ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ വന്‍ തോതില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. ഓരോ വര്‍ഷവും ഇത്തരക്കാരില്‍ നിന്ന് ബില്യന്‍ കണക്കിന് പൗണ്ടാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മറ്റു സേവനദാതാക്കളെ തേടാത്തവര്‍ക്കും വര്‍ഷങ്ങളോളം ഒരേ സേവനം ഉപയോഗിക്കുന്നവരും ചേര്‍ന്ന് ഒരു ദിവസം 11 മില്യന്‍ പൗണ്ടാണത്രേ നഷ്ടപ്പെടുത്തുന്നത്. സേവിംഗ്‌സ്, മോര്‍ഗേജുകള്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ വിശ്വസ്ത ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പകരം അവരെ ചൂഷണം ചെയ്യുകയാണെന്ന് സിഎംഎ പറയുന്നു.
ഹോം ഇന്‍ഷുറന്‍സ് കമ്പനികളാണ് ഈ തട്ടിപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒരു ശരാശരി ഉപഭോക്താവിന് സേവനദാതാക്കളെ മാറാത്തതു മൂലം 877 പൗണ്ടെങ്കിലും പ്രതിവര്‍ഷം നഷ്ടമാകുന്നുണ്ട്. കുടുംബങ്ങളുടെ ശരാശരി ചെലവിന്റെ മൂന്ന് ശതമാനത്തോളം വരും ഈ തുക. ഇത് വളരെ വലിയ തുകയാണെന്നും ഈ വിധത്തിലുള്ള ചൂഷണം ഇല്ലാതാക്കാന്‍ അടിയന്തരമായി നിയമ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിഎംഎ ആവശ്യപ്പെടുന്നു. ലോയല്‍റ്റി പെനാല്‍റ്റി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ചൂഷണത്തിലൂടെ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും 4.1 ബില്യന്‍ പൗണ്ട് നഷ്ടമാകുന്നുണ്ട്. ഇതിനെതിരെ ഭീമ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് സിറ്റിസണ്‍സ് അഡൈ്വസ്.
മോര്‍ഗേജ് മാര്‍ക്കറ്റില്‍ പത്തുലക്ഷത്തോളം ആളുകള്‍ ഈ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. അതേസമയം ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത് 12 മില്യനു മേല്‍ വരും. സാധാരണക്കാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സിഎംഎ ആവശ്യപ്പെടുന്നു.
ബ്രെക്‌സിറ്റ് ‘സ്‌കൈപ്പ് കുടുംബങ്ങളെ’ സൃഷ്ടിക്കുമെന്ന് ആശങ്ക. വിദേശ പൗരന്‍മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിക്കുന്ന ആയിരക്കണക്കിനാളുകള്‍ രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെടുന്ന ഇത്തരം കുടുംബങ്ങളെയാണ് സ്‌കൈപ്പ് ഫാമിലി എന്ന പേരില്‍ വിളിക്കുന്നത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ രണ്ടിടത്താക്കപ്പെടുമോ എന്ന ആശങ്കയും വളരുകയാണ്. സുരീന്ദര്‍ സിങ് റൂട്ട് എന്ന് അറിയപ്പെടുന്ന നിയമ വ്യവസ്ഥയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ പങ്കാളികളെ യുകെയില്‍ കൊണ്ടുവരണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി ബ്രിട്ടീഷ് പൗരന് നിശ്ചിത വരുമാനം ഉണ്ടെന്ന് തെളിയിക്കുകയും വേണം. ഈ കുടിയേറ്റ വ്യവസ്ഥയാണ് സുരീന്ദര്‍ സിങ് റൂട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.
മൊറോക്കോ സ്വദേശിയായ അബ്ദുവിനെ വിവാഹം കഴിച്ച നോര്‍വിച്ച് സ്വദേശിനി ബെക്കി ഡാര്‍മന്‍ ഈ പ്രതിസന്ധിയെ നേരിടുകയാണ്. രണ്ടു വര്‍ഷം മുമ്പ് പ്രണയത്തിലായ ഈ ജോടികള്‍ക്ക് ഇപ്പോള്‍ എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ഉണ്ട്. പക്ഷേ അബ്ദുവിന് യുകെയില്‍ തന്റെ പങ്കാളിക്കും കുഞ്ഞിനുമൊപ്പം താമസിക്കാന്‍ കഴിയില്ല. കുഞ്ഞായ ആലിയയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവള്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന ദുഃഖം അബ്ദു പങ്കുവെക്കുന്നു. ആലിയയെ പ്രസവിക്കുന്നതിനായാണ് ബെക്കി യുകെയിലേക്ക് മടങ്ങിയത്. പക്ഷേ അബ്ദുവിനെ യുകെയില്‍ എത്തിക്കണമെങ്കില്‍ ബെക്കിക്ക് പ്രതിവര്‍ഷം 18,600 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കണം. നിലവില്‍ സിംഗിള്‍ മദറായ ബെക്കിക്ക് ഇത് വന്‍ തുകയാണ്. ഒരുമിച്ചു നില്‍ക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ആലിയ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത് സ്‌കൈപ്പ് ഫാമിലികളിലെ 15,000 കുട്ടികള്‍ക്കൊപ്പമാണ്.
ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പങ്കാളികളുള്ള ബ്രിട്ടീഷുകാര്‍ക്കും യുകെയില്‍ ഒരുമിച്ചു താമസിക്കണമെങ്കില്‍ സുരീന്ദര്‍ സിങ് റൂട്ട് അനുസരിച്ച് വരുമാനം തെളിയിക്കേണ്ടി വരും. ബുധനാഴ്ച പുറത്തുവിട്ട ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്‌കൈപ്പ് ഫാമിലികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2012ലാണ് യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ പ്രവേശനം സാധ്യമാകുന്നതിന് കുറഞ്ഞ വരുമാന പരിധി നിര്‍ണ്ണയിച്ചത്. അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് ആയിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് നികുതിദായകര്‍ക്ക് ഭാരമായി മാറാതിരിക്കാനാണ് പദ്ധതിയെന്നായിരുന്നു മേയ് അവകാശപ്പെട്ടത്. ഈ പ്രശ്‌നം മറികടക്കാന്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ അയര്‍ലന്‍ഡിലേക്കും മറ്റും ചേക്കേറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂസ് ഡെസ്ക്
യുകെയിൽ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ എയർപോർട്ടായ ലണ്ടൻ ഗാറ്റ്വിക്കിന്റെ റൺവേയിൽ ഡ്രോൺ പറക്കുന്നതു മൂലം ഫ്ളൈറ്റ് സർവീസ് പൂർണമായി നിലച്ചു. അടിയന്തിര സ്ഥിതി വിശേഷം നേരിടാൻ ഏവിയേഷൻ അധികൃതർ മിലിട്ടറിയെ വിളിച്ചു.. ആയിരങ്ങൾ എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് എയർപോർട്ട് പരിസരത്ത് രണ്ട് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ മൂന്നു മണിയോടെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും 45 മിനിട്ടിനുശേഷം ഡ്രോണുകൾ വീണ്ടും റൺവേ ഏരിയയിൽ അതിക്രമിച്ച് കടന്നതിനാൽ ഫ്ളൈറ്റുകൾ നിറുത്തിവച്ചു. പിന്നീട് ഉച്ചയ്ക്ക് 12 മണിക്കും ഡ്രോൺ പ്രത്യക്ഷപ്പെട്ടു.
ബുധനാഴ്ച 10,000 ലേറെയാത്രക്കാരെ ഫ്ളൈറ്റ് ക്യാൻസലേഷനും ഷെഡ്യൂൾ മാറ്റവും ബാധിച്ചു. ഇന്ന് സർവീസ് നടത്തേണ്ട 760 ഷെഡ്യൂളുകളെയാണ് ഡ്രോണുകൾ താറുമാറാക്കിയത്. ഇന്ന് 110,000 പേരാണ് ഗാറ്റ്വിക്കിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നത്. ഡ്രോണുകൾ വ്യോമ പാതയിൽ തടസമുണ്ടാക്കുന്നത് ഗുരുതരമായ അപകടങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യതയുള്ളതിനാലാണ് ഫ്ളൈറ്റ് സർവീസുകൾ അടിയന്തിരമായി നിറുത്തിയത്. 24 മണിക്കൂറോളമായി തുടരുന്ന പ്രതിസന്ധി നാളെയും തുടരുമെന്നാണ് കരുതുന്നത്.
ഡ്രോണുകളെ വെടിവച്ചിടാനുള്ള നിർദ്ദേശങ്ങൾ സുരക്ഷാകാരണങ്ങളാൽ അധികൃതർ ഉപേക്ഷിച്ചു. എവിടെ നിന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രിസ്മസ് ഹോളിഡേ ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനിരുന്ന മലയാളികൾ അടക്കമുള്ളവർ ഇതുമൂലം എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഫ്ളൈറ്റുകൾ പുറപ്പെടുകയോ ഇറങ്ങുകയോ ചെയ്യാനാവാത്ത അവസ്ഥ മൂലം വരും ദിവസങ്ങളിലെ ഷെഡ്യൂളുകളും അവതാളത്തിലാകും. ഈസി ജെറ്റിന്റെ ഇന്നത്തെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
സസക്സ് പോലീസ് മൂന്നു ഹെലികോപ്ടർ ക്രൂവിനെ ഡ്രോണിന്റെ നിയന്ത്രണ കേന്ദ്രം കണ്ടെത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം തടസപ്പെടുത്താനുള്ള മനപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് അധികൃതർ കരുതുന്നത്.
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്കു വേണ്ടി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പുതിയ നിയമങ്ങളുമായി ഇമിഗ്രേഷന്‍ വൈറ്റ് പേപ്പര്‍ പുറത്തുവിട്ടു. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ ബ്രിട്ടനില്‍ എത്താന്‍ കഴിയും. 2025 വരെ തുടരുന്ന ഈ വ്യവസ്ഥ വിദേശികളായ തൊഴിലാളികളെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന സമ്പദ് വ്യവസ്ഥയുടെ ചില ഭാഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഈ വ്യവസ്ഥയെ ഞെട്ടിക്കുന്നത് എന്നാണ് മൈഗ്രേഷന്‍വാച്ച് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് വിശേഷിപ്പിച്ചത്.
കുടിയേറ്റക്കാര്‍ വരുന്ന പ്രദേശങ്ങളേക്കാള്‍ യുകെയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് ഹോം സെക്രട്ടറി സാജിദ് ജാവീദ് പറഞ്ഞത്. യുകെ ബിസിനസുകള്‍ക്കായി തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും ഇത് ഉപകരിക്കുമെന്ന് ജാവീദ് വിശദീകരിച്ചു. 40 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കുടിയേറ്റനയത്തില്‍ ഇത്രയും വലിയ ഒരു പൊളിച്ചെഴുത്ത് നടന്നിരിക്കുന്നത്. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കിലും കുടിയേറ്റം സാരമായി കുറയാന്‍ ഈ നയം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗികമായി നിയമമാകുന്നതിനു മുമ്പായി നിര്‍ദേശിക്കപ്പെടുന്ന ബില്ലുകളാണ് ധവളപത്രമായി പ്രഖ്യാപിക്കുന്നത്. ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ വ്യവസ്ഥകളിലെ ധവളപത്രം വൈകിയാണ് അവതരിപ്പിക്കുന്നത്. യൂറോപ്യന്‍, യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന വിദഗ്ദ്ധ മേഖലയിലുള്ളവര്‍ എത്തുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തു കളയാനും അഞ്ചു വര്‍ഷത്തെ വിസ തേടുന്നവര്‍ക്ക് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയേര്‍പ്പെടുത്താനും ധവളപത്രത്തില്‍ വ്യവസ്ഥയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ രഹിത പ്രവേശനം, 2021 മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളും ധവള പത്രം മുന്നോട്ടു വെക്കുന്നു.
ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. ഉപ്പിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം 4000ത്തോളം ജീവനുകളെടുക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതിനെ ദേശീയ ആരോഗ്യ ദുരന്തം എന്നാണ് ക്യാംപെയിനര്‍മാര്‍ വിശേഷിപ്പിക്കുന്നത്. 2014ല്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച വോളന്ററി സോള്‍ട്ട് ടാര്‍ജറ്റ് പാലിക്കാന്‍ ഭക്ഷ്യ കമ്പനികള്‍ തയ്യാറാകുകയാണെങ്കില്‍ ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതു മൂലമുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കുന്നു. ആക്ഷന്‍ ഓണ്‍ സോള്‍ട്ട് എന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ തലവന്‍ ഗ്രഹാം മക്ഗ്രിഗോര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപ്പിന്റെ അളവ് കുറയ്ക്കാനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ബ്രിട്ടന്‍ ഒരുകാലത്ത് ലോകത്ത് ഒന്നാം നിരയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുകെയിലാണ് ഈ രീതി തുടങ്ങിവെച്ചത്. മറ്റു രാജ്യങ്ങള്‍ അത് പിന്തുടരുകയായിരുന്നു. ഇപ്പോള്‍ ഈ സമ്പ്രദായത്തിനെ പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു വര്‍ഷം സമയം ലഭിച്ചെങ്കിലും പിഎച്ച്ഇ ഒന്നും ചെയ്തില്ല. അതിന്റെ ഫലമായി ആയിരങ്ങളാണ് മരിച്ചത്. ഈയൊരു സ്ഥിതിവിശേഷം പിഎച്ച്ഇ മുന്‍കൂട്ടി കാണണമായിരുന്നു. ഇപ്രകാരം സംഭവിക്കുമെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുകെയില്‍ ദിവസവും ഉപയോഗിക്കപ്പെടുന്ന ഉപ്പിന്റെ ശരാശരി അളവില്‍ ഓരോ ഗ്രാം കുറയുമ്പോളും എന്‍എച്ച്എസിന് ലാഭിക്കാന്‍ കഴിയുന്നത് 1.5 ബില്യന്‍ പൗണ്ടാണെന്നത് മറക്കരുത്. ഇത് കണക്കിലെടുത്തുകൊണ്ട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍പം ധനം വിനിയോഗിക്കാന്‍ പിഎച്ച്ഇ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 52 ശതമാനം ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ പിഎച്ച്ഇക്ക് സാധിച്ചിട്ടുള്ളത്.
ബ്രെക്‌സിറ്റ് ബ്രിട്ടനെ ലോക സാമ്പത്തിക ശക്തികളിലെ മുന്‍നിരയില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് വിദഗ്ദ്ധര്‍. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഏഴാം സ്ഥാനത്തേക്ക് താഴുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഫ്രാന്‍സും ഇന്ത്യയും ബ്രിട്ടനെ മറികടന്ന് സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് കുതിക്കുമെന്നും പ്രവചനം പറയുന്നു. അടുത്ത വര്‍ഷം തന്നെ ഈ സ്ഥിതിവിശേഷം ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കാതിരുന്നാല്‍ 2019ല്‍ 1.6 ശതമാനം വളര്‍ച്ചയാണ് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രവചിക്കുന്നത്. അതേസമയം ഫ്രാന്‍സിന് 1.7 ശതമാനവും ഇന്ത്യക്ക് 7.6 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത വര്‍ഷത്തോടെ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്.
ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടരും. 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും സാമ്പത്തിക മേഖല മന്ദഗതിയിലായതുമാണ് ഈ പിന്നാക്കം പോകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമേഖലയില്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു ഇതുവരെ മത്സരം നിലനിന്നിരുന്നത്. എന്നാല്‍ 2018ല്‍ വളര്‍ച്ച കുറഞ്ഞതും ഇതേ അവസ്ഥ 2019ലും തുടരാന്‍ സാധ്യതയുള്ളതിനാലും ഇനി ഫ്രാന്‍സിനായിരിക്കും മേല്‍ക്കൈയുണ്ടാകുകയെന്ന് പിഡബ്ല്യുസി ഇക്കണോമിസ്റ്റ് മൈക്ക് ജെയ്ക്ക്മാന്‍ പറഞ്ഞു. ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി. ഇത്രയേറെ ജനസംഖ്യയുണ്ടായിട്ടും പ്രതിശീര്‍ഷ ഇനിഷ്യല്‍ ജിഡിപി നിരക്ക് കുറവായിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
വരുന്ന ദശകങ്ങൡ ആഗോള ജിഡിപി പട്ടികയില്‍ ഇന്ത്യക്ക് വളര്‍ച്ച തന്നെയായിരിക്കും ഉണ്ടാകുകയെന്നും വിലയിരുത്തലുണ്ട്. ദേശീയ സാമ്പത്തിക വ്യവസ്ഥകളെ അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെയാണ് സമ്പദ് വ്യവസ്ഥ പിന്നോട്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്നത്.
ലണ്ടന്‍: സോളാര്‍ എനര്‍ജി ഉപയോഗിക്കുന്ന വീടുകളില്‍ അധികമായി വരുന്ന വൈദ്യുതി കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മില്യണ്‍ പൗണ്ടിലധികം വരുമാനം ലഭിക്കുന്ന കമ്പനികള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 ഏപ്രിലോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ‘എക്‌സ്‌പോര്‍ട്ട് താരിഫ്’ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളോട് ലണ്ടന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നീക്കത്തോട് ഗ്രീന്‍ ക്യാംപെയ്‌നേഴ്‌സ് പ്രതിഷേധമറിയിച്ചിട്ടുണ്ട്.
അതേസമയം 2019 ഏപ്രിലോടെ പുതിയ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. പുതിയ തീരുമാനം ഗ്രീന്‍ എനര്‍ജി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ക്ലൈമറ്റ് ചെയ്ഞ്ച് ചാരിറ്റി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗ്രീന്‍ എനര്‍ജി രാജ്യത്തിന് ഗുണപ്രദമായി നിലനില്‍ക്കുന്ന ഒന്നാണ്. വിജയകരമായി മുന്നോട്ട് പോകുന്ന ഒരു പദ്ധതിയെന്ന നിലയിലാണ് സോളാര്‍ സംരഭങ്ങളെ നാം കാണുന്നത്. ഏതാണ്ട് 1 മില്യണ്‍ വീടുകളിലും 1,000 സ്‌കൂളുകളിലും പദ്ധതി പ്രാവര്‍ത്തികമാക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ക്യാംപെയ്‌നര്‍ ഗ്രൂപ്പ് അംഗം നീല്‍ ജോണ്‍സ് പറഞ്ഞു.
ഗവര്‍മെന്റിന്റെ പുതിയ നീക്കം പ്രതികൂല ഫലമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഗ്രീന്‍ പിയര്‍ ജെന്നി ജോണ്‍സും വ്യക്തമാക്കുന്നു. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പുതിയ മാറ്റം 800,000ത്തിലധികം വീടുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. 2010ന് ശേഷം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവരെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. അതേസമയം വീടുകളില്‍ മിച്ചം വരുന്ന വൈദ്യുതി സൗജന്യമായി നല്‍കാനുള്ള പദ്ധതിയെ ന്യായീകരിച്ച് ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജി രംഗത്ത് വന്നു. പദ്ധതി എല്ലാ ഉപഭോക്താക്കള്‍ക്കും മിതമായ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് സഹാകമാവും എന്നാണ് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജിയുടെ വാദം.
ബ്രെക്‌സിറ്റ് ധാരണ പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടന്‍ ഒരു നോ ഡീല്‍ ബ്രെക്‌സ്റ്റിലേക്ക് നീങ്ങുമെന്ന് അഭ്യൂഹം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള നീക്കങ്ങള്‍ ക്യാബിനറ്റ് ആരംഭിച്ചു. സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഫെറി സ്‌പേസുകള്‍ എമര്‍ജന്‍സി സപ്ലൈകള്‍ക്കായി ഒഴിച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ജനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബ്രെക്‌സിറ്റിന് ഇനി 101 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനുള്ളില്‍ പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടി അംഗീകരിക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗ്ഗം എന്ന പ്രതീതിയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടുന്നതിനായി 2 ബില്യന്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്.
ഇത്തരം നാടകീയമായ മുന്നൊരുക്കങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനിടയുണ്ടെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നതോടെ ന്യായീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവേകമുള്ള സര്‍ക്കാര്‍ നടത്തുന്ന മുന്നൊരുക്കങ്ങളാണ് ഇവയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സാധാനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ ഫെറി സ്‌പേസ് ഉറപ്പാക്കുന്നതടക്കം 320 പദ്ധതികളാണ് ക്യാബിനറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇടപെടുന്നതിനായി 3500 സൈനികരെ തയ്യാറാക്കി നിര്‍ത്തും. വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുന്ന അടിയന്തര പദ്ധതികള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ടിവി പരസ്യങ്ങളും സോഷ്യല്‍ മീഡിയയും ഉപയോഗിക്കും. വ്യവസായ സ്ഥാപനങ്ങളോടും തയ്യാറെടുക്കാന്‍ ആവശ്യപ്പെടും. കമ്പനികള്‍ക്ക് പ്രതിസന്ധികളുണ്ടാകാതിരിക്കാന്‍ 100 പേജ് വരുന്ന പാര്‍ട്ണര്‍ഷിപ്പ് പാക്ക് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഇമെയില്‍ അയക്കും. ഇത് 8000 കമ്പനികള്‍ക്ക് നേരിട്ട് അയക്കും. എന്നാല്‍ ഈ തയ്യാറെടുപ്പുകള്‍ ഏറെ വൈകിയാണ് തുടങ്ങിയിരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അത്യാവശ്യ വസ്തുക്കള്‍ ശേഖരിക്കാനുള്ള ഷിപ്പിംഗ് സ്‌പേസ് ഇപ്പോള്‍ത്തന്നെ നിറഞ്ഞിരിക്കുകയാണെന്നും പദ്ധതികള്‍ക്കായി നേരത്തേ അനുവദിച്ച പണത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.
ലണ്ടന്‍: രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ സ്ഥിരം ട്രെയിന്‍ യാത്രകള്‍ നടത്തുന്നവര്‍ ഫ്‌ളു പിടിപെടുന്നതായി പഠന റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദീര്‍ഘദൂര ട്രെയിന്‍ യാത്രികര്‍ക്ക് പനി, ചുമ, ജലദോഷം തുടങ്ങി രോഗങ്ങള്‍ പിടിപെടുന്നത് സാധാരണ സംഭവമാണെന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. എന്‍.എച്ച്.എസ് മെഡിക്കല്‍ രേഖകളില്‍ നിന്ന് തിരക്കേറിയ ടെര്‍മിനലുകളിലൂടെ ദീര്‍ഘദൂര ട്യൂബ് യാത്രകള്‍ നടത്തുന്നവര്‍ക്ക് എയര്‍ബോണ്‍ ഇന്‍ഫെക്ഷന്‍ പിടിപെടുന്നതും വളരെക്കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. സീസൺ ടീക്കറ്റിൽ യാത്ര ചെയ്യുന്ന ഇത്തരക്കാർ മറ്റുള്ളവരിലേക്ക് രോഗം പടർത്തുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിന്റര്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന രീതികളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് നേരത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ട്രെയിന്‍ യാത്രകളില്‍ രോഗബാധിതരായ ആളുകളുമായി സംമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്നതാണ് പ്രധാനമായും രോഗം വരാനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. സ്ഥിരമായി ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അധികൃതര്‍ നടപടി സ്വകരിക്കേണ്ടതുണ്ടെന്ന് ഡോ. ലാറ ഗോസേസ് (ബ്രിസ്റ്റോള്‍സ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ എന്‍ഞ്ചിനിയറിംഗ്) വ്യക്തമാക്കി.
സാധാരണയായ ദീര്‍ഘദൂര യാത്രക്കാര്‍ ട്രെയിനുകള്‍ മാറി കയറുന്നവരാണ്. തിരക്കേറിയ പല ടെര്‍മിനലുകളിലുമാണ് ഇത്തരം ട്രെയിന്‍ മാറ്റങ്ങള്‍. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഫ്‌ളൂ വൈറസുകള്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ ഇത് മറ്റുള്ളവര്‍ക്കും ദോഷമായി ബാധിക്കുന്നതിന്റെ പ്രധാന കാരണവും തിരക്കേറിയ ടെര്‍മിനലുകളിലൂടെ ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നതാണ്. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതും ചില അധിക സര്‍വീസുകള്‍ നടത്തുന്നതും ഗുണം ചെയ്യുമെന്ന് ഡോ. ലാറ ഗോസേസ് ചൂണ്ടിക്കാണിക്കുന്നു. വിന്ററിലേക്ക് കടക്കുമ്പോള്‍ രോഗം പടരുന്നത് വര്‍ദ്ധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
എനര്‍ജി ഡ്രിങ്കുകള്‍ പക്ഷാഘാത സാധ്യത ഉയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 500 ശതമാനം ഉയരാന്‍ ഇവ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ക്രമരഹിതമായ ഹൃദയസ്പന്ദനം കാണപ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയില്‍ സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010ല്‍ 463 മില്യന്‍ ലിറ്ററും 2017ല്‍ 679 മില്യന്‍ ലിറ്ററും സോഫ്റ്റ് ഡ്രിങ്കുകളാണ് യുകെയിലുള്ളവര്‍ കുടിച്ചു തീര്‍ത്തത്. നിലവില്‍ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് മൂല്യമുള്ളതാണ് യുകെയിലെ എനര്‍ജി ഡ്രിങ്ക് മാര്‍ക്കറ്റ്.
ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കുന്ന അറിത്ത്മിയ എന്ന അസുഖത്തിലേക്ക് നയിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പക്ഷാഘാത സാധ്യത അഞ്ചിരട്ടി ഉയര്‍ത്തും. ഈ രോഗാവസ്ഥയുണ്ടാകാന്‍ ഹൃദയത്തിന് ആരോഗ്യക്കുറവുണ്ടാകണമെന്ന നിര്‍ബന്ധമില്ലെന്ന് ദി അറിത്ത്മിയ അലയന്‍സ് സിഇഒ ട്രൂഡീ ലോബാന്‍ പറയുന്നു. ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീനിലെ ഘടകങ്ങള്‍ മാത്രം മതി ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കാന്‍. ആറോ ഏഴോ കോഫി ഒരു ദിവസം കുടിച്ചാല്‍ ഈ അവസ്ഥയുണ്ടാകാം.
എന്നാല്‍ അതിലുമേറെയാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ്. 250 മില്ലിലിറ്റര്‍ എനര്‍ജി ഡ്രിങ്കില്‍ 80 മില്ലീഗ്രാം കഫീന്‍ അടങ്ങിയിരിക്കും. കോളകളിലുള്ളതിനേക്കാള്‍ ഇരട്ടിയും 60 മില്ലി എസ്ര്പ്രസോയിലുള്ളതിനൊപ്പവുമാണ് ഈ നിരക്ക്. കഫീന്‍ മിതമായി ഉപയോഗിക്കുന്നത് കുഴപ്പമുണ്ടാക്കുന്നില്ലെങ്കിലും അമിതമായി ഉപയോഗിക്കുന്നത് അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് തള്ളിവിട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.