Spiritual

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
യാത്രയും പ്രവാസ ജീവിതവും പ്രത്യാഗമനവും പരി. കന്യകയ്ക്ക് വളരെ ദുഃഖമുളവാക്കി. എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും അവര്‍ ഈശോയോടുള്ള സ്‌നേഹത്തെപ്രതി അതിനെയെല്ലാം സഹര്‍ഷം സ്വാഗതം ചെയ്തു. പരിശുദ്ധ കന്യകയെ അനുകരിച്ച് നാം നമ്മുടെ ജീവിത ക്ലേശങ്ങളെ ക്ഷമാപൂര്‍വ്വമെങ്കിലും അഭിമുഖീകരിക്കുവാന്‍ പരിശ്രമിക്കണം. ദൈവത്തേയും സഹോദരങ്ങളെയും പഴിക്കാതെ ക്രൈസ്തവ മായ ധീരതയോടും പ്രത്യാശയോടും കൂടി സഹനത്തെ അഭിമുഖീകരിക്കേണ്ടതാണ്.

പ്രാര്‍ത്ഥന.
ദൈവമായ പരിശുദ്ധ കന്യാമറിയമേ, ഈജിപ്തിലേയ്ക്കുള്ള പ്രയാണത്തില്‍ അവിടുന്നും അങ്ങേ വിരക്ത ഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണിമിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടി വന്നല്ലോ എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ച് ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. അങ്ങ് ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കു വേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാ കാര്യങ്ങളും ഈശോയ്ക്കു വേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ…

സുകൃതജപം.
വിനയത്തിന്റെ മാതൃകയായ കന്യകാ മാതാവേ.. ഞങ്ങളെ വിനയം പഠിപ്പിക്കണമേ…

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. പരിശുദ്ധ കന്യകയുടെ കന്യാത്വമാണ് ലോക പരിത്രാതാവിനെ ജനിപ്പിച്ചത്. അതിനാല്‍ കന്യാത്വം ആദ്ധ്യാത്മിക ജനനത്തിന്റെ ഉറവിടമായി. പ. കന്യകയുടെ കന്യാത്വത്തിന്റെ കാന്തിപ്രചുരിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെയാണ് മിശിഹാ ജനിച്ചത്.

ഇന്ന് ലൈംഗികാതിപ്രസരവാദവും ലൈംഗീകാ രാജകത്വവും ശക്തി പ്രാപിച്ചു വരുന്ന
ഈയവസരത്തില്‍ പരിശുദ്ധ കന്യകയുടെ മാതൃക നമുക്ക് ആത്മശരീര വിശുദ്ധിയൊടു കൂടി ജീവിക്കുവാന്‍ പ്രചോദനമരുളണം. ഓരോ ജീവിതാന്തസ്സിലുള്ളവരും അവരവരുടെ ജീവിതാന്തസ്സിനനുസരണമായ ശുദ്ധത പാലിക്കണം. പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും. ശുദ്ധത പാലിക്കുന്നവരെ പരിശുദ്ധ കന്യകയും ഈശോയും സ്‌നേഹിക്കുന്നു.

പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അങ്ങു അവിടുത്തെ കന്യാ വൃതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്ക് നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന് അതിനെ വളരെ സ്‌നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കി. ഞങ്ങള്‍ ആത്മ ശരീര വിശുദ്ധിയോടു കൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഇന്ന് അനേകര്‍ തങ്ങളുടെ ആത്മ നൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ.

കന്യാംബികയെ, അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്‌നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമേ.

സുകൃതജപം
കളങ്കരഹിതയായ കന്യകയെ, നിഷ്‌കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെ.

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക അവളുടെ ദിവ്യസുതന്റെ പീഠാനുഭവങ്ങളോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത വ്യക്തമാക്കുന്നവയാണ് ശിമയോന്റെ വചസ്സുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്ക് സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിന് സമര്‍പ്പിക്കുന്നതിനാണ്. കുട്ടികളുടെ നല്ല വളര്‍ത്തലിലും സ്വഭാവ രൂപവല്‍ക്കരണത്തിലും കത്തോലിക്കാ വിശ്വാസത്തിലും മാതാപിതാക്കന്മാര്‍ എത്ര മാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്. അവരുടെ ആത്മരക്ഷയിലുള്ള ഉത്തരവാദിത്വം വിസ്മരിക്കരുത്.

പ്രാര്‍ത്ഥന.
മൂശയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്കിയ പരിശുദ്ധ കന്യകയെ, ദൈവീക നിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചു കൊണ്ട് ലോക രക്ഷയ്ക്കായി അങ്ങേ പുത്രന് സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യ മാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്‌നേഹിച്ചു കൊണ്ട് വിശ്വസ്തതാപുര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങള്‍ മഹാമനസ്‌കതയും സ്‌നേഹവുമുള്ളവരായി തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ.

സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്ര താരമേ സ്വസ്തി!

സ്പിരിച്ച്വല്‍ ടീം. മലയാളം യുകെ.
ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് ഇനി നാല് ദിവസം. ആത്മീയമായി ഒരുങ്ങാന്‍ അഭ്യര്‍ത്ഥിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഉയിര്‍പ്പിലെ ആറാം ഞായറാഴ്ചയില്‍ രൂപതയിലെ വിശ്വാസികള്‍ക്കായി നല്‍കിയ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച ആചരണത്തിലൂടെയാണ് തിരുസഭ അതിന്റെ ദൗത്യം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുക. തിരുസഭയുടെ ദൗത്യം സഭയുടെ ശിരസ്സായ ഈശോയുടെ ദൗത്യമാണ്. അതില്‍ നമ്മളും പങ്കാളികളാകണം. സ്വര്‍ഗ്ഗാരോഹണ തിരുന്നാളിനായിട്ട് ഒരുങ്ങുന്ന ദിവസങ്ങളാണിത്. വരുന്ന വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍. അതിനുള്ള ഒരുക്കമായി, വചനം നമൃദ്ധമായി ഒഴുകപ്പെടണം. വചനത്താല്‍ നമ്മള്‍ കഴുകപ്പെടണം. പത്രോസിന് ഈശോ നല്കിയ പാഠമായിരിക്കണം നമുക്ക് പാഠമാകേണ്ടത്. ‘ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമായി കാണരുത്’. സഭാംഗങ്ങള്‍ ഇത് ഗ്രഹിക്കണം. എനിക്ക് ജീവിക്കാനുള്ള അവകാശമുള്ളതുപോലെ ഓരോ മനുഷ്യനും അവകാശമുണ്ട്. ക്രിസ്ത്യാനികളായ നമ്മള്‍ അത് മറക്കാന്‍ പാടില്ല.

അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു.

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

സ്പിരിച്വല്‍ ടീം. മലയാളം യുകെ.

വേദനിക്കുന്ന മനസ്സുകള്‍ക്ക് അല്പം ആശ്വാസം പകരാന്‍ തക്കവണ്ണം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയും വൈദീകരും വിശ്വാസികളും പ്രാര്‍ത്ഥനയ്ക്കായി ഒരുമിക്കുകയാണ്. യുകെ സമയം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഈ പ്രാര്‍ത്ഥനായജ്ഞം സൂമില്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കു ചേര്‍ന്ന് രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കാന്‍ ആഗോളതലത്തിലുള്ള എല്ലാ വിശ്വാസികളോടുമായി ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ് അഭ്യര്‍ത്ഥിക്കുകയാണ്.
പ്രാര്‍ത്ഥനായജ്ഞത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മിശിഹായുടെ ആഗമനത്തില്‍ ശ്രവിച്ച സ്വര്‍ഗ്ഗീയ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിന് സ്തുതി! ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം എന്നാണ്. ആട്ടിടയന്‍മാരും പൗരസ്ത്യ വിജ്ഞാനികളും അവിടുത്തെ സന്ദര്‍ശിക്കുന്നു. അവര്‍ ശിശുവിനെ ആരാധിച്ച് അനര്‍ഘനിക്ഷേപങ്ങള്‍ കാഴ്ചവെയ്ക്കുന്നു.

