തൊടുപുഴ: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ് ജോസഫ് (78) നിര്യാതനായി. ഇന്ന് രാവിലെ (ഇന്ത്യൻ സമയം) ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് വണ്ണപ്പുറം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഭാര്യ വത്സ പോത്താനിക്കാട് കുറ്റപള്ളിൽ കുടുംബാംഗം.
ഇന്നലെ വൈകീട്ട് ക്രൂ വിൽ താമസിക്കുന്ന മകനായ മനുവിനോടും സ്കൂൾ വിട്ടുവന്ന പേരകുട്ടികളോടും കളിച്ചു ചിരിച്ച സംസാരിച്ചുകൊണ്ടിരിക്കെ ഒരു ശ്വാസം മുട്ടൽ തോന്നുന്നു എന്ന വിവരം പിതാവായ ജോയ് ജോസഫ് പങ്കുവെച്ചിരുന്നു. അങ്ങനെയെങ്ങിൽ ആശുപത്രിയിൽ പോകാൻ മനുവും കുടുംബവും ഫോണിൽ കൂടി നിർബന്ധിക്കുകയായിരുന്നു. എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നും വെറുതെ എന്തിനാണ് പണം പാഴാക്കുന്നതെന്തിനെന്നായിരുന്നു മറുപടി. എന്നിരുന്നാലും നിർബന്ധത്തിന് വഴങ്ങി വണ്ണപ്പുറത്തുനിന്നും തൊടുപുഴ സെന്റ് മേരിസ് ആശുപത്രിയിൽ രാത്രി പതിനൊന്ന് മണിയോടെ എത്തുകയും ചെയ്തു. കോവിഡ് ടെസ്റ്റിന് ശേഷം മാത്രമാണ് അഡ്മിറ്റ് ചെയ്‌തത്. ഇസിജി നോക്കിയപ്പോൾ അസ്വാഭാവികത തോന്നുകയും ഐ സി യൂ വിൽ അഡമിറ്റ് ചെയ്യുകയും ചെയ്‌തു. എന്നാൽ ഇന്ന് രാവിലെ മരണ വാർത്തയാണ് മകനായ മനുവിനെ തേടിയെത്തിയത്. യാതൊരു വിധ ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതിരുന്ന പിതാവിന്റെ ആകസ്മിക വേർപാടിൽ കടുത്ത ദുഃഖത്തിൽ ആയി കുടുംബാംഗങ്ങൾ മുഴുവനും.
നാളെ ഉച്ചയോടെ ഹീത്രുവിൽ നിന്നും ബാംഗ്ലൂർ വഴി നാട്ടിൽ എത്തുന്ന മനുവിനൊപ്പം തന്നെ മറ്റു മക്കളും വിദേശത്തുനിന്ന് എത്തിച്ചേരും.
മക്കൾ: മനു .എൻ . ജോയി (യു .കെ ), മധു .എൻ . ജോയി (ഓസ്ട്രേലിയ ), മിഥുൻ ജോയി (യു . എസ് . എ ) മരുമക്കൾ : ഡൈനി മനു , കാക്കനാട്ട് (കോടിക്കുളം ), ഡോണ മധു, വടക്കേടത്ത് (മൂവാറ്റുപുഴ ), ലിന്റ മിഥുൻ, ഇടവത്രപീടികയിൽ (ചെങ്ങന്നൂർ)
ന്യൂസ് ഡെസ്ക് , മലയാളം യുകെ
മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസ് നിര്യാതനായി. ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.
ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വ ശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.
യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ റേയ്ക്കു വേണ്ടി അസോസിയേഷൻറെ നേതൃത്വത്തിൽ രാവിലെ മുതൽ ജപമാലയും ഉപവാസ പ്രാർത്ഥനയും നടത്തിയെങ്കിലും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് റേ വിടപറഞ്ഞത്.
റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . മൂന്ന് മക്കളാണുള്ളത് . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍. പരേതന്റെ വിയോഗത്തിൽ മലയാളം യു.കെ യുടെ അനുശോചനം അറിയിക്കുന്നു.
സൗദി അറേബ്യയിലെ ജിദ്ദ നാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു ദിനു (36) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മഞ്ജു കണ്ണൂർ സ്വദേശിനിയാണ്. ദിനു തോമസാണ് ഭർത്താവ്, മഞ്ജുവിനും ദിനുവിനും മൂന്ന് മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മഞ്ജു ദിനുവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുകെ: സൗത്താംപ്ടൺ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വർഗീസ്(85) നിര്യാതയായി.
സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മർത്താ മറിയം ഫൊറോനാ പള്ളിയില്‍.
മക്കള്‍: അലക്സ്, ജെയിംസ് (ബാസിൽഡൺ, യുകെ ), റോസമ്മ ബേബി, മോനിച്ചൻ(ഹൂസ്‌റ്റൻ, ടെക്സാസ് യുഎസ് ), മോളിക്കുട്ടി ടോം(സൗദി), ജിജിമോൻ(സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.
ജിജിമോന്റെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. തേര യാര്‍ ഹൂന്‍ മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. യേ റിശ്താ ക്യാ കെഹ്താ ഹായ്, സന്‍കാര്‍ ഉദാന്‍ ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പേര്‍ അശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന റാന്നി സ്വദേശി തിയ്യാടിക്കൽ സാജു നിര്യാതനായി. മോട്ടോർ ന്യൂറോൺ അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വിറ്റ്നി കമ്മ്യൂണിറ്റി ഹോസ്പിറ്റൽ നഴ്സായ മിനിയാണ് ഭാര്യ. സാജു മിനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൾ ബോണ്‍സ്മൗത്തില്‍ നിയമ വിദ്യാര്‍ത്ഥിയും മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ആണ്. സാജു ഓക്സ്ഫോർഡ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സഭാംഗമാണ്.
സാജുവിന്റെ കുടുംബം ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിലാണ് താമസം. യുകെയില്‍ തന്നെ സംസ്‌കാരം നടത്താനാണ് ആലോചിക്കുന്നത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുത്തിരിക്കുകയാണ്. സാജുവിന്റെ സഹോദരിയും കുടുംബവും താമസിക്കുന്നതും ഓക്‌സ്‌ഫോര്‍ഡില്‍ തന്നെയാണ്.
സാജുവിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ സെക്രട്ട്രറി സതീഷ് വെളുത്തേരിലിന്റെ പിതാവ് ചെങ്ങന്നൂർ ആലയിൽ ജോയ് വെളുത്തേരിൽ ( 75 ) നാട്ടിൽ വച്ച് നിര്യാതനായി. വാർദ്ധക്യ സഹജമായ രോഗത്താൽ ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണമടഞ്ഞത്. ഭാര്യ പരേത ശോശാമ്മ . മക്കൾ : സതീഷ് വെളുത്തേരിൽ (യുകെ ) , സന്ധ്യ വെളുത്തേരിൽ (ക്യാനഡ) , സിന്ധു വെളുത്തേരിൽ ( ദുബൈ ). മരുമക്കൾ : മഞ്ജു , ഡേവിസ് , പ്രവീൺ. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി സതീഷ് ഉടൻ നാട്ടിലേയ്ക്ക് പുറപ്പെടുന്നതായിരിക്കും.
സ്റ്റാർ വാർ സീരിസിൽ ഡാർത്ത് വേഡറായി തിളങ്ങിയ ബ്രിട്ടീഷ് നടൻ ഡേവ് പ്രോസ് (85) അന്തരിച്ചു. പ്രോസ് മരിച്ച വിവരം അദ്ദേഹത്തിന്റെ ഏജന്റ് തോമസ് ബോവിംഗ്ടൺ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
എൺപതുകളിൽ റിലീസ് ചെയ്ത ആദ്യ സ്റ്റാർവാർ സീരീസിലാണു പ്രോസ് തിളങ്ങിയത്. യുകെയിൽ ജനിച്ച ഡേവ് പ്രോസ് വെയിറ്റ് ലിഫ്റ്റിംഗിലും ബോഡി ബിൽഡിംഗിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
1962, 63,64 വർഷങ്ങളിൽ ബ്രിട്ടീഷ് വെയ്റ്റ്ലിഫ്റ്റിംഗ് ചാംപ്യനായിരുന്നു ഡേവ്. സൂപ്പർമാൻ സിനിമയിലെ നായകനായിരുന്ന ക്രിസ്റ്റഫർ റീവിന്റെ ഫിസിക്കൽ ട്രെയിനറായും ഡേവ് പ്രവർത്തിച്ചിരുന്നു. ആറ് അടി ആറ് ഇഞ്ച് ഉയരമുണ്ടായിരുന്ന ഡേവ് പ്രോസിന്റെ കഥാപാത്രമായ ഡാർത്ത് വേഡറിന് ശബ്ദം നൽകിയത് നടൻ ജയിംസ് ഏൾ ജോനസ് ആണ്.
നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ജയകുമാര്‍.
നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.
ലോക ഫുട്‌ബോളിന്റെ ഇതിഹാസം കണ്ണടച്ചു. ദ്യേഗോ മാറഡോണയെന്ന മാന്ത്രികൻ ഇനിയില്ല. ഹൃദയാഘാതമാണ് മരണകാരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മാറഡോണയ്‌ക്ക് ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.
1986ൽ അർജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത മാറഡോണ വിശ്വ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായി വിലയിരുത്തപ്പെട്ടു. ലോകമാകെ ആരാധകരെ സൃഷ്‌ടിച്ചു. അനുപമായ കേളീശൈലി കൊണ്ട് ഹൃദയം കീഴടക്കി.
1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജന്റീനയ്‌ക്കായി കളിച്ചു. 1986 ലോകകപ്പിൽ ഒറ്റയ്‌ക്ക് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചു. ഈ ലോകകപ്പോടെയാണ് മാറഡോണ ലോക ഫുട്‌ബോളിൽ സിംഹാസനം ഉറപ്പിച്ചത്.
ക്ലബ്ബ് ഫുട്‌ബോളിൽ ബൊക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപോളി ടീമുകൾക്കായി ബൂട്ടണിഞ്ഞു. ആകെ 588 മത്സരങ്ങളിൽ 312 ഗോൾ.
ക്ലബ്ബിനും ദേശീയ കുപ്പായത്തിലും ഒരുപോലെ മികവുകാട്ടിയ കളിക്കാരനായിരുന്നു മാറഡോണ. അർജന്റീനയ്‌ക്കായി 106 കളിയിൽ 42 ഗോളും നേടി. 2010 ലോകകപ്പിൽ അർജന്റീന ടീമിന്റെ പരിശീലകനുമായിരുന്നു.
ബ്യൂണസ് ഐറിസിലെ സാധാരാണ കുടുംബത്തിൽനിന്നായിരുന്നു മാറഡോണയെന്ന ഇതിഹാസത്തിന്റെ തുടക്കം. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ അത്ഭുത ഗോൾ ചരിത്രത്തിന്റെ ഭാഗമായി. ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി ലക്ഷ്യം കണ്ടപ്പോൾ അത് നൂറ്റാണ്ടിന്റെ ഗോളായി കുറിക്കപ്പെട്ടു.
ഫുട്‌ബോളിനൊപ്പം ജീവിതവും ലഹരിയായിരുന്നു മാറഡോണയ്‌ക്ക്. ഏറെ വിവാദങ്ങളും പിന്തുടർന്നു. പലപ്പോഴും ആശുപത്രിയിലായി. ആരാധകരെ ആശ്വസിപ്പിച്ച് ഓരോ നിമിഷവും മാറഡോണ തിരിച്ചുവന്നു. പക്ഷേ, ഇക്കുറി അതുണ്ടായില്ല. രോഗ മുക്തി നേടുന്നതിനിടെ ലോകത്തെ കണ്ണീരണയിച്ച് ആ നക്ഷത്രം പൊലിഞ്ഞു.