Main News

മെറ്റേണിറ്റി സര്‍വീസുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്ന വാഗ്ദാനവുമായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. കൂടുതല്‍ വിദഗ്ദ്ധരായ നിയോനേറ്റല്‍ നഴ്‌സുമാരെയും സ്‌പെഷ്യലിസ്റ്റുകളെയും റിക്രൂട്ട് ചെയ്യുമെന്നും വാഗ്ദാനമുണ്ട്. എന്‍എച്ച്എസിനെ ശിശു ജനനങ്ങള്‍ക്ക് ലോകത്തെ ഏറ്റവും മികച്ചയിടമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഹാന്‍കോക്ക് പറയുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. എന്‍എച്ച്എസിനു വേണ്ടി തയ്യാറാക്കിയ പത്തു വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുക. പത്തു വര്‍ഷ പദ്ധതി ജനുവരി പകുതിയോടെ അവതരിപ്പിക്കും. ഇംഗ്ലണ്ടിലെ മെറ്റേണിറ്റി സര്‍വീസുകളില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരുന്നതാണ് മറ്റൊരു നിര്‍ദേശം. ഇതിലൂടെ ഓരോ കുട്ടിയുടെയും ആരോഗ്യ റെക്കോര്‍ഡ് റെഡ് ബുക്ക് എന്ന പേരില്‍ മാതാപിതാക്കളുടെ ഫോണില്‍ ലഭ്യമാക്കും.

ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലം മുഴുവന്‍ ഒരു മിഡൈ്വഫിന്റെ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയും നിര്‍ദേശങ്ങളിലുണ്ട്. പ്രസവത്തിലും കുട്ടിയുമായി വീട്ടില്‍ എത്തുന്നതു വരെയും ഇവരുടെ സേവനം ഗര്‍ഭിണികള്‍ക്ക് ലഭിക്കും. മുന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നേരത്തേ ഈ പദ്ധതിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. എന്‍എച്ച്എസിനു വേണ്ടി തയ്യാറാക്കിയിരിക്കുന്ന ദീര്‍ഘകാല ഫണ്ടിംഗ് പരിപാടികളില്‍ ഒന്നാണ് ഈ പ്രഖ്യാപനം. ബ്രെക്‌സിറ്റ് രാഷ്ട്രീയ പോരാട്ടത്തിനിടെ ഇവയുടെ പ്രഖ്യാപനം വൈകുകയായിരുന്നു. ജനുവരിയിലും ബ്രെക്‌സിറ്റിന് തന്നെയായിരിക്കും മേല്‍ക്കൈ. എന്നാല്‍ എന്‍എച്ച്എസിന് ഗുണകരമാകുന്ന പദ്ധതികളുടെ പ്രഖ്യാപനം ഗവണ്‍മെന്റിന് അല്‍പമെങ്കിലും അനുകൂലമായിത്തീരുമെന്ന പ്രതീക്ഷയാണ് ടോറി കേന്ദ്രങ്ങള്‍ക്കുള്ളത്.

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ വന്‍ ഫണ്ടിംഗാണ് എന്‍എച്ച്എസിനു വേണ്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവ നടപ്പാകുന്ന കാര്യത്തില്‍ ചില ആശങ്കകളും നിലവിലുണ്ട്. നാണ്യപ്പെരുപ്പം ഇവയുടെ സാധ്യമാകലിനെ ബാധിക്കുമോ എന്നതാണ് പ്രധാന സംശയം. അടുത്ത ഒരു വിന്റര്‍ പ്രതിസന്ധിയിലേക്ക് എന്‍എച്ച്എസ് നീങ്ങിക്കൊണ്ടിരിക്കെയാണ് ഈ പ്രഖ്യാപനങ്ങള്‍ വരുന്നത്. വിന്റര്‍ ക്രൈസിസ് നേരിടാന്‍ ആശുപത്രികള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വാര്‍ഡുകള്‍ തുറക്കുകയും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ വികസിപ്പിക്കുകയും ജീവനക്കാരുടെ കുട്ടികള്‍ക്ക് ഡേ കെയര്‍ സൗകര്യം ഏര്‍പ്പെടുത്തുകയുമൊക്കെയാണ് ചെയ്യുന്നത്.

ജോജി തോമസ്

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഠിനാധ്വാനവും വാഗ്വിലാസവും കൊണ്ട് രൂപപ്പെടുത്തിയ കരിസ്മയും, കഴിഞ്ഞ കാല ചെയ്തികളുടെ പ്രത്യേകിച്ച് അഴിമതിയുടെ പ്രേതം വേട്ടയാടുന്ന ദുര്‍ബലമായ പ്രതിപക്ഷം കൂടിയായപ്പോള്‍ സമീപകാല ഇന്ത്യയില്‍ മറ്റൊരു നേതാവ് ഉയര്‍ന്ന് വരാന്‍ സാധ്യത ഇല്ലെന്നുള്ള അഹംഭാവമായികുന്നു നരേന്ദ്ര മോഡിയുടെയും ഭരണപക്ഷത്തിന്റെയും മുഖമുദ്ര. ആ ഒരു സാധ്യതയില്ലായ്മ തന്നെയാണ് കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന അടിസ്ഥാന വര്‍ഗങ്ങളെയും ബി.ജെ.പിയുടെ അടിത്തറയായ മധ്യവര്‍ഗത്തെയും മറന്ന് കോടീശ്വരന്മാര്‍ക്ക് മാത്രമായുള്ള ഒരു ഭരണം നടത്താന്‍ മോഡിക്ക് ധൈര്യം പകര്‍ന്നത്.

നൂറ് കോടിയിലേറെ വരുന്ന സാധാരണക്കാരെ മറന്ന് നൂറില്‍ താഴെ വരുന്ന ശതകോടീശ്വരന്മാര്‍ക്കായി ഭരണയന്ത്രം ചലിപ്പിച്ചതിനുള്ള തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടി. വികസനമെന്ന് പറയുന്നത് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈയ്യില്‍ സമ്പത്ത് കുന്നുകൂടുന്നതില്‍ ഉപരിയായി സാധാരണക്കാരന്റെ ജീവിത നിലവാരത്തിലുള്ള ഉയര്‍ച്ചയാണ് എന്നത് മോഡിയെന്ന സമീപകാല ഇന്ത്യ കണ്ട് ഏറ്റവും വലിയ നേതാവിന് സംഭവിച്ച വലിയ മറവിയുടെ പ്രതിഫലനമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍.

രാജ്യത്തിന്റെ ഭരണചക്രം റിലയന്‍സിനും അദാനിമാര്‍ക്കുമായി ചുരുങ്ങിയപ്പോള്‍ മോഡിയുടെ കണക്കുകൂട്ടല്‍ ജനവിധിയില്‍ പണാധിപത്യത്തിനുള്ള സ്വാധീനം തനിക്ക് രാഷ്ട്രീയ രക്ഷയാകുമെന്നായിരുന്നു. ഇവിടെയാണ് ഇന്ത്യന്‍ ജനാതിപത്യത്തിന്റെ ശക്തി തിരിച്ചറിയാന്‍ മോഡി പരാജയപ്പെട്ടത്. പണക്കൊഴുപ്പും ആധുനിക സാങ്കേതികതയുടെ സഹായത്തോടെയുള്ള പ്രചാരണ കോലാഹലങ്ങളും മാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആരുടെയും രക്ഷക്കെത്തില്ലെന്നുള്ളതിന്റെ നേര്‍ക്കാഴ്ച്ചയാണ് കഴിഞ്ഞുപോയ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍. 2019-ലെ പൊതുതെരഞ്ഞെടുപ്പിന് 5 മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ മോഡിയും ബി.ജെ.പിയും നന്നായി ക്ലേശിക്കണ്ടി വരും. നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും നല്‍കുന്ന ആത്മവിശ്വാസവും ഉയര്‍ത്തെഴുന്നേല്‍പ്പും നിസാരമല്ല. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവെന്ന പദവി പാര്‍ട്ടി പ്രതിനിധിക്ക് ലഭിക്കാന്‍ പോലും ആവശ്യമായ അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനെ സംബന്ധിച്ചത്തിടത്തോളം ഇത് തിരിച്ചുവരവിന്റെ നാളുകളാണ്.

