ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിലക്ക്, ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. അതേസമയം, വിലക്കുള്ള രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും.
ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ പ്രവേശന വിലക്ക്.
എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.
യുഎഇ അല്‍ ഐനിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍ ഷോപ്പിങിനെത്തിയ കുടുംബം രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ കയറിയപ്പോഴാണ് പെട്ടെന്ന് കുട്ടി താഴേക്ക് വീണത്. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായ കുട്ടിയെ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ചികിത്സ തുടരുകയാണ്.
സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.
മാളിലെ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മാള്‍ ഉടമസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.
13 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവായ യുഎഇ സ്വദേശി കോടതിയെ സമീപിച്ചത്. പരിക്കുകള്‍ക്ക് പുറമെ വീഴ്ചയില്‍ കുട്ടിക്ക് മാനസികാഘാതമേറ്റതായും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ തലയോട്ടിക്ക് 30 ശതമാനം പരിക്കേറ്റതായി ജുഡീഷ്യല്‍ വിഭാഗം നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മാത്രമല്ല കുഞ്ഞിന്റെ മുഖം 40 ശതമാനം വികൃതമായി. ഇത് സംസാരശേഷിയെ ബാധിച്ചിട്ടുണ്ട്. വലത് കൈയ്ക്ക് 50 ശതമാനം വൈകല്യമുണ്ടായി. കേസില്‍ വാദം കേട്ട കോടതി കുട്ടിയുടെ കുടുംബത്തിന് മാളിന്റെ ഉടമസ്ഥര്‍ 735,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. വിദേശികളായ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.
അസാധാരണ കഴിവുകളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എമിറാത്തി പൗരത്വം നല്‍കുന്നതിലൂടെ അവരെ യുഎഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം പൗരത്വത്തില്‍ വരുത്തിയ മാറ്റങ്ങള്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.
അതേസമയം ചില നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിര്‍ത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യുഎഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.
കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിലവിലുള്ള യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. പൗരൻമാർക്ക് രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുണ്ടായിരുന്ന താല്‍ക്കാലിക യാത്രാവിലക്കുകളാണ് ദീർഘിപ്പിച്ചിരിക്കുന്നത്. വിലക്ക് മാർച്ച് 31 മുതൽ നീക്കുമെന്ന് സൗദി അധികൃതർ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. എന്നാൽ വിലക്ക് മേയ് 17 വരെ നീട്ടുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.
കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വിലക്ക് പ്രാബല്യത്തിലുണ്ട്.
ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.
2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നുണ്ടെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്തതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.
മലയാളി മെയില്‍ നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് വ്യാഴാഴ്ച രാവിലെ (പ്രാദേശിക സമയം) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കുവൈറ്റിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ റിഗ് ക്യാമ്പില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യജില്‍മി (തൊടുപുഴ വാഴക്കുളം) സ്വദേശനിയാണ്. ഒരു വയസായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒമാൻ/ മസ്‌കറ്റ്: പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്‌വയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. ജെസിബി ഓപറേറ്ററായിരുന്നു. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫെയ്‌സ്ബുക്കില്‍ മരിക്കാന്‍ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു.
അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ് എന്നാണ് അറിയുന്നത്.
കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷിക്കണേ എന്നുള്ള നിലവിളിയെ കേൾക്കാതിരിക്കാന് അദ്ദേഹത്തിനായില്ല. കുവൈറ്റഇലെ നമ്പറിൽ നിന്നും വന്ന കോൾ ആയതിനാൽ തന്നെ പരിചയക്കാരേയും സുഹൃത്തുക്കളേയും സമീപിച്ച് ഇവരുടെ സഹായത്തോടെ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെ ജോലിക്ക് എത്തി അവിടെ കുടുങ്ങി പോയ മലയാളി പെൺകുട്ടിയാണ് തന്നെ സമീപിച്ചിരിക്കുന്നത് ബോധ്യമായി. പിന്നെ അങ്ങോട്ട് സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തന നിമിഷങ്ങളായിരുന്നു.
