ഷെറിൻ പി യോഹന്നാൻ
രമേശൻ മാഷിന് വയസ്സ് 34 ആയി. വിവാഹവും രജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ‘ആദ്യത്തെ’ ആദ്യരാത്രി ആഘോഷിക്കാൻ ഒരുങ്ങുകയാണ് അയാൾ. ആൽമരത്തിലെ കാക്ക എന്ന തന്റെ കവിതയും ചൊല്ലി കേൾപ്പിച്ചു ഭാര്യയും കൊണ്ട് നിലാവ് കാണാൻ ഇറങ്ങി പുറപ്പെടുന്ന രമേശന് ആ രാത്രിയാണ് പദ്മിനി എന്ന പേര് വീഴുന്നത്. ആൽമരത്തിന്റെ ചുവട്ടിൽ സ്റ്റാർട്ട് ചെയ്തിട്ട പ്രിമിയർ പദ്മിനി കാറിൽ കയറിയാണ് ഭാര്യ കാമുകനുമൊത്ത് പോകുന്നത്. വിവാഹം കഴിഞ്ഞ ദിവസം തന്നെ ഭാര്യ ഒളിച്ചോടിപോയെന്ന് ചുരുക്കം!
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത പദ്മിനി പറയുന്നത് കല്യാണകഥകളാണ്. തിങ്കളാഴ്ച നിശ്ചയത്തിൽ കല്യാണവും 1744 വൈറ്റ് ആള്‍ട്ടോയിൽ ഒരു കാറിനെ ചുറ്റിപറ്റിയുള്ള കഥകളും ആണെങ്കിൽ ഇവിടെ അത് രണ്ടും ഒരു പ്ലോട്ടിലേക്ക് കടന്നുവരുന്നുണ്ട്. രസമുള്ള ചിരികാഴ്ചകളാണ് പദ്മിനിയെന്ന രണ്ട് മണിക്കൂർ ചിത്രം സമ്മാനിക്കുന്നത്.
സജിന്‍ ചെറുകയിലിൻ്റെ ജയേട്ടനും വിൻസിയുടെ സ്മൃതിയുമാണ് ഇക്കഥയിൽ എന്നെ ആകർഷിച്ച കഥാപാത്രങ്ങൾ. ഗംഭീരമായ പ്രകടങ്ങളോടെ ഇരുവരും ആ കഥാപാത്രങ്ങളെ രസകരമാക്കിയിട്ടുണ്ട്. അപർണ ബാലമുരളി, മഡോണ, ഗോകുലൻ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. മാനസിക സംഘർഷം നേരിടുന്ന ഒരു മുപ്പത്താറുകാരനെ മോശമല്ലാത്ത രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ കുഞ്ചാക്കോ ബോബനും കഴിഞ്ഞിട്ടുണ്ട്.
സിറ്റുവേഷണൽ കോമഡികളും രസകരമായ വഴിത്തിരിവുകൾ നിറയുന്ന തിരക്കഥയുമാണ് ചിത്രത്തെ എൻഗേജിങ് ആയി നിർത്തുന്നത്. ജെക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നു. എന്റെ ആൽമര കാക്കേ എന്ന ഗാനം കൂടുതൽ ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ മുന്നോട്ട് പോയ ചിത്രത്തിൽ താളപിഴ ഉണ്ടാവുന്നത് ക്ലൈമാക്സിലാണ്. ഒരാളുടെ പ്രകടനം കൊണ്ടുമാത്രമാണ് അവിടെ ചിത്രം രക്ഷപ്പെട്ടുപോകുന്നത്. എങ്കിലും രസചരട് പൊട്ടാതിരിക്കാൻ തിരക്കഥാകൃത്ത് ദീപു പ്രദീപ് ശ്രമിച്ചിട്ടുണ്ട്. കളർഫുള്ളായ ഫ്രെയിമുകളും സെന്ന ഹെഗ്‌ഡെ ശൈലിയിലുള്ള രംഗങ്ങളും ചിത്രത്തെ സുന്ദരമാക്കുന്നു. ഇടവേളയിലും ക്ലൈമാക്സിലുമുള്ള പരസ്യരംഗങ്ങൾ പിന്നെയും ഓർത്തുചിരിക്കാനുള്ള തരത്തിലുള്ളതാണ്.
പദ്മിനി ഗംഭീര ചിത്രമല്ല, തിങ്കളാഴ്ച നിശ്ചയത്തിന്റെ അത്ര മികച്ചതുമല്ല. എന്നാൽ ധനനഷ്ടം തോന്നാത്ത വിധത്തിൽ, ചിരിക്കാനുള്ള വക നൽകി, ബോറടിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന ചിത്രമാണ്. കണ്ടുനോക്കുക.
ഷെറിൻ പി യോഹന്നാൻ
നമ്മൾ അതിജീവിച്ച ദുരിതനാളുകളെ അതേ തീവ്രതയോടെ, ഹൃദ്യമായി അവതരിപ്പിക്കുകയാണ് ജൂഡ് ആന്തണി. ഒരോരുത്തരും നായകരായ നാളുകളെ പുനരാവിഷ്കരിക്കുമ്പോൾ വന്നുപോയേക്കാവുന്ന തെറ്റുകളെയെല്ലാം അപ്പാടെ ഇല്ലാതാക്കി ഹൃദയത്തോട് ചേർത്തുനിൽക്കുന്ന ചിത്രം – 2018. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ഡ്രാമകളിൽ ഒന്ന്.
മഴ പേടിസ്വപ്നമായി മാറിയ നാളുകളായിരുന്നു 2018 ആഗസ്റ്റ് മാസം. ദുരിതപെയ്ത്തിൽ മണ്ണോടുചേർന്നവർ അനേകരമാണ്. മണ്ണിൽ നിന്ന് കയറിയവരും കൈപിടിച്ചുകയറ്റിയവരും അനേകരാണ്. അത്തരം ആളുകളെയെല്ലാം ഈ സിനിമയിൽ കാണാം. നമ്മൾ എവിടെയോ കണ്ടുമറന്നവരെന്നപ്പോലെ…
വിമുക്തഭടനായ അനൂപ്, മത്സ്യത്തൊഴിലാളികളായ വിൻസ്റ്റൺ, മത്തായിച്ചൻ, നിക്സ്റ്റൺ, പ്രവാസിയായ രമേശ്, ഡ്രൈവർ ജേക്കബ് കോശി, തമിഴ്നാട്ടിലെ ഒരു ലോറി ഡ്രൈവർ, സർക്കാരുദ്യോഗസ്ഥനായ ഷാജി.. ഇങ്ങനെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞുതുടങ്ങുന്നത്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്തി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ പ്രളയനാളുകളെ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് സംവിധായകൻ. പല നാടുകളുടെ കഥ പറയാതെ ഒരു ഗ്രാമത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവിടെ കേരളത്തെ മുഴുവനായും പ്രതിഷ്ഠിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും.
വളരെ ലളിതമായ സ്ക്രിപ്റ്റിൽ അതിഗംഭീര മേക്കിങ്ങാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. പ്രധാന കഥാപാത്രങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയിലാണ് ഗംഭീര മേക്കിങ്ങിന്റെ ഉത്തമ ഉദ്ദാഹരണമായി മാറുന്നത്. പ്രളയരംഗങ്ങൾ ചിത്രീകരിച്ച രീതി, CGI, രംഗങ്ങളെ ചിട്ടപ്പെടുത്തിയ വിധം… അങ്ങനെയെല്ലാം പെർഫെക്ട്. പ്രഡിക്ടബിളായ സീനുകളാണ് ഏറെയും. ആരെ ആരൊക്കെ രക്ഷിക്കുമെന്ന് നമ്മുക്കറിയാം. എന്നാൽ ആ രംഗം സ്ക്രീനിൽ കണ്ടുകഴിയുമ്പോൾ കൈയ്യടിക്കാൻ തോന്നും, ആർപ്പുവിളിക്കാൻ തോന്നും. കാരണം അത്രമേലുണ്ട് ആ രംഗങ്ങളുടെ വ്യാപ്തി. സുന്ദരമായ മഴ ഭീകരമാകുന്ന ട്രാൻസ്ഫോർമേഷൻ സീനുകളൊക്കെ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കും.
ടോവിനോ, നരേൻ, ആസിഫ് അലി, കുഞ്ചാക്കോ, വിനീത് ശ്രീനിവാസൻ, ലാൽ, കലൈയരസൻ, റോണി ഡേവിഡ് രാജ്, രമേഷ് തിലക്, അജു വർഗീസ്, ജോയ് മാത്യൂ, ഇന്ദ്രൻസ്, സുധീഷ്, തൻവി റാം, വിനീത കോശി തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം മനസിൽ ഇടം നേടും. രണ്ടാം പകുതിയിലെ സുധീഷിന്റെ പ്രകടനം ഗംഭീരമാണ്. നോബിൻ പോളിന്റെ സംഗീതം, പശ്ചാത്തലസംഗീതം, അഖിൽ ജോർജിന്റെ ഛായാഗ്രഹണം എന്നിവയും സിനിമയുടെ മൂഡിനെ സ്വാധീനിച്ചിട്ടുണ്ട്.
Last Word – നമ്മൾ കടന്നുപോയ മഹാപ്രളയത്തിന്റെ നാളുകളാണ് സ്ക്രീനിൽ. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സീനുകളാണ് അവിടെ. ചിലത് വല്ലാതെ വിഷമിപ്പിക്കും. മറ്റു ചിലത് കണ്ടു കൈയ്യടിക്കും. ചിലത് അഭിമാനം പകരും. മലയാള സിനിമയുടെ തിരിച്ചുവരവ് കാത്തിരുന്നവർക്കുള്ള സിനിമയാണിത്. ഒരു ടോട്ടൽ പാക്കേജ്. മികച്ച തിയേറ്ററിൽ നിറഞ്ഞ ഓഡിയൻസിനൊപ്പം ആസ്വദിക്കുക. കാരണം, മികച്ച ടെക്നിക്കൽ സൈഡുള്ള ഈ ചിത്രം അതർഹിക്കുന്നുണ്ട്.
ഷാരൂഖ് ചിത്രം പത്താന്റെ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ആരാധകര്‍ക്കാണ് ഇന്ത്യയില്‍ റിലീസാകും മുന്‍പ് ചിത്രം കാണാന്‍ അവസരം ലഭിച്ചത്. നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉയരെ നില്‍ക്കുന്ന അനുഭവമാണ് പത്താന്‍ സമ്മാനിച്ചതെന്ന് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താന്‍ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്‌ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
‘സീറോ’ എന്നായിരുന്നു ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കനത്ത പരാജയം ഷാറുഖ് യുഗത്തിന് അവസാനമായെന്നുവരെ പലരും അടക്കം പറഞ്ഞു. അതൊക്കെ ഇനി വെറും പഴങ്കഥകൾ. ബോക്സ് ഓഫിസിന്റെ രാജാവിന് ‘സീറോ’ മാർക്ക് നൽകിയവർക്ക് നൂറ് മാർക്കിന്റെ മറുപടിയുമായാണ് കിങ് ഖാൻ പഠാനിൽ എത്തുന്നത്. മാസ് ആക്‌ഷൻ റോളിൽ ഷാറുഖ്, ധൂം സിനിമയിലെ കബീർ ശർമയെ കടത്തിവെട്ടുന്ന വില്ലൻ വേഷത്തിൽ ജോൺ, ലുക്കിലും അഴകിലും നിറഞ്ഞു നിൽക്കുന്ന ദീപിക… ഒപ്പം ഹൈ വോൾട്ടേജ് മാസ് ആക്‌ഷൻ രംഗങ്ങള്‍. പഠാൻ സിനിമയെക്കുറിച്ച് ചുരുക്കി പറയാനുള്ളത് ഇതാണ്.
2019-ല്‍ കശ്മീരിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു. തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പഠാന്‍. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പഠാൻ സിനിമയുടെ പ്രമേയം.
മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടാലും ഷാറുഖ് ഖാൻ എന്ന സൂപ്പർതാരത്തിന്റെ മാനറിസങ്ങളും സ്വാഗും പഠാനെ ചടുലമാക്കുന്നു. യഷ് രാജ് ഫിലിംസ് രൂപം നല്‍കുന്ന സ്പൈ യൂണിവേഴ്സിന്‍റെ ആദ്യ ചിത്രമാണ് പഠാന്‍. ഹൃതിക് റോഷന്റെ വാർ സിനിമയിലെ കേണൽ ലുത്ര അടക്കമുള്ള കഥാപാത്രങ്ങൾ പഠാനിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ വലിയൊരപകടത്തിൽപെടുന്ന പഠാനെ രക്ഷിക്കാനായെത്തുന്നത് ഈ യൂണിവേഴ്സിലെ അംഗമായ മറ്റൊരു സൂപ്പർതാരമാണ്. കഥയിലും പരിസരത്തിലും കഥാ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തിയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകളെല്ലാം സംവിധായകൻ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയിട്ടുണ്ട്. ജോൺ ഏബ്രഹാമിന്റെ ജിം എന്ന വില്ലന്‍ കഥാപാത്രം തന്നെ ഇതിനുദാഹരണം. നായകനൊത്ത വില്ലന്റെ അഭാവം പല ബിഗ് ബജറ്റ് സിനിമകളിലും പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. എന്നാൽ ഷാരൂഖിന് ഒത്ത എതിരാളിയായി കളത്തിലുടനീളം ജോൺ നിറഞ്ഞു നിൽക്കുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ കഥയിലേക്ക് അടുപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ കൂടി ഉണ്ടായെങ്കിൽ കൂടുതൽ നന്നായേനെ.
ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷാറുഖ് സ്ക്രീനിലുണ്ട്. ‘പഠാന്‍ മരിച്ചിട്ടില്ല’ എന്ന് ഡയലോഗ് മുതല്‍ പിന്നീടങ്ങോട്ട് മാസ് രംഗങ്ങൾ നിരവധി. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും അതൊന്നും ഒരു തരത്തിലും ചിത്രത്തിനെ ബാധിക്കില്ലെന്ന് വ്യക്തം. അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായ പഠാനായി ഷാരൂഖ് സ്ക്രീനില്‍ നിറയുന്നു. പ്രേക്ഷകരെ വശീകരിക്കുന്ന ലുക്കുമായി എത്തുന്ന ദീപിക പദുക്കോണും പഠാന്റെ സുന്ദര കാഴ്ചയാണ്. എടുത്തു പറയേണ്ടത് ദീപികയുടെ ആക്‌ഷന്‍ സീനുകളാണ്. ഗാനരംഗങ്ങളിലും ദീപികയുടെ സ്ക്രീൻപ്രസൻസ് അതിമനോഹരം. റൂബിന എന്ന ഏജന്റിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഡിംപിള്‍ കപാഡിയയുടെ അഭിനയപ്രകടനവും പഠാന്റെ മുതല്‍ക്കൂട്ടാണ്. ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അധികം വലിച്ചു നീട്ടാതെ രണ്ട് മണിക്കൂർ നാൽപത് മിനിറ്റിൽ നീതി പുലർത്തിയ എഡിറ്റിങ് ആണ് ആരിഫ് ഷെയ്ഖിന്റേത്. സഞ്ജിത് ആൻഡ് അഞ്ജിത് ബൽഹരയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പഠാന്റെ പ്രധാന ആകർഷണമാണ്. ജൂമേ ജോ പഠാൻ എന്ന ഗാനം ടെയ്ൽ എൻഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ സിനിമയുടെ പ്രകടമായ ദൃശ്യാനുഭവം ആസ്വദിക്കണമെങ്കിൽ ഐമാക്സ് സ്ക്രീൻ തന്നെ േവണ്ടിവരും.
മിഷൻ ഇംപോസിബിൾ സിനിമകളിലെ മിഷൻ രംഗങ്ങളുടെ സാമ്യം പഠാനിൽ പ്രകടമാണ്. റഷ്യ, അഫ്ഗാനിഥാൻ, സ്പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. സംഘടന രംഗങ്ങളും, വിഎഫ്എക്സും പഠാന്റെ പ്രധാന ഹൈലൈറ്റ് ആണ്. ബോളിവുഡിനുതകുന്ന ബജറ്റിൽ മോശമല്ലാത്ത രീതിയിൽ വിഎഫ്എക്സ് ചിത്രത്തില്‍ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും സെറ്റ് ഇട്ട് ചെയ്തിരിക്കുന്നതാണെന്നതും വ്യക്തമാണ്. ഷാരൂഖ് ഖാന്റെ ഇൻട്രൊ സീനിലെ ആക്‌ഷൻ രംഗങ്ങൾ അത്യുഗ്രനാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. എന്നാൽ ജോണും ഷാരൂഖും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളിൽ ഈ പൂര്‍ണത കൊണ്ടുവരാൻ ആക്‌ഷൻ ഡയറക്ടേഴ്സിനായില്ല.
ആകെ മൊത്തത്തിൽ പഠാൻ ഒരു സമ്പൂർണ എന്റെർടെയിനറാണ്. ഷാരൂഖ് ആരാധകർക്ക് ഏറെക്കാലത്തിനു ശേഷം ആസ്വദിക്കാനും ആവേശത്തിലാറാടാനും ലഭിക്കുന്ന അവസരമാണ് ഇൗ സിനിമ. ലോജിക്കില്ലാതെ മാസും മസാലയും നിറച്ച് കയ്യടിക്കും ആർപ്പു വിളികൾക്കും വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രം തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്.
ഷാരൂഖ് ഖാനൊപ്പം , ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ താരങ്ങളും അവരുടെ ബന്ധുക്കളുമൊത്ത് ഇന്നലെ പത്താന്റെ പ്രത്യേക പ്രദര്‍ശനം യഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍ കണ്ടിരുന്നു.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞെന്ന് ആരോപിച്ച് ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു.
ഷെറിൻ പി യോഹന്നാൻ
അപ്രതീക്ഷിത കഥാസന്ദർഭങ്ങളുടെ കുത്തൊഴുക്കാവുന്ന എൽ. ജെ. പി പടങ്ങൾ അത്ഭുതത്തോടെ നോക്കികാണുന്ന ആളാണ് ഞാൻ. മലയാള സിനിമ രൂപപ്പെടുത്തിയ ജോണറിലേക്ക് (Genre) തന്റെ കഥയെയും കഥാപാത്രങ്ങളെയും കൂട്ടിച്ചർക്കുകയല്ല ലിജോ, മറിച്ച് തന്റേതായൊരു ജോണർ രൂപപ്പെടുത്തുകയാണ്. അത് സുതാര്യമാകണമെന്നില്ല. ജനകീയമോ ജനപ്രിയമോ ആകണമെന്നില്ല. എങ്കിലും തന്റെ പാത പിന്തുടരാൻ കഥാപാത്രങ്ങളോട് ആവശ്യപ്പെടുകയാണ് ലിജോ. മമ്മൂട്ടി കമ്പനിയുമായി കൈകോർക്കുമ്പോൾ ആ ശീലത്തിന് അല്പം അയവ് വരുന്നതായി തോന്നാം. എങ്കിലും ആത്യന്തികമായി ഇതൊരു എൽ.ജെ.പി പടമാണ്. മമ്മൂട്ടി എന്ന താരത്തെ, എന്തിന് മമ്മൂട്ടി എന്ന അഭിനേതാവിനെ ജെയിംസിനും സുന്ദരത്തിനുമുള്ളിൽ മറച്ചുപിടിക്കുകയാണ് ലിജോ.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മൂവാറ്റുപുഴയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന നാടകസംഘത്തെ സ്ക്രീനിലെത്തിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജെയിംസ് ആണ് അവരുടെ നേതാവ്. തമിഴ് ഭക്ഷണത്തോട് താത്പര്യമില്ലാത്ത, ബസിലെ തമിഴ് ഗാനം മാറ്റാൻ ആവശ്യപ്പെടുന്ന ജെയിംസിനൊപ്പം ഭാര്യയും മകനുമുണ്ട്. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിൽ ഉച്ചമയക്കത്തിലേക്ക് വീണുപോകുന്ന ആ സംഘത്തിൽ നിന്ന് ജെയിംസ് ഞെട്ടിയുണരുന്നു. വണ്ടി നിർത്താൻ ആവശ്യപ്പെട്ട് അയാൾ എങ്ങോട്ടോ ഇറങ്ങിപോകുന്നു.
ഒരു തമിഴ് ഗ്രാമത്തിലെത്തുന്ന ജെയിംസിന് അയാളെ നഷ്ടമായിരിക്കുന്നു. രൂപത്തിലല്ലെങ്കിലും ഭാവത്തിലും നടത്തത്തിലും അയാൾ ഇപ്പോൾ സുന്ദരമാണ്. ആ ഗ്രാമത്തിൽ നിന്നും രണ്ട് വർഷങ്ങൾക്കുമുമ്പ് കാണാതായ സുന്ദരം. തികച്ചും പരിചിതമായ വഴികളിലൂടെ നടന്ന് സുന്ദരത്തിന്റെ വീട്ടിലെത്തുന്ന അയാൾ അവിടെയുള്ളവരോട് കുശലാന്വേഷണങ്ങൾ നടത്തുന്നു. അതേസമയം മയക്കത്തിൽ നിന്ന് എണ്ണീറ്റവർ ജെയിംസിനെ തേടി ഇറങ്ങിയിട്ടുമുണ്ട്. സുന്ദരത്തിന്റെ വീട്ടുകാരും, നാട്ടുകാരും, ജെയിംസിന്റെ വീട്ടുകാരും കൂടെവന്നവരും ഇതെന്തെന്നറിയാതെ ആത്മസംഘർഷത്തിലാകുന്നു. തമിഴ് ഗാനങ്ങളോട് വിരക്തിയുള്ള അയാൾ “അതോ ഇന്ത പറവ പോലെ ആട വേണ്ടും’ എന്ന് പാട്ടുംപാടി ഒരു ലൂണയിൽ ഗ്രാമം ചുറ്റുന്നു. ഈ രസകരമായ, വ്യത്യസ്തമായ കഥാസന്ദർഭത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച് ലിജോ കഥപറച്ചിൽ തുടരുന്നു. രണ്ട് മയക്കത്തിനിടയിലെ 24 മണിക്കൂറാണ് ചിത്രം. ആ 24 മണിക്കൂറിലേക്ക് മാത്രമായി സുന്ദരം പുനർജനിക്കുന്നു എന്നും പറയാം.
ഈ.മ.യൗ വിൽ തീരപ്രദേശം, ജല്ലിക്കെട്ടിൽ മലയോരം, ചുരുളിയിൽ വനം…ഇവിടെ തമിഴ് കർഷക ഗ്രാമം. ലിജോയുടെ സിനിമകൾ വ്യത്യസ്തമാകുന്നത് ഈ കഥാപരിസരങ്ങളിലൂടെയുമാണ്. കാഴ്ചക്കാരെ അന്യരായി കാണാതെ കഥാപരിസരങ്ങളിലേക്ക് ആനയിക്കുന്ന ലിജോ ശൈലി ഇവിടെയും പുതുമയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ജെയിംസിലേക്കും സുന്ദരത്തിലേക്കും ആ ഗ്രാമത്തിലേക്കും, സുന്ദരമായ ആ ആശയക്കുഴപ്പത്തിലേക്കും നാമും അകപ്പെടുന്നു. ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും ആണെന്ന തിരുക്കുറൽ സന്ദേശത്തോടെയാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കാതലും ഇതുതന്നെ. നമ്മുടെ പെരുമാറ്റം വ്യത്യസ്തമാകുമ്പോൾ ചുറ്റുമുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന യാഥാർത്ഥ്യം കൂടി സിനിമ പറയുന്നു.
