന്നീട് മാത്രമേ അറിയിക്കാൻ സാധിക്കുകയുള്ളു. യുകെയിലെ ചെയ്‌തു തീരേണ്ട ആധികാരിക രേഖകൾ തയ്യാർ ചെയ്യേണ്ടത് ഉള്ളതുകൊണ്ടാണ് അറിയിക്കാൻ സാധിക്കാത്തത്.

പുതുവര്‍ഷത്തെ വരവേല്‍ക്കവേയാണ് ജീവിതം എന്നത് ‘ഇന്ന് ഞാൻ നാളെ നീ’ എന്ന് ഓര്‍മ്മപ്പെടുത്തി കൊച്ചുറാണി യുകെയിലെ പ്രവാസി മലയാളികളുടെ ഓര്‍മ്മയായി പരിണമിക്കുന്നത്.

ജോജി തോമസ്

ഏതാണ്ട് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന, ലോകത്തിലേ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് അതിലേ ഏറ്റവും പ്രമുഖ രാജ്യമായ ഗ്രേറ്റ് ബ്രിട്ടൻ പുറത്തു വരുമെന്ന് ഉറപ്പായതോടുകൂടി യൂറോപ്യൻ യൂണിയനിലാകെയും, പ്രത്യേകിച്ച് ബ്രിട്ടണിലും പരക്കെ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങളാണ് കാണപ്പെടുന്നത്. 1993, നവംബർ ഒന്നിന് ആണ് യൂറോപ്യൻ യൂണിയൻ ഔപചാരികമായി ആരംഭിച്ചത്. 28 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയൻ ലോകത്തിലേ ഏറ്റവും ശക്തമായ രാഷ്ട്രീയ-സാമ്പത്തിക കൂട്ടുകെട്ടായും, സിംഗിൾ മാർക്കറ്റായുമാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്രയും ശക്തമായ രാഷ്ട്രീയ സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരണോ വേണ്ടയോ എന്നതു സംബന്ധിച്ച വിവാദങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലുകളുമാണ് യുകെയിൽ കഴിഞ്ഞമാസം നടന്ന പൊതു തെരഞ്ഞെടുപ്പിന് കാരണമായത്. ചരക്കുകളുടെയും, ആളുകളുടെയും നിയന്ത്രണങ്ങളില്ലാതെ അംഗരാജ്യങ്ങളിലെവിടെയുമുള്ള സഞ്ചാരം സാധ്യമാക്കിയിരുന്ന യൂറോപ്യൻ യൂണിയൻ നിലവിൽ വന്നതോടുകൂടി ജീവിതനിലവാരതോതിൽ മുന്നിൽ നിന്നിരുന്ന യുകെയിലേയ്ക്ക് മറ്റ് അംഗരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കനത്ത ഒഴുക്കാണ് ഉണ്ടായത്.

വോൾട്ടയർ പറഞ്ഞിട്ടുണ്ട് പണക്കാരന്റെ സുഖസൗകര്യങ്ങൾ നിലനിൽക്കുന്നത് പാവപ്പെട്ടവന്റെ സുലഭമായ ലഭ്യതയെ അനുസരിച്ചാണെന്ന് അതുകൊണ്ട് തന്നെ മുതലാളിത്ത രാഷ്ട്രങ്ങളുടെ പതാക വാഹകരായ ബ്രിട്ടൻ മനുഷ്യവിഭവശേഷിയുടെ ഒഴുക്കിന് ശരിക്കും ആസ്വദിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ തന്റെ പൗരന്മാർക്കു കൊടുക്കുന്ന ബെനിഫിറ്റുകൾ യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവർ കൈപ്പറ്റാൻ തുടങ്ങിയതോടുകൂടിയാണ് യൂറോപ്യൻ യൂണിയൻ എന്ന ആശയത്തിൽ കല്ലുകടി തുടങ്ങിയത്.