കുവൈറ്റിലുള്ള സുഹൃത്താണ് ലക്‌സണ് വന്ന കോളിനെ കുറിച്ച് അന്വേഷിച്ച് ദീപ എന്ന നിസ്സഹായയായ പെൺകുട്ടിയെ കണ്ടെത്തിയതും, അവർ കുടുങ്ങിപ്പോയ സാഹചര്യം അന്വേഷിച്ച് സത്യമാണെന്ന് സ്ഥിരീകരിച്ചതും. പിന്നീട് നടന്ന രക്ഷാദൗത്യം സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
വിദേശത്തുണ്ടായിരുന്നപ്പോൾ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി ലക്‌സൺ ആ പെൺകുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചു. ഒടുവിൽ എല്ലാ പ്രയത്‌നങ്ങൾക്കും ശേഷം, കഴിഞ്ഞദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോട്ടയം നീലംപേരൂർ സ്വദേശിനി ദീപ വന്നിറങ്ങി.
കുവൈറ്റിലെ ഗദ്ദാമയുടെ അടിമ ജീവിതത്തിൽ നിന്നാണ് ദീപ മോചിപ്പിക്കപ്പെട്ട് നാട്ടിലെത്തിയത്. ‘രക്ഷപ്പെടാൻ അവസരം വരും, അതുവരെയും കാത്തിരിക്കണം.. ലക്‌സൺ സാർ ഇടയ്ക്കു വിളിക്കുമ്പോൾ പറയുമായിരുന്നു. വാതിൽ തുറന്നു കിടക്കുകയാണോ എന്ന് ഇടയ്ക്കിടെ നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതിൽ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു.
ധൈര്യമായി ഇറങ്ങി പുറത്തേക്കോടാൻ ഉപദേശിച്ചു. ബാഗിൽ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് റോഡിലേക്കിറങ്ങി തിരിഞ്ഞു നോക്കാതെ ഓടി. അതുവഴി വന്ന ഒരു ടാക്‌സി കിട്ടിയതു രക്ഷയായി. അതിൽ കയറി, ലക്‌സൺ സാർ പറഞ്ഞതുപോലെ ഇന്ത്യൻ എംബസിയിലെത്തി. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിരുന്നു. അവർ സ്‌നേഹപൂർവം സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കി. നാട്ടിലേക്കു വരാനുള്ള ടിക്കറ്റും വാഹനവും തന്നു.’-ദീപ താൻ രക്ഷപ്പെട്ട് വന്ന വഴി ഓർത്തെടുക്കുന്നു.
ബിഎ ബിരുദധാരിയാണ് ദീപ. നാലുവർഷം മുമ്പ് ഭർത്താവ് വൃക്കരോഗം ബാധിച്ച് മരിച്ചു. പിന്നാലെ നിരാലംബയായ ദീപയെ കാണാൻ അകന്ന ബന്ധുവെത്തി. ഇയാളാണ് കുവൈറ്റിലെ വീട്ടുജോലിയെ കുറിച്ച് പറഞ്ഞത്. വീട്ടിലെ പ്രാരാബ്ദം ആലോചിച്ചപ്പോൾ ഇല്ലാത്ത പണം കടം വാങ്ങിയുണ്ടാക്കി നൽകിയാണ് 2018 ൽ കുവൈറ്റിലെത്തിയത്. അവിടെ കാത്തുനിന്ന അറബി ഏജന്റ് ഒരു വീട്ടിലാക്കി.
രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നൽകിയില്ല എന്നതും ഒഴിച്ചാൽ കാര്യമായ പ്രശ്‌നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു വാഗ്ദാനം. നൽകിയത് 90 ദിനാർ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യുന്നതാണ് അവിടുത്തെ നിബന്ധന. പിന്നീട് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം.
ചെറിയ കുറെ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി. അവിടെ ഒരു വർഷം പൂർത്തിയായതോടെ വീട്ടുകാർ ശ്രീലങ്കൻ ഏജന്റിനു കൈമാറി. അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ടാക്കിയെങ്കിലും നാലുനിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിലേക്കു വിടാൻ അഭ്യർത്ഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. അവിടെ കടുത്ത ജോലിയും മാനസിക പീഡനവും. ഭക്ഷണംപോലും തരാത്ത സാഹചര്യവുമുണ്ടായി.
ഇതിനിടെ കഴുത്തിൽ മുഴ വന്നതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നെ ഒരു തവണ ആശുപത്രിയിൽ കാണിച്ചു. തുടർ ചികിത്സയില്ലാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം പോലും വീട്ടുടമ നൽകാൻ തയ്യാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിർത്തി. ഇടയ്ക്ക് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. തിരികെ നാട്ടിൽ വിടണമെന്നു ആവശ്യപ്പെട്ടപ്പോൾ വലിയ തുക പകരം ചോദിച്ചു. അവിടെ കിടന്നു മരിച്ചുപോകുമോ എന്ന ഭയത്തിലാണ് ഏജന്റിനെ വീണ്ടും സമീപിച്ചത്.
കൂട്ടുകാരിൽ പലരോടും കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു കൂട്ടുകാരിയാണ് ഡോ. ലക്‌സന്റെ നമ്പർ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ നാട്ടിലെത്തുന്നതുവരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെനിന്നു. എംബസിയിൽ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കിയതും ആ വീട്ടിൽനിന്നു രക്ഷപ്പെടാൻ അവസരം ഒരുക്കിയതും അദ്ദേഹമാണ്. ഇറങ്ങിയോടി ടാക്‌സിയിൽ എംബസിയിലെത്തിയപ്പോൾ വളരെ സഹാനുഭൂതിയോടെ അവർ പെരുമാറി. താമസിക്കാൻ സ്ഥലവും ഭക്ഷണവും തന്നു. എന്നെപ്പോലെ നിരവധിപ്പേർ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസ്സിലായത്.
എന്നെ ഗൾഫിലെത്തിച്ച ബന്ധു കയറ്റിവിട്ട ഒരു പെൺകുട്ടി വളരെ ദുരിതം അനുഭവിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. പലരും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. എനിക്ക് അത്തരം പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ സ്ത്രീ രക്ഷപ്പെട്ട് എംബസിയിൽ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവർ അനുഭവിച്ചത്.-ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ നാട്ടിൽത്തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രഹവും ദീപ പങ്കുവയ്ക്കുന്നു.
കൊച്ചിയിൽ ഐടി, എക്‌സ്‌പോർട്ടിങ്, കൺസൽറ്റിങ് സ്ഥാപനങ്ങൾ നടത്തുന്ന ഡോ. ലക്‌സൺ ഫ്രാൻസിസ് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്ററണ്. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ, ദുരിതത്തിലായ ഒരു പെൺകുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇദ്ദേഹം.
ഭൂമിയിലെ മാലാഖമാർ എന്ന് നഴ്‌സുമാരെ ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട് എന്നാൽ ആ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് അസ്‌റാർ അബു റാസിൻ എന്ന സൗദി നഴ്സ്. തിരമാലക്കുള്ളിൽപെട്ട രണ്ടു കുട്ടികളെ കടലിലേക്കിറങ്ങി രക്ഷിക്കുകയും അവരെ ഉടൻ ആശുപത്രിയെലെത്തിച്ച് ജീവൻ രക്ഷിക്കുകയുമാണ് അസ്‌റാർ ചെയ്തത്.
സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സായി ജോലി ചെയ്യുകയാണ് അസ്റാർ. ഏതാനും ദിവസം മുൻപ് സൗദി അറേബ്യയുടെ കിഴക്കൻ നഗരമായ ജിസാനിലെ ബിഷ് കടലോരത്ത് കുടുംബത്തോടൊപ്പം നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അവർ കടലിൽ മുങ്ങിത്താഴുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്.
കടലോരത്ത് നടക്കുന്നതിനിടെയാണ് രണ്ട് കുട്ടികൾ തിരമാലക്കുള്ളിൽ കുരുങ്ങുന്നത് അസ്റാന്റെ ശ്രദ്ധയിൽ പെട്ടത്. മറിച്ചൊന്നും ചിന്തിക്കാതെ അസ്റാർ കടലിലേക്കിറങ്ങി. അഞ്ചും ആറും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി. പ്രാഥമിക ജീവൻ രക്ഷാ പരിചരണം നൽകി ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു അവരെ സുരക്ഷിതരാക്കി.
“ആരോഗ്യ പ്രവർത്തക എന്ന നിലയിലും ഒരു പെൺകുട്ടിയുടെ മാതാവെന്ന നിലയിലും ഞാൻ എന്റെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. സമയമോ സ്ഥലമോ നഴ്‌സിംഗ് ജോലി സംബന്ധിച്ച് ഒരു പരിമിതിയല്ല. അടിയന്തിരഘട്ടത്തിൽ സഹായം സഹായം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല,” അസ്റാർ പറഞ്ഞു.
തങ്ങളുടെ മക്കളെ ജീവൻ രക്ഷിച്ച ധീര വനിതയാണ് അസ്റാർ എന്നും അവരോട് എന്നും കടപ്പെട്ടിരിക്കുമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.
വാർത്ത പുറത്ത് വന്നതോടെ അസ്റാറിന്റെ സഹാസിക ഇടപെടലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ ഒഴുകി. അസ്റാറിന് അഭിനന്ദനവും നനന്ദിയും അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റും ചെയ്തു. അസീർ പ്രവിശ്യ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഖാലിദ് ബിൻ ആയിദ് അൽ അസീരി അസ്റക്ക് സമ്മാനങ്ങളും പുരസ്കാരവും നൽകി. സൗദി ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബീഅക്ക് വേണ്ടി നന്ദിയറിയിക്കുകയും ചെയ്തു.
ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് ഖത്വര്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
ദമ്പതികളെ ശിക്ഷിച്ചു കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയില്‍ നല്‍കിയ കേസ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) നേതൃത്വത്തിലും പുരോഗമിക്കുകയാണ്.
ഇന്ത്യയില്‍ നല്‍കിയ കേസിന്റെ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ദമ്പതികളെ വിളിച്ച് വീണ്ടും അന്വേഷണം നടത്തിയിരുന്നു. ദോഹയിലെ ലീഗല്‍ കണ്‍സള്‍ട്ടന്റായ നിസാര്‍ കോച്ചേരി മുഖേന സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കേസ് വാദിക്കുന്നത്.
2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ഖത്വറില്‍ തടവില്‍ കഴിയുന്നത്. ദമ്പതികളെ ബന്ധു നിര്‍ബന്ധിച്ച് ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇവരുടെ ബാഗില്‍ നിന്നും നാലു കിലോ ലഹരിമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും മൂന്നു ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിന് ദോഹയിലെത്തിക്കുകയായിരുന്നു. ജയിലില്‍ വച്ച് ഒനിബ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞും അമ്മയ്ക്കൊപ്പം ജയിലില്‍ തന്നെയാണ്.
ഭക്ഷണം പാകം ചെയ്തത് ഇഷ്ടമായില്ലെന്ന് പരാതി പറഞ്ഞ സഹതാമസക്കാരനെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു. ബഹ്‌റൈന്‍ സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ ഇന്ത്യക്കാരനെ അറസ്റ്റുചെയ്തു. പാകം ചെയ്ത ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞതും കുറച്ച് ഭക്ഷണം മാത്രം ഉണ്ടാക്കിയത് ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം.
സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് ഓഗസ്റ്റ് 24നാണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 23ന് രാത്രി എട്ടുമണിക്ക് ഇന്ത്യക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണം നല്ലതല്ലെന്നും വീണ്ടുമുണ്ടാക്കണമെന്നും സഹതാമസക്കാരന്‍ ആവശ്യപ്പെട്ടു. തയ്യാറായില്ലെങ്കില്‍ താമസസ്ഥലത്തിന് വെളിയില്‍ കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുമെന്ന് ഭീഷണിയും മുഴക്കി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നാലെ പിറ്റേന്ന് ഇന്ത്യക്കാരന്‍ സഹതാമസക്കാരനെ കുത്തിക്കൊല്ലുകയായിരുന്നു. അതേസമയം സഹതാമസക്കാരന്റെ സുഹൃത്തുക്കള്‍ ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് തന്നെ ആക്രമിച്ചതിനാലാണ് സഹതാമസക്കാരന്റെ നെഞ്ചില്‍ കുത്തിയതെന്നാണ് പ്രതിയായ ഇന്ത്യക്കാരന്‍ പറയുന്നത്.
കൃത്യം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിനുള്ളില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാള്‍ അറസ്റ്റിലായി. അതേസമയം കേസില്‍ വിചാരണ തുടരുന്നത് ഞായറാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല കൃത്യം നടത്തിയതെന്ന് ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു.