Middle East

സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ.  അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ടത്.  കേരളത്തിലെ വഴിയോരങ്ങളിൽ വിശന്നു കിടന്ന നായ്ക്കളോടു പോലും സഹാനുഭൂതി കാട്ടിയവർ പ്രവാസികളോടെ കാട്ടുന്നത് നിന്ദ്യവും നീചവുമാണ്.  കഴിഞ്ഞ നാളുകളിൽ അവരുടെ ദീനരോദനങ്ങൾ നമ്മൾ  കണ്ടുകൊണ്ടിരിക്കുന്നു.  ഒരു നേരെത്തെ ഭക്ഷണം വാങ്ങി കഴിക്കാൻ പണമില്ലാത്തവർ, വാടക കൊടുക്കാൻ നിവർത്തിയില്ലാത്തവർ, രോഗത്തിൽ കഴിയുന്നവർ, മരുന്നു വാങ്ങാൻ പണമില്ലാത്തവർ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ,  കുഞ്ഞുങ്ങൾ, പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾ  ഇങ്ങനെ പല വിധത്തിൽ ദുഃഖ ദൂരിതം അനുഭവിക്കുന്നവരെ സ്വന്തം ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ മെയ് ഏഴാം തീയതിവരെ കാത്തിരിക്കേണ്ടി വന്നു. അതും ആടിനെ പച്ചില കാട്ടി കണ്ണും കരളും കവരുന്നതുപോലെയുള്ള പദ്ധതി.  ഇതിനകം ദരിദ്ര രാജ്യങ്ങളായ പാകിസ്ഥാൻ, ഫിലിപ്പൈൻസ് അടക്കം ധാരാളം രാജ്യങ്ങൾ അവരുടെ പൗരന്മാരെ സർക്കാർ ചിലവിൽ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി.  ഇന്ത്യയിൽ കുടുങ്ങിക്കിടന്ന പാശ്ചാത്യ പൗരന്മാരെയും അതാത് രാജ്യങ്ങൾ കൊണ്ടുപോയി. എന്നിട്ടും നമ്മുടെ ഭരണാധിപന്മാർ പരിശ്രമംകൊണ്ട് പരിഹാസപാത്രങ്ങളാകുന്നു.

