Spiritual

കീത്തിലി. വെസ്റ്റ് യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ പ്രാദേശികരായ പാശ്ചാത്യ സമൂഹം കൊണ്ടാടി. ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ നടന്നആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തേക്കുറിച്ച് കാനൻ മൈക്കിൾ മക്രീഡി വിശ്വാസികളോട് സംസാരിച്ചു. അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഭാരതത്തിലേയും പ്രത്യേകിച്ച് ലീഡ്സ് സീറോ മലബാർ മിഷനിലേയും ക്രൈസ്തവ സമൂഹത്തിന് പ്രത്യേകം തിരുന്നാൾ മംഗളങ്ങൾ നേർന്നു. തുടർന്ന് പ്രധാന അൽത്താരയിൽ നിന്നും വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൽത്താരയിലെയ്ക്ക് പ്രദക്ഷിണം. അതേ തുടർന്ന് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പാശ്ചാത്യരായ വിശ്വാസികൾ ഒന്നടങ്കം രൂപത്തിങ്കലേയ്ക്ക് തിരിഞ്ഞു നിന്ന് പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കുചേർന്നു. നിരവധി മലയാളി കുടുംബങ്ങളും തിരുന്നാളിൽ പങ്കെടുക്കാനെത്തിയിരുന്നു.

2011 ലാണ് കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ കീത്തിലിയിലെ മലയാളി ക്രൈസ്തവർ അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുവാനും വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനുമായി എത്തിയിരുന്നത് ഈ ദേവാലയത്തിലായിരുന്നു. ഫാ. ഷോൺ ഗില്ലിഗണിനു ശേഷം 2010 ൽ ഇടവക വികാരിയായി സ്ഥലം മാറി വന്ന കാനൻ മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സെൻറ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചത്. ഈ കാലയളവിൽ മാസത്തിൽ ഒരിക്കൽ കീത്തിലിയിൽ മലയാളം കുർബാന നടന്നിരുന്നു. 2011 മെയിൽ ഫാ. സജി തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്തിൽ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചു. രണ്ടര മണിക്കൂർ നീണ്ടുനിന്ന ശുശ്രൂഷകളിൽ മുഴുവൻ സമയവും കാനൻ മൈക്കിൾ മക്രീഡി സഹകാർമ്മികനായി. യോർക്ഷയറിന്റെ മിക്കയിടങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് തിരുന്നാളുകളും നേവേനാ പ്രാർത്ഥനകളും കൃത്യമായി നടന്നു പോന്നു. 2013 -2014ൽ റവ. ഫാ. ജോസഫ് പൊന്നേത്ത് ചാപ്ലിനായി സീറോ മലബാർ ചാപ്ലിൻസി രൂപപ്പെട്ടപ്പോൾ എല്ലാ ശുശ്രൂഷകളും അവിടേയ്ക്ക് മാറ്റി. ഫാ. പൊന്നേത്തിന്റെ ശ്രമഫലമായി ലീഡ്സ് രൂപത സീറോ മലബാർ വിശ്വാസികൾക്കായി സ്വതന്ത്ര ഉപയോഗത്തിനായി ദേവാലയം അനുവദിക്കുകയും അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപം കൊള്ളുകയും ചെയ്തു.

വിശുദ്ധ കുർബാനയ്ക്കും പ്രത്യേക ശുശ്രൂഷകൾക്കും മാത്രമായി തുറന്നിരുന്ന കീത്തിലി സെന്റ് ആൻസ് ദേവാലയം കാനൻ മൈക്കിൾ മക്രീഡിയുടെ വരവോടു കൂടി പകൽ സമയങ്ങളിൽ ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുത്തു. കത്തീഡ്രൽ ദേവാലയങ്ങൾ ഒഴിച്ചാൽ പകൽ സമയം ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്ന ആദ്യത്തെ ദേവാലയമെന്ന ഖ്യാദിയും കീത്തിലി സെന്റ് ആൻസ് ദേവാലയം സ്വന്തമാക്കി. തുടക്കത്തിൽ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ക്രമേണ ആരാധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. പകൽ സമയങ്ങളിൽ എത്തുന്നവർ വിശുദ്ധരുടെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിക്കുകയും തിരികൾ കത്തിക്കുകയും നേർച്ച കാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു വരുന്നു. അൽഫോൻസാമ്മയെക്കുറിച്ചറിഞ്ഞ് രൂപത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കുന്നവരും ധാരാളം. മറ്റുള്ള രൂപങ്ങളോടൊപ്പം തന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും അലങ്കരിക്കുന്നതിനും തിരികൾ കത്തിക്കുന്നതിനും ഇടവകാംഗങ്ങൾ കൂടുതൽ താല്പര്യം കാണിക്കുന്നു . ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലീഡ്സ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർക്കസ്, ലീഡ്സ് സീറോ മലബാർ മിഷൻ ചെയർമാൻ ഫാ. മാത്യൂ മുളയോലിൽ എന്നിവർ സെന്റ് ആൻസ് ദേവാലയം സന്ദർശിക്കുകയും രൂപത്തിന് മുമ്പിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. പാശ്ചാത്യ സമൂഹം ദേവാലയത്തിൽ നിന്നകലുമ്പോൾ കീത്തിലി സെന്റ് ആൻസ് ദേവാലയം അതിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഞായറാഴ്ചകളിൽ വിശ്വാസികളെ കൊണ്ട് തിങ്ങി നിറയുന്നു. കാനൻ മൈക്കിൾ മക്രീഡിയുടെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രകടമായ തെളിവാണ് നൂറു കണക്കിന് പാശ്ചാത്യരായ വിശ്വാസികളോടൊപ്പം ഭാരത സഭയുടെ ആദ്യ വിശുദ്ധയുടെ തിരുന്നാൾ ആഘോഷം.

സീറോ മലബാർ സഭയുടെ ലീഡ്‌സ് മിഷൻ ഡയറക്ടർ ഫാ . മാത്യു മുളയോലിയുടെ അമ്പതാം ജന്മദിനം ലീഡ്‌സുകാർ സ്‌നേഹവിരുന്നോടെ ആഘോഷമാക്കി . കഴിഞ്ഞ മൂന്നു വർഷങ്ങളായി ഫാ . മാത്യു മുളയോലി ലീഡ്‌സിലെ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ സേവനം അനുഷ്ഠിച്ചു വരികയാണ് .

ഫാ .മാത്യു മുളയോലിയുടെ ജന്മദിനം ജൂൺ 23 ആയിരുന്നെങ്കിലും , വിശ്വാസികളുടെ സൗകര്യാർത്ഥം , തങ്ങളുടെ പ്രിയപ്പെട്ട മുളയോലി അച്ചൻ അമ്പത്തിന്റെ നിറവിലെത്തുന്നതിനോടനുബന്ധിച്ചുള്ള ആഘോഷം ഞായറാഴ്ച കുർബാനയ്ക്ക് ശേഷമാക്കുകയായിരുന്നു . തലശ്ശേരി രൂപതാഗമായ ഫാ . മാത്യു മുളയോലി കേരളത്തിൽ വിവിധ മേഘലകളിൽ സഭയ്‌ക്കുവേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചതിന്റെ പരിചയവുമായാണ് ഇംഗ്ലണ്ടിലേ ലീഡ്‌സിൽ എത്തിയത് . കേരളത്തിൽ മിഷൻലീഗിന്റെ ഡയറക്ടർ ആയിരുന്ന സമയത്ത് സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് സഭാപ്രവർത്തനം നടത്തിയ ഫാ . മാത്യു മുളയോലിയുടെ അനുഭവപരിചയം ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ് . മുളയോലി അച്ചന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ച് കേയ്ക്കു മുറിച്ച് മധുരം പങ്കിട്ട വിശ്വാസികൾ ലളിതമായ സ്‌നേഹവിരുന്നിനു ശേഷമാണ് പിരിഞ്ഞത്.

 

വത്തിക്കാൻ സിറ്റി: 2020 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ ലബനനിൽ വച്ച് നടക്കുന്ന കത്തോലിക്കാ – ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തിൽനിന്നുള്ള ഫാദർ ജിജി പുതുവീട്ടിൽക്കളം എസ്സ്. ജെയെ വത്തിക്കാനിലെ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ള ക്രൈസ്തവ സഭകളുമായി സഭാഐക്യ സംവാദങ്ങൾ നടത്താനും മാർഗ്ഗരേഖകൾ
തയ്യാറാക്കാനുമുള്ള മാർപാപ്പയുടെ പരമോന്നത സമിതിയായ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള ഈ പൊന്തിഫിക്കൽ കൗൺസിലിന്റെ ആസ്ഥാനം വത്തിക്കാനിലാണ്.

ലബനനിൽ വച്ച് നടത്തുന്ന ഈ അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിൽ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായ കർദിനാൾ കുർഹ് കോഹിന്റെ ന്വേതൃത്വത്തിൽ സഭാപിതാക്കന്മാരടക്കമുള്ള 14 ദൈവശാസ്ത്രജ്ഞമാരും ഇന്ത്യയിൽനിന്നുള്ള മലങ്കര സിറിയൻ ഓർത്തഡോക്സ് (യാക്കോബായ), മലങ്കര ഓർത്തഡോക്സ് സിറിയൻ (ഇന്ത്യൻ ഓർത്തഡോക്സ്) സഭകളുൾപ്പെടെയുള്ള 6 ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രഞ്ജരും പങ്കെടുക്കും. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നിരീക്ഷകരടക്കം 30 പേര് പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തിൽ കാത്തോലിക്കാ സഭയെ പ്രതിനിധികരിച്ചുള്ള നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാദർ ജിജിയാണ്. കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലുള്ള സഭകൾക്കും പൊതുവായുള്ള ദൈവശാസ്ത്ര വിജ്ഞാനീയങ്ങളും നിലപാടുകളും തിരിച്ചറിയുക, ഇരു വിഭാഗങ്ങൾക്കിടയിലും
പൊതുധാരണകളായി ഉരുത്തിരിയുന്ന മാർഗനിർദ്ദേശങ്ങൾ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് നിരീക്ഷകനായ ഫാദർ ജിജിയിൽ നിക്ഷിപ്തമായിരിക്കുന്നത്. 2001 – ൽ ഈശോസഭയിൽ പ്രവേശിച്ച ഫാദർ ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്‌ഫോർഡ് സർവകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്‌ഫോർഡ് സർവകലാശാലയിൽ
പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന ഫാദർ ജിജി, നിലവിൽ സിറോ-മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടൺ സിറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കൺസൾട്ടറും കാർഡിനൽ ന്യൂമാൻ സീറോ മലബാർ കാത്തലിക് മിഷൻ ഓക്സ്ഫോർഡ്ഷയറിന്റെ കോർഡിനേറ്ററുമാണ്.

സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്നും 2017 ഓഗസ്റ്റ് 19 – ന് വൈദികപട്ടം സ്വീകരിച്ച ഫാദർ ജിജി, ആലപ്പുഴ പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടിൽക്കളം പി. റ്റി ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദികനായ ഫാദർ റ്റെജി പുതുവീട്ടിൽക്കളത്തിൻറെ സഹോദരനുമാണ്.

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസിനായുള്ള ” ഒരുക്കങ്ങൾ പൂർത്തിയായി . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് നാളെ ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.  യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ജിത്തു ദേവസ്യ ‭07735 443778‬.

ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ ഓഗസ്റ്റ്‌ മൂന്നാം തീയതി മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിറ്റ്രീറ്റ്‌ നടത്തും. അന്നേ ദിവസം വിമലഹ്രുദയ സമർപ്പണവും വിമലഹ്രുദയ ജപമാലയും ഉണ്ടായിരിക്കും. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട്‌ അച്ചനും സീറോ മലബാർ ചാപ്ലിൻ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലും ഡീക്കൻ ജോയിസ്‌ ജെയിംസിനുമൊപ്പം മരിയൻ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു.രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികൾക്ക്‌ പ്രെത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.

ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഈ വരുന്ന ജൂലൈ 26 ,27 ,28  തീയതികളിൽ വിശുദ്ധ അൽഫോൻസയുടെ തിരുനാൾ ഭക്തി ആദരപൂർവം ആഘോഷിക്കുന്നു. വിശുദ്ധ അൽഫോസായുടെ തിരുശേഷിപ്പ് കുടികൊള്ളുന്ന മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വെകുന്നേരം 5 . 30 മുതൽ നൊവേന, വിശുദ്ധകുർബാനയും, ലദീഞ്ഞും തുടർന്ന് തിരുശേഷിപ്പ് വണക്കത്തിനായും അവസരം ഒരുക്കിയിരുന്നു. പ്രദാന തിരുനാൾ ദിവസമായ ജൂലൈ 28  വൈകുന്നേരം നാലുമണിമുതൽ ശുശ്രൂക്ഷകൾ ആരംഭിക്കുന്നതായിരിക്കും. തിരുക്കർമങ്ങളിലും തിരുനാളിലും പങ്കെടുത് അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനായി ഏവരേയും മദർ ഓഫ് ഗോഡ് ദേവാലയ അങ്കണത്തിലേക്കു സ്വാഗതം ചെയൂന്നതായി മിഷൻ ഡയറക്ടർ മോൺസിഞ്ഞോർ ഫാദർ ജോർജ്‌ തോമസ് ചേലക്കൽ അറിയിച്ചു.

സ്റ്റോക്ക് ഓൺ ട്രെൻഡ്: വിശ്വാസജീവിതത്തിന് പ്രാധാന്യം നൽകുന്ന മലയാളികൾ പ്രവാസ ജീവിതത്തിലും അതിനു ഭംഗം വരുത്തുന്നില്ല എന്നത് നല്ല കാര്യമായി തന്നെ കരുതാം. കുട്ടികളെ മതപരമായ കാര്യങ്ങളിൽ വളർച്ച പ്രാപിക്കുന്നതിന് ഓരോ കുടുംബവും കുർബാന സെന്ററുകളോട് ചേർന്ന് നിന്ന് പരിശ്രമിക്കുന്ന കാഴ്ച യുകെയിൽ ഉടനീളം കാണാൻ കഴിയുന്ന ഒന്നാണ്. കുട്ടികളിൽ ബൈബിൾ വായനാശീലം വളർത്തുന്നതിനൊപ്പം രക്ഷകനായ യേശുവിനെ ഒരോരുത്തരുടെയും ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പല പരിപാടികളിൽ ഒന്നാണ്  സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

ഒരു ടീമിൽ രണ്ട് പേർക്കാണ് പങ്കെടുക്കാവുന്നത്. ഒന്നാം ക്ലാസ്സ്‌ മുതൽ പതിമൂന്നാം ക്ലാസ്സുകളിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഇരുപത് പൗണ്ടാണ് രജിസ്‌ട്രേഷൻ ഫീസ് ആയി ഓരോ ടീമും നൽകേണ്ടത്. അപേക്ഷിക്കേണ്ട അവസാന ദിവസം സെപ്റ്റംബർ ഏഴാം തിയതിയാണ്. സെപ്തംബർ ഇരുപത്തിയൊന്നാം തിയതി രാവിലെ പത്ത് മണി മുതൽ നാല് മാണി വരെയാണ് മത്സരസമയം ക്രമീകരിച്ചിരിക്കുന്നത്. ബൈബിളിലെ ഏതൊക്കെ ഭാഗങ്ങൾ ആണ് എന്ന കാര്യം ഫോട്ടോയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.

കഴിഞ്ഞ വർഷം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 44 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ വച്ച് നടന്ന പ്രഥമ ഓൾ യുകെ ക്വിസ് മൽസരത്തിൽ പങ്കെടുത്തത്. ഇപ്രാവശ്യം ഒന്നാം സമ്മാനമായ £250 ഉം ട്രോഫിയും സ്‌പോർസർ ചെയ്യുന്നത് അലൈഡ് മോർട്ഗേജ്  ആൻഡ് ഫിനാൻഷ്യൽ സർവീസ് ആണ്. സോണി ജോസ് അരയത്തിങ്കര സ്പോൺസർ ചെയ്‌തിരിക്കുന്ന £150 ഉം സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും ആണ് രണ്ടാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് ലഭിക്കുന്നത്.  ലിജിൻ ബിജു സ്പോൺസർ ചെയ്‌തിരിക്കുന്ന സമ്മാനമായ  £100 പൗഡും അന്നക്കുട്ടി വർക്കി വലോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നു. കൂടാതെ ഇരുപത്തിയഞ്ച് പൗണ്ട് വീതം പത്ത് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും വിളിക്കേണ്ട നമ്പർ 

തോമസ് വർഗ്ഗീസ് -07912036132

സോഫി ജോർജ്ജ്- 07588773719

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത് എന്ന് അറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്കുള്ള സീറോ മലബാർ സഭയുടെ മൂന്നാമത് തീർഥാടനം ഭക്തിനിർഭരമായ അനുഭവങ്ങൾ വിശ്വാസികൾക്ക് നൽകി പര്യവസാനിച്ചു. പ്രതിക്കൂലമായ കാലാവസ്ഥ പ്രവചങ്ങളെ അവഗണിച്ചു വാൽസിംഗ്ഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ ആയിരുന്നു.

രാവിലെ ഒന്പത് മണിക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ പതാക ഉയർത്തിയതിനോടുകൂടി തിരുനാളിന്റെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികൻ ആയി. അച്ചടക്കത്തിലും ചിട്ടയായ പ്രവർത്തനത്തിലും ശ്രദ്ധേയമായ തീർഥാടനത്തിൽ വിശ്വാസികളുടെ ഭക്തിനിർഭരമായ പ്രദിക്ഷണം എടുത്തു പറയേണ്ടതാണ്. ബൈബിളിലെ വേലക്കാരന്റെ ഉപമയിലെ വെള്ളക്കാരന്റെ മനോഭാവമാണ് സഭാ മക്കൾക്ക് ഇന്നിന്റെ ആവശ്യമെന്ന് കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി.യൂദാസിനും മറ്റ് ശിക്ഷ്യൻമ്മാർക്കും ഒരേ വിളിയാണ് ലഭിച്ചത്. എന്നാൽ യുദാസിന് ആ വിളി ഫലപ്രദമായി വിനയോഗിക്കുവാൻ സാധിച്ചില്ല. സീറോ മലബാർ സഭ ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. സഭ മുൻ കാലങ്ങളിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സഭ അതിജീവിക്കുകയും ചെയ്‌തിട്ടുണ്ട്‌ എന്നും പിതാവ് ചൂണ്ടിക്കാട്ടി. സഭയിലെ പ്രശ്നങ്ങളെ ചില സഭാവിരുദ്ധരും ചില മാധ്യമങ്ങളും ചേർന്ന് നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യുന്നതിനെ പരാമർശിച്ചാണ് പിതാവ് ഇത്തരുണത്തിൽ പ്രതികരിച്ചത്.

കോൾചെസ്റ്റർ സീറോ മലബാർ കാതോലിക്കാ സമൂഹമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍ത്സിങ്ങാം: നിറഞ്ഞു കവിഞ്ഞ മാതൃ ഭക്തരാലും, അവിരാമം ആലപിച്ച മാതൃ ഭക്തി സ്തോത്രങ്ങളാലും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് വാല്‍ത്സിങ്ങാം മരിയൻ തീർത്ഥാടനം അവിസ്മരണീയ മരിയപ്രഘോഷണോത്സവമായി. അഖണ്ട ജപമാല സമർപ്പണവും, ഭംഗിയായും ചിട്ടയായും അണിനിരന്ന തീർത്ഥാടകരും ആരാധനാസ്തുതിഗീതങ്ങളും , മരിയഭക്തി സ്പുരിക്കുന്ന പ്രഘോഷണങ്ങളും, ആത്മീയ അനുഭവത്തിന്റെ നവ്യാനുഭവം പകർന്ന തീർത്ഥാടന തിരുന്നാൾ ദിവ്യബലിയിയും, മാതൃസ്നേഹം വിളിച്ചോതിയ തിരുന്നാൾ സന്ദേശവും തീർത്ഥാടകർക്ക് മറക്കാനാവാത്ത ദൈവാനുഭവം സമ്മാനിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധഭാഗങ്ങളിൽനിന്നായി വൻ വിശ്വാസസമൂഹമാണ് ഇത്തവണത്തെ വാൽസിംഗ്ഹാം തിരുനാളിനെത്തിച്ചേർന്നത്.

പ്രവാസ ജീവിത യാത്രയിൽ സ്നേഹമയിയും സംരക്ഷകയുമായ ദൈവമാതാവിനെ ഹൃദയത്തിൽ ആഴമായി ചേർത്തു നിറുത്തുവാനുള്ള അതിയായ ആഗ്രഹം വിളിച്ചോതിയ തീർത്ഥാടനത്തിനു റെവ. ഫാ. ജോസ് അന്ത്യാകുളം, റെവ. ഫാ. ടോമി എടാട്ട്, ജോസഫ് എന്നിവർ നടത്തിയ ആരാധനാ-പ്രാർത്ഥനാ ശുശ്രുഷയോടെ ഭക്തി നിർഭരമായ തുടക്കമായി.

തുടർന്ന് റെവ. ഫാ.തോമസ് അറത്തിൽ MST നടത്തിയ മാതൃ വിശ്വാസപ്രഘോഷണം വാൽസിംഗാമിൽ തടിച്ചുകൂടിയ മാതൃഭക്തരിലേക്കു പരി. അമ്മയുടെ സാന്നിധ്യം കൊണ്ടുവന്നു. കുടുംബ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോയ പരിശുദ്ധ അമ്മയെപ്പോലെ മറ്റൊരു കുടുംബ നാഥയും ഈ ലോകത്തിലുണ്ടായിട്ടില്ലന്ന് തോമസ് അച്ചൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കൊടിയ അപമാനത്തിന്റെ ഘട്ടത്തിൽ തുടങ്ങി, ദാരിദ്രം, ഒളിച്ചോട്ടം, മകനെ നഷ്‌ടപ്പെട്ട അനുഭവം, അവസാനം കൺമുമ്പിൽ ക്രൂരമായി പീഡകളേറ്റു മരക്കുരിശിൽ തൂക്കി കൊല്ലപ്പെടുന്ന മകൻ, സ്വന്തം മടിയിൽ മകന്റെ മൃതശരീരവുമായി ഇരിക്കേണ്ട അവസ്ഥ അങ്ങിനെ ഏറെ ത്യഗങ്ങളും സഹനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുവാൻ തയ്യാറായ കുടുംബ നാഥയാണ് പരിശുദ്ധ അമ്മ. വേദനകളെയും വിഷമതകളെയും അടുത്തറിയുന്ന കരുണാമയിയായ അമ്മക്ക് മാത്രമേ നമ്മുടെ ഓരോ ചെറിയ വേദനയിലും, വിഷമത്തിലും സാന്ത്വനവും, മദ്ധ്യസ്ഥയുമാവാൻ കഴിയൂവെന്നും തോമസ് അച്ചൻ തന്റെ മരിയൻ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു. കുട്ടികളുടെ അടിമസമർപ്പണപ്രാർത്ഥനയ്ക്കുശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ തീർത്ഥാടകർക്കായി സ്വാദിഷ്ടമായ ചൂടൻ നാടൻ ഭക്ഷണ സ്റ്റാളുകൾ നിന്നുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കിയിരുന്നു.

വാൽഷിങ്ങാമിനെ മാതൃ സ്തോത്ര മുഖരിതവും മരിയൻ പ്രഘോഷണവുമാക്കിയ തീർത്ഥാടന പ്രദക്ഷിണം തീർത്ഥാടനത്തിൽ മാതൃ ശോഭ പകർന്നു. ആവേ മരിയാ സ്തുതിപ്പുകളും, പരിശുദ്ധ ജപമാലയും, മരിയൻ സ്തുതിഗീതങ്ങളുമായി മാതാവിന്റെ രൂപവും വഹിച്ചു നീങ്ങിയ തീർത്ഥാടനത്തിന്റെ ഏറ്റവും പിന്നിലായി ആതിതേയരായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റി അണി നിരന്നു. സ്വർണ്ണ കുരിശുകളും, മുത്തുക്കുടകളും, പേപ്പൽ പതാകകളും കൊണ്ട് വർണ്ണാഭമായ തീർത്ഥാടന യാത്രയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾ കൂട്ടി ചേർത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി. തീർത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്നപ്പോഴും സ്ലിപ്പർ ചാപ്പലിൽ പരശതം വിശ്വാസികൾ ആരംഭസ്ഥലത്തുനിന്ന് നടന്നു തുടങ്ങിയിട്ടില്ലായിരുന്നു. ഉള്ളിൽ മാതൃസ്നേഹവും ചുണ്ടിൽ മാതൃസ്‌തുതികളുമായി ആയിരക്കണക്കിന് മലയാളി മാതൃഭക്തരാണ് ഇത്തവണ വാത്സിങ്ങാമിനെ ആവേ മരിയാ സ്തോത്രങ്ങളിലൂടെ മുഖരിതമാക്കിയത്.

ആഘോഷമായ തിരുന്നാൾ കുർബ്ബാനയിൽ സ്ലിപ്പർ ചാപ്പൽ റെക്ടർ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ആഘോഷമായ തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ വികാരി ജനറാളുമാരായ മോൺ. ആൻ്റണി ചുണ്ടലിക്കാട്ട്, മോൺ. സജിമോൻ മലയിൽപുത്തൻപ്പുരയിൽ, മോൺ. ജോർജ്ജ് ചേലക്കൽ, മോൺ. ജിനോ അരീക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും യു കെ യുടെ വിവിധ ഭാഗങ്ങളിലും ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികർ തുടങ്ങിയവർ സഹകാർമികരായി. തീർത്ഥാടനത്തിൽ മുഖ്യ സംഘടകനായും ആഘോഷമായ തിരുന്നാൾ സമൂഹബലിയിൽ മുഖ്യ കാർമ്മികനായും നേതൃത്വം നൽകിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകിയ തിരുന്നാൾ സന്ദേശവും അനുബന്ധ ശുശ്രുഷകളും തീർത്ഥാടകർക്ക് ആത്മീയ വിരുന്നായി.

റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ ഒരുക്കിയ ഗായകസംഘത്തിൻ്റെ ഗാനാലാപം വിശ്വാസികൾക്ക്‌ ദിവ്യബലിയിലും മറ്റു പ്രാർത്ഥനാശുശ്രുഷകളിലും സ്വർഗീയാനുഭവം സമ്മാനിച്ചു. ഇത്തവണത്തെ ഗാനശുശ്രുഷയിൽ കുട്ടികളുടെ ഗായകസംഘവും ഗാനങ്ങളാലപിച്ചു. തീർത്ഥാടനം വൻവിജയമാക്കാൻ മാസങ്ങളായി അത്യദ്ധ്വാനം ചെയ്ത ആതിധേയരായ കോൾചെസ്റ്റർ കമ്മ്യൂണിറ്റിക്കും ഡയറക്ടർ റെവ. ഫാ. തോമസ് പാറക്കണ്ടത്തിലിനും അഭിനന്ദനങ്ങൾ അർപ്പിച്ചു. അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന ഹോവർഹിൽ സീറോ മലബാർ കമ്മ്യൂണിറ്റിയിലെ പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, കമ്മ്യൂണിറ്റിയിലെ കുടുംബാങ്ങങ്ങൾ എന്നിവർക്ക് കത്തിച്ച തിരികൾ നൽകി തിരുനാൾ ഏൽപ്പിക്കുകയും ആശീർവാദം നൽകുകയും ചെയ്തതോടുകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമായി. അടുത്ത വർഷത്തെ തിരുനാൾ 2020 ജൂലൈ 18 ശനിയാഴ്ച നടക്കും.

“ജീവിത തീർത്ഥാടന പാതയിൽ പരമ വിജയത്തിന് മാതൃ മാദ്ധ്യസ്‌ഥ്യം അനിവാര്യം” മാർ സ്രാമ്പിക്കൽ.

ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ആത്‌മീയആഘോഷമായ വാൽസിങ്ങം തീർത്ഥാടനത്തിന്റെ മൂന്നാം വർഷത്തെ മരിയോത്സവത്തിൽ ഏറെ ചിന്തോദ്ദീപകവും കുടുംബ ജീവിതം നയിക്കുന്നവർക്ക് സഹായകരമായ ഉപദേശങ്ങളും തിരുന്നാൾ സന്ദേശത്തിലൂടെ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കുവച്ചു. കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും,ശക്തിയുമായ പരി. അമ്മയെ നമ്മുടെ ഭവനങ്ങളിൽ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം ഓർമ്മിപ്പിച്ചു. ജീവിതമെന്ന തീർത്ഥാടനത്തിൽ സഹനങ്ങളും,ത്യാഗവും,സമർപ്പണവും അനിവാര്യമാണെന്നും സ്വർഗ്ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉൾക്കൊള്ളുവാനും, നേരിടുവാനും തയ്യാറായാലേ പരമ വിജയം നേടുവാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

എളിമയുടെയും സഹനത്തിന്റെയും സഹായത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ഏറ്റവും വലിയ മധ്യസ്ഥശക്തിയായ പരി. മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രവാസി മാതൃ ഭക്തർക്ക്‌ പ്രത്യേക അനുഗ്രഹങ്ങൾ പ്രാപ്യമാകട്ടെയെന്നും പിതാവ് ആശംശിച്ചു. രൂപതയുടെ അഭൂതപൂർവ്വമായ വളർച്ചയും, വിജയങ്ങളും പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്നും, ഈ വർഷത്തെ മൂന്നാമത് ബൈബിൾ കൺവെൻഷൻ മാതാവിന് സമർപ്പിക്കുകയാണെന്നും പിതാവ് പറഞ്ഞു.

 

കോൾചെസ്റ്റർ: ചെറിയ സമൂഹത്തിന്റെ മികച്ച സംഘാടകത്വം വിളിച്ചോതിയ മഹാതീർത്ഥാടനം.

ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടു തീർത്ഥാടനത്തെ അവിസ്മരണീയവും,അനുഗ്രഹ പൂരിതവുമാക്കാൻ കഴിഞ്ഞ ഒരു വർഷമായി അക്ഷീണ പരിശ്രമവും പ്രാർത്ഥനയും നടത്തിയ കോൾചെസ്റ്റർ എന്ന ചെറിയ സമൂഹം തീര്ത്ഥാടന വേദിയിൽ ഏറെ പ്രശംശിക്കപ്പെട്ടു. കോൾചെസ്റ്റർ കൂട്ടായ്മ്മ തങ്ങളുടെ ഒത്തൊരുമയും, കർമ്മ ശക്തിയും വിളിച്ചോതിയ തീർത്ഥാടനത്തിൽ തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾക്കും, ഭക്ഷണത്തിനും വേണ്ട ഒരുക്കങ്ങൾ ഭംഗിയായി നടതിയതും , പാർക്കിങ്ങ്, ട്രാഫിക് എന്നിവയിൽ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി.എത്തിച്ചേർന്ന ആയിരക്കണക്കിന് തീർത്ഥാടകരെ അടുക്കും ചിട്ടയുമായി സമയാനുസൃതമായി അണി നിരത്തി നടത്തിയ തീർത്ഥാടനം കൂടുതൽ ആകർഷകമായി. റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കോൾചെസ്റ്റർ കുടുംബാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മൂന്നാം വർഷത്തെ തിരുനാളിൽ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും പുത്തനുണർവും മാതൃസ്നേഹത്തിൻറെ സ്വർഗീയാനുഭവവും തിരുനാൾ സമ്മാനിച്ചു.

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ‘നസ്രത്തിലെക്കുള്ള’ മൂന്നാമത് തീര്‍ത്ഥാടനത്തിലൂടെ മുഴുവൻ മലയാളീ മാതൃ ഭക്തരും മരിയൻ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം നാളെ. മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും,സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലന ശ്രേഷ്ട നേതൃത്വം കൊണ്ടും പ്രമുഖ മരിയൻ പുണ്യ കേന്ദ്രത്തിൽ ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ കോൾചെസ്റ്റർ കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന മൂന്നാമത് വാല്‍ത്സിങ്ങാം മഹാ തീർത്ഥാടനം ചരിത്രം കുറിക്കും.

മാതൃ സമക്ഷം സമർപ്പിച്ച ഈ സുദിനം ഗതാഗത തടസ്സങ്ങളും, യാത്രാ ക്ഷീണവും ഒഴിവാക്കി പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ അടുത്ത സ്ഥലങ്ങളിൽ ഉള്ള ബന്ധു- സുഹൃത്തുക്കളുടെ അടുത്തും, ഹോട്ടലുകളിലുമായി തങ്ങുവാൻ ഉള്ള ഭക്തജന പ്രവാഹമാണ് വാൽസിങാമിന്റെ സമീപ സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഈസ്റ്റ് ആംഗ്ലിയായിലെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ കത്തോലിക്കാ സമൂഹം നടത്തി വരുന്ന അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി.

യു കെ യിലെ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വാൽസിങ്ങാം തീർത്ഥാടനത്തിൽ മുഖ്യ സംഘാടകനായും, കാർമ്മികനായും പങ്കുചേരുമ്പോൾ തന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, കർമ്മ തീക്ഷണതയും തീർത്ഥാടകരിൽ ആത്മീയോർജ്ജം പകരും.

നാളെ ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പ്രശസ്ത ധ്യാന ഗുരു ജോർജ്ജ് പനക്കൽ അച്ചൻ നയിക്കുന്ന മരിയൻ പ്രഘോഷണ പ്രഭാഷണം തീർത്ഥാടകർക്ക് ആല്മീയ വിരുന്നാവും സമ്മാനിക്കുക.

പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടുള്ള ഇടവേളയായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്‌ടപ്പെട്ട ചൂടുള്ള കേരള വിഭവങ്ങൾക്ക് പ്രശസ്തമായ കേറ്ററിംഗ് സ്ഥാപനത്തെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉച്ചക്ക് 12:45 ന് മരിയ ഭക്തര്‍ നടത്തുന്ന തീര്‍ത്ഥാടനം മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമർപ്പിച്ച് ,’ആവേ മരിയാ’ സ്തുതിപ്പുകളുമായി മാതൃ പുണ്യ സന്നിധേയത്തെ മരിയഭക്തി സാന്ദ്രമാക്കും

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് തിരുന്നാള്‍ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. വികാരി ജനറാളുമാരും മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും. വിഷിശ്ടാതിഥികളെയും തീർത്ഥാടകരെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാൾ ദിവ്യബലി ആരംഭിക്കും.

മൂന്നാമത് തീർത്ഥാടനത്തിൽ മലയാളി മാതൃഭക്തരാൽ വാൽസിങ്ങം നിറഞ്ഞു കവിയുമെന്നതിനാൽ മികച്ച സുരക്ഷാ ക്രമീകരണങ്ങളും, സംവിധാനങ്ങളും, സൗകര്യങ്ങളുമാണ് സംഘാടക സമിതി പ്രത്യേകം ഒരുക്കിയിരിക്കുന്നത്.

തീർത്ഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്റെ കൊമ്പൌണ്ടിലും, തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൗജന്യമായ പാർക്കിങ് സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുകയും, നിർദ്ധിഷ്‌ഠ പാർക്കിങ് സംവിധാനം ഉപയോഗിക്കേണ്ടതുമാണ്.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും,ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏറ്റവും അനുഗ്രഹീത മരിയൻ പുണ്യ കേന്ദ്രമായ വാൽസിങ്ങാം തീർത്ഥാടനത്തിലേക്ക് ആതിതേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടി ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved