ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായാകും ഏതെങ്കിലും ഒരു ഹർത്താലിനോട് കേരള ജനത ഇത്ര വീറോടെ ചെറുത്തു നിൽക്കുന്നത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ കടകൾ തുറന്നു പ്രവർത്തിക്കാനുളള തീരുമാനമായിരുന്നു അതിൽ ഏറ്റവും പ്രധാനം. അധികൃതരും പൊതുജനങ്ങളും ഹർത്താലിനെതിരെ തെരുവിൽ ഇറങ്ങി. ഹർത്താൽ അനുകൂലികളെ ട്രോളി ട്രോളൻമാരും സമൂഹമാധ്യമങ്ങളും രംഗത്തു വന്നു.
എടപ്പാളില്‍ പടുകൂറ്റന്‍ ബൈക്ക് റാലിയുമായി വന്ന ഹർത്താൽ അനുകൂലികളെ ജനം ഓടിക്കുന്ന കാഴ്ച ധീരമായ ചെറുത്തുനില്പിന്റെ സാക്ഷ്യമായിരുന്നു.
ഹർത്താൽ അനുകൂലികളെ പൊതുജനങ്ങൾ തന്നെ നേരിടുന്ന രസകരമായ കുറെയധികം വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പയ്യന്നൂരിൽ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ ജനങ്ങളുടെ രോഷപ്രകടനം. പടുകൂറ്റൻ റാലിയായി വന്നെങ്കിലും ജനങ്ങള്‍ രംഗത്തിറങ്ങിയതോടെ പിന്തിരിഞ്ഞോടി.എടപ്പാളിൽ ഹർത്താൽ അനുകൂലികളുടെ ബൈക്ക് റാലിക്കെത്തിയവർ നാട്ടുകാരുടെ പ്രകോപനത്തിൽ ജീവനും കൊണ്ട് ഓടി .കുടുംബശ്രീ പ്രവർത്തകരുടെ തൊഴിലുറപ്പ് പദ്ധതി തടസ്സപ്പെടുത്താൻ ചെന്ന ഹർത്താൽ അനുകൂലികളെ സ്ത്രീകളും നേരിട്ടു
കൊല്ലം നെടിയറയില്‍ കട അടയ്ക്കണമെന്ന ഭീഷണിയുമായെത്തിയ ഹർത്താൽ അനുകൂലികളെ പ്രതിരോധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. കട അടപ്പിക്കൽ ഇവിടെ നടക്കില്ല മോൻ ചെല്ല് വീട്ടിൽ പോ എന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ. ചെല്ല് പോവാന്‍ നോക്ക് വീട്ടില്‍ പോ. വീട്ടില്‍ പോയി അടപ്പിക്ക്. ഇവിടെ ആവശ്യമുള്ളവര്‍, താല്പര്യമുള്ളവര് അടയ്ക്കും. അല്ലാത്തവര്‍ അടയ്ക്കില്ലെന്ന് നാട്ടുകാർ.
അതിൽ രസകരമായ നാല് വിഡിയോ കാണാം.
വീട് വെക്കാനും ലോൺ എടുക്കാനും അങ്ങനെ പല സഹായങ്ങളും ആവശ്യം ഉള്ളപ്പോൾ നാം അത് അന്വേഷിച്ചു നാം സാധാരണ പോകുന്നത് വില്ലേജ് ഓഫീസിലോ ബാങ്കിലോ മറ്റും അല്ലെ .പക്ഷെ നിന്നൊരാൾ സഹായം അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ വന്നു . കക്ഷിയെ ആരോ പറ്റിച്ചത് എന്ന് കണ്ടപ്പോൾ മനസിലായി സഹായിക്കാനും തീരുമാനിച്ചു. ബേക്കൽ സ്റ്റേഷനിലെ ഇ പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട് . വിനോദ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് ഇത് . പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കൽ സ്റ്റേഷനിൽ ലഭിച്ചത്.ബേക്കൽ സ്റ്റേഷൻ പരിധിയിലെ ചെർക്കാപാറ എന്ന സ്ഥലത്തുള്ള രമേശൻ എന്നയാൾ നൽകിയ പരാതിയാണ് സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്.വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നൽകേണ്ട ഒരു പരാതിയാണ് സ്റ്റേഷനിൽ നൽകിയത്.ചെറിയ ഒരു വീടു പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ്. സഹായിക്കണം.രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാൻ വേറെ ഇടമില്ല.അതു കൊണ്ടാണ്.പരാതിക്കാരനായി വന്നയാളെ കണ്ടപ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ വളരെ ദയനീയമാണെന്നു മനസ്സിലായി.
ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി.പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവർത്തകരും സ്റ്റേഷൻ പരിധിയിൽ ഐസ് ക്രീം സെയിൽ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേർന്ന് വീട് പണി പൂർത്തിയാക്കാൻ രമേശൻ ആവശ്യപ്പെട്ട തുക നൽകിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്.വളരെ ദയ അർഹിക്കുന്ന ഒരു വ്യക്തിയായതിനാൽ സഹകരിക്കാൻ ആർക്കും മടിയുമില്ലായിരുന്നു.എല്ലാവരുടേയും നല്ല മനസ്സിന് നന്ദി.
കണ്ണൂർ വിമാനത്താവളം ചിറകു വിടർത്തിയപ്പോൾ ട്രോളർമാർക്കും ചാകരയാണ്. കണ്ണൂർ ഭാഷ, ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫ്, കണ്ണൂരിൽ വിമാനം പറന്നുയരുന്നതു കാണുന്ന പ്രവാസി, ആദ്യമായി വിമാനത്താവളം കാണുന്നവർ തുടങ്ങി ട്രോളർമാരുടെ ആയുധം പലതാണ്.
കണ്ണൂർ എത്തീനി, എല്ലാരും ബേം കീ എന്നാണ് ട്രോളിലെ പൈലറ്റ് പറയുന്നത്. വിമാനത്താവളത്തിലെത്തി തലശ്ശേരിക്ക് രണ്ട് ടിക്കറ്റ് എടുക്കുന്ന ഗ്രാമവാസിയെയും ട്രോളിൽ കാണാം. മാപ്പിളപ്പാട്ടു പാടി ആദ്യയാത്ര ആഘോഷമാക്കിയ യാത്രക്കാർക്കുമുണ്ട് ട്രോൾ. ഈ ട്രോൾ വിഡിയോ രൂപത്തിലാണ്, ഒന്നു മിണ്ടാതിരിക്കുവോ എൻറെ കോൺസണ്ട്രേഷൻ പോകുന്നു എന്നാക്രോശിച്ച പൈലറ്റാണ് ഇവിടെ താരം.
കണ്ണൂരിന് ഇത് ചരിത്രത്തിലേക്കുള്ള ടേക്ക് ഒാഫ് ആണ്. കണ്ണൂരിന്റെയും ഒപ്പം കേരളത്തിന്റെയും 12 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ആയിരങ്ങളെത്തിയ ചടങ്ങില്‍ വിവിധ കലാപരിപാടിരളും ഒരുക്കിയിരുന്നു. ഒരുക്കി. പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസ് കിയാല്‍ തയ്യാറാക്കിയിരുന്നു. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ മുതൽ വൈറലായ ഒരു ചിത്രത്തെ അനുകൂലിച്ചും പരിഹസിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. കണ്ണൂരിൽ നിന്ന് വിമാനം പറന്നുയരുന്നത് കാണാൻ മതിലിന് മുകളിൽ ചാടി കയറുന്ന യുവാക്കളുടെ ചിത്രമാണ് വൈറലായത്. ഇൗ ചിത്രത്തെ ആധാരമാക്കി ട്രോളുകളും സജീവമായി. എന്നാൽ ആ കൗതുകത്തിന്റെ സ്പിരിറ്റിനെ പുകഴ്ത്തുകയാണ് ഒരുവിഭാഗം.
