News

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതി ഒതുക്കാന്‍ സി.എം.ഐ സഭ കുര്യനാട് ആശ്രമത്തിലെ മുതിര്‍ന്ന വൈദികന്‍ ഡോ.ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ‘ഓഫര്‍’ ഫോണ്‍വിളിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സൂചന. സി.എം.ഐ സഭ വിട്ട് ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം കൂടിയ ഒരു വൈദികനും ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് വൈദികരുമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അവിടെ നിന്നുള്ളവര്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കുകയും അതുവഴി ബിഷപ്പിനെ നിയമനടപടിയില്‍ നിന്നും രക്ഷപ്പെടുത്തുകയും മാത്രമല്ല ഈ സംഘത്തിന്റെ ലക്ഷ്യം. ബിഷപ്പ് ഫ്രാങ്കോയുടെയും സംഘത്തിന്റെയും വഴിവിട്ടപോക്കില്‍ വിമര്‍ശനം ഉന്നയിച്ച ചില വൈദികരെ കുടുക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. പരാതി പിന്‍വലിപ്പിച്ച ശേഷം കന്യാസ്ത്രീകളെ മാധ്യമങ്ങള്‍ക്കും പോലീസിനും മുന്നിലെത്തിച്ച് ചില വൈദികരുടെ നിര്‍ദേശപ്രകാരമാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത് എന്നു പറയിപ്പിക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടത്. അതിന്റെ ധ്വനി ഫാ. ഏര്‍ത്തയിലിന്റെ ഫോന്‍ണ്‍വിളിയിലുമുണ്ട്. ‘പരാതിക്കു പിന്നില്‍ മറ്റാരെങ്കിലുമാണെന്ന് പറഞ്ഞാല്‍ മതിയെന്ന്’ പറയുന്നതും ഇവിടെ ശ്രദ്ധേയമാണ്.

ബിഷപ്പ് ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന ചില വൈദികരുടെ പേര് കന്യാസ്ത്രീകളെ കൊണ്ട് പറയിച്ച് അവരെ വിശ്വാസികള്‍ക്കു മുന്നില്‍ താറടിച്ച് കാണിക്കാനും അതിന്റെ പേരില്‍ രൂപതയില്‍ നിന്ന് പുറത്താക്കാനുമായിരുന്നു ഇവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ കന്യാസ്ത്രീകള്‍ സ്വന്തം അപ്പനെപോലെ കരുതുന്ന ഈ വൈദികര്‍ക്കെതിരെ ഒരു വാക്കുപോലും പറയാന്‍ ഇവര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, നാലു വര്‍ഷത്തോളം അനുഭവിച്ച പീഡനങ്ങള്‍ക്ക് അറുതി വരുത്തിയെ മതിയാകൂ എന്ന തീരുമാനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതോടെ ബിഷപ്പ് ഫ്രാങ്കോയുടെ സംഘത്തിന്റെ തന്ത്രം പൊളിയുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ ഉപദേശക സംഘത്തിലുള്ളയാളാണ് തന്ത്രങ്ങള്‍ മെനയുന്ന ഈ സി.എം.ഐ വൈദികന്‍. ജലന്ധറില്‍ കൂടിയ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ബിഷപ്പ് ഫ്രാങ്കോ നല്‍കുന്നത് ഒരു ലക്ഷം രൂപ ശമ്പളവും ഒരു കാറും ഡ്രൈവറുമാണ്. കേരളത്തില്‍ ഒരു സാംസ്‌കാരിക നിലയത്തിന്റെ് ചുമതലയുണ്ടായിരുന്ന ഇദ്ദേഹത്തിന് ജലന്ധറിലും ഒരു സാംസ്‌കാരിക നിലയമെന്ന സ്വപ്‌ന പദ്ധതിയുണ്ട്. ഇതിനായി അമൃത്സറില്‍ 15 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. നിലയത്തിന്റെ നിര്‍മ്മാണത്തിനായി 500 കോടി രൂപ വായ്പ എടുക്കാനിരിക്കേയാണ് ബിഷപ്പ് കുടുക്കിലായത്. ഡല്‍ഹി രൂപതയില്‍ നിന്നെത്തിയ ഒരു വൈദികനും ഇദ്ദേഹത്തിന് സഹായം ചെയ്യുന്നു. ഡല്‍ഹിയില്‍ വികാരി ഇന്‍ ചാര്‍ജ് ആയി ഇരുന്ന ഇടവകയില്‍ നിന്നും വിശ്വാസികള്‍ക്കിടയില്‍ നടത്തിയ അന്യായ പിരിവിന്റെ പേരില്‍ മേലധികാരി നടപടി എടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജലന്ധറിലേക്ക് പോയത്. ഇദ്ദേഹത്തെ ജലന്ധറിലേക്ക് കൊണ്ടുവന്നതിനു പിന്നിലും ഈ ഉപദേശകന് പങ്കുണ്ട്. ഇവര്‍ രണ്ടു പേരുമാണ് ഫ്രാങ്കോയെ എതിര്‍ക്കുന്ന വൈദികര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു വൈദികനും ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ രാപ്പകല്‍ പണിയെടുക്കുകയാണ്. റോമിലേക്ക് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് പോയ ഇദ്ദേഹം അവിടെ ഇരിപ്പുറയ്ക്കാതെ ഇതിനകം രണ്ടു തവണ ഡല്‍ഹിയില്‍ എത്തി തന്ത്രങ്ങള്‍ മെനഞ്ഞു. കോട്ടയം ജില്ല സ്വദേശിയായ ഇദ്ദേഹം ബിഷപ്പ് ഫ്രാങ്കോയും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്. ഉപരിപഠനം കഴിഞ്ഞെത്തുമ്പോള്‍ ഒരു ബിഷപ്പ് പദവിയാണ് ഇദ്ദേഹത്തിന്റെ മോഹം. ഇവരുടെയെല്ലാം ഗൂഢാലോചനയാണ് ഫാ.ജെയിംസ് ഏര്‍ത്തയിലിന്റെ ഫോണ്‍വിളിക്ക് പിന്നില്‍. പദ്ധതി ചീറ്റിപ്പോയി എന്നു മാത്രമല്ല, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരുപക്ഷേ ഫാ.ഏര്‍ത്തയിലിന് പിടിവീഴുകയും ചെയ്തേക്കും.

