Main News

ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രെക്‌സിറ്റില്‍ ഹിതപരിശോധനയാകാമെന്ന് ലേബര്‍ പാര്‍ട്ടി. ലേബറിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഈ മാസം നടക്കാനിരിക്കുന്ന യൂറോപ്യന്‍ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിനായാണ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഹിതപരിശോധനയ്ക്കായി പ്രചാരണം നടത്തണമെന്ന് ഡെപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചെങ്കിലും അത് കമ്മിറ്റി തള്ളി. സര്‍ക്കാര്‍ ഡീലിലോ ഇലക്ഷനിലോ മാറ്റമില്ലെങ്കില്‍ വിഷയത്തില്‍ പബ്ലിക് വോട്ട് ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചു. ബ്രെക്‌സിറ്റില്‍ ലേബര്‍ മുന്നോട്ടു വെച്ച പകരം മാര്‍ഗ്ഗത്തെ പിന്തുണയ്ക്കുന്ന ഒരു മാനിഫെസ്റ്റോയ്ക്കാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷാഡോ ക്യാബിനറ്റ്, കൗണ്‍സില്‍ അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന സമിതിയാണ് എന്‍ഇസി. പാര്‍ട്ടിയുടെ നയങ്ങളും മുന്നോട്ടുപോക്കും നിരീക്ഷിക്കുന്നത് ഈ സമിതിയാണ്. എംപിമാര്‍ പല വിധത്തില്‍ ഇടപെടലുകള്‍ നടത്തിയതിനാല്‍ സമിതിയുടെ അന്തിമ തീരുമാനം ഒട്ടേറെ ഭേദഗതികളോടെയാണ് രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രകടന പത്രിക ഒരു രണ്ടാം ഹിതപരിശോധനയാണെന്നും ലേബര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കുന്ന നേതാവ് വെസ് സ്ട്രീറ്റിംഗ് ട്വീറ്റ് ചെയ്തു.

ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഇപ്പോള്‍ ലേബര്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു എംപി ബ്രിജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞത്. അതേസമയം രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കാത്ത എംപിമാരും പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിതപരിശോധനയെന്നത് ഒരു നിര്‍ദേശം മാത്രമായി അവതരിപ്പിക്കുകയാണ് പാര്‍ട്ടി ചെയ്തിരിക്കുന്നതെന്ന് ഗ്ലോറിയ ഡി പെറോ പറഞ്ഞു. അതിനാല്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കേണ്ടി വരും.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തെരേസ മേയുടെ നീക്കം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കില്ലെന്ന് ഗയ് വെര്‍ഹോഫ്സ്റ്റാറ്റ്. യൂറോപ്യന്‍ പാര്‍ലമെന്റിലെ ബ്രെക്‌സിറ്റ് തലവനാണ് അദ്ദേഹം. നിലവില്‍ യുകെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ നിരക്കിലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യുകെ യൂണിവേഴ്‌സിറ്റികളില്‍ ഫീസ് നല്‍കുന്നത്. ബ്രെക്‌സിറ്റിനു ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഫീസ് ഇവരില്‍ നിന്ന് ഈടാക്കാനാണ് തെരേസ മേയ് പദ്ധതിയിടുന്നത്. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്തെഴുതുമെന്നും വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു. ഈ നീക്കം അംഗീകരിക്കില്ല, വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും ബ്രെക്‌സിറ്റിന്റെ ഇരകളാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലും നിലവിലുള്ള സൗകര്യങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരണം. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളുമായി ഉണ്ടാകാവുന്ന വ്യാപാരക്കരാറുകളില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ വീറ്റോ ലഭിച്ചിട്ടുണ്ട്. അതായത് ഭാവി ചര്‍ച്ചകളില്‍ ട്യൂഷന്‍ ഫീസ് ഒരു വിലപേശല്‍ മാര്‍ഗ്ഗമായി തുടരും. ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളിലെ ഡൊമസ്റ്റിക് ട്യൂഷന്‍ ഫീസ് നിലവില്‍ 9250 പൗണ്ടാണ്. യൂറോപ്യന്‍ വിദ്യാര്‍ത്ഥികളും ഇതേ നിരക്കാണ് നല്‍കുന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ ട്യൂഷന്‍ ഫീസ് ഇതുവരെ ഏകീകരിച്ചിട്ടില്ല.

