Movies

മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ലെന്ന് നടി ഭാവന. നിലവില്‍ കന്നട സിനിമാ രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭാവനയും നടന്‍ ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി 2 റിലീസിന് ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ചിത്രം ഒക്ടോബര്‍ 29നാണ് തീയേറ്ററിലെത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. 2017ല്‍ ആഡം ജോന്‍ ആണ് ഭാവന അവസാനമായി ചെയ്ത മലയാള ചിത്രം.

ഭാവനയുടെ വാക്കുകള്‍;

എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.

ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ കന്നടയില്‍ എപ്പോഴും സൗമ്യയായ സ്ത്രീ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള, അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണ്.

മലയാള സിനിമയിലെ ഒരു പ്രശസ്ത സിനിമാ കുടുംബം ആണ് ശ്രീനിവാസൻ ഫാമിലി. നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമാണ് ശ്രീനിവാസൻ. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയിൽ സജീവമാണിപ്പോൾ. വിനീത് ഗായകനും സംവിധായകനും രചയിതാവും നടനും നിർമ്മാതാവുമാണ്. ധ്യാനും സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇവരുടെ ചെറുപ്പത്തിലേ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കൈരളി ചാനൽ പുറത്തു വിട്ട ഈ വീഡിയോയിൽ ശ്രീനിവാസനും ഭാര്യയും രണ്ടു മക്കളും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. അതിൽ അച്ഛനെ കുറിച്ചും തങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ചും യാതൊരു ഭയവും ഇല്ലാതെ വെട്ടി തുറന്നു പറയുന്ന വിനീത്, ധ്യാൻ ശ്രീനിവാസൻ എന്നിവരെയാണ് കാണാൻ സാധിക്കുന്നത്. അതിൽ തന്നെ വിനീത് ശ്രീനിവാസൻ പറയുന്ന ഒരു കാര്യം വലിയ രീതിയിൽ തന്നെ പ്രചരിക്കുകയുമാണ്.

തനിക്കു ഏറ്റവും പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അച്ഛന്റെ അഭിനയം പക്ഷെ ഇപ്പോൾ പുറകോട്ടു ആണെന്നും ധ്യാൻ പറയുന്നു. അതുപോലെ നടിമാരോടുള്ള ഇഷ്ടം മാറിക്കൊണ്ടിരിക്കുന്നതിനു കാരണവും ധ്യാൻ പറയുന്നുണ്ട്. എന്നാൽ വിനീത് പറയുന്നത്, അച്ഛൻ ടിവിയിൽ അവതരിപ്പിക്കുന്ന പരിപാടി കുഴപ്പമില്ല എങ്കിലും, താൻ ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടപെടുന്ന മലയാളത്തിലെ ഒരു പ്രഗത്ഭനായ ഒരു നടനെ അച്ഛൻ ഈ പരിപാടിയിലൂടെ അനാവശ്യമായി ഒരുപാട് കളിയാക്കുന്നുണ്ട് എന്നും അത് തനിക്കു ഒട്ടും ഇഷ്ടമല്ല എന്നുമാണ്. താൻ നുണ പറയുന്നതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നുള്ള ശ്രീനിവാസന്റെ ചോദ്യത്തിന് അച്ഛൻ നുണ പറയാത്ത ആളാണ് എന്ന് തനിക്കു അഭിപ്രായമില്ല എന്നും വിനീത് ഉദാഹരണ സഹിതം തിരിച്ചടിക്കുന്നുണ്ട്. വിനീത് പറയുന്ന, അദ്ദേഹത്തിന്റെ ഈ പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇടക്കാലത്തു മോഹൻലാലിനെ ആവശ്യത്തിനും അനാവശ്യത്തിനും ശ്രീനിവാസൻ കളിയാക്കി എന്നും വ്യക്തിഹത്യ വരെ നടത്തുന്ന രീതിയിൽ സിനിമ രചിച്ചു എന്നും ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും സിനിമ ആസ്വാദകരുടെ ഇടയിലും ഉയർന്നു വന്നിരുന്നു. ഏതായാലും ഇപ്പോൾ വന്ന ഈ ശ്രീനിവാസൻ ഫാമിലിയുടെ വീഡിയോ ട്രോളന്മാർ വരെ ആഘോഷമാക്കി കഴിഞ്ഞു.

ഷെറിൻ പി യോഹന്നാൻ

‘നായാട്ട്’, ‘സർദാർ ഉധം’, ‘മണ്ടേല’ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളി, 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ‘കൂഴങ്കല്‍’ (Pebbles) എന്ന തമിഴ് ചിത്രമാണ്. വിനോത് രാജ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് നയന്‍താര, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്നാണ്. എന്തുകൊണ്ടാണ് ‘കൂഴങ്കൽ’ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായതെന്ന് ചിത്രം കണ്ടുതന്നെ അറിയണം. തീവ്രമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം കൂടിയാകുന്ന ചിത്രം നല്ലൊരു ആർട്ട്‌ ഫിലിമിന് ഉദാഹരണമാണ്.

അധികം തണൽമരങ്ങൾ ഇല്ലാത്ത, വറ്റിവരണ്ടു കിടക്കുന്ന ജലാശയങ്ങൾ മാത്രമുള്ള, പൊടിമണ്ണ് പാറുന്ന ഒരു ഗ്രാമത്തിലൂടെ രണ്ടുപേർ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മദ്യപാനിയായ ഗണപതിയും മകൻ വേലുവും നടത്തുന്ന യാത്ര. തന്റെ ശല്യം സഹിക്കവയ്യാതെ വീട് വിട്ട് പോയ ഭാര്യയെ തിരികെ കൊണ്ട് വരാനാണ് ഗണപതി മകനോടൊപ്പം ഇടയപ്പട്ടിയിലേക്ക് പോകുന്നത്. സ്കൂളിൽ നിന്ന് മകനെ വിളിച്ചിറക്കി, സുഹൃത്തിൽ നിന്നും പണം കടം വാങ്ങി മദ്യവും ബീഡിയും വാങ്ങിയാണ് ഗണപതി യാത്ര തുടങ്ങുന്നത്. ബസിലിരുന്ന് ബീഡി വലിക്കുന്ന ഗണപതി, അത് ചോദ്യം ചെയ്തയാളെ ഉപദ്രവിക്കുന്നുണ്ട്. ഭാര്യാ വീട്ടുകാരുമായി കലഹിച്ചു, അവരെ പുലഭ്യം പറഞ്ഞു മടങ്ങുന്ന ഗണപതി മകനോടൊപ്പം കാൽനടയായി തന്റെ ഗ്രാമത്തിലേക്ക് പോകുന്നു.

തലയ്ക്കു മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ, കോപമടങ്ങാത്ത മനസ്സുമായി സഞ്ചരിക്കുന്ന ഗണപതി, നിസ്സഹായനായി പിതാവിന്റെ മർദനം ഏറ്റുവാങ്ങുന്ന വേലു – ഇവർ മൂവരും ചേർന്നൊരുക്കുന്ന അന്തരീക്ഷം കഥയുടെ ആത്മാവാകുന്നുണ്ട്. വരണ്ടുണങ്ങിയ, പച്ചപ്പിന്റെ പൊടിപ്പുപോലുമില്ലാത്ത ഭൂമികയിലൂടെ നഗ്നപാദുകരായി നീങ്ങുന്ന അച്ഛനും മകനും നിസ്സഹായതയുടെ ആൾരൂപങ്ങളാകുന്നു. അവസാന പതിനഞ്ചു മിനിറ്റ് വരെയും കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. അച്ഛന്റെയും മകന്റെയും യാത്ര പല ഷോട്ടുകളിലൂടെ ചിത്രത്തിൽ നിറയ്ക്കുകയാണ്. ലോങ്ങ്‌ ഷോട്ടിൽ ഗണപതിയും മകനും അപ്രസക്തമാകുന്നു. വിണ്ടുകീറിയ ഭൂപ്രകൃതി കാഴ്ചാപരിസരത്തിൽ പ്രസക്തി നേടുന്നു.

ശക്തമായ സംഭാഷണങ്ങൾ ഒന്നുംതന്നെ സിനിമയിൽ ഇല്ല. സംഭാഷണങ്ങളിൽ ഭൂരിഭാഗവും ഗണപതിയുടെ പുലഭ്യം പറച്ചിലാണ്. എലിയെ ചുട്ടുതിന്നുന്ന കുടുംബത്തിന്റെ ദൃശ്യം ആ ഗ്രാമത്തിന്റെ തന്നെ പരിച്ഛേദമാണ്. ഗണപതിയും മകനും ബസ് കാത്തുനിൽക്കുന്ന രംഗം, വറ്റിവരണ്ട കനാലിൽ കിടക്കുന്ന കുപ്പി തുറക്കാൻ നായ ശ്രമിക്കുന്ന രംഗം, ക്ലൈമാക്സ്‌ രംഗം എന്നിവ മുന്നോട്ട് വയ്ക്കുന്ന അർത്ഥതലം വളരെ വിശാലമാണ്. ഇടയപ്പട്ടിയിൽ നിന്നുള്ള യാത്രാമദ്ധ്യേ വേലു ഒരു കല്ലെടുത്തു വായിലിടുന്നുണ്ട്. ക്ലൈമാക്സിൽ വീട്ടിലെത്തുന്ന വേലു ആ കല്ലെടുത്തു ഒരുപാട് കല്ലുകളിലേക്ക് ചേർത്തുവയ്ക്കുമ്പോഴാണ് ഇതവരുടെ ആദ്യ യാത്ര അല്ലെന്ന് പ്രേക്ഷകൻ അറിയുന്നത്. നീളമേറിയ രംഗങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കഥാപാത്രങ്ങളുടെ നടത്തത്തിന്റെ താളവും വേഗവും ശക്തമായി പ്രേക്ഷകനിലെത്തിക്കാൻ യുവാന്റെ ശബ്ദസംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.

‘കൂഴങ്കൽ’ ഒരു കഥയല്ല; ചില ജീവിതങ്ങളുടെ നേർചിത്രണമാണ്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര അത്ര സുഖകരമായ അനുഭവമല്ല. റോട്ടർഡാമിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് ‘കൂഴങ്കൽ’. ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂറി ചെയർമാൻ പറഞ്ഞപോലെ, “സത്യസന്ധമായൊരു സിനിമയാണ് ‘കൂഴങ്കൽ”. മനുഷ്യന്റെ ജീവിതവും അതിനു ചുറ്റുപാടുമുള്ള പ്രകൃതിയും സിനിമയിൽ നിറയുന്നു. ‘കൂഴങ്കലി’നെ ‘പ്യുവർ സിനിമ’ എന്ന് പേരിട്ടു വിളിക്കാം.

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ കുമാര്‍ എന്ന മണിയന്‍ പിള്ള രാജു, ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ബാലചന്ദ്രമേനോൻ്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യനാകുന്നതും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും.

മണിയന്‍ പിള്ള എന്ന് പേര് സ്വീകരിക്കുന്നതിന് മുൻപ് രാജു റഹീം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വിശദീകരിച്ചു. ആ ചിത്രത്തില്‍ മണിയന്‍ പിള്ളയ്ക്കൊപ്പം ബഹ്ദൂറും ഒരു വേഷം ചെയ്തിരുന്നു. താനും ബഹദൂറും ഒരു പോലത്തെ നിറമുള്ള ബനിയന്‍ ധരിച്ച്‌ പോകുന്നതിനിടെ ഒരു പട്ടി മാലയുമായി ഓടി വരും. ആ പട്ടിയുടെ വായില്‍ നിന്നും മാല എടുത്ത് നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് രംഗം. ഇതിന്‍റെ ചിത്രീകരണ സമയത്തു പ്രതീക്ഷിച്ചതുപോലെ പട്ടി ഷോട്ടിനുള്ളിലേക്ക് കടന്നു വന്നില്ല.

ഒരല്‍പ്പം വൈകിയാണ് പട്ടി ക്യാമറയുടെ ഫോക്കസ്സിനുള്ളിലേക്ക് എത്തുന്നത്. താന്‍ അപ്പോള്‍ തന്നെ ആ മാല എടുക്കുകയും സംവിധായകന്‍ കട്ട് പറയുകയും ചെയ്തു. ഉടന്‍ ബഹദൂര്‍ തന്‍റെ അടുത്ത് വന്ന് ”ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്” എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു. എന്നാല്‍ സംവിധായകന്‍ തന്നെ പിന്തുണച്ചാണ് സംസാസരിച്ചതെന്ന് അദ്ദേഹം ഓര്‍ത്തു. തന്നോട് ആദ്യമായാണ് ഒരാള്‍ അത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് കേട്ടു വല്ലാതെ സങ്കടം തോന്നുകയും പൊട്ടിക്കരയുകയും ചെയ്തു.

എന്നാല്‍ മണിയന്‍ പിള്ള കരയുന്നത് കണ്ടപ്പോള്‍ ബഹദൂര്‍ അടുത്തെത്തി സമാധാനിപ്പിച്ചു. പെട്ടെന്ന് ദേഷ്യം വരുമെങ്കിലും ബഹദൂര്‍ നല്ല മനുഷ്യനാണെന്ന് മണിയന്‍ പിള്ള പറയുന്നു. അടുത്ത് എത്തി തോളില്‍ തട്ടി ‘ ഇങ്ങനെ കരയരുതെന്നും നല്ല ഭാവിയുള്ള വ്യക്തിയാണെന്നും പറഞ്ഞു സമാധാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം പോൾ വാക്കറുടെ മകൾ മെഡോ വാക്കറുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്നത് വിൻഡീസൽ. മെഡോയുടെ ഗോഡ്ഫാദർ കൂടിയാണ് വിൻഡീസൽ. വിവാഹ വേദിയിലേക്ക് വിൻ ഡീസലിന്റെ കൈപിടിച്ചെത്തുന്ന മെഡോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കടൽ തീരത്ത് നടന്ന വിവാഹചടങ്ങിന്റെ വിഡിയോ മെഡോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ഞങ്ങൾ വിവാഹിതരായി’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിൽ പോൾ വാക്കർ ബ്രയാൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിൻ ഡീസൽ ഡൊമിനിക്കായും വേഷമിട്ടു. മെഡോയ്ക്ക് 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പോൾ വാക്കർ തന്റെ 40-ാം വയസിൽ കാർ അപകടത്തിൽ മരിക്കുന്നത്.

വിൻ ഡീസലും കുടുംബവും പോൾ വാക്കറുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.

 

 

View this post on Instagram

 

A post shared by Meadow Walker (@meadowwalker)

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തിലായിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്.

രണ്ട് കേസുകളില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരുന്ന ഇയാള്‍ മൂന്ന് മാസത്തോളം പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷമാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിവരമറിഞ്ഞെത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വന്നിരുന്നത്.

ആശുപത്രിയിലായതിനെ തുടര്‍ന്ന് ജാമ്യം തേടി കോടതിയെ സമീപിച്ച കണ്ണന് ഈ മാസം ആറ് വരെ താല്‍ക്കാലിക ജാമ്യം അനുവധിച്ചതോടെ പോലീസ് പിന്‍മാറിയിരുന്നു.6 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണന്റെ താല്‍ക്കാലിക ജാമ്യം റദ്ദ് ചെയ്യുകയും സ്വന്തം ജില്ലയായ പാലക്കാട് കടക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.

കോടതി ജാമ്യം റദ്ദ് ചെയ്യുകയും പ്രതി നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണന്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയിരിക്കുന്നത്. കോടതിയുടെ വിലക്ക് ലംഘിച്ച് പാലക്കാട് ജില്ലയിലെ തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് കണ്ണന്‍ മുങ്ങിയിരിക്കുന്നത്.

ഇതിനിടെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പട്ടാമ്പിയിലെ വനിത ഡോക്ടറുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണനെ കൂടാതെ മട്ടായ സ്വദേശി നൗഷാദും കണ്ടാലറിയുന്ന മറ്റൊരാളും ഈ കേസില്‍ പ്രതികളാണ്.

ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും തിയേറ്റര്‍ വിലക്ക്. കൊച്ചിയില്‍ നടക്കുന്ന ഫിയോക്കിന്റെ അടിയന്തര യോഗത്തിലാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ഒച്ചപ്പാടിലേക്കും യോഗം എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും എതിരെ രഹസ്യമായി വോട്ടെടുപ്പ് നടത്തുകയാണ് ഫിയോക് ഇപ്പോള്‍. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒ.ടി.ടിയില്‍ നല്‍കുന്നതും മരക്കാര്‍ ഒ.ടി.ടി റിലീസിന് എത്തിയേക്കും എന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തിയേറ്റേറുടമകള്‍ ഇത്തരത്തിലൊരു ആവശ്യവുമായി എത്തിയിരിക്കുന്നത്.

ഇവരുടെ ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടെന്ന നിലപാട് വന്നതോടെയാണ് വലിയ ചര്‍ച്ചയിലേക്ക് പോയത്. രഹസ്യ ബാലറ്റ് പേപ്പര്‍ വഴിയാണ് വോട്ടെടുപ്പ് നടക്കുന്നത്. കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രം. തുടര്‍ന്ന് കുരുതി, ഭ്രമം എന്നീ സിനിമകളും ആമസോണ്‍ പ്രൈമില്‍ റിലീസ ചെയ്തു.

കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രവും ഒ.ടി.ടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മരക്കാര്‍ ഒ.ടി.ടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ വ്യക്തമാക്കി. മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

ഇതിനിടെ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. 40 കോടി രൂപയാണ് തിയേറ്റര്‍ ഉടമകള്‍ മരക്കാറിനായി നല്‍കിയിരിക്കുന്നത്. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ തിയേറ്ററുകള്‍ക്ക് അത് കനത്ത നഷ്ടമാണ് ഉണ്ടാക്കുക.

1996 മുതല്‍ സിനിമാ രംഗത്ത് സജീവമായ നടിയാണ് സോന നായര്‍. ഇപ്പോഴിതാ യൂട്യൂബില്‍ തന്റെ പേരെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരിക്കുകയാണ്.

എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്.

എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു.

സാധാരണ നമ്മള്‍ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോള്‍, റിയല്‍ ആക്ടര്‍ ആണെങ്കില്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കന്‍ഡുകളോ മിനുറ്റുകള്‍ക്കോ ഉള്ളില്‍ ഇത് പുറത്ത് വരിക തന്നെ ചെയ്യും. ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചര്‍ച്ച ചെയ്യും. എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്്നമാണോ മറ്റുള്ളവര്‍ക്ക്. അവര്‍ പറഞ്ഞു.

നിരവധി സിനിമകളില്‍ ക്യാപ്റ്റന്‍ രാജുവിനൊപ്പം മുകേഷ് വേഷമിട്ടിട്ടുണ്ട്. താന്‍ പറയാത്ത പല കാര്യങ്ങളും ‘മുകേഷ് ഇങ്ങനെയൊരു കഥയിറക്കിയിട്ടുണ്ട് കേട്ടോ’ എന്ന രിതീയില്‍ പലരും ക്യാപ്റ്റന്‍ രാജുവിനോട് പറയാറുണ്ടായിരുന്നു.