‘കുറച്ചാളുകൾ സോഷ്യൽ മീഡിയയിൽ പുച്ഛിക്കുന്നത് കണ്ടിരുന്നു ഈ ചിത്രത്തെ. ആദ്യമായി കണ്ണൂരു പറന്നിറങ്ങിയ വിചിത്രജീവിയെ കാണാനിറങ്ങിയോരാണത്രേ. ഞാനേതായാലും പുച്ഛിക്കാൻ പോകുന്നില്ല. വിമാനവും കടലും തീവണ്ടിയുമെല്ലാം തീർത്താലും കണ്ടാലും തീരാത്ത കൗതുകങ്ങളാണ്. അന്നുതൊട്ടിന്നോളം ആകാശത്തുകൂടി പറന്നുപോകുന്ന വിമാനത്തിന്റെ ശബ്ദം കേട്ടാൽ ഓടിയിറങ്ങി കണ്ണിനു മുകളിൽ കൈ വച്ച് അതു പറന്നുമറയുവോളം നോക്കിനിന്നിട്ടുണ്ട്. നോക്കിനിൽക്കാറുമുണ്ട്. ആർക്കും ഉപദ്രവമില്ലാതെ ആഗ്രഹങ്ങൾ സാധിക്കുന്ന കുറച്ചാളുകളെ പുച്ഛിച്ചിട്ട് എന്തു നേട്ടമാണുള്ളത്? നിങ്ങളു കൺ നിറയെ കാണു ബ്രോസ്’ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ എംഎ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കോട്ടയം – പുളളിക്കാനം കിഴക്കൻ മേഖലയിലെക്കുള്ള ആദ്യ കെഎസ്ആർടിസി. പത്രവണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോട്ടയം – പുളളിക്കാനം ബസ് ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കം ചെന്ന ബസ് സർവ്വീസുകളിൽ ഒന്നാണ്. കല്ലും മണ്ണും നിറഞ്ഞ റോഡുകളുള്ള അക്കാലത്ത് കൃത്യമായി പറഞ്ഞാൽ 1971-ൽ ആണ് കോട്ടയം – വാഗമൺ എന്ന പേരിൽ ബസ് സർവീസിന് തുടക്കമാവുന്നത്.
ബസിന്റെ ചരിത്രത്തിലേക്ക്. അക്കാലത്ത് വാഗമൺ റൂട്ടിലോടിയിരുന്ന ‘PTMS’ എന്ന സ്വകാര്യ ബസ് ബസ് വിദ്യാർത്ഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8-30 നു വാഗമണ്ണിൽ നിന്ന് ഈരാറ്റുപേട്ടയിലെക്കുള്ള ട്രിപ്പ് നിർത്തലാക്കുകയുണ്ടായി. അതു മൂലം വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാ സൗകര്യം ഇല്ലാതായി. ഇതോടെ വെള്ളികുളം സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു പറ്റം ആളുകൾ ഒരു കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തെക്ക് യാത്ര തിരിച്ചു.
അന്നത്തെ പൂഞ്ഞാർ MLA യും സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന K.M.ജോർജ് സാറിനെ കണ്ട് വിവരം ധരിപ്പിക്കുകയും, അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായതു കൊണ്ടുമാണ് കോട്ടയം ഡിപ്പോയിൽ നിന്ന് വാഗമണ്ണിലെക്ക് ബസ് ആരംഭിച്ചത്.(പാലാ, ഈരാറ്റുപേട്ട ഡിപ്പോകൾ അന്ന് നിലവിലില്ല).
പുതുതായി തുടങ്ങിയ കെഎസ്ആർടിസി ബസിന് രാജകീയ സ്വീകരണമാണ് അന്ന് വഴി നീളെ ഒരുക്കിയിരുന്നത്. തോരണങ്ങളും പുഷ്പവൃഷ്ടിയുമായി നാട്ടുകാർ ബസിനെ വരവേറ്റു. പുള്ളിക്കാനം എസ്റേററ്റ് തൊഴിലാളികളുടെ സൗകര്യാർത്ഥം ബസ് പിന്നീട് പുള്ളിക്കാനത്തെക്ക് നീട്ടുകയാണുണ്ടായത്. സർവീസ് നിന്നു പോവാതിരിക്കാനായി യാത്ര ചെയ്യാതെ വഴിവക്കിൽ നിന്നും വരെ ആളുകൾ വെറുതെ ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നു എന്നു പഴമക്കാർ പറയുന്നു.
47 വർഷമായി ഓടുന്ന ഈ ബസ് സർവീസ് അന്നും ഇന്നും ‘പത്രവണ്ടി’ എന്നാണ് അറിയപ്പെടുന്നത്. കോട്ടയത്തുനിന്ന് രാവിലെ ബസ് എടുത്താൽ നിറയെ പത്രക്കെട്ടുകളാണ്. ഏറ്റുമാനൂർ തൊട്ട് പുളളിക്കാനം വരെയുള്ള സ്ഥലങ്ങളിലെക്കുള്ള പത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം. തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകൾ (Mail) കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെക്ക് എത്തിക്കുന്നതും പുളളിക്കാനം ബസ് തന്നെ. പിന്നീട് പാലാ ഡിപ്പോയും ഇപ്പോൾ ഈരാറ്റുപേട്ട ഡിപ്പോയുമാണ് ഏറ്റവും പഴക്കം ചെന്ന ഈ ബസ് ഓപ്പറേറ്റ് ചെയ്യുന്നത്.
അക്കാലത്ത് ഈ ബസിലെ ജീവനക്കാർ യാത്രക്കാർക്ക് കുടുംബാംഗങ്ങളെ പോലായിരുന്നു. കുശലം പറഞ്ഞ്, സൗഹൃദം പുതുക്കിയുള്ള ആ യാത്രകൾ ഒരു അനുഭവം തന്നെ ആയിരുന്നു എന്നും പറയപ്പെടുന്നു. കിഴക്കൻ മേഖലകളിലെ യാത്രക്കാരുടെ ഏറ്റവും പഴക്കം ചെന്ന ബസ് സർവീസ് അങ്ങനെ 47 വർഷം പൂർത്തിയാക്കുകയാണ്.
കടപ്പാട് – റാഷി നൂറുദ്ദീൻ.
യു ട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കി ഏഴ് വയസുകാരന് . കുട്ടികളുടെ കളിപ്പാട്ടങ്ങളുെട വിശകലനം നടത്തുന്ന അമേരിക്കന്‍ ബാലന്റെ പ്രതിവര്‍ഷവരുമാനം 220 ലക്ഷം ഡോളറാണ്. അതായത് 155 കോടി രൂപയിലേറെ.
റയന്‍ ടോയ്സ് റിവ്യൂ എന്ന സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി കളിപ്പാട്ടങ്ങള്‍ വിശകലനം ചെയ്താണ് റയന്‍ തുക സ്വന്തമാക്കിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാണ് റയാനെ യു ട്യൂബ് വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 2015ലാണ് റയന്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതിനകം 170ലക്ഷം ഫോളോവേഴ്സും 26 ബില്യന്‍ വ്യൂസും ചാനലിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ വരുമാനത്തിന്റെ 15 ശതമാനം കൊക്കൂണ്‍ അക്കൗണ്ടില്‍ ഭദ്രമായിരിക്കും. ബാക്കി തുകയില്‍ നല്ലൊരു പങ്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാനും വീഡിയോയുടെ നിര്‍മാണചെലവിലേക്കുമാണ് പോകുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്തപ്പോള്‍ മറ്റ് ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ് റയന്‍. സ്വന്തം വീഡിയോകള്‍ ചെറിയ മാറ്റങ്ങളോടെ ആമസോണ്‍ , ഹുലു എന്നിവ വഴി വിതരണം ചെയ്യാന്‍ കരാറായി കഴിഞ്ഞു. വാള്‍മാര്‍ട്ടില്‍ മാത്രം വില്പന ചെയ്യാനായി റയന്‍സ് വേള്‍സ് എന്ന പേരില്‍ ടോയ്സിന്റെയും വസ്ത്രങ്ങളുെട കലക്ഷനും തുടങ്ങിയിട്ടുണ്ട്. പുതിയ കരാറുകളൊന്നും ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്ന് ചുരുക്കം.
തിരൂര്‍: സോഷ്യല്‍ മീഡിയയിലെ ഏറെ വിമര്‍ശത്തിനിടയാക്കിയ ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ചിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്ഹാന്, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൂങ്ങോട്ട് കുളത്തെ ഒരു കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ചലഞ്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ചയാണ് കോളജിലെ വിദ്യാര്‍ഥികള്‍ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ പാട്ടിന് ചുവട് വെച്ചത്. എന്നാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
എന്നാല്‍ പിന്നീട് നാട്ടുകാര്‍ തന്നെ പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി വീണ്ടുമെത്തി ഇവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ്, കമ്പി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
റോഡില്‍ വാഹനങ്ങള്‍ക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് അതിന്റെ ദൃശ്യം ‘ടിക് ടോക്’ എന്ന ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഒറ്റക്കും സംഘമായും ഒട്ടേറെ പേര് ഇങ്ങനെ വിഡിയോ എടുത്തിടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശനങ്ങളാണ് ചലഞ്ചിനെതിരെ ഉയരുന്നത്.
2014 ല്‍ മ്യൂസിക്കലി എന്ന പേരില്‍ തുടങ്ങിയ ആപ്പ് ആണ് ഇപ്പോള്‍ ടിക് ടോക് എന്ന് അറിയപ്പെടുന്നത്. 15 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ലഘു വിഡിയോകള്‍ രസകരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, തമാശയുടെ പരിധിവിട്ട് സാഹസികതയിലേക്ക് ചിലര്‍ നീങ്ങുന്നതാണ് അപകടകരമാകുന്നത്.
എവിടെയെങ്കിലും വിഡിയോ ചിത്രീകരണത്തിന് വഴിതടയുന്ന സംഭവങ്ങളുണ്ടായതായി പരാതി കിട്ടുകയോ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.
അന്‍ഡമാൻ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപായ സെന്റിനലും അവിടുത്തെ ഗോത്രവർഗ്ഗക്കാരും വാർത്തകളിലിടം നേടിയിട്ട് കുറച്ചായി. അമേരിക്കൻ പൗരൻ അലൻ ചൗവിന്റെ കൊലപാതകത്തോടെയാണ് സെന്റിനൽ ദ്വീപ് വാർത്തകളിൽ നിറഞ്ഞത്. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീർത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണ് സെന്റിനെൽസ്.
ദ്വീപിലെത്തുന്നവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് പതിവ്. പണ്ടുകാലത്ത്, കൃത്യമായി പറഞ്ഞാൽ 1991ൽ മധുമാല ചത്രോപാധ്യായ എന്ന യുവതിയുടെ ദ്വീപിലെ ഇടപെടൽ ശ്രദ്ധേയമാണ്. ഇന്ത്യൻ ഉപദ്വീപിൽ നിന്നും 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തുവെച്ച് സെന്റിനൽ ഗോത്രവംശത്തിലെ ഒരു മനുഷ്യന് മധുമാല തേങ്ങ കൈമാറുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സെന്റിനൽസുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടൽ ആയിരുന്നു അതെന്ന് ചരിത്രരേഖകൾ പറയുന്നു.
സെന്റിനൽസുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ.ഇന്ന് കേന്ദ്രസർക്കാർ ജീവനക്കാരിയായി ഡൽഹിയിലുണ്ട് മധുമാല.
ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ ആദ്യം റിസർച്ച് ഫെല്ലോ ആയും പിന്നീട് റിസർച്ച് അസോസിയേറ്റ് ആയും മധുമാല പ്രവർത്തിച്ചു. പിന്നീട് ആറുവർഷം അൻഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം. അതിനിടെ അൻഡമാനിലെ തന്നെ ജരാവ ഗോത്രവര്‍ഗവുമായി സൗഹൃത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്സ് ഓഫ് കാർ നിക്കോബാർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നു.
അൻഡമാനിലെ ഒരു മനുഷ്യൻ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന നിവാസികൾ അമ്പും വില്ലുമായി മുന്നോട്ടുവെന്നു.
ഉടൻ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകൾ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകൾ പെറുക്കെയെടുക്കാൻ തുടങ്ങി. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയിൽത്തന്നെ നിൽക്കുകയായിരുന്നു.
കൂടുതൽ തേങ്ങകൾ കൊണ്ടുവരാൻ സംഘം കപ്പലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികൾ സ്വീകരിച്ചെന്ന് മധുമാല പറയുന്നു. ഇനിയും തേങ്ങൾ വേണമെന്നാണ് അവർ വിളിച്ചുപറഞ്ഞതെന്ന് മധുമാല പുസ്തകത്തിൽ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികൾ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാൾ ബോട്ടിൽ തൊട്ടുനോക്കി. പിന്നാലെ കൂടുതൽ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലർ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലെ സ്ത്രീകൾ തടഞ്ഞു.
ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാൻ തീരുമാനിച്ചത്. പിന്നീട് തേങ്ങകൾ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്ക് തന്നെ നൽകി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികൾക്ക് ധൈര്യം നൽകിയത്.
അതിന് ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദർശിക്കാനെത്തി. അവർ അമ്പെയ്തില്ല, തേങ്ങകൾ സ്വീകരിക്കാൻ ബോട്ടിനുള്ളിൽ വരെയെത്തി.
അതിനിടെ ദ്വീപിൽ പുറത്തുനിന്നുള്ളവർ സന്ദർശിക്കുന്നതിന് ഇന്ത്യൻ സർക്കാർ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാൽ ഒരു ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു തീരുമാനം.
മകന്റെ തീരാവേദനയ്ക്ക് ആശ്വാസം തേടി നടി സേതുലക്ഷ്മി. ഫെയ്സ്ബുക്ക് ലൈവിലാണ് മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി അവരെത്തിയത്. പത്ത് വർഷമായി മകൻ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടൻ മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്.
‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങൾ വിചാരിച്ചാലേ ഇൗ സങ്കടത്തിന് പരിഹാമാകൂ. ഞാൻ കൂട്ടിയാൽ കൂടുന്നതല്ല ഇൗ തുക.
ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ യാചനയുമായി എത്തിയത്. ഒരു ഒാൺലൈൻ മാധ്യമത്തിന്റെ ഫെയ്സ്ബുക്കിൽ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി കാര്യങ്ങൾ വ്യക്തമാക്കിയത്. മഞ്ജുവാര്യർ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഒാൾഡ് ആർയുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു.
ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒാപ്പറേഷനു വേണ്ട തുക കണ്ടെത്താൻ തനിക്കാവില്ലെന്നാണ് അവർ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവർ കരഞ്ഞു പറയുന്നു. വിഡിയോ കാണാം.
ഫോൺ നമ്പർ 9567621177
കല്ല്യാണവേഷത്തിൽ വരനെ എന്തിനാണ് ഇത്ര ക്രൂരമായി മർദിക്കുന്നതെന്ന് ആർക്കും തോന്നാം. എന്നാൽ കിട്ടിയത് ഒട്ടും കുറഞ്ഞുപോയില്ലെന്നാണ് കാര്യമറിഞ്ഞപ്പോൾ സോഷ്യൽ ലോകത്തെ പ്രതികരണം.
മുൻപ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ കല്ല്യാണത്തിന് തയാറായത്. കല്ല്യാണ ദിവസം മണ്ഡപത്തിലേക്ക് ആദ്യ ഭാര്യയും ബന്ധുക്കളും എത്തിയതോടെയാണ് വരന്റെ കള്ളത്തരം പുറത്തായത്. വരന് നേരത്തെ ഒരു വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ ഇയാളെ ശരിക്കും തല്ലിച്ചതച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളും മണ്ഡപത്തിലെത്തിയത്. എന്നാൽ ഇത് ആദ്യം വരൻ നിഷേധിച്ചു. നവവധുവിന്റെ ബന്ധുക്കളും വരനൊപ്പം ഉറച്ചുനിന്നു. എന്നാല്‍ 2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നതിന്റെയും വിവാഹം കഴിച്ചതിന്റെയും തെളിവുകളും യുവതി നിരത്തിയതോടെ വരന്റെ കള്ളത്തരം വെളിച്ചത്തായി. ഇക്കാര്യം വരന്റെ വീട്ടുകാർക്കും അറിയില്ലായിരുന്നു.
ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒടുവിൽ പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. വധുവിന്റെ കുടുംബം 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പോലീസ് സ്റ്റേഷനില്‍ വച്ചുതന്നെ വരന്റെ കുടുംബം കൈമാറി. ബാക്കി തുക ഉടൻ തന്നെ നൽകാമെന്ന ഉറപ്പും നൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ ചത്തൊടുങ്ങുന്നു. സ്റ്റുവര്‍ട്ട് ദ്വീപിന്റെ സമുദ്രതീരത്ത് 145 തിമിംഗലങ്ങളാണ് കൂട്ടത്തോടെ അടിഞ്ഞത്. ഇവയില്‍ പകുതിയിലധികം തിമിംഗലങ്ങള്‍ക്കും ജീവനുണ്ടായിരുന്നു. അതിനാല്‍ കടലിലേക്ക് തന്നെ തിരിച്ചിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവ ചാകുകയായിരുന്നു.
ദ്വീപിന്റെ തീരത്ത് തിമിംഗലങ്ങള്‍ അടിഞ്ഞ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
രോഗബാധ, സഞ്ചരിക്കുന്ന ദിശ മാറിപ്പോകുക, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനുളള പലായനം എന്നിവയെല്ലാം തിമിംഗലങ്ങള്‍ കരയിലെത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറെ ദുഖകരമായ സംഭവമാണിതെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന് ലെപ്പന്‍സ് പറഞ്ഞു. ശരീരത്തിന്റെ പകുതിയിലധികവും മണലിലുറച്ച നിലയിലായിരുന്നു. ഒരു ദിവസത്തിലധികം ആ നിലയില്‍ കുടുങ്ങിക്കിടന്നു. മരണാസന്നരായ തിമിംഗലങ്ങളെ വെടിവച്ചു കൊല്ലേണ്ടി വന്നുവെന്നും ലെപ്പന്‍സ് പറഞ്ഞു.
ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു- ലെപ്പന്‍സ് പറഞ്ഞു.
വര്‍ഷത്തില്‍ 80തിലധികം തിമിംഗലങ്ങള്‍ ചാകാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയധികം ചാകുന്നത് ആദ്യമായാണ്.