Main News

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് സയൻസ് , എചിനീയറിംഗ് , ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ആകർഷിക്കാനായി പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ ഉടൻ പ്രഖ്യാപിക്കും . യുകെയിലേയ്ക്ക് സാങ്കേതിക വിദഗ്ധരെയും ശാസ്ത്രജ്‌ഞരെയും ആകർഷിക്കാനായിട്ട് ടാലന്റ് വിസയുടെ പരിധി നിർത്തലാക്കുകയും അതോടൊപ്പം തന്നെ ആശ്രിതവിസയിൽ വരുന്നവർക്ക് യുകെയിൽ ജോലി ചെയ്യുവാനുള്ളഅവസരം ഉണ്ടായിരിക്കുകയും ചെയ്യും . ഇതുകൂടാതെ വിസ ലഭിക്കുന്നതിനായി യുകെയിൽ വരുന്നതിനു മുൻപു തന്നെ തൊഴിൽ ലഭിച്ചിരിക്കണം എന്ന നിബന്ധന നീക്കം ചെയ്യാനും സർക്കാർ ആലോചിക്കുന്നു .

ലോകത്തിലെ ഏറ്റവും മികച്ച ആഗോള പ്രതിഭകളെ യുകെയിലേയ്ക്ക് ആകർഷിക്കുന്നതിനായി ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ ഏറ്റവും സമ്പന്നമായി മാറണമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീൽ പറഞ്ഞു .  യുകെയിലേയ്ക്ക് വരുന്നവർ രാജ്യത്തിന് എത്രമാത്രം സംഭാവന നൽകാൻ പ്രാപ്തരാണ് എന്നതിനെകുറിച്ച് പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നെന്ന് പട്ടേൽ പറഞ്ഞു . ഈ വർഷം അവസാനം ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ വരണമെന്നാണ് ഗവൺമെൻറ് ആഗ്രഹിക്കുന്നത് .ബ്രെക്സിറ്റ്‌ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം ആക്കിയ ബോറിസ് ജോൺസൻ തൻെറ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തെല്ലാം ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനത്തിനുവേണ്ടി വാദിച്ചിരുന്നു .

 

2016 ജൂൺ 23നാണ് ഒരു റഫറണ്ടത്തിലൂടെ യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. എന്നാൽ അതിനെത്തുടർന്ന് അനേക പ്രതിസന്ധികൾ ബ്രിട്ടനിൽ ഉടലെടുത്തു. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ പതനത്തിനും കാരണം ബ്രെക്സിറ്റ്‌ തന്നെയായിരുന്നു. എന്നാൽ പുതിയ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന വിശ്വാസത്തിലാണ് ബ്രിട്ടീഷ് ജനത. എന്ത് വന്നാലും ഈ ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ബോറിസ് ജോൺസൻ. ഇത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിക്കുന്നു. നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാലും യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട് . എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. തെരേസ മേയുടെ കാലത്തെ പിൻവലിക്കൽ കരാർ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പാർക്കുന്ന യുകെ പൗരന്മാർക്ക് താൽകാലിക അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ട്. പക്ഷേ അതിന് പാർലിമെന്റ് അംഗീകാരം ലഭിച്ചിട്ടില്ല. ഒരു നോ ഡീൽ ബ്രെക്സിറ്റിനുള്ള സാധ്യതകൾ ഏറിവരുന്നു.

നോ ഡീൽ ബ്രെക്സിറ്റാണ് നടക്കുന്നതെങ്കിൽ ഒറ്റ രാത്രികൊണ്ട് കാര്യങ്ങൾ പലതും മാറിമറിയുമെന്നാണ് കണക്കുകൂട്ടൽ. യുകെയിൽ ജനിച്ച 1.3 മില്യൺ ആളുകൾ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി താമസിക്കുന്നു. യുകെയിൽ 3.2 മില്യൺ യൂറോപ്യൻ യൂണിയൻ പൗരന്മാരും ഉണ്ട്. പിൻവലിക്കൽ കരാർ പ്രകാരം 2020 ഡിസംബർ 31 വരെ നിലവിലെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ, യൂണിയനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈയൊരു സമീപനം യുകെയും നടത്തേണ്ടതുണ്ട്. യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷ് സന്ദർശകർക്കായി വിസാ രഹിത യാത്ര, കമ്മീഷൻ നിർദേശിച്ചു. പിൻവലിക്കൽ കരാറിനൊപ്പം സമ്മതിച്ച രാഷ്ട്രീയ പ്രഖ്യാപനത്തിൽ യൂണിയനും യുകെയും തമ്മിലുള്ള വ്യക്തികളുടെ സ്വതന്ത്ര മുന്നേറ്റത്തിന്റെ തത്വം ബാധകമല്ല എന്ന് യുകെ പറയുകയുണ്ടായി. ഒരു നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാൽ ഈ പ്രഖ്യാപനം അസാധുവാകും.യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷുകാരുടെ നിയമങ്ങൾ അമേരിക്കകാർക്കും ചൈനക്കാർക്കും തുല്യമായിരിക്കും. പല രാജ്യങ്ങളും യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പൊതുവെ താൽക്കാലികം മാത്രമാണ്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരെ നോ ഡീൽ ബ്രെക്സിറ്റ്‌ ബാധിക്കും. ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിന് തടസം നേരിടും. തൊഴിൽ അപേക്ഷകളിൽ ബ്രിട്ടീഷുകാർ ഇപ്പോൾ വിവേചനം കാണിക്കുന്നുവെന്ന് ജർമ്മനിയിൽ താമസിക്കുന്ന ഡാനിയേൽ ടെറ്റ്ലോ പറഞ്ഞു. ഈയൊരു അവസ്ഥ തന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ബ്രിട്ടീഷ് വിദ്യാർത്ഥികളും അനുഭവിക്കേണ്ടി വരും. പിൻവലിക്കൽ കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് നിലവിലെ വ്യവസ്ഥയിൽ തുടരാനാകുമെങ്കിലും 2021ഓടെ ട്യൂഷൻ ഫീസ് വർധിക്കും. നോ ഡീൽ ബ്രെക്സിറ്റിനു ശേഷം ആരോഗ്യമേഖലയിലെ സ്ഥിതിയും മാറിമറിയും. യൂറോപ്യൻ യൂണിയനിലെ യുകെ പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂടും. മരുന്നുകളുടെ രജിസ്‌ട്രേഷനും വിതരണവും വൈകും. യൂറോപ്യൻ ഹെൽത്ത്‌ ഇൻഷുറൻസ് കാർഡ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും അസാധുവായി മാറും.സ്പെയിനിൽ താമസിക്കുന്ന 310000 ബ്രിട്ടീഷുകാരിൽ 65000 പേർ സ്ഥിരതാമസക്കാരാണ്. നോ ഡീൽ ബ്രെക്സിറ്റിനുശേഷം ബ്രിട്ടൻ മൂന്നാം രാജ്യമായി മാറുന്നതോടെ സ്പെയിനിൽ നിയമപരമായി താമസിക്കാൻ പൗരന്മാർക്ക് കുറഞ്ഞത് 26000 ഡോളർ വാർഷിക വരുമാനം തെളിയിക്കേണ്ടതുണ്ട്. ഇത് ചില ബ്രിട്ടീഷ് പെൻഷൻകാർക്ക് പ്രശ്നമായി മാറും. ഫ്രാൻസിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് അവരുടെ അവകാശങ്ങൾ ഒരു വർഷത്തെ പരിവർത്തന കാലയളവിൽ സംരക്ഷിക്കപ്പെടും. കൂടാതെ ആദ്യത്തെ ആറുമാസത്തിനുള്ളിൽ ഒരു റസിഡന്റ് പെർമിറ്റിനായി അപേക്ഷിക്കേണ്ടതുണ്ട്. ഒക്ടോബർ 31ഓടെ നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാൽ പുതിയ താമസാനുമതിക്കായി രജിസ്റ്റർ ചെയ്യാൻ അവിടെ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് 9 മാസത്തെ സമയം ജർമ്മനിയും നൽകുന്നുണ്ട്.

ബ്രിട്ടീഷ് മോഡലും വിദ്യാർത്ഥിനിയുമായ പെൺകുട്ടി സൗത്ത് ആഫ്രിക്കയിൽ സൂര്യോദയം ആസ്വദിക്കുന്നതിനിടെ തിരമാലയിൽ പെട്ട് മരിച്ചു. സിനഡ് മോഡലിയർ എന്ന പത്തൊൻമ്പതു കാരിയാണ് സൗത്താഫ്രിക്കയിൽ അവധി ആഘോഷിക്കുന്നതിനിടെ മരണപ്പെട്ടത്. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി വിദ്യാർഥിനിയായിരുന്നു പെൺകുട്ടി.

കടലിനോട് ചേർന്ന് ഉണ്ടായിരുന്ന ഒരു പാറയുടെ പ്രതലത്തിൽ നിൽക്കുമ്പോഴായിരുന്നു തിരമാലകൾ സിനഡിനെ കടലിലേക്ക് വലിച്ചടുപ്പിച്ചത്. ഡർ ബൻനു സമീപമുള്ള ബീച്ചിൽ പ്രഭാതത്തിൽ സൂര്യോദയം കാണുവാൻ പോയപ്പോഴായിരുന്നു അപകടം നടന്നത്. ഏകദേശം അഞ്ചേകാലോടെ വലിയ നിലവിളികൾ കേട്ടതായി സമീപപ്രദേശങ്ങളിലു ള്ളവർ പറഞ്ഞു.

ജീവൻരക്ഷാ പ്രവർത്തകരും, പാരാമെഡിക്കൽ സ്റ്റാഫു കളും മറ്റും വെള്ളത്തിൽ നിന്ന് സിനഡിനെ രക്ഷിച്ചെങ്കിലും ആശുപത്രിയിൽ വച്ച് മരിച്ചു.ലണ്ടൻ മോഡലിംഗ് ഏജൻസിയുമായി കരാർ ഒപ്പിട്ടിരിക്കുകയായിരുന്നു മകളെന്നു പിതാവ് ബോബ് മോഡലിയർ പറഞ്ഞു. എല്ലാവരുംകൂടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സഫലമായില്ല. കടൽ അന്ന് പതിവിൽ നിന്നു ക്ഷുഭിതം ആയതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ വീഴ്ചയിൽ തല ഒരു പാറയുടെ മുകളിൽ ഇടിച്ചുള്ള ക്ഷതവും മരണകാരണമായി. ഞങ്ങൾക്ക് ഇപ്പോഴും മകൾ മരണപ്പെട്ടു എന്ന വസ്തുത വിശ്വസിക്കാനാകുന്നില്ല എന്ന് പിതാവ് വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.

“ഇല്ല നിനക്ക് ഞങ്ങളുടെ ഒപ്പം കളിക്കാനാകില്ല കാരണം നീ ഒരു തീവ്രവാദിയാണ്” ലണ്ടനിലെ ഒരു പാർക്കിൽ മുൻസിമർ കൗറിനോട് ചില കുട്ടികൾ പറഞ്ഞതിങ്ങനെ.

ലണ്ടനിലെ കളിസ്ഥലത്ത് വെച്ച് തീവ്രവാദി എന്ന് വിളിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക സ്കൂൾ വിദ്യാർഥിനിയായ സിഖ്കാരി പെൺകുട്ടി മുൻസിമർ കൗർ മറുപടിയായി പറഞ്ഞ വീഡിയോ വൈറലാകുന്നു. വർഗ്ഗ വർണ്ണ വിവേചനങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തിന് കൂടുതൽ അറിവും എക്സ്പോഷറും ആണ് വേണ്ടത് എന്ന് വീഡിയോയിൽ പറയുന്നു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പാർക്കിൽ പോയപ്പോൾ മോശം അനുഭവങ്ങൾ ആണ് ഉണ്ടായത്. നാല് കൗമാരക്കാരായ കുട്ടികളും ഒരു ചെറിയ പെൺകുട്ടിയുടെ അമ്മയും തന്നോട് മോശമായി പെരുമാറി. കൗമാരക്കാരായ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും കളിച്ചുകൊണ്ടിരുന്ന ഗെയിമിൽ എന്നെയും കൂട്ടാമോ എന്ന് ചോദിച്ചപ്പോൾ ഇല്ല നീ കളിക്കേണ്ട കാരണം നീയൊരു തീവ്രവാദിയാണ് എന്നായിരുന്നു മറുപടി. അവരുടെ വാക്കുകൾ കേട്ട് എന്റെ ഹൃദയം പൊടിഞ്ഞു പോയെങ്കിലും ഞാൻ മറുപടിയൊന്നും പറയാതെ തലയുയർത്തിപ്പിടിച്ചു തിരികെ നടന്നു പോയി. പിറ്റേ ദിവസം ഒരു ഒൻപത് വയസ്സുകാരി പെൺകുട്ടിയുമായി കൂട്ട് കൂടി കളിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ അമ്മ “അപകടകാരിയായ പെൺകുട്ടിയുടെ കൂടെ കളിക്കേണ്ട “എന്ന് പറഞ്ഞു തിരികെ വിളിച്ചു. അവൾ എന്നോട് അമ്മയ്ക്ക് വേണ്ടി ക്ഷമ ചോദിച്ചിട്ടാണ് മടങ്ങിയത്.

ചില വ്യക്തികൾ ഇപ്പോഴും എത്രമാത്രം ഇടുങ്ങിയ ചിന്താഗതിക്കാരാണ്. സമൂഹത്തിന് കൂടുതൽ അറിവും പ്രബുദ്ധതയും ആവശ്യമാണ്. സിക്കുകാർ പൊതുവേ ശാന്തനും സ്നേഹമുള്ളവരുമാണ് എന്തൊക്കെ സംഭവിച്ചാലും അത് അങ്ങനെതന്നെയായിരിക്കും. എനിക്ക് സംഭവിച്ചതുപോലെ എത്രപേർക്ക് സംഭവിച്ചിട്ടുണ്ടാകും, എന്നാൽ വിവേചനത്തെ കുറിച്ച് പുറത്തുപറയാതെ കയ്പ്പു നിറഞ്ഞ അനുഭവങ്ങൾ സഹിക്കേണ്ട കാര്യം ഇല്ല. നല്ല വ്യക്തികളോട് സൗഹൃദം ഉണ്ടാക്കി നല്ല രീതിയിൽ ജീവിക്കുകയാണ് വേണ്ടത്. അവൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു

നീണ്ട 90 വർഷങ്ങളുടെ പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ആണ് ഇബ്രാഹിം നബിക്ക് ഇസ്മായിൽ എന്ന കുഞ്ഞ് പിറക്കുന്നത്. അടിമ വൃത്തി ചെയ്ത് ജീവിച്ചിരുന്ന ഹാജറ എന്ന സ്ത്രീയിലാണ് ഇബ്രാഹിം നബിക്ക് കുഞ്ഞ് ജനിച്ചത്. അല്ലാഹുവിനെ അങ്ങേയറ്റം സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത മാതാപിതാക്കൾക്ക് പക്ഷേ അധികം സന്തോഷിക്കാൻ ആയില്ല. ദിവസങ്ങളോളം മരുഭൂമികൾ താണ്ടി എത്തിപ്പെടേണ്ട വിജന പ്രദേശമായ മക്കയിൽ കുട്ടിയെയും ഉമ്മയേയും വിട്ടേച്ചു പോരാൻ അല്ലാഹുവിന്റെ കല്പന വരുന്നു. കല്പനപോലെ ഇബ്രാഹിം നബി കുഞ്ഞിനെയും സഹധർമ്മിണിയെയും കൂട്ടി മക്കയിലെത്തി. മൊട്ടക്കുന്നുകളും കൂറ്റൻ പാറക്കല്ലുകളും മാത്രമുള്ള മക്കയിൽ ഒരിറ്റു വെള്ളം പോലും ലഭ്യമല്ല. ആരാരും ആ വഴിക്ക് വരുമെന്ന് പ്രതീക്ഷയുമില്ല. അല്ലാഹുവിന്റെ കാവലിൽ ഭാര്യയെയും മകളെയും അവിടെ വിട്ടിട്ട് ഇബ്രാഹിം നബി മക്കയിൽനിന്ന് തിരിച്ചുപോയി.

 

ദാഹിച്ചുവലഞ്ഞ കുട്ടിക്ക് ഒരിറ്റു വെള്ളത്തിന് വേണ്ടി സഫാ മർവ്വ കുന്നുകൾക്കിടയിൽ ഹാജറ പരക്കം പാഞ്ഞു. രണ്ട് കുന്നുകൾക്കിടയിലും മാറിമാറി പലപ്രാവശ്യം നോക്കി. പക്ഷേ ഒരു ഫലവും ഇല്ലായിരുന്നു. കാലിട്ടടിച്ച ഇസ്മായിൽ എന്ന പിഞ്ചോമനയുടെ കാലിൽ തട്ടിയ ഭാഗത്തു നിന്നും വെള്ളം പൊട്ടിയൊഴുകി. അതാണ് സംസം. വറ്റാത്ത ഉറവ ഇപ്പോഴും ജനകോടികളുടെ ദാഹമകറ്റുന്നു. ഏഴുവർഷത്തിനുശേഷം ഹാജറയേയും കുഞ്ഞിനെയും കാണാൻ ഇബ്രാഹിം മക്കയിലെത്തി. ഏഴു വയസ്സായ കുഞ്ഞിനെ കണ്ട് ഇബ്രാഹിം നബിക്ക് സന്തോഷമായി. എന്നാൽ അധികനാൾ സന്തോഷമായിരിക്കാൻ ആയില്ല, വീണ്ടും അല്ലാഹുവിന്റെ പരീക്ഷണം വരുന്നു കുട്ടിയെ ബലികൊടുക്കാൻ. ഇബ്രാഹിം നബി കുലുങ്ങിയില്ല. മറിച്ച് കത്തി കയ്യിൽ കരുതി കുട്ടിയെയും കൂട്ടി ആ പ്രവാചകൻ നടന്നു. കാര്യം മകനെ ബോധ്യപ്പെടുത്തിയപ്പോൾ മകനും സമ്മതം. അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുക തന്നെ. കുട്ടിയെ കിടത്തി കത്തി കഴുത്തിൽ വച്ചപ്പോഴാണ് ജിബ്രീൽ മാലാഖ ആടുമായി വരുന്നതും, പകരം ആടിനെ ബലികൊടുക്കാൻ പറയുന്നതും, ഇബ്രാഹിം നബി പരീക്ഷണത്തിൽ വിജയിച്ചുവെന്ന് പ്രഖ്യാപിക്കുന്നതും .

മുസ്ലിങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ബലിപെരുന്നാളിന്റെ ചരിത്രപശ്ചാത്തലം ആണിത്. 4000 വർഷങ്ങൾക്കു മുമ്പ് അല്ലാഹുവിന്റെ മാർഗത്തിൽ സർവവും ത്യജിക്കാൻ തയ്യാറായ ഒരു പിതാവിന്റെയും മാതാവിന്റെയും മകന്റെയും കഥ മുസ്ലിങ്ങൾ ഓരോ വർഷവും അനുസ്മരിക്കുന്നു. മക്കയിൽ ഹാജറയും ഇസ്മായിലും ഇബ്രാഹിമും ജീവിച്ച സ്ഥലത്ത് ലക്ഷോപലക്ഷം ജനങ്ങൾ ഒരുമിച്ചുകൂടി ഹജ്ജ് നിർവഹിക്കുന്നു.

പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയ ജീവിതം അസഹനീയമാണ് എന്ന് വിധിയെഴുതി കുതറിമാറുന്നവർക്കും ജീവിതം അവസാനിപ്പിക്കുന്നവർക്കും ബലിപെരുന്നാൾ നൽകുന്ന ശക്തമായ സന്ദേശം മറക്കാനാവില്ല. ആരോരുമില്ലാത്ത മരുഭൂമിയിൽ പോയി ഒരു നഗരം പണിയാനാണ് ഹാജറയും ഭർത്താവ് ഇബ്രാഹിം നബിയും ധൈര്യം കാണിച്ചത്. അത് സമൂഹത്തിനു നൽകിയ സംഭാവനകൾ ചെറുതല്ലായിരുന്നു.

എന്നാൽ ഇത്തവണത്തെ ബലിപെരുന്നാളിന് ഒരുനാൾ ജീവൻ തുടിച്ചിരുന്ന, എന്നാൽ ഇപ്പോൾ ചോദ്യചിഹ്നമായി അവശേഷിക്കുന്ന, ഒരുപാട് നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെയുള്ള സഹായഹസ്തം ആണ് വേണ്ടത്. പകലന്തിയോളം വിയർപ്പൊഴുക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കട്ടെ. സഹജീവികളോടുള്ള സ്നേഹവും സഹനവും ഉയർത്തിപ്പിടിച്ചു കൊണ്ട്, ലോകമെമ്പാടും ആഘോഷിക്കുന്ന ബലിപെരുന്നാളിനെ നമുക്ക് വരവേൽക്കാം, അതിജീവനത്തിന്റെ പാതയിൽ.


ജാഫർ സാദിക്ക് സിദ്ധീഖി
ചീഫ് ഇമാം
ഈസ്റ്റ്‌ ജുമാ മസ്ജിദ് ആലപ്പി.

 

ബ്രിട്ടനിൽ പലഭാഗത്തും ഇന്ന് ഉച്ചയോടു കൂടി ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിലും, സ്കോട്ട്ലാൻഡിലെ പലഭാഗങ്ങളിലും യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിന്റെ ഭാഗമായി ബ്രിട്ടനിൽ നടത്താനിരുന്ന പല ആഘോഷങ്ങളും മാറ്റിവെച്ചിരുന്നു. കോൺവോളിൽ നടത്താനിരുന്ന സംഗീത- കായിക ആഘോഷമായ ബ്രോഡ്‍മാസ്റ്റർസ് ഫെസ്റ്റിവൽ മാറ്റിവെച്ചു.

എന്നാൽ പുതിയ മുന്നറിയിപ്പുകൾ അനുസരിച്ച് അറ്റ്ലാന്റിക്കിൽ രൂപപ്പെട്ട ന്യൂനമർദ്ദം മൂലം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ചില ഭാഗങ്ങളിൽ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും, മഴ പെയ്യുന്നിടത്തു മണിക്കൂറിൽ 20 മില്ലി മീറ്റർ മുതൽ 40 മില്ലി മീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിശക്തമായ കാറ്റും മിന്നലും മഴയോടൊപ്പം ഉണ്ടാകും.

ഗ്ലാസ്ഗോയിലും, എഡിൻബറോയിലും, പെർത്തിലും അതി ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ യാത്ര തടസ്സങ്ങളും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. അതിനാൽ ചില ഭാഗങ്ങളിൽ റോഡുകൾ അടച്ചിടാൻ ഉള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ട്രെയിൻ, ബസ് യാത്രകൾക്ക് കൂടുതൽ സമയം എടുക്കാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

നാളെയോടെ ശക്തമായ മഴ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഈ ആഴ്ച ചൊവ്വ മുതൽ വ്യാഴം വരെ പലഭാഗങ്ങളിലും ഇടയ്ക്കിടയ്ക്ക് മഴപെയ്യാനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അപകട സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നൽകി.

സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ജോലിയുടെ നീരാളി പിടുത്തത്തിൽ നിന്ന് ഓഫീസു വിട്ടാലും മോചനം ഇല്ലന്നാണ് 10 ൽ 6 ബ്രിട്ടീഷുകാരും കരുതുന്നത് . ഏതു നിമിഷവും മൊബൈൽ , വാട്ട്സ് ആപ്പ് ,ഫെയ്‌സ് ബുക്ക് തുടങ്ങിയ വാർത്താവിനിമയ മാർഗങ്ങളിലൂടെ കസ്റ്റമേഴ്സിനും മേലുദ്യോഗസ്ഥവർക്കും സഹപ്രവർത്തകർക്കും തങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നതും ജോലി സ്ഥലത്ത് അല്ലെങ്കിൽ പോലും തൊഴിൽ സംബന്ധമായ കാര്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതുമാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം .

40 വയസ്സിൽ കൂടുതലുള്ള 2000 ഓഫീസു ജോലിക്കാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത് . ഇതിൽ പകുതിയോളം പേരും പത്ത് മുതൽ 20 വർഷത്തോളം മുൻപ് ജോലി ചെയ്തതിനേക്കാൾ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു . അതിൽ ഭൂരിഭാഗത്തിനും ശമ്പളം പോലും ലഭിക്കാതെ ഓഫീസ്‌ സമയം കഴിഞ്ഞ് വീട്ടിലും തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ മുഴുകേണ്ടതായി വരുന്നു .

വീട്ടിൽ ഭാര്യയും മക്കളുമായി കഴിയുന്ന സമയത്ത് ജോലി സംബന്ധമായ ഫോൺ സംഭാഷണത്തിൽ ഏർപ്പെടുന്നതും ഇ – മെയിൽ അയക്കുന്നതുമൊക്കെ പതിവായി ചെയ്യേണ്ടതായി വരുന്നു . പക്ഷെ അതു തങ്ങളുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് തൊഴിൽ സംബന്ധമായ കാര്യങ്ങളെ കൊണ്ടുവരുകയും പല അവസരങ്ങളിലും വീട്ടിലെ സ്വസ്ഥതയും കൂടി നശിപ്പിക്കുന്നതായി ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു . സിക്ക് ലീവ് ഉള്ളപ്പം പോലും ജോലി സംബന്ധമായ മെയിലുകളോ ഫോണുകളോ തങ്ങൾക്ക് ഒഴിവാക്കാൻ പറ്റുന്നില്ലന്ന് 10 ൽ 6 പേരു അഭിപ്രായപ്പെട്ടു .നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ ജോലി സ്ഥലവും വീടും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം തങ്ങൾക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് ഭുരിപക്ഷത്തിൻെറയും അഭിപ്രായം .

ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിച്ചുകൊണ്ട് എൻഎച്ച്എസിനെതിരെ വീണ്ടും ആരോപണം ഉയർന്നിരിക്കുന്നു. 51കാരിയായ ജാക്കി ഹോഡ്‌ലിയുടെ മക്കളായ മാത്യു (15), എല്ലി (8)എന്നിവർ അപസ്മാരം, മസ്തിഷ്കക്ഷതം എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. 24 മണിക്കൂറും സംരക്ഷണം ആവശ്യമുള്ള കുട്ടികളാണ് ഇരുവരും. എല്ലി എന്ന കുട്ടിയ്ക്ക് കാഴ്ചയും ഇല്ല. ഈസ്റ്റ്‌ സസ്സെക്‌സ് ഹെൽത്ത്‌ കെയർ എൻഎച്ച്എസ് ട്രസ്റ്റ്‌, ഓരോ കുട്ടിയ്ക്കും ദിവസേന അഞ്ചു പാഡുകൾ വീതം നൽകാറുണ്ടായിരുന്നു. ഒപ്പം ഒരു സ്പെഷ്യലിസ്റ്റ് നഴ്‌സിന്റെ സഹായവും ഉണ്ടായിരുന്നു. രണ്ട് കുട്ടികളും 24 മണിക്കൂറും പാഡുകൾ ധരിക്കേണ്ടിവരുന്നു. എന്നാൽ ഏപ്രിൽ മുതൽ പാഡുകളുടെ എണ്ണം ഒരു ദിവസം 3 എണ്ണം മാത്രമാക്കി എൻഎച്ച്എസ് ചുരുക്കി.

“കുട്ടികളെ സംരക്ഷിക്കാൻ ഒരു വർഷം 1600 പൗണ്ട് വേണ്ടിവരും . പുറത്തുപോകുമ്പോൾ പാഡുകൾ മാറ്റിയില്ലെങ്കിൽ അത് ദുർഗന്ധത്തിന് കാരണമാകും. സമീപത്തു നിൽക്കുന്ന ആളുകൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. ഞങ്ങൾ തന്നെ കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റു അസുഖങ്ങൾ ഉണ്ടാവും. സാമൂഹ്യപ്രവർത്തകർ ഞങ്ങളോട് ചോദിക്കും, കുട്ടികളെ നിങ്ങൾ നോക്കുന്നില്ലെ എന്ന്?” അവൾ കൂട്ടിച്ചേർത്തു. “നിങ്ങൾ എത്ര തവണ ടോയ്‌ലെറ്റിൽ പോകും? 3 തവണ പോയി കഴിഞ്ഞ് ഇനി പോകരുതെന്ന് പറയുന്നപോലെയാണിത്. ഇത് മനുഷ്യാവകാശലംഘനമാണ് ” ജാക്കി ആരോപിച്ചു. ഇതിനെപറ്റി എൻഎച്ച്എസിലെ സേവന മേധാവിയോട് ആദ്യം പരാതിപ്പെട്ടപ്പോൾ സഹായിക്കാൻ ഒരു നിവർത്തിയുമില്ലെന്നാണ് അവർ അറിയിച്ചത്.

വികലാംഗരായ എല്ലാവർക്കും ആവശ്യമുള്ളത്ര പാഡുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം ഓൺലൈനിൽ നൽകിയിട്ടുണ്ട് . നിലവിൽ 75000 പേരുടെ ഒപ്പുകൾ അതിലുണ്ട്. ജാക്കി പറഞ്ഞു “ഞങ്ങൾ കുട്ടികൾക്കുവേണ്ടി പോരാടുന്നില്ലെന്നാണ് അവർ കരുതുന്നത്. എന്നാൽ ഞങ്ങളുടെ കുട്ടികൾ സുരക്ഷിതരും ആരോഗ്യവാന്മാരുമായി ജീവിക്കുവാൻ വേണ്ടി ഞങ്ങൾ എപ്പോഴും പോരാടും.” ഈ നിവേദനത്തെ എംപി സ്റ്റീഫൻ ലോയ്ഡ് പിന്തുണച്ചു. ഈ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകൾ അദ്ദേഹം പാർലിമെന്റിൽ വിശദീകരിച്ചിരുന്നു.എന്നാൽ ആരോഗ്യ, സാമൂഹിക പരിപാലന സെക്രട്ടറി മാറ്റ് ഹാൻകോക്കുമായി കൂടികാഴ്ച നടത്തുമെന്ന് ലോയ്ഡ് പറഞ്ഞെങ്കിലും അത് ഇതുവരെയും നടന്നിട്ടില്ല .

മുൻപ് വിവാഹ ചടങ്ങുകൾ നടക്കുന്നിടത്തു തന്നെ രജിസ്റ്റർ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇനിമുതൽ അവിടെ ഒരു മാര്യേജ് ഷെഡ്യൂൾ ഒപ്പിടുകയാണ് വേണ്ടത്. അതിനുശേഷം ലോക്കൽ രജിസ്റ്റർ ഓഫീസിൽ പോയി വേണം നിയമപരമായ വിവാഹ രജിസ്ട്രേഷൻ നടത്താൻ. ദമ്പതിമാർ നേരിട്ട് ചെല്ലുകയോ മറ്റാരെയെങ്കിലും ഏൽപ്പിക്കുകയോ ചെയ്യാം. എന്നാൽ ഇതുരണ്ടും നടക്കാത്ത പക്ഷം ദമ്പതിമാർ നടപടികൾ നേരിടേണ്ടി വരും.

വിവാഹം ഒരാഴ്ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കി 1000 പൗണ്ട് വരെ പിഴ ഈടാക്കാം. എന്നാൽ രെജിസ്റ്റർ ചെയ്യാനുള്ള കാലാവധി ഒരാഴ്ചയാണ്. ഒരു വർഷം ഏകദേശം 60,000 വിവാഹങ്ങളാണ് മതപരമായി നടക്കുന്നത്. സിസ്റ്റം മാറ്റുന്ന സ്ഥിതിക്ക് രജിസ്റ്റർ ഓഫീസുകളിലും മാറ്റങ്ങൾ വേണ്ടിവരും, ഇതിനനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പരിശീലനം നൽകുകയും വേണം. മാത്രമല്ല ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുടെ കീഴിലുള്ള പള്ളികളിൽ ഏകദേശം 20, 000 വരുന്ന ക്ലർജിക്ക് പുതിയ സിസ്റ്റത്തെക്കുറിച്ച് പരിശീലനം നൽകാൻ ഇനി മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു.

ലണ്ടനിലെ ആംഗ്ലിക്കൻ പ്രീസ്റ്റ് മാർക്കസ് വാക്കർ പറയുന്നത് ഇതൊരു നല്ല മാറ്റമാണ് എന്നാണ്. ഈ രേഖകളൊക്കെ രജിസ്റ്റർ ചെയ്ത് രേഖകളായി സൂക്ഷിക്കുന്നത് നല്ല ചെലവും ശ്രദ്ധയും വേണ്ടെ ഉത്തരവാദിത്വമാണ്. അത് കൂടുതൽ മികച്ച രീതിയിൽ ആകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർ ആംബുലൻസ് സർവീസിന്റെ വിലപിടിപ്പുള്ള ഫ്ലൈറ്റ് ഹെൽമെറ്റ് മോഷണം പോയി. ഏകദേശം 3000 പൗണ്ടോളം വിലയുള്ളതാണ് ഈ ഹെൽമെറ്റ്. പാരാമെഡിക്കൽ സ്റ്റാഫുകൾ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കുന്നതിനിടയിലായിരുന്നു സംഭവം. യോർക്ക്ഷയർ എയർ ആംബുലൻസ് സർവീസിന്റെ ഹെൽമെറ്റാണ് മോഷണം പോയത്. വെസ്റ്റ് യോർക്ക്ഷെയറിലെ ഷിപ്ലിയിൽ നിന്നും ലഭിച്ച എമർജൻസി ഫോൺ കോളിനോട് പ്രതികരിക്കുമ്പോൾ ആയിരുന്നു സംഭവം.

ഈ ഹെൽമെറ്റ് അത്യാവശ്യ സേവനങ്ങൾക്ക് വളരെ ഫലപ്രദമാണ്. അതിനുള്ളിൽ തന്നെ മൈക്രോഫോൺ ഉള്ളതിനാൽ ആശയവിനിമയം സൗകര്യപ്രദമാണ്. എന്നാൽ പിന്നീട് ഈ ഹെൽമറ്റ് തികച്ചും ഉപയോഗശൂന്യമായ നിലയിൽ സമീപത്തുനിന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള മോഷണം തികച്ചും അപമാനകരമാണെന്ന് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ പ്രതികരിച്ചു.

തങ്ങളുടെ വിലയേറിയ ഫ്ലൈറ്റ് ഹെൽമെറ്റിൽ ഒരെണ്ണം നഷ്ടപ്പെട്ടുവെന്നും, പാരാമെഡിക്കൽ സ്റ്റാഫുകൾ എമർജൻസി കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു സംഭവമെന്നും യോർക്ക്ഷൈയർ ആംബുലൻസ് കമ്പനി വക്താവ് അബ്ബയ് ബാർബി അറിയിച്ചു. ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും, ഇത്തരത്തിൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിന് അത്യാവശ്യമായ ഒരു ഉപകരണം എന്തിനാണ് മോഷ്ടിച്ചതെന്ന് അറിയില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.

എയർ ആംബുലൻസ് സർവീസിലുള്ള സ്റ്റാഫുകൾ എല്ലാവർക്കും തന്നെ യാത്രയിൽ ആവശ്യമായ ഒന്നാണ് ഈ ഹെൽമെറ്റ്.2700 മുതൽ 3000 പൗണ്ട് വരെ വിലയുള്ളതാണ് ഈ ഹെൽമറ്റുകൾ. ഇതൊരു ചാരിറ്റബിൾ സംഘടനയാ കയാൽ ഇത്രയും വിലയേറിയ വസ്തുക്കൾ വീണ്ടും വാങ്ങിക്കുന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം രേഖപ്പെടുത്തി. തങ്ങളെ സഹായിച്ച പോലീസ് അധികൃതർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

Copyright © . All rights reserved