ജിദ്ദ : സൗദിയിൽ അഞ്ചംഗ മലയാളി കുടുംബം അപകടത്തിൽ മരിച്ചതിന്റെ ആഘാതം വിട്ടുമാറാതെ പ്രവാസി സമൂഹം. ഭാര്യയും ഭർത്താവും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഗൾഫിലെ വിവിധ രാജ്യങ്ങളിലും, കേരളത്തിലുമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉറ്റവരുടെ മരണം താങ്ങാനാവുന്നതിലുമപ്പുറമാണ്. ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ അൽ റെയ്‌ൻ എന്ന സ്ഥലത്ത് ഇന്ന് (ശനി) പുലർച്ചെയാണ് കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ (48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ (7), സഹ (5), ലുത്ഫി എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സൗദി പൗരന്റെ കാർ ഇടിക്കുകയായിരുന്നു.
അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിലെ ഫീൽഡ് ഓഫിസറായിരുന്നു മുഹമ്മദ് ജാബിർ. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ഇവിടേക്കു കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം. മറ്റൊരു വാഹനത്തിൽ വീട്ടു സാധനങ്ങൾ കയറ്റി അയച്ചതിന് ശേഷം സ്വന്തം കാറിലാണ് ജാബിറും കുടുംബവും യാത്ര പുറപ്പെട്ടത്. വീട്ടു സാധനങ്ങൾ ജിസാനിലെത്തിയിട്ടും കുടുംബത്തെ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടതായി അറിയുന്നത്. മൃതദേഹങ്ങൾ അൽ റെയ്‌ൻ ജനൽ ആശുപത്രി മോർച്ചറിയിലാണുള്ളത്.
എല്ലാവരോടും സൗമ്യനായി പെരുമാറാറുള്ള ജാബിർ സാമൂഹിക രംഗത്തും സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു. ജോലിയിലും വളരെ ആത്മാർഥത കാണിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. റിയാദിലെ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ കെഎംസിസി പ്രവർത്തകൻ ഷൗക്കത്ത്, ജിസാനിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവർ മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള തുടർ നടപടികൾ നടത്തിവരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കുവൈത്തില്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍ എന്നായിരുന്നു ആദ്യം വാർത്ത വന്നത്. പിന്നീടാണ് ഇവർ മലയാളികൾ ആണെന്നും യുവാവ് കൊച്ചി സ്വദേശിയും അറിയാൻ കഴിഞ്ഞത്. സാല്‍മിയപ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവർക്കെതിരെ കേസ് എടുത്ത പോലീസ് ഇവരെ നാട് കടത്തും.
ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന്‍ എത്തി നോക്കുമ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് കുവൈത്തി പൗരന്‍ ആ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
കാല്‍പന്തുകളുടെ പൂരത്തിന് 2022 നവംബര്‍ പകുതിയോടെ ഖത്തറില്‍ തിരിതെളിയാനിരിക്കെ ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ക്കായി മലയാളി ഡ്രൈവര്‍മാരും. ഇതുമായി ബന്ധപ്പെട്ടുള്ള ഖത്തര്‍ ഗവണ്മെന്റിന്റെ റിക്രൂട്ടിംഗ് നടപടികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ആകെയുള്ള ആറായിരത്തോളം അവസരങ്ങളില്‍ ആയിരത്തോളം ഒഴിവുകളിലേക്കാണ് കേരളത്തില്‍ നിന്നടക്കം ഡ്രൈവര്‍മാരെ ഖത്തര്‍ വേള്‍ഡ് കപ്പ് അനുബന്ധ ഒരുക്കങ്ങള്‍ക്കായി എത്തിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന ആസ് മാക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ നടപടികള്‍. അങ്കമാലി അഡ്ലക്സ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഡ്രൈവര്‍മാരെ എറണാകുളം ക്യൂന്‍സ് വാക്ക് വേയിലെത്തിച്ച് റോഡ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍. മെഡിക്കല്‍ അടക്കം സൗജന്യമായാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്. വരുന്ന 45 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഖത്തറിലേക്ക് പറക്കും.
വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ടുള്ള ഗതാഗത സംവിധാനങ്ങള്‍ ഇത്തരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ മുഖേനയായിരിക്കും നടക്കുക. ഒന്നര വര്‍ഷത്തോളം നീളുന്ന ജോലിയാണിത്. ഖത്തര്‍ ട്രാഫിക് ഉദ്യോഗസ്ഥരാണ് ഡ്രൈവിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇന്ന് സമാപിക്കും.
രണ്ടാഴ്ച മുന്‍പ് ഒമാനിലെത്തിയ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെയാണ് (29) മസ്‌കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള കോണിച്ചുവട്ടില്‍ വീണ് മരിച്ച നിലയിലാണ് കണ്ടത്.
എം.എസ്.സി നഴിസിംങ്ങിന് ശേഷം പൂനെയില്‍ ജോലി നോക്കുകയായിരുന്ന ബിജിലി രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്.
2015ല്‍ വിവാഹം കഴിഞ്ഞ ശേഷം 2017ല്‍ ബിജിലിയും ഭര്‍ത്താവിനൊപ്പം ഒമാനിലേക്ക് പോയിരുന്നു. അടുത്തിടെ നാട്ടിലായിരുന്ന ഇവര്‍ വിസ പുതുക്കാനായി കഴിഞ്ഞ 28നാണ് തിരികെ ഒമാനിലെത്തിയത്.
ആയുര്‍ പെരുങ്ങളൂര്‍ കൊടിഞ്ഞിയില്‍ ബിജിലിഭവനില്‍ ബേബിയുടേയും ലാലിയുടേയും മകളാണ് ബിജിലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മലയാളി വിദ്യാര്‍ത്ഥിയെ ബഹ്‌റൈനിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. 17വയസായിരുന്നു. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അദ്‌ലിയയിലെ വീട്ടില്‍ നിന്ന് നടക്കാനായി സുകൃത് പുറത്തേക്ക് പോയത്. കൈയില്‍ വാട്ടര്‍ ബോട്ടിലുമായി സുകൃത് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവിടെ നിന്നും കാണാതായെ സുകൃതിനെ പിന്നീട് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉയരത്തില്‍ നിന്ന് താഴേക്ക് വീണതിന്റെ ഭാഗമായി തലയ്ക്ക് ക്ഷതമേല്‍ക്കുകയും ഇത് കാരണമായുണ്ടായ ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായത്. അതേസമയം, സുകൃതിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ പിയൂഷ് ശ്രീവാസ്തവയ്ക്ക് അപേക്ഷ നല്‍കി. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബഹ്‌റൈന്‍ അധികൃതര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അംബാസഡര്‍ പ്രതികരിച്ചു.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദി അറേബ്യ സന്ദര്‍ശന സമയത്ത് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് നല്‍കിയ മേല്‍ക്കുപ്പായങ്ങള്‍ വ്യാജമായിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യമായിരുന്നു സൗദി അറേബ്യ. 2017 ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ മെയ് മാസത്തിലായിരുന്നു ട്രംപും ഭാര്യ മെലാനിയയും സൗദി സന്ദര്‍ശിച്ചത്.
ട്രംപിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ അമേരിക്കയില്‍ നേരത്തേയും ചര്‍ച്ചാവിഷയമായിരുന്നു. 1973ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷക്കുന്നതിനുള്ള നിയമം മുന്‍നിര്‍ത്തിയായിരുന്നു അന്ന് മൃഗസ്‌നേഹികള്‍ വിമര്‍ശനമുന്നയിച്ചത്.
മൃഗങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്ക് പുറമേ മൂന്ന് വാളുകള്‍, മൂന്ന് കഠാരകള്‍ എന്നിവയും സമ്മാങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലൊരു കഠാരയുടെ പിടി ആനക്കൊമ്പ് കൊണ്ടാണ് നിര്‍മിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
ട്രംപിന്റെ സൗദി സന്ദര്‍ശനവേളയില്‍ 82 സമ്മാനങ്ങളായിരുന്നു രാജകുടുംബം നല്‍കിയത്.
ട്രംപിന്റെ ഭരണസമയത്ത് സമ്മാനങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം സമ്മാനങ്ങളെല്ലാം വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറി. ശേഷം യു.എസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിക്കുകയായിരുന്നു.
അപ്പോഴാണ് ഇവ വ്യാജമാണെന്ന വിവരങ്ങള്‍ ലഭ്യമായതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കിടയിലും നയതന്ത്രപരമായി നിയന്ത്രണങ്ങളോടെ നടത്തിയിരുന്ന സമ്മാന കൈമാറ്റം ട്രംപ് അധികാരത്തിലെത്തിയതോടെ അതിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെട്ടെന്നും ആരോപണങ്ങളുണ്ടായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയോട് ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ഭരണാധികാരികളുമായി അടുത്ത ബന്ധമായിരുന്നു ട്രംപും പുലര്‍ത്തിയിരുന്നത്.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ വ്യാജമാണെന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്.
ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമായ ഹയ രാജകുമാരിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയുടെ ഉത്തരവ് പറയുന്നു. ദുബായ് ഭരണാധികാരിയുടെ നടപടി ബ്രീട്ടീഷ് നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തിയതിന് തുല്യമാണെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയ രാജകുമാരിയും തമ്മില്‍ മക്കളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള കേസ് നടക്കുന്ന സമയത്താണ് ഫോണ്‍ ചോര്‍ത്തിയത്.
ഹയയുടെയും രണ്ട് അഭിഭാഷകരുടെയും സഹായിയുടെയും രണ്ടു സുരക്ഷാ ജീവനക്കാരുടെയും ഫോണ്‍ ആണ് ചോര്‍ത്തിയിരിക്കുന്നത്. ഒഴിയാബാധ തന്നെ വേട്ടയാടുകയാണെന്നാണ് ഫോണ്‍ ചോര്‍ത്തല്‍ വിവരം സ്ഥിരീകരിച്ച ശേഷം ഹയ രാജകുമാരി പറഞ്ഞതെന്ന് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഷെയ്ഖ് വ്യക്തമാക്കി.
”ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. യുഎഇയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇത്. രാജ്യത്തിന്റെ തലവനായതിനാല്‍ വിദേശ കോടതിയില്‍ ഇത്തരം കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ പറയാനാവില്ല. ദുബായ്യോ യുഎഇയോ കോടതി നടപടികളില്‍ കക്ഷിയല്ല. പൂര്‍ണ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല കോടതി വിധി പറഞ്ഞിരിക്കുന്നത്. കോടതി പരിഗണിച്ച തെളിവുകള്‍ എനിക്കോ അഭിഭാഷകര്‍ക്കോ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് അനീതിയാണ്”–ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും പ്രസ്താവനയില്‍ പറഞ്ഞു.
ദുബായ് ഭരണാധാകാരിയും കോടീശ്വരനുമായ ഷെയ്ഖിന് ബ്രിട്ടനില്‍ നിരവധി വസ്തുവകകള്‍ ഉണ്ട്. ബ്രിട്ടന്റെ അടുത്ത സഖ്യകക്ഷി കൂടിയാണ് യുഎഇ. കൂടാതെ എലിസബത്ത് രാജ്ഞിയുമായി അടുത്ത ബന്ധവുമുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമിനെ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ബി.ബി.സിയിലെ റിപ്പോര്‍ട്ട് പറയുന്നത്. യുഎഇയുടെ തലവന്‍ പദവി വഹിക്കുന്നതിനാല്‍ നിയമനടപടികളില്‍ നിന്ന പരിപൂര്‍ണ സംരക്ഷണവുമുണ്ട്.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് 2004 ഏപ്രില്‍ പത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയരാജകുമാരിയും വിവാഹിതരായത്. 2007ല്‍ ആദ്യമകളായ ഷെയ്ഖ അല്‍ ജലീല ജനിച്ചു. 2012 ജനുവരി ഏഴിന് ഷെയ്ഖ് സായിദ് എന്ന മകനും ജനിച്ചു. വിവാഹിതരായി പതിനഞ്ച് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരിയില്‍ ഇരുവരും വിവാഹമോചനം തേടി. ഇതിന് ശേഷം ഹയയും മക്കളും ബ്രിട്ടനിലേക്ക് പോയി.
ജര്‍മന്‍ പൗരത്വത്തിന് ഹയ അപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ ഇക്കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റി. മക്കളെ ദുബായിലേക്ക് തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് 2019 മേയില്‍ ഷെയ്ഖ് ബ്രിട്ടനില്‍ നിയമനടപടികള്‍ ആരംഭിച്ചു. ഈ കേസിലെ നിര്‍ണായക വാദം നടക്കുന്ന 2020 ജൂലൈ -ഓഗസ്റ്റ്് സമയത്താണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ കുടുംബത്തിലെ ഇടപെടലുകള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഷെയ്ഖിന് മറ്റൊരു ഭാര്യയിലുണ്ടായ ഷെയ്ഖ ഷംസയെ 2000 ആഗസ്റ്റില്‍ ഒരു സംഘം ബ്രിട്ടണിലെ കേംബ്രിഡ്ജില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. ഇവര്‍ പിന്നീട് ദുബായില്‍ എത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു.
മറ്റൊരു മകളായ ഷെയ്ഖ ലത്തീഫ ബോട്ടില്‍ കയറി രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇന്ത്യന്‍ സൈനികര്‍ ഇവരെ പിടികൂടി ദുബായ്ക്കു കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. 2018 മാര്‍ച്ചിലായിരുന്നു സംഭവം. ദുബായിലെ വീട്ടില്‍ തന്നെ തടവിലിട്ടിരിക്കുകയാണെന്ന ലത്തീഫ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ബ്രിട്ടനില്‍ ഹയ രാജകുമാരി താമസിക്കുന്ന കാസില്‍വുഡ് പ്രദേശത്തിന് തൊട്ടടുത്ത് 30 ദശലക്ഷം പൗണ്ട് നല്‍കി ഒരു എസ്റ്റേറ്റ് വാങ്ങാന്‍ ഷെയ്ഖ് ശ്രമിച്ചിരുന്നതായി ഹയ രാജകുമാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഹയയെയ നേരിട്ടും അല്ലാതെയും നിരീക്ഷിക്കാന്‍ സാധിക്കും.
മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ് ഇബിന്‍സിന ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. കുവൈറ്റിലെ മലയാളി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
മക്കയിലെ നവാരിയയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. കുറ്റ്യാടി സ്വദേശി അജ്മൽ (30)ആണ് മരിച്ചത്. നവാരിയയിലെ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക്തർക്കം മൂലം അടിപിടി ഉണ്ടായിരുന്നു. ഇതിൽ അജ്മലിന് പരിക്കും പറ്റിയിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
പത്തുകോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രവാസി വ്യവസായി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോൺസൺ മാവുങ്കലാണ് പിടിയിലായത്. പത്തുകോടി വിലമതിക്കുന്ന പുരാവസ്തുക്കൾ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ കേസിലാണ് മോൺസൺ മാവുങ്കലിനെ തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൺസൻ മാവുങ്കൽ. ഇയാളുടെ എറണാകുളം കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.
2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൺസൻ തട്ടിപ്പ് നടത്തിയത്.
ചേർത്തലയിലുള്ള വീട്ടിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ആരോപണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.