Main News

ബ്രിട്ടനില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി താപനില ഈ വിന്ററിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു. മഞ്ഞു നിറഞ്ഞ മോട്ടോര്‍വേകളില്‍ നൂറുകണക്കിന് കാറുകള്‍ യാത്രക്കാര്‍ ഉപേക്ഷിച്ചു. വിമാനത്താവളങ്ങളും അടച്ചിട്ടു. സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ബ്രെയ്മറില്‍ മൈനസ് 15 ഡിഗ്രിയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, ശനിയാഴ്ച രാത്രി സ്‌കോട്ട്‌ലന്‍ഡിലെ താപനില മൈനസ് 16 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലും മൈനസ് താപനില രണ്ടക്കം കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധന്‍ അലക്‌സ് ബേര്‍ക്കില്‍ പറഞ്ഞു. നോര്‍ത്തിലും വെസ്റ്റിലും ഈസ്റ്റിലും മഞ്ഞുമഴയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ശനിയാഴ്ച തണുപ്പേറിയ ദിവസമായിരിക്കും. സൗത്തില്‍ തണുത്ത കാറ്റിന് സാധ്യതയുണ്ട്. എങ്കിലും മിക്കയിടങ്ങളിലും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വ്യാഴാഴ്ചയ്ക്ക് സമാനമായിരിക്കും ശനിയാഴ്ച രാത്രിയെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ താപനില കൂടുതല്‍ താഴുകയും ചെയ്യും. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ച മുതല്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിക്ക പ്രദേശങ്ങളും, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരം, തെക്കന്‍ പ്രദേശങ്ങള്‍, വെയില്‍സിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ വാണിംഗ് ബാധകമാകും.

വെള്ളിയാഴ്ച 14 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് സൗത്ത് വെസ്റ്റില്‍ രേഖപ്പെടുത്തിയത്. മഞ്ഞുവീണ റോഡുകളില്‍ ഗതാഗതം നിലച്ചതോടെ കാറുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍ മറ്റിടങ്ങളില്‍ അഭയം തേടി. ഏഴു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഫെബ്രുവരി താപനിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സ്‌കൂളുകള്‍ പലതും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ബ്രിസ്റ്റോളിലെ പകുതിയോളം സ്‌കൂളുകളും ബക്കിംഗ്ഹാംഷയറില്‍ 300 ഓളം സ്‌കൂളുകളും കോണ്‍വാളില്‍ 150ലേറെ സ്‌കൂളുകളും അടച്ചിട്ടുവെന്നാണ് വിവരം.

ലണ്ടന്‍: റോയല്‍ സ്‌റ്റോക്ക് ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്ന് രോഗികളുടെ മരണകാരണം പോര്‍ട്ടബിള്‍ ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു വര്‍ഷം മുന്‍പ് നടന്ന മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അതേസമയം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഓക്‌സിജന്റെ കുറവ് മാത്രമല്ല മരണകാരണമായിരിക്കുന്നതെന്ന് എന്‍.എച്ച്.എസ് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായിരുന്നതായി കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2017 മെയ് മുതല്‍ 2018 ഫെബ്രുവരി വരെ സ്‌റ്റോക്ക്-ഓണ്‍-ട്രെന്റിലെ റോയല്‍ സ്‌റ്റോക്ക് ആശുപത്രിയില്‍ നിന്നുള്ള ബ്രിതീംഗ് ഉപകരണങ്ങളാണ് രോഗികള്‍ ഉപയോഗിച്ചിരുന്നത്. ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായാല്‍ രോഗികളുടെ കൂടെയുള്ളവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ അലാറം ഘടിപ്പിക്കാത്ത സിലിണ്ടറുകളായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. ഓക്‌സിജന്‍ കാലിയായിട്ടാണ് മരണം സംഭവിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അലാറം ഘടിപ്പിച്ച 60 സിലിണ്ടറുകള്‍ അധികൃതര്‍ വാങ്ങിയിരിന്നു. ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മെഡിക്കല്‍ സ്റ്റാഫ് രോഗികളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അലാറം ഘടിപ്പിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു. സിലിണ്ടര്‍ കാലിയാകുന്നതിന് അനുസരിച്ച് അലാറം സൂചകങ്ങള്‍ നല്‍കും. രോഗിയുടെ കൂടെയുള്ള സഹായിക്ക് വരെ ഈ സൂചകള്‍ നോക്കി മനസിലാക്കാന്‍ കഴിയും. പാലിയേറ്റീവ് കെയറില്‍ കഴിയുന്ന ഒരു രോഗിയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റു രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് വിദഗ്ദ്ധ അന്വേഷണം നടത്തുകയാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ജോണ്‍ ഓക്‌സ്‌റ്റോബി പറഞ്ഞു.

ടോം ജോസ് തടിയംപാട്

മാര്‍മ്മിറ കടലിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ ഹോട്ടല്‍ രാവിലെ എഴുന്നേറ്റു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചതിനു ശേഷം തൊട്ടടുത്ത ടേബിളിലിരുന്ന ജോര്‍ദ്ദാന്‍കാരായ പാലസ്തീനികളോട് കുറച്ചു സമയം സംസാരിച്ച ശേഷം ബ്ലു മോസ്‌ക്കും ഹാഗിയ ചരിത്ര സ്മാരകവും കാണാന്‍ പോയി. ആദ്യം ബ്ലു മോസ്‌ക്കിലേക്ക്.! പഴയ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം തകര്‍ത്തതിനു ശേഷം 1617ല്‍ മുഹമ്മദ് ഒന്നാമന്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ബ്ലു മോസ്‌ക്ക്. പതിനായിരം പേര്‍ക്ക് ഒരേ സമയത്ത് ഇരുന്നു പ്രാര്‍ത്ഥിക്കാവുന്ന മുസ്ലിം ദേവാലയമാണിത്. പള്ളിയില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും തൊപ്പിധരിക്കുകയും ചെരിപ്പുകള്‍ ഊരി മാറ്റുകയും ചെയ്യണം.

പള്ളിയുടെ മുകള്‍ ഭാഗവും ഭിത്തികളും വളരെ വിലകൂടിയ മാര്‍ബിള്‍കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. ഞങ്ങള്‍ പള്ളി കണ്ടിറങ്ങുന്നതിനിടയില്‍ പരിചതഭാവത്തിലെത്തിയ ഒരാള്‍ കാര്‍പ്പെറ്റ് കടയിലേക്ക് ക്ഷണിച്ചു. വളരെ വിലകൂടിയ ലോകത്തിലെ തന്നെ നല്ല കാര്‍പ്പെറ്റുകള്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. വിലകെട്ടപ്പോള്‍ ഞെട്ടിപ്പോയി! ഒരു ചെറിയ റഗ്ഗിനു പോലും 600 പൗണ്ട്. അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ഹാഗി സോഫിയ (പരിശുദ്ധമായ വിജ്ഞാനം) എന്നറിയപ്പെടുന്ന ഇന്നത്തെ ഇസ്താംബുള്‍ പട്ടണത്തിന്റെ എപിക് സെന്റര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന സ്ഥലത്തേക്കാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ പള്ളി പിടിച്ചെടുത്താണ് ഇവിടുത്തെ മോസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്ത് ക്രിസ്തു ശിഷ്യന്‍മാരാല്‍ സ്ഥാപിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന അഞ്ച് സിംഹാസനങ്ങളായിരുന്നു ഉണ്ടായിരുന്നത്. റോം, കോണ്‍സ്റ്റ്‌ന്റൈനിപ്പോള്‍, അലക്‌സാണ്ട്രിയ, അന്തിയോക്കിയ, ജെറുസലേം എന്നിവയായിരുന്നു. ഇതില്‍ റോമും, അന്തിയോക്കിയയും സ്ഥാപിച്ചത് സൈന്റ് പീറ്ററും, േേകാണ്‍സ്റ്റ്‌ന്റൈനിപ്പോള്‍ സ്ഥാപിച്ചത് സൈന്റ് അന്‍ട്രുവും, അലക്‌സാണ്ട്രിയ സ്ഥാപിച്ചത് സൈന്റ് മാര്‍ക്കും, ജെറുസലേം സ്ഥാപിച്ചത് സൈന്റ് ജെയിംസുമാണ് എന്നാണ് വിശ്വാസം.

റോമിലുണ്ടായ രാഷ്ട്രിയ പ്രതിസന്ധിയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗും കാരണം കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി താല്‍ക്കാലികമായി പുതിയ ആസ്ഥാനം ഇന്നത്തെ ഇസ്താംബുള്‍ അഥവാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണിയുകയായിരുന്നു. കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി പണിത പട്ടണമായതുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ എന്നറിയപ്പെടുന്നു.

കാലക്രമത്തില്‍ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനം തിരിച്ചു റോമിലേക്ക് മാറ്റിയപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ രണ്ടാം റോം എന്ന് അറിയപ്പെടാന്‍ തുടങ്ങി കാലം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭകളുടെ നിയത്രണം റോം ഏറ്റെടുത്തു. കിഴക്കന്‍ സഭകളുടെ മുഴുവന്‍ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിനായി മാറി. ഹാഗി സോഫിയ ബസിലിക്ക കോണ്‍സ്റ്റാന്റിനോപ്പിളിലെ പത്രിയര്‍ക്കിസിന്റെ ആസ്ഥാന കേന്ദ്രമായി മാറി.
കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി എ.ഡി 360ലാണ് ഹഗിയ സോഫിയ പള്ളി പണിതത് എ.ഡി 404ല്‍ ഉണ്ടായ കലാപത്തില്‍ തടികൊണ്ട് പണിത ആ പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചു. പിന്നിട് തിയഡോസ് രണ്ടാമന്‍ ചക്രവര്‍ത്തി എ.ഡി 415ല്‍ മേല്‍ക്കുര മാത്രം തടികൊണ്ടും ബാക്കി മാര്‍ബിള്‍ കൊണ്ടും പള്ളി പുനര്‍നിര്‍മിച്ചു. ആ പള്ളിയും നിക്ക കലാപത്തില്‍ കത്തി നശിച്ചു. ആ പള്ളിയുടെ അവശിഷ്ട്ടങ്ങള്‍ ഇപ്പോളും നമുക്ക് അവിടെ കാണാന്‍ കഴിയും.

ഇന്നു കാണുന്ന ഹഗിയ സോഫിയ ബിസെന്റെയിന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റിന്‍ എ.ഡി 537ല്‍ പണികഴിപ്പിച്ചതാണ് ആറു വര്‍ഷം കൊണ്ട് പണിതീര്‍ത്ത ഈ പള്ളിയുടെ അകത്തെ ചിത്രപണികള്‍ തീര്‍ക്കാന്‍ 30 വര്‍ഷമെടുത്തു. 700 കിലോ സ്വര്‍ണ്ണമാണ് പള്ളിയുടെ അകം അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. 13ാം നൂറ്റാണ്ടില്‍ ഈ പള്ളി കിഴടക്കിയ കുരിശു യുദ്ധക്കാര്‍ അതില്‍ നല്ലൊരു ഭാഗം കൊള്ളയടിച്ചു കൊണ്ടുപോയി. രണ്ടു നിലകളുള്ള പള്ളിയുടെ മുകളിലത്തെ നിലയില്‍ മാത്രമായിരുന്നു സ്ത്രികള്‍ക്ക് പ്രവേശനം താഴത്തെ നിലയില്‍ പുരുഷന്‍ മാരും.

7ാം നൂറ്റാണ്ടില്‍ മക്കയില്‍ ഇസ്ലാം ജന്മമെടുത്തപ്പോള്‍ മുതല്‍ അന്നത്തെ ഏറ്റവും വലിയ പട്ടണവും യൂറോപ്പിലേക്കുള്ള വാതിലും എന്നറിയപ്പെടുന്ന കോണ്‍സ്റ്റാറ്റിനോപ്പിലും കിഴടക്കുക എന്നത് അവരുടെ ലക്ഷൃമായിരുന്നു. മുഹമ്മദ് നബി തന്നെ കോണ്‍സ്റ്റാറ്റിനോപ്പിളിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്, (Verily you shall conquer Constantinople. What a wonderful leader will he be, and what a wonderful army will that army be!’) കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴടക്കുന്ന പട്ടാളവും അതിന്റെ നേതാവും എത്രയോ മഹത്വരമായിരിക്കും. ഈ വാക്കുകള്‍ കേട്ട് ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രപുറപ്പെട്ടു പല പ്രദേശങ്ങളും കീഴടക്കി വന്നവരാണ് ഇന്നത്തെ ടര്‍ക്കികള്‍ എന്നാണ് ഗൈഡ് ഞങ്ങളോട് പറഞ്ഞത്.

യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് മുഹമ്മദ് രണ്ടാമന്‍ അന്നത്തെ കോണ്‍സ്റ്റ്‌ന്റൈന്‍ പതിനൊന്നാമന്‍ ചക്രവര്‍ത്തിയോട് നിങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ ഞങ്ങള്‍ക്ക് കൈമാറിയിട്ട് വേണമെങ്കില്‍ ജീവനും കൊണ്ട് ഒഴിഞ്ഞു പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം യുദ്ധം ചെയ്തു മരിക്കുകയാണ് ചെയ്തത്.

700 വര്‍ഷത്തെ നിരന്തരമായ യുദ്ധങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ നേരിട്ടെങ്കിലും ആ യുദ്ധങ്ങളെല്ലാം കോണ്‍സ്റ്റാറ്റിനോപ്പിളിനു ചുറ്റും റോമക്കാര്‍ പണിത കൂറ്റന്‍ മതില്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ 1453 മുഹമ്മദ് രണ്ടാമന്‍ കടലില്‍ നിന്നും പീരങ്കികൊണ്ട് നടത്തിയ ആക്രമണത്തില്‍ മതില്‍ പൊളിയുകയും ഓട്ടോമന്‍ സൈന്യം കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു.

ഓട്ടോമന്‍ പട്ടാളം മൂന്നു ദിവസം ഭീകരമായ കൊള്ളയും ബലാല്‍ത്സംഗവും നടത്തി, യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രായമായവര്‍, കുട്ടികള്‍, സ്ത്രികള്‍ എന്നിവര്‍ ഹഗിയ സോഫിയ പള്ളിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. സര്‍വ്വാധികരത്തോടെയും അവരുടെ ഇടയിലൂടെ നടന്നു ഹാഗിയ സോഫിയ പള്ളിയുടെ അള്‍ത്താരയില്‍ കയറി നിന്ന് മുഹമ്മദ് രണ്ടാമന്‍ അദ്ദേഹം ഈ പള്ളി ഇന്നു മുതല്‍ മോസ്‌ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രായമായവരെ കൊന്നു, സ്ത്രികളെ വെപ്പാട്ടികളാക്കി, കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി മതം മാറ്റി, അല്ലാത്തവരുടെ മുകളില്‍ ഗാസിയ ചുമത്തി. കോണ്‍സ്റ്റാറ്റിനോപ്പിളില്‍ ഉണ്ടായിരുന്ന നൂറുകണക്കിനു ഓര്‍ത്തഡോക്‌സ് പള്ളികള്‍ മോസ്‌ക് ആക്കിമാറ്റി. ആ കാലത്ത് ഇവിടെ നിന്നും രക്ഷപെട്ടു ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ എത്തിയ ഗ്രീക്ക് ചിന്തകരാണ് നവോഥാനത്തിനു തുടക്കമിട്ടത്.

