സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവുന്നത് ചുരുളി എന്ന ചിത്രത്തെ കുറിച്ചാണ് . ലിജോ ജോസ് പെല്ലശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ സംഭാഷണമാണ് പലരും വിമർശിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി സീനത്തിന്റ വാക്കുകളാണ്. ചുരുളി കണ്ടതിന്റെ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുളിയിലെ തെറിവാക്കുകള്‍ അല്‍പ്പം കടന്നുപോയി എങ്കിലും ചിത്രം ഏറെ രസിപ്പിച്ചെന്ന് സീനത്ത് പറയുന്നത്.
സീനത്തിന്റെ വാക്കുകൾ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാൻ ഇരുന്നപ്പോൾ ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു. സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പൂതിരിയുടെയും മാടന്‍റെയും കഥ വിടാതെ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാൻ ഷാജീവൻ, ആന്‍റണി എന്നീ രണ്ടു പൊലീസുകാർക്കൊപ്പം ചുരുളിയിലേക്കു പോയി.
റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലേക്കുള്ള യാത്ര. ജീപ്പിന്‍റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ. കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന്- കാണുന്നതെന്നും. പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു- ശരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ.
പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം. അവരുടെ അനുവാദമില്ലാതെ ആർക്കും അവിടംവിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾത്തന്നെ കൂടെയുള്ള യാത്രക്കാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനംവരെ നമ്പൂരിയെയും നമ്പൂരി തലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം. എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പൂരി തലയിൽ ഏറ്റിയ മാടൻ എന്ന്. സൂപ്പർ.. സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ് ചുരുളി.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല. അവരിൽ ഒരാളായി ജീവിക്കും. അതേ പറ്റൂ. ഇനിയും അവിടെ പൊലീസുകാര്‍ വരും, മാടനെ തലയിൽ ചുമന്ന്. മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞുനടക്കുന്ന നമ്പൂരിയെപ്പോലെയുള്ള പൊലിസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ് ചുരുളി.
ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ. അഭിനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിന്, രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്‍റണിയെ ചികിൽസിച്ച പുരുഷന്‍റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമയ്ക്ക് വലിയ കരുത്തു നൽകി. ജോജോ- സൗബിൻ- വിനയ് ഫോർട്ട്- ചെമ്പൻ വിനോദ്- ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒന്നുകൂടി പറയട്ടെ, ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികൾക്കൊപ്പം ഇരുന്നു കാണാമോ എന്നു ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമയെന്ന് സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട്, (A) എന്ന് . സിനിമയിൽ തെറി പറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്.
സിനിമയേക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പൊലീസുകാർ തെറിപറഞ്ഞത് എന്ന് ചോതിച്ചാൽ ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ, അവരെ മാനസികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലിയ തെറി പൊലീസിന് പറയേണ്ടിവരും. അതാണ് പൊലിസ്. ചുരുളിക്കാർ പറയുന്ന തെറി- ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ… സീനത്ത് കുറിച്ചു
തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടിയും അവതാരകയുമായ ആര്യ. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും തങ്ങളെ വെറുതേ വിടണമെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ആര്യയുടെ കുറിപ്പില്‍ നിന്ന്
എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാന്‍ കരുതി, പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്. അതിനാല്‍ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക.
എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നില്‍ക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍, ആളുകളുടെ ചോദ്യങ്ങള്‍, പരിഹാസങ്ങള്‍ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.
ഇത് വളരെ സെന്‍സിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ ആ അവസരത്തില്‍ മുന്നോട്ട് വന്ന് കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി ഞാന്‍ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല.
എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യര്‍ഥന ഉണ്ട്. ഈ വാര്‍ത്തകളില്‍ പല പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കില്‍ ഞാനത് നേരിട്ട് എന്റെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം.. ആര്യ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളിടാതെ സ്‌ക്രീന്‍ ഷോട്ടുകളും ചിത്രങ്ങളും മാത്രം പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് വിവാദമായി മാറാറുണ്ട്. അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വലിയ വാര്‍ത്തയായിരുന്നു. തെറിയുടെ പൂരമായിരുന്നു പോസ്റ്റില്‍.
സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ നടന്‍ പിന്‍വലിച്ചു. എങ്കിലും പിന്നാലെ പോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. മൊബൈല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല പോലെ, പടുവിഡ്ഢി എന്നൊക്കെയാണ് പോസ്റ്റിന്് കമന്റുകള്‍ വന്നിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെ സംബന്ധിച്ചുള്ള പ്രതികരണമാണ് പോസ്റ്റുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. തെറി വാക്കുകളും അശ്ലീല പദപ്രയോഗങ്ങളും ഏറെ ഉപയോഗിച്ച ചുരുളി സിനിമയിലെ സംഭാഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ചിത്രം പിന്‍വലിക്കണം, സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുളിയെ സംബന്ധിച്ച വിഷയത്തില്‍ ലിജോയെ പരോക്ഷമായി പിന്തുണച്ചു കൊണ്ടാണ് വിനായകന്റെ പോസ്റ്റുകള്‍ എന്നാണ് പ്രേക്ഷകരുടെ പക്ഷം.
മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ ഷോയില്‍ എത്തിയ ലൈറ്റ് ഓപ്പറേറ്റര്‍ പയ്യനെ കുറിച്ച് പറഞ്ഞ് നടന്‍ സലിം കുമാര്‍. വല്ലപ്പോഴും വരുന്ന കൈയ്യബദ്ധങ്ങള്‍ക്ക് മമ്മൂട്ടി ആ പയ്യനെ വഴക്ക് പറഞ്ഞതിനെ കുറിച്ചും ലൈറ്റ് ഓപ്പറേറ്റര്‍ ആകുമെന്ന് വിചാരിച്ച പയ്യന്‍ പിന്നീട് ആരായി മാറി എന്നതിനെ കുറിച്ചുമാണ് താരം പറയുന്നത്.
സുകുമാരി, കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യന്‍ ആയിരുന്നു. ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്.
പയ്യന്‍ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യനായിരുന്നു. എന്നാലും വല്ലപ്പോഴും തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നു.
അത് കാണുമ്പോള്‍ താന്‍ അവനെ സമാധാനിപ്പിക്കാന്‍ എന്നോണം പറയും മോന്‍ വിഷമിക്കേണ്ട. തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് നമ്മളെ ചീത്ത പറയും. അത് നമ്മള്‍ നന്നാവാന്‍ വേണ്ടിയാണ്. അവന്‍ വലുതാകുമ്പോള്‍ പേര് കേട്ട ഒരു ലൈറ്റ് ഓപ്പറേറ്റര്‍ ആവും എന്നതില്‍ തനിക്ക് യാതൊരു സംശയവും അന്നുണ്ടായിരുന്നില്ല.
പക്ഷേ തന്റെ സംശയങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് തങ്ങള്‍ വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്ററാണ് പില്‍ക്കാലത്ത് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നത് ദൈവനിശ്ചയം മാത്രം എന്നാണ് മലയാള മനോരമയില്‍ സലിംകുമാര്‍ എഴുതിയത്.
റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളെ കുറിച്ച് നടന്‍ ഇന്ദ്രജിത്ത്. പൊലീസ് വേഷങ്ങളുടെ നീണ്ട നിര തന്നെയാണ് ഇനി പുറത്തിറങ്ങാനുള്ളത് എന്നാണ് ഇന്ദ്രജിത്ത് അഭിമുഖത്തില്‍ പറയുന്നത്.
ആഹാ, കുറുപ്പ് എന്നീ രണ്ട് സിനിമകളാണ് ഇപ്പോള്‍ ഇന്ദ്രജിത്തിന്റെതായി തിയേറ്ററില്‍ ഉള്ളത്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയില്‍ ഡി.വൈ.എസ്.പി കൃഷ്ണദാസ് എന്ന കഥാപാത്രമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
കൊവിഡ് കാലത്തിന് മുമ്പും ഇപ്പോഴും അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പൊലീസ് വേഷമാണെന്നും താരം പറയുന്നത്. കുറുപ്പ്, തീര്‍പ്പ്, അനുരാധ, മോഹന്‍ദാസ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എല്ലാത്തിലും പൊലീസ് തന്നെ.
‘പട്ടാള സിനിമയില്‍ അഭിനയിച്ച് ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോയെന്ന് സംശയിക്കാവുന്നതാണ്’ എന്നാണ് ഇന്ദ്രജിത്ത് നര്‍മ്മത്തോടെ ചോദിക്കുന്നത്. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം.
പൊലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറയുന്നു. മീശമാധവന്‍, വണ്‍വേ, അച്ഛനുറങ്ങാത്ത വീട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ചേകവര്‍, വേട്ട, മസാല റിപ്പബ്ലിക് തുടങ്ങി നിരവധി സിനിമകളില്‍ ഇന്ദ്രജിത്ത് പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
മലയാളത്തിൻ്റെ മഹാ നടന്‍ മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കൊണ്ട് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫസല്‍ ഗഫൂര്‍ ഇത്തരം ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
പെരിന്തല്‍മണ്ണയിലുള്ള എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഈ രീതിയില്‍ സംസാരിച്ചത്.
മലയാള സിനിമാ വ്യവസായത്തെ മോഹന്‍ലാല്‍ എന്ന നടന്‍ നശിപ്പിക്കുകയാണ്. മലയാള സിനിമയിലെ ബഫൂണാണ് മോഹന്‍ലാല്‍. പ്രിന്‍സിപ്പലിൻ്റെ റൂമില്‍ കുട്ടികള്‍ പോകുന്നതു പോലെയാണ് മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല.
അപ്പം ചുടുന്നതുപോലെയാണ് മോഹന്‍ലാലിൻ്റെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തന്നെ ഒരു ചിത്രം പൂര്‍ത്തിയാക്കി അടുത്ത ചിത്രം തുടങ്ങുകയാണ്. പക്ഷേ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും മോഹന്‍ലാലിന് അറിയില്ലന്നും ഫസല്‍ ഗഫൂര്‍ ആക്ഷേപിച്ചു.
മരക്കാര്‍ ഒടിടിയിലൂടെ റിലീസ് പ്രഖ്യാപിച്ചതോടെ ആ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ ഇടപെട്ടു. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി നഷ്ടപ്പെട്ടേക്കുമോ എന്ന ചിന്ത വന്നതോടെയാണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമാ വ്യവസായത്തെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് ഇല്ലാതാക്കി എന്നും ഗഫൂര്‍ കുറ്റപ്പെടുത്തുന്നു. ഒരു ചിത്രം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ പ്രതികരിക്കുന്നത് എന്തിനാണ്. ഒടിടി വഴി റിലീസ് ചെയ്താല്‍ നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല. സിനിമാ മേഖല ഇല്ലാതായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കുറയ്‌ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റടുത്തതിൽ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. താരത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
അത് സര്‍ക്കാരിന്റെ അവകാശമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകള്‍;
‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്.
36 പേര്‍ക്ക് സഹായം ഞാനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ട്. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണ്.’
ജയറാമിന്റെ മകൻ നടൻ കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു.ബില്ല് അടക്കാത്തതിനേ തുടർന്ന് ഇവരെ ഹോട്ടൽ വിട്ട് പോകുന്നതിൽ നിന്നും അധികൃതർ തടയുകയായിരുന്നു.സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണിത്
എന്നാൽ കമ്പിനി ബില്ല് തന്നില്ലെങ്കിൽ സൗകര്യങ്ങൾ ഉപയോഗിച്ചവർ തന്നാലും മതി എന്നായിരുന്നു ഹോട്ടലധികൃതരുടെ നിലപാട്. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും, റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ അടക്കമുള്ളവരെ തടഞ്ഞത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാര്‍ പൊലീസെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിര്‍മാണ കമ്പനി പണം അടച്ചു. ഇതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.
ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് നുസൂര്‍ പറയുന്നു. സോണി ലൈവിലാണ് ചുരുളി റിലീസായത്.
എന്‍.എസ് നുസൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ദയവു ചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുത്… ചിലര്‍ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും… പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം… ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും..
‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മള്‍… സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല… വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം.. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ?
എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്.. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണം….
നടി അനുഷ്‌ക ഷെട്ടിയും നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നാഗാര്‍ജ്ജുന. സാമന്തയ്‌ക്കൊപ്പമുള്ള വിവാഹമോചനത്തിന് ശേഷം നാഗചൈതന്യയുടെ വിവാഹത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
സകരമായാണ് ഈ വിഷയത്തെ കുറിച്ച് ഹൈദരാബാദ് ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നാഗാര്‍ജ്ജുന പ്രതികരിച്ചത്. നാഗചൈതന്യ ആ സമയം ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു.
പുലര്‍ച്ചെ താന്‍ മകനെ വിളിച്ച് ചോദിച്ചു ‘ഇന്നലെ രാത്രി നീയും അനുഷ്‌കയുമാള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി’ എന്ന്. ഇതുകേട്ട് നാഗചൈതന്യ നിര്‍ത്താതെ ചിരിക്കുകയായിരുന്നു എന്നാണ് നാഗാര്‍ജ്ജുന പറഞ്ഞത്.
ഇക്കാര്യം അനുഷ്‌കയോടും പറഞ്ഞിരുന്നുവെന്നും അവര്‍ക്കും ചിരിയടക്കാനായില്ലെന്നുമാണ് അഭിമുഖത്തില്‍ അന്ന് നാഗാര്‍ജ്ജുന പറഞ്ഞത്. നാഗാര്‍ജ്ജുനയുടെ നായികയായി നിരവധി സിനിമകളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍, ഡോണ്‍, രാഗദ, താണ്ഡവം, ഓം നമോ വെങ്കിടേശായ, കേടി, കിംഗ്, കേടി, സോഗ്ഗഡേ ചിന്നി നയന, ഊപ്പിരി തുടങ്ങിയ സിനിമകളില്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പം അനുഷ്‌ക വേഷമിട്ടിട്ടുണ്ട്. താന്‍ നാഗാര്‍ജ്ജുനയെ ഒരു ഗുരുവായാണ് കാണുന്നതെന്നും അഭിമുഖങ്ങളില്‍ അനുഷ്‌ക പറഞ്ഞിട്ടുണ്ട്.