Main News

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ക്യാൻസർ സെല്ലുകളോട് ശരീരത്തിലെ രോഗപ്രതിരോധ ശൃംഖല പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രോട്ടീനുകൾ കണ്ടെത്തുന്ന ബ്ലഡ് ടെസ്റ്റ് നാലുവർഷത്തിനുള്ളിൽ ലഭ്യമാകും.

ക്ലിനിക്കൽ സൈനുകൾ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ രോഗം കണ്ടെത്താൻ സാധിക്കുന്നത് ക്യാൻസർ ചികിത്സാരംഗത്ത് വൻമുന്നേറ്റമാകും എന്ന് ഗവേഷകർ.നോട്ടിൻഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ക്യാൻസർ ബാധിച്ച കോശങ്ങൾ ആന്റിജൻസ് എന്ന പ്രോട്ടീനുകൾ പുറപ്പെടുവിക്കും അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡികളെ ഉൽപാദിപ്പിക്കും.ഓട്ടോ ആന്റി ബോഡീസ് എന്ന പേരിലറിയപ്പെടുന്ന ഇവയെ രക്തത്തിൽ കണ്ടെത്തിയാൽ ക്യാൻസർ വളരെ നേരത്തെ തന്നെ ചികിത്സിച്ചു ഭേദമാക്കാം.

ക്യാൻസർ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ടി എ എ അഥവ ട്യൂമർ അസോസിയേറ്റെഡ്‌ ആന്റിജൻസ് കണ്ടെത്താനുള്ള ടെസ്റ്റ് ആണ് ഗവേഷകർ മുന്നോട്ടുവെക്കുന്നത്. രോഗികളിൽ നിന്നും ശേഖരിച്ച രക്തസാമ്പിൾ ടി എ എ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

നോട്ടിങ്ഹാം -ലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഓട്ടോ ഇമ്മ്യൂണിറ്റി ഇൻ ക്യാൻസർ( സി ഇ എ സി ) എന്ന ഗവേഷണകേന്ദ്രത്തിലെ വിദ്യാർത്ഥികൾ 90 ക്യാൻസർ രോഗികളിൽ നിന്നും രക്ത സാംപിൾ ശേഖരിച്ച ശേഷം 90 ക്യാൻസർ ഇല്ലാത്ത വ്യക്തികളുടെ രക്തസാമ്പിളുകളുമായി താരതമ്യപഠനം നടത്തി.

പി എച്ച് ഡി വിദ്യാർത്ഥിയായ ഡാനിഗാഹ് അൽഫത്താനി പറയുന്നു” ട്യൂമർ പുറപ്പെടുവിക്കുന്ന ആന്റിജൻസിന് എതിരെയുള്ള ഓട്ടോ ആന്റിബോഡികളെ ഞങ്ങൾ പഠനത്തിൽ കണ്ടെത്തി. രക്തത്തിൽ ഇവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ വളരെ നേരത്തെ രോഗം കണ്ടെത്താൻ സാധിക്കും”. എത്രയധികം ആന്റിജനുകളെ ഉൾപ്പെടുത്തി ടെസ്റ്റ് നടത്തുന്നുവോ അത്ര കൃത്യതയോടെ രോഗനിർണയം നടക്കുന്നുവെന്ന് കണക്കുകളുടെ പിൻബലത്തിൽ അവർ സമർത്ഥിക്കുന്നു.

9 ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 35 % ക്യാൻസർ കൃത്യമായി കണ്ടെത്തി 79 %രോഗം ഇല്ലാത്തതും കണ്ടെത്തി. എന്നാൽ അഞ്ച് ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 29 ശതമാനം ക്യാൻസർ കണ്ടെത്താനായി 84 ശതമാനം രോഗം ഇല്ലാത്തതും കണ്ടെത്തി.

കണക്കുകൾ കുറച്ചുകൂടി കൃത്യതയോടെ സ്ഥിരീകരിക്കാൻ ആയാൽ ഇത് മെഡിക്കൽ രംഗത്തെ ഭാവിക്ക് മുതൽക്കൂട്ടാകും.

.ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും .റബറിൻെറയും മറ്റു കാർഷിക വിളകളുടെയും കനത്ത വില തകർച്ചയിൽ തുടർന്ന് താറുമാറായിരിക്കുന്ന കേരള സമ്പദ് വ്യവസ്ഥ കൂടുതൽ ഗുരുതരമായ ഭീഷണികൾ ഉയർത്തി കൊണ്ട് അമേരിക്കയുമായി കരാറുകളിൽ ഏർപ്പെടുകയാണ് .ഇത് കേരളത്തിൻെറ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട് .സ്ഥലത്തിൻെറ വിലയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനാണ് സാധ്യത .

