ജോജി തോമസ്
അധികാരത്തിലേറി രണ്ടു മാസങ്ങൾ പോലും പൂർത്തിയാകുന്നതിനു മുൻപ് രണ്ടാം മോദി ഗവൺമെന്റ് റ്വിവരവകാശ നിയമത്തിന് പരിധികളും അതിരുകളും നിശ്ചയിക്കുന്നതിൽ വിജയിച്ചതിലൂടെ ഇന്ത്യൻ ജനത കണ്ടതിൽ വച്ച് ഏറ്റവും മഹത്തരമായ പൗരാവകാശനിയമങ്ങളിലൊന്നാണ് അപ്രസക്തമാകുകയോ, ,വിസ്മൃതിയിലേയ്ക്ക് പോകുകയോ ചെയ്യുന്നത് . ലോകസഭയും , രാജ്യസഭയും വിവരാവകാശ ഭേദഗതി ബിൽ പാസാക്കിയതോടെ വെറും പത്തു രൂപ ചിലവിൽ ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ഭരണകൂടങ്ങളുടെ അകത്തളങ്ങളിൽ അരങ്ങേറുന്ന അന്തർ നാടകങ്ങൾ അറിയാൻ സാധിച്ചിരുന്ന ,സ്വതന്ത്രഭാരതം കണ്ടതിൽ വച്ചേറ്റവും മഹത്തായ നിയമങ്ങളിലൊന്നായ പൗരാവകാശനിയമം വെറും നോക്കുകുത്തി മാത്രമായി തീരും . ഭരണകൂടങ്ങൾക്കും ,രാഷ്ട്രീയക്കാർക്കും , ഉദ്യോഗവൃന്ദത്തിനും മറയ്ക്കാൻ വളരെയധികം ഉള്ളതുകൊണ്ടുതന്നെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേൽ കൈ കടത്താൻ കിട്ടിയ ഏറ്റവും ഉചിതമായ അവസരം തന്നെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഉണ്ടായത് . വിവരാവകാശനിയമം ഇന്ത്യയിൽ നിലവിൽ വന്ന 2005 ജൂൺ 15 മുതലുള്ള കണക്കെടുത്താൽ 80 ലധികം വിവരവകാശപ്രവർത്തകർ കൊല്ലപ്പെട്ടു എന്നതുതന്നെ ഭരണകൂടങ്ങളും , രാഷ്ട്രീയ അധോലോകവും ഈ നിയമത്തെ എത്ര മാത്രം ഭയപ്പെട്ടിരിന്നു എന്നതിന് തെളിവാണ് .

ജനങ്ങളുടെ അറിയാനുള്ള അവകാശം സംരഷിക്കുന്നതിനായി ആണ് ഇന്ത്യൻ പാർലമെന്റ് വിവരാവകാശനിയമം പാസാക്കിയത് . അഴിമതികുറയ്ക്കുക , സർക്കാരിൻെറ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക എന്നിവ ആയിരുന്നു വിവരവകാശത്തിൻെറ പ്രധാന ലക്ഷ്യങ്ങൾ .ഇന്ത്യൻ ജനാധിപത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ വിവരാവകാശനിയമപ്രകാരം വെറും പത്തു രൂപ നിരക്കിൽ ഏതു പൗരനും സർക്കാരിനോട് വിവരങ്ങൾ ആരായാൻ സാധിച്ചിരുന്നു .വിവരാവകാശനിയമപ്രകാരം ഒരു ദിവസം ഏതാണ്ട് 4000 മുകളിൽ അപേക്ഷകൾ ഇന്ത്യ ഒട്ടാകെ ലഭിച്ചിരുന്നു എന്നത് ഭരണകൂടങ്ങളെ ഈ നിയമം എത്രമാത്രം അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നത് വ്യക്തമാക്കുന്നു .

അടിയന്തരാവസ്ഥയ്ക്കു ശേഷം പൗരസ്വാതന്ത്ര്യം ഏറ്റവും അധികം അപകടത്തിലായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്നത് . സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നവർക്ക് ജയിലോ ,ഭരണകൂട ഗൂഡാലോചനയുടെ ഫലമായ മരണമോ ആണ് ശിക്ഷ . ഉത്തർപ്രദേശിൽ ബിജെ പി എം എൽ എ യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും സoഭവിച്ചത് ഈ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ടതാണ് . ഭരണകൂടത്തിനും , നേതൃത്വത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ പോലും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിൽ പോകുന്ന അവസ്ഥ എന്തുകൊണ്ടും അപകടകരമാണ് .
ഇന്ത്യൻ പാർലമെന്റിൽ കഴിഞ്ഞ ദിവസം പാസാക്കിയ വിവരാവകാശ ഭേദഗതി നിയമം ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നതും , വിവരവകാശകമ്മീഷൻെറ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതുമാണ് . പുതിയ ഭേദഗതി പ്രകാരം കേന്ദ്രത്തിലേയും , വിവിധ സംസ്ഥാനങ്ങളിലേയും വിവരവകാശകമ്മീഷനുകൾ കേന്ദ്ര സർക്കാരിൻെറ നോക്കുകുത്തികൾ മാത്രമായി തീരും . തെരഞ്ഞെടുപ്പുകമ്മീഷനു സമാനമായ അധികാരങ്ങളുണ്ടയിരുന്ന വിവരവകാശകമ്മീഷനെ കേന്ദ്ര ഗവൺമെന്റിൻെറ പാവയാക്കാനുള്ള നിയമഭേതഗതി പ്രതിപക്ഷത്തിൻെറ കടുത്ത എതിർപ്പ് മറി കടന്നാണ് കേന്ദ്ര ഗവൺമെൻെറ പാസാക്കിയത് . 2005 ഒക്ടോബർ 15 മുതൽ ഇന്ത്യയിൽ നിലവിലിരുന്ന വിവരാവകാശനിയമം ഭേതഗതി ചെയ്തതിലൂടെ നരേന്ദ്രമോദി ഗവൺമെൻറ് പൗരാവകാശങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ദശകങ്ങൾ പിന്നിലായ്ക്കാണ് നയിച്ചത് .

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ബ്രിട്ടനിലെ പൈലറ്റുമാരുടെ ശമ്പളത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന്, ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ (ബാൽപ) അംഗംങ്ങൾ സ്മാരത്തിലേയ്ക്ക് നീങ്ങുന്നു . പണിമുടക്കിന് അനുകൂലമായി ബ്രിട്ടീഷ് എയർവെയ്‌സിലെയും ബാൽപ്പയിലെയും 4000ത്തോളം പൈലറ്റുമാർ വോട്ട് ചെയ്തു. അവധിക്കാലത്തിലെ ഏറ്റവും തിരക്കേറിയ ഓഗസ്റ്റ് മാസത്തിൽ പണിമുടക്ക് ആരംഭിക്കാനാണ് സാധ്യത. എന്നാൽ ഇതുവരെ ബാൽപ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിയമപ്രകാരം രണ്ട് ആഴ്ച മുമ്പ് യൂണിയൻ നോട്ടീസ് നൽകണം. ഇതിനർത്ഥം പണിമുടക്ക് ആഗസ്റ്റ് പകുതിയോട് അടുപ്പിച്ചായിരിക്കും എന്നുതന്നെയാണ്.

ഇതുമൂലം വരും ആഴ്ചകളിൽ ബ്രിട്ടീഷ് എയർവേസിൽ വിമാനം ബുക്ക് ചെയ്തവർ പ്രതിസന്ധി നേരിടേണ്ടി വരും. പുതിയ കോടതി വിധിയ്ക്കു ശേഷം ബാൽപ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ ഇപ്രകാരം പറഞ്ഞു. “ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ബ്രിട്ടീഷ് എയർവേസ് ഞങ്ങളെ സഹായിച്ചില്ല. ” ബ്രിട്ടീഷ് എയർവേസിന്റെ വക്താവ് പറഞ്ഞു “ആയിരകണക്കിന് ആളുകളുടെ അവധിക്കാല യാത്രയെ തടസപ്പെടുത്തുകയാണ് ബാൽപ. ഇത് നിരാശാജനകമായ കാര്യമാണ്. ” ജൂലൈയിൽ, ബ്രിട്ടീഷ് എയർവേസ് പൈലറ്റുമാർക്ക് 3 വർഷത്തിനിടെ 11.5% ശമ്പള വർധനവ് വാഗ്ദാനം ചെയ്‌തെങ്കിലും ബാൽപ ഇത് നിരസിച്ചു. ഓഫർ ന്യായമാണെന്ന് ബ്രിട്ടീഷ് എയർവേസ് പറയുന്നു. എന്നാൽ എയർലൈൻ നല്ല ലാഭം നേടുന്നതിനാൽ അതിന്റെ അംഗങ്ങളും അതിന് അർഹരാണെന്ന് ബാൽപ വാദിക്കുന്നു. ഈ വേനൽക്കാല പണിമുടക്ക് ഏറ്റവും അധികം പ്രശ്നം സൃഷ്ടിക്കുന്നത് യാത്രികർക്ക് തന്നെയാണ്.പണിമുടക്ക് മൂലം ബ്രിട്ടീഷ് എയർവേസിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതോടൊപ്പം ആഗസ്റ്റ് പകുതിയോട് അടുപ്പിച്ചു ടിക്കറ്റ് ബുക്ക് ചെയ്തവരും ബുദ്ധിമുട്ട് നേരിടേണ്ടി വരും.
ഗ്ലോസ്റ്റർ സ്വദേശിയായ സ്റ്റെഫാൻ മില്ലറാണ് 14 നും 16 നും ഇടയ്ക്കുള്ള കുട്ടികളെ ചെൽട്ടൻ ഹാമിലും , ഗ്ലോസ്റ്ററിലും മയക്കുമരുന്നു വ്യാപാരത്തിനായി ഉപയോഗിച്ചിരുന്നത് . ഒരു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഹെറോയിനും കൊക്കെയിനും കണ്ടെത്തിയതിനെ തുടർന്ന് സ്റ്റെഫാൻ മില്ലർ 11 വർഷത്തേയ്ക്ക് ലണ്ടനിലെ വാൻഡ്സ് വർത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് .മയക്കുമരുന്നു ഇടപാടിൽ നിന്ന് 175,000 പൗണ്ട് എങ്ങനെ സമ്പാദിച്ചുവെന്നതിനെക്കുറിച്ചുള്ള പ്രോസി ക്യൂഷൻെറ വിസ്താരം ജൂലൈ മാസം ആദ്യം നടന്നിരുന്നു . അയാളുടെ കൈവശം 63,594 .80 പൗണ്ട് ആസ്തി ഉണ്ടെന്നു കണ്ടെത്തുകയും ആ തുകയ്ക്കുള്ള വസ്തുവകകൾ കണ്ടെത്തുവാൻ കോടതി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു . പിടിച്ചെടുത്ത വസ്തുവകകൾ ആഗസ്റ്റ് 14 ന് ലേലം ചെയ്ത് വിൽപന നടത്തുകയും ചെയ്യും .

ബ്രിട്ടനിൽ മയക്കുമരുന്നു കടത്താനായിട്ട് കുട്ടികളെ ഉപയോഗിക്കുന്നതിനാണ് കൗണ്ടി ലൈനുകൾ എന്ന് പറയുന്നത് . സ്റ്റെഫാൻ മില്ലർ ഒരു കൗണ്ടി ലൈൻ മയക്കുമരുന്നു മാഫിയയുടെ തലവനാണ് . 2018 ലെ നാഷണൽ ക്രൈം ഏജൻസിയുടെ കണക്കു പ്രകാരം യുകെ യിൽ ആകെ 1500 മയക്കുമരുന്നുകടത്ത് ശൃoഖലകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു . സ്‌കൂളുകളിൽ നിന്ന് പുറത്താക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെയാണ് മയക്കുമരുന്നു മാഫിയ ഇതിനായി ചൂഷണം ചെയ്യുന്നത് . മയക്കുമരുന്നു വ്യാപാരം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ നിന്ന് സാമ്പത്തികലാഭം കൊയ്യുന്ന വ്യക്തികളെ എങ്ങനെ നേരിടണമെന്ന് സ്റ്റെഫാൻ മില്ലർക്കെതിരെയുള്ള നടപടി വ്യക്തമാക്കുന്നു എന്ന് ഗ്ലോസ്റ്റർ പൊലീസിലെ സീനിയർ ഓഫീസറായുള്ള നീൽ സ്മിത്ത് പറഞ്ഞു .
കുട്ടികളെ കൗണ്ടി ലൈനുകൾ ദുരുപയോഗിക്കുന്നതിനെതിരെയുള്ള ബോധവത്കരണം സ്‌കൂൾ തലത്തിലേ തുടങ്ങണം എന്നുള്ള ആവശ്യത്തിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്
യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് എംപിമാർ. ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവരാണ് ഇത് അറിയിച്ചത്. ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു. റേഡിയോ 1 ന്യൂസ്‌ബീറ്റിന്റെ ഡോക്യൂമെന്ററി ആയ ‘ ലീഗലൈസിങ് വീഡ് : കാനഡ സ്റ്റോറിയിൽ ‘ ഇവരുടെ യാത്ര ചിത്രീകരിച്ചിട്ടുണ്ട്. ഇവരിൽ ഡേവിഡ് ലാമി എംപി, കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ നിലപാട് പാർട്ടി നയത്തിനെതിരാണ്. കഞ്ചാവിനെ നിയമവിധേയമാക്കാനും നിയന്ത്രിക്കാനും ഒപ്പം കുറ്റകൃത്യ സംഘങ്ങളിൽ നിന്ന് അകറ്റാനും താൻ ആഗ്രഹിക്കുന്നുവെന്ന് ഡേവിഡ് ലാമി പറഞ്ഞു.

നോർത്ത് നോർഫോക്ക് എംപി സർ നോർമൻ ലാംബും ഇതിനെ അനുകൂലിക്കുകയുണ്ടായി.
കാനഡയിൽ ആയിരിക്കുമ്പോൾ ഉറങ്ങാനായി നിയമപരമായി കഞ്ചാവ് എണ്ണ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു . ക്യാമറയിൽ കഞ്ചാവ് ഉൽപ്പന്നം പരസ്യമായി എടുത്ത ഒരേയൊരു ബ്രിട്ടീഷ് എംപി ആയിരിക്കാം ലാംബ്. ലാമിയുടെ നിലപാടിനെ സ്വീകരിച്ചു ലേബർ പാർട്ടി എംപി ജെഫ് സ്മിത്ത് പറഞ്ഞു ” അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം അദ്ദേഹം നേരിട്ട് കണ്ട് ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ” യുകെയിൽ നിലവിൽ കഞ്ചാവ് ക്ലാസ് ബി മരുന്നായി കണക്കാക്കപ്പെടുന്നു, ഇത് കൈവശം വെച്ച് പിടിക്കപ്പെടുന്ന ആർക്കും അഞ്ച് വർഷം വരെ തടവ് ലഭിക്കാം. എന്നിരുന്നാലും, ഔഷധ കഞ്ചാവ് ഉൽപ്പന്നങ്ങളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്, ഇത് ഇപ്പോൾ ചില രോഗികൾക്ക് നിയമപരമായി ലഭിക്കുന്നതാണ്. കടുത്ത അപസ്മാരം ബാധിച്ച രണ്ട് ആൺകുട്ടികൾക്ക് കഞ്ചാവ് എണ്ണ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഈ നിയമങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം.

യുകെ ഗ്രൂപ്പ് ആയ വോൾട്ട് ഫോക്സ് ആണ് യാത്ര സംഘടിപ്പിച്ചത്. അമേരിക്കൻ കഞ്ചാവ് കമ്പനി ആയ എംപിഎക്സ് ആണ് സ്പോൺസർ ചെയ്തത്. കഞ്ചാവ് ഉൽപ്പന്നങ്ങളെ ഒരു നിയമാനുസൃതവാണിജ്യ വ്യവസായത്തിലേക്ക് മാറ്റാനുള്ള ശ്രമമാണിതെന്ന് എംപിഎക്സ് സിഇഒ സ്കോട്ട് ബോയ്‌സ് പറഞ്ഞു. “കഞ്ചാവ് നിയമവിധേയം ആകുന്നതിനുമുമ്പ് അനേക കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കുവാനുണ്ട്. 10 മുതൽ 15 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു.” എംപി ജോനാഥാൻ ജനോഗ്ലി അഭിപ്രായപ്പെട്ടു. എന്നാൽ 5 വർഷങ്ങൾ കൊണ്ട് യുകെയിൽ കഞ്ചാവ് നിയമവിധേയം ആക്കുമെന്ന് മറ്റു എംപിമാർ പറയുന്നു.