അതേസമയം, കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ, ജൂലായ് ആദ്യവാരം ചേര്‍ന്ന ജലന്ധര്‍ രൂപതാ വൈദികരുടെ യോഗത്തില്‍ ബിഷപ്പ് ഫ്രാങ്കോ രാജിവച്ച് അന്വേഷണം നേരിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ അദ്ദേഹം തന്റെ സൈബര്‍ പോരാളികളെ വച്ച് ഈ വൈദികര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഭൂരിപക്ഷം രൂപത വൈദികരും രാജി ആവശ്യപ്പെട്ടപ്പോള്‍് ഫ്രാങ്കോയ്ക്ക് ഒപ്പമുള്ള വൈദികരും ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) എന്ന സന്യാസ സമൂഹത്തിലെ ചില അംഗങ്ങളുമാണ് ഫ്രാങ്കോയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

കേരള പോലീസ് സംഘം ജലന്ധറില്‍ എത്തിയാല്‍ ബിഷപ്പ് ഫ്രാങ്കോയെ മാത്രമല്ല അദ്ദേഹത്തിന്റെ ഉപദേശസംഘത്തേയും എഫ്.എം.ജെയിലെ അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍വിളികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. ഫ്രാങ്കോയ്ക്കു വേണ്ടി മധ്യസ്ഥത നടത്തിയ വൈദികരെയും ചോദ്യം ചെയ്യണമെന്നും ഇവര്‍ ഉന്നയിക്കുന്നു.

കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാനായി ഫാ.ഏര്‍ത്തയില്‍ ഫോണ്‍ വിളിച്ചത്. കുറവിലങ്ങാട് മഠം ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വന്ന ഇദ്ദേഹം പരാതിക്കാരിക്ക് ഒപ്പമുള്ളവരെ കാണാന്‍ അനുമതി തേടിയെങ്കിലും അവര്‍ വഴങ്ങാതെ വന്നതോടെയാണ് ഫോണില്‍ വിളിച്ചത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതി പിന്‍വലിച്ചാല്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ പത്ത് ഏക്കര്‍ സ്ഥലവും മഠവും പണിത് ബിഷപ്പിന്റെ അനുഗ്രഹത്തോടെ അവിടെ താമസിപ്പിക്കാമെന്നാണ് ഓഫര്‍ നല്‍കിയത്. പരാതിക്കാരിയുടെ സഹോദരന് മുന്‍പ് അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് ഉന്നത പദവിയും വാഗ്ദാനം ചെയ്ത് ജലന്ധറില്‍ നിന്ന് നേരിട്ട് ദൂതന്‍ എത്തിയയെങ്കിലും അവരും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്നതോടെയാണ് മറ്റു കന്യാസ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ രണ്ട് ഒത്തുതീര്‍പ്പ് ശ്രമങ്ങളും ജലന്ധര്‍ രൂപത അറിയാതെയാണെന്നും ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് രൂപത ഇറക്കിയ വിശദീകരണക്കുറിപ്പ്.

 

കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.  കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. കോളേജ് കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ല. കാമ്പസില്‍ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഓരോ വ്യക്തിക്കും കാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല. അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ഇടക്കാല ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെയും മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. കര്‍ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, പരാതി അറിയിച്ചിട്ടും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് കര്‍ദിനാള്‍ ആലഞ്ചേരി ശ്രമിച്ചതെന്ന് കന്യാസ്ത്രീയുടെ ബന്ധുവായ ജലന്ധര്‍ വൈദികന്‍ ആരോപിച്ചിരുന്നു. സംഭവം മാര്‍പ്പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നുന്നെന്നും വൈദികന്‍ പറഞ്ഞു. കര്‍ദിനാളിനെ കാണാന്‍ പോയ സമയത്ത് 15 മിനുട്ട് മറ്റ് കന്യാസ്ത്രീകളെ ഒഴിവാക്കി കര്‍ദിനാള്‍ ആലഞ്ചേരിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണം. പരാതിയുടെ ഗൗരവം സഭ ഇതുവരെ പരിഗണിച്ചില്ലെന്നും സഭാ അധ്യക്ഷമാര്‍ ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണയ്ക്കുന്നെന്നും വൈദികന്‍ ആരോപിച്ചു.

ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തി. പരാതികള്‍ പുറത്തു വരാത്തത് അധികാരികളോടുളള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കിയത്. 2014 മെയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്നു സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതിവാങ്ങി എന്നായിരുന്നു ആരോപണം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയെന്നും ആലപ്പുഴ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ, ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തി. ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുടെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍) ഉള്‍പ്പെടെ 18 പേരാണ് സഭ വിട്ടുപോയതെന്നും പരാതിയില്‍ പറയുന്നു.

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി കന്യാസ്ത്രീകളാണ് മിഷനറീസ് ഓഫ് ജീസസ് (എംജെ) സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിന് പരാതി നല്‍കിയിരുന്നത്. പുരോഹിതന്‍ എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുന്നു. തനിക്ക് എതിരായി ശബ്ദമുയര്‍ത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസസഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളില്‍ വരെ ഇടപെടുന്നുവെന്നും പരാതിയിലുണ്ട്.

ബിഷപ്പിന്റെയും സഭാ നേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തിലുള്ളത്. ബിഷപ്പിന്റെ താത്പര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കും. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ്പ് കാണുന്നതെന്നും ഈ കത്തിലുണ്ട്.

മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാകട്ടെ ബിഷപ്പിനെതിരെയോ, സഭാ നേതൃത്വത്തിനെതിരെയോ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്നാണ് പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മദര്‍ ജനറല്‍ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്. തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ്പ് അടിച്ചമര്‍ത്തുന്നത് പോലെയാണ് മദര്‍ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാര്‍ത്ഥതയ്ക്കും അനീതിക്കും സഭാ നേതൃത്വം കൂട്ടു നില്‍ക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മുതിര്‍ന്ന കന്യാസ്ത്രീകളടക്കം 18 പേരാണ് സഭ വിട്ടുപോയത്. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീയുടെയും പേരും അവര്‍ വിട്ടുപോകാനിടയായ സഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്.

ബിഷപ്പിന് താത്പര്യമുള്ള ചില കന്യാസ്ത്രീകള്‍ അവര്‍ പല വിഷയങ്ങളില്‍ ആരോപണങ്ങളില്‍പെട്ടിട്ടും നേതൃസ്ഥാനങ്ങളില്‍ തുടരുന്നതിനെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസസഭതന്നെ ഇല്ലാതാകുമെന്നും കത്തിലൂടെ കന്യാസ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ കത്തുകളുടെ പകര്‍പ്പ് അടക്കം ലൈംഗിക പീഡനം അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് തെളിവായി നല്‍കിയിട്ടുണ്ട്.

പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സഭ ശ്രമിച്ചുവെന്നും ജലന്ധര്‍ രൂപത കന്യാസ്ത്രിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും വൈദികന്‍ പറഞ്ഞു.

തിരുവനന്തപുരം: വൈമാനികയാത്രികരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വിറ്റതിന് പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റില്‍.

ആറരക്കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമന്‍സ് നല്‍കി വിളിച്ചുവരുത്തിയതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2017 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നിരിക്കുന്നത്. ഏതാണ്ട് 13,000 അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്്പില്‍ നിന്നും വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു ഇയാള്‍ എന്ന് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിക്കാന്‍ സാധിക്കുന്ന രേഖകളൊന്നും സുന്ദരവാസന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് കസ്റ്റംസ് നിയമം 104ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുള്ളതിന് പുറമെ രണ്ട് വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മാഞ്ചസ്റ്ററില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ട്രാഫോര്‍ഡ് പാര്‍ക്ക് ഏരിയയിലെ യൂറോപ്പ വേയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന 21കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമാണെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം പരിക്കേവര്‍ ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അന്വേഷണത്തിനായി ഉടന്‍ തന്നെ പോലീസ് റോഡ് അടച്ചു. ഒരു ബിഎംഡബ്ല്യു 330 ഡി കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്നു കാര്‍ എത്തിയത്. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറുന്നതും മൂന്നോളം പേരും ഒരു നായയും അന്തരീക്ഷത്തിലേക്ക് തെറിച്ചു പോകുന്നതും കണ്ടതായി ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ ഇവര്‍ക്കിടയിലൂടെ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം അപകടമാണെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്

മലയാളം യുകെ ന്യൂസ് ഒരുക്കുന്ന നാഷണൽ ഡാൻസ് കോംമ്പറ്റീഷൻ അഭൂതപൂർവ്വമായ സവിശേഷതകളാൽ ശ്രദ്ധേയമാകുന്നു.  മലയാളികളോടൊപ്പം ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും മറ്റു രാജ്യക്കാരും കൈകോർക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അവരോടൊപ്പം ആടിത്തകർക്കാൻ ഇതര  ഇന്ത്യൻ സംസ്ഥാനക്കാരും താത്പര്യത്തോടെ മുന്നോട്ട് വന്നു കഴിഞ്ഞു. മലയാളികളെ മാത്രം പങ്കെടുപ്പിക്കുന്ന പതിവിന് വിരാമം കുറിച്ചുകൊണ്ട് എല്ലാ രാജ്യക്കാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുവാനുള്ള മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ശ്രമം വൻ വിജയമാണെന്ന് ടെപ് സികോർ 2018 ന്റെ പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ജൂലൈ 14 ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത്. മിഡ്ലാൻഡ്സിന്റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറിലാണ് ലോകത്തിനു തന്നെ മാതൃകയായ സംരംഭം ഒരുക്കപ്പെട്ടിരിക്കുന്നത്.

ഒന്നിച്ചു പരിശീലിക്കുന്ന തങ്ങളുടെ സഹപാഠികളോടൊത്ത് ഭാഷയുടെയോ രാജ്യത്തിന്റെയോ അതിർവരമ്പുകളില്ലാതെ സ്റ്റേജിൽ മത്സരിക്കാൻ കഴിയുന്നത് തികച്ചും സന്തോഷകരവും വ്യത്യസ്തവുമായ അനുഭവമാണെന്ന് മത്സരാർത്ഥികൾ പറയുന്നു. ഇന്ത്യൻ കലകളെ ഇഷ്ടപ്പെടുന്ന നിരവധി മറ്റു രാജ്യക്കാൻ യുകെയുടെ പല ഭാഗങ്ങളിലുള്ള ഡാൻസ് സ്കൂളുകളിൽ നൃത്താഭ്യാസം നടത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മത്സര വേദികൾ അധികം ലഭിക്കാറില്ലെന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. മലയാളം യുകെ ഒരുക്കുന്ന വ്യത്യസ്തമായ ഈ വേദിയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നത് തികച്ചും അഭിനന്ദനീയമായ കാര്യമാണെന്നും ജനങ്ങൾ തമ്മിലുള്ള സംസ്കാരിക വിനിമയത്തിന് ഇത് അവസരമൊരുക്കുമെന്നും ഇന്ത്യൻ ഡാൻസ് രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.

ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 11 വയസിൽ താഴെയുള്ളവർക്ക് സബ്ജൂനിയർ, 11 മുതൽ 18 വയസു വരെയുള്ളവരെ ജൂണിയറിലും 18 വയസിനു മുകളിൽ പ്രായമുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമയ ക്ലിപ്തത പാലിച്ചും മത്സരാർത്ഥികൾക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങൾ ഒരുക്കിയും പ്രോഗ്രാമുകൾ നിശ്ചയിച്ച ഷെഡ്യൂളിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതി നടത്തി വരുന്നത്. മത്സരാർത്ഥികൾക്കുള്ള ഗൈഡ് ലൈനുകൾ മലയാളം യുകെയുടെ ഫേസ് ബുക്ക് ഇവന്റ് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് ജൂൺ 9 വരെ രജിസ്റ്റർ ചെയ്യാൻ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ അഡ്രസിലോ മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914  എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

സ്റ്റോക്ക് ഓൺ ട്രെൻറിലെ ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ നടക്കുന്ന ഡാൻസ് മത്സരത്തിന്റെ മനോഹാരിതയും ചടുലതയും ആനന്ദ് മീഡിയ ജനഹൃദയങ്ങളിലെത്തിക്കും. ആനന്ദ് മീഡിയ ടീം വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ടെപ് സികോർ 2018 ന്റെ മുഖ്യ സ്പോൺസർ ബീ വൺ യുകെ ആണ്. ഡിജിറ്റൽ കറൻസി ടോക്കണായ ക്രിപ്റ്റോ കാർബൺ  മാർക്കറ്റ് ചെയ്തുകൊണ്ട് ബിസിനസ് സാമ്രാജ്യം ലോകമെമ്പാടും വ്യാപിപ്പിച്ച ബീ വൺ, മലയാളം യുകെ ഒരുക്കുന്ന നൃത്തോൽസവത്തിനു ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.

ടെപ്സികോർ 2018ൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കുന്നുണ്ട്. ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ കാർ പാർക്കിംഗിന് ധാരാളം സൗകര്യമുണ്ട്. അതുപോലെ തന്നെ മിതമായ നിരക്കിലുള്ള ഭക്ഷണം കേറ്ററിംഗ് ടീം ലഭ്യമാക്കും. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക്  ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ടെപ്സികോർ 2018 ൽ സ്പോൺസർഷിപ്പ്, കേറ്ററിംഗ്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബന്ധപ്പെടേണ്ടതാണ്.

ലണ്ടൻ∙ ഊബർ ഡ്രൈവർമാർക്ക് സിക്ക് പേയ്മെന്റും പേരന്റ് പേയ്മെന്റും (മെറ്റേണിറ്റി, പെറ്റേണിറ്റി പേയ്മെന്റ്) ഉൾപ്പെടുത്തിയുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ കമ്പനി തീരുമാനം. ലണ്ടൻ ഉൾപ്പെടെയുള്ള പല വൻ നഗരങ്ങളിലും നഷ്ടപ്പെട്ട ലൈസൻസ് തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ കമ്പനി തീരുമാനിച്ചത്.

ബ്രിട്ടനിലെ സേവന- വേതന വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്നും ലൈസൻസ് നൽകുന്നത് വേണ്ടത്ര പരിശോധനകളും സുരക്ഷാ മുൻകരുതലുകളും കൂടാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഊബറിന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അധികൃതർ കഴിഞ്ഞവർഷം പ്രവർത്തനാനുമതി നിഷേധിച്ചത്. ഇതിനെതിരായ കമ്പനിയുടെ അപ്പീൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക്  ഊബർ ടാക്സി സർവീസിലെയും കൊറിയർ സർവീസിലെയും പുതിയ സേവന വ്യവസ്ഥകൾ  ഗുണകരമാകും.

ബ്രിട്ടനിലെ 70,000 യൂബർ ഡ്രൈവർമാർ ഉൾപ്പെടെ യൂറോപ്പിലെ 150,000 ഡ്രൈവർമാർക്ക് ബാധകമാകുന്ന ഇൻഷുറൻസ് ജൂൺ ഒന്നുമുതൽ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഫ്രഞ്ച് ഇൻഷുറൻസ് കമ്പനിയായ എഎക്സ്എയുമായി ചേർന്നാണ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു.

കരാറനുസരിച്ച് എന്തെങ്കിലും രോഗം ബാധിച്ച് തുടർച്ചയായി ഏഴുദിവസത്തിൽ കൂടുതൽ ജോലിക്കു പോകാൻ കഴിയാത്ത ഡ്രൈവർക്ക് ദിവസം 75 പൗണ്ട് വീതം പരമാവധി 1,125 പൗണ്ട് വേതനം ലഭിക്കും. ജോലിക്കിടെ പരിക്കേറ്റ് വിശ്രമിക്കുന്നവർക്ക് ദിവസം  75 പൗണ്ട് വീതം 2,250 പൗണ്ട് വരെ ലഭിക്കും. കൊറിയർ സർവീസിന് ഇത് ദിവസം 30 പൗണ്ട് വീതം പരമാവധി 900 പൗണ്ട് വരെയാണ് ലഭിക്കുക.

മെറ്റേണിറ്റി, പെറ്റേണിറ്റി പേയ്മെന്റായി 1,000 പൗണ്ട് ഒറ്റ ഗഡുവായാണ് ലഭിക്കുക. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ ചികിൽസയ്ക്ക് 7,500 പൗണ്ട് വരെയുള്ള  മെഡിക്കൽ ബില്ലും കമ്പനി അടയ്ക്കും. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിൽസയ്ക്ക് ഇതു ബാധകമാണ്.

ക്ലെയിമിനു മുമ്പുള്ള എട്ടാഴ്ചയ്ക്കുള്ളിൽ 150 ട്രിപ്പെങ്കിലും നടത്തിയിട്ടുള്ള ഡ്രൈവർമാർക്കാണ് ഈ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് അർഹത. കൊറിയർ ഡ്രൈവർമാർ എട്ടാഴ്ചയ്ക്കുള്ളിൽ 30 ഡെലിവറികൾ നടത്തിയിട്ടുള്ളവരാകണം.

ലണ്ടൻ∙ ബ്രിട്ടൻ യൂറോപ്പിന്റെ ‘കൊക്കെയിൻ ക്യാപിറ്റ’ലായി മാറുകയാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ബെൻ വാലെയ്സിന്റെ തുറന്നു പറച്ചിൽ. ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ അനുദിനം കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കാനുള്ള പ്രധാന കാരണം ഇതാണെന്നും മന്ത്രി വ്യക്തമാക്കുന്നു. പുത്തൻ സാങ്കേതിക വിദ്യയും വിനിമയ- വിപണന സംവിധാനങ്ങളും ഉപയോഗിച്ച് വൻ മാഫിയ സംഘങ്ങളിൽനിന്നും യുവാക്കൾക്ക് ഇവ യഥേഷ്ടം ലഭ്യമാക്കാൻ സാധിക്കുന്നുവെന്നുവെന്നത് സത്യമാണ്. ഇതാണ് നഗരത്തിൽ കത്തിക്കുത്തും കൊലപാതകങ്ങളും വർധിക്കാൻ കാരണമെന്നും മന്ത്രി സമ്മതിച്ചു.

ഈവർഷം ജനുവരി മുതൽ ഇതുവരെ ലണ്ടൻ നഗരത്തിൽ മാത്രം 67 പേരാണ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഏതാനും പേരൊഴിച്ചാൽ മറ്റെല്ലാവരും 20 വയസിൽ താഴെയുള്ള യുവാക്കളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള മയക്കുമരുന്നു മാഫിയയാണ് ലണ്ടനിലെ അക്രമങ്ങൾക്ക് പിന്നിലെ യഥാർഥ കാരണമെന്ന ആരോപണവുമായി നേരത്തെ ടോട്ടൻഹാമിലെ ലേബർ എംപി ഡേവിഡ് ലാമി രംഗത്തെത്തിയിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ മന്ത്രിയുടെ തുറന്നുപറച്ചിൽ പിസ ഓർഡർ ചെയ്തു വരുത്തുന്നതിനേക്കാൾ എളുപ്പത്തിൽ ലണ്ടനിൽ മയക്കുമരുന്ന് വാങ്ങാമെന്നായിരുന്നു എംപിയുടെ ആരോപണം. ഇതിനെതിരേ പോലീസോ ഭരണ നേതൃത്വമോ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബെംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്കെതിരായ ഒരു സഖ്യവും സാധ്യമാവുകയില്ലെന്ന് ദേവഗൗഡ രാജ്യത്തേറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ഏതെങ്കിലും രീതിയില്‍ കോണ്‍ഗ്രസില്‍ ചിത്രത്തിലുണ്ടാവും. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ജയിക്കാനായാല്‍ സ്വാഭാവികമായും ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടാവുമെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതിന് പിന്നാലെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണാടക രാഷ്ട്രീയത്തെ കുറിച്ചും ബി.ജെ.പി വിരുദ്ധസഖ്യത്തെ കുറിച്ചും ദേവഗൗഡ സംസാരിച്ചത്.

കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചത് 2019ലെ ബി.ജെ.പി വിരുദ്ധ തന്ത്രത്തിന്റെ ഭാഗമാണെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടികളില്‍ ചിലത് കോണ്‍ഗ്രസിനോട് എതിര്‍പ്പുള്ളതും ഇല്ലാത്തതുമുണ്ട്, പക്ഷെ എല്ലാവരുടെയും കേന്ദ്ര അജണ്ട ബി.ജെ.പിയെ എതിര്‍ക്കുകയെന്നുള്ളതാണ്. ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും ഈ രണ്ട് വിഭാഗങ്ങളെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ സ്വഭാവം സംബന്ധിച്ച് ഈ പാര്‍ട്ടികള്‍ തീരുമാനിക്കുമെന്നും ഈ പ്ലാറ്റ്‌ഫോം പുതിയ മുന്നണിയുടെ സൂചനയാകുമെന്നും ഗൗഡ പറഞ്ഞു. കര്‍ണാടകയിലേത് ജുഡീഷ്യറിയുടെ വിജയമാണെന്നും കുതിരക്കച്ചവടം തടഞ്ഞതിലൂടെ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടെന്നും ദേവഗൗഡ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമണങ്ങള്‍ വേദനിപ്പിച്ചു, പ്രതിപക്ഷത്തിരിക്കാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനം, പക്ഷെ രാജ്യത്തിന്റെ വിശാലതാത്പര്യം മുന്‍നിര്‍ത്തി തനിക്കും പാര്‍ട്ടിക്കുമേറ്റ അപമാനം ക്ഷമിച്ചെന്നും ഗൗഡ പറഞ്ഞു.

പക്ഷെ ഇത് പഴയ മുറിവുകള്‍ പരിശോധിക്കേണ്ട സമയമല്ല, കോണ്‍ഗ്രസിന്റെയും ഞങ്ങളുടെയും ഭാഗത്ത് നിന്ന് പണ്ട് സംഭവിച്ച തെറ്റുകള്‍ ചികയാന്‍ ഞാനോ എന്റെ മകന്‍ കുമാരസ്വാമിയോ താത്പര്യപ്പെടുന്നില്ല. മതേതരത്വത്തിന് വേണ്ടി നിലകൊണ്ട പഴയ പ്രധാനമന്ത്രിയെന്ന പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ട സമയമാണിത്. ഇത് രാജ്യത്തിന്റെ വിളി കേള്‍ക്കേണ്ട സമയമാണ്. ദേവഗൗഡ പറഞ്ഞു.

 

കൊച്ചി: പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.ലളിതയാണ് ഭാര്യ. ശ്രീദേവി(അമേരിക്ക), വിശ്വനാഥൻ(അയർലണ്ട്)  എന്നിവർ മക്കളാണ്. മരുമകൻ: ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക).

സഹോദരങ്ങൾ: ശ്രീദേവി രാജൻ (നൃത്തക്ഷേത്ര,എറണാകുളം), കലാ വിജയൻ(കേരള കലാലയം, തൃപ്പൂണിത്തുറ), അശോക് കുമാർ, ശ്രീകുമാർ, ശശികുമാർ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം. നാടകാഭിനയത്തിൽ തുടങ്ങി  സീരിയൽ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു.

ടു കൺട്രീസ് , റൺവേ, ബാലേട്ടൻ, കസ്തൂരിമാൻ, പെരുമഴക്കാലം, തുറുപ്പുഗുലാൻ, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു.

RECENT POSTS
Copyright © . All rights reserved