ഇപ്പോൾ കണ്ടത് യാതൊരുവിധ സഹതാപവുമില്ലതെ പതിറ്റാണ്ടുകൾ പ്രവാസിയിൽ നിന്ന് ഈടാക്കിയ തുകയുടെ പലിശപോലും നൽകാതെ, എംബസികളിൽ കെട്ടികിടക്കുന്ന വെൽഫെയർ ഫണ്ട് ചിലവാക്കാതെ വിമാന -കപ്പൽ തുക പാവങ്ങളായ പ്രവാസികളിൽ നിന്ന് ഈടാക്കുന്ന ആസൂത്രിതമായ വികസനം. പാവപ്പെട്ട പ്രവാസികൾ കൊറോണ ദുരന്തത്തിൽ പടുകുഴിയിൽ വീണിരിക്കുമ്പോഴാണ് ഇന്ത്യൻ ചരിത്രത്തിലാദ്യമായി പ്രവാസികളെ ഇങ്ങനെ പീഡിപ്പിക്കുന്നത്. ഇവർ ഇന്ത്യയിലെ പാവങ്ങളെയും ഇങ്ങനെയാണ് ചവുട്ടിമെതിച്ചു ജീവിക്കുന്നത്.  നല്ലൊരു ഭരണാധിപന് കണ്ണുണ്ടായാൽ മാത്രം പോര കാണാനുള്ള കാഴ്ച്ച ശക്തിയും വേണം. പ്രവാസികൾ നിത്യവും വേദനയിൽ കഴിഞ്ഞുകൂടിയപ്പോൾ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരെപ്പോലെ പ്രവാസികൾക്കായി മുതലക്കണ്ണീർ ഒഴുക്കികൊണ്ടിരിക്കുന്നവർ.  ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷവും അധിക വിദ്യഭ്യാസ യോഗ്യതകൾ ഉള്ളവരല്ല. അവർ സാധാരണ തൊഴിൽവർഗ്ഗത്തില്പെട്ടവരാണ്. സ്വന്തം വിടും ഭാര്യയും കുഞ്ഞുങ്ങളും ഉപേക്ഷിച്ചു് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു് കഠിന പ്രയത്നത്തിലൂടെ കിട്ടുന്ന ശമ്പളം നാട്ടിലയച്ചു കുടുംബം പോറ്റുന്ന പ്രവാസി ഈ ദുർഘട വേളയിൽ വിമാന കൂലി കൊടുക്കണമെന്ന് പറയുന്നത് അമിതമായ സുഖലോലുപതയിൽ ജീവിക്കുന്ന ഭരണാധിപന് അറിയണമെന്നില്ല. എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വിമാനക്കൂലി കൊടുക്കാത്തത്? അതിൽ നമ്മുടെ എംബസികൾ എന്തുകൊണ്ട് ഇടപെട്ടില്ല. അവർ കൊടുക്കില്ലെങ്കിൽ എന്തുകൊണ്ട് എംബസികൾ അവർക്ക് യാത്രക്കൂലി കൊടുക്കുന്നില്ല?  അന്ധവിശ്വാസങ്ങൾ വളമിട്ട് വളർത്തുന്നതുപോലെ ജനാധിപത്യത്തിൽ ഒരു ജീർണ്ണസമൂഹത്തെ വളർത്തുന്നവർക്ക് വേദനിക്കുന്നവനോട് അനുകമ്പ തോന്നണമെന്നില്ല. നിർവാജ്യമായ സ്‌നേഹത്തോടെ ഒന്ന് നോക്കുവാൻപോലും അവർക്കാവില്ല.  ഇന്ത്യൻ ജനാധിപത്യം ക്രൂരമായിക്കൊണ്ടിരിക്കുന്നതിന്റ തെളിവാണിത്. വേട്ടക്കാരന് ഇരയുടെ നൊമ്പരം തിരിച്ചറിയണമെന്നില്ല.

ലോകത്തുള്ള യജമാനന്മാർ, മുതലാളിമാർ അടിമകളോടെ കാട്ടിയ സമീപനമാണ് ഈ ഭരണാധിപന്മാർ പ്രവാസികളോട് കാട്ടുന്നത്.  മുൻപ് രോക്ഷകുലാരായ യജമാനന്മാരും അവന്റെ കാവൽക്കാരും അടിമകളെ മർദ്ദിച്ചു അവശരാക്കിയെങ്കിൽ ഗൾഫിലെ കൂലിവേല തൊഴിലാളികൾ താമസിക്കുന്നത് പത്തും പതിനഞ്ചും പേരുള്ള മുറികളിലാണ്. നിത്യവും അവരുടെ മനസ്സ് സംഘര്ഷത്തിലാണ്. തന്റെ മുറിയിൽ പാർക്കുന്ന ആർക്കാണ് കൊറോണ കോവിഡ് രോഗമുള്ളത്? അതാണ് അവരുടെ ആശങ്ക. ജീവനും മരണവും തമ്മിലുള്ള മാനസിക പോരാട്ടം. അവർ പരസ്പരം നോക്കാൻപോലും ഭയപ്പെടുന്നു. ഒരു ഭാഗത്തു് പട്ടിണിയടക്കം ദുഃഖ ദുരിതങ്ങൾ.  മറുഭാഗത്തു് ചൈന കയറ്റിവിട്ട ജൈവ കൊറോണ രാക്ഷസ്സൻ. ഇങ്ങനെ നീണ്ട നാളുകൾ നീറിനീറി ജീവിക്കാൻ, മാനസിക പീഡനങ്ങളനുഭവിക്കാൻ  ഇടയാക്കിയത് ആരാണ്? ഭരണത്തിലരിക്കുന്നവരോട് പത്രക്കാർ പ്രവാസികളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം മുട്ടുക മാത്രമല്ല അവർക്കായി ശക്തമായ യാതൊരു നടപടിയുമെടുത്തില്ല. പഴങ്കഞ്ഞി കുടിച്ചാലും പത്രാസും പൊങ്ങച്ചവും വിടില്ല എന്ന ഭാവമുള്ളവർ. വിമർശിക്കുന്നവരെ ശത്രുപക്ഷത്തു കാണുന്നവർ.

കേരളത്തിന്റ സമ്പത്തു് ഘടനയിൽ ഗാഢമായി ഇടപെട്ട കേരളിയെന്റെ പട്ടിണി മാറ്റിയ, കാലാകാലങ്ങളിലായി ജന്മനാടിനെ നെഞ്ചോട് ചേർത്ത് സാധ്യമായ സകല സഹായങ്ങളും ചെയ്തുകൊടുത്ത പാവം പ്രവാസികളോട് അവരുടെ ദുഃഖ വേളയിൽ കാട്ടിയ നന്ദികേട് അധികാരസ്ഥന്മാർക്ക് അറിയാഞ്ഞിട്ടല്ല അതിലുപരി അവരുടെയുള്ളിലെ ഭരണകൂട ഭീകരതയാണ്. അമിതമായ അധികാര സുഖഭോഗങ്ങളിൽ ജീവിക്കുന്നവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ എങ്ങനെ വോട്ടുപെട്ടി നിറക്കാം അതാണ് ചിന്ത. അതിനുള്ള ഗുഢതന്ത്രങ്ങൾ മെനഞ്ഞെടുക്കും.  പ്രസ്താവനകൾ നടത്തും. സങ്കീർണ്ണമായ  വൈകാരികത നിറഞ്ഞ ഈ ഘട്ടത്തിൽ തന്റെ ജനത്തെ രക്ഷപെടുത്താൻ ഇത്ര നാളുകളായിട്ടും എന്ത് ചെയ്തു?  നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവരെ തള്ളിവിടില്ലായിരുന്നു. അവർ അനുഭവിച്ച ഹൃദയവ്യഥകൾ ആർക്കുമറിയില്ല.

ഇപ്പോൾ നടക്കുന്നത് അസാധാരണ സംഭവം എന്ന പേരിൽ ഓരോരുത്തർ കൊട്ടരിടത്തും പാട്ടൊരിടത്തും എന്ന വിധത്തിലാണ് സംസാരിക്കുന്നത്. അസാധാരണ സംഭവമെങ്കിൽ അസാധാരണ നടപടികളാണ് ആവശ്യം.  അതിന് അസാധാരണ ചൈതന്യമുണ്ടായിരിക്കും. അത് സ്തുതിപാഠകരും ചുമടുതാങ്ങികളും പറയുന്നതുപോലെയല്ല. മാനസികവും ശാരീരികവുമായി തളർന്നുകൊണ്ടിരിക്കുന്ന പ്രവാസികളെ കാറ്റിൽപ്പെട്ട പഞ്ഞിപോലെ തള്ളിക്കളയുന്നത് അമ്പരപ്പോടെയാണ് പ്രവാസലോകം കാണുന്നത്. കൊറോണ പോലെ ഭരിക്കുന്ന സർക്കാരുകളും ഭയവും ഭീതിയും സംശയങ്ങളും ജനിപ്പിക്കുന്നു. പാവം പ്രവാസികൾ അവരുടെ വേദനകളെ നിശ്ശബ്‌ദം താലോലിക്കുന്നു. കണ്ണുനീർ വാർക്കുന്നു.  കൊറോണയെ, പട്ടിണിയെ, നൊമ്പരങ്ങളെ കിഴടക്കാൻ സാധിക്കാതെ വീർപ്പുമുട്ടലുമായി നിത്യവും കഴിയുന്നു.