അദ്ദേഹത്തോട് ദേഷ്യമുള്ളവരും അദ്ദേഹം വിഷമിക്കുന്നത് കാണാന്‍ ആഗ്രഹമുള്ളവരും ഒക്കെയായിരിക്കും ഇത് ചെയ്യുന്നത്. ഇദ്ദേഹം കുറേ നാള്‍ ഇത് മനസില്‍ കൊണ്ടുനടന്നു. എന്താണ് ഇതൊന്നും മുകേഷിനോട് ചോദിക്കാത്തതെന്ന് ഈ കഥ പറഞ്ഞവര്‍ ചോദിക്കുമ്പോള്‍ അവനോട് ചോദിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയും.

ഇത് അവര്‍ തന്റെ അടുത്ത് വന്ന് പറയും. അങ്ങനെയിരിക്കെ ഊട്ടിയില്‍ ഗോള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. അതില്‍ താന്‍ ഭ്രാന്തന്റെ വേഷമാണ് ചെയ്തത്. രണ്ടു മണിക്കൂറോളമുള്ള മേക്കപ്പിനിടയില്‍ താന്‍ ഉറങ്ങിപോകും. ഒരു ദിവസം മേക്കപ്പ് കഴിഞ്ഞപ്പോള്‍ സീന്‍ ആയിട്ടില്ലെന്നും കുറച്ചു കഴിഞ്ഞു വന്നാല്‍ മതിയെന്നും മേക്കപ്പ് മാന്‍ പറഞ്ഞു.

ഇരിക്കുന്ന സ്ഥലത്ത് ചുറ്റും കണ്ണാടിയാണ്. നോക്കിയപ്പോള്‍ പിറകിലായി ക്യാപ്റ്റന്‍ രാജു ഇരിക്കുന്നു. താന്‍ ഉറങ്ങുന്ന സമയത്താണ് അദ്ദേഹം വന്നത്, അതുകൊണ്ട് കണ്ടിരുന്നില്ല. ഒന്നുകൂടി നോക്കിയപ്പോഴാണ് ആ വലിയ മുറിയില്‍ തങ്ങള്‍ മാത്രമേയുള്ളൂ എന്ന് മനസിലാകുന്നത്. താന്‍ നോക്കുമ്പോള്‍ അദ്ദേഹം തന്റെ അടുത്തേക്ക് നടന്നു വരികയാണ്.

അദ്ദേഹം അടുത്ത് വന്ന് കൈയില്‍ പിടിച്ചു. അപ്പോള്‍ ‘ഞാനല്ല ആ കഥകളൊക്കെ പറഞ്ഞത്’, എന്ന് അദ്ദേഹത്തോട് പറഞ്ഞു മനസിലാക്കണമെന്നുണ്ട്. എന്നാല്‍ അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘പല കാര്യങ്ങളും ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഞാന്‍ മൂലം നിന്റെ മനസിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് മാപ്പുതരണം’ എന്ന്.

ഇതോടെ താനും അദ്ദേഹത്തിന്റെ കൈപിടിച്ചു കൊണ്ട് തനിക്കും മാപ്പുതരണമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. തെറ്റിദ്ധാരണ മൂലം അദ്ദേഹവും എപ്പോഴോ വിഷമിച്ചിട്ടുണ്ട്. അതിന് മാപ്പുപറയാന്‍ പറ്റിയതില്‍ സന്തോഷം തോന്നി എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പറയുന്നത്.

മെക്‌സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകനടന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടു. നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസ് (42) ആണ് മരിച്ചത്. അടുത്തുനിൽക്കുകയായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോസ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്.ന്യൂമെക്‌സിക്കോയിൽ ‘റസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം. സംഭവത്തെ തുടർന്ന് സിനിമാചിത്രീകരണം നിർത്തിവെച്ചു.

ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛൻ റസ്റ്റായാണ് ബോൾഡ്വിൻ അഭിനയിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് പറഞ്ഞു.

ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved