മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.
സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്.
സമ്മര്‍ ഇന്‍ ബേത്‌ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എണ്‍പതുകളില്‍ മലയാള സിനിമക്ക് പുത്തന്‍ ഭാവുകത്വം പകര്‍ന്ന് നല്‍കിയ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ജോണ്‍ പോള്‍. ഒരു കാലത്ത് മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ല് എന്നത് തന്നെ ജോണ്‍ പോളിന്റെ തിരക്കഥകളായിരുന്നു. ഭരതന്‍ – മോഹന്‍- ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ എല്ലാം നമുക്ക് നല്‍കിയത് പുതിയ അനുഭവങ്ങളും, കാഴ്ചകളുമായിരുന്നു. മനുഷ്യജീവിതത്തിലെ ചെറിയ ഏടുകള്‍ പോലും സിനിമയ്ക്ക് വിഷയീഭവിക്കുമ്പോള്‍ അത് എത്ര ഉദാത്തവും അഗാധവുമായ സൃഷ്ടികളായി മാറുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത് ജോണ്‍ പോളിന്റെ തിരക്കഥകളിലൂടെയായിരുന്നു.
ഒരു ചെറുകഥ പോലും എഴുതാതെയാണ് ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത്, എല്ലാ അര്‍ത്ഥത്തിലും ഒരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യ ജീവിതങ്ങളുടെ സംത്രാസങ്ങള്‍, പരീക്ഷണങ്ങള്‍, കാമം, വെറുപ്പ് , പക, സ്‌നേഹം ഇതെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നിറഞ്ഞു നിന്നു. കൊച്ചു ജീവിതങ്ങളിലൂടെ വലിയ ലോകത്തിന്റെ സഞ്ചാരപഥങ്ങളെ അദ്ദേഹം നമുക്ക് അനാദൃശ്യമാക്കി.
വിധിയുടെ ചാവുനിലങ്ങളില്‍ എന്നും പകച്ച് നില്‍ക്കുന്ന മനുഷ്യര്‍, തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിജയങ്ങളും അവര്‍ ഭൂമിയിലെ ഏറ്റവും മഹത്തായ അനുഭവം പോലെ ആഘോഷിച്ചു. ജോണ്‍പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ ഇത്തരം മനുഷ്യരുടെ അവസാനിക്കാത്ത കഥകൾ അടങ്ങിയതായിരുന്നു.
അദ്ദേഹം കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ തനിക്ക് മുന്നിലെത്തിയ മനുഷ്യരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയതായിരുന്നു. നമുക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനും കഥകള്‍ പറയാനുണ്ടാകും. ആ മനുഷ്യര്‍ ഒരിക്കലും സ്വന്തം ജീവിതകഥകളെ മഹത്തരമായി പരിഗണിക്കുന്നുണ്ടായിരിക്കില്ല. എന്നാല്‍ ജോണ്‍ പോളിന്റെ മുമ്പില്‍ അവരെത്തുമ്പോള്‍, അവരില്‍ നിന്ന് ആ കഥകളെ അദ്ദേഹം കടഞ്ഞെടുക്കുമ്പോള്‍, തന്റെ അത്യഗാധമായ ഭാവനയുടെ വര്‍ണ്ണോപഹാരങ്ങള്‍ അവയില്‍ അണിയിക്കുമ്പോള്‍ അത് കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടികളാകുമെന്ന് ജോണ്‍ പോളിന് തന്നെ അറിയാമായിരുന്നു.
അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ മുഴകി നില്‍ക്കാന്‍ എക്കാലവും അദമ്യമായ ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിയെയും എറണാകുളത്തെയും കുറിച്ച് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നൂറുക്കണക്കിന് കഥകള്‍ ഒരു ചരിത്രകാരന്റെ മനസോടെ അദ്ദേഹം സ്വരൂക്കൂട്ടി വെച്ചു. ഒരു എറണാകുളത്തുകാരനായിരിക്കുക എന്നതില്‍ എപ്പോഴും അഭിമാനം കൊണ്ട മനസായിരുന്നു ജോണ്‍ പോളിന്റേത്.
ജോണ്‍ പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ മലയാള സിനിമയുടെ ഭാവുകത്വത്തെ അഴിച്ച് പണിതവയാണ്. നിരന്തരം പരാജയപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പറയാന്‍ ഏറെയുണ്ടെന്നും വിജയിച്ചവരുടെ ജീവിതത്തെക്കാള്‍ ആഴമുണ്ട് പരാജിതരുടെ ജീവിതങ്ങള്‍ക്കെന്നും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം കാണിച്ചു തന്നു.
ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) അങ്ങിനെ എത്ര എത്ര സിനിമകള്‍.
ഇവയെല്ലാം മലയാള സിനിമയുടെ രണ്ട് ദശാബ്ദങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവയാണ്. ജോണ്‍ പോളിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ 1980 മുതല്‍ 2000 വരെയുള്ള മലയാളി സിനിമാ ലോകം ഏതാണ്ടൊക്കെ ശൂന്യമായിരിക്കും. മേല്‍പ്പറഞ്ഞ സിനിമകളില്‍ പലതും വാണിജ്യപരമായി സൂപ്പര്‍ ഹിറ്റുകളാണ്. നെടുമുടി വേണുവിനെയും, ശാരദെയെയുമൊക്കെ വെച്ചു കൊണ്ട് വമ്പന്‍ കൊമഴ്‌സ്യല്‍ ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് ജോണ്‍ പോളിന്റെ തൂലിക നമുക്ക് കാണിച്ചു തന്നു.
മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനം വഹിച്ചു കൊണ്ട് സംഘടനക്ക് സുഭദ്രമായ അടിത്തറയിട്ടു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി ‘ എന്ന സിനിമയുടെ നിര്‍മ്മാതാവും ജോണ്‍പോളായിരുന്നു. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് മികച്ച സിനിമാ ഗ്രന്ഥരചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുംചെയ്തു. സഫാരി ചാനലിലെ അ്‌ദ്ദേഹത്തിന്റെ ഓര്‍മ്മ പറച്ചില്‍ ജോണ്‍ പോള്‍ ഉപയോഗിക്കുന്ന അനുപമമായ ഭാഷയുടെ സൗന്ദര്യം കൊണ്ട് അനേകായിരം ആരാധകരെ നേടിക്കൊടുത്തിരുന്നു.
ജോണ്‍ പോള്‍ വിടപറഞ്ഞ് അകലുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സമയതീരത്തിന്റെ മറുകരയിലേക്ക് മറയുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് വലിയൊരു ചരിത്രമാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ഒരു അതുല്യ പ്രതിഭയുടെ ജീവിതചരിത്രം. ജോണ്‍ ജീവിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുസ്തകങ്ങളിലൂടെ വാക്കുകളിലൂടെ…
ദുരൂഹത നിറഞ്ഞ മരണങ്ങളുടെ പിന്നിലുള്ള സത്യത്തെ തുറന്നുകാട്ടാന്‍ വീണ്ടും സേതുരാമയ്യരെത്തുന്നു. വരാനിരിക്കുന്നത് ഒരു വമ്പന്‍ ചിത്രം തന്നെയാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ട്രെയിലറില്‍ കാണാനാകും.
ബാസ്‌കെറ്റ് കില്ലിങ്ങിലൂടെയാണ് കഥാവികാസം. സ . ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് സംവിധാനം്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.
മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദര്‍ശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂര്‍വചിത്രമെന്ന റെക്കോര്‍ഡും സേതുരാമയ്യര്‍ക്ക് സ്വന്തമാണ്. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്. മെയ് ഒന്നിന് സിബിഐ 5 തിയറ്ററുകളിലെത്തും.
മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു അഗസ്റ്റിന്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഗസ്റ്റിന് പിന്നാലെ മകള്‍ ആന്‍ അഗസ്റ്റിനും സിനിമയിലേക്ക് എത്തിയിരുന്നു. ഇടയ്ക്ക് വേച്ച് ബ്രേക്ക് എടുത്തെങ്കിലും പിന്നീട് ശക്തമായ മടങ്ങിവരവായിരുന്നു ആന്‍ നടത്തിയത്. ഇപ്പോള്‍ അച്ഛനെ കുറിച്ച് ആന്‍ ഒരു അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിയത്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോളാണ് ആന്‍ പപ്പയെ കുറിച്ച് സംസാരിച്ചത്.
വിജയ് ബാബുവുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്ന് ആന്‍ പറഞ്ഞിരുന്നു. വിജയിന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കില്ലെന്നായിരുന്നു ആന്‍ പറഞ്ഞത്. മധുരപലഹാരങ്ങള്‍ ഒഴിവാക്കിയുള്ള നോമ്പിലാണ് താന്‍. അപ്പവും സ്റ്റൂവുമാണ് വീട്ടില്‍ രാവിലത്തെ ഭക്ഷണം. അച്ഛനൊക്കെയുള്ള സമയത്ത് നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല, പള്ളിയിലൊക്കെ പോവും. ആനിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാല്‍ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് പറയാറുണ്ട്. ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട് എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ആംബുലന്‍സില്‍ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആന്‍ പറഞ്ഞിരുന്നു. അച്ഛന്‍ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നു.
അച്ഛന്റെ ലാസ്റ്റ് ഡേയ്സില്‍ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന്‍ നിര്‍ത്താന്‍ പറഞ്ഞു. ചെറിയൊരു കടയുണ്ടായിരുന്നു അവിടെ. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം. നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന്. അവസാന മാസത്തിലും അച്ഛന്‍ അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകളെല്ലാം വിജയിന് അറിയാം. കേട്ട് കേട്ട് നല്ല ക്ലോസായതാണ്. ആ സമയത്ത് ഞാന്‍ സിനിമയില്‍ ഇല്ലെന്നായിരുന്നു വിജയ് ബാബു പറഞ്ഞത്.
ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, സില്‍ക് സ്മിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് തീയറ്ററില്‍ എത്തിയ മലയാള ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു തിരക്കഥ ഒരുക്കിയത് ഷിബു ചക്രവർത്തിയാണ്. ആഭിചാരം, മന്ത്രവാദം എന്നീ വിഷയങ്ങളായിരുന്നു ഈ ചിത്രത്തിന്‍റെ പ്രമേയം.
തെന്നിന്ത്യന്‍ മാദക റാണി ആയിരുന്ന സില്‍ക്ക് സ്മിത ഈ ചിത്രത്തില്‍ ഒരു മുഴുനീള വേഷമാണ് ചെയ്തത്. ആഭിചാര ക്രിയ നടത്തുന്നതിനായി സില്‍ക് സ്മിത മമ്മൂട്ടിയുടെ മുന്നില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗം ഈ ചിത്രത്തില്‍ ഉണ്ട്. ആ ഒരു രംഗം പൂര്‍ണ മനസ്സോടെയാണ് സില്‍ക് സ്മിത ചെയ്യാന്‍ തയ്യാറായതെന്ന് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറയുന്നു.
അത്തരം ഒരു സീനിനെ കുറിച്ച് സില്‍ക് സ്മിതയോട് പറയാന്‍ സംവിധായകന്‍ ഡെന്നീസിനും തനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെയാണ് പറയുക എന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത വന്ന് കാര്യമെന്താണെന്ന് തിരക്കി. ചമ്മല്‍ കാരണം സംവിധായകന്‍ ഡെന്നീസ് ജോസഫ് അവിടെ നിന്നും പോയി. പിന്നീട് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച് സംസാരിച്ചത് താനാണെന്ന് വേണു ബി നായര്‍ പറയുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ അത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സില്‍ക് സ്മിത ചോദിച്ചത്.
ആ രംഗത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ച് കൊണ്ട് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു എന്ന് സില്‍ക് സ്മിത പറഞ്ഞു.പിന്നീട് ആ സീനില്‍ പൂര്‍ണ നഗ്നയായി സില്‍ക് സ്മിത അഭിനയിക്കുകയും ചെയ്തു . എന്നാല്‍ സില്‍ക് സ്മിത ഒരു ഡിമാന്‍ഡ് മുന്നോട്ട് വച്ചിരുന്നു. ആ സീന്‍ ചിത്രീകരിക്കുമ്ബോള്‍ അവിടെ അധികം ആരും ഉണ്ടാകരുത് എന്നതായിരുന്നു ഡിമാന്‍റ്. സില്‍ക് സ്മിതയുടെ താല്‍പര്യമനുസരിച്ച് മമ്മൂട്ടി ഉള്‍പ്പടെ ആ സീനില്‍ വളരെ അത്യാവശ്യമുള്ള കുറച്ചു പേര്‍ മാത്രമേ ഷൂട്ട് സമയത്തു അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വേണു ഓര്‍ക്കുന്നു.
ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോള്‍ ദിലീപിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. താന്‍ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു..
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:
ഒരുപാട് കഥകളിവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. കാരണം ഇവര്‍ തമ്മില്‍ സംസാരിച്ച കുറേ അധികം ശബ്ദങ്ങള്‍ പുറത്ത് വന്നിരുന്നു. പറയാതെ ഡാന്‍സിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയില്‍ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതില്‍ ഒരു വിഷയത്തില്‍ ഞാനൊരു ദൃക്‌സാക്ഷിയാണ്. ദൃക്‌സാക്ഷിയെന്ന് വച്ചാല്‍ ഞാനൊരു ഭാഗമാണ് ആ വിഷയത്തില്‍. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോ കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാന്‍ വായിച്ചു.
അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. കരിക്കകം ക്ഷേത്ത്രിലുള്ളവര്‍ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങള്‍ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാന്‍സിന് എന്ന്. ഞാന്‍ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു. ഞാന്‍ ഗീതു മോഹന്‍ദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാല്‍, ഞാന്‍ നമ്പര്‍ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്.
അന്ന് ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാന്‍ തോന്നിയില്ല. ഞാന്‍ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാന്‍സ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാന്‍ സാമ്പത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞു. എന്റെ റോള്‍ അവിടെ കഴിഞ്ഞു. അവര്‍ രണ്ട് പേരും തമ്മില്‍ സംസാരിച്ചു. ചോദിച്ച പേയ്‌മെന്റ് തന്നെ അവര്‍ ഓക്കെ പറഞ്ഞു. നല്ല രീതിയില്‍ ഒരു പേയ്‌മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ ഇതുവരെയും ഇത് എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതുകൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്.
അന്ന് രാത്രി ഒന്നരമണിയായപ്പോ എനിക്കൊരു കോള്‍ വന്നു. നോക്കുമ്പോള്‍ ദീലീപ് ആയിരുന്നു. അപ്പോ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോ ഇവിടെ കുറച്ച് പ്രശ്‌നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില് ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തതല്ല. രണ്ട് പേരെ കണക്റ്റ് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവള്‍ അത് കളിക്കാന്‍ പാടില്ല എന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേള്‍ക്കും എന്ന് പറഞ്ഞു.
അപ്പോ ഞാന്‍ പറഞ്ഞു 14 വര്‍ഷം കൂടെ ജീവിച്ച നിങ്ങള്‍ക്കവളെ സ്വാധീനിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാന്‍ കഴിയും, ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞു. അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.
അപ്പോ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്‌നമാണങ്കില്‍ ഡാന്‍സ് നിര്‍ത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്‌നം ഞാന്‍ ഡീല്‍ ചെയ്‌തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്‌നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ ഡാന്‍സ് കളിച്ചു. ഇതാണ് ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്. അല്ലാതെ അവര്‍ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുന്‍പ് ഒക്കെ ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്.
വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടി ഞാന്‍ ഇപ്പോള്‍ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് പറയുന്നത്.
നടിയുടെ വിഷയമുണ്ടായ സമയത്ത് ഇദ്ദേഹമൊരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി, കൂടാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ കൂടെ കൂടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന്. അപ്പൊ ഇദ്ദേഹം നില്‍ക്കുന്ന അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് ഇങ്ങനെ മോശമായ അവസ്ഥയില്‍ എത്തി നിന്നത്. അപ്പൊ ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യര്‍ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുക, കോടതിയില്‍ വന്നു നിങ്ങള്‍ അവര്‍ മദ്യപിക്കും എന്ന് പറയണം. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ലാ, എന്റെ വിഷയവുമല്ലത്. കോടതിയില്‍ ഇങ്ങനെ പറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്.