10,000 പൗണ്ട് മുതല്‍ 38,000 പൗണ്ട് വരെയാണ് കോഴ്‌സുകള്‍ക്ക് അനുസരിച്ച് പ്രതിവര്‍ഷം കോഴ്‌സുകളുടെ സ്വഭാവമനുസരിച്ച് നല്‍കേണ്ടി വരുന്നത്. സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കുന്ന യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് സൗജന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കേണ്ടി വരുന്നുണ്ടെന്നതാണ് വിചിത്രം.

ലണ്ടന്‍: എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.എച്ച്.എസിന്റെ ചരിത്രത്തിലെ തന്നെ ജീവനക്കാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ചില കണക്കുകളാണ് കഴിഞ്ഞ ദിവസം ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് പുറത്തുവിട്ടത്. ഏഴ് വര്‍ഷത്തിനിടയില്‍ 300ലധികം എന്‍.എച്ച്.എസ് നഴ്‌സുമാര്‍ സ്വയം ജീവനെടുത്തിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2011 മുതല്‍ 2017 വരെയുള്ള കാലഘട്ടങ്ങളിലെ ആത്മഹത്യയുടെ കണക്കുകളാണ് ശേഖരിച്ചിരിക്കുന്നത്. 2017ല്‍ മാത്രം 32 നഴ്‌സുമാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 2016ലേതാണ് ഏറ്റവും ഭീതിയുണ്ടാക്കുന്ന നിരക്ക്. 2016ല്‍ ഇരുപതിനും 64 നും ഇടയില്‍ പ്രായമുള്ള 51 നഴ്‌സുമാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മാലാഖമാര്‍ സ്വയം ജീവനെടുക്കുന്ന ഈ പ്രവണത വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് വിദഗ്ദ്ധര്‍. 2014ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നിലധികം നഴ്‌സുമാര്‍ ഒരാഴ്ച്ചയില്‍ ആത്മഹത്യ ചെയ്തിരുന്നതായി വ്യക്തമാവും. ഒന്നിലധികം പേര്‍ ഒരാഴ്ച്ച ആത്മഹത്യ ചെയ്യുന്നുവെന്നത് യു.കെയുടെ ആരോഗ്യരംഗത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിജനകമായ ഒരേടാണ്. ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്വെര്‍ത്ത് വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു. നിലവിലെ സാഹചര്യം വലിയ ഗൗരവമേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സാധാരണക്കാരെ പോലെ തന്നെ നഴ്‌സുമാര്‍ക്കും സ്‌നേഹവും പരിചരണവും ലഭിക്കാത്തതിന്റെ കുറവുള്ളതായി മേഖലയിലെ വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. സ്‌നേഹവും പരിചരണവും ലഭിക്കാതെ അമിതമായി ജോലിയെടുക്കേണ്ടി വരുന്ന ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പിടികൂടാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ എന്‍.എച്ച്.എസ് എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആശുപത്രികളില്‍ വേണ്ടത്ര ജീവനക്കാരെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് എന്‍.എച്ച്.എസ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന തസ്തിക നഴ്‌സിംഗാണ്. എന്തായാലും ആത്മഹുതി വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഇക്കാര്യങ്ങള്‍ ഗൗരവത്തിലാണ് കാണുന്നതെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്യുന്ന വിമാനങ്ങള്‍ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ പ്രതിഷേധം മൂലം റദ്ദാക്കപ്പെടുന്നു. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരെ വിമാനങ്ങളില്‍ ഉപേക്ഷിക്കുകയാണ് ഹോം ഓഫീസ് ജീവനക്കാരെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത്തരക്കാരെ മിക്കവാറും ഒറ്റയ്ക്കായിരിക്കും അയക്കുക. ഇവര്‍ വിമാനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ഇതോടെ പൈലറ്റുമാര്‍ ടേക്ക് ഓഫിന് വിസമ്മതം അറിയിക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ചില വിമാനങ്ങള്‍ സര്‍വീസ് തന്നെ റദ്ദാക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ടത്രേ! പ്ലാന്‍ഡ് ഡീപോര്‍ട്ടേഷനുകള്‍ പോലും റദ്ദാക്കപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ ബഹളമുണ്ടാക്കി ഡീപോര്‍ട്ടേഷന്‍ അലസിപ്പിച്ച ചരിത്രമുള്ളവര്‍ക്കു പോലും എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്താന്‍ ഹോം ഓഫീസ് ജീവനക്കാര്‍ തയ്യാറാകുന്നില്ല.

