സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ് രോഗം. യോർക്കിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന ഇവരെ ന്യൂകാസിലിലെ സ്പെഷ്യലിസ്റ്റ് സെന്ററിലേക്ക് മാറ്റി. രോഗത്തെ നേരിടാൻ എൻ എച്ച് എസ് പൂർണ്ണസജ്ജമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. വൈറസ് ബാധിക്കപ്പെട്ട രണ്ട് പേരുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ ആയിരിക്കും. യോർക്കിലെ സ്റ്റേസിറ്റി പ്രോപ്പർട്ടിയിലെ അതിഥികൾക്കോ ​​ജോലിക്കാർക്കോ ​​അണുബാധ ഏൽക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു.

രോഗം നേരത്തെ കണ്ടെത്തിയതിനാൽ കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റീഡിംഗ് സർവകലാശാലയിലെ വൈറോളജി പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. യുകെയിൽ വൈറസ് ബാധ കണ്ടെത്തിയതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് വിദഗ്ധർ പറഞ്ഞു. രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ചൈനയെ ആണെന്നും അതിനാൽ തന്നെ 99% കേസുകളും അവിടെയാണെന്നും എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫ. ദേവി ശ്രീധർ പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യാഴാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. കൊറോണ വൈറസ് ബാധയുടെ മരണനിരക്ക് 2% മാത്രമാണ്. ഇത് എബോളയെക്കാൾ ഏറെ താഴെയാണ്. എന്നാൽ ഇനിയും മരണനിരക്ക് ഉയർന്നാൽ ലോകരാജ്യങ്ങൾ പ്രതിസന്ധിയിലാവും.

അതിനിടയിൽ, ചൈനയിലെ വുഹാനിൽ നിന്ന് 83 ബ്രിട്ടീഷുകാരുമായി ഒരു വിമാനം യുകെയിൽ എത്തുകയുണ്ടായി. ഇവർ വിറാലിലെ ആരോ പാർക്ക് ആശുപത്രിയിൽ രണ്ടാഴ്ച നിരീക്ഷണത്തിൽ ആയിരിക്കും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവരെ വിട്ടയക്കുകയുള്ളൂ. ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ എൻ എച്ച് എസിൽ ചികിത്സിക്കും. കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 8100 പേർക്കു രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. യുകെയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലെ തൃശൂരിൽ കണ്ടെത്തി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ തൃശൂർ സ്വദേശിനിക്കാണു രോഗം.