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയിലൂടെ സോഫിയ ആയി വന്ന് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് ശാരി. ഇപ്പോഴിതാ ആ സിനിമയില്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. പ്രമുഖ ചാനലിന് അനുവദിച്ചു നല്‍കിയ അഭിമുഖത്തിലാണ് ശാരി ഇതേ കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിന്റെ കൂടെയുള്ള റൊമാന്റിക് സീനുകളെ കുറിച്ചായിരുന്നു അവതാരികയുടെ ചോദ്യം. ഇത്രയും വലിയ സ്റ്റാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇതായിരുന്നു.. പേടിയെന്നു വെച്ചാല്‍ ഡയലോഗുകള്‍
തെറ്റാതെ പറയണം… അവരെ മൂഡ്ഓഫ് ആക്ക്ാന്‍ പാടില്ല, എനിക്ക് ഭാഷയും പ്രശ്‌നമായിരുന്നു. പക്ഷേ അദ്ദേഹം വളരെ കൂളായിരുന്നു. ഡയറക്ടറും വളരെ കൂളായിരുന്നു…അതേസമയം, ചിത്രത്തിലെ റൊമാന്റിക്ക് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള അനുഭവത്തെ കുറിച്ച് ശാരി പറഞ്ഞത് ഇങ്ങനെയാണ്.. അത്തരം രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഒരു ഫീലും ഇല്ലായിരുന്നു. ചെയ്ത് തീര്‍ത്താല്‍ മതിയായിരുന്നു
എന്നാണ് തോന്നിയിട്ടുള്ളത്. ഭാഷ എനിക്ക് ഒരു തടസ്സം ആയത് കൊണ്ട് അത് ശരിയാക്കണം.. ടേക്ക് ഒത്തിരി പോകാന്‍ പാടില്ല… നാണക്കേട് അല്ലേ.. അതെല്ലാം മാത്രമായിരുന്നു മനസ്സില്‍ എന്നും താരം പറയുന്നു. അതേസമയം, അന്നും സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും എന്ത് സംശയം വന്നാലും ചോദിക്കാനും
മനസ്സിലാക്കാനും നമുക്ക് അവസരം ഉണ്ട് എന്ന് കൂടി പറഞ്ഞിരിക്കുകയാണ് ശാരി. മാത്രമല്ല തുടക്കത്തില്‍ തന്നെ പത്മരാജന്‍ എന്ന ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു രസകരമായ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് ശാരി സംസാരിക്കുകയുണ്ടായി.
മലയാളത്തില്‍ തുടക്കം
തുടര്‍ച്ചയായി രണ്ട് പദ്മരാജന്‍ ചിത്രങ്ങളിലാണ് ശാരി മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രമാണ് അതിലാദ്യം. ഒരു തുടക്കകാരിയായ തനിയ്ക്ക് മോഹന്‍ലാലും പദ്മരാജന്‍ സാറും അടക്കം സെറ്റിലെ ഓരോരുത്തരും നല്‍കിയ പിന്തുണ വളരെ വലുതാണ് എന്ന് ശാരി പറയുന്നു. അന്ന് കാരവാന്‍ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ഏതെങ്കിലും മരത്തണലില്‍ ഒക്കെയാണ് വിശ്രമിയ്ക്കുന്നത്. അപ്പോള്‍ ഒരുപാട് സംസാരിക്കും.
ചെങ്കണ്ണ് വന്നു
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എനിക്ക് ചെങ്കണ്ണ് വന്നു. കണ്ണ് തുറക്കാന്‍ പോലും പറ്റുന്നില്ല. പക്ഷെ യാതൊരു കാരണ വശാലും അന്നത്തെ ഷൂട്ടിങ് നീട്ടി വയ്ക്കാന്‍ സാധിയ്ക്കില്ലായിരുന്നു. അത് കാരണം കണ്ണില്‍ മരുന്ന് എല്ലാം ഉറ്റിച്ച് ഒരു വിധം ആണ് ഞാന്‍ സെറ്റില്‍ എത്തിയത്.
ലാല്‍ സാറിന് കൊടുത്തു
ലാല്‍ സാറിന് ആണെങ്കില്‍ ഭയങ്കര തിരക്കുള്ള സമയമായിരുന്നു അത്. ഈ സിനിമയുടെ ഷൂട്ടിങ് തീര്‍ത്തിട്ട് വേണം അടുത്തതിലേക്ക് പോകാന്‍. ചെങ്കണ്ണ് ആണ് പകരും എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം പറഞ്ഞു ഹേയ് അതൊന്നും കുഴപ്പമില്ല എന്ന്. ഷൂട്ടിങ് നടന്നു, എന്റെ ചെങ്കണ്ണ് മാന്യമായി ഞാന്‍ അദ്ദേഹത്തിന് കൊടുത്തു- ചിരിച്ചു കൊണ്ട് ശാരി ഓര്‍ക്കുന്നു
കണ്ണ് എന്റെ ഐഡന്റിറ്റി
കണ്ണ് ആണ് എന്റെ ഐഡന്റിറ്റി. പക്ഷെ സ്‌കൂളില്‍ പഠിയ്ക്കുന്നസമയത്ത് എല്ലാം എല്ലാവരും എന്നെ കണ്ണ് പൂച്ച കണ്ണാണ് എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. ഫോട്ടോ ഷൂട്ട് ആണ് കരിയറിന്റെ തുടക്കത്തില്‍ ചെയ്തിരുന്നത്. ആ സമയത്ത് ബ്ലാക്ക് ലെന്‍സ് വയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ പദ്മരാജ് സാറിന്റെ ലൊക്കേഷനിലെത്തിയപ്പോള്‍ അത് പിടിച്ചു. വെള്ളാരം കണ്ണുകള്‍ തന്നെ വേണം എന്ന് പറഞ്ഞു. അത് എടുത്ത് കളഞ്ഞ ലെന്‍സ് പിന്നെ ഉപയോഗിച്ചിട്ടില്ല – ശാരി പറഞ്ഞു
അത്ഭുത ദ്വീപിലേക്ക് തനിക്കായി ബോളിവുഡില്‍ നിന്ന് നായികയെ എത്തിച്ചത് പൃഥ്വിരാജിന്റെ നായികയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു എന്ന് ഗിന്നസ് പക്രു. താന്‍ വില്ലനാണെന്നായിരുന്നു നായികയായ മല്ലിക കപൂറിനോട് ധരിപ്പിച്ചിരുന്നതെന്നും പക്രു പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.
ബോളിവുഡില്‍ നിന്നുമാണ് നായിക എത്തുന്നത് എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. ഇക്കാര്യത്തെക്കുറിച്ച് സംവിധായകനായ വിനയനോട് ചോദിച്ചപ്പോള്‍ രസകരമായ രീതിയിലാണ് വിനയനും പ്രതികരിച്ചത്. തനിക്ക് അല്ലാത്ത പക്ഷം ബോളിവുഡില്‍ നിന്ന് നായികയെ കിട്ടുമായിരുന്നില്ലെന്നും താരം പറഞ്ഞു.
ഗിന്നസ് പക്രു എന്ന പേരിട്ടത് മമ്മൂക്കയാണ്. മമ്മൂക്ക നിര്‍മ്മലമായ ഹൃദയത്തിന് ഉടമയായിട്ടുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് ആദ്യം ഭയമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ നമ്മളോട് സ്‌നേഹത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഓക്കെയായി. പട്ടണത്തില്‍ ഭൂതം സിനിമ ചെയ്ത ശേഷമാണ് അദ്ദേഹത്തോടുള്ള ആത്മബന്ധം വളര്‍ന്നത്. ഇടയ്‌ക്കൊക്കെ അപ്രതീക്ഷിതമായി അദ്ദേഹം വീട്ടില്‍ വരികയും ചെയ്യാറുണ്ട്’ ഗിന്നസ് പക്രു പറയുന്നു.
സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും തനിയ്ക്ക് വധഭീഷണിയുണ്ടായെന്ന് അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂര്‍ ജോസ്.
എന്നാല്‍ പുതിയ സിനിമകളില്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ജോസില്‍ നിന്നും വധഭീഷണിയുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മാര്‍ച്ച് 31ന് കണ്ണൂരില്‍ വെച്ച് പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നിരുന്നു. വാഴൂര്‍ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കര്‍മ്മത്തില്‍ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാന്‍ പ്രതീഷ് ശേഖര്‍ എന്ന വ്യക്തിയ്ക്ക് വര്‍ക്ക് നല്‍കിയിരുന്നു. ഉടന്‍ ഞാന്‍ നിര്‍മ്മാതാവ് സിഎച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടന്‍ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് അറിഞ്ഞത്.
വാഴൂര്‍ ജോസ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താനാണ് പിആര്‍ഒ എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാന്‍ ഫേസ്ബുക്കില്‍ പിആര്‍ഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമര്‍ ലുലു പറയുന്നു.
ഇതിന് പിന്നാലെയാണ് വാഴൂര്‍ ജോസിന്റെ ഭീഷണി കോള്‍ വന്നത് എന്ന് ഒമര്‍ ലുലു പറയുന്നു. ‘ഒമര്‍ എന്തിനാണ് എഫ്ബിയില്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് വാഴൂര്‍ ജോസ് ചോദിച്ചു. ജോസേട്ടനെ ഞാന്‍ പിആര്‍ഒ ജോലി ഏല്‍പ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കിയത് ഏന് ഞാനും ചോദിച്ചു. ഒമറേ അങ്ങനെ ആണെങ്കില്‍ നിനക്കുള്ള പണി ഞാന്‍ തരാം. നിന്നേ തീര്‍ത്തുകളയും എന്ന് വാഴൂര്‍ ജോസ് ഭീഷണിപ്പെടുത്തി,’. ഒമര്‍ ലുലു പറഞ്ഞു.
ഇന്നാണ് പുതിയ സിനിമകള്‍ക്കായി വാഴൂര്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിച്ചതായി ഒമര്‍ ലുലു അറിയിച്ചത്. ‘മലയാള സിനിമയില്‍ നമ്മള്‍ വര്‍ഷങ്ങളായി കാണുന്ന ഒരു പേരാണ് പിആര്‍ഒ വാഴൂര്‍ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന്‍ റെസ്റ്റ് കൊടുത്തു. പവര്‍സ്റ്റാറിന്റെയും നല്ലസമയത്തിന്റെയും പിആര്‍ഒ ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു പ്രതീഷ് ശേഖര്‍ മോനെ പ്രതീഷേ നീയാണ് എന്റെ പ്രതീക്ഷ’ എന്നൊരു പോസ്റ്റും അദ്ദേഹത്തെ പങ്കുവെച്ചിരുന്നു.
‘പവര്‍ സ്റ്റാര്‍’, ‘നല്ല സമയം’ എന്നീ സിനിമകളാണ് ഒമര്‍ ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാറിന് തിരക്കഥ എഴുതിയത് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. പവര്‍ സ്റ്റാര്‍ തിയേറ്ററിലും നല്ല സമയം ഒടിടിയിലുമായിരിക്കും റിലീസ് ചെയ്യുകയെന്ന് ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു.
നടന്‍ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നൈറ്റ് ഡ്രൈവ്’. ഇപ്പോഴിതാ സഹോദരന്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും, താന്‍ ചാന്‍സ് ചോദിക്കാറില്ലെന്നുമാണ് ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.
‘വല്ലപ്പോഴുമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് തന്നെ ആറു മാസത്തോളമായി. പക്ഷേ അവനുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല.
പേഴ്‌സണല്‍ കാര്യങ്ങളും ഫാമിലി കാര്യങ്ങളും മാത്രമാണ് സംസാരിക്കാറ്. ഞങ്ങള്‍ അങ്ങനെയാണ് സമയം ചിലവഴിക്കാറുള്ളത്. മാത്രമല്ല അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. നിങ്ങള്‍ സ്വയം ഒരു വേഷം ആവശ്യപ്പെടുന്നതിന് പകരം, അവര്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ തോന്നണം. അങ്ങനെയാണ് വേണ്ടത്.’ ഇന്ദ്രജിത്ത് പറഞ്ഞു.