കഴിഞ്ഞ മൂന്ന് വർഷമായി ബ്രെക്സിറ്റ് ബ്രിട്ടണിൽ തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വമാണ് സമ്മാനിച്ചത്. ഡേവിഡ് കാമറൂൺ, തെരേസാ മെയ് തുടങ്ങിയ രാഷ്ട്രീയ അതികായകരുടെ പതനത്തിനും മൂന്നോളം പൊതുതെരഞ്ഞെടുപ്പുകൾക്കും വഴിയൊരുക്കിയതും ബ്രെക്സിറ്റ് മാത്രമാണ്. അവസാനം കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലൂടെ ബോറിസ് ജോൺസൺ എന്ന പ്രവചനാതീതമായ നേതാവിന്റെ കീഴിൽ ബ്രെക്സിറ്റ് സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ. ബ്രെക്സിറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാടുകൾ ഇല്ലാതിരുന്ന ലേബർ പാർട്ടിക്കും അതിന്റെ നേതാവ് ജെർമി കോർബിനും പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ യുകെയ്ക്ക് വിജയകരമായ ബ്രെക്സിറ്റ് സാധ്യമാകുമെന്നു തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പക്ഷെ ബ്രിട്ടന്റെ അഭിമാനവും, ലോകത്തിനു മാതൃകയുമായ നാഷണൽ ഹെൽത്ത് സർവീസും, ആരോഗ്യ പദ്ധതികളും യു എസിനെ അടിയറ വെയ്ക്കുമോ എന്ന സന്ദേഹം പരക്കെയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോറിസ് ജോൺസന്ന് നൽകുന്ന അകമഴിഞ്ഞ പിന്തുണ ഈ കച്ചവടകണ്ണ് ലക്ഷ്യമാക്കിയാണന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിലേ അംഗരാജ്യങ്ങളുമായിട്ട് മികച്ച ഒരു കരാർ നേടാൻ അമേരിക്കൻ പിന്തുണ ബോറിസ് ജോൺസനേ സഹായിക്കും. പക്ഷെ അതിന് ബ്രിട്ടൻ കൊടുക്കേണ്ട വില ബ്രിട്ടീഷ് ജനതയുടെ അഭിമാനമായ എൻ.എച്ച്.എസ് ആണെങ്കിൽ അതൊരു കനത്ത നഷ്ടമായിരിക്കും. മാത്രമല്ല ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന എൻ.എച്ച്.എസ്സിലേ തൊഴിൽ സാഹചര്യങ്ങളിലും ഒട്ടേറെ മാറ്റങ്ങൾക്ക് ഇത് കാരണമാകും.

എന്തായാലും മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇനി ബ്രിട്ടനിൽ വരാൻ പോകുന്നത്. ഈ ദൗർലഭ്യം ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നു തരുമെന്ന് ഉറപ്പാണ്. ഒരു പക്ഷെ ബ്രെക്സിറ്റും പുതിയ ഭരണ നേതൃത്വവും കൊണ്ട് മലയാളിക്കുണ്ടാകാവുന്ന നേട്ടവും അതു തന്നെയായിരിക്കും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർധനവുമായി ജോൺസൻ സർക്കാർ. 2020, യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2020 ഏപ്രിലിൽ മുതൽ 3 മില്യൺ ഉദ്യോഗസ്ഥർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 25 വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 8.21 പൗണ്ടിൽ നിന്ന് 8.72 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും.
6.2 ശതമാനത്തിന്റെ വർധനവ് പണപ്പെരുപ്പ നിരക്കിന്റെ നാലിരട്ടിയിലധികമാണ് ഒപ്പം കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.2019 സെപ്റ്റംബറിലായിരുന്നു സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്.

വൻ മാറ്റങ്ങളുടെ ഒരു ഭരണകാലം തന്നെയാണ് ബോറിസ് ജോൺസൻ സർക്കാരിന്റേത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശമ്പള വർദ്ധനവിനെ പ്രശംസിച്ചു. എന്നാൽ ബിസിനസുകാർക്ക് ഇതൊരു തിരിച്ചടിയാകാൻ സാധ്യത ഉണ്ട്. സ്വതന്ത്ര ലോ പേ കമ്മീഷന്റെ കണക്കുകൾ പ്രകാരം, ദേശീയ ജീവിത വേതനത്തിൽ 51 ശതമാനം വർദ്ധനവ് 2016 ഏപ്രിലിൽ നിരക്ക് അവതരിപ്പിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നിരക്കാണ്. 25 വയസ്സിന് താഴെയുള്ളവർക്കും അപ്രന്റീസുകൾക്കും കുറഞ്ഞ നിരക്കിൽ ശമ്പളം ലഭിക്കും.
എന്നാൽ ശമ്പള വർദ്ധനവ് ബിസിനസുകൾക്ക് ബുദ്ധിമുട്ടുള്ള സമയത്താണ് വന്നതെന്നും പല കമ്പനികളും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുമെന്നും ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സിലെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹന്ന എസെക്‌സ് പറഞ്ഞു.

“നമ്മൾ ഒരു പുതിയ ദശാബ്ദത്തിലേക്ക് കടക്കുന്നു. ആളുകൾക്ക് കൂടുതൽ അവസരം നൽകി അവരെ സഹായിക്കുന്നവരായി നാം മാറണം.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 2016 സെപ്റ്റംബറിൽ ചാൻസലർ ജാവിദ് ആദ്യമായി വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ, ദേശീയ ജീവിത വേതനം 2024 ഓടെ ശരാശരി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തേക്ക് ഉയരുമെന്ന് പറഞ്ഞിരുന്നു. ഇത് ഇപ്പോൾ തന്നെ നടപ്പിലാക്കണമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. യുകെ മലയാളികൾ ഭൂരിഭാഗവും അടിസ്ഥാന വേതനം ലഭിക്കുന്നവരാകയാൽ ഇതിന്റെ ആനുകൂല്യം അവർക്ക് പ്രയോജനം ആയേക്കും.

ബർമിംഗ്ഹാമിൽ നിന്ന് നൂറുകണക്കിന് വ്യാജ മദ്യ കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി, ഇവയിൽ പലതിനും ഇൻഡസ്ട്രിയൽ ആൽക്കഹോളിൽ സാധാരണ കാണുന്നത്ര തീവ്രമായ ആൽക്കഹോളിക് കണ്ടന്റ്സ് ഉണ്ടായിരുന്നു. ന്യൂ ഇയർ പാർട്ടി ആഘോഷിക്കാൻ പോകുന്ന മദ്യപാനികൾ സാധാരണയിൽ നിന്ന് ഏതെങ്കിലും രീതിയിൽ വ്യത്യസ്തമായ വോഡ്ക കുപ്പികൾ കണ്ടാൽ വാങ്ങരുത് എന്നാണ് നിർദേശം. തീരെ വില കുറഞ്ഞവ ആണെങ്കിൽ അത് വ്യാജമദ്യം ആകാനാണ് സാധ്യത കൂടുതൽ. യുകെയിൽ ഉള്ള നിരവധി ഔട്ട്‌ലെറ്റുകളിൽ ആയി നടത്തിയ അന്വേഷണത്തിൽ ഒരുപാട് ഇടങ്ങളിൽനിന്ന് വ്യാജൻമാരെ കണ്ടെത്തിയ ഈ പശ്ചാത്തലത്തിലാണ് ഈ ജാഗ്രത നിർദ്ദേശം. ക്രിസ്മസിന് ശേഷം തന്നെ ഏകദേശം 900 ബോട്ടിലുകളോളം വ്യാജമദ്യം പിടിച്ചിരുന്നു. ഇതോടൊപ്പംതന്നെ ഏകദേശം 25000ത്തോളം വ്യാജ മാരായ സിഗരറ്റുകൾ, ടുബാക്കോ എന്നിവയും പിടിച്ചെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ട് അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ മിക്കതിലും ആൽക്കഹോളിന്റെ അളവ് ഇൻഡസ്ട്രിയൽ സ്ട്രെങ്തിന് ഒപ്പം എത്തുന്നത് ആയിരുന്നു. ഇവ കഴിച്ചാൽ ശർദ്ദി, കിഡ്നി ലിവർ സംബന്ധമായ രോഗങ്ങൾ, അന്ധത എന്നിവ ബാധിക്കും, ഒരുപക്ഷേ മരണത്തിൽ പോലും കലാശിച്ചേക്കാം.

വാങ്ങുന്ന കുപ്പി വ്യാജനാണോ എന്നറിയാൻ ചില നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. സാധാരണയിൽ കവിഞ്ഞ വിലക്കുറവ് കാണുക, ഇതുവരെ കേട്ടിട്ടില്ലാത്ത ബ്രാൻഡ് നെയിംസ്, ഒരേ ബ്രാൻഡ് കുപ്പിയിൽ തന്നെ പലതരം ഫില്ലിങ്, ബ്രാൻഡ് നെയിം ഒന്ന് ആയിരിക്കുക അതേസമയം കാണാവുന്ന രീതിയിൽ ഉള്ള വസ്തുക്കൾ അടിഞ്ഞുകൂടി ഇരിക്കുക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ. പബ്ബുകളിലും ക്ലബ്ബുകളിലും ഓർഡർ ചെയ്യുന്നവരോട് വോഡ്ക ഒന്നു മണത്തു നോക്കാനും നിർദ്ദേശിക്കുന്നുണ്ട്, വ്യാജന് നെയിൽപോളിഷ്ന്റെ മണം ഉണ്ടായിരിക്കും.

താത്കാലിക ലാഭത്തിനായി ഉപഭോക്താക്കളുടെ ആരോഗ്യം നശിപ്പിക്കുന്ന രീതിയിലുള്ള വ്യാജന്മാർ പ്രചരിക്കുന്നത് നിർത്തണമെന്ന് എൽജിഎ യുടെ കൗൺസിലറായ സൈമൺ ബ്ലാക്ക് ബുൺ മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. വർധിച്ചുവരുന്ന ആവശ്യമാണ് ഇത്തരം നിലവാരം കുറഞ്ഞ മദ്യങ്ങൾ മാർക്കറ്റിൽ എത്താൻ സഹായിക്കുന്നത്. വ്യാജമദ്യം വിൽക്കുന്ന റീട്ടെയിൽ കച്ചവടക്കാർക്ക്, 5000 പൗണ്ട് പിഴയും, പത്ത് വർഷം തടവും, ലൈസൻസ് ക്യാൻസൽ ആക്കുകയും, ആണ് നിലവിൽ ഉള്ള ശിക്ഷ.

RECENT POSTS
Copyright © . All rights reserved