സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)
മിന്നാമിനുങ്ങ് ഒരു അവാര്‍ഡിന്റെ പരിവേഷം ഉള്ളതുകൊണ്ടാവാം തീയേറ്ററുകളിലും ആ ഒരു മിന്നലാട്ടം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അധികം ആരവവും ബഹളവും ഇല്ലാതെ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ എനിക്ക് പറ്റി. ഇതൊരു സ്ത്രീപക്ഷ സിനിമയെന്ന് തന്നെ വിശേഷിപ്പിക്കാന്‍ എനിക്കാവില്ല. അതാണ് സത്യവും എന്നാണ് എനിക്ക് തോന്നുന്നത്. അറുപതുകളിലും എഴുപതുകളിലും കുടുംബപ്രേക്ഷകരെ കുടുംബസമേതം തന്നെ സിനിമ കോട്ടയിലേയ്ക്ക് ആകര്‍ഷിച്ച ഒരു വിഷയം ഇന്നത്തെ കാലഘട്ടത്തില്‍ ഒരു തരിപോലും ബോറടിപ്പിക്കാതെ സബ്ജക്ടിന്റെ സൂക്ഷ്മമായ കാതല്‍ ഒട്ടും ചോരാതെ ഇന്നിന്റെ എല്ലാ രൂപഭാവ താളലയത്തോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സുരഭിലക്ഷ്മി എന്ന നടിയുടെ അനിതരസാധാരാണമായ അഭിനയവും കൂടിയായപ്പോള്‍ ആ അഭിനന്ദനം പ്രേക്ഷകരുടെ മനസിനെ ഒരു മഴവില്‍ കാഴ്ചയുടെ ഏഴുനിറങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി എന്ന് പറയാതിരിക്കാനാവില്ല.
സിനിമ പ്രധാനമായും ഒരു ദൃശ്യകലയാണ്. ദൃശ്യങ്ങളുടെ വശ്യസൗന്ദര്യവും അര്‍ത്ഥസമ്പുഷ്ടിയുമാണ് ഈ കലയെ മുന്നോട്ട് നയിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. അതിനുള്ള ഒരു സപ്പോര്‍ട്ട് മാത്രമേ സംഭാഷണങ്ങള്‍ക്ക് ആകാവൂ. ഈ സംഭാഷണങ്ങള്‍ ഉരുവിടേണ്ടത് നമ്മുടെ അധരങ്ങളും നാവും ഉപയോഗിച്ചല്ല. മറിച്ച്, കഥാപാത്രത്തിന്റെ ആത്മാവിന്റെ ആ അന്തര്‍ധാരയില്‍ നിന്നുമാണ്. സിനിമയുടെ ഈ ബാലപാഠം അതിസമര്‍ത്ഥമായി പ്രയോഗിച്ചിരിക്കുന്നു ഇതിന്റെ തിരക്കഥാകൃത്ത് ശ്രീ. മനോജ് രാംസിങ്. അഭിനന്ദനങ്ങള്‍….മിസ്റ്റര്‍ മനോജ്… പ്രസിദ്ധ സംവിധായകനായ ശ്രീ ഹിച്ച് ഹോക്കിന്റെ വാക്കുകള്‍ ഇവിടെ ഒന്ന് കടമെടുക്കുകയാണ്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും മികച്ച സ്‌ക്രീന്‍ ആക്ടര്‍. സിനിമയില്‍ പ്രതിഭാശാലിയായ ഒരു നടന്റെ അല്ലെങ്കില്‍ നടിയുടെ ആവശ്യമില്ല. സംവിധായകനും ക്യാമറയും ആവശ്യപ്പെടുന്നത് അനുസരിച്ച് അയാള്‍ പെരുമാറിയാല്‍ മാത്രം മതി. ഇതാണ് ഹിച്ച് ഹോക്കിന്റെ വാക്കുകള്‍. അതായത്, സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രമായി മാറുക, പെരുമാറുക അല്ലെങ്കില്‍ ഒരു പകര്‍ന്നാട്ടം നടത്തുക എന്ന കര്‍ത്തവ്യമാണുള്ളത്.
ഈ കര്‍ത്തവ്യം ഈ സിനിമയിലെ മുഖ്യകഥാപാത്രം മുതല്‍ അപ്രധാനം എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ വരെ ഏറ്റവും ഭംഗിയായി നിറവേറ്റിയിരിക്കുന്നു എന്നുതന്നെയാണ് ഇതിന്റെ ഏറ്റവും നല്ല ഒരു പ്രത്യേകത. തീര്‍ച്ചയായും അതിന് നേതൃത്വം നല്‍കുന്നതാകട്ടെ സുരഭിലക്ഷ്മി എന്ന മഹാനടി തന്നെയാണ്. ഒരേ നിമിഷം എത്രയെത്ര ഭാവങ്ങളാണ് ആ അമ്മയുടെ മുഖത്ത് മാറി മാറി മറിഞ്ഞ് മിന്നലാട്ടം നടത്തുന്നത്. എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് അവരുടെ ഓരോ സംഭാഷണ രീതിയും അതനുസരിച്ചുള്ള അവരുടെ ബോഡി ലാംഗേജും. അതിഗംഭീരം, അപാരം, അല്ലെങ്കില്‍ അവിസ്മരണീയം എന്നൊക്കെ പറയുന്നത് ഒരു പോരായ്മ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ ഒരു സാഹസത്തിന് ഞാനിവിടെ മുതിരുന്നില്ല. അതുപോലെ തന്നെയാണ് ശ്രീ.പ്രേം പ്രകാശ്. അനായാസമായ ഒരു പരകായപ്രവേശം കൊണ്ട് എഴുത്തുകാരന്റെ രൂപവും ഭാവവും താളവുമൊക്കെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അദേഹത്തിന് കഴിഞ്ഞു. കൂടാതെ, സഹായിയായി വരുന്ന കൃഷ്ണന്‍ ബാലകൃഷ്ണനും അച്ഛനായി വരുന്ന ബാല നാരായണനും അറുപതുകളിലും എഴുപതുകളിലുമൊക്കെ നമ്മുടെ ചുറ്റുപാടുകളില്‍ നമുക്ക് സുപരിചിതരായിരുന്ന ഈ മുഖങ്ങള്‍ ഇപ്പോഴും ഒരു ഗൃഹാദുരത്വത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ച നമുക്ക് സമ്മാനിക്കും.തീര്‍ച്ച….
മകളായി വരുന്ന റെബേക്കാ സന്തോഷും കൂട്ടുകാരും പിന്നെ അമ്മയുടെ സഹായത്തിനെത്തുന്ന ആ കുട്ടിയും എന്തിന് പറയുന്നു ഗൗരവക്കാരനായ ആ ഓഫീസര്‍ പോലും നമ്മുടെയൊക്കെ മനസില്‍ മായാതെ മങ്ങാതെ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം നമ്മില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് ഊഹിക്കാമല്ലോ. ഒരു സിനിമ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നമുക്ക് അനുഭവഭേദ്യമാകുന്നത് അതിന്റെ പശ്ചാത്തല സംഗീതത്തിലും എഡിറ്റിംഗിലും കൂടിയാണ്. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരണമായ പാശ്ചാത്തല സംഗീതവും, ഒഴുക്ക് നഷ്ടപ്പെടാത്ത എഡിറ്റിഗും ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്. അഭിനന്ദനങ്ങള്‍… അതുപോലെ തന്നെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രാലങ്കാരവും മേയ്ക്കപ്പും നൂറില്‍ നൂറ് മാര്‍ക്ക് ഞാനിവിടെ നല്‍കുന്നു.
കലാസംവിധാനവും മികച്ചത് തന്നെ എന്ന് പറയട്ടെ. എനിക്ക് അനുഭവപ്പെട്ട ഒന്ന് രണ്ട് ചെറിയ ന്യൂനതകളും ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ സുരഭി പശുവിനെ കറക്കുന്ന ആ സീന്‍, മറിയക്കുട്ടി എന്നാണെന്ന് തോന്നുന്നു ആ പശുവിന്റെ വിളിപ്പേര്. പശുവുമായി ആ അമ്മയ്ക്ക് നല്ല അടുപ്പമാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്ന് നമുക്ക് വളരെ വ്യക്തമാണ്. പക്ഷേ, പാല്‍ കറക്കുന്ന ആ ഷോട്ടില്‍ അവര്‍ ഇരിക്കുന്നത് പശുവില്‍ നിന്ന് സ്വല്പം അകലം പാലിച്ചു തന്നെയാണ്. എന്തോ ഒരു പേടിപോലെ. ഒരു അപാകത എനിക്കിവിടെ ഫീല്‍
ചെയ്യുന്നു. അതുപോലെ അച്ഛന്‍ കോഴികളെ തുറന്ന് വിടുന്ന ആ രംഗം. കോഴികളുമായും അയാള്‍ക്ക് നല്ല പരിചയമാണ്. എന്നിട്ടും രാവിലെ കൂട് തുറന്ന് ഓരോ കോഴികളെയും അയാള്‍ സ്വയം പുറത്തേയ്ക്ക് എടുക്കുകയാണ്. സംവിധായകന്റെ ഒരു ചെറിയ സൂക്ഷ്മത കുറവ് ഇവിടെ എനിക്ക് അനുഭവപ്പെടുന്നു എന്ന് പറയാതിരിക്കാനാവില്ല.
ഇനി ഇതിന്റെ സിനിമാട്ടോഗ്രാഫി. സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രാഫി. അത് അങ്ങനെതന്നെ ആവുകയും വേണം. പക്ഷേ, സിനിമാട്ടോഗ്രാഫിയ്ക്ക് മറ്റൊരു തലമുണ്ട്. അല്പം അലങ്കാരപ്പണികള്‍ കൂടി അല്ലെങ്കില്‍ ചിത്രപ്പണികള്‍ കൂടി ചേര്‍ത്തുവെച്ചാലെ അത് ഒരു മഴവില്‍ കാഴ്ചയായി പ്രേക്ഷകമനസ്സില്‍ അനുഭവപ്പെടു. അതിന് ഛായാഗ്രാകന്‍ വെറും ഫോട്ടോഗ്രാഫറായാല്‍ മാത്രം പോരാ അല്പം കലാബോധവും കൂടി വേണം. ഈ സിനിമയില്‍ പ്രേക്ഷക മനസിന്റെ നെഞ്ചോരം ചേര്‍ത്ത് വെയ്ക്കാന്‍ പറ്റിയ ഫ്രേയിമുകള്‍ ദുര്‍ല്ലഭമാണ് എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് എന്റെ ഒരു വെറും തോന്നലാവട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. ഇതിന്റെ ഡി.ഒ.പി അതില്‍ അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ചുരുക്കത്തില്‍ വളരെ കുറച്ച് കൊച്ച് കൊച്ച് പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി നട്ടെല്ലുള്ള തിരക്കഥയും സംഭാഷണങ്ങളും അംഗചലനങ്ങളും ഭാവചലനങ്ങളും ഒക്കെ അതിസൂക്ഷ്മവും അതിമനോഹരവുമാക്കി കോര്‍ത്തിണക്കി ആ പോരായ്മകളെയൊക്കെ നിഷ് പ്രഭമാക്കിയിരിക്കുന്നു ഇവിടെ ശ്രീ അനില്‍ തോമസും കൂട്ടരും. ഒപ്പം സുരഭിലക്ഷ്മി എന്ന മഹാപ്രതിഭയും കൂടി ചേര്‍ന്നപ്പോള്‍ ആ കെമിസ്ട്രി പൂര്‍ണ്ണമായി. ഒരിക്കല്‍ കൂടി അനിലിനും കൂട്ടര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ധൈര്യമായി മുന്നോട്ട് പോവുക. മനം നിറഞ്ഞ സന്തോഷത്തോടെ 10 – ല്‍ – 7 മാര്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്നു… നന്ദി … നമസ്‌ക്കാരം.
സുധീര്‍ മുഖശ്രി 14 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 1989 – നാട്ടില്‍ തിരിച്ചെത്തി. 90 – കളില്‍ ടെലിഫിലിം, സീരിയല്‍ നിര്‍മ്മാണം, സംവിധാനം ഇതൊക്കെയായി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം. തുടര്‍ന്ന് ബിഗ് സ്‌ക്രീനിലേയ്ക്ക്… ആദ്യം ഫൈനാന്‍സര്‍…പിന്നീട് അസി.ഡയറക്ടര്‍, തുടര്‍ന്ന് നിര്‍മ്മാതാവായും ഒരുപിടി സിനിമകള്‍. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായിരുന്നു. മാക്ട മെമ്പര്‍ കൂടിയാണ്. സംഗീതത്തിനും നൃത്തത്തിനും ഒരു വ്യത്യസ്ത പുനരാവിഷ്‌ക്കരണം നല്‍കിക്കൊണ്ടുള്ള ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ശ്രീ സുധീര്‍ മുഖശ്രീ. താമസം എറണാകുളം ജില്ലയില്‍ പാലാരിവട്ടം എന്ന സ്ഥലത്ത് )
കാരൂര്‍ സോമന്‍
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ചൈനീസ് എഴുത്തുകാരനാണ് ഗാവോ സിങ്ജിയാന്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്ങ്‌സി പ്രവിശ്യയില്‍ 1940 ജനുവരി 4ന് ജനിച്ചു.ജനകീയ റിപ്പബ്ലിക്കായ ചൈനയിലെ വിദ്യാഭ്യാസത്തിനുശേഷം ബീജിങ്ങില്‍നിന്ന് ഫ്രഞ്ചില്‍ ബിരുദം നേടി. 1987ല്‍ ചൈനവിട്ട് ഫെലോഷിപ്പിനായി ജര്‍മ്മനിയിലെത്തുകയും തുടര്‍ന്ന് 1989ല്‍ ഫ്രാന്‍സിലെത്തി ഫ്രഞ്ച് പൗരത്വം സ്വീകരിക്കുകയും ചെയ്തു. 1990ല്‍ ആത്മശൈലം പ്രസിദ്ധീകരിച്ചു. ചിത്രകാരന്‍, നിരൂപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ഹിമശൃംഗങ്ങളിലൂടെയുള്ള അലഞ്ഞു നടപ്പ് ആത്മാന്വേഷണത്തിന്റെ അലച്ചിലാക്കുമ്പോഴും അത് ആദ്ധ്യാത്മീകതയുടെ ഒരു അന്വേഷണമായി മാറാത്ത ദര്‍ശനമാണ് നോബേല്‍ സമ്മാനത്തിന് അര്‍ഹമായമായ ആത്മശൈലം എന്ന നോവലില്‍ ഗാവോ സിങ്ങ്ജിയാന്‍ സ്വീകരിക്കുന്നത്. ധ്യാനഭരതമായൊരു ഭാഷയില്‍ മനുഷ്യസത്തയെയും പ്രകൃതിസത്തയെയും ഏകാത്മകതയില്‍ വിലയിപ്പിക്കുന്ന മഹത്തായ കലാസൃഷ്ടി. ‘വണ്‍മാന്‍സ് ബൈബിള്‍’ ആണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റൊരു നോവല്‍.
ചൈനീസ് എഴുത്തുകാരനായ ഗോവോ സിങ്ജ്യാന്‍ 1940 ജനുവരി 4ന് ഭൂജാതനായി. നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ചൈനീസ് പ്രവിശ്യകളിലൊന്നായ സിംങ്ജ്യാഗിലാണ് അദ്ദേഹം ജനിച്ചത്. 80കളില്‍ത്തന്നെ എഴുത്തുകാരന്‍ ബുദ്ധിജീവി എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും നാടകങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം യൂറോപ്പിലെങ്ങും അംഗീകരിക്കപ്പെട്ടിരുന്നു. പക്ഷെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെആശയങ്ങളോടും പ്രചാരണങ്ങളോടും തീരെ പൊരുത്തമില്ലാത്തവയായിരുന്നു സിങ്ജ്യാന്റെ ചിന്താപദ്ധതി. സാംസ്‌കാരിക വിപ്ലവം എന്ന നുകത്തിന്റെ അടിമളാകാന്‍ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ ചൈനീസ് ജനത. എന്നിരിക്കിലും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. നോവലുകള്‍ നാടകങ്ങള്‍, നിരൂപണം ഒപ്പം യാത്രയും. യാത്ര തന്നെയാണ് ജീവിതം എന്നുവരെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
1980കളില്‍ സിങ്ജ്യാന്റേതായി നിരവധി ചെറുകഥകള്‍, നാടകങ്ങള്‍, സമകാലിക ഉപന്യാസങ്ങള്‍ എല്ലാം പ്രസദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഫ്രാന്‍സിലും ഇറ്റലിയിലും, ചൈനയിലല്ല. എ പ്രൈമറി ഡിസ്‌കഷന്‍ ഓഫ് ദി ആര്‍ട്ട് ഓഫ് മോഡേണ്‍ ഫിക്ഷന്‍ (1981) ലഘുലേഖകളായ ചുവന്ന കൊക്കുള്ള ഒരു തത്തമ്മ, സിങ്ജ്യാന്റെ സമാഹൃതീത ലേഖനങ്ങള്‍ (1985) അത്യാന്താധുനിക നാടക സമ്പ്രദായത്തിലേക്കൊരു പ്രവേശിക (1987) ഇവയൊക്കെ ചുരുങ്ങിയ കോപ്പികളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്നു. 1952ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒബ്‌സല്യൂട്ട് സിഗ്നല്‍,1985 ലെ ബസ്‌സ്റ്റോപ്പ് വൈല്‍ഡ് മാന്‍, ഇത്യാദി രചനകള്‍ വിസ്മൃതങ്ങളാണ്. 1987ല്‍ സിങ്ജ്യാനു ബോധ്യപ്പെട്ടു. ചൈന ശരിയല്ലെന്ന്! ചൈന വിട്ടുപോകാരിക്കാന്‍ വേറെ കാരണങ്ങളൊന്നും വേണ്ടിവന്നില്ല. എങ്കിലും എഴുതിക്കൊണ്ടേയിരുന്നു. മൂന്നോ നാലോ നോവലുകളില്‍ അവസാനത്തേതായിരുന്നു ആത്മപര്‍വ്വതം (Soul Mountain). സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ത്തും അപ്രാപ്യമോ അപരിചിതമോ ആണ് ആത്മപര്‍വതം. എന്തെന്നാല്‍ ഇതൊരു ആത്മകഥയാണ്. ഒരു വ്യക്തിയുടെകഥയാണ്. ഒരു ജനതയുടെയും ആ അര്‍ത്ഥം സാധൂകരിക്കുന്നതിന്റേയും കഥയാണ്. എല്ലാംകൊണ്ടും ആത്മീയമാണത്. അതായത് എന്റെ കഥ. ആത്മാവ് എന്ന പദത്തിന് ഞാന്‍ എന്ന അര്‍ത്ഥമേയുള്ളൂ എന്ന് ഓര്‍ക്കുമല്ലോ. ആത്മാവ് ഉണ്ടോ? എന്ന ചോദ്യമായി പരിണമിച്ചിരിക്കുന്നു. എന്നുവെച്ചാല്‍, ഞാന്‍ എന്നൊരാള്‍ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന ചോദ്യം. ഈ ചോദ്യ ആര്‍ ആരോടാണ് ചോദിക്കേണ്ടത്? സംശയമില്ല, ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട ചോദ്യമാണത്. അപ്പോള്‍ കിട്ടുന്ന ഉത്തരം ഉണ്ട്! ഉണ്ട്!!! എന്നതായിരിക്കും. എന്നതില്‍ പക്ഷാന്തരമില്ല. ആത്മാവ് ഉണ്ട് എന്നു മാത്രമല്ല. ആത്മാവ് മാത്രമാണ് സത്യം! എന്നു തെളിയിക്കപ്പെടുകയും ചെയ്യും.
ചുരുക്കത്തില്‍ ഒറ്റപ്പെട്ട, ഏകാന്തപഥികനായ ഒരു മനുഷ്യന്‍, ലോകസമാധാനത്തിനുവേണ്ടിയല്ല, ആന്തരിക സമാധാനത്തിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളുടെ വിവരണമാണ് ആത്മപര്‍വതം എന്ന നോവല്‍. ആന്തരിക സമാധാനത്തോടൊപ്പം ആന്തരിക സ്വാതന്ത്ര്യവും എഴുത്തുകാരന്‍ അഭിലഷിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ മരണത്തിന് വല്ല അര്‍ത്ഥമുണ്ടോ, ഉണ്ടെങ്കില്‍ അതെന്താണ് എന്ന അന്വേഷണമാണഅ അയാള്‍ നടത്തുന്നത്. അതുകൊണ്ടാണ് അയാള്‍ ബുദ്ധമത താവോമത ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നത്. എന്തെന്നാല്‍ അവിടെയും അയാള്‍ സമാധാനം കണ്ടെത്തുന്നില്ല. ഒറ്റപ്പെടലിലൂടെയല്ല, സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടേ, ആന്തരിക സമാധാനം സാധ്യമാകൂ എന്നയാള്‍ ഒടുക്കം തിരിച്ചറിയുന്നു. സമൂഹം ഒന്നാകെ ശാന്തിയിലെത്തിച്ചേരുക എന്നത് തീര്‍ത്തും അസംഭവ്യം എന്ന് അറിഞ്ഞുകൊണ്ടുതന്നെ!
സിങ്ജ്യാന്റെ എല്ലാ രചനകളും മാതൃഭാഷയായ ചൈനീസിലാണ്. ഇവിടെവിവര്‍ത്തനം ചെയ്തവതരിപ്പിക്കുന്ന പ്രഭാഷണവും ചൈനീസാണ്. ചൈനീസ് ഭാഷാപണ്ഡിതയായ ആസ്‌ത്രേലിയന്‍ വനിത മേബല്‍ ലീയാണ് വിവര്‍ത്തക. അവരുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ മലയാളമാണ് തുടര്‍ന്നുള്ള പേജുകളില്‍ ചൈനീസ് ഭാഷ അറിയാത്ത എനിക്ക് മേബല്‍ ലീമയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ ചൈനീസ് എഴുത്തുകാരന്റെ മനസ്സിലേക്ക് അനായാസം പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നു.
ഗൗരവമാര്‍ന്ന സമീപനമുള്ള ഒരെഴുത്തുകാരന്‍, കലാഭംഗി ലക്ഷ്യമാക്കി അണിയിക്കുന്ന അലങ്കാരങ്ങള്‍പോലും ജീവിതഗന്ധിയായനുഭവപ്പെടും. പുരാതനകാലം തൊട്ടുള്ള സാഹിത്യകൃതികളുടെ ജൈവരഹസ്യം ഇതാണ്. അതിനാല്‍, ഗ്രീക്ക് ദുരന്തനാടകങ്ങളാകട്ടെ, ഷേക്‌സ്പിയര്‍ കൃതികളാകട്ടെ എന്നെങ്കിലുമൊരിക്കല്‍ കാലഹരണപ്പെടുമെന്നു കരുതേണ്ട കാര്യമില്ല. സാഹിത്യം യാഥാര്‍ത്ഥ്യങ്ങളുടെ പകര്‍പ്പല്ല. സത്യത്തോടടുക്കാനുള്ള വെമ്പലാണത്. പുറംതൊലി ഭേദിച്ച് ആഴങ്ങളില്‍ തുളച്ചിറങ്ങുകതന്നെ വേണം. ദൈനംദിനസംഭവങ്ങളെ വളരെ ഉയരത്തില്‍നിന്നും നോക്കിക്കാണാന്‍ കഴിയണം. ഉയരം കൂടുംന്തോറും കാഴ്ചയുടെ സമഗ്രത വര്‍ദ്ധിക്കുമെന്നു പറയേണ്ടതില്ലല്ലോ.
സാഹിത്യരചനയ്ക്ക് ഭാവന അനിവാര്യമാണ്. പക്ഷെ മനസ്സിന്റെ അഗാധതയില്‍ ഊളിയിടുമ്പോള്‍ അവിടെ കണ്ടെത്തുന്ന ചപ്പുചവറുകള്‍ വാരിക്കൂട്ടി പ്രദര്‍ശിപ്പിക്കുന്ന പണിയാവരുത് എഴുത്ത്. ഭാവന എത്രതന്നെ പറയുന്നയര്‍ന്നാലും സത്യസന്ധമായ അനുഭൂതികളില്‍നിന്നും വേര്‍പെട്ടുപോകാത്തിടത്തോളം കാലം, സ്വീകാര്യം തന്നെ. സത്യത്തിന്റെ അടിയുറപ്പില്ലാത്ത പക്ഷം,. രചനയുടെ ദൗര്‍ബല്യം അനായാസം പിടിക്കപ്പെടുക തന്നെ ചെയ്യും. തനിക്കു തന്നെ വേണ്ടത്ര വിശ്വാസമില്ലാത്ത വസ്തുതകളുടെ വിവരണം വായനക്കാരില്‍ വിശ്വാസ്യത ഉളവാക്കാന്‍ തീരെ പര്യാപ്തമല്ല. സാധാരണ മനുഷ്യന്റെ ജീവിതം അതേപടി പകര്‍ത്തി എന്നതുകൊണ്ടോ സ്വന്തം ജീവിതാനുഭവങ്ങള്‍ മറയില്ലാതെ രേഖപ്പെടുത്തിയതുകൊണ്ടോ ഉത്തമ സാഹിത്യം ജനിക്കുന്നില്ല.
ഭാഷ എന്ന വാഹകത്തിലൂടെ, വന്നു ചേരുന്ന അനുഭൂതികളും പഴയ എഴുത്തുകാരുടെ അനുഭവങ്ങളും എല്ലാം സ്വന്തം അനുഭൂതിയായി മാറണം. സാഹിത്യഭാഷയുടെ മാന്ത്രികശക്തിയുടെ മറ്റൊരു ഉദാഹരണമാണ്.
ശാപാനുഗ്രഹങ്ങള്‍ക്കെന്നപോലെ, ഭാഷയ്ക്ക് മനുഷ്യമനസ്സില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഭാഷാപ്രയോഗം ഒരു കലാപ്രകടനമാണ്. വികാരങ്ങള്‍ മറ്റുള്ളവരിലേക്കു പകരുവാനുള്ള കഴിവിനെ ആശ്രയിച്ചാണ് അതിന്റെ വിജയം ഭാഷ പ്രതീകമല്ല.
വ്യാകരണനിയമങ്ങളാല്‍ നിബന്ധിക്കപ്പെട്ട ഒരു നിര്‍മ്മിതി മാത്രമല്ല അത്. ഭാഷ ജീവനുള്ളതാണ്. പദപ്രയോഗവും വ്യാകരണവുമെല്ലാം എത്രതന്നെ ഭംഗിയാക്കിയാലും ആത്മാവില്ലെങ്കില്‍ ഭാഷ ബുദ്ധിപരമായ വിനോദം മാത്രമായിത്തീരുന്നു.
താത്വികമായ ചില സങ്കല്പങ്ങളുടെ വാഹകവുമല്ല ഭാഷ. ഒരേ സമയം വികാരങ്ങളെയും, ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുവാന്‍ ഭാഷയ്ക്ക് കഴിവുണ്ട്. ജീവിച്ചിരിക്കുന്നവരുടെ ഭാഷയ്ക്ക് പകരം പ്രതീകങ്ങളോ രേഖകളോ പോരാതെ വരുന്നു. വായ്‌മൊഴിയില്‍ ഭാഷയുടെ ശക്തി വര്‍ദ്ധിക്കുന്നു. സാഹിത്യത്തിന്റെ ലക്ഷ്യം ആശയവിനിമയം മാത്രമല്ല. വികാരങ്ങളെയും ഇന്ദ്രീയങ്ങളെയും ഉത്തേജിപ്പിക്കലും കൂടിയാണ്.
അര്‍ത്ഥംസംഭവിച്ചതുകൊണ്ടുമാത്രം ഭാഷയുടെപ്രയോജനം തീരുന്നില്ല. ശ്രവണേന്ദ്രിയപരമായ സംവേദനം കൂടി നടന്നിരിക്കണം. ഭാഷയുടെപിന്നിലെ മനുഷ്യനെക്കൂടി കാണുകയും ശ്രവിക്കുകയും ചെയ്ത്, അങ്ങനെ ആ വ്യക്തിയുടെ അസ്തിത്വം അയാളുടെ ബുദ്ധി, ലക്ഷ്യം,ശൈലി, വികാരം തുടങ്ങിയ വിവരങ്ങള്‍ ഛന്ദവത്കൃതമോ സംജ്ഞാശാസ്ത്രപരമോ ആയ നിബന്ധനകള്‍ ഇല്ലാതെ ഒഴുകി വീഴുമ്പോഴാണ് ഭാഷ പൂര്‍ണ്ണതയിലെത്തുന്നു.
ഡേ കാര്‍ട്ടേയുടെ ശൈലി കടമെടുത്തു പറഞ്ഞാല്‍, ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളും,’ഞാന്‍ എഴുതുന്നു. അതിനാല്‍ ഞാന്‍ ഉണ്ട്.’ എഴുത്തുകാരന്‍ ‘ഞാന്‍’ എന്ന സര്‍വ്വനാമം പല അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കും. ‘ഞാന്‍’ എഴുത്തുകാരന്‍ തന്നെയാവാം. കഥയിലെ നായകനാവാം. ഒന്നോ കൂടുതലോ കഥാപാത്രങ്ങളാകാം. ‘ഞാന്‍’ എന്നതിനെ, അര്‍ത്ഥ വ്യത്യാസം വരാതെ, അയാള്‍ എന്നോ ‘നിങ്ങള്‍’ എന്നോ ആഖ്യാതാവിന്റെ ഇഷ്ടപ്രകാരം മാറ്റി വിളിക്കാം. കഥപറയുന്നയാളിനെ, സൗകര്യപ്രദമായ ഒരു സര്‍വനാമത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് ആദ്യം വേണ്ടത്. പിന്നെ, അയാളുടെ കാഴ്ചപ്പാടിലൂടെ മറ്റെന്തും അവതരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അനേകം വ്യത്യസ്ത ശൈലികള്‍ സൃഷ്ടിക്കാവുന്നതേയുള്ളൂ. തികച്ചും സ്വന്തമായ ഒരു ചൈനാശലി സൃഷ്ടിക്കുന്നതിലാണ് ഒരെഴുത്തുകാരന്റെ സാമര്‍ത്ഥ്യം. എന്റെ ആഖ്യാനത്തില്‍ മറ്റാഖ്യായികളില്‍ പതിവുള്ളതുപോലെ കഥാപാത്രങ്ങള്‍ക്കു പേരില്ല. പകരം സര്‍വ്വനാമങ്ങള്‍ മാത്രമേയുള്ളൂ. ഞാന്‍, ഇനി നീ അവന്‍ ഇത്യാതി കേന്ദ്രകഥാപാത്രത്തെ ഞാന്‍ അപ്രകാരമാണ് വിശേഷിപ്പിക്കുന്നത്. പേരിനു പകരം അവന്‍ ഇവന്‍ എന്നൊക്കെ പ്രയോഗിക്കുന്നതുമൂലം കഥാപാത്രങ്ങളോട് ഒരുതരം മാനസികമായ അകല്‍ച്ച കൈവരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതെന്റെ ലക്ഷ്യമാണ്. മാത്രമല്ല, നാടകമായി അവതരിപ്പിച്ചപ്പോഴും നടന്മാര്‍ക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാതിരിക്കുവാന്‍ ഇടയ്ക്കിടെ മാറുന്ന സര്‍വ്വനാമങ്ങളുടെ ഉപയോഗം സഹായകരമായിട്ടുണ്ട്.
കഥയെഴുത്തിന്, അല്ലെങ്കില്‍ നാടകമെഴുത്തിന് അവസാനമില്ല. അവസാനിക്കുകയുമില്ല. കലയിലോ സാഹിത്യത്തിലോ ഏതെങ്കിലും പ്രസ്ഥാനമോ രൂപമോ കൂമ്പടഞ്ഞുവെന്നോ പരമഗതി പ്രാപിച്ചുവെന്നോ പ്രചരിപ്പിക്കുന്ന ചപലഹൃദയരുണ്ട്. സംസ്‌കാരത്തിന്റെ തുടക്കം മൂതലേ, ഭാഷ അത്ഭുതങ്ങള്‍ക്കൊണ്ടു നിറഞ്ഞതാണ്. അതിനൊരന്ത്യമില്ല. ഭാഷയുടെ ശക്തി അപരിമേയമത്രേ. അപാരമായ ഈശക്തി തിരിച്ചറിയുകയാണ് ഒരെഴുത്തുകാരന്റെ പ്രാഥമിക യോഗ്യത.
അപ്പോള്‍ പഴയ വാക്കുകള്‍ക്ക് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുവാന്‍ അയാള്‍ക്കു കഴിയും എന്നുവച്ച് സ്രഷ്ടാവിന്റെ സ്ഥാനം എഴുത്തുകാരനില്ല. നേരത്തെ സൃഷ്ടിക്കപ്പെട്ട പുറംലോകം എത്ര പഴയതായാലും പുതുക്കുവാനോ ഒഴിവാക്കുവാനോ അയാള്‍ക്കാവില്ല. വര്‍ത്തമാനലോകം എത്രതന്നെ ദുഷിച്ചതോ അസംബന്ധമോ ആവട്ടെ. അതു മാറ്റിമറിക്കാമെന്നു സ്വപ്നം കാണാമെന്നല്ലാതെ, സ്വപ്നത്തിലെ മാതൃകാലോകം യാഥാര്‍ത്ഥ്യമാക്കുവാന്‍ അയാള്‍ അശക്തനാണ്.
ബാഹ്യലോകം മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണെന്നതാണ് വാസ്തവം. എങ്കിലും ജീവിതത്തിന് പുതിയൊരര്‍ത്ഥം നല്കുന്നചില പ്രസ്താവനകള്‍ പുറപ്പെടുവിക്കുവാന്‍ ഒരെഴുത്തുകാരനു തീര്‍ച്ചയായും കഴിയും. ഇത്തരം പ്രസ്താവനകള്‍,മുന്‍ഗാമികളായ എഴുത്തുകാരുടെ പ്രസ്താവനകളുടെ തുടര്‍ച്ചയാവാം. ചിലപ്പോള്‍ വല്ല കാരണവശാലും അവര്‍ പറയാന്‍വിട്ടുപോയവയുമാവാം.
സാഹിത്യത്തെ ഉന്മൂലനംചെയ്യുക എന്നൊക്കെപ്പറയുന്നത് സാംസ്‌കാരിക വിപ്ലവത്തിലെ വെറും വാചകമടിയാണ്. സാഹിത്യം മരിച്ചില്ല. എഴുത്തുകാരന്‍ നശിച്ചതുമില്ല. ഏതൊരെഴുത്തുകാരനും ഗ്രന്ഥശേഖരത്തില്‍ അവന്റേതായ സ്ഥാനമുണ്ട്. അയാളുടെ ജീവിതം ആസ്വാദ്യകരമാണ്. വായനക്കാരുള്ള കാലം അയാള്‍ക്ക് മരിക്കാനുമാവില്ല. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സമാശ്വാസം വേറെന്തുവേണം? മനുഷ്യരാശിയുടെ അതിബൃഹത്തായഗ്രന്ഥസഞ്ചയത്തില്‍ തന്റേതായ ഒരു പുതിയ പുസ്തകം കൂടി ശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അതു വായിക്കപ്പെട്ടുകൊണ്ടിരിക്കുമെങ്കില്‍, അതില്‍പരം ഭാഗ്യാവസ്ഥ മറ്റെന്തുണ്ട്?
website : www.karursoman.com
Email: [email protected]
ബീന റോയി
മഴയുടെ
ആര്‍ദ്രഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ
പ്രണയത്തിന്റെ
അദൃശ്യാക്ഷരങ്ങള്‍
ആലേഖനംചെയ്ത
ഒറ്റമഴത്തുള്ളിപോലെ
ഓടിയെത്തി
കുശലംപറഞ്ഞ്
കടന്നുപോകുന്നൊരു
ചാറ്റല്‍മഴപോലെ
ഹൃദയതടങ്ങളെ
ഈറനുടുപ്പിച്ച്
ആശയുടെ
പല്ലവങ്ങള്‍
മുളപ്പിക്കുന്ന
ഇടവപ്പാതിപോലെ
പകല്‍നേരം
കുസൃതികാട്ടി,
മഴവില്ല് സമ്മാനംതന്ന്
പെയ്തുമറയുന്ന
വെയില്‍മഴപോലെ
നീണ്ടുനില്‍ക്കാത്ത
പിണക്കങ്ങള്‍ക്കപ്പുറം
പരിഭവങ്ങളുടെ
കൊള്ളിയാന്‍പിടിച്ച്
മടിച്ചെത്തുന്ന
തുലാവര്‍ഷംപോലെ
കണ്ണുതുളുമ്പുന്ന
കാത്തിരിപ്പിനൊടുവില്‍
ഹൃദയത്തിന്റെ
നീറ്റലിലേക്ക്
പെയ്തുനിറയുന്ന
വേനല്‍മഴപോലെ
എത്രപെയ്താലും
മതിവരാതെ പിന്നെയും
തൂവിക്കൊണ്ടിരിക്കുന്നൊരു
പെരുമഴക്കാലംപോലെ
മഴയുടെ
തരളഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ…
ബീന റോയ്
ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള
എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ ജൂലൈ 27 ന് 10 ന് നീരണിയും. നവതി നിറവില്‍ നടക്കുന്ന നീരണിയല്‍ ചടങ്ങ് ആഘോഷമാക്കുവാന്‍ ലക്ഷ്യമിട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.
നീരണിയല്‍ ചടങ്ങിന് മുന്നോടിയായി നടക്കുന്ന കൂദാശ ചടങ്ങുകള്‍ക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്തയും റവ.തോമസ് മാത്യം സമൂഹ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്യും. ആര്‍ .രാജേഷ് എം.എല്‍ .എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നീരണിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും. ഫോം മാറ്റിംങ്ങിസ് ചെയര്‍മാന്‍ കെ.ആര്‍ ഭഗീരഥന്‍ ആദ്യ തുഴച്ചില്‍ ഫ്ലാഗ് ഓഫ് ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് പ്രതിഭാ പുരസ്‌ക്കാരം വിതരണം ചെയ്യും. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കമാന്‍ഡര്‍ ജയ് ചാക്കോ ഇലഞ്ഞിക്കല്‍ ഏറ്റവും മുതിര്‍ന്ന തുഴച്ചില്‍ക്കാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഷോട്ട് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. ആര്‍പ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റന്‍ കെ.സി.ലാല്‍ ടീം അംഗങ്ങളെ പരിചയപെടുത്തും. പുതിയ ഷോട്ട് പുളിക്കത്രയുടെ ശില്പി സാബു നാരായണന്‍ ആചാരിയ്ക്ക് മോളി ജോണ്‍ പുളിക്കത്ര ഉപഹാരം നല്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജന്‍, ദീപാ ഗോപകുമാര്‍, കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഉമ്മന്‍ മാത്യൂ, നെഹ്റു ട്രോഫി ബോട്ട് റേസ് എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.എന്‍.ഇക്ബാല്‍, ബെറ്റി ജോസഫ്, കുമ്മനം അഷറഫ്, എം.മുഹമ്മദ് വാരിക്കാട്, ജയിംസ് ചുങ്കത്തില്‍, എന്നിവര്‍ പ്രസംഗിക്കും. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ജിനോ മണക്കളം സ്വാഗതവും ജോര്‍ജ് ചുമ്മാര്‍ പുളിക്കത്ര കൃതജ്ഞതയും പ്രകാശിപ്പിക്കും.
നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. എടത്വാ പള്ളി വികാരി റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡന്റ് കോശി കുര്യന്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയിന്‍ മാത്യൂ, മീരാ ടെഡി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റജി പി. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .തുടര്‍ന്ന് മാലിപ്പുരയില്‍ വള്ളസദ്യയും ഉണ്ടായിരിക്കും.
2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്.ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലി തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട്’ ക്യാപ്റ്റന്‍.
വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി.1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജല രാജാവ് ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.
വിവിധ ജലോത്സവങ്ങളില്‍ മത്സരിക്കുവാന്‍ ലക്ഷ്യമിട്ട് ആര്‍പ്പൂക്കര കരിപ്പൂതട്ട് ഐലാട്ടുശേരി കടവില്‍ ”ഷോട്ട് പുളിക്കത്ര ‘യില്‍ ആര്‍പ്പൂക്കര ബോട്ട് ക്ലബിന്റെ തുഴച്ചില്‍പരിശീലനം ജൂലൈ 28ന് 2 മണിക്ക് അഡ്വ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് വീണ്ടും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറാടെറുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്നും ചടങ്ങ് ലളിതമാക്കി നവതി സ്മാരകമായി ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്നു ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.
സ്വന്തം ലേഖകന്‍
യുകെ മലയാളികള്‍ക്കിടയിലെ ജനകീയ വിനോദമായ ചീട്ടുകളിയുടെ രാജാക്കന്മാരെ കണ്ടെത്താന്‍ കേരള ക്ലബ് നനീട്ടന്‍ നടത്തി വരുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ശനിയാഴ്ച ചീട്ടുകളി പ്രേമികളില്‍ ആവേശമുണര്‍ത്തി സമാപിച്ചു. കെറ്ററിംഗ് സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും കളി കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രത്യേകം ടീം ജഴ്സിയണിഞ്ഞു മത്സരങ്ങള്‍ നിയന്ത്രിച്ച കേരള ക്ലബ് ഭാരവാഹികളും, ഗ്ലാസ്ഗോ റമ്മി ടീമും, മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബും, ടോര്‍ക്കേയ് ടൈഗേഴ്സും മറ്റ് കളിക്കാരും കാണികളും ഒക്കെ ചേര്‍ന്നപ്പോള്‍ കാലത്ത് മുതല്‍ തന്നെ കെറ്ററിംഗില്‍ ഉത്സവപ്രതീതിയായിരുന്നു.
പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും വേണ്ടി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ഇവിടേക്ക് തെറ്റാതെ എത്തിച്ചേരാന്‍ വഴിയിലുടനീളം മാര്‍ക്കിംഗുകളും മറ്റുമായി സംഘാടകര്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. കാലത്ത് പത്തര മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ ചീട്ടുകളി മത്സരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടത്തി. യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കേരള ക്ലബ് ട്രഷറര്‍ ജിറ്റോ ജോണ്‍ സ്വാഗതവും, പ്രസിഡന്റ് ജോബി ഐത്തിയില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വാശിയേറിയ ലേലം മത്സരമായിരുന്നു ആദ്യം നടന്നത്. നിരവധി ടീമുകള്‍ പങ്കെടുത്ത ലേലം മത്സരം അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു. പതിനെട്ടടവുകളും ടീമുകള്‍ പുറത്തെടുത്ത മത്സരത്തിനൊടുവില്‍ ഓക്സ്ഫോര്‍ഡില്‍ നിന്നെത്തിയ പയസ്സും ജിമ്മിയും ഒന്നാമതെത്തി. ബിജുവും ജിമ്മിയും (ഹോര്‍ഷം) രണ്ടാമതെത്തിയപ്പോള്‍ ജോസ് മാത്യു (വാര്‍വിക് ), അജയ കുമാര്‍ (ബോള്‍ട്ടന്‍) എന്നിവരുടെ ടീം മൂന്നാമതെത്തി.
റമ്മി കളി മത്സരത്തില്‍ ഒന്നാമതെത്തിയത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള റെജി തോമസ് ആണ്. ആതിഥേയ ടീമില്‍ നിന്നുള്ള സജീവ് സെബാസ്റ്റ്യന് ആണ് രണ്ടാം സ്ഥാനം. അജയ കുമാര്‍ ബോള്‍ട്ടന്‍ മൂന്നാമതെത്തി.
ലേലം മത്സരത്തിലെയും, റമ്മി കളി മത്സരത്തിലെയും വിജയികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്.രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് സമ്മാനിച്ചത് .റമ്മിയില്‍ ഒന്നാമത് എത്തിയ ടീമിന് £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് .രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിച്ചു. റമ്മിയിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.
ലേലത്തില്‍ ഒന്നാമത് എത്തിയ ടീമിനും £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.
മത്സരങ്ങള്‍ സുഗമമായി നടത്തുന്നതില്‍ കേരള ക്ലബ് ഭാരവാഹികളും കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അഭിനന്ദനാര്‍ഹമായ പരിശ്രമം ആയിരുന്നു കാഴ്ച വച്ചത്. കേരള ക്ലബ് ഭാരവാഹികളായ ജോബി ഐത്തിയില്‍, ജിറ്റോ ജോണ്‍, ബിന്‍സ് ജോര്‍ജ്ജ്, സെന്‍സ് കൈതവേലില്‍, സജീവ് സെബാസ്റ്റ്യന്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോബിന്‍, സിബു ജോസഫ്, മത്തായി തുടങ്ങിയവര്‍ സദാ സമയവും എല്ലാ കാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ച് തങ്ങളുടെ കടമ നിറവേറ്റി.
രുചികരമായ ഭക്ഷണം ആയിരുന്നു മറ്റൊരു പ്രത്യേകത. കേരളീയ തനിമയില്‍ ഒരുക്കിയ വിവിധ ഭക്ഷണ വിഭവങ്ങള്‍ സമയാ സമയങ്ങളില്‍ ലഭ്യമാക്കി കളിക്കാര്‍ക്കും കാണികള്‍ക്കും നല്‍കുന്നതിലും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര’ നീരണിയുവാന്‍ ഇനി ദിനങ്ങള്‍ മാത്രം ബാക്കി. ഓളപ്പരപ്പിലൂടെ ചക്രവാളങ്ങള്‍ കീഴടക്കുവാന്‍ മാലിപ്പുരയില്‍ ഉള്ള പുതിയ ‘ഷോട്ട് ‘ നീരണയിക്കുവാന്‍ പ്രാര്‍ത്ഥനയും കാത്തിരിപ്പുമായി കഴിയുകയാണ് നാട്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.
നവതി നിറവില്‍ നടക്കുന്ന നീരണിയല്‍ ചടങ്ങ് ആഘോഷമാക്കുവാനാണ് നാട് ഒരുങ്ങുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപികരിച്ച ജനകീയ സദസ്സിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. ‘ഷോട്ട് ‘ നീരണിയല്‍ ചടങ്ങിന് മുന്നോടിയായുള്ള ക്രമികരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി നടന്ന ജനകീയ സദസില്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.
അല്‍ഫോണ്‍സ് ആന്റണി, ബേബി നാലുപറയില്‍, തൊമ്മച്ചന്‍ ചാക്കോ, ജിനോ മണക്കളം, ശശികുട്ടി ജോര്‍ജ്, കൃഷ്ണന്‍ മറ്റേക്കാട്, ബിജു മുളപ്പന്‍ച്ചേരി, സന്തോഷ് കോയില്‍മുക്ക്, റജി എം. വര്‍ഗ്ഗീസ്, അശോകന്‍ മങ്കോട്ടച്ചിറ, ജഫ്രി, ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര എന്നിവര്‍ പ്രസംഗിച്ചു.
2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റത്തുഴക്കാരും ഉള്‍പ്പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട’ ക്യാപ്റ്റന്‍.
വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജലരാജാവും ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രൃംഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.
വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപ്പെടുത്തി വെളിച്ചെണ്ണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാന്‍ തയാറാവും. നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് വള്ളസദ്യയും ഉണ്ടായിരിക്കും.
എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് ഇത്തവണയും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്നും ചടങ്ങ് ലളിതമാക്കി നവതി സ്മാരകമായി ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.
ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട
പുഞ്ചിരിക്കുക, പുഞ്ചിരിക്കാന്‍ സഹായിക്കുക, പുഞ്ചിരിക്കുന്ന മുഖമുണ്ടാവുക, മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുകയെന്നാല്‍ നാം വലിയൊരു മഹത്തരമായ കാര്യമാണ് ചെയ്യുന്നത്. സുഹൃത്തുക്കളെ നമുക്ക് ഒരു കഥയിലേക്കു കടക്കാം. മുപ്പതു വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്ന ഒരു പ്യൂണ്‍. അദേഹത്തിന്റെ യാത്രയയപ്പു സമ്മേളനത്തിന് എല്ലാവരും സന്നിഹിതരായിരുന്നു. മുന്‍നിരയില്‍ തന്നെ അവര്‍ ‘ഹിറ്റ്‌ലര്‍ ‘ എന്ന് കളിയാക്കി വിളിക്കുന്ന കമ്പനി മാനേജരുമുണ്ട്. (ഹിറ്റ്‌ലര്‍ എന്ന പദത്തില്‍ നിന്നും അയാളുടെ സ്വഭാവം നിങ്ങള്‍ ഊഹിച്ചുകൊള്ളുക) പ്യൂണ്‍ തന്റെ മറുപടി പ്രസംഗത്തില്‍ കമ്പനി മാനേജരോടായി ഇങ്ങനെ പറഞ്ഞു തുടങ്ങി:
സാര്‍, എനിക്കാദ്യം പറയാനുള്ളതു അങ്ങയോടാണ്. കൂടിയിരിക്കുന്ന എല്ലാവരും ആകാംക്ഷാഭരിതരായി. ഫയലുകളുമായി ഞാന്‍ അങ്ങയുടെ അടുത്തു വരുമ്പോള്‍ ദേഷ്യത്തില്‍ സാറത് വലിച്ചെറിയാറുണ്ട്. ചില ദിവസങ്ങളില്‍ അവശ്യപ്പെട്ട പേപ്പറുകള്‍ എത്തിക്കുമ്പോള്‍ അത് വാങ്ങി അങ്ങ് ചവറ്റുകുട്ടയില്‍ ഇടാറുമുണ്ട്. അപ്പോഴൊന്നും എനിക്കു സങ്കടം തോന്നിയിട്ടില്ല. എന്നാല്‍ എന്നും രാവിലെ അങ്ങു വരുമ്പോള്‍ ഞാന്‍ അങ്ങയെ നോക്കി ചിരിക്കാറുണ്ട്. പക്ഷെ,ഇന്നുവരെ അങ്ങ് എന്നെ നോക്കി ചിരിച്ചിട്ടില്ല. അന്നേരമെല്ലാം എനിക്കു സങ്കടം വന്നിട്ടുണ്ട് പ്യൂണിന്റെ കണ്ണു നിറഞ്ഞൊഴുകി ഒപ്പം സദസ്സിലിരുന്നവരുടെയും. ഹിറ്റ്‌ലറുടേയും മുപ്പതു വര്‍ഷക്കാലം കൂടെ ജോലി ചെയ്തവന്റെ വാക്കുകള്‍ കേട്ടപ്പോള്‍.
‘ഒരു പൊരി മതി എല്ലാം ഒടുക്കാന്‍
ഒരു ചിരി മതി എല്ലാം ഒതുക്കാന്‍’
കടന്നു പോകുന്ന വഴികളില്‍ കാണുന്നവരെ നോക്കിയൊന്നു പുഞ്ചിരിക്കുക. ഓര്‍ക്കുക! നഷ്ടപ്പെടാനൊന്നുമില്ല; എന്നാല്‍ ചിരി ആയുസ്സിനെ വര്‍ധിപ്പിക്കുകയും ആരോഗ്യത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. മുഖത്തെ മാംസപേശികള്‍ക്കുള്ള നല്ലൊരു വ്യായാമമുറകൂടിയാണത്. അതിലുപരി സര്‍വശക്തന്‍ മറ്റുള്ളവര്‍ക്ക് നല്കാന്‍ നമുക്ക് നല്‍കിയിട്ടുള്ള ‘പ്രസാദ’മാണ് ചിരിയെന്നോര്‍ക്കുക. അതുള്ളില്‍ കൊണ്ടുനടക്കുന്നതില്‍ അര്‍ത്ഥമില്ല. പകരുക ഒരു നിറഞ്ഞ പുഞ്ചിരി ബന്ധുവെന്നോ ശത്രുവെന്നോ വേര്‍തിരിവില്ലാതെ
കല്‍ക്കട്ടയിലെ തെരുവില്‍ കണ്ട മദര്‍ തെരേസ്സയോടു ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു : ‘അമ്മ എന്താണിവിടെ ചെയ്യുന്നത്? വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ‘സാര്‍, ഇവര്‍ മരിക്കുന്നതിനു മുന്‍പു ഞാനിവരെ ചിരിക്കുവാന്‍ സഹായിക്കുകയാണ്.. ‘
പ്രിയമുള്ളവരേ കൂടെയുള്ളവരുടെ കളഞ്ഞുപോയ ചിരി വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാ നാമൊക്കെ ഇങ്ങനേ.? പുഞ്ചിരിക്കുക ഇപ്പോഴും സന്തോഷത്തോടെയിരിക്കുക സന്തോഷവാഹകരാവുക. എന്നും ഏവര്‍ക്കും പുഞ്ചിരിക്കുന്ന ദിനങ്ങളാകട്ടെയെന്ന് ആശംസിക്കുന്നു
(ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട. Mob: 9496226485. E-mail: jollyjohns80@gmail. com)
സജീവ് സെബാസ്റ്റ്യന്‍
കെറ്ററിംഗ്: കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .നാളെ 15 രാവിലെ ഒമ്പതുമണിക്ക് തന്നെ രെജിസ്‌ട്രേഷന്‍ ആരംഭിക്കും. 09 .30 ന് തന്നെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും തദവസരത്തില്‍ മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, സെക്രട്ടറി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
നാളെ രാവിലെ പത്തരയ്ക്ക് മുന്‍പായി മത്സരത്തിനായി എത്തുന്ന സൗജന്യമായി രുചികരമായ കേരളീയ ബ്രേക്ക് ഫാസ്റ്റ് ലഭിക്കുന്നതാണ് .അതോടൊപ്പം 15 തിയതി രാവിലെയും എല്ലാവര്‍ക്കും സൗജന്യമായി ബ്രേക്ക് ഫാസ്റ്റ് ലഭിക്കുന്നതാണ്. വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളാണ് ഏവര്‍ക്കും വേണ്ടി ഒരുക്കിയിരിക്കുന്നത് .കാര്‍ പാര്‍ക്കിങ് ചാര്‍ജ് വേണമെങ്കിലും അത് എത്തുന്നവര്‍ക്ക് എല്ലാര്‍ക്കും കേരള ക്ലബ്ബിന്റെ വക ഫ്രീ ആയിട്ടു പാര്‍ക്കിങ് നല്‍കാനാണ് കേരള ക്ലബ് തീരുമാനിച്ചിരിക്കുന്നത് .ദൂരേ നിന്നും വരുന്ന ടീമുകള്‍ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്
മത്സര വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് .രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് ലഭിക്കുന്നത് .റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത് .രണ്ടാമെത് എത്തുന്ന ടീമിന് sk eletcricals സ്‌പോണ്‍സര്‍ ചെയ്യുന്ന £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് prime care nursing agency നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും. ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് ICS injury claim സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത് .രണ്ടാമെത് എത്തുന്ന ടീമിന് Passion Health Care ലെസിസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് Philips Clims Ltd നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും.
മൂന്നാമത് ഓള്‍ ചീട്ടുകളി മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് പയസ് മാത്യു മലേമുണ്ടക്കല്‍ ,ഷാജി
Mampilly , സോബന്‍ ജോണ്‍ , മലയാളം യു കെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ , ഓര്‍ത്തോ ജോര്‍ജ് കോവെന്ററി , Megham Orchetsra , Better Frames UK Pvt Ltd , കായല്‍ റെസ്റ്റാറന്റ് എന്നീ സ്ഥാപനങ്ങളും വ്യക്തികളുമാണ് . ഈ വര്‍ഷത്തെ പ്രതേകതയായ വീഡിയോ കോംപെറ്റീഷനില്‍ ഇതിനോടകം യു കെ യില്‍ അങ്ങോളം ഇങ്ങോളം ആയി നിരവധി എന്‍ട്രികളാണ് ലഭിച്ചിരിക്കുന്നത് വിജയികള്‍ക്ക് ഒന്നാമത് എത്തുന്ന ആള്‍ക്ക് ചിന്നാസ് കാറ്ററിങ് നോട്ടിങ്ഹാം നല്‍കുന്ന £51പൗണ്ടും രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്‌കോ റമ്മി ബോയ്‌സ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും .മത്സരത്തില്‍ എത്തുന്നവര്‍ക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവര്‍ക്ക് വിശ്രമിക്കാനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ് .
ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് , ജിറ്റോ ജോണ്‍ 07405193061 , ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 , സെന്‍സ് ജോസ് കൈതവേലില്‍ 07809450568
പാര്‍ക്കിങ്ങിനും വേദിയെ കുറിച്ചുള്ള അനേഷണങ്ങള്‍ക്കും സിബു ജോസഫ് 07869016878, മത്തായി 07966541243
പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.
മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.
എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.
വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !
‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).
‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…
വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട
മറ്റുള്ളവര്‍ എന്നോടു ചെയ്യുന്നതു ശരിയല്ല, അതു ഇങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നത്, ഇത്തരത്തില്‍ മറ്റുള്ളവരെ വിലയിരുത്തുന്ന നൂറായിരം ചിന്തകള്‍. ഞാന്‍ മാറേണ്ടതോ അതോ മറ്റുള്ളവരെ മാറ്റെണ്ടതോ. ഇതൊരു കഥാരൂപേണ പറയുമ്പോള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും എന്ന് തോന്നുന്നു. ഒരിക്കല്‍ ഒരു സ്ത്രീ പൂജാരിയെ കാണുവാന്‍ വന്നു. അവരുടെ ആവശ്യം എന്തായിരുന്നെന്നോ? തന്റെ ഭര്‍തൃ മാതാവിനെ കൊല്ലുക! ഇതിനു പൂജാരിയുടെ സഹായം വേണം. സ്‌നേഹമില്ല, സമാധാനമില്ല, തനിക്കു വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുന്നില്ല. ഇതൊക്കെയാണ് അവര്‍ അമ്മായിയമ്മയില്‍ കണ്ടെത്തിയ കുറവുകള്‍.
ഒരുപാടു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അവസാനം പൂജാരിക്ക് അവരെ സഹായിക്കേണ്ടി വന്നു (അല്ലെങ്കില്‍ ആ സ്ത്രീ മറ്റാരെയെങ്കിലും ഇതിനായി സമീപിക്കുമെന്ന് ഉറപ്പായിരുന്നു).
തൊണ്ണൂറു ദിവസം കഴിക്കാനുള്ള മരുന്ന് അദ്ദേഹം അവര്‍ക്കു നല്‍കി. ദിനങ്ങള്‍ കടന്നു പോയി. നാല്‍പതാം നാള്‍ അവര്‍ ചിന്തിച്ചു: മരുന്ന് കൊടുത്തു തുടങ്ങിയിട്ട് പകുതി ദിവസമാവാറായി. ഇനി അധികം നാളില്ല. അന്ന് മുതല്‍ ചായയും ഭക്ഷണവുമെല്ലാം മേശപ്പുറത്തു എത്തിച്ചു കൊടുക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും ഭക്ഷണം വിളമ്പി കൊടുക്കാനും ചായയും മരുന്നും കൈയില്‍ കൊടുക്കാനും ചിരിച്ചു കൊണ്ട് സംസാരിക്കാനും തുടങ്ങി. ഇതിന്റെയെല്ലാം പിന്നില്‍ അവളുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. അമ്മായിയമ്മയുടെ മരണം.
എന്നാല്‍ ഈ കാലഘട്ടത്തില്‍ വന്ന അമ്മായിയമ്മയുടെ മാറ്റം അവളെ അത്ഭുതപ്പെടുത്തി. ‘മോളെ ‘എന്നുള്ള വിളി അവളുടെ പല ചിന്തകളെയും മാറ്റി മറിച്ചു.’കൂടുമ്പോള്‍ ഇമ്പമുള്ളതാണു കുടുംബം ‘ എന്ന സത്യം തന്റെ ഭവനത്തില്‍ അനുവര്‍ത്തിക്കപ്പെട്ടപ്പോള്‍ സന്തോഷത്തിന്റെ തിരകള്‍ വീട്ടിലെ അന്തരീക്ഷത്തില്‍ അലയടിക്കുന്നത് കണ്ടപ്പോള്‍, അവര്‍ വീണ്ടും ചിന്തിക്കാന്‍ തുടങ്ങി. തന്റെ തെറ്റ് അവര്‍ക്കു ബോധ്യമായി.
അപ്പോഴേക്കും എണ്‍പത്തിരണ്ടാം ദിനമായിക്കഴിഞ്ഞിരുന്നു. ഉള്ളിലെ സങ്കടവും കുറ്റബോധവും തിരിച്ചറിവും പേറി ഓടിച്ചെന്നു പൂജാരിയുടെ അരികിലേക്കു. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു കേണു: ‘എനിക്കെന്റെ അമ്മയെ വേണം. ആ സ്‌നേഹവും കരുതലും ഇപ്പോഴാണ് ഞാന്‍ അനുഭവിക്കുന്നത്. എനിക്കമ്മയെ കൊല്ലണ്ട; പൂജാരിയെനിക്കു മറുമരുന്ന് തന്നേപറ്റൂ. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൂജാരി അവരുടെ കുറവുകളെ ചൂണ്ടിക്കാട്ടിക്കൊടുത്തു. ഇവിടെ അമ്മായിയമ്മയെ മാറ്റിയതാണോ. അതോ നീ മാറിയതാണോ. മാറിയത് നീയാണ്. നിന്നിലെ മാറ്റങ്ങളാണ് അമ്മയില്‍ പ്രതിഫലിച്ചത്. മറുമരുന്നും വാങ്ങി വീട്ടിലെത്തി അവര്‍ ഒന്നും പറയാനാകാതെ തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
മാറേണ്ടതു നാം ഓരോരുത്തരുമാണ്. മാറ്റേണ്ടതു എന്നിലെ കുറവുകളെയാണ്. ‘അഹം’ എന്ന ഭാവത്തെയാണ്..
(ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട. Mob: 8547494493)