പരിശീലനം ലഭിക്കാത്തതും അമിതജോലി ചെയ്ത് തളര്‍ന്നവരുമായ ജീവനക്കാരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹോം ഓഫീസിന്റെ പ്രവര്‍ത്തന ശൈലിയാണ് ഈ വിഷയത്തില്‍ വിമര്‍ശനത്തിന് വിധേയമാകുന്നത്. കുടിയേറ്റത്തിനായുള്ള അപേക്ഷകള്‍ നിരസിക്കുന്നതിന് ഇന്‍സെന്റീവുകള്‍ നല്‍കുകയും അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് കാര്യമായ പരിശീലനമില്ലാത്തതുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ അഭയം നിഷേധിക്കപ്പെട്ടവരെ നാടുകടത്താന്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ സാധാരണ ഗതിയില്‍ പ്രതിഷേധക്കാരുടെ ലക്ഷ്യമാകാറുണ്ട്. ഫെബ്രുവരി 15ന് ഡീപോര്‍ട്ട് ചെയ്യപ്പെട്ട 60 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

സ്റ്റാന്‍സ്റ്റെഡ് 15 എന്ന പേരില്‍ അറിയപ്പെട്ട സംഘമാണ് വിമാനം തടഞ്ഞത്. ഈ സംഭവം മൂലമുണ്ടായ സര്‍വീസ് വൈകല്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിന് 10 ലക്ഷത്തോളം പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയിരുന്നു. ഡീപോര്‍ട്ട് ചെയ്യാനിരുന്നവരെ പിന്നീട് വിമാനത്തില്‍ നിന്ന് മാറ്റേണ്ടി വന്നു. പ്രതിഷേധക്കാര്‍ക്ക് ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സസ്‌പെന്‍ഡഡ് ശിക്ഷകളും കമ്യൂണിറ്റി ഓര്‍ഡറുകളും നല്‍കി. ഇത്തരം പ്രതിഷേധങ്ങള്‍ കൊടും കുറ്റവാളികളെ നാടുകടത്താനുള്ള ശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലെസ്റ്റർ: മിഡ്‌ലാൻഡ്‌സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററിൽ സീറോ മലബാർ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവർ തങ്ങളുടെ വിശ്വാസപിതാവായ മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളായി ആചരിച്ച ഏപ്രിൽ 28 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും ലെസ്റ്റർ പ്രദേശമുൾക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടൺ രൂപതകളിലെ നിരവധി വൈദികരും വൻ ജനാവലിയും ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.

തിരുക്കർമ്മങ്ങൾക്ക് മുൻപായി പ്രധാനകാർമ്മികരെയും മറ്റു വിശിഷ്ടതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു. ഉച്ചകഴിഞ്ഞു നാല് മണിക്ക് ദൈവാലയത്തിലാരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റർ മിഷൻ ഡിറ്റക്ടറുമായ റെവ. ഫാ. ജോർജ് ചേലക്കൽ സ്വാഗതമാശംസിച്ചു. തുടർന്ന് പുതിയ സീറോ മലബാർ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കല്പന പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് വായിച്ചപ്പോൾ വിശ്വാസികൾ ആദരപൂർവം എഴുന്നേറ്റുനിന്നു. തുടർന്ന് കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുർബാനയും നടന്നു.

വി. കുർബാനയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. വി. കുർബാനയിൽ ഗീതങ്ങൾ മലയാളത്തിലും പ്രാർത്ഥനകളും വായനകളും ഇംഗ്ലീഷിലുമായിരുന്നു. ബിഷപ്പ് പാട്രിക് മക്കിനി തിരുവചനവായനക്കു ശേഷം വചനസന്ദേശം നൽകി. സീറോ മലബാർ വിശ്വാസികളുടെ ആത്‌മീയ തീക്ഷ്ണതയെക്കുറിച്ചും പ്രാർത്ഥനാതാല്പര്യത്തെക്കുറിച്ചും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സംശയിക്കുന്ന തോമസിൽ നിന്ന് വിശ്വാസപ്രഖ്യാപനം  നടത്തുന്ന തോമസിലേക്കു മാറാൻ കാരണമാക്കിയത് ഈശോയെ തൊട്ടറിയാനുള്ള അവസരമായിരുന്നെന്ന് ബിഷപ്പ് അനുസ്മരിച്ചു. വി. കുർബാനയിൽ ഈശോയെ തൊടുന്ന നമ്മളും തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ മെത്രാഭിഷേകാദിനം തോമാശ്ലീഹായുടെ തിരുനാൾ ദിവസമായ ജൂലൈ 3 ആയതിനാൽ, തനിക്കും തോമാശ്ലീഹായോടു വലിയ ആത്‌മീയ അടുപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി. കുർബാനയുടെ സമാപനത്തിൽ രണ്ടു മെത്രാന്മാർക്കും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ബിഷപ്പ് പാട്രിക്കിന്റെ സ്നേഹത്തിനും സന്മനസ്സിനും മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു. ബിഷപ്പ് പാട്രിക്കിന് റെവ. ഫാ. ജോർജ് ചേലക്കലും, മാർ സ്രാമ്പിക്കലിന് ദൈവജനത്തിന്റെ പ്രതിനിധിയായി സോബിയും ഉപഹാരങ്ങൾ കൈമാറി. ഇടവകയുടെ പ്രതിനിധിയായി മി. ബാബുരാജ് ജോസഫ് എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. കമനീയമായി അലങ്കരിച്ചിരുന്ന ദൈവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ആലാപനം സ്വർഗീയ അന്തരീക്ഷം പ്രദാനം ചെയ്തു.

തുടർന്ന് പാരിഷ് ഹാളിൽ മിഷന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു.  തിരുക്കർമ്മങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയവരെ രൂപതാധ്യക്ഷൻ സമ്മാനങ്ങൾ നൽകി ആദരിച്ചു. എല്ലാവർക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ലെസ്റ്റർ ഡീനറി ഡീൻ റെവ. ജോൺ ഹാർഡി, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും നോട്ടിംഗ്ഹാം  രൂപതയിലെ ശുശ്രുഷ ചെയ്യുന്ന നിരവധി മറ്റു വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമികരായി. ലെസ്റ്ററിലും പരിസരപ്രദേശങ്ങളിലും നിന്ന് വലിയ വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു.

 

 

 

 

 

ഇംഗ്ലണ്ടിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ്ടീച്ചര്‍ എന്ന് അറിയപ്പെടുന്ന ആലിസണ്‍ കോള്‍വെല്‍ യുകെ വിടുന്നു. മല്ലോര്‍ക്കയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ തലപ്പത്തേക്കാണ് ഇവര്‍ പോകുന്നത്. സ്വാന്‍കോംബിലെ എബ്ബ്‌സ്ഫ്‌ളീറ്റ് അക്കാഡമിയുടെ പ്രിന്‍സിപ്പലായിരുന്ന ഇവര്‍ ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ചെത്തിയ 20 വിദ്യാര്‍ത്ഥിനികളെ തിരികെ വീടുകളിലേക്ക് അയച്ചാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. പെണ്‍കുട്ടികള്‍ ‘തുട കാട്ടി’ നടക്കുന്നു എന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആരോപണം. കര്‍ക്കശ നിലപാടുകളുടെ പേരില്‍ രക്ഷിതാക്കളുമായി നിരന്തരം കലഹത്തിലായിരുന്ന കോള്‍വെലിന് ഭീഷണികളും അധിക്ഷേപങ്ങളും പതിവായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്ന ഒരു ന്യൂനപക്ഷത്തിന്റെ ശ്രമഫലമായി താന്‍ പുറത്താക്കപ്പെടുകയല്ലെന്ന് കോള്‍വെല്‍ പറഞ്ഞു. താന്‍ കുട്ടികളുടെ ഭാവി മികച്ചതാക്കാനായിരുന്നു പരിശ്രമിച്ചത്. മോശം പെരുമാറ്റത്തോടായിരുന്നു താന്‍ അസഹിഷ്ണുത കാട്ടിയതെന്നും അവര്‍ വ്യക്തമാക്കി.