പ്രതിപക്ഷത്തും ഭരണപക്ഷത്തും ശക്തമായ പ്രതിയോഗിയുടെ അഭാവമാണ് മോഡിയുടെ പല തെറ്റായ തീരുമാനങ്ങള്‍ക്കും കാരണമായത്. എന്തു ചെയ്താലും ആരാലും ചോദ്യം ചെയ്യപ്പെടില്ലെന്ന വികാരം പല തീരുമാനങ്ങളിലും പ്രതിഫലിച്ചു. ആരോഗ്യകരമായ ഒരു ജനാതിപത്യ വ്യവസ്ഥിതിക്ക് പ്രതിപക്ഷത്തിനുള്ള സ്ഥാനം വിസ്മരിച്ചുകൊണ്ടാണ് മോഡി അമിതാ ഷാ കൂട്ടുക്കെട്ട് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. 2014-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് ഒരു കക്ഷിക്കും അര്‍ഹതയില്ലായിരുന്നുവെങ്കിലും പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവിന് പദവി നല്‍കുന്നതിലൂടെ ജനാതിപത്യ വ്യവസ്ഥിതിയോടുള്ള ആദരവ് പ്രകടമാക്കാനുള്ള അവസരമായിരുന്നു മോഡിക്കും ബി.ജെ.പിക്കും കൈവന്നത്. ഇന്ത്യയില്‍ ജനാതിപത്യം കരുപ്പിടിപ്പിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം അറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്രയധികം വേരോട്ടമുണ്ടായത്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ വിലവര്‍ധനവ് തുടങ്ങിയ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ജനരോഷത്തിന് കാരണമാക്കിയ ഘടകങ്ങള്‍ പലതാണ്. ഇതില്‍ ഏറ്റവുമധികം വിവാദമായത് കോടീശ്വരന്‍മാര്‍ക്കായുള്ള ഭരണവും നയരൂപീകരണങ്ങളുമാണ്. റഫേല്‍ യുദ്ധവിമാന ഇടപാട്, 30,000 കോടിയോളം മൂല്യമുള്ള ഇ.എസ്.ഐ ഫണ്ട് കൈകാര്യം ചെയ്യാന്‍ അനില്‍ അംബാനിയെ ചുമതലപ്പെടുത്തിയതുമെല്ലാം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണത്തിന്റെ തെളിവാണ്. ഇവിടെയെല്ലാ യോഗ്യതയുമുള്ള പൊതുമേഖലാ സ്ഥാപനളെയും ഒഴിവാക്കിയായിരുന്നു മോഡിയുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള സ്വജന പക്ഷപാതം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയുടെ പ്രധാന ഗുണഭോക്താവും അംബാനി കുടുംബം തന്നെയാണെന്നുള്ളത് വിസ്മരിച്ചു കൂടാ.

കഠിനാധ്വാനിയായ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന മോഡിയുടെ തന്ത്രങ്ങള്‍ ഹിറ്റലറും മുസോളിനിയും ഉള്‍പ്പെടുന്ന ഫാഷിസ്റ്റുകള്‍ പിന്തുടര്‍ന്ന ദേശസ്‌നേഹവും വര്‍ഗ, ജാതി ചിന്തകളും പ്രത്യേക അനുപാതത്തില്‍ ചേര്‍ന്ന ചേരുവയാണ്. ലോകമാകെ വലതുപക്ഷ ചിന്താഗതിക്ക് 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു മോഡിയുടെ വിജയവും. യു.പി.എ ഗവണ്‍മെന്റിന്റെ അഴിമതികള്‍ ആ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മോഡിയുടെ എതിരാളിയാകണമെങ്കില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുകയും മുന്നേറുകയും ചെയ്യേണ്ടി വരും. നിര്‍ണായക സമയത്ത് ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസിന്റെ നില ഒട്ടും ആശാവഹമല്ല. ഇതില്‍ പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും വോട്ടിംഗ് ശതമാനത്തില്‍ വളരെ നേരിയ വ്യത്യാസമേ കോണ്‍ഗ്രസിനുള്ളു. മധ്യപ്രദേശിലാവാട്ടെ വോട്ട് ശതമാനത്തില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. മൊത്തം പോള്‍ ചെയ്തതിന്റെ 41 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ 40.9 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 39.3 ശതമാനം ബി.ജെ.പിക്ക് 38.8 ശതമാനവുമാണ് വോട്ടുവിഹിതം. ഡി.എം.കെ ഒഴികെ പ്രതിപക്ഷ കക്ഷികളൊന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നില്ലെന്നുള്ളത് കോണ്‍ഗ്രസിന്റെ പാത കൂടുതല്‍ ദുര്‍ഘടമാക്കുന്നു.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും 2019-ലെ തെരെഞ്ഞെടുപ്പില്‍ മോഡിക്ക് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കാരണം ഭരണനേട്ടങ്ങള്‍ എത്രയധികം ഊതിപ്പെരുപ്പിച്ചാലും തൊഴിലില്ലായ്മ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായതും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ജീവിത സമരങ്ങളുമാണ് പണക്കൊഴുപ്പിന്റെ മേളത്തേക്കാള്‍ ഉപരിയായി പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.

ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 36 മണിക്കൂര്‍ നിര്‍ത്തിവെയ്പ്പിച്ച ഡ്രോണ്‍ പോലീസിന്റെയെന്ന് സൂചന. സസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. എയര്‍ഫീല്‍ഡില്‍ 115 തവണ ഡ്രോണുകള്‍ കണ്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അവയില്‍ 92 എണ്ണം വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ളവയാണെന്ന് സസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഗൈല്‍സ് യോര്‍ക്ക് പറഞ്ഞു. ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് സംശയാസ്പദമായ വിധത്തില്‍ ഡ്രോണുകള്‍ റണ്‍വേയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി റണ്‍വേ അടച്ചിട്ടു. റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് സംശയിക്കുന്ന അജ്ഞാത ഡ്രോണിനെ കണ്ടെത്തുന്നതിനായാണ് പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

അജ്ഞാത ഡ്രോണുകള്‍ റണ്‍വേയില്‍ പറന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലീസും ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും യോര്‍ക്ക് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റണ്‍വേയില്‍ ഡ്രോണുകള്‍ കണ്ടുവെന്നത് വ്യാജ വിവരമാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയ്‌സണ്‍ ടിംഗ്ലി പറഞ്ഞിരുന്നു. അതേസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണം അനധികൃതമായി പറന്ന ഡ്രോണ്‍ ആണെന്നും പോലീസ് ഡ്രോണുകള്‍ക്ക് ഇതില്‍ പങ്കില്ലെന്നും സസെക്‌സ് പോലീസ് വക്താവ് അറിയിച്ചു.

ഡ്രോണുകള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ പോലീസ് ഡ്രോണുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. വിമാനത്താവളം അടച്ചതിനു ശേഷമാണ് പോലീസിന്റെ ഡ്രോണുകള്‍ ഉപയോഗിച്ചതെന്നും വക്താവ് പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് തകര്‍ന്ന രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.ഇവയ്ക്കും സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന സംഭവവുമായി ബന്ധമില്ലെന്നാണ് സ്ഥിരീകരണം. ഡ്രോണുകള്‍ പറത്താന്‍ സാധ്യതയുള്ള 26 പ്രദേശങ്ങള്‍ പോലീസ് പരിശോധിച്ചുവെന്നും അവിടങ്ങളില്‍ നിന്ന് റണ്‍വേയിലേക്ക് ഡ്രോണുകള്‍ പറത്തിയിരിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നും യോര്‍ക്ക് വ്യക്തമാക്കി.

ആശുപത്രികളിലെ പാര്‍ക്കിംഗ് ചാര്‍ജുകളെച്ചൊല്ലിയുള്ള പരാതികള്‍ തുടരുന്നതിനിടെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പാര്‍ക്കിംഗ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും ഇളവു ചെയ്ത് എന്‍എച്ച്എസ് ആശുപത്രി. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ ജനറലിലാണ് ജീവനക്കാരുടെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ ഇളവു വരുത്തിയത്. മൂന്നു മാസത്തേക്കാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലാവധിക്കു ശേഷം 1.50 പൗണ്ട് നിരക്കില്‍ ഒരു ദിവസത്തെ പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇപ്പോള്‍ വാങ്ങുന്നതിന്റെ പകുതി നിരക്കാണ് ഇത്. ആശുപത്രി പാര്‍ക്കിംഗിനായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈടാക്കുന്നത് വലിയ നിരക്കാണെന്ന പരാതി നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇംഗ്ലണ്ടിലെ 10 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത് 200 മില്യന്‍ പൗണ്ട് വരും. പാര്‍ക്കിംഗ് ഫീസ് എടുത്തു കളയണമെന്ന ആവശ്യവും ശക്തമാണ്.

കോള്‍ചെസ്റ്ററിലെ പാര്‍ക്ക് ആന്‍ഡ് റൈഡ് ബസ് രാത്രി 9 മണി വരെയാണ്. ശനിയാഴ്ചകളില്‍ ഇത് 7 മണിക്ക് അവസാനിക്കും. ഞായറാഴ്ചകളില്‍ ഈ ഇളവ് അനുവദിക്കുന്നില്ല. മൂന്നു മാസത്തേക്ക് ആശുപത്രി ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കാനുള്ള നീക്കം പബ്ലിക് സെക്ടര്‍ യൂണിയനായ യൂണിസണ്‍ സ്വാഗതം ചെയ്തു. ഈ ഇളവ് ദീര്‍ഘിപ്പിക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. സാധ്യമാകുമെങ്കില്‍ രോഗികളുടെയും ജീവനക്കാരുടെയും പാര്‍ക്കിംഗം പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കണമെന്ന് യൂണിസണ്‍ ഹെല്‍ത്ത് വിഭാഗം മേധാവി സാറ ഗോര്‍ട്ടന്‍ പറഞ്ഞു. പാര്‍ക്ക് ആന്‍ഡ് റൈഡ് സ്‌കീമുകള്‍ ഉപകാരപ്രദമാണ്. എന്നാല്‍ വീക്കെന്‍ഡില്‍ ജോലി ചെയ്യുന്നവരെയും പുലര്‍ച്ചെയും മറ്റും ജോലി അവസാനിപ്പിക്കുന്നവരെയും പരിഗണിക്കമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈസ്റ്റ് സഫോള്‍ക്ക് ആന്‍ഡ് നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍സൈറ്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ വളരെ കുറച്ചു മാത്രം അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. 3000 ജീവനക്കാര്‍ക്കു വേണ്ടി 1000 പെര്‍മിറ്റുകള്‍ മാത്രമേ നല്‍കാനാകൂ എന്നാണ് ട്രസ്റ്റ് ആദ്യം നിലപാടെടുത്തത്. പാര്‍ക്ക് ആന്‍ഡ് റൈഡ് ഡിസ്‌കൗണ്ട് നല്‍കുന്നതിനായി പെര്‍മിറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണാതീതം. ചെറിയ ബോട്ടുകളിലായി നൂറുകണക്കിനാളുകളാണ് യുകെ തീരം ലക്ഷ്യമാക്കി നീങ്ങിയത്. ക്രിസ്മസ് ഈവിന് നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നവംബറിനു ശേഷം നൂറോളം പേര്‍ ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശരാശരി വിന്റര്‍ താപനിലയും ശാന്തമായ സമുദ്രവുമാണ് അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ ചാനല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതമായി കടല്‍ കടക്കാമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്രിസ്മസ് വൈകുന്നേരം നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ എത്തിയത് മേജര്‍ ഇന്‍സിഡന്റായാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിന് ഒരു ഗോള്‍ഡ് കമാന്‍ഡറെ നിയോഗിച്ചു. ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ കോണ്‍ഫറന്‍സ് വിളിച്ചിരിക്കുകയാണ് സാജിദ് ജാവീദ്. അഭയാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് നടപടിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഫ്രഞ്ച് ഹോം സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ചയ്ക്കും സാജിദ് ജാവീദ് സന്നദ്ധത അറിയിച്ചു. പ്രശ്‌നം ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബോര്‍ഡര്‍ ഫോഴ്‌സിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കുന്ന കാര്യവും ഹോം സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് ഹോം ഓഫീസ് അറിയിക്കുന്നു.

ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനറുമായി ഈ വാരാന്ത്യത്തില്‍ ജാവീദ് ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സിറിയയില്‍ നിന്നു ഇറാനില്‍ നിന്നുമുള്ള 12 പേരടങ്ങിയ ബോട്ട് കഴിഞ്ഞ ദിവസം പട്രോള്‍ ഫോഴ്‌സുകള്‍ തടഞ്ഞിരുന്നു. ഫ്രാന്‍സ് തീരത്തു നിന്നാണ് ഇവര്‍ ചാനല്‍ കടക്കാന്‍ പുറപ്പെട്ടത്.

ഐസ് ലാന്‍ഡില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ യാത്രക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു. രാജശ്രീ ലത്തൂരിയ എന്ന യുവതിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ രാജശ്രീയുടെ ഭര്‍ത്താവ് ശ്രീരാജ് ലത്തൂരിയയുടെ സഹോദരന്‍ സുപ്രീമിന്റെ ഭാര്യ ഖുശ്ബൂ ലത്തൂരിയ, മൂന്നു വയസുള്ള കുട്ടി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീരാജ്, സുപ്രീം, എട്ടു വയസുള്ള പെണ്‍കുട്ടി, 9 വയസുള്ള ഒരു ആണ്‍കുട്ടി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജശ്രീയുടെയും ശ്രീരാജിന്റെയും പത്തു മാസം പ്രായമുള്ള കുട്ടി, ശ്രീപ്രഭയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബം സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂസര്‍ ഒരു പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അപകടമുണ്ടായത്. നാഷണല്‍ റൂട്ട് 1ല്‍ 300 മീറ്റര്‍ നീളമുള്ള പാലത്തില്‍ വെച്ചായിരുന്നു അപകടം. സതേണ്‍ ഐസ് ലാന്‍ഡിലെ വിശാലമായ മണല്‍ത്തിട്ടയാണ് ഈ പ്രദേശം. പരിക്കേറ്റവരെ തലസ്ഥാനമായ റെയ്ക്യാവിക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം എങ്ങനെയാണ് നഷ്ടമായതെന്ന് മനസിലാക്കണമെങ്കില്‍ ഇവരുടെ മൊഴിയെടുക്കണം. എന്നാല്‍ അത് എപ്പോള്‍ സാധിക്കുമെന്ന് പറയാനാകില്ലെന്ന് പോലീസ് അറിയിക്കുന്നു. റോഡില്‍ ഐസുണ്ടാകാനുള്ള സാധ്യതയില്ലായിരുന്നു. എന്നാല്‍ ഹ്യുമിഡിറ്റി മൂലം റോഡില്‍ തെന്നലുണ്ടായിരിക്കാമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ വംശജരായ രണ്ട് ബ്രിട്ടീഷ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഐസ് ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വാടാന്യോക്കുള്‍ ഗ്ലേസിയറിന് തൊട്ടടുത്താണ് അപകടം നടന്നത്. ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്താറുള്ള സ്ഥലമാണ് ഇത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലെസ്റ്ററിലെ സബ്കാ പോളിഷ് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ നാടകം. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ലക്ഷം പൗണ്ടോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഈ സ്‌ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തി. സ്‌ഫോടനത്തില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നായിരുന്നു ഉടമയായ അരാം കുര്‍ദ് പറഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ അഭിനയിക്കുകയായിരുന്നു. തനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നുവെന്നും നരകത്തില്‍ അകപ്പെട്ടതുപോലെ തോന്നിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. വലിയൊരു ശബ്ദം കേള്‍ക്കുകയും താന്‍ മുകളിലേക്ക് എടുത്ത് എറിയപ്പെടുകയും ചെയ്തു. മൂന്നു മിനിറ്റോളം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് പിടിക്കപ്പെട്ട അരാം കുര്‍ദിനും ഗൂഢാലോചന നടത്തിയ അര്‍കാന്‍ അലി, ഹാവ്കാര്‍ ഹസ്സന്‍ എന്നിവര്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

കെയര്‍ വര്‍ക്കറായ മേരി രഗുബീര്‍ (46), മക്കളായ ഷെയ്ന്‍ (18), സീന്‍ (17), ഷെയ്‌നിന്റെ ഗേള്‍ഫ്രണ്ടായ ലിയാ റീക്ക് (18), സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി വിക്ടോറിയ യവ്‌ലേവ (22) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ജീവനക്കാരിയായ വിക്ടോറിയയും അരാം കുര്‍ദിനൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ ഇവരെയും ഇരയാക്കുകയായിരുന്നു കുര്‍ദ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിറ്റര്‍ കണക്കിന് പെട്രോളാണ് ഇതിനായി ഉപയോഗിച്ചതെന്ന് കോടതിയില്‍ വെളിവാക്കപ്പെട്ടു. സ്റ്റോറിനു മുകളിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവരാണ് മേരി രഗുബീറും കുടുംബവും. കേസില്‍ പ്രതികളെല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്നു പേര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയവയ്ക്ക് അഞ്ച് കൗണ്ട് വീതമാണ് ചുമത്തിയിരിക്കുന്നത്.

11 മണിക്കൂറും 20 മിനിറ്റും നീണ്ട സൂക്ഷ്മമായ വിചാരണയ്ക്കു ശേഷമാണ് കോടതി ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിക്കാവുന്ന വന്‍ തുക തട്ടിയെടുക്കുന്നതിനായാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി. വിക്ടോറിയ സ്‌ഫോടനത്തില്‍ പെടുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ വിക്ടോറിയയെ പ്രതികള്‍ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തു വിടുന്ന സാന്‍ഡ്‌വിച്ചുകള്‍ ക്ലിംഗ് ഫിലിമില്‍ പൊതിയേണ്ടെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം വരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്‌കൂളുകള്‍ പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പ്ലാസ്റ്റിക് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഷോപ്പിംഗ് ബാഗുകള്‍ക്ക് ഈടാക്കി വരുന്ന 5 പെന്‍സ് നിരക്ക് 10 പെന്‍സായി ഉയര്‍ത്തും. ഇത് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രമായിരിക്കില്ല ബാധകമാകുക. രണ്ടരലക്ഷത്തിലേറെ വരുന്ന ഇടത്തരം സ്റ്റോറുകളിലും ചെറിയ കോര്‍ണര്‍ ഷോപ്പുകളിലും ക്യാരി ബാഗുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തും. നിലവില്‍ ഇത്തരം സ്റ്റോറുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് സ്‌കൂളുകള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അവരുടേതായ പങ്കു വഹിക്കാനുണ്ടെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.

സ്‌കൂളുകളില്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കുപ്പികള്‍, ഫുഡ് പാക്കിംഗുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് ഹെഡ്ടീച്ചര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഫ്രീയാകാന്‍ ലക്ഷ്യമിടുന്ന സ്‌കൂളുകള്‍ കുട്ടികളുടെ രക്ഷിതാക്കളെയും അതിന് പ്രേരിപ്പിക്കണം. കുട്ടികള്‍ക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ പുനരുപയോഗം സാധ്യമായ പാക്കിംഗുകള്‍ വേണം ഉപയോഗിക്കാന്‍ എന്ന് നിര്‍ദേശിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ കാര്‍ട്ടനുകള്‍ പ്ലാസ്റ്റിക് നിര്‍മിതമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ പറയുന്നു.

ഡെവണിലെ ജോര്‍ജ്ഹാം പ്രൈമറി സ്‌കൂളാണ് യുകെയിലെ ആദ്യത്തെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഫ്രീ സ്‌കൂള്‍. ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സ്‌കൂളിനെ ഹിന്‍ഡ് അഭിനന്ദിച്ചു. മറ്റു സ്‌കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ ഈ മാര്‍ഗ്ഗം പിന്തുടരണമെന്നും ഹിന്‍ഡ്‌സ് ആവശ്യപ്പെട്ടു. ഈ സ്‌കൂളിലേക്ക് പ്ലാസ്റ്റിക് കാര്‍ട്ടനുകളില്‍ പാല്‍ കൊണ്ടുവരുന്നതാണ് ആദ്യം നിര്‍ത്തിയത്. പ്ലാസ്റ്റിക് സ്‌ട്രോകളും പിന്‍വലിച്ചു. ഇവിടെ കുട്ടികള്‍ ഇപ്പോള്‍ ഗ്ലാസുകളിലാണ് പാല്‍ കുടിക്കുന്നത്. ഇവ കഴുകി ഉപയോഗിക്കുകയാണ് ചെയ്തു വരുന്നത്.

യുകെയിലേക്ക് അനധികൃതമായി ആയുധങ്ങള്‍ കടത്തുന്നത് വര്‍ദ്ധിക്കുന്നു. ഇത് തടയാന്‍ പോലീസിനോ അതിര്‍ത്തി സുരക്ഷാ ഓഫീസര്‍മാര്‍ക്കോ സാധിക്കുന്നില്ലെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ആന്‍ഡി കുക്ക്. കഴിഞ്ഞ വര്‍ഷം തോക്കുകള്‍ വന്‍തോതില്‍ രാജ്യത്തേക്ക് അനധികൃതമായി എത്തിയിട്ടുണ്ട്. 2019ലും ഇത് തുടരുമെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ആയുധങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ പോലീസ് സേനകള്‍ക്കും ഔദ്യോഗികമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് നാഷണല്‍ ക്രൈം ഏജന്‍സി. വളരെ അപൂര്‍വമായി മാത്രമാണ് ഈ അധികാരം എന്‍സിഎ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ സാഹചര്യം വളരെ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 43 പോലീസ് സേനകള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ നടന്നു വരുന്ന അക്രമ സംഭവങ്ങളിലും ഗ്യാംഗുകള്‍ തമ്മിലുണ്ടാകുന്ന വെടിവെയ്പ്പുകളിലും ആധുനികമായ തോക്കുകളാണ് ഉപയോഗിച്ചു വരുന്നതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മുമ്പ് ഇത്തരം തോക്കുകള്‍ അക്രമികളുടെ കയ്യിലെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പലപ്പോഴും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ ഒരേ തോക്കുതന്നെ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍ കൈമാറി ഉപയോഗിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന ആയുധക്കടത്ത് തടയാന്‍ പോലീസിന് സാധിക്കുന്നില്ലെന്നാണ് മെഴ്‌സിസൈഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആയ ആന്‍ഡി കുക്കിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. പുതിയ ആയുധങ്ങള്‍ എത്തുന്നത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് കഴിയാവുന്നത് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആയുധ കള്ളക്കടത്തുകള്‍ പിടിക്കാനും സാധിക്കുന്നുണ്ട്. പക്ഷേ കള്ളക്കടത്തിന്റെ തോത് ഉയര്‍ന്നു തന്നെ നില്‍ക്കും, അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ അതിര്‍ത്തി സുരക്ഷയിലെ വീഴ്ചകളും ആയുധങ്ങള്‍ കടത്താന്‍ കള്ളക്കടത്തുകാര്‍ സ്വീകരിക്കുന്ന പുതിയ വഴികളുമാണ് തോക്കുകള്‍ എത്തുന്നത് വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ബ്രിട്ടീഷ് വിന്ററില്‍ സംരക്ഷണത്തിന് ആവശ്യമായ വസ്ത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ പരിക്കേറ്റുവെന്ന് ആഫ്രിക്കന്‍ വംശജനായ സൈനികന്‍. മൈക്കിള്‍ അസിയാമാ എന്ന സൈനികനാണ് മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തണുത്തു മരവിക്കുന്ന കാലാവസ്ഥയില്‍ തണുപ്പില്‍ നിന്ന് രക്ഷ നല്‍കുന്ന വസ്ത്രങ്ങള്‍ നല്‍കാതെ 18 മണിക്കൂര്‍ നീണ്ടുനിന്ന എക്‌സര്‍സൈസില്‍ പങ്കെടുപ്പിച്ചുവെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ക്ക് കടുത്ത ശൈത്യത്തില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകുമെന്ന വസ്തുത അറിയാമായിരുന്നിട്ടും കടുത്ത കാലാവസ്ഥയില്‍ തന്നെ നിയോഗിക്കുകയായിരുന്നുവെന്ന് അസിയാമാ പരാതിപ്പെടുന്നു. സാലിസ്ബറി പ്ലെയിനിലും ലെസ്റ്റര്‍ഷയറിലെ നെയിസ്ബി ബാറ്റില്‍ഫീല്‍ഡിലും നടന്ന എക്‌സര്‍സൈസുകളില്‍ സാധാരണ വേഷത്തില്‍ പങ്കെടുത്ത തനിക്ക് ശരീരത്തിന് മരവിപ്പും കടുത്ത വേദനയും അനുഭവപ്പെട്ടതായി അസിയാമാ ഹൈക്കോടതിയില്‍ പറഞ്ഞു. മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ 150,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍.

2016 മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിന്ററിനെ പ്രതിരോധിക്കുന്ന ഗ്ലൗസ്, വിന്റര്‍ സോക്‌സ്, ബൂട്ട്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് കൊണ്ടു വരണമെന്ന് തന്റെ മേലുദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ലെന്നും ഇത്രയും കടുത്ത തണുപ്പ് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ മുന്നോട്ടു പോകാനാണ് നിര്‍ദേശം ലഭിച്ചതെന്നും അസിയാമാ പറഞ്ഞു. അഡജറ്റന്റ് ജനറല്‍സ് കോറിലായിരുന്നു അസിയാമാ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ എച്ച്ആര്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഐടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അഡജറ്റന്റ് ജനറല്‍സ് കോര്‍ ആണ്. 15 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള തണുപ്പില്‍ തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതിയില്‍ ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

നെയിസ്ബിയില്‍ സിവിലിയന്‍ വേഷത്തില്‍ അഞ്ചു മണിക്കൂര്‍ ലെക്ചര്‍ കേള്‍ക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് സാലിസ്ബറി പ്ലെയിനില്‍ നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കേണ്ടി വന്നത്. പുലര്‍ച്ചെ മുതര്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ജോലികളായിരുന്നു ഇവിടെ ചെയ്യേണ്ടി വന്നത്. 2009ല്‍ നടന്ന ഒരു പഠനത്തില്‍ കറുത്തവരായ ബ്രിട്ടീഷ് സൈനികര്‍ക്ക് തണുത്ത കാലാവസ്ഥ താങ്ങാനുള്ള ശേഷി വെളുത്തവരേക്കാള്‍ കുറവാണെന്ന് വ്യക്തമായിരുന്നു. ഈ പഠന റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കിയ റിട്ടില്‍ അസിയാമാ നല്‍കിയിട്ടുണ്ട. തണുത്ത കാലാവസ്ഥയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളവരെ എത്രയും പെട്ടെന്നു തന്നെ സ്ഥലത്തു നിന്ന് മാറ്റണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പറയുന്നത്. എന്നാല്‍ ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെന്നാണ് സൈനികോദ്യോഗസ്ഥര്‍ പ്രതികരിച്ചത്. 36 കാരനായ അസിയാമാ ഘാനയിലാണ് ജനിച്ചത്. 2016 ഒക്ടോബര്‍ വരെ ഇദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. വില്‍റ്റ്ഷയറിലെ റ്റിഡ്വര്‍ത്തില്‍ ഒരു ഇവാഞ്ജലിക്കല്‍ ചര്‍ച്ചിന് നേതൃത്വം നല്‍കുകയാണ് ഇദ്ദേഹം ഇപ്പോള്‍.

Copyright © . All rights reserved