നാം ദിവ്യകാരുണ്യ സ്വീകരണാവസരത്തില്‍ എത്രമാത്രം സ്‌നേഹവും തീഷ്ണതയും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മിശിഹായ്ക്കു മൂന്നു ജനനങ്ങള്‍ ഉണ്ടെന്നാണ് ദൈവശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നാമത്തേത് നിത്യത്വത്തില്‍ പിതാവില്‍ നിന്നുള്ള ജനനം, രണ്ടാമത്തേത് കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ പരിശുദ്ധ കന്യകാ മേരിയില്‍ നിന്നുള്ള ജനനം, മൂന്നാമത്തേത് നമ്മില്‍ ഓരോരുത്തരിലുമുള്ള അവിടുത്തെ ആദ്ധ്യാത്മിക ജനനമാണ്. ആ ജനനത്തിലും പരിശുദ്ധ കന്യകയ്ക്ക് ഒരു പങ്കുണ്ട്.

പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്നു അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു പുല്‍കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരനു മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്നു ദുഃഖിച്ചു എങ്കിലും സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്‌നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്‌നേഹവായ്പിനാല്‍ സംതൃപ്തമാക്കേണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണേ..

സുകൃതജപം.
പിതാവായ ദൈവത്തിന്റെ പുത്രീ,
പുത്രനായ ദൈവത്തിന്റെ മാതാവേ, പരിശുദ്ധാത്മാവിന്റെ മണവാട്ടി, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ..

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവം അവിടുത്തെ ദിവ്യകുമാരന്റെ ആഗമനത്തിന് ലോകത്തെ അനേക സഹസ്രാബ്ദങ്ങള്‍ ഒരുക്കിയിട്ടും അവിടുന്ന് ലോകത്തില്‍ അവതീര്‍ണ്ണനായപ്പോള്‍ അവിടുത്തേയ്ക്ക് വന്നു പിറക്കുവാന്‍ സ്ഥലമില്ല എന്ന വസ്തുതയാണ് നാം കാണുന്നത്. ഇത് ദിവ്യ ജനനിക്ക് എത്ര വേദനാജനകമായിരുന്നു. ഇന്നത്തെ ലോകത്തിലും മതങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നും ക്രിസ്തുവിനെ ബഹിഷ്‌കരിച്ച് ക്രിസ്തുവില്ലാത്ത ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ പരിശ്രമിക്കുകയാണ്. അതിനാല്‍ പരിശുദ്ധ കന്യകയിലൂടെ ക്രിസ്തുവിനെ വീണ്ടും പ്രസ്തുത രംഗങ്ങളിലെല്ലാം പ്രതിഷ്ഠിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്റെ ആദ്യത്തെ ആഗമനത്തിന് മേരി കളമൊരുക്കി.

പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അങ്ങേ വിരക്ത ഭര്‍ത്താവായ യൗസേപ്പിനോടു കൂടി ബത് ലഹത്ത് ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ടു ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലോ. എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനിക ലോകം അവിടുത്തെ തിരുക്കുമാരനെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ബഹിഷ്‌കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത തരംഗങ്ങളിലെല്ലാം അങ്ങേ തിരുകുമാരന് പ്രവേശനം നല്‍കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.. പ്രത്യേകമായി ഞങ്ങളുടെ ഹൃദയത്തില്‍ അവിടുത്തെ ഞങ്ങള്‍ രാജാവായി അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമേ..

സുകൃതജപം.
സ്വര്‍ഗ്ഗരാജ്ഞീ..
ഞങ്ങളെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിനര്‍ഹമാക്കേണമേ…

ഷിബു ജേക്കബ്

ലണ്ടൻ യുകെ : യുകെയിൽ കഴിഞ്ഞ ആഴ്‌ച്ച ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ മൃതസംസ്കാര ശുശ്രുഷകൾ യുകെയിൽ വെച്ച് തന്നെ നടത്തുവാൻ തീരുമാനമായി.യാക്കോബായ സുറിയാനി സഭ- യുകെ റീജിയൻ അടിയന്തിരമായി കൂടിയ കൗൺസിലിന്റെ മീറ്റിങ്ങിലാണ് തീരുമാനം.

യാക്കോബായ സഭയുടെ യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു് കൗൺസിലും, തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയോടൊപ്പം, വൈദീകരും കൂടിചേർന്നാണ് പുരോഹിതന്റെ മൃതസംസ്കാര ശുശ്രുഷകൾ ക്രമീകരിക്കുന്നത്.

ഗവണ്മെന്റ് പ്രോട്ടോകോൾ അനുസരിച്ചുള്ള ശുശ്രൂഷകളും,കോവിഡിനെ തുടർന്നുള്ള കുടുംബാംഗളുടെ ആരോഗ്യ സ്ഥിതിയും കൂടി കണക്കിലെടുത്താകും സഭ ചടങ്ങുകൾ സംഘടിപ്പിക്കുക.തിയതിയും ,സംസ്കാര ശുശ്രൂഷകളും ,ഉൾപ്പടെ തുടർന്നുള്ള ക്രമീകരണങ്ങൾ കൗൺസിൽ അറിയിക്കുന്നതായിരിക്കും.

അച്ചന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗളോടൊപ്പം, ഇതര സഭകളിൽ നിന്നും അനുശോചനം രേഖപ്പെടുത്തിയ മതമേലധ്യക്ഷന്മാരെയും മറ്റു മതസ്ഥരെയും പ്രസ്ഥാനങ്ങളെയും പ്രാർത്ഥനാപൂർവ്വം സ്മരിക്കുകയും അവരോടുള്ള കൃതജ്ഞതയും കൗൺസിൽ രേഖപ്പെടുത്തുകയുണ്ടായി .യൂറോപ്പിലും ,ഇംഗ്ലണ്ടിലെ വിവിധ ദേവാലയങ്ങളിൽ സേവനം ചെയ്തിട്ടുള്ളതും ,സൺ‌ഡേ സ്കൂൾ ഉൾപ്പടെയുള്ള ആത്‌മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വവും നൽകിയതുമായ അച്ചന്റെ സേവനം നിസ്വാർത്ഥവും വിലമതിക്കാനവാത്തതും ആയിരുന്നുവെന്നു കൗൺസിൽ വെളുപ്പെടുത്തി.

പോർട്സ്മൗത്ത് ക്യൂൻ അലക്സാൻഡ്രാ ഹോസ്പിറ്റൽ പ്രധാന ചാപ്ലിനായി പ്രവർത്തിക്കുമ്പോൾ തന്നെ വർത്തിങ്ങ് ഹോസ്പിറ്റൽ ചാപ്ലിൻ സി ടീമിനെ അച്ചൻ സഹായിച്ചിരുന്നു. ഈ കോവിഡ് സാഹചര്യങ്ങളിൽ, ഹോസ്പിറ്റലിലെ സ്റ്റാഫിനും രോഗികൾക്കും സാന്ത്വനവും പ്രചോദനവുമായിരുന്ന അച്ചൻ സ്വന്തം ആരോഗ്യം പോലും വകവക്കാതെ മുന്നണിപ്പോരാളിയായി നിന്ന് സ്വജീവിതം സമർപ്പിച്ചതായി കൗൺസിൽ വിലയിരുത്തി.

കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പ്രിയപ്പെട്ട അച്ചനെയും ,കോവിഡ് മൂലം മരണപ്പെട്ടവരെയും ,ദുഃഖാർത്ഥരായ കുടുംബാംഗളെയും ,വിശ്വാസി സമൂഹത്തേയും , തിരുസന്നിധിയിൽ ഓർത്തു പ്രാർത്ഥിച്ചു കൊണ്ട് യോഗം പര്യവസാനിച്ചു.

 

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മരിയാംബിക ഉദരസ്ഥിതനായ മിശിഹായേയും സംവഹിച്ചുകൊണ്ടാണ് സേവനത്തിന് പുറപ്പെടുന്നത്. തന്നിമിത്തം മേരിയുടെ അവിടുത്തെ സാന്നിദ്ധ്യം തന്നെ അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഏലീശ്ബാ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി മേരി ദൈവമാതാവായി എന്നുള്ള വസ്തുത പ്രഖ്യാപിക്കുകയാണ്. ഉദരസ്ഥിതനായ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെടുന്നു. നാമും സേവനത്തിനു പോകുമ്പോള്‍ ക്രിസ്തു വാഹകരായിരുന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലമണിയും. 1972ല്‍ മദര്‍ തെരേസയ്ക്ക് നെഹ്രു അവാര്‍ഡ് നല്‍കിയതിനു ശേഷം അവരുടെ പ്രവര്‍ത്തന വിജയത്തിനുള്ള കാരണമാരാഞ്ഞ പത്രപ്രതിനിധികളോട് മദര്‍ തെരേസ ഇപ്രകാരം പ്രസ്താവിച്ചു. ഞാന്‍ എല്ലാ ദിവസവും രാവിലെ പ. കുര്‍ബാനയില്‍ മിശിഹായെ ആരാധിക്കും. പിന്നീട് കല്‍ക്കട്ടായിലും ബോംബയിലുമുള്ള തെരുവീഥികളില്‍ കാണുന്ന പരിത്യക്തരിലും കുഷ്ട രോഗികളിലും മരണാസന്നരിലും ഞാന്‍ മിശിഹായെ ആരാധിക്കുന്നു. ഇതു പോലെ ഓരോ കൃസ്ത്യാനിയും ഒരു ക്രിസ്തു വാഹകനായിരിക്കണം.

പ്രാര്‍ത്ഥന.
പ. കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരിസ്ഥനായ മിശിഹായേയും സംവഹിച്ചുകൊണ്ടു പോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുകരിച്ചു മറ്റുള്ളവര്‍ക്ക് സേവനം അര്‍പ്പിക്കുന്നതിനു വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവന രംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കു വേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യ ജനനീ, അങ്ങ് മിശിഹായോടു കൂടി സേവനത്തിന് പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രാപിച്ച് തരണമേ.

സുകൃതജപം.
ഏലിശ്വായെ സന്ദര്‍ശിച്ച് സഹായിച്ച പരിശുദ്ധ ദൈവമാതാവേ… പരസ്‌നേഹം ഞങ്ങളില്‍ വളര്‍ത്തണമേ…

ഫാ. ജോസഫ് അന്തിയാകുളം.
ആംഗലേയ കവിയായ വില്യം വേഡ്‌സ് വര്‍ത്ത് മറിയത്തെ വിശേഷിപ്പിക്കുന്നത് കറ പുരണ്ട മനുഷ്യ പ്രകൃതിയുടെ ഏക അഭിമാനമെന്നാണ്. പരിശുദ്ധ അമ്മ നമ്മുടെയും അമ്മയായിരിക്കുവാന്‍ ദൈവം തിരുമനസ്സായി. അമ്മയെ മറന്നു കൊണ്ട് ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. മെയ്മാസം പ്രത്യേകമായി പരിശുദ്ധ അമ്മയെ സ്തുതിക്കുവാനും ബഹുമാനിക്കാനും ഉപയോഗിക്കുന്നു. വളരെ ചെറുപ്പം മുതല്‍ പരിശുദ്ധ അമ്മയോട് അതിരറ്റ ഭക്തിയിലും സ്‌നേഹത്തിലും വളരാന്‍ മാതാപിതാക്കള്‍ ഇട നല്‍കി. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇന്നുവരെ മെയ് മാസ വണക്കം മുടങ്ങിയിട്ടില്ല. ഒരു ശിശുവിന് തന്റെ അമ്മ എത്രമാത്രം ആവശ്യമാണോ, അതിലേറെ ആവശ്യമാണ് പരിശുദ്ധ അമ്മ ഒരു ആധ്യാത്മിക വ്യക്തിയുടെ ജീവിതത്തില്‍. ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയും അമ്മയോടുള്ള വാത്സല്യവും ഇന്നും കൈമുതലായിരിക്കുന്നു. പൗരോഹിത്യ ജീവിതത്തില്‍ മരീചികകളെ മരു പച്ചകളാക്കി മാറ്റുവാന്‍ പരിശുദ്ധ അമ്മ തന്നെയാണ് എന്റെ സഹായി. സമസ്ത ലോകവും വന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശുദ്ധരുടെ ഗണത്തില്‍ പ്രഥമസ്ഥാനമാണ് പരിശുദ്ധ മറിയത്തിനുള്ളത്. മറിയത്തൊടുള്ള ഭക്തിയും വിശ്വാസവും സ്‌നേഹവും ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുവാന്‍ ഞാന്‍ പരിശ്രമിക്കുന്നു. ഇതിന് എന്നെ പ്രാപ്തനാക്കുന്നത് പരിശുദ്ധ മറിയം വെറുതെ സ്വര്‍ഗ്ഗത്തിലിരിക്കുന്നവളല്ല, മറിച്ച് കൂടെ കൈ പിടിച്ച് നടത്തുന്നവളും നമ്മുടെ ഓരോ കാല് വെയ്പ്പും കാണുന്നവളുമാണ് എന്ന ഉറച്ച ബോധ്യമാണ്.

എല്ലാ മനുഷ്യരും പരിശുദ്ധ അമ്മയെ വേണ്ട വിധം മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ലോകം അതീവ സുന്ദരമാകുമായിരുന്നു. പരിശുദ്ധ അമ്മയെ കൂടുതല്‍ അറിയും തോറും കൂടുല്‍സ്‌നേഹിക്കാനും മാതൃ പരിലാളനയില്‍ വളരാനും ഇടയാകുന്നു. പല അപകടങ്ങളില്‍ നിന്നും കാത്ത് പരിപാലിച്ചവളും എന്തിനും എവിടെയും സംരക്ഷണം തന്നവളുമാണ് പരിശുദ്ധ അമ്മ. മൂന്നാം വയസ്സില്‍ അമ്മ പഠിപ്പിച്ച കുഞ്ഞ് പ്രാര്‍ത്ഥന ദിവസത്തില്‍ അനേകം പ്രാവശ്യം ആവര്‍ത്തിക്കുന്നു.
എന്റെ അമ്മേ… എന്റെ ആശ്രയമേ…
പരിശുദ്ധ അമ്മ എന്റെ എല്ലാമാണ്.

പ്രാര്‍ത്ഥന.
ദൈവമേ, അങ്ങ് പരിശുദ്ധ കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ദൈവജനനീ അങ്ങ് സര്‍വ്വ സൃഷ്ടികളിലും ഉന്നതയാണ്. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യ സുതന്റെ യഥാര്‍ത്ഥ അനുഗാമികളായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. സര്‍വോപരി ആദ്ധ്യാത്മികവും ഭൗതീകവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരണമേ..

സുകൃതജപം.
ഉണ്ണീശോയെ ഉദരത്തില്‍ വഹിച്ച മാതാവേ, അങ്ങേ തിരുകുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ

RECENT POSTS
Copyright © . All rights reserved