റവ. സേവ്യർ ഖാൻ വട്ടായിൽ , ഫാ.സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന സമ്പൂർണ്ണ ബൈബിളിലൂടെ ഒരു കടന്നുപോകൽ നാളെ നൂറാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ വചനപ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള വിവിധ പ്രായക്കാരായ നൂറുകണക്കിന് ആളുകൾ ഈ ദൈവിക സംരംഭത്തിൽ പങ്കാളികളാണ്.
കേരളത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഈ ദൈവിക പദ്ധതിയുടെ ഭാഗമാണ് .
പ്രത്യേകമായ ഈ അസാധാരണ ദൈവിക സംരംഭത്തിന്റെ പൂർത്തീകരണത്തിനായി പങ്കാളിത്തവും പ്രാർത്ഥനാസഹായവും യേശുനാമത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി അഭ്യർത്ഥിക്കുകയാണ്.
ഫാ. ഹാപ്പി ജേക്കബ്
കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട വിശ്വാസികളെ, വളരെ ദുഃഖവും വേദനയും പ്രയാസവും ഉൾക്കൊണ്ടുകൊണ്ടാണ് ഈ ആഴ്ചയിലെചിന്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത്.ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ പുതിയ വൈറസിൻറെ ആശങ്കയിൽ നാമൊക്കെ കഴിയുകയാണ് .പരിഹാരം എങ്ങനെയെന്നോ ചികിത്സ എപ്രകാരം എന്നോ നാം അറിയുന്നില്ല.ആയതിനാൽ ആശങ്കയുടെ മുൾമുനയിൽ കഴിയുന്ന ഈ നാളുകളിൽ കർത്താവ് തൻറെ കരത്താലും കൃപയാലും നമ്മെയൊക്കെയും കാത്തുപരിപാലിക്കകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സൗഖ്യ ദാന കൃപയുടെ ചിന്തകളുമായി വലിയനോമ്പിലെ നാലാമത്തെ ആഴ്ച യിലേക്ക് നാം പ്രവേശിക്കുകയാണ്.പുറ ജാതി സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളെ സൗഖ്യമാക്കുന്ന വേദഭാഗം ആണ് ചിന്തക്കായി എടുത്തിരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അധ്യായം 21 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ ഈ ഭാഗം നമുക്ക് വായിക്കാവുന്നതാണ്.
കർത്താവ് യെരുശലേമിൽ പഠിപ്പിക്കുകയും അവരെ യഥാർത്ഥമായ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ അവർ സംശയാലുക്കൾ ആയി തീരുകയും അവനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.അവൻ അവരോട് പറയുന്നു നിങ്ങൾ അശുദ്ധം ആകുന്നത് കഴിക്കുന്ന ഭക്ഷണം അല്ല നിങ്ങളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ടത്രേ. ഇത് മനസ്സിലാക്കുവാനോ തിരിച്ചറിയുവാനോ അവർക്ക് കഴിയുന്നില്ല .അതിനാൽ അവൻ അവരെ വിട്ട് ജാതികൾ പാർക്കുന്ന ഇടങ്ങളിലേക്ക് പോയി. അവിടെവെച്ച് യഹൂദരുമായി ദീർഘകാലമായി അകൽച്ചയിൽ ആയിരുന്നു കനാനായ സ്ത്രീ അവനെ കണ്ടിട്ട് യശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ എന്ന നിലവിളിക്കുകയാണ്. അവളുടെ മകൾക്ക് കഠിനമായഭൂത ഉപദ്രവം ബാധിച്ചിരിക്കുന്നു , അതിൽനിന്നും വിടുതൽ ലഭിക്കുന്നതിനുവേണ്ടിയാണ് അവൾ കർത്താവിൻറെ അടുത്ത് നിലവിളിച്ചുകൊണ്ട് കടന്നുവന്നത്.
കർത്താവ് ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ശിഷ്യന്മാർ വന്ന് അവനോടു പറയുകയാണ് കർത്താവേ എന്തെങ്കിലും ചെയ്തു അങ്ങ് അവളെ തിരിച്ചയക്കണം. അവളെ പരീക്ഷിക്കാൻ എന്നവണ്ണം കർത്താവ് പ്രതികരിക്കുകയാണ് ഇസ്രായേലിലെ കാണാതെപോയ പോയ ആടുകളെ അന്വേഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.ഇതു കേട്ടിട്ടും പിന്തിരിഞ്ഞു പോകാതെ അവൾ അവനെ നമസ്കരിച്ചു കൊണ്ട് പറയുകയാണ് നായ കുട്ടികളും യജമാനൻറെമേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നു ജീവിക്കുന്നുവല്ലോ.സഹായം ആവശ്യപ്പെടുന്ന ബലഹീനമായ ഒരു അവസ്ഥയെ ബോധ്യപ്പെടുത്തുവാൻ ആണ് നായക്കുട്ടി എന്ന പ്രയോഗംഅവൾ നടത്തിയത്. ഇതു കേട്ടിട്ടും അവളുടെ വിശ്വാസം കണ്ടിട്ടും കർത്താവ് അവളോട് പറയുകയാണ് നിൻറെ ഇഷ്ടം എന്താണ് അതുപോലെ സംഭവിക്കട്ടെ. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക്സൗഖ്യം ലഭിക്കുകയും ചെയ്തു.
ഇന്ന് വീണ്ടും ഈ വേദഭാഗം വായിച്ചപ്പോൾ അനേകർ കണ്ണുനീരോടെ കഴിയുന്ന ഈ കാലത്ത് അവരെയൊക്കെ ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും അതിലൂടെ അവർക്ക് സൗഖ്യം ലഭിക്കുവാനും കാരണം ആകുവാൻ നാം എത്രമാത്രം വിശ്വാസത്തിൽ ബലപെടണം എന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു വേദഭാഗം ആണ് ഇത്. കഷ്ടതയും പ്രയാസവും മനുഷ്യൻറെ കൂടപ്പിറപ്പ് ആണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ ഭാരങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി നമുക്ക് ഏൽപ്പിക്കാം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ.(mathew 11:28).
വൈദ്യന്മാർ പറയുന്നതുപോലെ മുൻകരുതലുകൾ എടുക്കുകയുംലഭിക്കുന്ന സമയത്ത് ദൈവസന്നിധിയിൽ ആയി കഴിയുകയും ചെയ്യുമ്പോൾ അവൻ നമ്മുടെ കണ്ണുനീരുകളെ കണ്ടിട്ട് മനസ്സലിവ് തോന്നി നമ്മുടെ രോഗങ്ങളിൽനിന്നും അവൻ വീണ്ടെടുക്കും. ഓരോ രോഗവും പ്രയാസങ്ങളും നേരിടുമ്പോൾ നിരാശപ്പെടാതെ ദൈവം പ്രവർത്തിക്കുവാനായി നമ്മെ ഒരുക്കുന്ന സമയം ആണ് എന്ന് പ്രത്യാശയോടെ കൂടി ഇരിപ്പാൻ നമുക്ക് കഴിയണം. പഴി പറയുവാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരെ അപമാനിക്കുവാനും ഉള്ള അവസരം അല്ല ഇത് എന്ന് നാം തിരിച്ചറിയണം. “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.( Mathew 17:21).
ആത്മാവിനാൽ സ്വയം ശുദ്ധീകരിക്കുവാനും അതിലൂടെ സമൂഹത്തിൽ നമ്മൾ മൂലം വന്നിട്ടുള്ള കുറവുകളെ നീക്കാനും ഈ നോമ്പ് നമുക്ക് സാധ്യമാ കട്ടെ. പുറ ജാതി കാരി എങ്കിലും അവളുടെ വിശ്വാസ തീഷ്ണത മകളുടെ സൗഖ്യത്തിന് കാരണമായെങ്കിൽ ഈ അവസരങ്ങളിൽ നാമും വിശ്വാസത്തിൽ വളർന്നു നമ്മുടെ നമ്മുടെ രോഗവും , നമ്മുടെ പാപവും വും നീങ്ങി പോകുവാൻ ഈ നോമ്പിൻറെ ദിനങ്ങളിൽ സാധ്യമാകും എന്ന് വിശ്വസിക്കുന്നു. ലാസറിൻെറ കല്ലറക്കൽ വച്ച് കർത്താവ് അരുളി ചെയ്തതുപോലെ വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും. അത് അനുഗ്രഹം ആയും , സൗഖ്യം ആയും രൂപാന്തരം ആയും നാം പ്രാപിക്കുവാൻ നോമ്പും പ്രാർത്ഥനയും നമ്മെ സഹായിക്കും.
ലോക രക്ഷകനായ ദൈവമേ അവിടുത്തെ വചനത്തിലൂടെ സഞ്ചരിക്കുന്ന ഈ ദിവസങ്ങളിൽ ബലഹീനത ഓർക്കാതെ ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് ഞങ്ങളിൽ രോഗികൾ ആയിരിക്കുന്ന വരെ സൗഖ്യം ആക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.
ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക
പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും 14 ന് നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി നാളെ വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്.
ടീനേജ് കുട്ടികൾക്കായുള്ള ലൈവ് സ്ട്രീമിങ് ശുശ്രൂഷയും തത്സമയം ഓൺലൈനിൽ കാണാവുന്നതാണ് .
അതിനായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://youtu.be/tNv_taesxBM
രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .ലൈവ് സ്ട്രീമിങ് ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu
Facebook live :
https://facebook.com/sehionuk
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
Attachments area
Preview YouTube video Teens For Kingdom | Second Saturday
മലയാളം യുകെ ന്യൂസ് ബ്യൂറോ
ലീഡ്സ്: സെന്റ് മേരീസ് സീറോ മലബാർ മിഷനിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കാനിരുന്ന ഇടവകയുടെ വാർഷിക ധ്യാനം ഉപേക്ഷിച്ചു. കൊറോണാ വൈറസിനെ നേരിടാൻ രാജ്യം ഒരുങ്ങുമ്പോൾ അതിനോട് സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവകയിലെ വാർഷിക ധ്യാനം ഉപേക്ഷിക്കേണ്ടി വന്നതെന്ന് വികാരി റവ. ഫാ. മാത്യൂ മുളയോലിൽ പറഞ്ഞു. കൊറോണ വൈറസിനെ നേരിടാൻ ശാസ്ത്രീയമായ തയ്യാറെടുപ്പുകളോട് സഹകരിക്കണമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി പാർലമെന്റ് സമ്മേളനത്തിന് ശേഷം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ലീഡ്സ് ഇടവകയിലെ നിരവധി കുടുംബങ്ങൾ താല്ക്കാലികമായിട്ടെങ്കിലും ധ്യാനം ഉപേക്ഷിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഇടവക വികാരി എന്ന നിലയിൽ ഇടവകക്കാരുടെ ആവശ്യം പരിഗണിക്കുകയായിരുന്നു ഫാ. മുളയോലിൽ. എങ്കിലും സാധാരണയായി നടക്കുന്ന കുർബാന കൃമങ്ങൾക്ക് മാറ്റമില്ല എന്ന് ഫാ. മാത്യൂ മുളയോലിൽ അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: പരിശുദ്ധ അമ്മ, വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് നിത്യരക്ഷയുടെ വാഗ്ദാനമായ ‘ഉത്തരീയം’ സമ്മാനിച്ച എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലേക്ക്, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന മൂന്നാമത് തീർത്ഥടനത്തോടനുബന്ധിച്ച് യു കെ യിൽ ഇതാദ്യമായി മരിയൻ സംഗീത മത്സരം ഒരുങ്ങുന്നു.
എത്ര പാടിയാലും മതിവരാത്തതും,വര്‍ണ്ണിച്ചാൽ തോരാത്തതുമായ വണക്കത്തിന്റെയും ഭക്തിയുടെയും സ്നേഹത്തിന്റെയും മാതൃസ്തുതിഗീതങ്ങൾ ദൈവീക സിദ്ധമായ കഴിവുകളിലൂടെ മനം നിറയെ ആലപിക്കുവാനും, സംഗീത വിസ്മയം തീർക്കുവാനും അതിനോടൊപ്പം സമ്മാനങ്ങൾ നേടുവാനും ഉള്ള വേളയാണ് എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലെ മാതൃ സന്നിധേയത്തിൽ ഈ മരിയൻ സംഗീത മത്സരത്തിലൂടെ സംജാതമാവുക.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തിൽ മെയ് 23 ന് ശനിയാഴ്ച നടത്തുന്ന എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് മരിയന്‍ സംഗീതമത്സരം ഇതാദ്യമായി സംഘടിപ്പിക്കുന്നതെന്ന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി ഇടാട്ട് അറിയിച്ചു.
സീറോ മലബാര്‍ മിഷനുകളിലെയും, വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ പാടാവുന്ന മാതൃ ഭക്തി ഗാനങ്ങളില്‍ ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കു ചേരുന്നതിന് മിനിമം പത്തുപേരെങ്കിലും ടീമിൽ ഉണ്ടായിരിക്കണം. പാട്ടിന് ആറു മിനിറ്റ് ദൈര്‍ഘ്യവും തയ്യാറെടുപ്പുകള്‍ക്കായി രണ്ടു മിനിറ്റും ഉപയോഗിക്കാവുന്നതാണ്. കരോക്കെയോ അല്ലെങ്കിൽ പരമാവധി മുന്നു വാദ്യോപകരണങ്ങൾ വരെ ഉപയോഗിച്ചോ മരിയന്‍ഗാനങ്ങള്‍ക്ക് മാത്രമായുള്ള ഈ മത്സരത്തില്‍ പങ്കുചേരാം.
ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും വിജയികൾക്ക് നൽകുന്നതാണ്. നാലും അഞ്ചും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്. മികച്ച അവതരണം, ഡ്രസ് കോഡ്, ഗ്രൂപ്പ് ശക്തി എന്നിവയുടെ അടിസ്ഥാനത്തിൽ, ഏറ്റവും നല്ല ഗായകസംഘത്തിന് പ്രത്യേക ക്യാഷ് പ്രൈസ് നല്കുന്നതുമാണ്.
പ്രശസ്ത മരിയൻ പുണ്യ കേന്ദ്രമായ എയിൽസ്‌ഫോഡിൽ തീർത്ഥാടനമൊരുക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍ രൂപത, പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതകൂടിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 07944067570, 07720260194।
കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി അന്നേദിവസം വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .
Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu
Facebook live :
https://facebook.com/sehionuk
സുധീഷ് തോമസ്
സ്റ്റോക്ക് ഓൺ ട്രെൻഡ് ചെറുപുഷ്പ മിഷൻ ലീഗ് അംഗത്വനവീകരണവും വെഞ്ചരിച്ച മിഷൻലീഗ് ബാഡ്ജുകളും, സുവിശേഷപ്രസംഗകനും തെലുങ്കാന സംസ്ഥാനത്തുള്ള അദിലബാദ് സീറോ മലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ് അംഗങ്ങൾക്ക് നൽകുകയും ചെയ്തു.
ഓൾഫ് മിഷൻലീഗ് കോ-ഓർഡിനേറ്റർ മാത്തച്ചൻ ജോർജ് നേതൃത്വം നൽകി. തുടർന്ന് പിതാവും ഇടവക വികാരി ഫാദർ ജോർജ് എട്ടു പറയിലും ചേർന്ന് പരിശുദ്ധ ദിവ്യബലി അർപ്പിച്ചു. പിതാവ് ഇടവകാംഗങ്ങൾക്ക് സുവിശേഷ സന്ദേശം നൽകി.
യേശുക്രിസ്തുവിന്റെ മിഷനറി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള ഒരു വിശ്വാസ സംഘടനയാണിത്. ചെറുപുഷ്പ മിഷൻ ലീഗ് ഏഷ്യയിലെ സാധാരണക്കാർക്ക് വേണ്ടിയുള്ള ഏറ്റവും വലിയ സംഘടനയാണിത്. എന്നാൽ ഈ സംഘടന ഇപ്പോൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചു.ഹോളി കംമ്യൂനിയൻ സ്വീകരിച്ച കാറ്റക്കിസം കുട്ടികളും മിഷൻ ലീഗിന്റെ അംഗങ്ങളാണ്. വിശ്വാസ രൂപീകരണ പ്രക്രിയയിൽ കൊച്ചുകുട്ടികളെന്ന നിലയിൽ, മതവിദ്യാഭ്യാസ ക്ലാസുകളിൽ പഠിക്കുന്ന കാര്യങ്ങൾ പരിശീലിപ്പിക്കാനുള്ള ഒരു വേദിയാണ് സി എം എൽ.
എന്ന് ട്രസ്റ്റിമാർ
ജിജോ ജോസഫ്, സിബി ജോസ്, സിബി പൊടിപ്പാറ, ബ്ലെസൻ കോലഞ്ചേരി
ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്. രൂപാന്തര ത്തിൻറെ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ നോമ്പിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഇനിയുള്ള ആഴ്ചകളിൽ നമ്മുടെ ചിന്തയ്ക്ക് ഭവിക്കുന്നത് എല്ലാ വായനകളും രോഗശാന്തി യുടെയും സൗഖ്യ ദാനത്തിനും ഭാഗങ്ങളാണ് ആണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണ് ലോകം മുഴുവനും പുതിയ ഒരു വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് ആയിട്ടുള്ള വാർത്തകൾ. ചൈനയിൽ ആരംഭിച്ച ചുരുങ്ങിയ സമയം കൊണ്ട് ലോകമാകെ ഇതിൻറെ ഭയാശങ്കകൾ നിറഞ്ഞിരിക്കുന്നു . ആധുനികതയും ഉത്തരാധുനികതയും നമ്മെ പുൽകുമ്പോളും സൗഖ്യത്തിനും ശമനത്തിനുമായി നാം പുതിയ മാർഗങ്ങൾ തേടുകയാണ്. ദൈവകോപം ആണോ അതോ ദൈവനിഷേധത്തിലൂടെ മനുഷ്യൻ ആയിത്തീർന്ന അവസ്ഥയാണോ ഇത് എന്ന് നാം മനസ്സിലാക്കുകയും പരിശോധിക്കുകയും തെറ്റ് എവിടെയാണെങ്കിലും അത് തിരുത്തി നോമ്പിൻെറ അനുഭവത്തിലേക്ക് കടന്നു വരേണ്ട സമയമാണ്. ഇവിടെ ഇന്ന് നാം കാണേണ്ടത് കാരണങ്ങളല്ല പകരം കൺമുമ്പിൽ പിടഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങൾ ആണ്, കണ്ണുനീരാണ് അതുപോലെ കുടുംബ ബന്ധങ്ങൾ ആണ്. തൊഴിൽ ശാലകൾ അടയുന്നു , സ്കൂളുകൾ പൂട്ടുന്നു , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു ഇവയെല്ലാം രോഗവുമായി ബന്ധപ്പെട്ട് നാം ഇന്ന് അനുഭവിക്കുന്നു . ഏവരെയും ദൈവസന്നിധിയിൽ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും രോഗബാധിതരായിരിക്കുന്ന ഏവർക്കും സൗഖ്യം ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.
ഈ ആഴ്ചയിൽ നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ മർക്കോസിൻെറ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങൾ ആണ്. കർത്താവ് ഒരു ഭവനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തളർവാത രോഗം ബാധിച്ച ഒരു മനുഷ്യനെ നാലുപേർ ചുവന്ന് അവൻറെ സന്നിധിയിലേക്ക് കൊണ്ടുവരികയാണ് . അവിടെ ധാരാളം തടസ്സങ്ങളും പ്രതിബന്ധങ്ങളും നാം കാണുന്നു. എന്നാൽ എനിക്ക് ഈ ഭാഗത്ത് നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്ന ഒരു തടസ്സത്തെ കുറിച്ചാണ് ഈ ആഴ്ച ട് എഴുതുന്നത്. അവൻ ബലഹീനനായി കട്ടിലില് കിടക്കുകയാണ് ആ അവസ്ഥയിൽ അവനെ ദൈവസന്നിധിയിലേക്ക് കൊണ്ടുവരുവാൻ അവൻറെ കൂടെയുള്ളവർ എത്രമാത്രം ബുദ്ധിമുട്ടി കാണുമെന്ന് എന്ന് നാം ചിന്തിക്കുക. അതുകൊണ്ട് സുവിശേഷകൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. പുരുഷാരം നിമിത്തം അവനെ യേശുവിനെ മുമ്പാകെ എത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോടുകൂടി അവനെ യേശുവിൻറെ സന്നിധിയിൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവനോടു നീ നിൻെറ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക . ഉടയവൻെറ വാക്ക് കേട്ടപ്പോൾ ഉടൻ തന്നെ അവൻറെ ബന്ധനങ്ങൾ അഴിയുകയും സൗഖ്യം പ്രാപിക്കുകയും അവൻ എഴുന്നേറ്റു നിവർന്നു നിൽക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സമൂഹത്തിലെ പ്രധാന വ്യക്തികളായ പരീശന്മാരും സാധുക്യരും ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നു . അവരുടെ മനസ്സ് കണ്ടിട്ട് കർത്താവ് ചോദിക്കുകയാണ് ആണ് ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്ന് പറയുന്നതോ അതോ നീ കട്ടിൽ എടുത്ത് വീട്ടിലേക്ക് പോവുക എന്നു പറയുന്നതാണോ ആണ് എളുപ്പം . അവൻ ദൈവപുത്രനാകയാൽ തനിക്ക് പാപങ്ങളെ മോചിപ്പിക്കുവാൻ അധികാരം ഉണ്ട് എന്ന് അവൻ അവിടെ വെളിപ്പെടുത്തുന്നു.
ആദിമസഭയിൽ വളർച്ചയുടെ ഘട്ടങ്ങളിൽ നാല് തൂണുകളെ കുറിച്ച് നാം മനസ്സിലാക്കുന്നു .അതിൽ ഒന്നാമത് അപ്പോസ്തലന്മാരുടെ പഠിപ്പിക്കലും രണ്ടാമത് കൂട്ടായ്മയും മൂന്നാമത് അപ്പം നുറുക്കലും നാലാമത് പ്രാർത്ഥനയും എന്ന് നാം മനസ്സിലാക്കുന്നു. ആത്മീയ വളർച്ചക്ക് കർശനമായും ഇവ പാലിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിച്ചു. സഭയുടെ വളർച്ചയിൽ തളർന്നുപോകാതെ നിലനിൽക്കുവാൻ പിതാക്കന്മാർ വിശ്വാസപ്രമാണം നമുക്കായി തന്നു. അവ ഇപ്രകാരം നാം മനസ്സിലാക്കണം സഭ കാതോലികം ആണ് അപ്പോസ്തോലികമാണ് ഏകമാണ് പരിശുദ്ധമാണ് . ഈ നാല് തൂണുകളിൽ ആണ് സഭ നിലനിൽക്കുന്നതും സഭയിലെ അംഗങ്ങളായ നാമോരോരുത്തരും ചേർന്നു വരുന്നതും. ഇതുപോലെ സമർപ്പിതമായ നാലുപേരുടെ വിശ്വാസം കണ്ടിട്ടാണ് കർത്താവ് ഈ തളർവാതരോഗിയെ സൗഖ്യമാക്കിയത്. അത് വിശ്വാസം ആകാം പ്രത്യാശ ആകാം അത് സ്നേഹം ആകാം രക്ഷയുടെ ഉറവിടം ആകാം എങ്ങനെ വേണമെങ്കിലും നമുക്ക് ആ തൂണുകളെ വർണ്ണിക്കാവുന്നതാണ്.
സൗഖ്യം ദൈവദാനം എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. അതുപോലെതന്നെ പാപം മൂലമാണ് രോഗവും, ദുഃഖവും, ദാരിദ്ര്യവും ലോകത്തിലേക്ക് കടന്നു വന്നത് എന്നും പഠിപ്പിക്കുന്നു. ഈ നോമ്പിൽ വിശുദ്ധരായി തീർന്ന് പാപമോചനം നേടുവാൻ നമുക്ക് കഴിയണം.ഈ നാല് പേരുടെ സമർപ്പണം പോലെ നമ്മുടെ പ്രാർത്ഥനയും നമ്മുടെ സമർപ്പണവും കാരണം ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന എല്ലാ വ്യാധിയും മാറി പോകുവാൻ ഈ നോമ്പ് നമുക്ക് സഹായകമാകട്ടെ.
തൻറെ മകളുടെ സൗഖ്യത്തിന് വേണ്ടി കർത്താവിൻറെ മുമ്പാകെ കണ്ണുനീരോടെ വന്ന സ്ത്രീയോട് പറഞ്ഞ ആ വാക്യം നാം വിസ്മരിക്കരുത് .സ്ത്രീയെ നിൻറെ വിശ്വാസം വലുത് അതിനാൽ നിൻറെ മകൾക്ക് ഈ നാഴികയിൽ തന്നെ സൗഖ്യം വന്നിരിക്കുന്നു.( Mark 5:34) വിശുദ്ധ പത്രോസ് ശ്ലീഹാ നമ്മളോട് ആഹ്വാനം ചെയ്തിരിക്കുന്നത് അവൻറെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു . (1Pet 2:24) സൗഖ്യ ദാനത്തിന് നാം തടസ്സമായി നിൽക്കുന്നുവെങ്കിൽ ന മ്മുടെ ജീവിതവും നമ്മുടെ പെരുമാറ്റവും തടസ്സമായി മാറുന്നുവെങ്കിൽ ചിന്തിക്കുക. ആ പുരുഷാരം കാരണം അവന് സൗഖ്യം ലഭിക്കുവാൻ നാലുപേർ ശ്രമിച്ചത് പോലെ നമ്മൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും രോഗങ്ങളെയും യും അതിജീവിക്കുവാൻ ഈ നാലു പേരെ പോലെ നാമും ആയിത്തീർന്നേ മതിയാവുകയുള്ളൂ. ആയതിലേക്ക് നമ്മെ എത്തിക്കുവാൻ ഈ നോമ്പ് സഹായകമാകട്ടെ.
ശുദ്ധമുള്ള നോമ്പ് സമാധാനത്തോടെ വരിക
പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ
ലണ്ടൻ നഗരത്തെ ഭാവ-രാഗ-താള-ലയ സാന്ദ്രമാക്കി ഏഴാമത് ശിവരാത്രി നൃത്തോത്സവത്തിനു വർണോജ്വലമായ പരിസമാപ്തി. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഏഴുവർഷമായി ലണ്ടൻ ശിവരാത്രി നൃത്തോത്സവം നടത്തിവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നൂറ്റിഅൻപതോളം നർത്തകർ പങ്കെടുത്ത ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് ക്രോയ്ടോൻ ലാങ്ക് ഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിൽ തിരി തെളിഞ്ഞു. LHA ചെയർമാൻ തെക്കുമുറി ഹരിദാസ് , ക്രോയ്ടോൻ കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ്, നർത്തകി ആശാ ഉണ്ണിത്താൻ, യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, അശോക് കുമാർ എന്നിവർ ഭദ്ര ദീപം തെളിയിച്ചു നൃത്തോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാനം നിർവഹിച്ചു. തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ, സുജാത മേനോൻ, വിവേക് എന്നിവരാണ് നൃത്തോത്സവത്തിനു നേതൃത്വം നൽകിയത്. സിനിമാ താരങ്ങളായ പദ്മശ്രീ ജയറാം, പാർവതി ജയറാം, നെടുമുടി വേണു, ലക്ഷ്മി ഗോപാലസ്വാമി, പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാരിയർ, പിന്നണി ഗായകരായ ജി വേണുഗോപാൽ, ബിജു നാരായണൻ, ക്രോയ്ടോൻ മേയർ ഹുമയൂൺ കബീർ, ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ തുടങ്ങി ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിനു നിരവധി കലാ സാംസാകാരിക രാഷ്ട്രീയ പ്രമുഖർ ആശംസകൾ നേർന്നു.
ഭാരതീയ തനിമയാർന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളർന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. മീന ഭരണി ആഘോഷങ്ങളോടനുബന്ധിച്ചു മാർച്ച് 28ന് യുകെയിൽ ആദ്യമായി വനിതാ വിഭാഗത്തിന്റെ ഭജന സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് സംഘാടകർ.സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകൾ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതെന്ന് ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവർഷമായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.
ഫാ. ഹാപ്പി ജേക്കബ്ബ്
പരിശുദ്ധമായ നോമ്പിന്റെ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങുകയാണ്. കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ രൂപാന്തരഭാഗം ചിന്തയിലൂടെ കടന്നുവരികയും അതനുസരിച്ച് വലിയ നോമ്പ് അനുഗ്രഹമായി നാമോരോരുത്തരുടെയും രൂപാന്തരത്തിന് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആഴ്ച നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങൾ ആണ്.
കർത്താവ് തന്റെ പ്രേക്ഷിത പ്രവർത്തനത്തിലൂടെ ജനങ്ങളുമായി അടുത്ത് പെരുമാറുകയും അവർക്ക് വേണ്ട സ്വർഗ്ഗീയമായ കൃപകൾ സ്വായത്തമാക്കുവാൻ വഴി ഒരുക്കുകയും അതിലേക്കു അവരെ ആഹ്വാനം ചെയ്യുകയും, താൻ തന്നെയാണ് യഥാർത്ഥ വഴി എന്ന് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു . ഇത്തരുണത്തിൽ കർത്താവ് കടന്നു പോകുന്ന വഴിയിൽ കുഷ്ഠ രോഗം ബാധിച്ച ഒരു മനുഷ്യൻ ഇരിക്കുന്നത് അവൻ കാണുകയും രോഗത്തെ അവൻ സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു വേദഭാഗം ആണ് ഇവിടെ ഇവിടെ നാം ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്.
കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് ഉള്ള പരിപൂർണ്ണമായ വിശ്വാസം അതാണ് ഈ ഭാഗത്ത് കാണുന്നത്. കാരണം മറ്റൊന്നുമല്ല, നാം ഒക്കെ സൗഖ്യം എന്നത്, നമ്മുടെ കഴിവ്, പ്രാപ്തി ഒന്നും അല്ല പകരം അവിടുത്തെ കൃപ മാത്രം എന്ന് തിരിച്ചറിയുവാൻ കഴിയണം.
ഇന്ന് നമ്മുടെ ലോകത്ത് ധാരാളം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കാണുകയും ഓരോ ദിനവും പുതിയതും ആധുനികവുമായ പല പല പ്രസ്ഥാനങ്ങളും ഉയർന്നു വരികയും ചെയ്യുന്നുണ്ട്. അത് നമുക്ക് നല്ലവണ്ണം അറിയുകയും അതിലൊക്കെ നാം ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാൽ അതിൽ എവിടെയെങ്കിലും ആരുടെയെങ്കിലും രോഗങ്ങളെ സൗഖ്യം ആക്കുവാൻ ഞാൻ ഉറപ്പുതരുന്നു എന്ന ഒരു ഭാഗം ഇല്ല. നമുക്ക് ബോധ്യം ഇല്ല. കാരണം നാം കാണുന്ന, ഇന്ന് നാം അനുഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് പ്രാധാന്യം ഉള്ളത്. അത് അല്ലാതെ മറ്റുള്ളവരുടെ ചിന്തകൾ, വേദനകൾ ,രോഗങ്ങൾ, നമുക്ക് അൽപ്പനേരത്തെ അനുകമ്പ അല്ലാതെ ഒരു ഭേദം വരുത്തുവാൻ നമുക്ക് കഴിയില്ല എന്ന് നാം മനസ്സിലാക്കണം.
ഇവിടെ ഈ മനുഷ്യൻ മറ്റെല്ലാ മാർഗ്ഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കാതെ വന്നപ്പോൾ ഇനി ഒരേ ഒരു മാർഗ്ഗം മാത്രമേ മുമ്പിൽ ഉള്ളൂ എന്ന് പൂർണ്ണമായി മനസ്സിലാക്കുകയും, കർത്താവ് കടന്നുവന്നപ്പോൾ അവന്റെ മുമ്പാകെ കർത്താവേ അവിടേക്ക് മനസ്സിൽ ഉണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് അവൻ വചിക്കുന്നു. അപ്പോൾ കർത്താവ് അവനോട് എനിക്ക് മനസ്സുണ്ട് നീ സൗഖ്യം ആവുക. അങ്ങനെ അവൻ സൗഖ്യപ്പെടുകയും അവനെ പിൻപറ്റുകയും ചെയ്തു. കർത്താവ് അവനോട് പറഞ്ഞു നീ പോയി നിന്നെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുകയും, മോശ കല്പിച്ചതുപോലെ ഉള്ള പരിഹാരം നടത്തുകയും ചെയ്യുക. അവൻ അപ്രകാരം ചെയ്യുകയും കർത്താവിനെ പിൻപറ്റുകയും ചെയ്തു.
ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കഠിനമായ രോഗങ്ങൾ നമുക്ക് കാണാം. അതിൻപ്രകാരം നാമോരോരുത്തരും രോഗങ്ങൾ ബാധിച്ചവരും ആണ്. പലതും ഈ മനുഷ്യന്റെ കുഷ്ഠരോഗത്തേക്കാൾ കാഠിന്യം ഏറിയതും, അതും സാധാരണ ചികിത്സാരീതികൾ ഫലിക്കാത്ത അവസ്ഥയിലുമാണ് ആണ്. അത് എപ്രകാരം എന്ന് നാം ഒന്ന് ചിന്തിക്കുവാനും ഉള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അത് നമ്മുടെ ബലഹീനതകൾ, നമ്മുടെ ദുഷ് ചിന്തകൾ, നമ്മുടെ സ്വയം ആയ ഭാവങ്ങൾ എല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇവിടെ മാനുഷികമായി ഒരു ചെറിയ പ്രവർത്തനം നമ്മുടെ ഭാഗത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.
നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ശ്രമങ്ങളും കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ തീർച്ചയായും അവൻ നമ്മോടു പറയും മകനേ മകളെ നിന്റെ രോഗം സൗഖ്യം ആക്കാം. അവിടെയും നാം ശ്രദ്ധിക്കേണ്ടത് ദൈവത്തെ കൂടുതൽ അറിയുവാനും കൂടുതൽ അവന്റെ സന്നിധിയിൽ അടുത്തു വരുവാനും ഈ കൃപകൾ കാരണം ആകണം. അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നമുക്ക് നൽകട്ടെ. മനുഷ്യരാൽ ആട്ടി അകറ്റുകയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന വിഷാദഭാവം ഉള്ള മക്കൾ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അവരുടെ രോഗമോ, രോഗലക്ഷണമോ കണ്ടാൽ നാം മനസ്സിലാക്കുകയാണെങ്കിൽ അവരെ ദൈവസന്നിധിയിൽ എത്തിക്കുവാനുള്ള ഉള്ള ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാൽ നാം പ്രാപിച്ചത് പോലും നാം മനസ്സിലാക്കാതെ പോകുമ്പോൾ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ നീയും ഇത് പോലെ രോഗി ആയിരുന്നു . എന്നാൽ ദൈവം നിന്നെ അതിൽനിന്നൊക്കെ വിമുക്തമാക്കി. ഇപ്പോൾ നീ ആയിരിക്കുന്ന അവസ്ഥയിൽ ആക്കിയതിന്റെ ഉദ്ദേശം നീയും രക്ഷയുടെ സന്ദേശം സ്വീകരിക്കുവാനും പകർന്നു കൊടുക്കുവാനും ആയിട്ടാണ്.
ഈ നോമ്പ് നമ്മെ പാപ രോഗങ്ങളിൽനിന്ന് വിമുക്തം ആക്കി അനുഗ്രഹത്തിന്റെ നല്ല ദിനങ്ങൾ നമുക്ക് നൽകട്ടെ. അതോടൊപ്പം തന്നെ കഷ്ടതയിലും, ഭാരത്തിലും, പ്രയാസത്തിലും കഴിയുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുവാൻ സാധ്യമാകണം. അപ്പോൾ മാത്രമാണ് നോമ്പ് പൂർണ്ണമാകുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ കാര്യങ്ങൾ വിസ്മരിക്കുകയും സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് മറന്നു പോവുകയും ചെയ്യുന്നു. ഇന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് കയ്യെത്തി സഹായിക്കുവാൻ നമുക്ക് സാധിച്ചില്ലെങ്കിലും അവരെ ഓർത്ത് പ്രാർത്ഥിക്കുവാനും ഓരോ വിശുദ്ധ ബലിയിലും അവരുടെ പേരുകൾ എത്തിക്കുവാനും നമുക്ക് കഴിയണം. അവരുടെ ജീവിതങ്ങൾ കർത്താവ് കാണുവാൻ നാം കാരണം ആകണം. ഓരോ ദിവസവും നാം ഉപവസിക്കുമ്പോൾ ഭക്ഷണം വർജ്ജിക്കുപോൾ മറ്റുള്ളവരെ ഓർക്കുവാനും , അവരുടെ കഷ്ടങ്ങളിൽ പങ്കുകാരും ആകണം.
നാം അധിവസിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന ഈ രോഗങ്ങൾ നമ്മൾ മൂലമാണോ എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ്. ഈ കുഷ്ഠരോഗിയുടെ സൗഖ്യദാനത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും ദൈവം കൈകൊണ്ട് നമ്മുടെ പാപ രോഗങ്ങളെ സൗഖ്യമാക്കുകയും അനേകർക്ക് അതിലൂടെ ആശ്വാസവും സൗഖ്യവും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അങ്ങനെ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസങ്ങൾ നമുക്ക് ലഭിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നോമ്പിന്റെ അനുഭവത്തിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തൽക്കാലം ഈ ഭാഗം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
ശുദ്ധമുള്ള നോമ്പേ സമാധാനതാലേ വരിക!
സ്നേഹത്തോടെ…
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.