ഈ മാസം ഏഴിന് അന്തരിച്ച കേറ്ററിങ്ങിലെ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിലെ വികാരിയായിരുന്ന ഫാദർ വിൽസൺ കോറ്റത്തിലിന്റെ ബോഡി വ്യഴാഴ്ച പൊതുദർശനത്തിനു വച്ചപ്പോൾ വലിയ ഒരു ജനാവലി യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും അവസാനമായി അച്ഛനെ കാണാനും അന്ത്യപചാരം അർപ്പിക്കാനും കേറ്ററിങ്ങിൽ എത്തിചേർന്നു.
കേട്ടറിങ് സമൂഹത്തിലെ കുടുംബത്തിൽനിന്നും ഒരാൾ നഷ്ട്ടപ്പെട്ട പ്രിതീതിയാണ് അവിടെ കണ്ടത് .
കഴിഞ്ഞ ഇരുപതു വർഷത്തെ യു കെ മലയാളി ചരിത്രത്തിൽ മലയാളികൾക്കു വേണ്ടി സേവനം അനുഷ്ഠിച്ച ഒരു വൈദികന്റെ പ്രഥമ നിര്യണമായിരുന്നു വിൽസൺ അച്ഛന്റേത് .
അനുശോചന സന്ദേശം നൽകിയ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ അച്ഛൻ മരിക്കുകയില്ല മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തെന്നു പറഞ്ഞു , വിശുദ്ധരുടെ ജീവിതം ഉദ്ധരിച്ചു അച്ഛന്റെ 21 വർഷത്തെ സേവനംകൊണ്ടു ദൈവം അയച്ച ദൗത്യം പൂർത്തീകരിച്ചു അച്ഛന്റെ പിതാവിന്റെ അടുത്തേക്ക് തിരിച്ചുപോയി എന്നുകൂടി ബിഷപ്പ് കൂട്ടിച്ചേർത്തു . വിൽസൺ അച്ഛൻ വിനയം കൊണ്ടും സ്‌നേഹംകൊണ്ടും എല്ലാവരെയും കിഴ്പ്പെടുത്തിയ ഒരു വൈദികൻ ആയിരുന്നുവെന്നു ബിഷപ്പ് പറഞ്ഞു .
കേറ്ററിംഗ് സമൂഹത്തിനു വേണ്ടി നന്ദി അർപ്പിച്ചു സംസാരിച്ച ജോർജ് അച്ഛന്റെ അൽമിയ ജീവിതം എല്ലാവർക്കും മാതൃകയായിരുന്നു എന്ന് പറഞ്ഞു . ക്നാനായ സമൂഹത്തെ പ്രതിനിധികരിച്ചു സംസാരിച്ച ബിജി ,അച്ഛൻ ക്നാനായ സമൂഹത്തോട് വലിയ കരുതൽ ഉണ്ടായിരുന്ന വൈദികനായിരുന്നു എന്ന് പറഞ്ഞു .വൈകുന്നേരം 4 ,30 നു ആരംഭിച്ച ചടങ്ങു 7 .30 നാണു അവസാനിച്ചത് അച്ഛന്റെ ഭൗതികശരീരം അച്ചന്മാർ വഹിച്ചുകൊണ്ട് ബലിപീഠത്തിലേക്കും ,ആന വാതിലിലേക്കും ചുംബിച്ചപ്പോൾ എല്ലാവരുടെയും കണ്ണുനിറഞ്ഞു . .അച്ഛന്റെ ശരീരം ഇന്നുരാത്രിയിൽ പള്ളിയിൽ സൂക്ഷിച്ചു നാളെ ഇംഗ്ലീഷ് സമൂഹം കൂടി അന്ത്യപചാരം അർപ്പിച്ച ശേഷം ശനിയാഴ്ച നാട്ടിൽ എത്തിച്ചു തിങ്കളാഴ്ച അച്ഛന്റെ ഇടവകപ്പള്ളിയായ അയർക്കുന്നം ആറുമാനൂർ പള്ളിയിൽ സംസ്കരിക്കും
അച്ഛൻ യു കെ, യിലെ കേറ്ററിങ്ങിൽ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിൽ സീറോ മലബാർ വികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു . കഴിഞ്ഞ ഏഴാം തീയതിയാണ് മരണത്തിനു കീഴടങ്ങിയത് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത് .
രാവിലെ കുർബാനയ്ക്കു എത്താത്തതുകൊണ്ട് കപ്യാർ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ചു കിടക്കുകയായിരുന്നു. കട്ടിലിൽ നിന്നും കാല് പുറത്തുകിടന്നിരുന്നു എന്നാണ് അറിയുന്നത് . പിന്നീട് പാരാമെഡിക്കൽസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു .
പരേതൻ കോട്ടയം അയർക്കുന്നം ആറുമാനൂർ സ്വദേശിയാണ്, ചങ്ങനാശേരി രൂപത അംഗവുമാണ്. അച്ഛൻ വളരെ സമ്പന്നകുടുംബത്തിലെ അംഗമാണെങ്കിലും എളിമയും ലാളിത്യവും കൊണ്ട് എല്ലാവരുടെയും സ്നേഹവും ബഹുമാനവും നേടിയിരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉൾപ്പടെ ഒട്ടേറെ സംഘടനകൾ റീത്തു സമർപ്പിച്ചു ആദരിച്ചു.
എടത്വ: മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപകനും ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി സ്ഥാപക ഡയറക്ടറുമായ മോണ്‍. ജയിംസ് പറപ്പള്ളി (85) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സഹോദരന്‍ പി.സി. തോമസിന്റെ വീട്ടില്‍ ആരംഭിക്കും. രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം ഉത്ഥാന ചാപ്പലില്‍.
1934 ജൂലൈ ഒന്‍പതിന് ജനിച്ച മോണ്‍. ജയിംസ് പറപ്പള്ളി 1959 മാര്‍ച്ച് 13 ന് അഭിവന്ദ്യ കാവുകാട്ട് പിതാവില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു. സ്വന്തം ഇടവകയായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ അസി. വികാരിയായി സേവനം ആരംഭിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായും 13 വര്‍ഷത്തോളം ചങ്ങനാശ്ശേരി എസ്ബി കോളേജ് പ്രഫസറായും അമല ഹോസ്റ്റല്‍ ചാപ്‌ളയിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
25 വര്‍ഷത്തോളം വടക്കേ അമേരിക്കയിലെ ഷിക്കാഗോ രൂപതാ ഫ്‌ളോറിഡ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്, പോംപാനോ ബീച്ച് ചര്‍ച്ച് എന്നീ പള്ളികളില്‍ വികാരിയായും കരുണാപുരം സെന്റ് മേരീസ്, ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍, കായല്‍പുറം സെന്റ് ജോസഫ്, തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാപള്ളി എന്നിവടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2008 മാര്‍ച്ചില്‍ അമേരിക്കയിലെ മയാമി രൂപത അച്ചന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.
തന്റെ ജന്മനാട്ടില്‍ ജനങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടരുതെന്ന ആഗ്രഹത്തോടെ രണ്ടായിരത്തില്‍ അച്ചന്‍ എടത്വായില്‍ മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ട്‌പോകും.
സഹോദരങ്ങള്‍. സിസ്റ്റര്‍ മര്‍സലീന്‍ എസ്എബിഎസ് (ആരാധനാമഠം എടത്വ), പി.സി. തോമസ്, പരേതരായ മേരിക്കുട്ടി തയ്യില്‍ കിഴക്കേതില്‍ (ഫാത്തിമാപുരം) പി.സി. ഫിലിപ്പ് (ഷൊര്‍ണൂര്‍), ത്രേസ്യാമ്മ വലിയകളം (മണലാടി).
ഡബ്ലിൻ: യൂറോപ്പ് മലയാളികളെ മരണം വിടാതെ പിന്തുടരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ യുകെയിൽ ഏഴു പേരാണ് മരിച്ചത്. ഇപ്പോൾ ഇതാ അയർലണ്ടിൽ നിന്നും ഒരു ദുഃഖവാർത്ത. അയർലണ്ടിലെ കില്‍ക്കെനിയിലെ താമസക്കാരിയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ സജീവ പ്രവര്‍ത്തകയുമായ കോട്ടയം മെഡിക്കല്‍ കോളജ് (കുടമാളൂര്‍) സ്വദേശിനി ചിറ്റേട്ട് ജാക്വിലിന്‍ ബിജു (43) നിര്യാതയായി. കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ (കോട്ടയം ബിജു) ഭാര്യയാണ്. രാമപുരം സ്വദേശിനിയായ ജാക്ക്വിലിന്‍ കഴിഞ്ഞ കുറെ വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.
കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചേ നാലരയോടെയായിരുന്നു മരണം സംഭവിച്ചത്. കില്‍ക്കെനി സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു ജാക്വിലിന്‍. ജോയല്‍ (ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥി) നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോവാന്‍ , നോയല്‍ (4 ) ജോസ്ലിന്‍ (2) എന്നിവരാണ് മക്കള്‍.
കില്‍ക്കെനിയിലെ മലയാളി സമൂഹത്തിന്റെ സജീവഭാഗമായിരുന്ന ജാക്വിലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് കില്‍ക്കെനിയിലെയും സമീപ പ്രദേശങ്ങളിൽ ഉള്ള നിരവധിയായ മലയാളി സുഹൃത്തുക്കൾ പുലര്‍ച്ചെ തന്നെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ അയര്‍ലണ്ടിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ജാക്വലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നിരവധി പ്രവര്‍ത്തകരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കില്‍ക്കെനിയില്‍ എത്തിക്കഴിഞ്ഞു.
ജാക്വിലിന്‍ ബിജുവിന്റെ സംസ്‌കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 ന്കില്‍ക്കെനിയിലെ ഡീന്‍ സ്ട്രീറ്റിലുള്ള സെന്റ് കനിസസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ (36,ടാല്‍ബോട്ട് ഗേറ്റ് ) എത്തിയ്ക്കും. നാളെ രാവിലെ 10 മണി വരെ ജാക്വിലിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.
അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.62 വയസ്സായിരുന്നു.ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളിയിൽ. ഭാര്യ സക്കീന. മക്കൾ: നിഷാദ് ആസാദ്, ബിജു ആസാദ്.
പ്രമുഖ സിനിമ നിര്‍മാതാവും സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ രാജു മാത്യുഅന്തരിച്ചു. 82 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പിന് നിലാവ് (1983), അവിടത്തെപോലെ ഇവിടെയും (1985), വൃത്തം (1987), മുക്തി (1988), കുടുംബ പുരാണം (1988), തന്മാത്ര (2005), മണിരത്നം (2014) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ഫഹദ് ഫാസില്‍ നായകനായ ‘അതിരനാണ്’ അവസാനമായി നിര്‍മിച്ച ചിത്രം.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ സമൂല പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 1990 മുതല്‍ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്‍കിയ സംഭാവനയ്ക്ക്, റമോണ്‍ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുണ്ട്.
രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയ്ക്കും കര്‍ശനമായ പരിശോധനയ്ക്കുമുള്ള ശ്രമങ്ങളാണ് ശേഷന്റെ നേതൃത്വത്തില്‍ നടന്നത്. ഏകാംഗ കമ്മീഷന് പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെക്കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിച്ചത് തന്നെ ടി എന്‍ ശേഷനെ നിയന്ത്രിക്കാനാണ് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
1932 ഡിസംബർ 15ന് പാലക്കാട് തിരുനെല്ലായിയിലാണ്, തിരുനെല്ലായ് നാരായണ ശേഷന്‍ എന്ന ടി എന്‍ ശേഷന്റെ ജനനം. പാലക്കാട് ബിഇഎം സ്കൂളിലും വിക്ടോറിയ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം. സിവിൽ സർവീസ് പാസായതിന് ശേഷം യുഎസിലെ ഹാർവാർഡ് യൂണിവേഴ് സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി. 1955ല്‍ തമിഴ്‌നാട് കേഡര്‍ (മദ്രാസ്) ഉദ്യോഗസ്ഥനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു. തമിഴ്‌നാട് സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ടി എൻ ശേഷനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
1990ൽ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശേഷനെ ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഐക്കണ്‍ ആയി മാറ്റിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ, കമ്മീഷൻ്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ടി എന്‍ ശേഷന് കഴിഞ്ഞു. 1997ൽ കെ ആർ നാരായണന് എതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ശേഷൻ്റെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും
.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചു.
.വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി.
.സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പരിധി നിശ്ചയിച്ചു.
.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വയംഭരണാധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.
.വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു.
.ഔദ്യോഗിക സംവിധാനങ്ങൾ തിരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നത് ഒരു പരിധി വരെ തടയാനായി.
.ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു.
.പ്രചാരണത്തിന്റെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ ലൗഡ് സ്പീക്കറുകളും മറ്റും ഉപയോഗിക്കുന്നത് തടഞ്ഞു.
.രാത്രികാല പ്രചാരണം നിർത്തലാക്കി.
.ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിച്ച് തുടങ്ങിയത് ശേഷന്റെ കാലത്താണ്.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ സഹോദരൻ നിര്യാതനായി. മുളംതുരുത്തി അടുത്ത് അരയൻകാവ് സ്വദേശിയും കുരുവിന്നിമ്യാലിൽ കുടുംബാംഗവും ആയ റോയി തോമസ് (48 ) ആണ് ഇന്ന് നാട്ടിൽ മരിച്ചത്. നേഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിയായ ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് റോയിയുടെ കുടുംബം. സ്റ്റോക്ക് ഓൺ ട്രെന്റിൽ കുടുംബസമേതം താമസിക്കുന്ന നിർമ്മല സണ്ണിയുടെ സഹോദരനാണ് മരിച്ച റോയി തോമസ്. നിർമ്മലയുടെ മൂന്ന് സഹോദരൻമ്മാരിൽ ഏറ്റവും മൂത്ത ആളാണ് നിര്യാതനായ റോയി. മരണ വിവരം അറിഞ്ഞ നിർമ്മല നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
തറവാടിനടുത്തു തന്നെ വീട് വച്ച് താമസിക്കുന്ന റോയി, നേഴ്‌സായ ഭാര്യ ഡ്യൂട്ടിയിൽ ആയതിനാൽ ഉച്ച ഭക്ഷണത്തിനായി തറവാട്ടിൽ നിന്നും വിളിക്കാൻ വന്നവരാണ് റോയി അടുക്കളയുടെ തറയിൽ വീണ് കിടക്കുന്നത് കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. കുറെ കാലം എക്സ്റേ ടെക്‌നീഷ്യനായി ഗൾഫിൽ ജോലി നോക്കിയ റോയി അവിടെ നിന്നും തിരിച്ചു വന്ന് കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുബോൾ ആണ് മരണം റോയിയുടെ ജീവൻ അപഹരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കരുതുന്നത്.
നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം അറിയുവാൻ സാധിക്കുകയുള്ളു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന റോയിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെ ഒന്നാകെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ശവസംസ്ക്കാരം തിങ്കളാഴ്ച ( 11/11/19) രാവിലെ പത്തു മണിക്ക് കീച്ചേരി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു.
മാധ്യമപ്രവര്‍ത്തകനും നാടക നടനുമായ ജോസ് തോമസ് (58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കിളിമാനൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്.
ദയ, ഉണ്ണിക്കുട്ടന് ജോലി കിട്ടി തുടങ്ങിയ നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്. സംസ്‌കാരം പിന്നീട്.
ക്യാമറാമാൻ വേണുവിന്റെ പിതാവിന്റെ ശവസംസ്കാരം കഴിഞ്ഞു ഏറ്റുമാനൂരിൽ നിന്ന് വരുന്ന വഴി എംസി റോഡിൽ വച്ചാണ് അപകടമുണ്ടായത്. ജോസ് മുൻ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
സാലിസ്ബറി: യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന മരണത്തിന്റെ വിളയാട്ടത്തിൽ ഇന്ന് വെളുപ്പിന് 3.45 ഓടെ (1 / 11 / 2019 ) നഷ്ടമായത് സാലിസ്ബറിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ നേഴ്‌സിന്റെ ജീവൻ എടുത്തുകൊണ്ടാണ്. സാലിസ്ബറി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്. കോട്ടയത്തിനടുത്തു അറുന്നൂറ്റിമംഗലം ഇടവകാംഗമായ സീന ഷിബു(41) വാണ് യുകെ മലയാളികൾക്ക് തീരാ ദുഃഖം നൽകി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കുറച്ചു കാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍.
സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സീന ഷിബു സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ്. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സീനയുടെ മരണം സാലിസ്ബറി മലയാളി സമൂഹത്തെ സംബന്ധിച്ചു ഒരു തീരാനഷ്ടമാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സീന ഷിബുവിന്റെ നിര്യാണത്തില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അകാലത്തിൽ ഉണ്ടായ സീനയുടെ മരണത്തിൽ മലയാളം യുകെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.