നമ്മൾ കണ്ടുമറക്കാതിരിക്കുന്ന മമ്മൂട്ടി പ്രകടനങ്ങൾ തന്നെയാണ് ഇവിടെയുമെങ്കിലും കഥാഗതിയിലേക്ക് ആ നടന്റെ ഭാവപ്രകടനങ്ങളെ അനിതരസാധാരണമായി ചേർത്തുവയ്ക്കുന്നുണ്ട് ലിജോ. ഇവിടെ മമ്മൂട്ടിയില്ല, ജെയിംസും സുന്ദരവുമാണ് മിന്നിമറയുന്നത്. ട്രാൻസിഷൻ സീനുകളിലടക്കം ഗംഭീര ഭാവപ്രകടനങ്ങൾക്ക് നാം സാക്ഷിയാവുന്നു. മറ്റുള്ള അഭിനേതാക്കളും പ്രകടനങ്ങളിൽ മികവുപുലർത്തുന്നു. തേനി ഈശ്വറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്. ഇവിടെ ആളുകൾക്ക് പിന്നാലെ നടക്കാൻ ലിജോ തയ്യാറാവുന്നില്ല. ഭൂരിഭാഗവും സ്റ്റെഡി മിഡ് റേഞ്ച് ഷോട്ടുകളാണ്, ഒരു നാടകത്തിന് അരങ്ങ് ഒരുക്കിയതുപോലെ. ആ അരങ്ങിലേക്ക് കഥാപാത്രങ്ങൾ കടന്നുവരികയാണ്. ഗ്രാമത്തെ അതീവ സുന്ദരമാക്കുന്നതിൽ ഛായാഗ്രഹണവും കളറിങും എഡിറ്റിംഗും ഒരുപോലെ മികവുപുലർത്തുന്നു. വെയിലും മയക്കവും ഇരുട്ടും മൃഗങ്ങളുമെല്ലാം ഇവിടെ പ്രാധാന്യമർഹിക്കുന്നു,
ബഹളങ്ങളില്ലാത്ത ശാന്തമായ ആഖ്യാന ഭാഷയാണ് ചിത്രത്തിന്. ഒരുപക്ഷേ ആമേന് ശേഷം കവിത ഒഴുകുംപോലെ കഥപറയുന്ന ലിജോ ചിത്രവും ഇതാകാം. സിനിമയിലെ ഗാനങ്ങളെല്ലാം കടംകൊണ്ടവയാണ്. പഴയ തമിഴ് ഗാനങ്ങളും പരസ്യവുമാണ് നാം തുടർച്ചയായി കേൾക്കുന്നത്. ചിലത് കഥയോട് ചേർന്നു പോകുമ്പോൾ മറ്റുചിലത് അലോസരപ്പെടുത്തുന്നുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതം സ്വഭാവിക ചുറ്റുപാടിൽ നിന്ന് ഉടലെടുത്തവയാണ്. ജീവനും ജീവിതവും ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല എന്നതിന് ഉദ്ദാഹരണമാവുന്നുണ്ട് ചിത്രം. മലയാളം ഉൾപ്പെടുന്ന തമിഴ് സിനിമ പോലെയോ തമിഴ് ഉൾപ്പെടുന്ന മലയാളം സിനിമ പോലെയോ ഇത് ആസ്വദിക്കാം. ലിജോയുടെ ബാല്യകാല അനുഭവവും ഒരു പരസ്യത്തിൽ നിന്നുണ്ടായ ആശയവും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹരീഷിന്റെ തിരക്കഥ ഇതിലും മികച്ചതാക്കാമായിരുന്നു. തമാശ നിറയുന്ന മികച്ച ആദ്യപകുതി ഉണ്ടെങ്കിലും രണ്ടാം പകുതിയിൽ പ്രേക്ഷക ചിന്തയ്ക്ക് അതീതമായി ഒന്നും സംഭവിക്കുന്നില്ലെന്നത് ഒരു കുറവായി അനുഭവപ്പെട്ടു.
✨️Bottom Line – ഉച്ചമയക്കത്തിനിടയിലെ ദൈർഘ്യമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് കാണാനാകില്ല. എന്നാൽ മികച്ച പ്രകടനങ്ങളാലും റിച്ചായ ഫ്രെയിമുകളാലും കഥപറച്ചിലിലെ മിതത്വം കൊണ്ടും സുന്ദര കാഴ്ചയാവുന്നുണ്ട് ചിത്രം. ആ നിലയിൽ തിയേറ്ററിൽ ആസ്വദിക്കാം. ആവർത്തിച്ചുള്ള കാഴ്ചയിൽ പല ലെയറുകളും ചിത്രത്തിന് വന്നുചേരുമെന്ന് ഉറപ്പാണ്. സ്വപ്നാടനമെന്നോ വിഭ്രാന്തിയെന്നോ ആശയെന്നോ ഒക്കെ പറയാവുന്ന തരത്തിൽ അർത്ഥതലം സമ്മാനിക്കുന്ന ചിത്രം. പടത്തിലെ ഒരു പാട്ടുപോലെ…
“മയക്കമാ… കലക്കമാ
മനതിലെ കുഴപ്പമാ
വാഴ്‌കയിൽ നടുക്കമാ……’
ആകെതുകയിൽ ഇതാണ് ചിത്രം.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇപ്പോഴത്തെ മലയാളം സിനിമകൾ കണ്ടു കണ്ടിപ്പോൾ പിള്ളേരുമായൊരു സിനിമാ കാണൽ , എന്തോ അതൊരു പേടിസ്വപ്നമാണ് . എപ്പോ എന്താ സംഭവിക്കുക, എന്താ വായീന്ന് വീഴുക എന്നൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതിനാൽ പല സിനിമകളും ഞാൻ കാണാറില്ല .
അതിനാൽ ഈ സിനിമാ ഒരു നൂറു പ്രാവശ്യം പലരോട് ഇത് പിള്ളേർക്ക് കാണാൻ പറ്റിയ സിനിമയാണോ എന്ന് ചോദിച്ചുറപ്പിച്ചാണ് കാണാനിറങ്ങിയത് ….അപ്പൊ ദാണ്ടെ കണ്ടമാത്രയിൽ തന്നെ ഒരു ടീനേജ് കൊച്ചു, മാറത്തിച്ചിരി തൊങ്ങലുപോലെന്തോ ഉണ്ടെന്നല്ലാതെ , വേറൊരു നൂൽബന്ധവുമില്ലാതെ സ്‌ക്രീനിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ് . അത് കണ്ട ഉടനെ കെട്ടിയോനെ ഞാനൊന്നിരുത്തി നോക്കി , കൂടെ പിള്ളേരെയും .
കാരണം പലവട്ടം പല ആൾക്കാരോടും ചോദിച്ചിട്ടു കാണാനിറങ്ങിയ പടമാണെ …എന്നിരുന്നാലും തുണിയില്ലാത്ത കൊച്ചിനെ ഞാൻ വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചു , മാറത്തെ തൊങ്ങലിലാണ് കണ്ണ് മുഴുവൻ . ആ തൊങ്ങൽ, അതൊന്ന് അങ്ങടോ ഇങ്ങടോ ലേശം മാറിയാൽ കളി മാറുവേ….ഇല്ല ഞാനുദ്ദേശിച്ച അത്ര തരക്കേടില്ല , തൊങ്ങലു മാറുന്നേയില്ല …ആശ്വാസമായി ….
അപ്പൊ ദാണ്ടെ ഒരു പ്രെഗ്നന്റ് വുമൺ വരുന്നു , അവൾക്കും ഈ പറയത്തക്ക വസ്ത്രാലങ്കാരം ഒന്നും തന്നെയില്ല ..കർത്താവെ അത് വേണ്ടായിരുന്നു …പിന്നെ അവളിലേക്കായി കണ്ണ് മുഴുവൻ …ഇല്ല തരക്കേടില്ല , അവളും ഓക്കേ …അവൾക്കും കൊടുത്തു ഒരു സ്വഭാവ സർട്ടിഫിക്കറ്റ് ….പിന്നെ ആ സിനിമയിൽ വന്നവരും പോയവരുമെല്ലാം നേക്കഡ് …ഇല്ല ഒന്നുമില്ല ഒരു കുറ്റവും ആരിലും പറയാനില്ല …എത്ര എത്ര മെനക്കെട് ആക്കാമായിരുന്ന സ്റ്റില്ലുകളാണ് അത്രക്ക് സ്റ്റാൻഡേർഡ് ആക്കി കടന്നു പോയത്.
അപ്പോൾ ഞാൻ നമ്മുടെ ചതുരത്തിലെ നായിക പറഞ്ഞതോർത്തു , അവൾ സിനിമയിൽ തുണി ഉരിഞ്ഞത് കഥയുടെ എന്തോ കാതലായ കാര്യത്തിന് വേണ്ടിയാണെന്ന് . ഇവിടെ ദേണ്ടെ കുറെ പാശ്ചാത്യ മനുഷ്യർ നിറഞ്ഞാടുന്നു .
“തുണിയോ സെക്സോ അല്ല പ്രാധന്യം, മറിച്ചു കഥയ്ക്കാണ് പ്രാധാന്യമെന്ന് നമ്മളെ പിന്നെയും പിന്നെയും വിളിച്ചറിയിച്ചുകൊണ്ട് കഥയ്ക്ക് മാത്രം ഊന്നൽ കൊടുത്തു ഓരോ സ്ക്രീനും അവർ അത്രക്ക് ഗംഭീര്യമാക്കുന്നു ….
രണ്ടാമതായി ഹൈലേറ്റ് ആയി എടുത്തു പറയേണ്ട ഒന്നാണ് അതിലെ സ്ത്രീയുടെ അമ്മയുടെ കരുത്ത്. തന്റെ കുടുംബത്തിന് , മക്കൾക്ക് ഒരു ക്ഷതമേൽക്കുമ്പോൾ അവൾ പിന്നെയൊരു കാളി ഭാവമായി സംഹാരതാണ്ഡവമാടുന്നു. അവളെ പിന്നെ ആർക്കും പിടിച്ചു നിർത്താൻ ആവില്ല . നെയ്ത്രിയുടെ മകന്റെ കൊലയാളിയോട് “നിങ്ങൾ എനിക്ക് ഒരു മരണത്തിന് കടപ്പെട്ടിരിക്കുന്നു” എന്ന് ആക്രോശിച്ചുകൊണ്ട് രണ്ടേ രണ്ട് അമ്പുകൾ കൊണ്ട് ഒരു സ്ത്രീയുടെ അവളുടെ പവർ ശരിക്കും വരച്ചു കാട്ടുന്നു , സിനിമയിലെ ഹൃദയ ഭേദകമായ കാഴ്ചയും അത് തന്നെ ….
പിന്നെ പറയേണ്ടത് മനുഷ്യൻ എത്ര ക്രൂരൻ ആണെന്നതാണ് …കഥയിൽ ഒരു ജയന്റ് ഫിഷിനെ (The dinicthoid ) മനുഷ്യൻ കൊലപ്പെടുത്തി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനെ വേറൊരു കഥാപാത്രം തടയുമ്പോൾ കഥയിലെ ഒരു വില്ലൻ പറയുന്ന ഡയലോഗാണ് “let’s make some money “ അതെ മനുഷ്യന്റെ ക്രൂവാലിറ്റിയും പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തിയും ഈ സിനിമാ പലയിടങ്ങളിലായി വിളിച്ചു പറയുന്നുണ്ട് …
അടുത്തതായി എടുത്തു പറയേണ്ട രണ്ടു ഡയലോഗുകളാണ് ഒന്ന് അവതാർ സ്പീഷീസ് തന്റെ മകളെ കൊല്ലരുതേ എന്ന് മനുഷ്യ സ്പീഷിസിനോട് അപേക്ഷിച്ചു, മനുഷ്യ സ്പീഷിസിന്റെ മകനെയും കൊല്ലുമെന്ന് ആക്രോശിക്കുമ്പോൾ മനുഷ്യ സ്പീഷീസ് പറയുന്ന ഒരു ഡയലോഗാണ് ” Human don’t care about an another human “ ആ ഒരു ഡയലോഗിലൂടെ മനുഷ്യൻ എത്ര പതെറ്റിക് ആണെന്ന് അവർ വിളിച്ചു പറയുന്നു …
പിന്നെ എടുത്തു പറയേണ്ട ഒന്നാണ് സുളളിയും ഫാമിലിയും (അവതാർ സ്‌പീഷീസ് ) വേറൊരു സ്പീഷീസ് ആയ റൊണാലിന്റെയും ഫാമിലിയുടെയും അടുത്തേക്ക് രക്ഷ തേടി വരുമ്പോൾ അവർ വേറൊരു സ്പീഷീസ് ആയിട്ടുകൂടി അവരെ പൂർണ മനസോടു കൂടെ സ്വീകരിക്കുകയും അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത്. നമ്മൾ നമ്മുടെ നാട്ടിലേക്ക് വരുന്ന മനുഷ്യ സ്പീഷിസ് തന്നെ ആയിട്ടുള്ള ഒരു ബംഗാളിയെപോലും സ്വീകരിക്കണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്കും….
എല്ലാവരും അവതാർ 2 ന്റെ ഗ്രാഫിക്‌സും സെറ്റപ്പും കണ്ടു കണ്ണന്തിച്ചപ്പോൾ ഞാൻ കണ്ട ചില കാര്യങ്ങളാണിവയൊക്കെ. എന്തായാലും ആകെമൊത്തം കണ്ടു മനസിലാക്കേണ്ട ഒത്തിരി കാര്യങ്ങൾ പിന്നെയും ഈ സിനിമാ വരച്ചു കാട്ടുന്നു ഇനിയും പറയാനുണ്ടേറെ ……..
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഷെറിൻ പി യോഹന്നാൻ
പറഞ്ഞു പറഞ്ഞു മടുത്ത, എന്നാൽ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയമാണ് ജയയുടെ ജീവിതകഥ. പക്ഷേ, കഥപറച്ചിൽ രീതിയിലും ട്രീറ്റ്മെന്റിലും കൊണ്ടുവന്ന വ്യത്യസ്തതയാണ് ചിത്രത്തെ ജനപ്രീയമാക്കുന്നത്. ചേട്ടൻ ഇട്ടുപഴകിയ ടി ഷർട്ട്, ചേട്ടൻ പഠിച്ചു പഴകിയ പാഠപുസ്തകം, കളിയ്ക്കാൻ ചേട്ടന്റെ കളിപ്പാട്ടം.. ഒന്നും തന്റേതല്ലാത്ത അവസ്ഥയിലൂടെയാണ് ജയ നീങ്ങുന്നത്. പഠനവും വിവാഹവുമെല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് തന്നെ. ഒടുവിൽ കലുഷിതമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന അതേ വീട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.. “നിനക്ക് എന്തിന്റെ കുറവാണ്. നിന്റെ ഇഷ്ടത്തിനല്ലേ നിന്നെ ഞങ്ങൾ ഇതുവരെ വളർത്തിയതെന്ന്..!”
പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബ വ്യവസ്ഥയുടെ നെഞ്ചിലേക്കുള്ള ചവിട്ടാണ് ജയ ജയ ജയ ജയ ഹേ. എന്നാൽ അത് മാത്രമല്ല. ടോക്സിക് ആയ പേരന്റിംഗിനെയും മതത്തെയും ചിത്രം പ്രശ്നവത്കരിക്കുന്നു. രാജ്ഭവനിലേക്കുള്ള ജയയുടെ വരവ് മുതലാണ് കോൺഫ്ലിക്ടുകളുടെ തുടക്കമെന്ന് പ്രേക്ഷകന് നേരത്തെ മനസ്സിലാകും. എന്നാൽ ജയ സ്വന്തം ജീവിതത്തിൽ ജനനം തൊട്ടേ കോൺഫ്ലിക്ടുകൾ നേരിടുന്നവളാണ്. അതിനെ സധൈര്യം നേരിടാനുള്ള കരുത്ത് രാജ്ഭവനിലെ ‘ഇടിയപ്പ’ത്തിലൂടെ അവൾക്ക് ലഭിക്കുന്നുവെന്ന് മാത്രം.
വിവാഹമെന്നാൽ ജീവിതപങ്കാളിയെ തല്ലാനുള്ള അവകാശം കൂടിയാണെന്ന ധാരണയുള്ളവർക്കുള്ള ‘കിക്ക്’ ഷൈജു ദാമോദരന്റെ കമന്ററിയിൽ നിന്ന് ലഭിക്കും. അത്തരക്കാർ തിയേറ്ററിലിരുന്ന് ചിരിക്കാൻ അല്പം പാടുപെടും. ആണഹന്തയുടെ പര്യായമാകുന്ന രാജേഷ് കോമഡി കഥാപാത്രമല്ല. പൊതുവേയുള്ള പുരുഷസ്വഭാവത്തിന്റെ ആകെതുകയാണ് രാജേഷിലും. അമ്മയെക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും ജയയെ മനസിലാക്കാൻ കഴിയുന്ന നാത്തൂനും കുറ്റബോധത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സഹോദരനും ജയയുടെ ജീവിതത്തിൽ കൃത്യമായ പങ്ക് വഹിക്കുന്നു.