അമേരിക്കയില്‍ നിന്ന് കോഴിയിറച്ചി വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ ഇടയാക്കുന്ന ഉടമ്പടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കുടംബശ്രീ ചിക്കന്‍ അടക്കമുള്ള നമ്മുടെ ഉത്പാദന യൂണിറ്റുകള്‍ക്ക് എന്ത് സംഭവിക്കും? യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കോഴി ഇറച്ചി ഇറക്കുമതിയ്ക്ക് തീരുവ നിലവിലുള്ള 100 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള കരാറില്‍ ഇന്ത്യ വൈകാതെ ഒപ്പു വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുളള തീരുവ 100 ല്‍ നിന്ന് കേവലം 30 ശതമാനമായി കുറയുന്നതോടെ വന്‍ വിലക്കിഴിവില്‍ ഇന്ത്യന്‍ വിപണിയില്‍ കോഴിയിറച്ചി നിറയും.

നിലവിലുള്ള കണക്കനുസരിച്ച് 40 ലക്ഷം പേരാണ് ഈ രംഗത്ത് തൊഴിലെടുത്ത് ജീവിക്കുന്നത്. തമിഴ്‌നാട്,കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈരംഗത്ത്  ലക്ഷക്കണക്കിന് പേര്‍ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കോഴികളെ വളര്‍ത്തി കൊടുക്കുന്ന പതിനായിക്കണക്കിന് യൂണിററുകള്‍ സംസ്ഥാനത്തുണ്ട്. കാര്‍ഷിക വ്യത്തി ആദായകരമല്ലാതായി മാറിയതോടെ വരുമാനം നിലച്ച കര്‍ഷകര്‍ ഗ്രാമങ്ങളില്‍ സ്വന്തം സ്ഥലത്ത് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ നടത്തി ഉപജീവനം നടത്തി വരുന്നു. കോഴിക്കുഞ്ഞുങ്ങളും തീറ്റയും നല്‍കി 45 ദിവസം വളര്‍ത്തി നല്‍കുന്നതിന് കിലോയ്ക്ക് ആറ് രൂപയാണ് കൂലിയായി ലഭിക്കുന്നത്. ഈ രീതിയില്‍ 5000 മുതല്‍ 20000 വരെ കോഴി വളര്‍ത്തി നല്‍കുന്ന ആയിരങ്ങളുണ്ട്. കൂടാതെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ഇതേ മാതൃകയില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

 

കുടംബശ്രീ കൂട്ടങ്ങള്‍ക്ക് കോഴിയൊന്നിന് 7-10 രുപ നിരക്കിലാണ് വളര്‍ത്താന്‍ നല്‍കുന്നത്. ആയിരക്കണക്കിന് കുടംബശ്രീ പ്രവര്‍ത്തരാണ് ഇതിലേക്ക് ഫാമിനും മറ്റുമായി പണം മുടക്കിയിരിക്കുന്നത്. നിലവില്‍ കോഴിക്ക് ശരാശരി കിലോയ്ക്ക് നൂറു രൂപയാണ് വില്‍പ്പന വില. ഇത് 85 രുപ നിരക്കിലേക്കാക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ സംരംഭം കേരള സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിനിടെയാണ് ലോകത്തേറ്റവും വലിയ കോഴിയിറച്ചി നിര്‍മാതാക്കളായ അമേരിക്ക ഇന്ത്യന്‍ വിപണിയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ ക്ഷീരകര്‍ഷകരെ അടക്കം പട്ടിണിയിലേക്ക് തള്ളിയിട്ടേക്കാവുന്ന ആര്‍ സി ഇ പി (റീജിയണല്‍ കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ്) കാരാറിനെതിരെയുള്ള മുറവിളികള്‍ തുടരുന്നതിനിടെയാണ് സമാനമായ മറ്റൊരു കരാറും കൂടി വരുന്നത്. 2020 ല്‍ ആര്‍സിഇപി ഒപ്പിടാനാണ് നീക്കം നടക്കുന്നത്.ആര്‍സിഇപിയില്‍ പ്രധാന ക്ഷീരോത്പാദന രാഷ്ട്രങ്ങളായ ന്യൂസിലാന്റും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്നു.  കരാറനുസരിച്ച് തീരുവ കുറച്ച് ക്ഷീരോത്പന്നങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുകയും ഇത് രാജ്യത്തെ വിശേഷിച്ച് കേരളത്തിലെ ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുമെന്നതാണ് പ്രധാന വിര്‍ശനം. ആസിയാന്‍ കരാര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ലണ്ടൻ∙ ട്രക്കിൽ ഘടിപ്പിച്ച കണ്ടെയ്നറില്‍ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും വിയറ്റ്നാം സ്വദേശികളുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ച് ബ്രിട്ടിഷ് അന്വേഷണ സംഘം. നിലവിലെ വിവരങ്ങൾ പ്രകാരം കണ്ടെയ്നറിലെ എല്ലാവരും വിയറ്റ്നാമിൽ നിന്നുള്ളവരാണ്. കൂടുതൽ വിവരങ്ങൾക്ക് വിയറ്റ്നാം സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടാനുള്ളത്ര തെളിവുകൾ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ എട്ടു വനിതകളും 31 പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടില്ല.

ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിലെ കണ്ടെയ്നറിൽ ഇക്കഴിഞ്ഞ ഒക്ടോബർ 23നായിരുന്നു 39 മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പത്തൊൻപതുകാരി ഉൾപ്പെടെ വിയറ്റ്നാമിൽ നിന്നുള്ളവരാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

‘വിയറ്റ്നാമിലെയും യുകെയിലെയും ചില കുടുംബങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട 39 പേരിൽ ചിലരുടെ ബന്ധുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു’– എസ്സക്സ് പൊലീസ് അസി. ചീഫ് കോൺസ്റ്റബിൾ ടിം സ്മിത്ത് പറഞ്ഞു. ബ്രിട്ടൻ, വിയറ്റ്നാം, അയർലൻഡ് പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

ബ്രിട്ടനിലെ വിയറ്റ്നാം എംബസിക്കു നൽകിയ റിപ്പോർട്ടിലും ട്രക്കിലെ വിയറ്റ്നാം സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങളുണ്ടെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. മനുഷ്യക്കടത്തുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിയറ്റ്നാം വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അതിനിടെ കേസുമായി ബന്ധപ്പെട്ട് നരഹത്യയ്ക്ക്, ട്രക്ക് ഡ്രൈവരെ കൂടാതെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വിയറ്റ്നാമിലും രണ്ടു പേരെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡ്രൈവർ മോറിസ് റോബിൻസണെ (25) കൂടാതെ വടക്കൻ അയർലൻഡിൽ നിന്നുള്ള ഇമാൻ ഹാരിസനെയാണ്(23) അറസ്റ്റ് ചെയ്തതെന്ന് എസ്സക്സ് പൊലീസ് അറിയിച്ചു. നരഹത്യ, മനുഷ്യക്കടത്ത്, ഇമിഗ്രേഷൻ തട്ടിപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ്.  ബ്രിട്ടനിലെത്തിച്ച ഇയാളെ നവംബർ 11 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വടക്കൻ അയർലൻഡിൽ നിന്നു തന്നെയുള്ള റോണൻ ഹ്യൂഗ്സ്(40), സഹോദരൻ ക്രിസ്റ്റഫർ (34) എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. കണ്ടെയ്നർ വാടകയ്ക്കെടുക്കാനുള്ള രേഖകളിൽ ഒപ്പിട്ടത് റോണനാണെന്ന് ഗ്ലോബൽ ട്രെയ്‌ലർ റെന്റൽസ് എന്ന കമ്പനി വ്യക്തമാക്കിയിരുന്നു. സി.ഹ്യൂഗ്സ് ലോജിസ്റ്റിക്സ് ലിമിറ്റഡ് കമ്പനിയുടെ പേരിലായിരുന്നു ഒപ്പിട്ടത്. ഇതിന്റെ ഡയറക്ടറാണ് ക്രിസ്റ്റഫർ.

ബെൽജിയത്തിലെ സെബ്രഗ്ഗെ തുറമുഖത്തിൽ നിന്നാണ് 39 അഭയാർഥികളുമായി കണ്ടെയ്നർ ബ്രിട്ടനിലെ എസ്സക്സിലെ പർഫ്ലീറ്റ് തുറമുഖത്തെത്തിയത്. വടക്കൻ അയർലൻഡിൽ നിന്ന് ട്രക്കുമായെത്തിയ മോറിസ് ഈ കണ്ടെയ്നറുമായി യാത്ര തുടരുന്നതിനിടെയായിരുന്നു ദുരന്തം. എങ്ങനെയാണ് 39 പേർ മരിച്ചതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം കരുതിയിരുന്നത് ഇരകളെല്ലാം ചൈനക്കാരാണെന്നായിരുന്നു. തുടരന്വേഷണത്തിലാണ് വിയറ്റ്നാം സ്വദേശികളാണെന്ന സംശയം ഉയർന്നത്. വിയറ്റ്നാമിൽ നിന്നുള്ള ഒട്ടേറെ പേർ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ പേരെ ചോദ്യം ചെയ്യാനും വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 1970 കളിൽ എൻ എച്ച് എസിന്റെ ചികിത്സാപിഴവുമൂലം അശുദ്ധരക്തം രോഗികളിൽ എത്തുകയും അനേകം പേരുടെ മരണത്തിന് ഇടയാകുകയും ചെയ്ത സംഭവത്തിന്റെ കോടതി വിധി പുറത്തു വന്നു. രോഗബാധിതരായ എല്ലാ വ്യക്തികൾക്കും നഷ്ടപരിഹാരമായി ധനസഹായം നൽകണമെന്ന് ജഡ്ജി പുറത്തിറക്കിയ വിധിയിൽ രേഖപ്പെടുത്തുന്നു. ബ്രിട്ടണിൽ താമസിക്കുന്നവർക്കും അല്ലാത്തവർക്കും ഈ ധനസഹായം തുല്യമായിരിക്കണം എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ആളുകൾക്ക് സംഭവിച്ച ദുരന്തത്തിന് യാതൊരു നീതീകരണവും സാധ്യമല്ല എന്നും ജഡ്ജി ബ്രയാൻ ലാങ്സ്റ്റാഫ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 3000 പേരാണ് അന്നത്തെ ചികിത്സാപിഴവുമൂലം മരണപ്പെട്ടത്. വിധിവന്ന പശ്ചാത്തലത്തിൽ ഗവൺമെന്റ് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

1970 മുതൽ 1980 വരെയുള്ള കാലഘട്ടങ്ങളിൽ ബ്രിട്ടണിൽ ഹീമോഫീലിയ ബാധിച്ച രോഗികളിൽ, സ്വീകരിച്ച രക്തത്തിൽ നിന്നും ഹെപ്പറ്റൈറ്റിസും , എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും ശരീരത്തിൽ കടന്നിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ദുരന്ത ബാധിതരായ ആളുകൾ അനുഭവിച്ചത് അതീവ വേദനാജനകമായ കാര്യങ്ങളാണെന്നും, അവർക്ക് ആവശ്യമായ ധനസഹായം നൽകണമെന്നും വിധി പകർപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെയുള്ള ദുരന്തങ്ങളെ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കോടതിവിധി ഗവൺമെന്റിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.


രോഗബാധിതരായ ആളുകൾ വ്യത്യസ്തമായ സ്ഥലങ്ങളിൽ ആണെങ്കിൽ തുല്യമായ ധനസഹായം ലഭിക്കാൻ ഗവൺമെന്റ് മുൻകൈയെടുക്കണമെന്ന് വിധിന്യായം പുറപ്പെടുവിച്ച ജഡ്ജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തെ സംബന്ധിക്കുന്ന പല വിവാദങ്ങളും ബ്രിട്ടണിൽ പുറത്തുവന്നിരുന്നു. രക്തത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടിട്ടും സീനിയർ ഡോക്ടർമാർ അത് തുടരുവാൻ അനുവദിച്ചു എന്ന വിവാദങ്ങൾ ബ്രിട്ടണിൽ ഉയർന്നുവന്നിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് കോടതിവിധി പുറത്തുവന്നിരിക്കുന്നത്. രോഗബാധിതരായ ആളുകൾക്ക് കോടതി വിധി ആശ്വാസാജനകമാണ്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

യു കെയിൽ ഇലക്ട്രിക്ക് കാർ റീചാർജിങ് സ്റ്റേഷനുകൾ കൂടുതലായുള്ളതും മികച്ച രീതിയിൽ സേവനം ലഭ്യമാക്കുന്നതുമായ ഇടങ്ങൾ ഏതൊക്കെ എന്നതിനെ കുറിച്ച് ഒരു പഠനം നടക്കുകയുണ്ടായി. പുറത്തു വന്നിരിക്കുന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നത് ലണ്ടനും സ്കോട്ട്ലാണ്ടുമാണ് ഈ രംഗത്ത് ഏറ്റവും മികച്ച സേവനം നല്കുന്നതെന്നാണ്.റീചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് സ്റ്റേഷനുകൾ ഉള്ളത് യോർക്ക്ഷെയറിൽ ആണ്.

രണ്ടായിരത്തി അമ്പതോടെ കാർബൺ വാതകത്തിന്റെ പുറംതള്ളൽ പൂർണ്ണമായി ഇല്ലാതെയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പഠനം. റീചാർജിങ് സ്റ്റേഷനുകൾ കുറവുള്ള ഇടങ്ങളിൽ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ 5 മില്യൻ യൂറോ അധികൃതർ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇരുപത്തിയഞ്ച് മില്യൻ റീചാർജിങ് സ്റ്റേഷനുകൾ എങ്കിലും തുടങ്ങാൻ കഴിഞ്ഞാൽ മാത്രമേ സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളൂ. ഇപ്പോൾ കണക്കുകൂട്ടിയിരിക്കുന്ന തുക അതിന് പര്യാപ്‌തമല്ലതാനും.

ഇലക്ട്രിക്ക് കാർ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഉദാഹരണമായി ഇലക്ട്രിക് കാർ ഉപയോക്താക്കൾക്ക് പാർക്കിങ് ഫീസ് കുറച്ചു കൊടുക്കുക മുതലായ ഇളവുകൾ. കൂടുതൽ പേർ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിനായി മുന്നോട്ട് വരും എന്ന പ്രതീക്ഷയിൽ ആണ് ഇത്തരം ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നത്.

സാധാരണ വാഹനങ്ങളേക്കാൾ വില കൂടുതൽ ആണ് എന്നതാണ് ഇലക്ട്രിക്ക് വാഹന വിപണി നേരിടുന്ന വെല്ലുവിളി. അതിനാൽ തന്നെ റീചാർജിങ് സ്റ്റേഷനുകളെ കുറിച്ചുള്ള പഠനത്തിന് വർത്തമാന സാഹചര്യത്തിൽ വലിയ പ്രസക്തിയില്ല. അത്ര വിദൂരമല്ലാത്ത ഭാവിയിൽ തന്നെ ഇലക്ട്രിക്ക് വാഹനങ്ങൾ റോഡുകൾ കീഴടക്കുന്നതിനായി കാത്തിരിക്കാം. ഇപ്പോഴുള്ള പെട്രോൾ പമ്പുകൾ റീചാർജിങ് സ്റ്റേഷനുകൾ ആയി മാറിക്കഴിഞ്ഞ കാഴ്ച്ചയാകും നമ്മൾക്കപ്പോൾ കാണാനാകുക.

പി. ഡി ബൗസാലി

ആഫ്രിക്കയെന്നു കേൾക്കുമ്പോൾ എപ്പോഴും “ഇരുണ്ട ഭൂഖണ്ഡ”മെന്ന വിശേഷണം മനസ്സിൽ തങ്ങി നിന്നിരുന്നു. നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു:” നിങ്ങൾ ഞങ്ങൾക്കു മോഹൻദാസ കരംചന്ദ്ഗാന്ധിയെ നൽകി ,ഞങ്ങൾ നിങ്ങൾക്ക് മഹാത്മാഗാന്ധിയെ തിരികെ തന്നു”. ആ രാജ്യം സന്ദർശിക്കുവാനൊരു ക്ഷണം ലഭിച്ചപ്പോൾ, അതു സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. മരുമകൾ മെറിയുടെ മാതാപിതാക്കൾ സൗത്താഫ്രിക്കയുടെ തൊട്ടടുത്ത രാജ്യമായ ബോട്ട്സെവാനയിൽ അധ്യാപക ജോലി ചെയ്യുന്നവരാണവർ . അവരുടെ ക്ഷണപ്രകാരം ഞാനും ഭാര്യ സാലിമ്മയും കൂടി 2019 ആഗസ്റ്റ് 7-)o തീയതി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും തിരിച്ച്‌, ജോഹനാസബർഗ് വഴി ബോട്ട്സവാനയുടെ തലസ്ഥാനമായ ഗാബറോണയിൽ എത്തി. 4 ഫ്ലൈറ്റുകൾ മാറി കയറിയാണ് ഗാബറോണയിൽഎത്തിയത് . അവിടെ ഞങ്ങളെ സ്വികരിക്കുവാൻ മെറിയുടെ സഹോദരൻ, സ്വിറ്റ്ർലാൻഡിൽ ജോലിയുള്ള ടോണിയും, മെറിയുടെ അമ്മ ഷെല്ലിയും എത്തിയിരുന്നു.


ബോട്ട്സവാന ചെറിയ ഒരു ആഫ്രിക്കൻ രാജ്യമാണ്. എന്നാൽ ധാരാളം മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്; അധ്യാപകരായും, ബിസിനസ് കാരായും മറ്റും. ഞങ്ങൾ ചെന്നപ്പോൾ പാരിസിലായിരുന്നു ശ്രീ.കെ എ. ജോർജ് ( മെറിയുടെ പിതാവ് ). ആഗസ്റ്റ് പത്തിനു തിരികെഎത്തി. അപ്പോഴേയ്ക്കും എന്റെ മകൻ ചിന്റുവും അവന്റെ ഭാര്യ ചെറിയും മദ്രാസിൽ നിന്നുമെത്തിയിരുന്നു. മിസ്റ്റർ ജോർജും മറ്റും പ്ലാൻ ചെയ്തിരുന്നതുപോലെ ബോട്സ് വാനയിൽ ജോലി ചെയ്യുന്ന ശ്രീ ആന്റണിയും കുടുംബവും, ദുബായിൽ ജോലി ചെയ്യുന്ന അവരുടെ മകൾ അനീറ്റയും അനീറ്റയുടെ ഭർത്താവ് അജിത്തും , അജിത്തിന്റെ മാതാപിതാക്കളായ അച്ചൻകുഞ്ഞും ജെസ്സിയും, അനീറ്റയുടെ മക്കളായ അർണോൾഡും, എയ്ഡനും ഉൾപ്പെടുന്ന സംഘം ആഗസ്റ്റ്‌ 12 -)0 തീയതി ഉച്ച കഴിഞ്ഞു 3 മണിക്ക് രണ്ടു ടെമ്പോ വാനുകൾ വഴി സൗത്താഫ്രിക്കക്കു തിരിച്ചു. ബോട്സ് വാന വിശേഷം പിന്നീട് ഞാൻ എഴുതാം. 10 ദിവസം നീളുന്ന യാത്രയാണ് സൗത്താഫ്രിക്കയിലേയ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത്.


അന്നു രാത്രി 11മണിയോടു കൂടി ഞങ്ങൾ സൗത്താഫ്രിക്കൻ നഗരമായ കിംബർലിയിലെത്തി. നല്ല തണുപ്പ്. മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു. ഹാഫ് വെയ് ഹൗസ് എന്നു പേരുള്ള ഞങ്ങളുടെ ഹോം സ്റ്റേയിൽ ഞങ്ങൾ രാത്രി ഉറങ്ങി പിറ്റേ ദിവസം രാവിലെ 7 മണിയോടു കൂടി ഞങ്ങളെല്ലാവരും റെഡിയായി യാത്ര തുടങ്ങി. സൗത്താഫ്രിക്കയിലെ പ്രസിദ്ധമായ കാങ്കോ കെയ്‌വ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഔട്‍സ് ഹൂം പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ ദൂരമുള്ള വർണ സുരഭിലമായ കാങ്കോ വാലിയിലാണ് കൗതുകകരമായ ഈ ഗുഹാ സമുച്ഛയം. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള മനോഹരമായ ഒരു പർവതശിഖരത്തിന്റെ അടിത്തട്ടിലുള്ള ഈ ഗുഹ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലുതും സുന്ദരവുമായ ഗുഹയാണ്. മലയുടെ ഉപരിതലത്തിലെ ചെടികളും മരങ്ങളും മറ്റും ദ്രവിച്ചുണ്ടാകുന്ന അസിടിക് കാർബൺഡയോക്സൈഡ് ഉം പർവത ശിഖരത്തിൽനിന്നും ചെറിയ സുഷിരങ്ങൾ വഴി ഒലിച്ചിറങ്ങുന്ന ജലവും കൂടിയുള്ള മിശ്രിതം ലക്ഷകണക്കിനു വർഷങ്ങൾ കൊണ്ട് കട്ടി പിടിച്ച്, ഘനീഭവിച്ച്‌ പരലുകളായി പല രൂപങ്ങളിൽ, ഏതോ മഹാനായ ശില്പി തീർത്ത വിസ്മയകരമായ ആകൃതിയിൽ ഗുഹയുടെ ഉള്ളിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്നു. പ്രകൃതിയാകുന്ന കലാകാരൻ തീർത്ത മനോഹരമായ ഒരു കാഴ്ച വിരുന്നാണ് ഈ ഗുഹാ നമ്മുക്കു സമ്മാനിക്കുന്നത്. ഗുഹകളിലെ പ്രത്യേക പ്രകാശ സംവിധാനത്തിൽ ഉജ്ജ്വലിപ്പിക്കുമ്പോഴുള്ള ഇവയുടെ ഭംഗി വർണനാതീതമാണ്. ഇവിടെയുള്ള പല അറകളിലും വ്യത്യസ്തമായ രീതിയിലാണ് രൂപങ്ങൾ ഉണ്ടായിരിക്കുന്നത്. അവയിലേക്കെത്തുവാൻ തുരങ്കങ്ങളും പടവുകളും തിർത്തിട്ടുണ്ട്. ആറുമണിയോടുകൂടി ഞങ്ങൾ ഗുഹയിൽ നിന്നും പുറത്തിറങ്ങി. അവിടെനിന്നും നൈസ്നാ പട്ടണത്തിൽ ഞങ്ങൾ താമസിക്കുവാൻ സൗകര്യം ചെയ്തിട്ടുള്ള സെൽഫ് കാറ്ററിംഗ് ഹോട്ടലിലേയ്ക്ക് പോയി. ഭക്ഷണം കഴിഞ്ഞ് രാത്രി 11 മണിയോടെ
ഉറങ്ങാൻ കിടന്നപ്പോൾ മനസ്സുനിറയെ കാങ്കോ ഗുഹയുടെ വിസ്മയ കാഴ്ചകളായിരുന്നു, കൂടാതെ  ഇനിയുള്ള യാത്രകളെ കുറിച്ചുള്ള ആകാംഷയും …

തുടരും…. (നൈസാ എലഫന്റ് പാർക്കിന്റെ വിശേഷങ്ങളുമായി ……)

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഡോക്ട്ടേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്നലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയേയും, സാന്മാര്‍ഗ്ഗികതയേയും കുറിച്ചുള്ള സെമിനാര്‍ നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.

മനുഷ്യശരീരത്തെ കേവലം ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ മാത്രം കാണെരുതെന്നും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തേണ്ടവനാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യന്‍റെ ശരീരത്തേയും ആത്മാവിനേയും വേര്‍പെടുത്തികാണാതെ അവന്‍റെ സമ്പൂര്‍ണ്ണതയില്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍. ആന്‍റെണി ചുണ്ടെണ്‍ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ ടൂട്ടര്‍ ഡോ. ഡേവ് ക്രിക്ക് സെമിനാറിന് നേതൃത്വം നല്‍കി. സമകാലിക ലോകത്തിലുള്ള ആരോഗ്യപരിചരണത്തില്‍ ഉയര്‍ന്നു വരുന്ന ധാര്‍മ്മിക സാന്മാര്‍ഗ്ഗിക വിഷയങ്ങള്‍ക്ക് വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എപ്രകാരം പരിഹാരം കണ്‍െത്താനാവുമെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്തു.

സിഞ്ചെല്ലുസ് മോണ്‍. ജോര്‍ജ്ജ് ചേലക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, ഡോ. മിനി നെല്‍സണ്‍, ഡോ. മാര്‍ട്ടിന്‍ ആന്‍റെണി, ഡോ. മനോ ജോസഫ്, ഡോ. സെബി സെബാസ്റ്റ്യന്‍, ഡോ. നീതു സെബാസ്റ്റ്യന്‍, ഡോ. ഷെറിന്‍ ജോസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : 2007 മുതൽ 2017 വരെയുള്ള കാലയളവിൽ ലിവർ ക്യാൻസർ മൂലം മരിച്ചവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവ്. ഹെപറ്റോ സെല്ലുലാർ കാർസിനോമ എന്നറിയപ്പെടുന്ന രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടെത്തിയത് യുകെ ക്യാൻസർ റിസർച്ച് സെന്റർ ആണ്. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം രോഗം മൂർച്ഛിക്കുമ്പോൾ മാത്രമേ അറിയുകയുള്ളൂ എന്നത് മരണസാധ്യത വർദ്ധിപ്പിക്കുന്നു.

രോഗം കണ്ടെത്തി കഴിഞ്ഞാൽ രോഗിക്ക് ഏതാനും മാസങ്ങൾ മാത്രമേ ജീവിതത്തിൽ ശേഷിക്കൂ എന്നതും ഇതിനെ രോഗങ്ങളിലെ വില്ലനാക്കുന്നു. സി ആർ യു കെ യുടെ ചീഫ് എക്സിക്യൂട്ടീവ് ആയ മൈക്കിൾ മിച്ചൽ പറയുന്നു” ക്യാൻസറിൽ നിന്നും രോഗികളെ രക്ഷിക്കാനുള്ള കണ്ടെത്തലുകൾ വളരെയധികം മുന്നേറ്റത്തിൽ ആണ് പക്ഷെ രോഗികളുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്”.

ഒരു ലക്ഷത്തിന് 8.9 ആളുകളാണ് ഈക്യാൻസർ മൂലം മരണപ്പെടുന്നത്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ മരണനിരക്ക് 3200 നിന്ന് 5700 ലേക്ക് ഉയർന്നു. ഒരേസമയം രോഗം കണ്ടെത്തിയവരുടെ എണ്ണത്തിലും 60 ശതമാനത്തിലധികം വർദ്ധനവ്ഉണ്ട്.

വാർധക്യം, എയ്ഡ്സ്, പാരമ്പര്യം, തുടങ്ങിയ ഘടകങ്ങളാണ് രോഗം വരാനുള്ള സാധ്യതകളായി പഠനങ്ങൾ പറയപ്പെടുന്നത് . അമിത വണ്ണവും , ജീവിതശൈലി എന്നിവയും രോഗകാരണങ്ങൾ ആണ്.കൂടാതെ ഏഷ്യക്കാരിലും കറുത്തവർഗക്കാരിലും ഈ രോഗം കൂടുതലായി കാണുന്നു . പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം, മദ്യപാനം എന്നിവ രോഗസാധ്യത കൂട്ടുന്നവയാണ്. ഇംഗ്ലണ്ടിൽ ഉള്ള നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അന്വേഷണവും സമാനമായ വിവരങ്ങളാണ് നൽകുന്നത്.

2014നും 2035-നും ഇടയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം 38 ശതമാനം വർദ്ധിക്കും എന്ന് മിശ്ചൽ പറഞ്ഞു. ലിവർക്യാൻസർ തടയാനുള്ള മാർഗങ്ങൾ ഉടൻ കണ്ടെത്തണമെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹെപ്പറ്റോബിലിയറി സർജൻ ഹാഷിം മാലിക് പറഞ്ഞു. പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലതാണെന്നത് , കരൾ ക്യാൻസറിനെ സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഡിസംബർ മാസം നടക്കുന്ന ജനറൽ ഇലക്ഷനിലേക്കുള്ള പ്രചാരണപരിപാടികൾ ബ്രിട്ടനിൽ ആരംഭിച്ചു. എൻ എച്ച് എസിന്റെ ഭാവി എന്താകുമെന്ന ആശങ്കകളാണ് ആദ്യഘട്ട പ്രചാരണത്തിൽ വിവാദത്തിന് വഴി തെളിയിച്ചിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഭരണം എൻ എച്ച് എസിന്റെ സ്വകാര്യവൽക്കരണത്തിന് കാരണമാകുമെന്ന് ലേബർ പാർട്ടി ആരോപിച്ചിരുന്നു. ബ്രെക്സിറ്റിനുശേഷം എൻ എച്ച് എസിന്റെ ഭാവി അമേരിക്കൻ കുത്തകകളുടെ കൈയിൽ ആകുമെന്ന് അവർ ആരോപിച്ചു. എന്നാൽ എൻഎച്ച് എസിനെ ഒരിക്കലും വിൽപ്പനച്ചരക്കാക്കുകയില്ലെന്ന് കൺസർവേറ്റീവ് പാർട്ടി വൃത്തങ്ങൾ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.


ബ്രെക്സിറ്റിനുശേഷം യു എസുമായുള്ള കരാറിൽ എൻ എച്ച് എസ് അമേരിക്കയിൽ നിന്നുള്ള മരുന്നുകൾക്ക് ഇരട്ടി വില നൽകേണ്ടി വരുമെന്ന വിവാദവും പുറത്തുവന്നിട്ടുണ്ട്. ചാനൽ ഫോർ പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ബ്രിട്ടീഷ് അധികൃതരും യുഎസിലെ മരുന്ന് കമ്പനികളും തമ്മിൽ രഹസ്യ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും അവർ പുറത്തിറക്കിയ ഡോക്യൂമെന്ററിയിൽ രേഖപ്പെടുത്തുന്നുണ്ട്.

 

എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒരിക്കലും എൻഎച്ച് എസിന്റെ ഭാവിയെ തകർക്കുക ഇല്ലെന്നും, മരുന്നുകൾക്ക് വില വർദ്ധിക്കും എന്നത് തെറ്റായ പ്രചാരണം ആണെന്ന് ഗവൺമെന്റ് അധികൃതർ അറിയിച്ചു. എന്നാൽ ഗവൺമെന്റ് നൽകുന്നത് തെറ്റായ വാഗ്ദാനങ്ങൾ ആണെന്ന് ലേബർ പാർട്ടി വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂണിൽ ബ്രിട്ടനിൽ നടത്തിയ സന്ദർശനത്തിൽ എൻ എച്ച് എസ് ഭാവി കരാറുകളിൽ കേന്ദ്ര വിഷയമാകും എന്ന് പറഞ്ഞിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ അദ്ദേഹം ആ പ്രസ്താവന പിൻവലിച്ചിരുന്നു. ഇലക്ഷൻ പ്രചരണത്തിലേക്ക് ഏറ്റവും ചൂടേറിയ വിഷയമായി എൻ എച്ച് എസ് മാറിക്കൊണ്ടിരിക്കുകയാണ്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടീഷ് ഹാൾമാർക്കിങ് കൗൺസിൽ(BHC) ഓൺലൈൻ സ്വർണ്ണവ്യാപരികൾക്കിടയിൽ നടത്തിയ പഠനം പുറത്തുവിടുന്ന ഫലം പഴഞ്ചൊല്ലിൽ പതിരില്ല എന്ന പഴമക്കാരുടെ വചനത്തെ ശരി വെയ്ക്കുന്നതാണ്. ഓൺലൈനായി വാങ്ങുന്ന സ്വർണ്ണാഭരണങ്ങളിൽ അധികവും വ്യാജമാണെന്നാണ് പുതിയ കണ്ടെത്തൽ. കാതിലും കഴുത്തിലും കിടന്ന് തിളങ്ങുന്നതെല്ലാം പൊന്നാകണം എന്നുറപ്പു പറയാനാകില്ല എന്നു സാരം.

സ്വർണ്ണം , വെള്ളി , പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളാൽ നിർമ്മിതമായ , ഒരു പരിമിത തൂക്കത്തിൽ കൂടുതൽ ഉള്ള എന്തും വിൽക്കണമെങ്കിൽ ഹാൾമാർക്ക് വേണമെന്നാണ് യു കെ-യിലെ നിയമങ്ങൾ അനുശാസിക്കുന്നത്. സ്വർണ്ണം എന്ന പേരിൽ ഒരു ആഭരണമോ മറ്റെന്തിങ്കിലുമോ വിൽക്കുന്നുണ്ട് എങ്കിൽ ഹാൾമാർക്ക് നിർബന്ധം ആണ് . ഹാൾമാർക്ക് ഇല്ലായെങ്കിൽ പ്രസ്തുത വസ്തുവിന്റെ വില്പന നിയമവിരുദ്ധമാണ്. 150,000ൽപരം വ്യാജ സ്വർണ്ണാഭരണങ്ങൾ ഒരു വർഷം യു കെ-യിൽ മാത്രം വിൽക്കപ്പെടുന്നു എന്നാണ് ബി എച്ച് സി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

ബി എച്ച് സി ചെയർമാൻ നോയൽ ഹണ്ടർ പറയുന്നത് ആകെയുള്ളത്തിന്റെ ചെറിയൊരു ശതമാനം സാമ്പിളുകൾ മാത്രമാണ് തങ്ങൾ പരിശോധിച്ചത് എന്നാണ്. അതിനാൽ തന്നെ ഓൺലൈനായി സ്വർണ്ണം വാങ്ങുമ്പോൾ ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങൾ ആണോ തിരഞ്ഞെടുക്കുന്നത് എന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുള്ളവർ അഭിപ്രായപെടുന്നു.

ഗവണ്മെന്റിന് ചില കാര്യങ്ങൾ ഈ വിഷയത്തിൽ ചെയ്യാനുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഓൺലൈൻ വ്യാപാരങ്ങളെ നിയന്ത്രിച്ചു നിർത്താൻ ഭരണസംവിധാനങ്ങൾക്ക് കഴിയണം. ഗുണമേന്മയുള്ള ആഭരണങ്ങൾ ആണ് വില്പനയ്ക്ക് വെച്ചിരുക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ ഗവണ്മെന്റിനാകും. ഓൺലൈൻ ആഭരണ വിപണിയിൽ ഹാൾമാർക്കിങ് നിർബന്ധമാക്കിയാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും.

RECENT POSTS
Copyright © . All rights reserved