അമിതമായ കരോക്കയും സംഗീതവും വഴി മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയൽ ശബ്ദമലിനീകരണം നടത്തിയതിന് ഗ്ലോസ്റ്ററിലെ യുവതിയ്ക്ക് 4400 പൗണ്ടാണ് പിഴ അടയ്‌ക്കേണ്ടതായി വന്നത് .ബാർട്ടൻ സ്ട്രീറ്റിലുള്ള ടമ്മി മിച്ചൽ എന്ന യുവതിക്കെതിരെ ആണ് പരാതി ഉയർന്നു വന്നത് . ടമ്മി മിച്ചലിൻെറ അമിതമായ വാട്സിലുള്ള സ്‌പീക്കറുകളുടെ ഉപയോഗം മൂലം സമീപ വീടുകളിലെ അലമാരകളിലെ പാത്രങ്ങളും മറ്റും ഇളക്കം തട്ടി എന്ന് ഗ്ലോസ്റ്റർ സിറ്റി കൗൺസിലിനു നൽകിയ പരാതിയിൽ സമീപവാസികൾ പരാതിപ്പെട്ടു . ഇതേ തുടർന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കരോക്കെയും സംഗീതവും ഉപയോഗിക്കാൻ പാടില്ല എന്ന് സിറ്റി കൗൺസിൽ നോട്ടീസ് നൽകിയെങ്കിലും അത് ടമ്മി മിച്ചൽ അവഗണിക്കുകയാണ് ചെയ്തത് .

രാത്രിയിൽ ആരംഭിക്കുന്ന ശബ്ദം അതിരാവിലെ വരെ തുടരുന്നതിനാൽ തങ്ങൾക്ക് ഉറങ്ങാനേ സാധിക്കുന്നില്ല എന്ന് അയൽക്കാർ വീണ്ടും പരാതിപ്പെട്ടതിനാൽ നിരവധി സ്‌പീക്കറുകളും മൈക്രോഫോണുകളും അവരുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തു . ശബ്ദമലിനീകരണനിയന്ത്രണം സെക്ഷൻ 80 നിയമമനുസരിച്ച് മിസ്സ് മിച്ചൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി . അങ്ങനെയാണ് 4400 പൗണ്ട് പിഴ ചുമത്താനും പിടിച്ചെടുത്ത സ്‌പീക്കറുകളും മറ്റും തിരികെ നൽകേണ്ടതില്ല എന്നും കോടതി വിധിച്ചത് . ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇരുകൂട്ടരും തമ്മിൽ രമ്യമായ പരിഹാരം ഉണ്ടാകാൻ സാധിക്കുമെങ്കിൽ അതിനെയാണ് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗ്‌ളാസ്റ്റർ സിറ്റി കൗൺസിലിലെ പരിസ്ഥിതി ക്യാബിനറ്റ് അംഗം റിച്ചാർഡ് ഹുക്ക് പറഞ്ഞു . പക്ഷേ ടമ്മി മിച്ചലിൻെറ കാര്യത്തിൽ അയൽക്കാർ പലപ്രാവശ്യം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല .ഈ അവസരത്തിലാണ് സിറ്റി കൗൺസിൽ പ്രശ്നത്തിൽ ഇടപെടുകയും പൊതുജനതാത്പര്യപ്രകാരം തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തതെന്ന് അദ്ദേഹം കൂട്ടിചേർത്തു .
ബ്രിട്ടനിലെ നിയമം അനുസരിച്ച് രാത്രി 11 മുതൽ രാവിലെ 7 മണി വരെ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കൗൺസിലുകൾക്കും സർക്കാർ ഏജൻസികൾക്കും ഉത്തരവാദിത്വമുണ്ട് .
കനത്ത മഴയെ തുടർന്ന് യോർക്ക്ഷെയർ ഡെയ്ൽസിലെ മിക്ക ടൗണുകളിൽ നിന്നും പുറത്തേക്കോ അകത്തേക്കോ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം റോഡുകൾ മുങ്ങി എന്ന് ദൃക്സാക്ഷികൾ. ആർക്കളെ, ബെക്ക് ലോ, ഫ്രമ്മിങ്ടൻ എന്നിവിടങ്ങളിൽ പ്രളയ അറിയിപ്പ് നൽകിയിട്ടുള്ളതായി എൻവിയോൺമെന്റ് ഏജൻസി അറിയിച്ചു. കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. നോർത്ത് ഇംഗ്ലണ്ടിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് ഒരു മണിക്കൂറിനുള്ളിൽ പെയ്തത്.

ഗ്രിൻടോൺ ഇൽ പാലം തകർന്നു വീണ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ യാത്രചെയ്യാവൂ എന്ന് റെസ്ക്യൂ സർവീസ് അറിയിച്ചു. പലറോഡുകളും യാത്ര യോഗ്യമല്ല. ലേബർണിൽ വസ്ത്ര വ്യാപാരിയായ ലിയോണി ജെറാഡ് പറയുന്നു “കനത്ത മഴ മൂലം സീലിങ് ചോർന്നത് പോലെയായിരുന്നു. പെട്ടെന്ന് ടൗൺ ഒറ്റപ്പെട്ടതുപോലെ ആയി . ഇതിനു മുൻപ് ഇങ്ങനെ ഒരു മഴ പെയ്തു ഞാൻ കണ്ടിട്ടില്ല. പബ്ബുകളിൽ സെല്ലറുകൾ നിറഞ്ഞുകവിഞ്ഞു. റോഡ് ബ്ലോക്ക് ആണ് ലേബണിൽ നിന്ന് പുറത്തേക്ക് കടക്കാനോ ഇവിടേക്ക് വരാനോ ഇപ്പോൾ മാർഗ്ഗമില്ല.

വടക്കേ യോർക്ക്ഷെയറിലേക്കുള്ള പാതകളുടെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. അടുത്തുള്ള മെയിൻ റോഡുകൾ ആയ സ്വലിഡെയ്ൽ, റിച്ച്മണ്ട്, റീത്, കേൾഡ് എന്നിവ ഒലിച്ചു പോയി. കലിസ്‌ലെ റെയിൽവേസ്റ്റേഷനിൽ നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സഞ്ചാരികൾക്കും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
ഇംഗ്ലണ്ടിൽ , ലൈംഗികമായി പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. 2018ൽ 447694 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2017നേക്കാൾ 5% വർധനവാണ് ഉണ്ടായത്. യുവാക്കളിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നത്. ഗൊണോറിയ,ക്ലമീഡിയ, ജനിറ്റൽ വാർട്സ്, ജനിറ്റൽ ഹെർപ്പസ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരികയാണ്. യുവാക്കളിൽ തന്നെ സ്വവർഗ്ഗാനുരാഗിയായ ആളുകളിൽ ഇത്തരം രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. ലൈംഗിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ വർധനവ് കാണപ്പെട്ടത് ‘ഗൊണോറിയ’ എന്ന രോഗത്തിനാണ്. 56, 259 കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. 26% വർധനവ് ഉണ്ടായി. 1978നു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ വർധനവ് ഉണ്ടാകുന്നത്. പുരുഷനിലും സ്ത്രീയിലും ഈ രോഗം പടർന്നുപിടിക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന്റെ അപകടസാധ്യതകളെകുറിച്ച് പൊതുജനാരോഗ്യ ഡോക്ടർമാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ ഗൊണോറിയ കേസുകളുടെ എണ്ണം വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരേ ശുചിമുറി ഉപയോഗിച്ചതുകൊണ്ടോ മറ്റോ ഗൊണോറിയ പകരാറില്ല. പക്ഷേ രോഗലക്ഷണങ്ങൾ കാണാത്ത ചിലരിൽ നിന്നും മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. പ്രതിരോധമരുന്നുകൾ കൊണ്ട് ചികിത്സിക്കുവാൻ കഴിയുമെങ്കിലും സൂപ്പർ ഗൊണോറിയ എന്ന അവസ്ഥയിൽ ആന്റിബയോട്ടിക്‌സ് പോലും ഫലപ്രദം ആയേക്കില്ല. ഈ രോഗം മൂലം സ്ത്രീകളിൽ വന്ധ്യത വരെ ഉണ്ടായേക്കാം. പലരും ടെസ്റ്റുകൾ നടത്തുവാൻ മടികാണിക്കുന്നു എന്നത് പ്രധാന പ്രശ്നമാണ്.

” നിങ്ങൾ ഏത് പ്രായത്തിൽ ആണെങ്കിലും ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ലൈംഗികാരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ” പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഗ്വേണ്ട ഹ്യൂഗ്‌സ് പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സോഷ്യൽ ഹെൽത്ത് ആൻഡ് എച്ച്ഐവിയിലെ ഡോക്ടർ ഓൾവെൻ വില്യംസ് ഇപ്രകാരം പറഞ്ഞു. ” ലൈംഗികാരോഗ്യ സേവനത്തിന് ആവശ്യമായ പണം ലഭിക്കുന്നില്ല. ഇതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുന്നില്ല. പെരുകിവരുന്ന ലൈംഗിക രോഗങ്ങളെപ്പറ്റി ഏവരെയും ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അത് ബ്രിട്ടൻ എന്ന രാജ്യത്തെ തന്നെ ബാധിക്കും. ” ഈ ലൈംഗിക രോഗങ്ങളിൽ ജനിറ്റൽ വാർട്സ് എന്ന രോഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായി കാണുന്നു. എച്ച്പിവി വാക്സിൻ മൂലമാണ് ഇതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
വിഷ ഭീകരൻ എന്ന പേരിൽ അറിയപ്പെടുന്ന ഹോഗ് വീഡ അപകടകാരിയായ ഒരു കളയാണ്. ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലും അൾസറും ഉണ്ടാക്കുന്ന ഈ ചെടി കണ്ണുകളുമായി ബന്ധപ്പെട്ടാൽ അന്ധത വരെ ഉണ്ടായേക്കാം. ഉഷ്ണതരംഗ ത്തിന് ശേഷം ഇത് കാട്ടുതീപോലെ പടരുന്നുണ്ട്. ബ്രിട്ടനിൽ നില നിൽക്കുന്ന ചൂടുള്ള സാഹചര്യമാണ് ഇതിന്റെ വളർച്ചയ്ക്ക് കാരണം എന്ന് സസ്യ ശാസ്ത്രഞർ അഭിപ്രായപ്പെട്ടു . ബ്രിട്ടനിൽ ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ചൂട് അപകടകാരിയായ ഈ ചെടി വൻതോതിൽ പടരാൻ കാരണമാകുന്നുണ്ട്.

ബ്രിസ്റ്റോളിൽ ആണ് ഈ ചെടിയുടെ പ്രജനനം കൂടുതലായി കണ്ടുവരുന്നത്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരൻ ഇരുണ്ട പച്ചയും വെള്ളയും നിറങ്ങളിലുള്ള ഇതിന്റെ ഇലയിൽ തൊട്ട ഉടനെ കൈകളിൽ കുമിളകൾ ഉയരുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആഡം ഹോക്സൻ എന്ന കുട്ടിയാണ് ഈ അപകടത്തിന്റെ ഒടുവിലത്തെ ഇര. ഇല ഒടിച്ചെടുത്തതാണ് അപകടത്തിന് കാരണമെന്ന് മനസ്സിലാവാത്ത കുട്ടി ആദ്യം കരുതിയത് വണ്ട് പോലെയുള്ള ഏതെങ്കിലും ഷഡ്പദം ആക്രമിച്ചത് ആണെന്നാണ്. ചെടിയിൽ തൊട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ 7 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെടി ഏതാണ് എന്നും എന്താണ് എന്നും അറിയാത്തതാണ് അപകടത്തിന് പ്രധാനകാരണമെന്ന് ഈ വിഷയത്തിൽ വിദഗ്ധനായ മൈക്ക് ടാഡി പറയുന്നത്.
കഴിഞ്ഞവർഷം ഈ ചെടിയിൽ തൊട്ടതിനുശേഷം ശരീരത്തിൽ 50 പൈസ കോയിൻ വലിപ്പത്തിൽ കുമിളകൾ ഉയർന്ന രണ്ട് സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കവ്പാഴ്സലി എന്ന ചെടിയോട് നല്ല സാദൃശ്യം പുലർത്തുന്ന ഒന്നാണ് ഹോഗ് വീട്.
80 സെന്റീമീറ്റർ ഡയമീറ്റർ വെള്ള നിറത്തിലെ പൂങ്കുലകൾ ആണ് ഇവക്കുള്ളത്. അഞ്ച് മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ചെടിക്ക് മനുഷ്യ ശരീരത്തിന് ഹാനികരമായ വിഷം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനുള്ള തൊലിയുടെ കഴിവിനെ ഇല്ലാതാക്കാനും ഈ ചെടിയുടെ വിഷാംശത്തിന് കഴിയും . തൊട്ട് 24 മണിക്കൂറിനുള്ളിൽ പൊള്ളൽ പ്രകടമാകും. തൊടാൻ ഇടവന്നാൽ അവിടം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ഡോക്ടറെ കാണുകയും വേണം.
കത്തികാട്ടി ഭീഷണിപ്പെടുത്തി ഗ്ലോസ്റ്റെർഷെയറിൽ മൂന്നു മോഷണങ്ങൾ നടത്തിയ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് അറസ്റ്റിനു ആസ്പദമായ സംഭവങ്ങൾ നടന്നത്.
രാവിലെ 6 :30 നു ബ്രിസ്റ്റോൾ റോഡിലെ മക്ഡൊണാൾഡ്സിന്റെ കടയിൽ കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തി നടന്ന മോഷണം ആണ് ആദ്യത്തെ സംഭവം. അതിനുശേഷം 10:15 ഓടെ ട്വയിനിങ് ഹൈ സ്ട്രീറ്റിലെ കടയിലും, പിന്നീട് 2:45 ഓടെ സിൻഡെർഫോർഡിലെ ആപ്പിൾഗ്രീൻ പെട്രോൾ സ്റ്റേഷനിലും സമാനമായ മോഷണങ്ങൾ നടന്നു.

മൂന്ന് മോഷണങ്ങളിലും ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കടയിൽനിന്നും പണവും, സിഗരറ്റും, ടോബാക്കോയും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു ഇവർ. നാല്പത്തിയാറും, നാല്പത്തിയെട്ടും വയസ്സുള്ള രണ്ട് യുവാക്കളെ ആണ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇരുവരെയും.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലീഡ്സ് മുതൽ മാഞ്ചസ്റ്റർ വരെ പുതിയ റെയിൽ പാത കൊണ്ടു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ യാത്രാസൗകര്യങ്ങൾ അനേകമിരട്ടി വർദ്ധിക്കും. മാഞ്ചസ്റ്ററിൽ വച്ച് നടത്തിയ പ്രസംഗത്തിൽ, റെയിൽപാത രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്കു തന്നെ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റെയിൽപാതയുടെ നിർമ്മാണത്തെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും ഉടൻതന്നെ പുറത്തുവിടുമെന്നും ബോറിസ് ജോൺസൺ ഉറപ്പുനൽകി. സയൻസ് ആൻഡ് ഇൻഡസ്ട്രി മ്യൂസിയത്തിൽ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കണക്ടിവിറ്റി, സംസ്കാരം, അധികാരം, ഉത്തരവാദിത്വം തുടങ്ങിയവയാണ് യുകെയുടെ വിജയത്തിന് കാരണങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു .

ഇംഗ്ലണ്ടിനെ വടക്കുഭാഗത്ത് കൂടെ ഒരു ഹൈ സ്പീഡ് റെയിൽ പാത കൊണ്ടുവരിക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഏകദേശം 39 ബില്യൻ പൗണ്ടോളം ചിലവുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമർശനാത്മകമായിയാ ണ് മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം വിലയിരുത്തിയത്. ഇതിനു മുൻപും ഇത്തരം പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പ്രഖ്യാപനങ്ങളിലല്ല പ്രവർത്തിയിലാണ് കാര്യം എന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെ വടക്ക് പ്രദേശത്തു കൂടെയുള്ള യാത്ര വളരെ ദുസ്സഹമാണ്. ഒരു ബസ് യാത്രയ്ക്ക് നാല് പൗണ്ടാണ് ഈടാക്കുന്നത്, എന്നാൽ ഇതേ ദൂരത്തിന് ലണ്ടനിൽ ഒന്നര പൗണ്ട് മാത്രം. എന്നാൽ ബോറിസ് ജോൺസൺന്റെ വാക്കുകൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുമെന്നു ലേബർ പാർട്ടി ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി മക്‌ഡൊണാൾഡ് കുറ്റപ്പെടുത്തി. എന്നാൽ നോർത്തേൺ പവർഹൗസ് പ്രോജക്ടി ലൂടെ വടക്ക് പ്രദേശത്തെ നഗരങ്ങൾ തമ്മിലുള്ള സഞ്ചാരസ്വാതന്ത്ര്യം വർദ്ധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.