ലണ്ടനിലെ മലിനീകരണം കുറയ്ക്കാൻ കാർ ഫ്രീ ഡേയുമായി മേയർ. സെപ്റ്റംബർ 22ന് ലണ്ടൻെറ രാജവീഥികളിൽ കാറുകൾക്ക് പ്രവേശനമുണ്ടാവില്ലെന്ന് മേയർ സാദിഖ് ഖാൻ പ്രഖ്യാപിച്ചു. ബ്രിട്ടൻെറ തലസ്ഥാനനഗരിയിലെ വായുമലിനീകരണം നിയന്ത്രിക്കുവാനുള്ള അടിയന്തര നടപടിയുടെ ഭാഗമായി അന്നേദിവസം കാർ ഫ്രീ ഡേ ആചരിക്കും. ലണ്ടൻ ബ്രിഡ്ജ്, ടവർ ബ്രിഡ്ജ് എന്നിവ അടങ്ങിയ നഗരത്തിന്റെ ഹൃദയഭാഗത്തേക്കുള്ള 12.3 മൈൽ ദൂരം കാറുകൾക്ക് അന്ന് പ്രവേശനം ഉണ്ടാവില്ല. രൂക്ഷമായ വായുമലിനീകരണം മൂലം ലണ്ടൻ നിവാസികളായ രണ്ട് മില്യനോളം പേർക്ക് ശുദ്ധവായു കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
മോട്ടോർവാഹനങ്ങൾ ഉപേക്ഷിച്ച് നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുവാനുള്ള ബോധവത്കരണം നടത്തുകയുമാണ് ലക്ഷ്യം. ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്യൂബ് ട്രെയിൻ ഉപയോഗിച്ച് നഗരത്തിൽ സഞ്ചരിക്കാൻ തടസ്സമുണ്ടാവില്ല. അന്നേദിവസം റോഡുകൾ അടച്ച് നിരത്തിൽ കുട്ടികൾക്കായി വിനോദോപാധികൾ ഒരുക്കുകയും മുതിർന്നവരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്യും.
ടോറി പാർട്ടി നേതൃത്വ മത്സരത്തിൽ അവസാന രണ്ട് പേരായി തെരഞ്ഞെടുക്കപ്പെട്ടത് ബോറിസ് ജോൺസണും ജെറമി ഹണ്ടും. പാർട്ടി എംപിമാരുടെ അന്തിമ ബാലറ്റിൽ 160 വോട്ട് നേടിയാണ് ബോറിസ് ജോൺസൻ തെരഞ്ഞെടുക്കപ്പെട്ടത്. പകുതിയിലേറെ വോട്ടും അദ്ദേഹം തന്നെ സ്വന്തമാക്കി എന്നുള്ളതാണ് പ്രധാന കാര്യം. ഇത്രയും അധികം പിന്തുണ ലഭിച്ചതിൽ തനിക്ക് അഭിമാനം ഉണ്ടെന്ന് ജോൺസൻ പറഞ്ഞു. എന്നാൽ ശക്തമായ പോരാട്ടത്തിലൂടെയാണ് ജെറമി ഹണ്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഹണ്ട് 77 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത സ്ഥാനാർഥി മൈക്കിൾ ഗോവ് 75 വോട്ടുകൾ നേടി. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദും പുറത്തായി. ജോൺസനും ഹണ്ടും ഇനി 160000 ടോറി അംഗങ്ങൾ ഉൾപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണം. അതിൽ നിന്നാവും ടോറി പാർട്ടി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. ജൂലൈ അവസാനത്തോടെ ഫലം പുറത്തുവരും.
4 റൗണ്ട് വോട്ടെടുപ്പുകളിലും വ്യക്തമായ ലീഡ് ഉയർത്തി തന്നെയാണ് ബോറിസ് ജോൺസൻ മുന്നേറിയത്. അതിനാൽ തന്നെ ഏറ്റവും അവസാന റൗണ്ടിൽ ജോൺസന്റെ വിജയം ഉറപ്പായിരുന്നു. എന്നാൽ രണ്ടാം സ്ഥാനത്തിനായി പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ദിവസങ്ങളായി ശക്തമായ പോരാട്ടമാണ് നടത്തിയത്.313 കൺസേർവേറ്റിവ് എംപിമാരും ഹൗസ് ഓഫ് കോമൺസിലെ അന്തിമ ബാലറ്റിൽ പങ്കെടുത്തു. ഒരു പേപ്പർ തള്ളപ്പെട്ടു. അടുത്ത ടോറി പാർട്ടി നേതാവും പ്രധാനമന്ത്രിയും ആവാൻ ഇരുവരും മത്സരിക്കുമ്പോൾ തന്റെ ജീവിത പോരാട്ടം ആയിരിക്കും ഇനിയെന്ന് ഹണ്ട് പറഞ്ഞു. “വളരെയധികം അഭിമാനമുണ്ട് ” അവസാന ബാലറ്റ് ഫലത്തെ തുടർന്ന് ജോൺസൻ ഇപ്രകാരം ട്വീറ്റ് ചെയ്തു. അതേസമയം, പാർട്ടി നേതാവും പ്രധാനമന്ത്രിയുമാകാൻ ജോൺസനെ മുൻനിരക്കാരനായി അംഗീകരിച്ച ഹണ്ട്, താൻ തോറ്റുകൊണ്ടിരിക്കുന്ന ആളാണെന്നും എന്നാൽ രാഷ്ട്രീയത്തിൽ ആശ്ചര്യങ്ങൾ സംഭവിക്കാം എന്നും ട്വീറ്റ് ചെയ്തു. മൈക്കിൾ ഗോവ്, കൺസേർവേറ്റിവ് പാർട്ടിയുടെ തിളക്കമുള്ള നക്ഷത്രം ആണെന്നും ഹണ്ട് കൂട്ടിചേർത്തു. തന്റെ എതിരാളികളെ അഭിനനദിച്ച ഗോവ്, സ്വാഭാവികമായും താൻ നിരാശനാണെന്നും എന്നാൽ ഞങ്ങൾ നടത്തിയ പ്രചാരണത്തിൽ അഭിനമാനമുണ്ടെന്നും പറഞ്ഞു.
ഇനിയുള്ള വോട്ടെടുപ്പിന് മുമ്പ് ജോൺസനും ഹണ്ടും രാജ്യത്തുടനീളമുള്ള കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങൾക്ക് മുന്നിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കും. അവസാന ഫലം ജൂലൈ 22ന് പ്രഖ്യാപിക്കും. ചാനൽ ഫോറും ബിബിസിയും ആതിഥേയത്വം വഹിച്ച മുൻ നേതൃത്വ സംവാദങ്ങളെ തുടർന്ന് ജൂലൈ 9ന് അവർ ഐടിവിയിൽ ഒരു പ്രധാന ചർച്ചയിൽ പങ്കെടുക്കും. ജെറമി ഹണ്ട് 2010 മുതൽ മന്ത്രിസഭയിൽ ഉണ്ട്. വിദേശകാര്യ സെക്രട്ടറി ആകുന്നതിനുമുമ്പ് ഏറ്റവും കൂടുതൽ കാലം യുകെയിലെ ആരോഗ്യ സെക്രട്ടറിയായിരുന്നു. തെരേസ മേയുടെ ബ്രെക്സിറ്റ് തന്ത്രത്തെ തുടർന്ന് കഴിഞ്ഞ വർഷം മന്ത്രിസഭയിൽ നിന്നും രാജി വെച്ച മുൻ വിദേശകാര്യ സെക്രട്ടറി ജോൺസൻ, യുകെയിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ്. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായിരുന്നു.
കൺസേർവേറ്റിവ് പാർട്ടി ചെയർമാൻ ബ്രാൻഡൻ ലൂയിസ് അവസാന രണ്ട് മത്സരാർത്ഥികളെ അഭിനന്ദിച്ചു. ” കൺസേർവേറ്റിവുകൾ ഒരു പുതിയ നേതാവിനെ മാത്രമല്ല, അടുത്ത പ്രധാനമന്ത്രിയെയും ആണ് തെരഞ്ഞെടുക്കുന്നുവെന്ന ബോധ്യമുണ്ട്. നമ്മുടെ രാജ്യത്തിന് ഇത്രയും പ്രധാനപ്പെട്ട സമയത്ത് ആ ഉത്തരവാദിത്തം ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു.” അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടിയുടെ ദേശീയ പ്രചാരണ കോ – ഓർഡിനേറ്റർ ആൻഡ്രൂ ഗ്വിൻ ഇപ്രകാരം പറഞ്ഞു ” എന്തൊരു തെരഞ്ഞെടുപ്പ് : എൻഎച്ച്എസിനെ തകർത്തയാൾ അല്ലെങ്കിൽ എൻഎച്ച്എസിനെ ട്രംപിന് വിൽക്കാൻ ശ്രമിക്കുന്ന ആൾ”. പ്രതിനിധികളില്ലാത്ത ഒരുപിടി കൺസേർവേറ്റിവ് അംഗങ്ങൾ അല്ല നമ്മുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും പൊതുതെരഞ്ഞെടുപ്പിലൂടെ ആളുകൾ തീരുമാനിക്കണമെന്നും ഗ്വിൻ കൂട്ടിച്ചേർത്തു.
പോളണ്ട്, ഹംഗറി, ചെക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളാണ് 2050 സീറോ കാർബൺ ഗോളിനെതിരെ മധ്യ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്ന മധ്യ യൂറോപ്യൻ രാജ്യങ്ങൾ .
2050 ആകുമ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങൾ പുറന്തള്ളുന്ന കാർബൺ അളവ് നെറ്റ് സീറോയിൽ എത്തിക്കുക എന്ന യൂറോപ്യൻ യൂണിയന്റെ ആഹ്വാനമാണ് മൂന്നു രാജ്യങ്ങളും എതിർത്തത്.
ബ്രസൽസിൽ നടന്ന യൂറോപ്പ്യൻ നേതാക്കന്മാരുടെ സമ്മേളനത്തിൽ വർദ്ധിച്ചുവരുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അത് ഉയർത്തുന്ന പ്രതിസന്ധികൾ ആയ വരൾച്ച, പ്രളയം, വർദ്ദിച്ചുവരുന്ന ചൂട്, ദാരിദ്ര്യം, വനവിഭവങ്ങളുടെ യും വന്യജീവികളുടെയും വംശനാശം തുടങ്ങിയവയെ കുറിച്ചുമാണ് ചർച്ച നടത്തിയത്. ഗ്രീൻ ആക്ടിവിസ്റ്റുകൾ മുൻപുതന്നെ സുതാര്യമല്ല എന്ന് കണ്ടെത്തിയ “ക്ലൈമറ്റ് ന്യൂട്രൽ ഇ. യു, ബൈ 2050” എന്ന കരാറിൽ ഒപ്പുവെക്കാൻ പോളണ്ടും ചെക്ക് റിപ്പബ്ലികും വിസമ്മതിച്ചിരിക്കുകയാണ്. എന്നാൽ നേരത്തെ ഒത്തുതീർപ്പിന് തയ്യാറായിരുന്ന ഹങ്കേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പിന്നീട് അയൽ രാജ്യങ്ങളോട് ഒപ്പം ചേർന്ന് വിസമ്മതം രേഖപ്പെടുത്തി.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥ സമ്മിറ്റിനു ബഹുദൂരം മുന്നിലാണ് തങ്ങളുടെ നീക്കമെന്നാണ് സഹകരിച്ച് നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ വിശ്വാസം. 2050 ന് ഉള്ളിൽ അംഗരാജ്യങ്ങളിൽ ഭൂരിപക്ഷവും കാലാവസ്ഥയുടെ സന്തുലിതാവസ്ഥയിൽ എത്തുമെന്നും അവർ അവകാശപ്പെടുന്നു.
ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ പറയുന്നത് ഇച്ഛാശക്തി ഉണ്ടെങ്കിൽ മാത്രമേ തങ്ങൾക്കും സഹ നേതാക്കൾക്കും 2050 സീറോ കാർബൺ ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്നാണ്. നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിനുവേണ്ടി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അഭിപ്രായപ്പെട്ടു.
എന്നാൽ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബി ചോദിക്കുന്നത് 2050ൽ എന്ത് സംഭവിക്കും എന്ന് നമ്മൾ 31 വർഷത്തിനു മുൻപ് തന്നെ തീരുമാനമെടുക്കുന്നത് എന്തിനാണെന്നാണ്. ചൈനയിലെ കാർബൺ ക്രമാതീതമായി വർദ്ധിക്കുന്നു എന്നാൽ അത് 2030 ശേഷം തന്നെ കുറയ്ക്കാനുള്ള നീക്കത്തിലാണ് അവർ.
ഭൂരിപക്ഷം നേതാക്കളും 2050 ലേക്ക് സീറോ കാർബണിൽ എത്താമെന്ന് ശുഭപ്രതീക്ഷയിലാണ്.
ശരീരഭാരം കുറയ്ക്കുന്നതിനെക്കാൾ ഉപരിയായി, കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്ന് കണ്ടെത്തൽ. കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ പ്രമേഹം, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ കുറയാനുള്ള സാധ്യത അധികമാണ്.
കാർബോഹൈഡ്രേറ്റ് അധികമുള്ള ഉരുളക്കിഴങ്ങ്, പസ്താ, തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും മറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് ശരീര ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു. ബ്രിട്ടണിലെ പകുതിയിലധികം ജനത അനുഭവിക്കുന്ന “മെറ്റബോളിക് സിൻഡ്രോം” എന്ന അവസ്ഥയ്ക്ക് ചെറിയതോതിലെങ്കിലും മാറ്റം വരുത്തുവാൻ ഈ ഡയറ്റ് സഹായിക്കുമെന്ന് കണ്ടെത്തൽ. അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വർദ്ധന, അമിത ബി പി തുടങ്ങിയയെല്ലാമാണ് മെറ്റബോളിക് സിൻഡ്രത്തിന്റെ അവസ്ഥ. കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശീലിച്ച വ്യക്തികളിൽ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.
സാധാരണയായി കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയുന്നതിന് കാരണമാകും. എന്നാൽ അതിനേക്കാൾ ഉപരിയായി ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. ഈ ഡയറ്റ് അനുസരിച്ച് വെറും 45 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമാണ് ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ശരീരത്തിലെ ഫാറ്റ് അളവ് കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.
നാഷണൽ ഡയറി കൗൺസിലും, ഡച്ച് ഡയറി അസോസിയേഷനും ചേർന്നാണ് ഈ ഗവേഷണം നടത്തിയത്.” ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ ഇൻസൈറ്റ്” എന്ന മാസികയിൽ ഗവേഷക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
സെന്റ് ജോൺസ് ആംബുലൻസ് കേഡറ്റ് ആയ ക്ലാരിസ് പോൾ , സെന്റ് പോൾസ് കത്തീഡ്രലിലെ ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കുവാൻ എത്തുന്നു. ഹെൽത്ത് ചാരിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 22ന് നടക്കുന്ന സെന്റ് ജോൺസ് ദിനാഘോഷത്തിൽ ക്ലാരിസ് പോൾ പ്രധാന പങ്കു വഹിക്കും. “ഇങ്ങനെയൊരു ദിനത്തിൽ ഗാർഡ് ഓഫ് ഓണറിൽ എന്റെ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ കേഡറ്റ് ഓഫ് ദി ഇയർ ടീമും ഓർഗനൈസേഷൻ വോളണ്ടിയേഴ്സും എല്ലാം ഇതിനായി ഒരുപാട് പ്രയത്നിച്ചു.” പാർക്സ്റ്റോൺ ഗ്രാമർ സ്കൂൾ അംഗം കൂടിയായ ക്ലാരിസ് ഇപ്രകാരം പറയുന്നു. ഇംഗ്ലണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 ഡിസ്ട്രിക് കേഡറ്റുകളോടൊപ്പം ജൂൺ 22 ന് ലണ്ടൻ സിറ്റി മേയറെ സ്വീകരിക്കുന്ന ചടങ്ങിലും കത്തീഡ്രലിൽ നടക്കുന്ന ചാരിറ്റിയുടെ വാർഷിക ആഘോഷ പരിപാടിയിലും ക്ലാരിസും പങ്കെടുക്കും. ചാരിറ്റിയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണ് സെന്റ് ജോൺസ് ദിനം. ഏകദേശം രണ്ടായിരത്തോളം വോളണ്ടിയേഴ്സും സ്റ്റാഫുകളും ആ ദിവസത്തെ ചടങ്ങിൽ പങ്കെടുക്കും.
ടോറി പാർട്ടി സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കൂടുതൽ ആവേശകരമാവുന്നു. ജൂൺ 19ന് നടന്ന തെരഞ്ഞെടുപ്പിൽ 27 വോട്ടുകൾ മാത്രം ലഭിച്ചതിനാൽ റോറി സ്റ്റെവാർട്ട് പുറത്തായിരിക്കുന്നു. ബോറിസ് ജോൺസൺ, ജെറമി ഹണ്ട്, മൈക്കിൾ ഗോവ്, സാജിദ് ജാവീദ് എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്. 143 വോട്ടുകളാണ് ബോറിസ് ജോൺസന് ലഭിച്ചത്. അതിനാൽ അവസാനം വരുന്ന രണ്ട് സ്ഥാനാർഥികളിൽ ഒന്ന് ജോൺസൺ ആകും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. വിദേശകാര്യസെക്രട്ടറി ജെറമി ഹണ്ടിന് 54 വോട്ടുകളും പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവിന് 51ഉം ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിന് 38 വോട്ടുകളുമാണ് ലഭിച്ചത്. ഈ ഫലം കൂടി പുറത്തുവന്നതോടെ ബാക്കിയുള്ള സ്ഥാനാർഥികൾ സ്റ്റെവാർട്ടിന്റെ വോട്ടർമാരുടെ പിന്തുണ കൂടി തങ്ങൾക്ക് ലഭിക്കുവാൻ പ്രയത്നിക്കുന്നു.
ബാലറ്റിൽ എന്ത് തിരിമറിയും നടക്കാമെല്ലോ എന്നാണ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് പറഞ്ഞത്. “ബിബിസി ചർച്ചയിലെ മോശം പ്രകടനമാണ് സ്റ്റെവാർട്ടിന്റെ വീഴ്ചയ്ക്ക് കാരണം. അല്ലാതെ ഒരു കള്ളത്തരമോ തിരിമറിയോ നടന്നിട്ടില്ല.” ഡൊമിനിക് റാബിന്റെ പിന്തുണക്കാരൻ പറയുകയുണ്ടായി. തന്റെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നില്ല എന്ന് സ്റ്റെവാർട്ടും തുറന്ന് സമ്മതിക്കുന്നു. “ഈ കഴിഞ്ഞ ആഴ്ചകളിൽ എനിക്ക് ലഭിച്ച പിന്തുണയിൽ ഞാൻ ഏറെ സന്തോഷവാനാണ്. അതിൽ നിന്ന് ഞാൻ പ്രചോദനമുൾക്കൊണ്ടിരിക്കുന്നു. ഇത് എനിക്ക് രാഷ്ട്രീയത്തിലും എന്റെ രാജ്യത്തിലും പുതിയൊരു വിശ്വാസം നൽകിയിരിക്കുന്നു. ഇന്ന് എനിക്ക് മതിയായ എംപിമാരുടെ പിന്തുണ ലഭിച്ചില്ല. എന്നാൽ ഒരുനാൾ അത് സംഭവിക്കും. ഞാൻ നിങ്ങളിലും ഈ രാജ്യത്തിന്മേലും വിശ്വാസമർപ്പിച്ചിരിക്കുന്നു. ” തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് ഇപ്രകാരം ട്വീറ്റ് ചെയ്തു.
ബോറിസ് ജോൺസന് കടുത്ത മത്സരം നൽകാൻ ഹണ്ട് തയ്യാറാണെന്നും അവസാന രണ്ടിൽ എത്തിയാൽ ജോൺസനെ ശക്തമായിത്തന്നെ നേരിടുമെന്നുമാണ് ഹണ്ടിന്റെ പിന്തുണക്കാർ പറയുന്നത്. സ്റ്റെവാർട്ടിന്റെ പിന്തുണക്കാരുടെ വോട്ട് ലഭിക്കുവാൻ വേണ്ടി സാജിദിന്റെ പിന്തുണക്കാർ ശ്രമിക്കുന്നു.ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഗ് ഇപ്രകാരം പറഞ്ഞു “റോറി സ്റ്റെവാർട്ട് പുറത്തായി എന്നറിഞ്ഞതിൽ നിരാശയുണ്ട്. നേരിന്റെയും വിശ്വാസത്തിന്റെയും സന്ദേശങ്ങൾ നൽകിയ ഒരു മികച്ച സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 കൊണ്ട് ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ജോൺസൺ ബിബിസി ചർച്ചയിൽ പറയുകയുണ്ടായി. എന്നാൽ ബ്രക്സിറ്റ് അത്ര എളുപ്പമാകില്ല എന്നും തനിക്ക് അതിൽ ഒരുറപ്പുമില്ല എന്നും ജോൺസൺ തന്റെ ടീമിനോട് ഇന്നലെ പറയുകയുണ്ടായി. ഈ പ്രസ്താവന ജോൺസന് തന്നെ തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ഇന്നാണ് അവസാന രണ്ട് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്.ടോറി ലീഡർ ആരാണെന്ന് അറിയാൻ ഇനിയും മണിക്കൂറുകൾ മാത്രം ശേഷിക്കുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ബ്രിട്ടനിൽ ജനിച്ച ഏറ്റവും ചെറിയ പൈതൽ, ഇസബെല്ലാ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒന്നാം പിറന്നാൾ ആഘോഷിച്ചു. ഇസബെല്ലയുടെ പിറന്നാൾ ദിവസം അതിജീവനത്തിന്റെ ആഘോഷം ആയിരുന്നു എന്ന് പിതാവ്, 26കാരനായ റയാൻ ഇവാൻസ് അറിയിച്ചു.
കഴിഞ്ഞവർഷം ജൂൺ 14ന് വെറും 24 ആഴ്ച മാത്രം വളർച്ചയുണ്ടായിരുന്നപ്പോഴാണ് ഇസബല്ലയുടെ ജനനം. ഒരു പൗണ്ടിൽ താഴെ മാത്രം ഭാരം ആണ് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അവൾ തരണം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി മാതാപിതാക്കൾ ഗ്ലൗസിസ്റ്റർഷിറിലെ ബിഷപ്പ് ക്ലീവ് ഭവനത്തിൽ വച്ച് കുടുംബാംഗങ്ങൾക്കായി ഒരു പാർട്ടിയും നടത്തി. ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ ബന്ധു ജനങ്ങളോടും ഉള്ള നന്ദി ഇസബെല്ലയുടെ പിതാവ് റയാൻ അറിയിച്ചു.
ഇത് വെറും ഒരു ജന്മദിനം മാത്രമല്ലെന്നും അതിജീവനത്തിന്റെ ആഘോഷം ആണെന്നും അദ്ദേഹം പറഞ്ഞു. ഇസബെല്ല ഇത്രയും നാൾ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കും എന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ സന്തോഷത്തിനായി സ്വന്തം ഭാര്യക്കു ഡയമണ്ട് മോതിരം നൽകി ഒരിക്കൽ കൂടി ചേർത്തു പിടിക്കാനും അദ്ദേഹം മറന്നില്ല. ഒന്നിലധികം ഓപ്പറേഷനുകൾക്കും ആറ് മാസത്തോളം നീണ്ട ആശുപത്രി വാസത്തിനും ശേഷം ഡിസംബറിലാണ് അമ്മയെയും കുഞ്ഞിനെയും ഭവനത്തിലേക്ക് അയച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും അധികം സന്തോഷം നിറഞ്ഞ ദിവസമാണ് ഇതെന്നു മാതാവ് 25 കാരിയായ കിം ബ്രൗൺ പറഞ്ഞു. തന്റെ കുഞ്ഞിന്റെ അച്ഛനോടുള്ള സന്തോഷവും അവർ മറച്ചുവെച്ചില്ല. ഇരുവരുടേയും മുന്നോട്ടുള്ള ജീവിതത്തിൽ ഇസബെല്ലയുടെ സാന്നിധ്യം പുതിയ അർത്ഥങ്ങൾ നൽകുന്നുവെന്ന് ഇരുവരും അറിയിച്ചു.
1949 ഒരു ഫുട്ബോൾ ബോളിൽ പതിച്ചിരുന്ന ലോഗോ തിരിച്ചറിയാൻ എളുപ്പമുള്ളതല്ലായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തൽ. അഡിഡാസിന് തങ്ങളുടെ പ്രശസ്തമായ ചിഹ്നം നീട്ടിക്കിട്ടാനുള്ള ശ്രമം അന്ന് ബൂട്ടിൽ “അത് കൃത്യമായി തെളിഞ്ഞിരുന്നില്ല “എന്ന കാരണത്താൽ യൂറോപ്യൻ കോടതിയു മായുള്ള വ്യവഹാരത്തിൽ നഷ്ടമായി. യൂറോപ്യൻ ടെറിട്ടറിയിൽ ഉടനീളം കമ്പനിയെ തിരിച്ചറിയാൻ സഹായിക്കുന്ന ലോഗോ ആണ് ഇപ്പോൾ അവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് എന്ന് തെളിയിക്കാൻ അവർക്കായിട്ടില്ല എന്ന് ബുധനാഴ്ച കോടതി കണ്ടെത്തി. മൂന്ന് ചെരിഞ്ഞ സമാന്തരവരകൾ ഉള്ള ചിഹ്നം ആദ്യമായി രജിസ്റ്റർ ചെയ്തത് അഡിഡാസ് സ്ഥാപകൻ അഡി ഡാസ്ലർ ആയിരുന്നു. 1949 ഫുട്ബോൾ ബൂട്ടിൽ പതിച്ച പ്രസ്തുത ലോഗോ പിന്നീട് വന്ന ഉൽപ്പന്നങ്ങളെല്ലാം കമ്പനിയിൽ നിന്നാണ് എന്ന് തെളിയിക്കാനുള്ള മതിയായ രേഖ അല്ലെന്നും കോടതി പറഞ്ഞു.
ജർമൻ സ്പോർട്സ് വെയർ നിർമാതാക്കളും യൂറോപ്പിലെ ഷൂ ബ്രാൻഡിങ് ബെൽജിയം കമ്പനിയും തമ്മിൽ വർഷങ്ങളായി നടന്നു വരുന്ന തർക്കത്തിന് പരിണിതഫലമാണ് കോടതിയുടെ ഉത്തരവ്. 2014 തുല്യ അകലത്തിലും വീതിയിലുമുള്ള സമാന്തരമായ 3 ചരിഞ്ഞ വരകൾ കമ്പനിയുടെ വസ്ത്രങ്ങളിലും തൊപ്പി കളിലും ഷൂസുകളും ഉപയോഗിക്കാൻ അംഗീകൃത മുദ്രയായി അനുവദിച്ചു നൽകിയിരുന്നു. എന്നാൽ 2016 -ൽ ഈ അംഗീകൃത മുദ്ര പുതുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പ്രശസ്ത ട്രേഡ് മാർക്ക് ലോയർ ആയ മാർക്ക് കാസിൽ പറയുന്നത് തങ്ങളുടെ ഉൽപന്നങ്ങളിൽ പതിച്ചിരിക്കുന്ന മുദ്ര കാണുമ്പോൾ ബ്രാൻഡ് അഡിഡാസ് ആണ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു എന്നാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു ചതുരത്തിന് മുകളിൽ നാല് ബാറുകൾ അടുക്കിവെച്ച തങ്ങളുടെ കിറ്റ്കാറ്റ് ഡിസൈൻ പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ നെസ്‌ലെ ക്ക് നഷ്ടമായിരുന്നു.
നമ്മുടെ അടുത്ത പ്രധാനമന്ത്രി ആരാവും? ‘ എന്ന ബി ബി സിയുടെ ചർച്ചയിൽ ബ്രക്സിറ്റ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി സ്ഥാനാർത്ഥികൾ രംഗത്ത് വന്നു . എമിലി മാൾട്ലിസ് അവതാരികയായ ചർച്ചയിൽ ബോറിസ് ജോൺസൺ, ജർമി ഹണ്ട്, സാജിദ് ജാവീദ്, മൈക്കിൾ ഗോവ്, റോറി സ്റ്റെവാർട്ട് എന്നിവർ ഉണ്ടായിരുന്നു. ഡൊമിനിക് റാബ് രണ്ടാംറൗണ്ടിൽ പുറത്താക്കപ്പെട്ടിരുന്നു. ബ്രിട്ടണിൽ മാസങ്ങളായി പ്രശ്നം ഉളവാക്കുന്ന ബ്രക്സിറ്റ് ആയിരുന്നു ചർച്ചയുടെ പ്രധാന വിഷയം. ജനങ്ങളിൽനിന്ന് അനേകം ചോദ്യങ്ങൾ സ്ഥാനാർഥികൾക്ക് നേരിടേണ്ടതായി വന്നു. കാലാവസ്ഥാമാറ്റം, നികുതി പ്രശ്നം, ഇസ്ലാമോഫോബിയ തുടങ്ങിയവയൊക്കെ ചർച്ചയിൽ വിഷയമായി വന്നു.
നോർവിച്ചിൽ നിന്നുള്ള ലീയുടെ ആദ്യത്തെ ചോദ്യം ഒക്ടോബർ 31 കൊണ്ട് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുമോ എന്നതായിരുന്നു. ബോറിസ് ജോൺസനാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ബ്രക്സിറ്റ് കാര്യത്തിൽ ഒക്ടോബർ 31 കൊണ്ട് തീരുമാനം എടുക്കാൻ സാധിച്ചില്ലെങ്കിൽ അത് നമുക്ക് വലിയ നഷ്ടം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. റോറി സ്റ്റെവാർട്ട് ഒഴികെ ബാക്കിയെല്ലാവരും നോ ഡീൽ ബ്രക്സിറ്റിനെ അനുകൂലിച്ച് സംസാരിച്ചു. തെരേസയുടെ പിന്മാറ്റ കരാർ പുനരവതരിപ്പിക്കുന്നതാണ് ബ്രക്സിറ്റ് പ്രശ്നത്തിന് ഒരു പരിഹാരം എന്ന് റോറി സ്റ്റെവാർട്ട് പറഞ്ഞു. “നാമെല്ലാവരും പാർലമെന്റ് എന്ന വാതിലുള്ള മുറിയ്‌ക്കുള്ളിലാണ്. ഞാൻ മാത്രമേ അത് തുറക്കുവാൻ ശ്രമിക്കുന്നുള്ളൂ ” അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രക്സിറ്റ് പ്രശ്നത്തിൽ ഒരു വ്യത്യസ്തമായ രീതി നമ്മൾ കണ്ടെത്തി നടപ്പിലാക്കണം എന്നാണ് മൈക്കിൾ ഗോവ് പറഞ്ഞത്. ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. സാജിദ് ജാവീദും ഇതിനെ അനുകൂലിച്ച് സംസാരിച്ചു. എന്നാൽ ജെറമി ഹണ്ടും മൈക്കിൾ ഗോവും ഇതിനെ വിമർശിക്കുകയുണ്ടായി.
ഐറിഷ് അതിർത്തിയെ ചൊല്ലിയുള്ള പ്രശ്നത്തിൽ ഹണ്ടും ജാവിദും പറഞ്ഞത് നിലവിലുള്ള പ്രവർത്തിരീതി കൊണ്ട് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കാം എന്നാണ്. ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഹൗസ് ഓഫ് കോമൺസിൽ ആർക്കും തന്നെ താൽപര്യമില്ല എന്നാണ് അവർ പറഞ്ഞത്. ഒപ്പം ലണ്ടൻ മേയർ ആയ സാദിഖ് ഖാന് എതിരെയുള്ള ട്രംപിന്റെ പരാമർശത്തിനെതിരെ ഇവർ അഞ്ചുപേരും രംഗത്തുവന്നിരുന്നു.ഇതും ചർച്ചയിൽ വിഷയമായി വന്നു. ചാനൽ 4 ടിവിയുടെ ചർച്ച ബോറിസ് ജോൺസൺ ഒഴിവാക്കിയത് പല വിമർശനങ്ങൾക്കും വഴിയൊരുക്കി. എല്ലാ സ്ഥാനാർഥികളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും തങ്ങളുടെ നയങ്ങളും നടപടികളും എന്തെന്ന് ജനങ്ങൾ അറിയണമെന്നും ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഖ് പറഞ്ഞു. ഈ മാസം 22 ന് കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ കഴിയും. ഇതു തന്നെയാണ് ബ്രിട്ട നും ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.
238 യാത്രക്കാരുടെ മരണത്തിന് കാരണമായ അപകടം ക്ഷണിച്ചു വരുത്തിയത് പൈലറ്റിൻെറ മാനസികനില എന്ന് സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ. അപകടത്തിൽ പെടുന്നതിന് മുൻപുതന്നെ വിമാനത്തിൽ ഉള്ളവരെ ശ്വാസംമുട്ടിച്ചു കൊല്ലാൻ പൈലറ്റ് വിമാനം അതീവ അന്തരീക്ഷമർദ്ദം ഉള്ള ഉയരങ്ങളിലേക്ക് പറപ്പിച്ചിരുന്നു.
ഏകാകിയും വിഷാദരോഗിയും ആയ ക്യാപ്റ്റൻ സഹാരി അഹമ്മദ് ഷാ അതിനുശേഷമാണ് 238 യാത്രക്കാർ അടങ്ങിയ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീഴ്ത്തിയത് എന്ന് വാർത്താ വൃത്തങ്ങൾ അറിയിച്ചു. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വൈമാനിക രംഗത്തെ വിദഗ്ധരാണ് ഇങ്ങനെ ഒരു അനുമാനത്തിൽ എത്തിയിരിക്കുന്നത്. മാർച്ച് 8 2014 നു കാണാതായ വിമാനത്തിനായി ഔദ്യോഗികമായും അനൗദ്യോഗികമായും വൻ തിരച്ചിലാണ് നടത്തിയത്.
ഒന്നുകിൽ ബോയിങ് 777 ന്റെ ഇന്ധനം തീരുംവരെ ക്യാപ്റ്റൻ ഷാ വിമാനം സമുദ്രത്തിനു മുകളിലൂടെ പറത്തുകയോ അല്ലെങ്കിൽ അതിന് കാത്തുനിൽക്കാതെ വിമാനം സമുദ്രത്തിലേക്ക് ഇടിച്ചിറക്കുകയോ ആയിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ദി അറ്റ്ലാന്റികിന് നൽകിയ അഭിമുഖത്തിലാണ് വൈമാനിക വിദഗ്ധൻ വില്യം ലാങ്വിശേ ഇത് വെളിപ്പെടുത്തിയത്. ക്യാബിനിൽ മർദ്ദം കൂട്ടുന്നതിനു മുൻപ് തന്നെ സഹ പൈലറ്റിനെ ക്യാപ്റ്റൻ കൊല ചെയ്യുകയോ നിസ്സഹായൻ ആക്കുകയോ ചെയ്തിരിക്കാം.
ഇലക്ട്രിക്കൽ എൻജിനീയറായ മൈക്ക് എസ്‌മോളിന്റെ അഭിപ്രായത്തിൽ കൊലപാതകങ്ങൾക്കും ആത്മഹത്യക്കും മുൻപ് വിമാനം 40000 അടി ഉയരത്തിൽ എത്തിയിട്ടുണ്ട്. ഉയരങ്ങളിൽ എത്തുമ്പോൾ ഓക്സിജൻ സപ്ലൈ ചെയ്യാൻ ഉപയോഗിക്കുന്ന ഓക്സിജൻ മാസ്ക് പോലും പതിമൂവായിരം അടി ഉയരം വരെയേ പ്രവർത്തിക്കൂ. മാത്രമല്ല അത് 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനിൽ ഉണ്ടായിരുന്നവർ മിനിറ്റുകൾക്കുള്ളിൽ തന്നെ ശ്വാസം മുട്ടി മരിച്ചിരിക്കാം.
ക്വാലാലംപൂർൽ നിന്ന് ബെയ്ജിങ് ലേക്ക് 2014 മാർച്ച് എട്ടിന് പുറപ്പെട്ട വിമാനത്തിന്റെ തിരോധാനം വൈമാനിക ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുകയാണ്.