കഥാപാത്രനിർമിതി, കഥപറച്ചിൽ രീതി, ക്ലോസ്-അപ്പ് ദൃശ്യങ്ങൾ എന്നിവയെല്ലാം ചിത്രത്തിനുതകുന്ന രീതിയിലുള്ളതാണ്. ദർശനയുടെ ഗംഭീര പ്രകടനം ജയ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നു. ജയയുടെ പരിണാമം മുതലങ്ങോട്ട് കാണികളിൽ ചിരി നിറയ്ക്കുന്നതിൽ വിപിൻ ദാസ് വിജയിച്ചിട്ടുണ്ട്. ബേസിൽ ഉൾപ്പെടെ മറ്റെല്ലാ താരങ്ങളും പ്രകടനത്തിൽ മികച്ചുനിൽക്കുന്നു. പശ്ചാത്തലസംഗീത മികവ് ചിത്രത്തെ കൂടുതൽ എൻഗേജിങാക്കുന്നുണ്ട്. “ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ..” എന്ന ഗാനത്തിലുണ്ട് സിനിമ പകരുന്ന സന്ദേശം. ചിത്രത്തിന്റെ ഫൈനൽ ആക്ട് നേരത്തെ ഊഹിക്കാൻ കഴിയുന്നതാണ്.
✨️Bottom Line – ജീവിതയാഥാർത്ഥ്യത്തെ അക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് രസകരമായി പറയുകയാണ് വിപിൻ ദാസ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ഈ സറ്റയർ ദൃശ്യമാണ്. ഗാർഹികപീഢനത്തിൽ തുടങ്ങി, സ്ത്രീകൾ സ്വന്തമായി ആർജിക്കേണ്ട കായികക്ഷമതയെയും കരുത്തിനെപറ്റിയും പറയുന്നുണ്ട് ജയ. ജയയുടെ ജയവും ജീവിതവും ഒട്ടുമിക്ക പേർക്കും റിലേറ്റബിളാണ് ഹേ!
ഷെറിൻ പി യോഹന്നാൻ
രാത്രി മാത്രം പുറത്തിറങ്ങുകയും ഇരപിടിക്കുകയും ചെയ്യുന്ന, മൂങ്ങ വിഭാഗത്തിൽ പെട്ട പക്ഷിയാണ് കൂമൻ. ‘കൂമൻ ദി നൈറ്റ് റൈഡർ’ എന്ന പേരിൽ ആസിഫ് അലിയെ നായകനായി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പറയുന്നതും രാത്രിയിൽ ഇര പിടിക്കാനിറങ്ങുന്ന വേട്ടക്കാരുടെ കഥയാണ്. അതിൽ പല സമകാലിക സംഭവങ്ങളുടെയും അനുരണനം പ്രകടമാവുന്നതോടെ കൂമൻ ഇന്നിന്റെ ചിത്രമാകുന്നു. സംവിധായകന്റെ പതിവ് ശൈലിയിൽ കഥ പറയുമ്പോഴും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ കൂമൻ വിജയിക്കുന്നു.
കേരളം – തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തന്റെ ഈഗോയ്ക്ക് മുറിവേറ്റാൽ, കഴിവിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അത് മറക്കാനാവാതെ വൈരാഗ്യം സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് സിപിഒ ആയ ഗിരിശങ്കർ. എന്നാൽ കുറ്റാന്വേഷണത്തിൽ അതീവ തല്പരനും കേസുകൾ അതിവേഗം പരിഹരിക്കാൻ കഴിയുന്ന ആളുമാണ് ഗിരിയെന്ന് ആദ്യ സീനിൽ തന്നെ ജീത്തു പറയുന്നു. സ്റ്റേഷനിൽ പുതിയ സിഐ ചാർജ് എടുക്കുന്നതോടെ ഗിരിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
ആദ്യ പകുതിയിൽ ഗിരിയുടെ കഥ പറയുന്ന ചിത്രം പതുക്കെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് രൂപം മാറുന്നു. ആസിഫ് അലിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. മെമ്മറീസിലെ സാം അലക്സിനെ പോലെ മാനസിക സംഘർഷം നേരിടുന്ന കഥാപാത്രത്തെ പെർഫെക്ട് ആയി സ്ക്രീനിലെത്തിക്കുന്നുണ്ട് ആസിഫ്. നോട്ടത്തിലും ചിരിയിലുമുൾപ്പെടെ പുലർത്തിയ സൂക്ഷ്മത ഗിരിശങ്കർ എന്ന കഥാപാത്രത്തെ പ്രേക്ഷകനോട് കൂടുതൽ അടുപ്പിക്കുന്നു. ജാഫർ ഇടുക്കിയുടെ കള്ളൻ മണിയനും മനസ്സിൽ ഇടം നേടും.
വിഷ്ണു ശ്യാമിന്റെ പശ്ചാത്തലസംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്നു. ചേസിങ് സീനും ക്ലൈമാക്സിലെ സംഘട്ടനവും മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്. സ്ലോ പേസിൽ കഥ പറയുമ്പോഴും കൂമൻ പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ഫൈനൽ ആക്ടിലെ ട്വിസ്റ്റും നന്നായിരുന്നു.
ജീത്തുവിന്റെ പതിവ് കഥാപരിസരങ്ങളായ പൊലീസ് സ്റ്റേഷനും ചായക്കടയുമൊക്കെ ഇവിടെയും വിശാലമായി കാണാം. സിനിമയുടെ തുടക്കത്തിൽ ചില സംഭാഷണങ്ങളിൽ കടന്നുവന്ന നാടകീയത, പ്രേക്ഷകന് ഊഹിച്ചെടുക്കാൻ പറ്റുന്ന സംഭവങ്ങൾ എന്നിവ പോരായ്മകളാണെങ്കിലും അവ മറന്നുകളയാൻ സാധിക്കുന്ന ഔട്ട്പുട് ആണ് അവസാനം ലഭിക്കുക. കെ. കൃഷ്ണകുമാറിന്റെ തിരക്കഥ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അതാണ് കൂമന്റെ വിജയകാരണങ്ങളിൽ ഒന്ന്. കൂമൻ പെർഫെക്ട് അല്ല. എന്നാൽ നിരാശപ്പെടുത്തുന്ന കാഴ്ചാനുഭവവുമല്ല.
Bottom Line – ഗിരിശങ്കറിന്റെ ജീവിതത്തിലൂടെ കഥപറയുന്ന ചിത്രം ട്രാക്ക് മാറ്റുന്നിടത് കൂടുതൽ എൻഗേജിങായ അനുഭവമാകുന്നു. ഇന്നിന്റെ സാമൂഹിക പശ്ചാത്തലം കൂടി കഥയിൽ ഉൾപ്പെടുന്നത് പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നുണ്ട്. മനുഷ്യന്റെ അന്ധമായ വിശ്വാസങ്ങൾക്ക് മുകളിലൂടെ കൂമൻ ചിറകുവിരിച്ച് പറക്കുന്നു.
ഷെറിൻ പി യോഹന്നാൻ
രാജ് ബി ഷെട്ടിയുടെ GGVV ഇറങ്ങിയ സമയം. ആ സിനിമാറ്റിക് ലാംഗ്വേജ് ഇഷ്ടപ്പെട്ട് അതിലെ ഗംഭീര സീനുകളൊക്കെ പിന്നെയും എടുത്ത് കാണുന്ന സമയം. അപ്പോഴാണ് അതിലെ നായകൻ കൂടിയായ ഋഷബ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുണ്ടെന്ന് അറിഞ്ഞത്. കന്നഡയിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് കേരളത്തിൽ വളരെ ചുരുക്കം റിലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ എക്സ്പീരിയൻസ് നഷ്ടമായല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ‘കാന്താര’ മലയാളം വേർഷനുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തുന്നത്. അതൊരു ഒന്നൊന്നര തീരുമാനം തന്നെയായിരുന്നു. ഈ സിനിമയൊക്കെ തിയേറ്ററിൽ നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ്!
1847ലെ തുളുനാട്ടുരാജ്യം. തന്റെ പക്കലുള്ള സമ്പത്ത് എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥതമായ മനസ്സുമായി രാജ്യം വിട്ട രാജാവ് കാട്ടിലെത്തുന്നു. കാടിന് നടുവിൽ വരാഹരൂപവുമായി നിലയുറപ്പിച്ചിരിക്കുന്ന കല്ലിനോട് തന്റെ കൂടെ വരാമോ എന്ന് ചോദിക്കുന്നു. അവിടുത്തെ ഗോത്രജനത ഒരു ഉടമ്പടിയിന്മേൽ അവരുടെ ദൈവത്തെ നാട്ടിൽ കുടിയിരുത്താൻ അനുവദിച്ചു. കാലചക്രം തിരിഞ്ഞു. രാജാവ് മാറി.. ഇന്ന് മുതലാളിയായി. ആ ഗോത്രജനതയുടെ ആവാസവും അവകാശവുമോ? അതിനെന്ത് സംഭവിക്കും.
വൺലൈനിൽ ഒരു സിംപിൾ കഥയാണ് ‘കാന്താര’. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രം. എന്നാൽ കഥ പറഞ്ഞവസാനിക്കുകയെന്ന ധർമ്മമല്ല ‘കാന്താര’ നിർവഹിക്കുന്നത്. മിത്തോളജിയും ഫോക്ലോറും സംസ്കാരവുമൊക്കെ സംയോജിപ്പിച്ച് അതിതീവ്ര ദൃശ്യാനുഭവമായി മാറിയിട്ടുണ്ട്. ആരംഭത്തിലെ പതിനഞ്ചു മിനിറ്റും അന്ത്യത്തിലെ പതിനഞ്ചു മിനിറ്റും ഇമചിമ്മാതെ കണ്ടിരുന്നുപോകാൻ പ്രേരിപ്പിക്കുന്നത് ആ ദൃശ്യചാരുതയാണ്.
കാടിന്റെ കഥയാണ് കാന്താര. സിസ്റ്റവുമായുള്ള കോൺഫ്ലിക്ട് ആണ് പ്രധാന പ്രമേയം. കന്നഡ സിനിമ കാടിനെ അടയാളപ്പെടുത്തുന്നത് ‘വിക്രാന്ത് റോണ’യിൽ നിന്നുതന്നെ വ്യക്തമാണ്. കാട്ടിൽ തെളിയുന്ന കാഴ്ചകളെ എന്ത് മനോഹരമായിട്ടാണ് കാന്താര സ്ക്രീനിലെത്തിക്കുന്നത്. ആ പ്രകാശമാണ് പ്രധാന ആകർഷണവും. ദൈവക്കോലത്തിന്റെ അലർച്ചയും ക്ലൈമാക്സിലെ ഋഷബ് ഷെട്ടിയുടെ പ്രകടനവും രൗദ്രഗംഭീരമായ നിൽക്കുന്ന സീനുകളും തിയേറ്റർ വിട്ടാലും മനസ്സിലുണ്ടാവും.
ഋഷബ് ഷെട്ടിയെന്ന നടനും സംവിധായകനും ഇവിടെ ഒരുപോലെ കൈയടി നേടുന്നു. കഥപരിസരത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന എലമെന്റുകൾ ശ്രദ്ധിക്കുക; നാടോടിക്കഥ, ആചാരങ്ങൾ, നായാട്ട്, പോത്തോട്ടം, പ്രണയം, പ്രതികാരം… ഇതൊക്കെ ബിഗ് സ്‌ക്രീനിൽ അനുഭവിക്കുമ്പോൾ ലോക്കൽ ഈസ് ഇന്റർനാഷണൽ എന്നത് അക്ഷരംപ്രതി ശരിയെന്നു സമ്മതിക്കേണ്ടി വരും.
അരവിന്ദ് എസ് കാശ്യപിന്‍റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്‍റെ സംഗീതവും കലാസംവിധാനവും ചിത്രത്തിന്റെ ജീവവായുവാണെന്ന് പറയാം. രസചരട് പൊട്ടാതെ കഥപറച്ചിലിനെ മുന്നോട്ട് നയിക്കുന്നത് ഈ ഘടകങ്ങളാണ്. വരാഹ രൂപം എന്ന ഗാനത്തിന് തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’ത്തിനോട് വളരെ അടുത്ത സാമ്യം തോന്നി. സംവിധായകന്റെ ക്രാഫ്റ്റ് മാത്രമല്ല, കലാബോധവും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ക്ലൈമാക്സിൽ ഋഷബ് ഷെട്ടിയുടെ പരകായപ്രവേശത്തിനാണ് നാം സാക്ഷിയാവുന്നത്. ചില സീനുകളിൽ അനുഭവപ്പെടുന്ന വിരസത പെട്ടെന്നു പരിഹരിച്ചാണ് കഥയുടെ പോക്ക്. ആർട്ടും ക്രാഫ്റ്റും ചേർന്ന് വരുന്ന മാജിക് ആണ് കാന്താര.
🔥Bottom Line – പ്രാദേശികതയിലൂന്നിയുള്ള കഥപറച്ചിലിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകങ്ങൾ പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തോടൊപ്പം ടെക്നിക്കൽ പെർഫെക്ഷൻ കൂടി ചേരുന്നതോടെ കാന്താര, ബിഗ് സ്‌ക്രീനിൽ കാണേണ്ട കാഴ്ചയാവുന്നു.
പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് മോൺസ്റ്റർ എന്ന മലയാള ചിത്രത്തെ ഏറെ കാത്തിരിക്കാൻ സിനിമാ പ്രേമികളെ പ്രേരിപ്പിച്ച ഘടകം. ഇപ്പോഴും പുലിമുരുകൻ തന്നെയാണ് ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്നതെന്നത് ഈ കൂട്ടുകെട്ട് നമ്മുക്ക് കാണിച്ചു തന്ന വിജയത്തിന്റെ വലിപ്പത്തിന് അടിവരയിടുന്നുണ്ട്. എന്നാൽ പുലി മുരുകൻ പോലത്തെ ഒരു മാസ്സ് ചിത്രമല്ല മോൺസ്റ്റർ എന്നും, ഇതൊരു പരീക്ഷണ ചിത്രമാണെന്നും സംവിധായകൻ വൈശാഖ് പലയാവർത്തി പറയുകയും ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ പ്രമേയവുമായോ ഇതിലെ മോഹൻലാൽ കഥാപാത്രവുമായോ ബന്ധപ്പെട്ട ഒന്നും തന്നെ വെളിപ്പെടുത്താതെ വളരെ ചെറിയ പ്രമോഷനോടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതും.
ഇതിന്റെ കഥയിൽ ഒരുപാട് സർപ്രൈസ് അല്ലെങ്കിൽ സസ്പെൻസ് എലമെന്റുകൾ ഉള്ളത് കൊണ്ട് തന്നെ കഥാസാരമോ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചോ പറയുന്നത് ഉചിതമാവില്ല. അതിനോടൊപ്പം സംവിധായകൻ വൈശാഖ് തന്നെ ഇത്തരം കാര്യങ്ങൾ പുറത്ത് പറയുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നും അത്കൊണ്ട് ഒരു തരത്തിലുമുള്ള വിവരങ്ങൾ പുറത്ത് വിടാതെയുമിരിക്കണമെന്ന് ചിത്രം കാണുന്ന പ്രേക്ഷകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഏറ്റവും കൂടുതൽ ആസ്വാദ്യകരമായി തീരുന്നത് അങ്ങനെ പുതുമയോടെ കണ്ടാൽ മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എങ്കിലും ചെറുതായെങ്കിലും പറയാവുന്നത്, മോഹൻലാലിനെ ആദ്യം തന്നെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത് ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രമായാണ് എന്നാണ്. ആരാണിയാൾ, എന്തിനാണിയാൾ വരുന്നത്, ഇയാളുടെ സാനിധ്യത്തിൽ അവിടെ സംഭവിക്കുന്നതെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം. ഭാമിനി എന്ന ഷീ ടാക്സി ഡ്രൈവറായ ഹണി റോസ് കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ഒരു യാത്രകാരനായി ലക്കി സിങ് കടന്നു വരുന്നതോടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.
തന്റെ കരിയറിൽ തന്നെ വൈശാഖ് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് മോൺസ്റ്റർ. വൈശാഖിന്റെ മാത്രമല്ല, രചയിതാവ് ഉദയ കൃഷ്ണയിൽ നിന്നു പോലും പ്രേക്ഷകർ പ്രതീക്ഷിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രമാണിത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം കഥ പറയുന്നതെന്ന് നമ്മുക്ക് പറയാമെങ്കിലും അതിലും ഉള്ളിൽ വളരെ പ്രസക്തമായ, മലയാള സിനിമയിൽ അധികം പേര് പറഞ്ഞിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ആ പ്രമേയത്തെ വളരെ മികച്ച ഒരു എന്റർടൈൻമെന്റ് പാക്കേജായാണ് വൈശാഖും ഉദയ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നത്. കഥ പറച്ചിലിലും കഥാപാത്ര സൃഷ്ടിയിലുമുള്ള ആ പുതുമ തന്നെയാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്ന ആവേശം. പതിഞ്ഞ താളത്തിലാണ് വൈശാഖ് എന്ന സംവിധായകൻ ഇതിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. പതിയെ പതിയെ ഓരോ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുന്ന ചിത്രം ഇന്റെർവൽ ട്വിസ്റ്റോടെ ഒറ്റയടിക്കു ട്രാക്കിലേക്ക് കേറുകയാണ്. പിന്നെ നമ്മൾ കാണുന്നത് ഗംഭീരമായി ഒരുക്കിയ ഒരു രണ്ടാം പകുതിയാണ്. ട്വിസ്റ്റുകളും സസ്‍പെൻസുകളും കൊണ്ട് നിറഞ്ഞ ഈ രണ്ടാം പകുതിക്കു ഒരു ഗംഭീര ക്ളൈമാക്‌സാണ് വൈശാഖും ഉദയനും ചേർന്നൊരുക്കിയത്. ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നതും ആ അവസാന 15 മിനിറ്റ് നൽകിയ ആവേശമാണെന്ന് പറയാം.
ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ കാഴ്ച വെച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈശാഖ് എന്ന സംവിധായകന്റെ മേക്കിങ് മികവിനൊപ്പം മോഹൻലാൽ ആദ്യാവസാനം ഇതിൽ തിളങ്ങി നിന്നപ്പോൾ പ്രേക്ഷകർക്ക് അത് വലിയ ആവേശമാണ് സമ്മാനിച്ചത്. മോഹൻലാൽ കൂടാതെ ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഇതിൽ ഹണി റോസ് നടത്തിയത് അവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നും പറയാം. താരതമ്യേന ചെറിയ ബഡ്ജറ്റിലാണ് ഒരുക്കിയതെങ്കിലും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സാങ്കേതികമായി ഗംഭീര നിലവാരമാണ് പുലർത്തിയത്.
സതീഷ് കുറുപ്പൊരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മികച്ച പാകതയും കരുത്തും വേഗതയും പകർന്നു നൽകിയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന്, സ്റ്റണ്ട് സിൽവയൊരുക്കിയ ഇതിലെ ആക്ഷൻ രംഗങ്ങളാണ്. ഇതിലെ രണ്ട് ആക്ഷൻ രംഗങ്ങൾ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുടെ പട്ടികയിലേക്ക് ചേർത്ത് വെക്കാവുന്നവയാണ്. ദീപക് ദേവ് ഈണം നൽകിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുകയും ചെയ്‌തു. ഒരു പഞ്ചാബി ഗാനത്തിലെ ഗായകന്റെ ശബ്ദം മോഹൻലാലിന് ചേരാതെ വന്നത് മാത്രമാണ് ഇതിലെ ഒരു പോരായ്മയായി തോന്നിയത്. എന്നാൽ പശ്‌ചാത്തല സംഗീതം ആവേശം പകരുന്നതായിരുന്നു.
ചുരുക്കി പറഞ്ഞാൽ, മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച, തീർത്തും അപ്രതീക്ഷിതമായ ഒരു സിനിമാനുഭവമാണ് മോൺസ്റ്റർ. മലയാളത്തിൽ അധികം കാണാത്ത ഒരു പ്രമേയത്തിന്റെ ഗംഭീരമായ ആവിഷ്കാരമായ ഈ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
ഷെറിൻ പി യോഹന്നാൻ
റോഷാക്ക്, തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രമാണ്. അത് കഥയുടെ വലുപ്പം കൊണ്ടല്ല, സാങ്കേതിക വശങ്ങളിലെ പെർഫെക്ഷൻ കാരണമാണ്. മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത കഥാഭൂമികയിലേക്കാണ് റോഷാക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചില സ്കാൻഡിനേവിയൻ സിനിമകൾ നൽകുന്ന ഫീൽ ഈ ചിത്രവും വച്ചുനീട്ടുന്നുണ്ട്. ഒരു കഥ പറഞ്ഞുതീർക്കുക എന്ന ധർമ്മമല്ല നിസാം ബഷീറെന്ന സംവിധായകൻ നിർവഹിക്കുന്നത്. അതിനെ വ്യത്യസ്തമായി, സൂക്ഷ്മമായി കൈകാര്യം ചെയ്ത് പുത്തൻ അനുഭവമായി സ്‌ക്രീനിൽ എത്തിക്കുകയാണ്. ഇവിടെയാണ് റോഷാക്ക് എനിക്ക് പ്രിയപ്പെട്ടതാവുന്നത്.
തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ലൂക്ക് ആന്റണി ഹിൽ സ്റ്റേഷനിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. പതിയെ ആ നാട്ടിൽ നിലയുറപ്പിക്കുന്ന ആന്റണിയിലൂടെ കഥയും കഥാപാത്രങ്ങളും വികസിക്കുന്നു. സ്പൂൺ ഫീഡ് ചെയ്യാതെ ഇടയ്ക്കിടെ പ്രേക്ഷകന്റെ മനസ്സിളക്കാനുള്ളത് ഇട്ട് നൽകി, അല്പം ചിന്തിപ്പിച്ചുതന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നായ ഇബ്‌ലീസിന്റെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ഇവിടെയും വ്യത്യസ്തമായ ലോകം ഒരുക്കിയിരിക്കുന്നു. ഇബ്‌ലീസിൽ കളർഫുൾ ലോകമാണെങ്കിൽ ഇവിടെ അത് നേർവിപരീതമാണ്.
ലൂക്ക് ആന്റണിയുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുണ്ട്. ഇവിടെ ആന്റണി മറ്റു കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് എത്തുന്നത്. അതിനാൽ കഥയിൽ അവരുടെ റോളും വലുതാണ്. ബിന്ദു പണിക്കരുടെ കഥാപാത്ര നിർമിതി, പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. ജഗദീഷ്, ഷറഫുദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രകടനങ്ങളിൽ മികച്ചു നിൽക്കുന്നു.
ലൂക്ക് ആന്റണി ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗത്തുള്ള പശ്ചാത്തലസംഗീതം അതിഗംഭീരമാണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതവും നിമിഷ് രവിയുടെ ഫ്രെയിമുകളും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തെ ഗ്രിപ്പിങായി നിലനിർത്തുന്നു. സ്ലോ ബേൺ ത്രില്ലറെന്നോ, സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറെന്നോ വിശേഷിപ്പിക്കാം. സിനിമ ഒരുക്കുന്ന മൂഡിലേക്ക് എത്താൻ കഴിഞ്ഞാൽ വളരെ ഇമ്പ്രെസ്സീവായി അനുഭവപ്പെടും. നായകനെകൊണ്ട് / വില്ലനെകൊണ്ട് ഫ്ലാഷ്ബാക്ക് പറയിപ്പിക്കുന്ന സ്ഥിരം ശൈലിയും ചിത്രം പിന്തുടരുന്നില്ല.
മനുഷ്യമനസ്സിനോളം നിഗൂഢമായ മറ്റൊന്നില്ല. അടുത്താലും അത്ര പെട്ടെന്ന് അറിയാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ശക്തി. ശ്രദ്ധയോടെ അവരോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. പല സംഭാഷണങ്ങളും ശ്രദ്ധേയമാണ്.
🔥Bottom Line – മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളാണ് റോഷാക്ക് വിഷയമാക്കുന്നത്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി, ടെക്നിക്കൽ സൈഡ്, പുതുമയുള്ള കഥ – ആഖ്യാനം എന്നിവ ചിത്രത്തിന് ഫ്രഷ് ഫീൽ സമ്മാനിക്കുന്നു. അത് വലിയ സ്‌ക്രീനിൽ അനുഭവിച്ചറിയണം.