താന്‍ പുറത്തു പോകുന്നതില്‍ സന്തോഷിക്കുന്ന ചിലരുണ്ടാകും. അധ്യാപകരോട് അപമര്യാദയായി പെരുമാറുന്ന രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില്‍ ബഹളമുണ്ടാക്കിയ രക്ഷിതാക്കളെ പുറത്താക്കാന്‍ പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങളേത്തുടര്‍ന്ന് ചില രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്താന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന നിബന്ധനയും ഇവര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ഫെയിസ്ബുക്ക് കമ്യൂണിറ്റിയില്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവെന്നും 700 വിദ്യാര്‍ത്ഥികളുള്ള സ്‌കൂളിനെ കോള്‍ഡിറ്റ്‌സ് അക്കാഡമിയെന്ന് ചിലര്‍ പരിഹസിച്ചുവെന്നും അവര്‍ പറഞ്ഞു.

രക്ഷിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്ന പല മോശം അനുഭവങ്ങളും മറക്കാന്‍ ശ്രമിക്കുകയാണ് താനെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചുമതലയേറ്റ് ആദ്യ വര്‍ഷം റിസപ്ഷനില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ഒരു രക്ഷിതാവ് തന്നെ അസഭ്യം പറഞ്ഞത് കോള്‍വെല്‍ ഓര്‍ത്തെടുത്തു. കുട്ടികള്‍ രാത്രി 9.30ന് ഉറങ്ങണമെന്നും കാലത്ത് 6 മണിക്കു തന്നെ ഉണരണമെന്നുമായിരുന്നു കോള്‍വെലിന്റെ ചട്ടം. മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. കുട്ടികളില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയാല്‍ അടുന്ന അവധി ദിവസം വരെ അത് പിടിച്ചുവെക്കും. പെണ്‍കുട്ടികളുടെ യൂണിഫോമില്‍ സ്‌കേര്‍ട്ടുകള്‍ മുട്ടില്‍ നിന്ന് 5 സെന്റീമീറ്ററില്‍ കൂടൂതല്‍ നീളം കുറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. അമിതമായി മെയ്ക്ക് അപ് ചെയ്യുന്നവര്‍ക്ക് അവ തുടക്കാന്‍ വൈപ്പുകള്‍ നല്‍കുമായിരുന്നു. കാല്‍ക്കുലേറ്ററുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ എടുക്കാന്‍ മറക്കുന്ന കുട്ടികളെ സ്‌കൂളില്‍ തടഞ്ഞു നിര്‍ത്തുന്നതും പതിവായിരുന്നു. മൊബൈല്‍ ഫോണുകള്‍ പിടിച്ചു വെച്ച സംഭവങ്ങളില്‍ സ്‌കൂളിനെതിരെ മോഷണക്കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ തെരേസ മേയ്ക്ക് ലോക്കല്‍ ഇലക്ഷന്‍ ഫലം തലവേദന സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന ലോക്കല്‍ ഇലക്ഷനില്‍ ടോറികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രമുഖ കണ്‍സര്‍വേറ്റീവ് അനലിസ്റ്റിന്റെ പ്രവചനം. ഏതാണ്ട് 800ല്‍ കൂടുതല്‍ സീറ്റുകളില്‍ തോല്‍വി പ്രതീക്ഷിക്കാമെന്ന് അനലിസ്റ്റ് വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മേയ് സര്‍ക്കാരിന് കഴിയാതിരിക്കുന്നതാണ് ജനങ്ങള്‍ക്കിടയില്‍ ടോറി വിരുദ്ധ വികാരത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാല്‍ മേയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. സ്വന്തം പാര്‍ട്ടിയിലെ വിമത നീക്കമുള്‍പ്പെടെ നേരിടാനൊരുങ്ങുന്ന മേയ്ക്ക് ലോക്കല്‍ ഇലക്ഷന്‍ ഫലം കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാക്കി മാറ്റാനാണ് സാധ്യത.

ലിബറള്‍ ഡെമോക്രാറ്റ്‌സിനോട് അഞ്ചൂറിലധികം സീറ്റുകളിലും ലേബര്‍ പാര്‍ട്ടിയോട് 300ലധികം സീറ്റുകളിലും കണ്‍സര്‍വേറ്റീവ് തോല്‍ക്കുമെന്നാണ് അനലിസ്റ്റ് റോബര്‍ട്ട് ഹെയ്‌വാര്‍ഡ് പ്രവചനം. സ്വന്തം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിക്കുന്ന ഹെയ്‌വാര്‍ഡ് ബ്രെക്‌സിറ്റ് പ്രതിസന്ധി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്ക് വലിയ ജനപിന്തുണ നഷ്ടപ്പെടുത്താന്‍ സാധ്യതയുള്ളതായി പരോക്ഷമായി ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള പ്രധാനമന്ത്രി തെരേസ മേയ് സമര്‍പ്പിച്ച നയരേഖ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ പോരായ്മയായി ഹെയ്‌വാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ഇത് തന്നെയാണ് ലോക്കല്‍ ഇലക്ഷനില്‍ തിരിച്ചടിക്ക് കാരണമാവുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

അതേസമയം നിലവില്‍ മേയുടെ വിഡ്രോവല്‍ നയരേഖ അംഗീകരിക്കാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ബ്രെക്‌സിറ്റ് കരാറില്‍ കാതലായ മാറ്റങ്ങള്‍ വരുത്താതെ ഇക്കാര്യത്തില്‍ യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലേബര്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെറമി കോര്‍ബന്‍ ഇക്കാര്യം വ്യക്തമാക്കി നേരത്തെ രംഗത്ത് വന്നിരുന്നു. രണ്ടാം ജനഹിത പരിശോധനയ്ക്ക് സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ വീണ്ടും സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നേരത്തെ ലേബര്‍ ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍: ഓപിയോയിഡ് മരുന്നുകള്‍ക്കൊപ്പം ‘അഡിക്ഷന്‍’ മുന്നറിയിപ്പ് നിര്‍ബന്ധമാക്കി യു.കെ. ഓപിയോയിഡ് മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവടങ്ങളില്‍ സമീപകാലത്ത് ഓപിയോയിഡ് വേദന സംഹാരികള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നത് 60 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് വേദന സംഹാരികളുടെ പാര്‍ശ്വഫലങ്ങളില്‍ നിന്നും മുക്തി ലഭിക്കേണ്ടതുണ്ടെന്ന് മാറ്റ് ഹാന്‍കോക്ക് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധരും രംഗത്ത് വന്നിട്ടുണ്ട്.

ഓപിയോയിഡ് വേദന സംഹാരികള്‍ ചിലപ്പോള്‍ വലിയ ദുരന്തമായി മാറിയേക്കുമെന്നും, ആസക്തി ഗണ്യമായി വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പിയത്തില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഓപിയോയിഡ് മരുന്നുകളോ മോര്‍ഫിനുകളോ ‘അഡിക്ഷന്‍’ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2008ല്‍ 14 മില്യണ്‍ പ്ര്‌സ്‌ക്രിപ്ഷനായിരുന്നു ഇംഗ്ലണ്ട് വെയില്‍സ് എന്നിവിടങ്ങളില്‍ നിന്ന് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇത് 23 മില്യണ്‍ ആണ്. ആശങ്കജനകമായ വര്‍ധനവാണിതെന്ന് വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാനഡയില്‍ വേദന സംഹാരി(ഓപിയോയിഡ്)കളുടെ ഉപയോഗം ഗുരുതര പ്രശ്നമായി മാറിയതോടെ പരിഹാര മാര്‍ഗങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഇത്തരം വേദന സംഹാരികളുടെ അമിതമായ ഉപയോഗം കാരണം കഴിഞ്ഞ വര്‍ഷം മാതംര കാനഡയില്‍ 4,000 ത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയുടെയും സ്ഥിതി ആശാവഹമല്ല.

 

ഓപിയോയിഡ് വേദന സംഹാരികള്‍ കടുത്ത അഡിക്ഷന്‍ ഉണ്ടാക്കുമെന്ന് മുന്‍പും മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. വേദനാ സംഹാരിയായി ഉപയോഗിച്ചതിന് ശേഷം പിന്നീട് ഇവ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് കാണപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് കടുത്ത തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്ത് ഓപിയോയിഡ് ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യു.കെ, അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഓപിയോയിഡ് വേദന സംഹാരികള്‍ വളരെയധികം പ്രചാരത്തിലുള്ളത്. കാനഡയിലെ ഓപിയോയിഡ് ദുരുപയോഗ മരണസംഖ്യ ഗണ്യമായി കൂടിയതോടെ സാധാരണ ജനങ്ങള്‍പോലും ഔഷധനയം പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു.

ജയിലില്‍വച്ച് തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷ വിധിച്ച് മോൾഡ് ക്രൌൺ കോടതി. റെക്സ്ഹാം ജയിലിൽവെച്ച് തടവുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥ എമിലി വാട്ട്സണെയാണ് കോടതി ശിക്ഷിച്ചത്. റെക്സ്ഹാമിലെ എച്ച്എംപി ബെർവിൻ ജയിലിലെ പ്രിസണറാണ് എമിലി. ഇതേ ജയിലിലെ ജോൺ മക്ഗീ എന്നയാളുമായി സെല്ലിനുള്ളിൽവെച്ച് എമിലി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നായിരുന്നു പരാതി.

സെല്ലിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഐഫോൺ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സെല്ലിനുള്ളിൽ അനധികൃതമായി ഫോണും ചാർജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്. അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോൺ മക്ഗീ. തടവുകാരനായ ജോണ്‍ മക്ഗീയുടെ സെല്ലിൽ മൂന്നു തവണ പോയ എമിലി ഒരുതവണ മക്ഗീയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്ന് കോടതി കണ്ടെത്തി. 2017 ഒക്ടോബർ മുതൽ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോൺ മക്ഗീ കോടതിയിൽ സമ്മതിച്ചു.

മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തെ സാങ്കേതികവിദ്യ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദഗ്ദ്ധര്‍. കണ്ടംപററി സൈക്കോഅനാലിസിസ് ആന്‍ഡ് ഡെവലപ്‌മെന്റല്‍ സയന്‍സിലെ വിദഗ്ദ്ധരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളും കുട്ടികളുമായുള്ള സുപ്രധാനമായ ബന്ധം ഇല്ലാതാക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയെന്ന് പ്രൊഫ.പീറ്റര്‍ ഫോനാഗി പറയുന്നു. തലമുറകള്‍ തമ്മിലുള്ള ബന്ധത്തെ ഡിജിറ്റല്‍ ലോകം ഇല്ലാതാക്കുകയാണെന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്. സൈക്കോളജിയില്‍ 19 പുസ്തകങ്ങളും 500ലേറെ പ്രബന്ധങ്ങളും എഴുതിയിട്ടുള്ള ആളാണ് പ്രൊഫ.ഫോനാഗി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്ന ഫ്രോയ്ഡ് നാഷണല്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ് എന്ന മെന്റല്‍ ഹെല്‍ത്ത് ചാരിറ്റി കുട്ടികളുടെ മാനസിക വളര്‍ച്ച സംബന്ധിച്ച് 50 വര്‍ഷത്തിലേറെയായി പഠനം നടത്തി വരികയാണ്.

14 മുതല്‍ 19 വരെ വയസ് പ്രായമുള്ള പെണ്‍കുട്ടികളില്‍ ഇമോഷണല്‍ ഡിസോര്‍ഡറുകള്‍ കാണുന്നത് സാധാരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ആത്മഹത്യാ ശ്രമങ്ങള്‍ നടത്തി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ആണ്‍കുട്ടികളില്‍ അക്രമ സ്വഭാവം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവം യുവാക്കളുമായി സംസാരിക്കുകയെന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി മാറ്റിയിട്ടുണ്ട്. യുവാക്കള്‍ മുതിര്‍ന്നവരുമായി സംസാരിക്കുന്നത് വളരെ ചുരുങ്ങിയിട്ടുണ്ട്. യുവാക്കള്‍ തമ്മിലാണ് ഇപ്പോള്‍ കൂടുതല്‍ ആശയവിനിമയം നടക്കുന്നത്.

എന്നാല്‍ നമ്മുടെ മസ്തിഷ്‌കം അതിനു വേണ്ടി മാത്രമല്ല രൂപകല്പന ചെയ്തിട്ടുള്ളത്. മുതിര്‍ന്നവരുമായി സോഷ്യലൈസ് ചെയ്യാനും അവരില്‍ നിന്ന് വളര്‍ച്ചയില്‍ സഹായങ്ങള്‍ നേടാനും പാകത്തിനാണ് അതിന്റെ ഘടന. സുഹൃത്തുക്കളും ഇന്റര്‍നെറ്റുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ഭക്ഷണം പോലും കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved