Spiritual

ആത്മീയ നവോത്ഥാനത്തിന്റെ കുളിർ തെന്നൽ വീശിക്കൊണ്ട്, യൂറോപ്പിന്റെ മണ്ണിൽ ആദ്യമായി, യുകെയിലെ റാംസ്‌ഗേറ്റിൽ 2014 മാർച്ച് 16 ന്‌ നാന്ദി കുറിച്ച റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ അഞ്ചാം വാർഷികം, ജൂൺ ഒന്നാം തിയതി ലണ്ടനിലെ ബ്ലാക്ക് ഹീത്തിൽ വച്ച് ആഘോഷപൂർവം നടത്തപ്പെടുന്നു. ഇംഗ്ലീഷിൽ ഏകദിന കൺവെൻഷൻ, രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെയായിരിക്കും നടത്തപ്പെടുക. സതക് അതിരൂപതാധ്യക്ഷൻ ബഹുമാനപ്പെട്ട പീറ്റർ സ്മിത്ത് പിതാവാണ് അന്നേ ദിവസത്തെ മുഖ്യ കാർമ്മികൻ.

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടറും ലോകപ്രശസ്ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട അഗസ്റ്റിൻ വല്ലൂരാൻ അച്ചന്റെ നേതൃത്വത്തിൽ, Fr. ജോർജ് പനക്കൽ V.C., Fr. ആന്റണി പറങ്കിമാലിൽ V.C., Fr. ജോസഫ് എടാട്ട് V.C., Fr ജോസ് പള്ളിയിൽ V.C. എന്നീ അനുഗൃഹീത വചനപ്രഘോഷകർ നയിക്കുന്ന വചന പ്രഘോഷണവും, വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും, വചന സാക്ഷ്യങ്ങളും, ഡിവൈൻ മ്യൂസിക് ടീം നയിക്കുന്ന സ്തുതി ആരാധനയും ഉണ്ടായിരിക്കും.

ഡിവൈൻ ധ്യാനകേന്ദ്രങ്ങളിലൂടെ ലഭിച്ച എല്ലാ നന്മകൾക്കും നന്ദി പറഞ്ഞു ദൈവത്തെ സ്തുതിക്കുവാനും, ദൈവാനുഗ്രഹം പ്രാപിക്കുവാനും, എല്ലാവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു.

ലണ്ടൻ . വിശുദ്ധ സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകികൊണ്ട് പരിശുദ്ധ ‘കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് എയിൽസ്‌ഫോർഡ് തീർഥാടനം ഭകതിസാന്ദ്രമായി . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന ആയിരകണക്കിന് വിശ്വാസികൾ അണിചേർന്ന തീർഥാടനത്തിനു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി . പന്ത്രണ്ടു മണിക്ക് ജപമാല പ്രദിക്ഷണത്തോട് കൂടി തീർഥാടനം ആരംഭിച്ചു. തുടർന്ന്തീർഥാടനത്തോടനുബന്ധിച്ചു വരും വർഷങ്ങളിലും നടത്താനുദ്ദേശിക്കുന്ന മരിയൻ പ്രഭാഷണത്തിന്റെ ഭാഗമായയുള്ള ഒന്നാമത് പ്രഭാഷണം ലോകപ്രശസ്ത സുവിശേഷ പ്രഘോഷകൻ ആയ ഫാ. ജോർജ് പനക്കൽ വി. സി. നടത്തി .തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ സമൂഹ ബലിയർപ്പണം നടന്നു . 

ഞാൻ പൂർണ്ണമായും മറിയത്തിന്റേതാണ് എന്ന് പ്രഖ്യാപിച്ച വിശുദ്ധ ജോൺ പോൾ മാർപാപ്പയെ പോലെ വളരെ താഴ്മയോടെ , വിനീതനായി മറിയത്തിന്റെ ദാസരായി മാറുവാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് വിശുദ്ധ കുർബാന മദ്ധ്യേയുള്ള സുവിശേഷ സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .ഓരോ ശിഷ്യനും , ശിഷ്യന്മാരുടെ കൂട്ടായ്മയായ തിരുസഭയും പരിശുദ്ധ അമ്മയുടെ മുൻപിൽ ദാസന്മാരായി മാറണം .ഈശോയുടെ വാക്കുകേട്ട് പരിശുദ്ധ അമ്മയെ തന്റെ അമ്മയായി സ്വീകരിച്ച യോഹന്നാനെപ്പോലെ മറിയത്തെ അമ്മയായി നാം എല്ലാവരും സ്വീകരിക്കണം. പരിശുദ്ധ അമ്മയെ സ്വീകരിക്കുമ്പോൾ എല്ലാ കുറവുകളും നിറവുകളായി മാറും. ഉറയുള്ള ഉപ്പായി, ദൈവം കത്തിച്ച വിളക്കായി പരിശുദ്ധ അമ്മയെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുമ്പോൾ വിഭജനത്തിന്റെയും ,ദുഖത്തിന്റെയും , സങ്കടങ്ങളുടെയും എല്ലാം കയ്പ്പ് മാറി ജീവിതങ്ങൾ മറ്റുള്ളവർക്ക് പ്രകാശം ചൊരിയുന്നവയായി മാറും . അദ്ദേഹം കൂട്ടിച്ചേർത്തു .

ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., ഫാ. ജോർജ് പനക്കൽ വി. സി., ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് , തീർഥാടനത്തിന്റെ ഈ വർഷത്തെ കൺവീനർ ഫാ. ടോമി എടാട്ട് ,ഫാ. ഹാൻസ് പുതിയകുളങ്ങര , രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ എന്നിവർ സഹ കാർമ്മികൻ ആയിരുന്നു. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിൽ ഉള്ള രൂപത ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി. വിശുദ്ധ കുർബാനക്ക് ശേഷം സീറോ മലബാർ സഭയുടെ പരമ്പരാഗത ശൈലിയിൽ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടത്തി.

ലണ്ടൻ : ഔവർ ലേഡി സെൻറ് ജോർജ് ചർച്ചിൽ മരിയൻ ദിനാഘോഷം 28 മെയ് 2019 ൽ നടക്കുന്നു. ഇതിന്റെ ഭാഗമായി മലയാളം കുർബാന, ആരാധനാ, എണ്ണനേർച്ച ശ്രുശ്രുഷ എന്നിവ വികാരി ഫാ. ജോസ് അന്തിയാംകുളത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ഇംഗ്ലണ്ടിന്റെ വസന്താരമമായ കെന്റിന്റെ ഹൃദയഭാഗത്ത് വിശ്വാസ സൗരഭം പകര്‍ന്നു നിലകൊള്ളുന്ന പുണ്യപുരാതനമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് മെയ് 25 ശനിയാഴ്ച യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. ദിവ്യരഹസ്യം നിറഞ്ഞുനില്‍ക്കുന്ന പനിനീര്‍കുസുമമായ എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ സന്നിധിയില്‍ എല്ലാവര്‍ഷവും മധ്യസ്ഥം തേടിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമാണ് ആത്മീയതയുടെ വിളനിലമായ ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് രൂപതയിലെ വിശ്വാസികള്‍ ഒന്നടങ്കം തീര്‍ത്ഥാടനമായി ഇവിടെ എത്തുന്നത്.

എയ്ല്‍സ്ഫോര്‍ഡ് പ്രയറി
——————————————–
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രവും കര്‍മലീത്താ സഭയുടെ അതിപുരാതനമായ ആശ്രമവുമാണ് മെഡ്വേ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന എയ്ല്‍സ്ഫോര്‍ഡ് പ്രയറി. മൂന്നാം കുരിശുയുദ്ധത്തിന്റെ അവസാനം മൌണ്ട് കാര്‍മലില്‍ രൂപം കൊണ്ട കര്‍മലീത്താ സന്യാസസമൂഹത്തിലെ താപസ്വിമാരുടെ ഒരു സംഘമാണ് 1242 ല്‍ യൂറോപ്പിലെ ആദ്യത്തേതും എയ്ല്‍സ്ഫോഡില്‍ ഇന്നുകാണുന്നതുമായ ആശ്രമം സ്ഥാപിച്ചത്. 1247 ല്‍ ഇവിടെ കൂടിയ യൂറോപ്പില്‍ നിന്നുള്ള കര്‍മലൈറ്റുകളുടെ ജനറല്‍ ചാപ്റ്ററിലാണ് ദാരിദ്ര്യവ്രതം സ്വീകരിച്ച് ഭിക്ഷുക്കളുടെ ജീവിതരീതി സ്വീകരിച്ച് സഭയെയും സമൂഹത്തെയും സേവിക്കുവാന്‍ ഈ സന്യാസസമൂഹം തീരുമാനമെടുത്തത്. കര്‍മലീത്താ സഭയുടെ ഭാവി നിശ്ചയിച്ച അടിസ്ഥാനപരമായ ഈ തീരുമാനം എടുത്ത സ്ഥലം എന്ന രീതിയില്‍ ആത്മീയ പ്രഭവകേന്ദ്രമായും രണ്ടാം കാര്‍മല്‍ എന്ന വിളിപ്പേരിലും എയ്ല്‍സ്ഫോര്‍ഡ് അറിയപ്പെടുന്നു.

തീര്‍ത്ഥാടകര്‍ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം സമ്മാനിക്കുന്ന നിരവധി ചാപ്പലുകളും വഴിത്താരകളും നിറഞ്ഞ സുകൃതഭൂമിയാണ് ഈ പ്രയറി. സമാധാനപൂന്തോട്ടം, ജപമാലാരാമം, ഉത്തരീയനാഥയുടെ ഗ്രോട്ടോ, വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ തലയോട്ടി സ്ഥാപിച്ചിരിക്കുന്ന റെലിക് ചാപ്പല്‍, ക്വയര്‍ ചാപ്പല്‍, സെന്റ് ജോസഫ് ചാപ്പല്‍, വിശുദ്ധ അന്നാമ്മയുടെ ചാപ്പല്‍, സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ഇവ കൂടാതെ അതിപുരാതനമായ കെട്ടിടങ്ങളും പൂമുഖങ്ങളും ഈ ആശ്രമത്തിന്റെ പ്രത്യകതയാണ്. വിവിധ ദേശങ്ങളില്‍ നിന്നും വിശ്വാസസമൂഹം തീര്‍ത്ഥാടനമായി ഇവിടെയെത്തി പരിശുദ്ധ അമ്മയുടെ സംരക്ഷണം യാചിച്ചു അനുഗ്രഹം തേടി മടങ്ങുന്ന പതിവ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തില്‍ ജപമാലഭക്തര്‍ ഒന്നടങ്കം പങ്കുചേരും. ജപമാലക്കു ശേഷം ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുര്‍ബാന അര്‍പ്പിക്കുക. രൂപതയിലെ വികാരി ജനറാള്‍മാരും എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികരും തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും.

തീര്‍ത്ഥാടകര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യം (കാറുകള്‍, കോച്ചുകള്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണശാലകളും ഭക്തസാധങ്ങളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാള്‍ പ്രസുദേന്തിയാകാന്‍ താല്പര്യമുള്ളവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)

അഡ്രസ്: The Friars, Aylesford Carmalite Priory, Kent ME20 7BX

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

എയ്ല്‍സ്ഫോര്‍ഡ്, കെന്റ് : പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തനഭൂമികയുമായിരുന്ന എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം 2019 മെയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയാണ് ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം മരിയഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന ഈ വിശുദ്ധാരാമത്തിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് വിശ്വാസ തീര്‍ത്ഥാടനം നടക്കുക.

ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം തീര്‍ത്ഥാടകര്‍ക്ക് കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.15 ന് പ്രശസ്ത വചനപ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ യുകെ ഡയറക്ടറുമായ റവ. ഫാ. ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. അതിനുശേഷം വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. എയ്ല്‍സ്ഫോര്‍ഡ് കര്‍മലീത്താ ആശ്രമത്തിലെ പ്രിയോര്‍ റവ. ഫാ. ഫ്രാന്‍സിസ് കെംസ്ലി തീര്‍ത്ഥാടകരെ ഈ വിശുദ്ധ ഭൂമിയിലേക്ക് സ്വാഗതം ചെയ്യും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. രൂപതയിലെ വികാരി ജനറാള്‍മാരും വിവിധ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികരും തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും. പ്രദക്ഷിണത്തിനു ശേഷം വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന ആശീര്‍വാദത്തോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് സമാപനമാകും.

തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കായി കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേക പാര്‍ക്കിംഗ് ഗ്രൗണ്ടും പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ പരിശീലനം ലഭിച്ച വോളണ്ടിയേഴ്സും ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രൂപതയിലെ എല്ലാ മിഷന്‍ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട്, ജനറല്‍ കണ്‍വീനര്‍മാരായ ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. എല്ലാ വിശ്വാസികളെയും ശനിയാഴ്ച നടക്കുന്ന തീര്‍ത്ഥടനത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)

അഡ്രസ്: The Friars, Aylesford Carmalite Priory, Kent ME20 7BX

മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ പത്താമത് ഫാമിലി കോണ്‍ഫറന്‍സ് മെയ് 25, 26 തിയതികളില്‍ (ശനി, ഞായര്‍) മില്‍ട്ടന്‍കെയിന്‍സ് കെന്റ് ഹില്‍പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുള്ള മലങ്കര നഗറില്‍ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ഫാമിലി കോണ്‍ഫറന്‍സിന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാര്‍ തിമോത്തിയോസ് തിരുമേനി, കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദിവന്യാസോസ് തിരുമേനി, റവ. ഫാ. ഷോണ്‍ മാത്യു തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

25-ാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടു കൂടി ആരംഭിക്കുന്ന ഈ കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനം, വിവിധ ക്ലാസുകള്‍, ഗ്രൂപ്പ് ചര്‍ച്ച, ഡിബേറ്റുകള്‍. സ്‌നേഹവിരുന്ന്, കായിക വിനോദ പരിപാടികള്‍, വി.കുമ്പസാരം, എന്നിവയുള്‍പ്പെടെ ശനിയാഴ്ചത്തെ വിവിധ പരിപാടികള്‍ക്കു ശേഷം 26-ാം തിയതി ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരത്തെത്തുടര്‍ന്ന് വി.കുര്‍ബാനയ്ക്ക് അഭിവന്ദ്യ പിതാക്കന്‍മാര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതും വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കുന്നതുമായിരിക്കും.

തുടര്‍ന്ന് ചായസല്‍ക്കാരം, പഠന ക്ലാസുകള്‍, ചര്‍ച്ചകള്‍, സ്‌നേഹവിരുന്ന് എന്നിവയ്ക്കു ശേഷം നടക്കുന്ന സമാപന യോഗത്തില്‍ വെച്ച് മെത്രാഭിഷേക ദശാബ്ദി ആഘോഷിക്കുന്ന ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയെ ആദരിക്കുന്നതും ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ദശതാരകം സ്മരണിക 2019 എന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും തുടര്‍ന്ന് കലാവിരുന്ന്, സ്വര്‍ണ്ണ സമ്മാന നറുക്കെടുപ്പ്, ആശീര്‍വാദം എന്നിവയോടു കൂടി സമാപിക്കുന്ന ഫാമിലി കോണ്‍ഫറന്‍സ്, ദശാബ്ദി ആഘോഷത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും കോണ്‍ഫറന്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളുവെന്നും ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ്, ജനറല്‍ കണ്‍വീനര്‍മാരായ റവ.ഫാ.മാത്യു കുര്യാക്കോസ്, സുനില്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

സമ്മേളന നഗറിന്റെ അഡ്രസ്

Kent Hill Park
Milton Keynes
MK 7 6 BZ

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജു ഐസക് 07961210315
സോണി മാത്യു 07913976676
സജി ഹെമല്‍ഹാംസ്‌റ്റെഡ് 07888713304
അനില്‍ ജോര്‍ജ് 078887586694

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 21-ാം തീയതി ചൊവ്വാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6:15pm ജപമാല, മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥന, 6.45pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും

പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall Street,
Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ക്രിസ്റ്റി അരഞ്ഞാണി

സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ട്രെൻതം ഹൈസ്‌കൂളില്‍ വച്ച് യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളില്‍ ഒന്നായ ഒ എല്‍ പി എച്ച് മിഷന്‍ സെന്ററിന്റെ പ്രഥമ സ്‌പോര്‍ട്‌സ് മീറ്റ് ആഘോഷപൂര്‍വ്വം നടത്തി. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്‍ സെന്ററിലെ 275 ൽ പരം കുടുംബങ്ങൾ, 19 കുടുംബ യൂണിറ്റുകള്‍ ഉൾപ്പെടെ ആയിരത്തില്‍ പരം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുത്തുന്നതിനും കൂട്ടായ്മ വളര്‍ത്തുന്നതിനും, അതുപോലെ തന്നെ ഒരോ വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം, മാനസിക സാമൂഹിക വിശ്വാസ, കായിക പരമായ വളര്‍ച്ചയിലൂടെ ഓരോ കുട്ടികളെയും കുടുംബങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുകയാണ് സ്‌പോര്‍ട്‌സിന്റെ ലക്ഷ്യം.

രാവിലെ 9 മണിക്ക് മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറ അച്ചന്‍ പതാക ഉയര്‍ത്തിയതോടെ കായിക മേളയ്ക്ക് തുടക്കമായി. തുടര്‍ന്ന് റെഡ്, ബ്ലു, ഗ്രീന്‍, യെല്ലോ ഹൗസുകള്‍ മാര്‍ച്ച് പാസ്റ്റ ് നടത്തുകയും തുടര്‍ന്ന് വിവിധയിനം കായിക മത്സരങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. മത്സരങ്ങള്‍ക്ക് Year 1 മുതല്‍ 35 വയസില്‍ മുകളിലോട്ടുള്ള സൂപ്പര്‍ സീനിയേര്‍സ് വരെയുള്ളവര്‍ വിവിധയിനം മത്സരങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. സ്‌റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിലെ 19 യൂണിറ്റുകളെ നാല് ഹൗസുകള്‍ ആയി തിരിച്ചിരുന്നു.

അതു കൂടാതെ ഫാമിലി യൂണിറ്റുകള്‍ തമ്മില്‍ അതിശക്തമായ വടംവലി മത്സരം നടത്തപ്പെടുകയുണ്ടായി. വടംവലിക്ക് ഹോളി ഫാമിലി യൂണിറ്റ് ഒന്നാം സമ്മാനം നേടി. സെന്റ് അല്‍ഫോണ്‍സ് യൂണിറ്റ് രണ്ടാം സമ്മാനം, എസ്.എച്ച് യൂണിറ്റ് മൂന്നാം സമ്മാനം കരസ്ഥമാക്കുകയുണ്ടായി. വളരെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 234 പോയിന്റുകള്‍ കരസ്ഥമാക്കിയ ബ്ലു ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. 143 പോയിന്റുകൾ നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും 134 പോയിന്റ് നേടി  റെഡ് ഹൗസ് മൂന്നാം സ്ഥാനവും 80 പോയിന്റ് കിട്ടിയ ഗ്രീൻ ഹൗസ് നാലാം സ്ഥാനത്തും എത്തി.

സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ സിബി ജോസിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. യു.കെയിലെ മുന്‍ വടംവലി ചാമ്പ്യന്‍മാരായ ടീമിന്റെ ക്യാപ്റ്റന്‍ മാമച്ചന്റെ നേതൃത്വത്തില്‍ വടംവലി മത്സരം നടത്തപ്പെടുകയുണ്ടായി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ്‌കുട്ടിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കായിക മത്സരങ്ങള്‍ നടന്നു.

എല്ലാ വിജയികള്‍ക്കും മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ അച്ചന്‍ അഭിനന്ദിക്കുകയും അവരെ കിരീടം അണിയിക്കുകയും ചെയ്തു. അടുത്തുവരുന്ന ഇടവകദിന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് എന്ന് ഫാദർ ജോർജ്ജ് എട്ടുപറയിൽ അറിയിച്ചു. അതുപോലെ സ്‌പോര്‍ട്‌സ് മീറ്റ് സ്‌പോണ്‍സര്‍ ചെയ്ത HC 24 നഴ്‌സിംഗ് ഏജന്‍സിക്കും Allied Finance കമ്പനിക്കും ഫാ. ജോര്‍ജ് അച്ചന്‍ പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. അതുപൊലെ സ്‌പോര്‍ട്‌സ് മീറ്റിന് സഹകരിച്ച എല്ലാ കമ്മറ്റിയംഗങ്ങള്‍ക്കും കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും ഫാമിലി മീറ്റ് ലീഡേര്‍സിനും ഫാ. ജോര്‍ജ് ഏട്ടുപാറ അച്ചന്‍ നന്ദി അറിയിച്ചു. വൈകീട്ട് 4.30ന് കായിക മാമാങ്കത്തിന് പരിസമാപ്തി കുറിച്ചു.

 

പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം മെയ് 31 മുതല്‍ ജൂണ്‍ 2 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും.

താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം
BUCKDEN TOWERS
HUNTINGTON
CAMBRIDGESHIRE.

കൂടുതല്‍ വിവരങ്ങള്‍ക്ക്
നിമ്മി 07389131122

ബര്‍മിങ്ഹാം: ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന് നടക്കും. സെഹിയോന്‍ യു.കെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ക്രിസ്തു മാര്‍ഗത്തിന്റെ പ്രായോഗിക വശങ്ങളെ തീര്‍ത്തും സാധാരണവല്‍ക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷിക ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും എത്തിച്ചേരും.

ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണ രംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷ പ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫിലിപ്പീന്‍സില്‍ നിന്നുമുള്ള വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെര്‍ണാണ്ടോ സോറസ്, അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദര്‍ തോമസ് ജോസഫ്, സോജി ബിജോ എന്നിവരും ശുശ്രൂഷകള്‍ നയിക്കും.

പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണവും രോഗശാന്തിയും സാധ്യമായിക്കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ ഏറെ പുതുമകളോടെ കുട്ടികള്‍ക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്ന ആത്മീയ വിരുന്നിലേക്ക് ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
(Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍: 07506810177.
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു: 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424
ബിജു എബ്രഹാം: 07859 890267

RECENT POSTS
Copyright © . All rights reserved