ഈ ദിവസംവരെ പ്രവാസികളുടെ കാര്യത്തിൽ സജീവമായി ഇടപെടാൻ എന്തുകൊണ്ട് ഭരിക്കുന്നവർക്ക് സാധിച്ചില്ല എന്നത് സാധാരണ പ്രവാസി ചോദിക്കുന്ന ചോദ്യമാണ്. മനുഷ്യത്വരഹിതമായ ക്രൂരതകളെ താലോലിക്കാൻ പ്രബുദ്ധരായ ജനത ഒരിക്കലും തയ്യാറാകില്ല. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് മാനവികത കാണേണ്ടത്. കുവൈറ്റ് യുദ്ധ കാലത്തു് അത് ഞാൻ നേരിൽ കണ്ടു. കുവൈറ്റിൽ നിന്ന് സൗദി ദമ്മാമിലെത്തിയ മലയാളിമക്കളെ ഞങ്ങൾ ദഹറാൻ എയർപോർട്ടിൽ എത്തിച്ചതും പലരും ജോർദ്ദാൻ വഴി കേരളത്തിലെത്തിയതും ഓർമ്മയിലെത്തുന്നു.  ഈ അപകടവേളയിൽ ഒരു പ്രവാസി ചിന്തിക്കുന്നത്  പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാതെ നാടുകടത്തിയ ഇന്ത്യൻ വ്യവസ്ഥിതിയും തങ്ങളെ ഇത്രയും നാൾ ചുഷണം ചെയ്ത് ജീവിച്ച അധികാരിവർഗ്ഗത്തെയുമാണ്. മൗലിക അവകാശങ്ങൾ വെറും പാഴ്വാക്കുകളായി മാറുന്ന കാലം. കൊറോണ ജീവിതം പ്രവാസിക്ക് സമ്മാനിച്ചത് കോട്ടങ്ങൾ മാത്രമാണ്.

ഈ പടർന്നു പന്തലിച്ച മഹാരോഗത്തെ പൊരുതി ജയിക്കാൻ വോട്ടുപെട്ടിയന്ത്രം നിറക്കാൻ പ്രവാസികൾക്കായി തെരെഞ്ഞെടുത്ത ഒന്നിലധികം സംഘടനകളുണ്ട്.  പ്രവാസികൾക്ക് സഹായകമായി ഇവർ എന്ത് ചെയ്തുവെന്നറിയില്ല.  ഈ പോരാട്ടത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകളെ കയ്യടിച്ചു അഭിനന്ദിക്കാൻ എന്നെപ്പോലുള്ള ദുർബലരായ പ്രവാസികൾക്കാവില്ല.   ഭരണകൂടങ്ങൾ സൃഷ്ടിച്ച അരാജകത്വവും മരണവും ഭയവും മൗലികമായ മനുഷ്യവകാശ ലംഘനങ്ങളും ആദരവിനേക്കാൾ ആഴത്തിലുള്ള മുറിവുകളാണ് പ്രവാസിക്ക് സമ്മാനിച്ചത്. നിരപരാധികളായ പ്രവാസികളോട് ഇന്നുവരെ കാട്ടിയത്  പ്രാകൃതമായ ക്രൂരതയാണ്. ദുരിതങ്ങളുടെ ചുമടുമായിട്ടെത്തുന്ന പ്രവാസികളെ മാനസികമായി തളർത്താതെ അവരുടെ ആവശ്യങ്ങളിൽ പങ്കാളികളാകാൻ ക്രിയാത്‌മകമായ ഇടപെടൽ ആവശ്യമാണ്. അത് ഭൂതകാലത്തിൽ നിന്നുള്ള ഒരു മോചനമായിരിക്കും കാറ്റുള്ളപ്പോൾ തൂറ്റുന്ന ഈ രാഷ്ട്രീയ തന്ത്രം അവസാനിപ്പിക്കുക.
(www.karoorsoman.net)

പ്രവാസികളുടെ വരവിന് വിപുലമായ തയാറെടുപ്പുകളുമായി കേരളം. ആശുപത്രികളിലും ഹോട്ടലുകളിലും ഹോസ്ററലുകളിലുമായി രണ്ടരലക്ഷം കിടക്കകളാണ് സജ്ജമാക്കുന്നത്. പതിനോരായിരത്തി എണ്‍പത്തിനാല് ഐസലേഷന്‍ കിടക്കകളും സജ്ജമാണ്. നടപടികള്‍ വേഗത്തിലാക്കാനും ട്രെയ്സ് ചെയ്യാനും ക്യു ആര്‍ കോഡ് സംവിധാനം ഉപയോഗിക്കും.