ഹാഗിയ സോഫിയ പള്ളിയുടെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെയും ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെയും ചിത്രങ്ങള്‍ ഒഴിച്ച് മിക്കവാറും ചിത്രങ്ങള്‍ ഇസ്ലാമിക കാലഘട്ടത്തില്‍ തകര്‍ത്തു. അല്ലാത്തവ മറച്ചു വെച്ചു, അവിടെയെല്ലാം മുഹമ്മദ് നബിയുടെയും മറ്റു അഞ്ചു പ്രധാന ഇസ്ലാമിക നേതാക്കളുടെയും പേരുകള്‍ എഴുതിവെച്ചു.

പ്രധാന കവാടത്തിലെ കതകില്‍ സ്ഥാപിച്ചിരുന്ന കുരിശ് ഇസ്ലാമിക മിനാരം പോലെയാക്കി മാറ്റി. ഈ പള്ളിയിലായിരുന്നു ബിസന്‍ന്റൈന്‍ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്തേ മുഴുവന്‍ രാജാക്കന്മാരും സ്ഥാനാരോഹണം നടത്തിയിരുന്നത്. പള്ളിയുടെ പ്രധാന കവാടം രാജാവിന് മാത്രം പ്രവേശിക്കനുള്ളതായിരുന്നു ആ വാതിലില്‍ പട്ടാളക്കാര്‍ നിന്നു കലക്രമേണ കുഴിഞ്ഞ സ്ഥലം നമുക്ക് ഇപ്പോഴും കാണാം. 1922ല്‍ അവസാനത്തെ ഓട്ടോമന്‍ രാജാവിനെ അധികാര ഭ്രാഷ്ട്ടനക്കി യംഗ് ടര്‍ക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രസിഡന്റ് മുഹമ്മദ് അറ്ററ്റാക്ക് 1931 ഹഗിയ സോഫിയ എന്ന മോസ്‌ക്ക് മ്യൂസിയമാക്കി പോതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഒരു വര്‍ഷം മുപ്പതു ലക്ഷം പേരാണ് ഇവിടെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

റഷ്യയും ഗ്രീസും അടങ്ങുന്ന സഖ്യം ടര്‍ക്കിയുമായി കടുത്ത ശത്രുതയില്‍ കഴിയുന്നതിന്റെ കാരണം ഈ ഹഗിയ സോഫിയ പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹഗിയ സോഫിയ എന്ന ചരിത്ര സ്മാരകം കണ്ടിറങ്ങിയപ്പോള്‍ സമയം 5 മണി. ഞങ്ങള്‍ നേരെ പോയത് മിര്‍മ്മറ കടലില്‍ നടക്കുന്ന ഹൗസ് ബോട്ട് പാര്‍ട്ടിക്കാണ് ആ ബോട്ടില്‍ വെച്ച് രണ്ടു മലയാളികളെ പരിചയപ്പെട്ടു.

തുടരും.

ഒന്നാം ഭാഗം വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 

ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ‘യംഗ് ടര്‍ക്കു’കളുടെയും ഓര്‍ത്തഡോക്‌സ് സഭയുടെ ജന്മഭൂമിയിലൂടെയും നടത്തിയ ഒരു യാത്ര

ഓസ്ട്രേലിയ: സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ചതിക്കുഴിയില്‍പ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തട്ടിപ്പിനിരയായവര്‍ ഓംബുഡ്സ്മാനെ സമീപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ VET FEE-HELP പദ്ധതിയെ ചൂക്ഷണം ചെയ്ത് സ്വകാര്യ കോളേജുകള്‍ നടത്തിയ ചതിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണാണ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്.

തൊണ്ണൂറു മില്യണ്‍ ഡോളറിന്റെ വായ്പയാണ് സര്‍ക്കാര്‍ ഇതുവരെ എഴുതി തള്ളിയിരിക്കുന്നത്. നഷ്ടപരിഹാര തുക ഇനിയും ഉയരുമെന്നാണ് സൂചന. വഞ്ചിക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സ്‌കില്‍സ് ആന്‍ഡ് വൊക്കേഷണല്‍ എജ്യൂക്കേഷന്‍ മന്ത്രി മെക്കെല ക്യാഷ് അറിയിച്ചു.

വൊക്കേഷണല്‍ എജ്യൂക്കേഷന്‍ ട്രെയിനിങ് (VET) കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ വിദ്യാഭ്യാസ വായ്പ (VET FEE-HELP) നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യ കോളേജുകള്‍ ഈ പദ്ധതിയെ ചൂഷണം ചെയ്യുന്നത് മനസ്സിലാക്കി 2017 ല്‍ പദ്ധതി നിര്‍ത്തലാക്കി.

പദ്ധതി പ്രകാരം കോഴ്‌സുകള്‍ ആരംഭിച്ച പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ പഠനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന VET FEE-HELP ലോണ്‍ കോളേജുകള്‍ നേടിയെടുക്കുകയും ചെയ്തു. ഇത് അടച്ചുതീര്‍ക്കേണ്ട ബാധ്യത വിദ്യാര്‍ത്ഥികളുടെ മേലായിരുന്നു.

പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള പോലും കോളേജുകളുടെ സെയില്‍സ് ഏജന്റുമാര്‍ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് ലീഗല്‍ എയ്ഡ് വിഭാഗത്തിലെ ജോ ഇവാന്‍സ് പറഞ്ഞു. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കാനാവാത്ത അനേകം വിദ്യാര്‍ത്ഥികളാണ് കടക്കെണിയില്‍ പെട്ടിരിക്കുന്നത്.

സിബി ജോസ് ആശംസകള്‍ അര്‍പ്പിക്കുന്നു

ഷിബു മാത്യൂ മുഖ്യ പ്രഭാഷണം നടത്തുന്നു

ലീഡ്‌സ്. മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിച്ച ഉഴവൂര്‍ കോളേജ് വിശേഷം പുസ്തകമായി. സഫലം സൗഹൃദം സഞ്ചാരം എന്ന തലക്കെട്ടില്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ ഉഴവൂര്‍ കോളേജിലെ തന്റെ മുപ്പത്തഞ്ച് വര്‍ഷത്തെ അധ്യാപന ജീവിതത്തിന്റെ രസകരമായ അനുഭവങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്. ഈ പുസ്തകത്തിന്റെ ഔദ്യോഗീക പ്രകാശനം കഴിഞ്ഞ നവംബറില്‍ 20ന് കോട്ടയത്ത് നടന്നിരുന്നു. ഉഴവൂര്‍ കോളേജ് വിശേഷം പുസ്തകമാകുന്നതിന് വളരെ മുമ്പ് തന്നെ അതിലെ അധ്യായങ്ങള്‍ മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ച ഈ പംക്തി ഇതിനോടകം ജനശ്രദ്ധ നേടിയിരുന്നു.

Nazar

സഫലം സൗഹൃദം സഞ്ചാരം എന്ന പേരിലുള്ള ഈ പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കര്‍മ്മം കഴിഞ്ഞ ഞായറാഴ്ച യൂറോപ്പില്‍ പ്രസിദ്ധമായ ലീഡ്‌സ് തറവാട് റെസ്റ്റോറന്റില്‍ നടന്നു. ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകനുമായ ജോജി തോമസ്സ് തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസിന് നല്‍കിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ, തറവാട് മാനേജിംഗ് ഡയറക്ടേഴ്‌സായ അജിത് നായര്‍, രാജേഷ് നായര്‍, പ്രകാശ് മെന്‍ഡോന്‍സ, മനോഹരന്‍ ഗോപാല്‍ എന്നിവര്‍ക്കൊപ്പം തറവാടിന്റെ പ്രധാന കാരണവരായ അബ്ദുള്ളയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേരളത്തിന്റെ തനതായ രുചി പാശ്ചാത്യര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുത്തി വിജയിച്ച സിബി ജോസിന്റെയും സഹപ്രവര്‍ത്തകരും പുത്തന്‍ ആശയത്തെയും അവര്‍ സ്വീകരിച്ച വെല്ലുവിളികളേയും ജോജി തോമസ് പ്രത്യേകം പ്രശംസിച്ചു. മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. തറവാട് റെസ്റ്റോറന്റിന് വേണ്ടി സിബി ജോസ് ആശംസയറിയ്ച്ചു.

തറവാട് റെസ്റ്റോറന്റിന്റെ ന്യൂ ഈയര്‍ ആഘോഷ പരിപാടിയും യോര്‍ക്ക്ഷയറിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ എട്ടാമത് വാര്‍ഷികാഘോഷവും സംയുക്തമായി ആഘോഷിച്ച ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം നടന്നത്. തറവാട് റെസ്റ്റോറന്റിലെ കുടുംബങ്ങളും സിംഫണി ഓര്‍ക്കസ്ട്രയിലെ കുടുംബങ്ങളുമടക്കം നൂറോളം പേര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികളില്‍ തറവാട് റെസ്റ്റോറന്റിലെ നിരവധി കലാകാരന്മാരും കലാകാരികളും തങ്ങളുടെ പ്രകടനം കാഴ്ചവെച്ചു. തവാടിന്റെ പ്രിയ ഗായകന്‍ നാസര്‍ പാടിയ ഗസ്സല്‍ സദസ്സിനെ പ്രകംമ്പനം കൊള്ളിച്ചു. തറവാട്ടിലെ കുടുംബങ്ങള്‍ പാടിയഭിനയിച്ച കപ്പിള്‍ ഡാന്‍സ് പ്രത്യേകം ശ്രദ്ധേയമായി. സിംഫണി ഓര്‍ക്കസ്ട്രയിലെ ഫെര്‍ണ്ണാണ്ടസിന്റെ സൂപ്പര്‍ ഹിറ്റ് മാപ്പിളപ്പാട്ടിനൊപ്പം ചുവടുകള്‍ വെച്ച് അതൊരു ഒപ്പനയാക്കി മാറ്റി തറവാട്ടിലെ കുടുംബങ്ങള്‍ തങ്ങളുടെ കഴിവ് തെളിയ്ച്ചു. പരിപാടിയിലുടനീളം സിംഫണി ഓര്‍ക്കസ്ട്രയിലെ ഷൈന്‍, ഡോ. അഞ്ചു, സിനി, എബിസണ്‍ തുടങ്ങിയവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. സിംഫണി ഓര്‍ക്കസ്ട്രയുടെ ജൂണിയര്‍ താരങ്ങളായ എലിസബത്തും എലെന്റെയും കോളിന്‍ ഫെര്‍ണ്ണാണ്ടസും പാടി. തോമസുകുട്ടിയും ജോസുകുട്ടിയും അവതരിപ്പിച്ച ഡാന്‍സ് ആഘോഷങ്ങള്‍ക്ക് നിറഭംഗിയേകി. തറവാട്ടിലെ അജിത് നായരുടെ മാതാവ് ശാന്തമ്മ മലയാളത്തിന്റെ സ്വാരാക്ഷരങ്ങളെ കോര്‍ത്തിണക്കി ആലപിച്ച ഗാനം കുട്ടികള്‍ക്കൊരു പ്രചോദനമായി. മനോഹര്‍ ഗോപാലിന്റെ മാതാവ് ദേവകി പുതുവത്സരാശംസകള്‍ നല്‍കി. രണ്ടുപേരെയും തറവാട് റെസ്റ്റോറന്റ് പ്രത്യേകം ആദരിച്ചു. തുടര്‍ന്ന് സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ ഗാനമേള

Symphony Orchestra Keighley

നടന്നു. ഏഴു മണിയോടെ കലാപരിപാടികള്‍ അവസാനിച്ചു.

ജോജി തോമസ്

മതിലുകളും അതിരുകളുമില്ലാത്ത ഒരു സ്ത്രീലോകത്തിന്റെ പുലരി എന്നു കാണാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീസമൂഹത്തെ വര്‍ത്തമാന വിഷയങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. സ്ത്രീകള്‍ ബാല്യകാലത്ത് പിതാവിന്റെയും യൗവനകാലത്ത് ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യകാലത്ത് പുത്രന്റെയും സംരക്ഷണത്തില്‍ കഴിയേണ്ടവളാണെന്ന് മനുസ്മൃതിയില്‍ പറയുന്നതിനെ സങ്കുചിതമായ കാഴ്ചപ്പാടില്‍ കണ്ട് സ്ത്രീകള്‍ പുരുഷന് അടിമപ്പെട്ടും മതിലുകള്‍ക്കുള്ളില്‍ കഴിയേണ്ടവളാണെന്നുമുള്ള ചിന്താഗതി വളര്‍ത്തി ഭാരത സംസ്‌കാരത്തെ വികലപ്പെടുത്തിയവര്‍ക്ക് സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തിന് ആധുനിക യുഗത്തിലുള്ള സ്വാധീനമാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കാലങ്ങളായി സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യം തകരുമോ എന്ന ചിന്തയില്‍ നിന്ന് വിളറിപൂണ്ട യാഥാസ്ഥിതിക വര്‍ഗ്ഗം നാടെങ്ങും കലാപത്തിന് തിരികൊളുത്തിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും പേരില്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.

സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ചിലവിടുമ്പോഴാണ് കേന്ദ്രഭരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ സ്ത്രീവിരുദ്ധ നിലപാടുകളുമായി നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചത്. അടുത്തകാലത്ത് ലോകത്തിലെ 144 രാജ്യങ്ങളില്‍ സ്ത്രീ പുരുഷ സമത്വം സംബന്ധിച്ച് നടന്ന ഒരു പഠനത്തില്‍ ഇന്ത്യക്ക് 87-ാം സ്ഥാനം മാത്രമാണ് ലഭിച്ചതെന്നത് ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഭരണത്തലവന്‍മാരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

ശബരിമലയിലെ സ്ത്രീപ്രവേശനം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തിന്റെ പല പഴയകാല ആചാരങ്ങളും ഇന്ന് അനാചാരമാണെന്നത് മറന്നുകൂടാ. ഇതിലുപരിയായി സുപ്രീംകോടതി വിധിക്കെതിരെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തന്നെ കലാപവുമായി രംഗത്തു വന്നപ്പോഴും പ്രധാന പ്രചാരണ വിഷയമാക്കിയപ്പോഴും ഇന്ത്യയിലും കേരളത്തിലും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളൊന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഉയര്‍ത്തിക്കൊണ്ടു വരാനില്ലേയെന്ന് പൊതുജനം കരുതിയാല്‍ അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ഇന്ന് സ്ത്രീശാക്തീകരണത്തിനായി വനിതാ മതിലുയര്‍ത്തിയ ഇടതുപക്ഷമാണ് സമീപകാലത്ത് കേരളം കണ്ടെ പ്രധാന വനിതാ മുന്നേറ്റമായ മുല്ലപ്പൂ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയതെന്നത് തികച്ചും വിരോധാഭാസമാണ്. പാരമ്പര്യം കൊണ്ട് അഹങ്കരിക്കുന്ന ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെതാവട്ടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണുംപെണ്ണും കെട്ട നിലപാടായിപ്പോയി. അയിത്താചാരത്തിന്റെയും പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനുമായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ മഹാത്മാഗാന്ധിയുടെ അനുയായികാളാണെന്ന് അവകാശപ്പെടുന്നവരാണ് ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ യഥാസ്ഥിതിക ശക്തികളുടെ വാലായി മാറിയത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷേ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തോട് നീതി പുലര്‍ത്താത്ത ആചാരങ്ങള്‍ മാറുക തന്നെ വേണം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു ‘ശക്തി വരുന്നത് ശരീരബലത്തില്‍ നിന്നല്ല, ദൃഢനിശ്ചയത്തില്‍ നിന്നാണെന്ന്’. ഭാരതത്തിലെയും കേരളത്തിലെയും സ്ത്രീജനങ്ങളുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ പല ആചാരങ്ങളും വഴിമാറുന്ന കാലം വിദൂരമല്ല.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ജിപികളിലെ കാത്തിരിപ്പു സമയവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് നടപടിയുമായി എന്‍എച്ച്എസ്. 20,000 ജീവനക്കാരെ ഇതിന്റെ ഭാഗമായി പുതുതായി നിയമിക്കും. ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരെയായിരിക്കും നിയമിക്കുക. അഞ്ചു വര്‍ഷത്തെ കാലയളവിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതി ഫാമിലി പ്രാക്ടീസില്‍ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും വരുത്തുകയെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ജറികള്‍ നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ മിക്കവയും ഇതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. കലശലായ രോഗങ്ങളുമായെത്തുന്നവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.

എന്‍എച്ച്എസ് നേതൃത്വവും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഇതു സംബന്ധിച്ച് കരാറില്‍ എത്തി. 2023നുള്ളില്‍ ഇതിനായി 1.8 ബില്യന്‍ പൗണ്ട് വകയിരുത്താനാണ് പരിപാടി. പ്രൈമറി കെയര്‍ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനും അടുത്തുള്ള മറ്റു പ്രാക്ടീസുകളുമായി സഹകരിച്ച് റിസോഴ്‌സ് പൂള്‍ സൃഷ്ടിക്കാനും ഈ തുക ഉപയോഗിക്കും. ലോക്കല്‍ ജിപിമാര്‍ നേതൃത്വം നല്‍കുന്ന ഈ നെറ്റ് വര്‍ക്കുകള്‍ 30,000 മുതല്‍ 50,000 രോഗികളെ വരെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കും വിഭാവനം ചെയ്യുക. എന്‍എച്ച്എസിന്റെ ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ഇതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു.

പ്രൈമറി കെയര്‍ സര്‍വീസിനായി അനുവദിച്ചിരിക്കുന്ന 4.5 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ലോക്കല്‍ ജിപി സര്‍വീസുകളില്‍ രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ 30 പാതയില്‍ കനത്ത മഞ്ഞുവീഴ്ചയിലും ഹിമക്കാറ്റിലും നൂറോളം വാഹനങ്ങള്‍ കുടുങ്ങി. കോണ്‍വാളിനു സമീപം ടെംപിളിലാണ് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഏറെ നേരം നീണ്ടു. കടുത്ത ശൈത്യമായതിനാല്‍ വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിരുന്നു. രാത്രി മുഴുവന്‍ ഇവര്‍ വാഹനങ്ങളില്‍ കഴിച്ചുകൂട്ടേണ്ടി വരുമെന്നാണ് കരുതിയിരുന്നതെങ്കിലും റോഡില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഹൈവേ ഇംഗ്ലണ്ട് അറിയിച്ചു. മൂന്നു മണിക്കൂറിലേറെ റോഡില്‍ കുടുങ്ങിയെന്ന് ചിലര്‍ അറിയിച്ചു. മഞ്ഞുവീണ റോഡില്‍ വാഹനങ്ങള്‍ നിരയായി കിടക്കുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചു.

മഞ്ഞുവീഴ്ച കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങിയതിനാല്‍ ഗതാഗത തടസം തുടര്‍ന്നേക്കുമെന്ന് ഡെവണിലെയും കോണ്‍വാളിലെയും റോഡ് പോലീസിംഗ് ചുമതലയുള്ള ചീഫ് ഇന്‍സ്‌പെക്ടര്‍ ഏഡ്രിയന്‍ ലെയിസ്‌ക് പറഞ്ഞു. യുകെയുടെ മിക്ക ഭാഗങ്ങളിലും 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആംബര്‍ വാര്‍ണിംഗും പുറപ്പെടുവിച്ചിരുന്നു. ഗതാഗത തടസത്തിനും വാഹനങ്ങള്‍ ഏറെ നേരം കുടുങ്ങിക്കിടക്കാനും റെയില്‍ ഗതാഗതത്തില്‍ താമസം നേരിടാനോ സര്‍വീസുകള്‍ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. പവര്‍കട്ടുണ്ടാകാനും ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സതേണ്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലാന്‍ഡ്, യുകെയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിരുന്നു. ഈ വിന്ററിലെ ഏറ്റവും ശൈത്യമേറിയ രാത്രിയാണ് കടന്നു പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. അബര്‍ദീന്‍ഷയറിലെ ബ്രെയിമറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 13 ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില.

1,50,000 പൗണ്ടിനു മേല്‍ വാര്‍ഷിക ശമ്പളം വാങ്ങുന്ന ജനറല്‍ പ്രാക്ടീഷണര്‍മാരുടെ പേരുകള്‍ പുറത്തുവിടുമെന്ന് എന്‍എച്ച്എസ്. പുതിയ 5 വര്‍ഷ പി കോണ്‍ട്രാക്ട് അനുസരിച്ച് 2020 മുതലാണ് ഇത് നടപ്പിലാക്കുക. സുതാര്യതാ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ശരാശരി ജിപി ശമ്പളം 105,000 പൗണ്ടാണ്. എന്നാല്‍ നിരവധി ജിപിമാര്‍ 700,000 പൗണ്ട് വരെ ശമ്പളം വാങ്ങുന്നുണ്ട്. എന്‍എച്ച്എസും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്നാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20,000 ഫാര്‍മസിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ ജിപി അപ്പോയിന്റ്‌മെന്റുകള്‍ ഏറ്റെടുക്കാന്‍ നിയോഗിക്കുന്നതിനൊപ്പം തന്നെയാണ് സുതാര്യതാ നയവും നടപ്പിലാക്കുന്നത്.

2016ല്‍ നടപ്പാക്കിയ നയമനുസരിച്ച് പ്രാക്ടീസുകളുടെ വെബ്‌സൈറ്റുകളില്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ തങ്ങളുടെ വരുമാനം രോഗികള്‍ക്ക് കാണാവുന്ന വിധത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. പക്ഷേ പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിമുതല്‍ നാഷണല്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തും. 150,000 പൗണ്ടാണ് പ്രധാനമന്ത്രിയുടെ ശമ്പളം. ജിപിമാരുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്ന ആവശ്യം ശക്തമാണെന്ന് തിരിച്ചറിയുന്നതായി ബിഎംഎയുടെ ജിപി കമ്മിറ്റി ചെയര്‍മാന്‍ റിച്ചാര്‍ഡ് വോേ്രട പറഞ്ഞു. 150,000 ലക്ഷത്തിനു മേല്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജിപി സര്‍ജറികളിലെ വെയിറ്റിംഗ് ടൈം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫാമിലി ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റുകള്‍ ഇനി മുതല്‍ ഫാര്‍മസിസ്റ്റുകളും ഫിസിയോതെറാപ്പിസ്റ്റുകളും ഏറ്റെടുക്കും. ഇതിനായി 20,000 പേരെ നിയമിക്കുകയും ജിപികളിലേക്ക് ഇവരെ നിയോഗിക്കുകയും ചെയ്യും. വീഡിയോ വെബ് കണ്‍സള്‍ട്ടേഷനുകള്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന ഈ പദ്ധതിയനുസരിച്ച് രോഗികള്‍ക്ക് സ്‌കൈപ്പിലൂടെ ജിപിമാരെ കാണാനും ചികിത്സ സ്വീകരിക്കാനും സാധിക്കും.

ന്യൂസ് ഡെസ്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രാത്രി ഒൻപത് മണി വരെ മഞ്ഞ് വീഴ്ച തുടർന്നേക്കും. ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിലേയ്ക്ക് അതിശൈത്യത്തിന്റെ പിടിയിൽ അമരുകയാണ് ബ്രിട്ടൺ. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മെറ്റ് ഓഫീസ് ആമ്പർ വാണിംഗ് പുറപ്പെടുവിച്ചു. മൂന്നു മുതൽ ഏഴ് സെൻറിമീറ്റർ വരെ മഞ്ഞ് രണ്ടു മൂന്നു മണിക്കൂറിൽ വീഴാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ  മിലിട്ടറി തയ്യാറെടുപ്പ് തുടങ്ങി.   വെയിൽസിന്റെ ചില പ്രദേശങ്ങളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തേക്കും.

യോർക്ക് ഷയർ ആൻഡ് ഹമ്പർ അടക്കമുള്ള മിക്ക റീജിയണുകളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗാണ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് കടന്നു പോയത്. അബർദീനിലെ ബ്രാമറിൽ മൈനസ് 14.4 ഡിഗ്രിയായിരുന്നു ഇന്ന് രാവിലെ താപനില. റെയിൽ സർവീസ് ക്യാൻസലേഷനും റോഡ് ബ്ളോക്കുകളും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിരവധി സ്കൂളുകൾ ഇന്ന് പ്രവർത്തിച്ചില്ല. പല വില്ലേജുകളും ഒറ്റപ്പെടും. പവർകട്ടും മൊബൈൽ നെറ്റ് വർക്ക് ഓട്ടേജും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

RECENT POSTS
Copyright © . All rights reserved