ലണ്ടന്‍: 2019 ആരംഭത്തോടെ പരിഷ്‌കരിച്ച എം.ഒ.ടി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ലൈസന്‍സ് ലഭിക്കുന്നത് മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങളോടെയാണ് പുതിയ നിയമങ്ങള്‍ എത്തുന്നത്. പുതിയ നിയമ പ്രകാരം ട്രാഫിക് ലംഘനങ്ങള്‍ക്ക് കടുത്ത പിഴ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. മാറിവരുന്ന കാറുകളുടെ ടെക്‌നോളജികള്‍ക്ക് അനുശ്രുതമായി നിയമങ്ങളും പരിഷ്‌കരിക്കാനാണ് അധികൃതരുടെ തീരുമാനം. ബൈക്കുകളെ മറികടക്കുമ്പോള്‍ കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ വന്‍തുക ഫൈന്‍ നല്‍കേണ്ടി വരും. 1.5 മീറ്ററെങ്കിലും അകലം ബൈക്കുമായി പാലിച്ച ശേഷം മാത്രമെ മറികടക്കാന്‍ പാടുള്ളുവെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ലംഘനം നടത്തിയാല്‍ 100 പൗണ്ടും പിഴയും ലൈസന്‍സില്‍ 3 പോയിന്റും രേഖപ്പെടുത്തും. നിരത്തില്‍ സൈക്കിളിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം.
വിദഗ്ദ്ധനായ വ്യക്തിയുടെ സഹായത്തോടെ മോട്ടോര്‍വേയില്‍ നിന്ന പരിശീലനം നേടാന്‍ പുതിയ ലേണേഴ്‌സിന് സാധിക്കും. അടച്ചിട്ട സ്മാര്‍ട്ട് മോട്ടോര്‍ വേയിലുടെ വാഹനം ഓടിക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ ഈടാക്കാനും ആലോചിക്കുന്നുണ്ട്. വാഹനത്തില്‍ നിര്‍ബന്ധമായും സജ്ജീകരിച്ചിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലിസ്റ്റും പരിഷ്‌കരിച്ചിട്ടുണ്ട്. വാഹനത്തിന്റെ കാര്യക്ഷമതയും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമായിരിക്കണം. ഡീസല്‍ കാറുകളുടെ നികുതിയില്‍ വര്‍ദ്ധനവുണ്ടാകും. 2019 ഏപ്രിലോടെ ഇത് പ്രാബല്യത്തിലാകും.
നിലവില്‍ വര്‍ഷം 140 പൗണ്ടാണ് റോഡ് ടാക്‌സ്. വാഹനത്തിന്റെ കാര്‍ബണ്‍ എമിഷന്‍ പരിശോധിച്ചാവും ഇനി മുതല്‍ റോഡ് ടാക്‌സ് ഏര്‍പ്പെടുത്തുക. പരമാവധി 500 പൗണ്ടാവും ടാക്‌സ് തുക. പുതിയതായി ലൈസന്‍സ് നേടുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചില നിര്‍ദേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ലൈസന്‍സ് നേടുന്നവര്‍ക്ക് വാഹനം നിരത്തിലിറക്കുന്നതിന് സമയം ഏര്‍പ്പെടുത്തുക. സ്പീഡ് ലിമിറ്റ്, വാഹനത്തിന്റെ എഞ്ചിന്‍ വലിപ്പം, നിര്‍ബന്ധപൂര്‍വ്വമായ പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍, കൊണ്ടുപോകാവുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ പരിഗണനയിലാണ്.
ലണ്ടന്‍: ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളുടെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങുന്നു. സര്‍ക്കാര്‍ തലത്തില്‍ തെരുവുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനായി 675 മില്യണ്‍ പൗണ്ടിന്റെ ധനസഹായം ലഭ്യമാകും. ഒഴിഞ്ഞു കിടക്കുന്ന കടകളും ഇതര സ്ഥാനങ്ങളും ചെറിയ ചാക്കടകളും കമ്യൂണിറ്റി സെന്ററുകളുമായി പരിണമിക്കും. പദ്ധതിയുടെ ഭാഗമായി വീടുകളും നിര്‍മ്മിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ വളരെയേറെ പ്രാധാന്യമുള്ളവയാണ് ഹൈ സ്ട്രീറ്റുകള്‍. പുരാതന കെട്ടിടങ്ങള്‍ ശാസ്ത്രീയമായ പുന്‍നിര്‍മ്മിക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രദേശിക ഭരണകൂടങ്ങള്‍ക്കാവും പദ്ധതിയുടെ മേല്‍നോട്ടം.
2009ല്‍ പുറത്തുവന്ന സ്റ്റാറ്റിക്കല്‍ സര്‍വ്വേ പ്രകാരം ഏതാണ്ട് 5,410 ഹൈ സ്ട്രീറ്റുകളാണ് യു.കെയില്‍ ആകെയുള്ളത്. ഇവയില്‍ പലതും ഇന്ന് ജീര്‍ണാവസ്ഥയിലാണ്. മിക്ക കടകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നവയാണ്. കൂടാതെ ദിനംപ്രതി നിരവധി ചെറുകിട സ്ഥാപനങ്ങള്‍ നഷ്ടം കാരണം അടച്ചു പൂട്ടുകയുമാണ്. പുതിയ പദ്ധതി പ്രകാരം ഇത്തരം തെരുവുകളെ രാജ്യത്തിന് ഗുണപ്രദമാകുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ യു.കെയിലെ ചരിത്ര പ്രധാനമായ തെരുവുകള്‍ പുനര്‍ജനിക്കുമെന്നാണ് പ്രതീക്ഷ. കമ്യൂണിറ്റി സെന്ററുകള്‍ ഹൈ സ്ട്രീറ്റുകളില്‍ സ്ഥാപിക്കുന്നത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തിലധികം റീട്ടൈല്‍ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടേണ്ടി വന്നത്. വ്യാപാരത്തിലുണ്ടായ ഇടിവ് ഇവിടെയുള്ള ബിസിനസ് സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഓണ്‍ലൈനില്‍ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഇവിടെങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായ കുറഞ്ഞതും ഹൈ സ്ട്രീറ്റുകളുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഇവിടെങ്ങളില്‍ നിന്ന് പര്‍ച്ചേഴ്‌സ് ചെയ്യുന്നവരുടെ എണ്ണം 5 വര്‍ഷത്തിനിടയിക്ക് 50 ശതമാനം ഇടിവുണ്ടായി. പുതിയ പദ്ധതി സ്ട്രീറ്റുകളെ വീണ്ടും ജനകീയമാക്കുമെന്നാണ് കരുതുന്നത്.
ലണ്ടന്‍: വിവാദ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ഹോം സെക്രട്ടറി സാജിദ് ജാവിദ്. പാകിസ്ഥാന്‍ വംശജരായ ചിലര്‍ രാജ്യത്ത് ഗ്യാംഗുകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഹോം സെക്രട്ടറി ട്വിറ്ററില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഏഷ്യന്‍ വംശജരായ പീഡോഫീലുകള്‍ അവസാനം നീതിപീഠത്തിന് മുന്നിലെത്തിയിരിക്കുന്നുവെന്നായിരുന്നു ഹോം സെക്രട്ടറിയുടെ ട്വീറ്റ്. ഏഷ്യന്‍ വംശജരെന്ന പ്രസ്താവന ഒരു സംസ്‌ക്കാരത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി റേഡിയോ-4 നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
ഗ്യാംഗ് അക്രമ സംഭവങ്ങള്‍ ഇല്ലാതാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ജനങ്ങള്‍ സുരക്ഷയൊരുക്കുകയെന്നത് എന്നില്‍ അര്‍പ്പിക്കപ്പെട്ട കടമയുമാണ്. അതിനാല്‍ ഇത്തരം ഗ്യാംഗുകളെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും സാജിദ് ജാവിദ് വ്യക്തമാക്കി. ഹഡ്ഡര്‍സ്ഫീല്‍ഡില്‍ 20 അംഗങ്ങള്‍ അടങ്ങിയ ഗ്യാംഗ് ചെറിയ കുട്ടികളെയും സ്ത്രീകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തോടെയാണ് രൂക്ഷ പ്രതികരണവുമായി സാജിദ് ജാവിദ് രംഗത്ത് വന്നത്. ഇവരെക്കുറിച്ചാണ് ഏഷ്യക്കാരായ പീഡോഫീലുകള്‍ എന്ന് ഹോം സെക്രട്ടറി പ്രസ്താവനയിറക്കിയതെങ്കിലും ഏഷ്യക്കാരെന്ന വാക്ക് കുടിയേറ്റ വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.
സാജിദ് ജാവിദ് പാക് വംശജനാണ് എന്നിട്ട് പോലും ഏഷ്യന്‍ സംസ്‌ക്കാരത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. രാജ്യത്ത് ഗ്യാംഗുകളെ വളര്‍ത്തിയെടുക്കുന്നതില്‍ പാക് വംശജരുടെ പങ്ക് വലുതാണെന്ന് ഹോം സെക്രട്ടറി പറയുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. പാക് വംശജരുടെ ഇത്തരം അക്രമവാസനയ്ക്ക് പിന്നില്‍ സാംസ്‌ക്കാരികമായ കാരണങ്ങള്‍ കൂടിയുണ്ടെന്ന് റേഡിയോ-4ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കൃത്യമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ രാജ്യം നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് ഡെസ്ക്
പോലീസ് കാറിടിച്ച് ക്രിസ്മസ് ദിനത്തിൽ വഴിയാത്രക്കാരൻ മരിച്ചു. ലിവർപൂളിലെ സ്കോട്ട്ലാൻഡ് റോഡിലാണ് ദാരുണ അപകടം നടന്നത്. ലോക്കൽ പബിൽ സമയം ചിലവഴിച്ചശേഷം വീട്ടിലേയ്ക്ക് ക്രിസ്മസ് ഗിഫ്റ്റു പായ്ക്കറ്റുമായി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മേഴ്സിസൈഡ് പോലീസിന്റെ കാറാണ് ടോണി കാരോൾ എന്ന മധ്യവയസ്കനെ ഇടിച്ചിട്ടത്.
ബ്ളൂ ഫ്ളാഷിംഗ് ലൈറ്റുമായി എമർജൻസി റണ്ണിലായിരുന്നു പോലീസ് കാർ.ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇടിച്ച പോലീസ് കാർ ഡ്രൈവർ സംഭവത്തിൽ പരിക്ഷീണിതനായി രണ്ടു കൈയ്യും തലയ്ക്ക് കൊടുത്ത് റോഡിലിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. സ്നേഹമയനും വിശാലഹൃദയനുമായിരുന്നു കൊല്ലപ്പെട്ട ടോണിയെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇൻഡിപെൻഡന്റ് പോലീസ് കംപ്ളെന്റ്സ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു.
ലണ്ടന്‍: ചെല്‍ഡ് കെയര്‍ സപ്പോര്‍ട്ടിന് പണം നല്‍കുന്നത് ഒഴിവാക്കാനായി സാലറി കുറച്ച് കാണിച്ച ഡോക്ടര്‍ക്ക് 20 മാസം തടവ്. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടറായ കോളന്‍ നകോമോയെയാണ് 20 മാസം തടവിന് യു.കെ കോടതി ശിക്ഷിച്ചിരിക്കുന്നത് ഇയാളെ 2 വര്‍ഷത്തേക്ക് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ചൈല്‍ഡ് സപ്പോര്‍ട്ട് ഏജന്‍സിക്ക് ഡോ. നകോമോ സമര്‍പ്പിച്ച രേഖകളിലാണ് കൃത്രിമം കാണിച്ചത്. ഇയാള്‍ കോടതിയില്‍ ഇക്കാര്യം സമ്മതിച്ചതോടെയാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. 2013 ഏപ്രില്‍ മുതല്‍ 2015 നവംബര്‍ വരെയുള്ള കാലഘട്ടങ്ങളില്‍ മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ ഡോ. നകോമോ ചൈല്‍ഡ് കെയര്‍ സപ്പോര്‍ട്ടിന് നല്‍കേണ്ടിയിരുന്ന പണം ലാഭിക്കുന്നതിനായി വഞ്ചന കാണിച്ചതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.
2013 ഏപ്രില്‍ മുതല്‍ ഡോ. നകോമോയുടെ മാസവരുമാനം ഏതാണ്ട് 10,000 പൗണ്ടോളം വരുമെന്ന് ചൈല്‍ഡ് സപ്പോര്‍ട്ട് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ചൈല്‍ഡ് കെയറിനായി നല്‍കാന്‍ പാകത്തിനുള്ള വരുമാനം തനിക്കില്ലെന്നായിരുന്നു ഇയാളുടെ വാദം. തട്ടിപ്പ് 15 മാസത്തിനിടെ ഡോക്ടര്‍ സമ്പാദിച്ചത് 115,000 പൗണ്ടാണ് എന്നാല്‍ കണക്കുകളില്‍ ഇതില്ല. കൂടാതെ ഇക്കാലയാളവില്‍ വിവിധ അക്കൗണ്ടികളിലേക്കായി ഈ തുക ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സിംബാവെ വംശജമനായ ഡോ. നകോമോ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യയുമായി 2013ല്‍ വേര്‍പിരിഞ്ഞതിന് ശേഷം കുട്ടികളുടെ ചെലവിനായി തുക നല്‍കാന്‍ അദ്ദേഹം നിയമപരമായി ബാധ്യസ്ഥനായിരുന്നു.
എന്നാല്‍ വരുമാനത്തില്‍ കൃത്രിമം കാണിച്ച് ചൈല്‍ഡ് കെയറിന് നല്‍കേണ്ട പണം വെട്ടിച്ചു. മാസത്തില്‍ കുട്ടികള്‍ക്കായി നിശ്ചിത തുക നല്‍കാതിരുന്നതോടെയാണ് കാര്യങ്ങള്‍ ചൈല്‍ഡ് സപ്പോര്‍ട്ട് ഏജന്‍സി അന്വേഷിക്കുന്നത്. ഇയാളുടെ വിശദീകരണത്തില്‍ സംശയം തോന്നിയ ഏജന്‍സി വിശദമായ അന്വേഷണം നടത്തിയതോടെ തട്ടിപ്പ് പിടിക്കപ്പെട്ടു. മാസത്തില്‍ പതിനായിരം പൗണ്ട് വരുമാനം ഉള്ളതായി പിന്നീട് ഇയാള്‍ക്ക് സമ്മതിക്കേണ്ടി വരികയായിരുന്നു. നകോമോയെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. നകോമോ നടത്തിയ വഞ്ചന അതീവ പ്രാധാന്യം നിറഞ്ഞതാണെന്ന് കോടതി വിലയിരുത്തി.
ലണ്ടന്‍: സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മദ്യം ഭക്ഷണത്തിനൊപ്പമല്ലാതെ കഴിക്കുന്നത് ലിവര്‍ സിറോസിസ് വരാനുള്ള കാരണമായേക്കും. ഇത്തരക്കാരില്‍ സിറോസിസ് വരാന്‍ 66 ശതമാനം സാധ്യതകളേറെയാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധരടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരള്‍ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 16 വര്‍ഷത്തിനിടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വളര്‍ച്ചയാണെന്നും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്ഥിര മദ്യപാനം ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും പഠനം പറയുന്നു. അതേസമയം ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് കരള്‍ രോഗത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ ഹെല്‍ത്ത്, ഒാക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റേച്ചല്‍ സിംപ്‌സണ്‍ നേതൃത്വത്തിലാണ് പഠനം നടന്നിരിക്കുന്നത്.
യുവതികളില്‍ സമീപകാലത്ത് ആല്‍ക്കഹോള്‍ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലകളിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗത്തില്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏതാണ്ട് 55 ശതമാനം വര്‍ദ്ധനവാണ് സ്ത്രീ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഇന്‍സ്റ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിലെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സെവറി പറഞ്ഞു. സമീപകാലത്ത് സ്ത്രീകളെ ലക്ഷ്യമാക്കി വിപണിയിലെ മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാവുന്നതേയുള്ളുവെന്നും രോഗശതമാനത്തിലെ വര്‍ദ്ധനവ് ഒട്ടും അദ്ഭുതം ഉളവാക്കുന്നതല്ലെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍: വിമാനം പറപ്പിക്കുന്നതിന് മുന്‍പ് പൈലറ്റുമാര്‍ക്ക് ‘ടയേര്‍ഡ്‌നസ് ടെസ്റ്റ്’ ഏര്‍പ്പെടുത്തണമെന്ന് പൈലറ്റുമാരുടെ യൂണിയനായ ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്റെ നിര്‍ദേശം. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളണമെന്ന് യൂണിയന്‍ പറഞ്ഞു. ഇടവേളകളില്ലാത്ത ജോലിയോ ഇതര സംഭവങ്ങളോ പൈലറ്റുമാരെ ക്ഷീണിതാരാക്കാന്‍ സാധ്യതയുണ്ടെന്നും ഇതേ ആലസ്യത്താല്‍ വീണ്ടും ജോലി ചെയ്യുന്നത് വിമാന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ 10,000ത്തോളം പൈലറ്റുമാര്‍ ചേര്‍ന്നതാണ് ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍(ബി.എ.എല്‍.പി.എ). പൈലറ്റുമാരുടെ സ്വതാല്‍പ്പര്യവും നിര്‍ദേശത്തിന് പിന്നിലുണ്ട്.
കോക്ക്പിറ്റിനുള്ളില്‍ ആലസ്യരായി ഇരിക്കേണ്ടി വരുന്ന പൈലറ്റുമാരുടെ എണ്ണം വളരെക്കൂടുതലാണെന്നും ക്യാപ്‌റ്റെയും ഫസ്റ്റ് ഓഫീസറേയും സമാനരീതിയില്‍ ഇത്തരം അലസത പിടികൂടുന്നതായി കണ്ടെത്തിയതായും യൂണിയന്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും. ഇത് തടയിടുന്നതിനായി വിമാനം പറപ്പിക്കുന്നതിന് തൊട്ട് മുന്‍പ് പൈലറ്റുമാര്‍ ആലസ്യത്തില്‍ അല്ലെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും യൂണിയന്‍ പറയുന്നു. ദീര്‍ഘ നേരം വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്ക് ആലസ്യത്തിലേക്ക് വീഴുകയെന്നത് സ്വഭാവികമായ കാര്യമാണ്. വ്യത്യസ്ത്ഥമായ ടൈം സോണുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേകിച്ചും. അതിനാല്‍ ടയേര്‍ഡ്‌നെസ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പൈലറ്റുമാരുടെ ജോലി സമയം നിശ്ചയിക്കുന്നത്. പൈലറ്റുമാരുടെ ഇടവേളകളും തീരുമാനിക്കുന്നത് യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് അനുശ്രുതമായിട്ടാണ്. ഉറക്കക്ഷീണം ബുദ്ധിമുട്ടിച്ചാല്‍ പോലും പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകുന്ന സ്ഥിതിയാണ് നിലവിലെന്ന് യൂണിയന്‍ പറയുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് മിക്കവരും ജോലിക്ക് കൃത്യസമയത്ത് തന്നെ ഹാജരാകുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചില ടെസ്റ്റുകള്‍ നടത്തിയതിന് ശേഷം പൈലറ്റുമാരുടെ ടയേര്‍ഡ്‌നെസ് ലെവല്‍ മനസിലാക്കണമെന്ന് ബി.എ.എല്‍.പി.എ നിര്‍ദേശിക്കുന്നു.
ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന റണ്‍വേയിലെ ഡ്രോണ്‍ യഥാര്‍ത്ഥമായിരുന്നില്ലെന്ന് പോലീസ്. 140,000 പേരുടെ ക്രിസ്മസ് ആഘോഷം നശിപ്പിച്ച സംഭവം വ്യാജമായിരുന്നുവെന്നാണ് സസെക്‌സ് പോലീസ് ഇപ്പോള്‍ അറിയിക്കുന്നത്. സംഭവത്തില്‍ പിടിയിലായ രണ്ടു പേരെ കുറ്റമൊന്നും ചുമത്താതെ പോലീസ് പുറത്തു വിടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊരു സാധ്യത മാത്രമാണെന്നായിരുന്നു ഒരു പോലീസ് ഓഫീസര്‍ മറുപടി നല്‍കിയത്. ഇതു കൂടാതെ 67 ഡ്രോണ്‍ സാന്നിധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയും യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പോലീസ്.
ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതൊരു സാധ്യതയാണെന്ന മറുപടിയാണ് ഡിറ്റക്ടീവ് ചീഫ് സൂപ്പറിന്റന്‍ഡെന്റ് ജെയ്‌സണ്‍ ടിംഗ്ലി പറഞ്ഞു. വിഷയത്തില്‍ ഇനി മടങ്ങിപ്പോക്കില്ല. റണ്‍വേയില്‍ എന്തോ കണ്ടുവെന്ന് അറിയിച്ചവരുമായി കൂടുതല്‍ സംസാരിച്ചു വരികയാണ്. അവര്‍ പറഞ്ഞതില്‍ വ്യക്തതയുണ്ടാകേണ്ടതുണ്ട്. ഡ്രോണ്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സമയം, സ്ഥലം, അവ സഞ്ചരിച്ച ദിശ തുടങ്ങിയവ മനസിലാക്കേണ്ടതുണ്ട്. സംഭവത്തില്‍ പിടിയിലായ 47 കാരനെയും 54 കാരിയായ ഇയാളുടെ ഭാര്യയെയും കുറ്റക്കാരല്ലെന്നു കണ്ട് ഇന്നലെ വെറുതെ വിട്ടിരുന്നു.
36 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ പുറത്തു വിട്ടത്. എന്നാല്‍ പിടിയിലായവരോട് ഖേദപ്രകടനം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള 1000 സര്‍വീസുകളാണ് റദ്ദാക്കിയത്. തകര്‍ന്ന ഒരു ഡ്രോണിന്റെ ഭാഗങ്ങളും വിമാനത്താവള പരിസരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഏഴു വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളഞ്ഞു. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും തീരുമാനമായിട്ടുണ്ട്. ആര്‍എസ്ഡി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 1997ലാണ് ഇന്ത്യയില്‍ നിന്ന് യുകെയില്‍ എത്തിയത്. 2004ല്‍ ഇയാള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. 2011ലാണ് ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2003നും 2010നുമിടയില്‍ ഇയാള്‍ കുട്ടിയെ ഗ്രൂമിംഗിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്നാണ് തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് കോടതി ഇയാള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ നല്‍കുകയും സെക്ഷ്വല്‍ ഒഫെന്‍ഡേഴ്‌സ് ലിസ്റ്റില്‍ ഇയാളുടെ പേര് ജീവപര്യന്തം ചേര്‍ക്കുകയും ചെയ്തു.
യുകെ പൗരത്വത്തിനായി അപേക്ഷ നല്‍കിയ സമയത്ത് ഇയാള്‍ ഒരു കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കാന്‍ ഹോംസെക്രട്ടറി തീരുമാനിച്ചത്. ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 2003ല്‍ അപേക്ഷ നല്‍കുന്നതിനു മുമ്പും പൗരത്വം ലഭിച്ചതിനു ശേഷവും വര്‍ഷങ്ങളോളം പീഡനം തുടര്‍ന്നുവെന്നാണ് വ്യക്തമായത്. ഈ കുറ്റകൃത്യം മറച്ചുവെച്ച് ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിച്ചുവെന്നത് അംഗീകരിക്കാനാകാത്ത കുറ്റമാണ്. ഇത് നിങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് ആര്‍എസ്ഡിക്ക് നല്‍കിയ വിശദീകരണത്തില്‍ ഹോം സെക്രട്ടറി വ്യക്തമാക്കി.
തീരുമാനത്തിനെതിരെ നല്‍കിയ അപ്പീലില്‍ ഇയാള്‍ വിജയിച്ചെങ്കിലും ഒരു സീനിയര്‍ ജഡ്ജ് ഹോം സെക്രട്ടറിയുടെ തീരുമാനത്തിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ചേംബറിന്റെ അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജിയായ ജഡ്ജ് പിറ്റ് ആണ് ഈ വിധിയെഴുതിയത്. ചൈല്‍ഡ് അബ്യൂസ് ലോയര്‍മാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. റോച്ച്‌ഡെയിലില്‍ ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മൂന്ന് പാകിസ്ഥാന്‍ വംശജരുടെ കേസിലും ഈ വിധി ബാധിക്കും.
അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ലംബോര്‍ഗിനിയില്‍ നിന്ന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. എം62വില്‍ മാഞ്ചസ്റ്റര്‍ ഭാഗത്തേക്കുള്ള പ്രദേശത്ത് നടന്ന അപകടത്തില്‍ 2 ലക്ഷം പൗണ്ട് വിലയുള്ള സൂപ്പര്‍കാര്‍ വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നു തരിപ്പണമായി. ഉച്ചയ്ക്ക് ഒരു മണിക്ക് ജംഗ്ഷന്‍ 5നും 6നുമിടയിലായാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍വേയില്‍ മാഞ്ചസ്റ്ററിലേക്കുള്ള ദിശയില്‍ ഒരു ലെയിന്‍ അടച്ചിട്ടു. ഗതാഗത തടസമുണ്ടായതോടെ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ രംഗത്തെത്തിയ ഡ്രൈവര്‍മാരെ പോലീസ് ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒടുവില്‍ യാത്രക്കാരുടെ രോഷമടക്കാന്‍ മെഴ്‌സിസൈഡ് പോലീസിന് ട്വീറ്റ് ചെയ്യേണ്ടി വന്നു. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം സൗകര്യം തരൂ, ഞങ്ങളോട് കയര്‍ത്തതുകൊണ്ടോ, എന്‍ജിന്‍ ഇരപ്പിച്ചതുകൊണ്ടോ റോഡ് വീണ്ടും തുറക്കുന്നത് വേഗത്തിലാക്കാന്‍ കഴിയില്ലെന്ന് പോലീസ് ട്വീറ്റ് ചെയ്തു. ഒരു കാര്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും പോലീസ് വ്യക്തമാക്കി. രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.
എന്നാല്‍ കാറിലുണ്ടായിരുന്ന ആളെ വാഹനം പൊളിച്ചാണോ പുറത്തെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തേ ഈ വാഹനം ജംഗ്ഷന്‍ 8ല്‍ വെച്ച് ഓഫീസര്‍മാര്‍ തടഞ്ഞിരുന്നു. റോഡിന്റെ നടുവിലൂടെ അനാവശ്യമായി പോയതിനും മൂടല്‍മഞ്ഞില്‍ ലൈറ്റുകള്‍ ഉപയോഗിക്കാതിരുന്നതിനുമായിരുന്നു ഇത്. ഡ്രൈവറെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.