ജന്മാനാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് എത്തുന്നവരെ സ്വീകരിക്കാന്‍ ജാഗ്രതയോടെയുളള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തേത് കരുതല്‍ ആപ്പ്, എറണാകുളത്തേത് ആയുര്‍രക്ഷാ ആപ്പ്, കോഴിക്കോട്ടേത് ആഗമനം ആപ്പ് എന്നിങ്ങനെ. ക്യുആര്‍ കോഡ് വഴി ഇവരെ പിന്തുടരാനും കഴിയും. താപനില പരിശോധിച്ച് പനിയുണ്ടെങ്കില്‍ ഐസലേഷന്‍ ബേയിലേക്കും തുടര്‍ന്ന് കോവിഡ് ആശുപത്രിയിലേയ്ക്കും മാററും. രോഗലക്ഷണങ്ങളില്ലാത്തവരെ അവരുടെ ലഗേജുകള്‍ അണുവിമുക്തമാക്കി ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കും. 27 കോവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 207 സര്‍ക്കാര്‍ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജം.

കാറ്റഗറി എയില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി ബാത്ത് റൂം സൗകര്യത്തോടുകൂടിയ ഒറ്റബെഡുകള്‍ 79807 എണ്ണം തയാറാക്കും. 73790 ഉം തയാറാണ്. പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിലും അവയോട് അനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലുമായി 18599 ഒററബെഡ് മുറികളും തയാറാക്കും. എ‍‍ന്‍ജീനീയറിങ് കോളജുകള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ തുടങ്ങിയവയിലായി 59301 കിടക്കകളും , ഗോഡൗണുകള്‍, സര്‍ക്കാര്‍ ഒാഫീസുകളോടനുബന്ധിച്ചുളള ഹാളുകള്‍ എന്നിവിടങ്ങളിലായി 72665 കിടക്കകളും ഒരുക്കും. ഇവിടങ്ങളില്‍ ഒരു മുറിയില്‍ രണ്ടോ അതിലധികമോ പേരുണ്ടാകും. ആകെ രണ്ടരലക്ഷം കിടക്കകളില്‍ ഒരു ലക്ഷത്തി അറുപത്തിമൂവായിരം തയാറാക്കിക്കഴിഞ്ഞു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിററി സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തുടങ്ങി 43 സ്റ്റേഡിയങ്ങളിലായി 20677 കിടക്കകള്‍ സജ്ജമാക്കും. 33798 കിടക്കകളുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 23830 കിടക്കകളുമായി എറണാകുളം രണ്ടാമതാണ്. കോഴിക്കോട് 19986 കിടക്കകളാണ് ഒരുക്കുന്നത്. ജില്ലാഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വകുപ്പാണ് സൗകര്യങ്ങള്‍ തയാറാക്കുന്നത്.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതി​​െൻറ ഭാഗമായി ബഹ്​റൈനിൽനിന്ന്​ കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ്​ വിതരണം തുടങ്ങി. ഇന്ത്യൻ എംബസി തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽ ഉള്ളവർക്കാണ്​ ടിക്കറ്റ്​ നൽകുന്നതെന്ന്​ ചാർജ്​ ഡി അഫയേഴ്​സ്​ നോർബു നേഗി മാധ്യമങ്ങളോട് പറഞ്ഞു

എയർ ഇന്ത്യ ഒാഫീസ്​ അടച്ചിരിക്കുന്നതിനാൽ എംബസിയിൽ തന്നെയാണ്​ താൽക്കാലിക ഒാഫീസ്​ തുറന്ന്​ ടിക്കറ്റ്​ നൽകുന്നത്​. പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന്​ ബന്ധപ്പെടുന്നുണ്ട്​. ഇവർ പാസ്​പോർട്ട്​ അടക്കമുള്ള രേഖകളുമായി എംബസിയിൽ ചെന്ന്​ ടിക്കറ്റ്​ വാങ്ങണം. കൊച്ചിയിലേക്ക്​ 84 ദിനാറും കോഴിക്കോ​േട്ടക്ക്​ 79 ദിനാറുമാണ്​ ടിക്കറ്റ്​ നിരക്ക്​.

യാത്ര പുറപ്പെടുന്നവർ ബഹ്​റൈനിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തേണ്ടതില്ല. ഇത്രയധികം പേർക്ക്​ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്​റ്റ്​ നടത്തുക പ്രായോഗികമല്ലെന്നാണ്​ എംബസി അധികൃതർ വ്യക്​തമാക്കിയത്​. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന്​ മുമ്പ്​ തെർമൽ സ്​​ക്രീനിങ്​ നടത്തും.

പട്ടികയിലുള്ളവരിൽ ലോക്​ഡൗൺ കാലയളവിലെ യാത്രക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്നാണ്​ എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്​.

ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടുത്തം ഉണ്ടായത്. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരെ പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്ക് സംഭവ സ്ഥലത്ത് വെച്ചുതന്നെ ചികിത്സ നല്‍കി.

ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി 9.04 ന് അബ്കോ ടവറിന്റെ പത്താം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മുകളിലേക്ക് തീ പടരുകയായിരുന്നു. 49 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതില്‍ 38 നിലകളില്‍ താമസക്കാരുണ്ട്. ഇവരെ ഉടന്‍ തന്നെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. രണ്ടു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നു.

 

വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റിയേക്കും.
പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ എന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്.

എന്നാല്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ 14 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ക്വാറന്റൈന്‍ നീട്ടാനുള്ള ആലോചനയുണ്ടായത്. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.

വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വീസുകളാണ് നടത്തുക.

ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് കേരളത്തിലേക്കുള്ള സര്‍വ്വീസിന്റെ ചുമതല.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാൻ ഏർപ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. നാളെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും ഒരു വിമാനം മാത്രമാണ് എത്തുക. അബുദാബിയിൽ നിന്നുള്ള വിമാനം മാത്രമാണ് എത്തുക.

രാത്രി 9.25 ന് ശേഷമാണ് വിമാനം എത്തുക. നാളെ രാത്രി 10.15 ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയിൽ നിന്നുള്ള വിമാനത്തിന്റെ സമയം മാറ്റി. ദോഹയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിമാനജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തേണ്ടതിനാലാണ് ഷെഡ്യൂൾ മാറുന്നത് എന്നാണ് സൂചന.

ദുബായിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റമില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 189 സീറ്റുകളുള്ള എയർ ഇന്ത്യയുടെ 737 ബോയിങ് വിമാനമാണ് പ്രവാസികളെ കൊണ്ടുവരാനായി ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ സാമൂഹിക അകലം അടക്കം പരിഗണിച്ച് പരമാവധി 160 ഓളം പേരെ മാത്രമേ കയറ്റാനാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്. നേരത്തെ 200 ഓളം യാത്രക്കാർ ഓരോ സർവീസിലും ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.

അതേസമയം മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് സ്രവപരിശോധന ഉണ്ടാകില്ല. പിസിആർ ടെസ്റ്റ് ഉണ്ടാകില്ലെന്നും, വിമാനത്തിൽ കയറ്റും മുമ്ബ് റാപ്പിഡ് ടെസ്റ്റും തെർമൽ സ്‌ക്രീനിങും നടത്തുമെന്നാണ് അറിയിപ്പ്. സൗകര്യം ലഭ്യമാണെങ്കിൽ പിസിആർ ടെസ്റ്റിന് എംബസികൾക്ക് തീരുമാനിക്കാം എന്നാണ് തീരുമാനം.

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് പരിശോധന നടത്താതെയെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 80,000 പേര്‍ മാത്രമേ വരികയുള്ളൂ. കിട്ടിയ വിവരം അനുസരിച്ച് കേരളത്തിലെ നാല്് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തുക 2150 പേരാണ്.

അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്ത് 4,42,000 പേര്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ തല്‍ക്കാലം പ്രവാസികളെ ഇറക്കില്ല.

പ്രവാസികളുടെ കാര്യത്തില്‍ അടിയന്തിരമായി നാട്ടിലേത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍, ജയില്‍ മോചിതര്‍, കരാര്‍ പുതുക്കാത്തവര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്ന കുട്ടികള്‍, വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു.

നമ്മുടെ ആവശ്യം ആദ്യഘട്ടത്തില്‍ ഇവരെ എത്തിക്കുക എന്നതാണ്. ഇത് കേന്ദ്രം അനുവദിച്ചില്ല. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ കൈമാറാനുള്ള വിവരം എംബസികളും വിദേശകാര്യമന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്.

എന്നാൽ കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലയില്‍ 8000 മുറികളും 6000 വീടുകളും നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ പൂര്‍ത്തിയാക്കി. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഹോട്ടല്‍ മുറികളും വിവിധ ഹോസ്റ്റലുകളും ഉള്‍പ്പടെയാണിത്.

കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി മലപ്പുറം ജില്ലയില്‍ 113 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. ഈ കെട്ടിടങ്ങളിലായി 7174 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏറ്റെടുക്കാന്‍ 15000 മുറികളും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്.

ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്. പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.
രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.

അതേസമയം വിമാനടിക്കറ്റ് വെബ്സൈറ്റ്, ട്രാവല്‍സ് വഴി ലഭിക്കില്ലെന്നും സ്ഥാനപതി കാര്യാലയം തയ്യാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നുമാണ് എംബസി അധികൃതര്‍ അറിയിച്ചത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂര്‍, യുകെ, ബംഗ്ലാദേശ്, ഫിലിപൈന്‍സ് എന്നിവടങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചയില്‍ പ്രവാസികളെ വിമാനത്തില്‍ കൊണ്ടുവരുന്നത്.

ആദ്യ ദിനം നാല് വിമാനങ്ങളാണ് എത്തുക. മറ്റന്നാൾ കേരളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യും. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുകയെന്നാണ് വിവരം.

അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്കാണ് എത്തുക. ദുബായ് വിമാനം കോഴിക്കോട്ടേക്കാണ് ആദ്യ ദിവസം എത്തുക. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക.

അതേസമയം, ഇത്തരത്തിൽ ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങൾ സർവീസ് നടത്തും. ഒമ്പത് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്‌കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ ആദ്യ ആഴ്ച എത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.

ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയിൽ 84 വിമാനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയിൽ വിമാന മാർഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമാണ് ഉണ്ടാവുക. അമേരിക്കയിലേക്കും ആദ്യ ഘട്ടത്തിൽ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേത്തിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കും. ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാർ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.

അതേസമയം, ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകൾ വീതമാണ് പുറപ്പെട്ടത്.

വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.

തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.

കോവിഡ് ബാധിച്ച് അമേരിക്കയിലും യുഎഇയിലുമായി ആറു മലയാളികള്‍ കൂടി മരിച്ചു. അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനുമുള്‍പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം.പണിക്കറും മാര്‍ത്തോമ്മ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി എം.ജോണും ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. പാല സ്വദേശി സുനീഷിന്റെ മകന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ മരിച്ചു. നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് അദ്വൈതിന് കോവിഡ് ബാധിച്ചത്. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം.പണിക്കര്‍.

മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് അബുദബിയിലാണ് മരിച്ചത്. അൻപത്തൊന്നു വയസായിരുന്നു. ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. പത്തനംതിട്ട നെല്ലിക്കൽ സ്വദേശി റോഷനും അബുദബിയിലാണ് മരിച്ചത്. നാൽപ്പത്തെട്ടു വയസായിരുന്നു. കോതമംഗലം ആയക്കാട് സ്വദേശി നിസാറാണ് അജ്മാനിൽ മരിച്ചത്. മുപ്പത്തേഴു വയസായിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മുപ്പത്തിരണ്ടായി. ആറു ഗൾഫ് രാജ്യങ്ങളിലുമായി നാൽപ്പത്തിനാലു മലയാളികളാണ് ഇതുവരെ മരിച്ചത്.

Copyright © . All rights reserved