Spiritual

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭാ ശില്‍പിയും പുനരൈക്യത്തിന്റെ പുണ്യപിതാവുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ യു.കെ.യിലെ മലങ്കര കത്തോലിക്കാ സഭാ മിഷന്‍ കേന്ദ്രങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്താ 1953 ജൂലൈ 15-ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാ മേലധ്യക്ഷനായിരുന്നു. സഭയില്‍ ദൈവദാസനായി വണങ്ങപ്പെടുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ റോമില്‍ നടന്നു വരുന്നു.

മലങ്കരയുടെ സൂര്യതേജസായിരുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. യു.കെ.യിലെ വിവിധ മലങ്കര കത്തോലിക്കാ സഭാ മിഷന്‍ കേന്ദ്രങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള ക്രമീകരണമാണ് നടന്നു വരുന്നത്. ജൂലൈ 16 ഞായറാഴ്ച 2.30-ന് ഡെഗനത്തുള്ള സെന്റ് ആന്‍സ് ദേവാലയത്തില്‍ (മാര്‍ ഇവാനിയോസ് സെന്റര്‍) വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രാര്‍ത്ഥന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 30ന് ഞായറാഴ്ച 2 ന് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ പ്രത്യേക വി. കുര്‍ബാന, അനുസ്മരണ പദയാത്ര എന്നിവയും ക്രമീകരിച്ചിരിക്കുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ യു.കെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പിലും നേതൃത്വം നല്‍കും.

യുകെ : കേരളത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയേറുന്നു. ഫുജൈറയിലുള്ള ഈ അച്ചന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നഴ്സുമാര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി വളരെ സത്യസന്ധമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം സമൂഹവും സഭയും സ്വീകരിക്കേണ്ട മാറ്റങ്ങളെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇതുപോലെയുള്ള അച്ചന്മാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.

ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു

UNA യും കത്തോലിക്ക സഭയും സോഷ്യല്‍ മീഡിയ ട്രോളെഴ്സും ഞാനും പിന്നെ നിങ്ങളും !!!!
*************************************************
കൊച്ചി: കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് ഇന്നലെ ടിവിയില്‍ കണ്ടു . നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്. കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും… അത് കണ്ടപ്പോള്‍ മാളത്തില്‍ നിന്നും പുറത്തു വന്നതല്ല. എനിക്കുമുണ്ട് ഇനി ചിലത് ചെയ്യാന്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു പ്രിയ സഹോദരീ മക്കള്‍ മാലാഖമാരെ ….

മാലാഖമാരെന്നു നമുക്കിഷ്ടമുള്ളപ്പോള്‍ അവരെ വിളിക്കുകയും അല്ലാത്തപ്പോഴൊക്കെ നാം അവരെ നമുക്ക് തോന്നിയപോലെ വിളിച്ചൂ .. ചിത്രീകരിച്ചൂ .. സാഹിത്യത്തിലും സിനിമയിലും മാധ്യമങ്ങളിലും നാം അവരെ കണ്ടതും അവരെക്കുറിച്ച് കേട്ടതില്‍ ഭൂരിഭാഗവും ഇവരുടെ ജീവിതത്തിന്റെ സേവനത്തിന്റെ മഹാനീയതയല്ല …. മറിച്ചു അതിന്റെ വളരെ അപൂര്‍വ്വമായ വീഴ്ച്ചകളെയും വിഹ്വലതകളേയും പാര്‍വ്വതീകരിക്കുന്നതാണ്. സമൂഹ മനസാക്ഷി രൂപപ്പെടുത്തുന്ന ഈ വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, കലാ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഒരു മനസാക്ഷി പരിശോധനക്ക് തയ്യാറാകണം. അല്ലാതെ ഇപ്പോള്‍ കിടന്നു സോഷ്യല്‍ മീഡിയ ട്രോളിംഗ് നടത്തുന്ന പലരും ആരെയും സഹായിക്കാനാണെന്നൊന്നും കരുതേണ്ടതില്ല.. കിട്ടിയ അവസരങ്ങളില്‍ അവര്‍ ആളാകാനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ശ്രമിക്കുന്ന കപട ബുദ്ധിജീവികളും ധാര്‍മ്മീകതയോന്നുമില്ലാത്ത ഫൈക് മീഡിയ വാരിയെഴ്സും മാത്രമാണെനും നാം തിരിച്ചറിയണം… 

നഴ്സിംഗ് പരിശീലനത്തിന്റെ പേരില്‍ അവരെ കൊള്ളയടിച്ചവരും കീശ വീര്‍പ്പിച്ചവരും. ഇപ്പോള്‍ എവിടെ?. തരംതാണ സാഹചര്യങ്ങളില്‍ അവര്‍ക്ക് TRAINING കൊടുത്ത്.. കടുത്ത സാമ്പത്തീക മാനസീക പീഡനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും അവരെ കടത്തിവിട്ടു പലപ്പോഴും മുറിവേല്പിച്ചു വേദനിപ്പിച്ചു. സേവന മേഘലകളിലേക്ക് അവരെ ഇറക്കിവിട്ടപ്പോഴും അവര്‍ക്ക് ഇക്കാലമത്രയും സഹിക്കേണ്ടി വന്നത് കണക്കെടുത്ത് തിരുത്തേണ്ടതാണ്.. ഇന്നവര്‍ ശമ്പളം പറഞ്ഞൂ ഒരു കുടക്കിഴില്‍ അണി നിരന്നപ്പോള്‍ കൂലിക്കാര്യത്തില്‍ മാത്രമല്ല ഈ നല്ല മാലാഖമാര്‍ തിരുത്ത്‌ ആവശ്യപ്പെടുന്നത് എന്ന് കൂടി നമ്മുടെ സമൂഹവും ഭരണകൂടവും ന്യായാസനങ്ങളും ഏറ്റവും കൂടുതല്‍ നഴ്സിന്ഗ് സ്ഥാപനങ്ങളും ശുശ്രൂഷാ മേഘലകളും നടത്തുന്ന ക്രൈസ്തവ സഭയും അവരുടെ ആശ്രിത സന്ന്യാസ സഭകളും ഖേദപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്… ഈ സത്യം കൂടി കണക്കിലെടുത്തില്ലെങ്കില്‍.. ശമ്പളം കൂട്ടിയാലും ഈ മേഘലയിലുള്ള പ്രശ്നങ്ങള്‍ തീരില്ല.. അവര്‍ പരിശീലിക്കപ്പെടുന്ന ഇടങ്ങളും അവരുടെ പരിശീലകരും ഇതോടുകൂടി ശുദ്ധീകരിക്കപ്പെണം …

ഈ മാലാഖമാര്‍ നമ്മുടെ മക്കളാണ്.. നമ്മുടെ സഹോദരിമാരാണ്.. ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്. ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ അവരുടെ പരിചരണം. അനുഭവിക്കുന്നവരാണ്… എപ്പോഴെങ്കിലും നമ്മള്‍ അവരെക്കുറിച്ച് ചിന്തിച്ചോ? അവര്‍ക്കും കുടുംബമുണ്ട്.. മക്കളുണ്ട്.. ശരീരമുണ്ട് വേദനയുണ്ട് രോഗങ്ങളുണ്ട് എന്നൊക്കെ! സേവനകാലം കഴിഞ്ഞു റിട്ടയര്‍ ചെയ്യുമ്പോള്‍.. അതും പലരും അകാലത്തില്‍ പാതി വഴിയില്‍ നടുവേദനക്കാരും .. വെരിക്കോസ് രോഗികളും ഗര്‍ഭാശയ സംബന്ധമായ രോഗികളും ആയാണ് ഇറങ്ങി വരാറ്. അവര്‍ക്ക് ശിഷ്ടകാലത്ത് നല്ല പരിചരണം ആവശ്യ മുണ്ട്.. അതിനു നമ്മുക്ക് രാഷ്ട്രീയ സാമൂഹ്യനീതിന്യായ ആല്മീയ പദ്ധതികളും സ്ഥാപനങ്ങളും കര്‍മ്മപരിപാടികളും വേണം …

അതുകൊണ്ട് നമുക്ക് ഇപ്പൊ കാട്ടിയ വീറും വാശിയും ട്രോളിംഗ് പോസ്റ്റ്‌ ഇട്ട വൈദീകരും ബുദ്ധിജീവികളും, വാരിയെഴ്സും സിനിമാ സാഹിത്യ മാധ്യമ ജീവനക്കാരും കലാകാരന്മാരും ഒക്കെ കാതും കണ്ണും ഹൃദയവും തുറന്നു ജാഗ്രതയോടെ തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയായില്‍ മാത്രമല്ല നമ്മുടെ പ്രസംഗ പീഠങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കലാ സാഹിത്യ കര്‍മ്മ മണ്ഡലങ്ങളിലും ഈ നല്ല മാലാഖമാര്‍ക്ക് വേണ്ടി അവര്‍ നമ്മുടെ ICU WENTILATOR കിടക്കകള്‍ക്കരികില്‍ 
കാവലിരിക്കുന്ന പോലെ കാവലിരിക്കാം … 
സുവിശേഷപ്പെട്ടി 
ജോയി അച്ഛന്‍ SDB

More news.. കേരളാ സർക്കാർ നഴ്സിന് 33,000 രൂപ തുടക്ക ശമ്പളം..  കോട്ടയം എസ്.എച്ചിൽ  6,000.. കട്ടപ്പന സെൻറ് ജോൺസിൽ 6,500.. പാലായിലെ മാലാഖാമാർക്കും ലഭിക്കുന്നത് ഇതേ ശമ്പളം.. 15 വർഷം പരിചയമുള്ളവർക്ക് 12,000.. യൂണിയൻ തുടങ്ങിയാൽ പ്രതികാരനടപടി.. നഴ്സുമാരുടെ സമരം പൊതുജനം ഏറ്റെടുക്കുന്നു.

 

ജോയിസ് പള്ളിയ്ക്കമ്യാലില്‍

ഈ വര്‍ഷത്തെ എയില്‍സ്‌ഫോര്‍ഡ് തിരുനാള്‍ ജൂലൈ ഒന്‍പതിന് നടത്തപ്പെടുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു സതക്ക് ചാപ്ലയന്‍സിയുടെ സ്‌നേഹ നിര്‍ഭരമായ സ്വീകരണവും അന്ന് എയില്‍സ്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടും.ഭാരതത്തിന്റെ അപ്പസ്‌തോലനും വിശ്വാസത്തിന്റെ പിതാവുമായ വി.തോമാശ്ലീഹായുടെയും, ഭാരത സഭയിലെ വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയും എവുപ്രാസ്യാമ്മയുടേയും ചാവറ പിതാവിന്റേയും മദര്‍ തെരേസായുടേയും സംയുക്ത തിരുനാള്‍ ഭക്തിപുരസരം ആഘോഷിക്കുന്നതായ് ചാപ്ലൈന്‍ ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

ജൂലൈ മാസം 9-ആം തീയതി ഉച്ചയ്ക്ക് 1 മണിക്ക് എയില്‍സ്‌ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെയുള്ള കൊന്ത പ്രദക്ഷിണത്തോടുകൂടി തിരുനാള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രദക്ഷിണത്തില്‍ അജഗണത്തോട് ചേര്‍ന്ന് ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കും.ദേവാലയാങ്കണത്തില്‍ പ്രദക്ഷിണം എത്തിച്ചേരുമ്പോള്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഇടയജനം സ്‌നേഹ നിര്‍ഭരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് കൃത്യം 2:00 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാന ആരംഭിക്കും.

വിശുദ്ധ ബലിയുടെ മദ്ധ്യേ അഭിവന്ദ്യ പിതാവ് തിരുനാള്‍ സന്ദേശം നല്‍കി അനുഗ്രഹപ്രഭാഷണം നടത്തും. രൂപതയുടെ വികാരി ജനറാള്‍ റവ.ഡോ. തോമസ് പാറയടിയില്‍ അച്ചനും, ചാപ്ലൈന്‍ ഫാ ഹാന്‍സ് പുതിയാകുളങ്ങരയും, ഫാ റോയി മുത്തുമാക്കലും, ഫാ ഫാന്‍്‌സ്വാ പത്തിലും, ഫാ ജോഷി തുമ്പക്കാട്ടും, ഫാ ഷൈജു വടക്കെമുറിയും പരിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിക്കും.പരിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞും തുടര്‍ന്ന് തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചു കൊണ്ടുള്ളഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും. എല്ലാ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിഥികള്‍ തിരുസ്വരൂപങ്ങള്‍ വഹിക്കും. തുടര്‍ന്ന് അമ്പെഴുന്നള്ളിക്കുവാനും അടിമവയ്ക്കുവാനും അല്‌ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങുവാനുമുള്ള അവസരമുണ്ടാകും.

സതക്ക് ചാപ്ലയിന്‍സിയിലെ വനിതാ ഫോറത്തിന്റെയും, ചെറുപുഷ്പ്പ മിഷന്‍ ലീഗിന്റേയും, സാവിയോ ഫ്രണ്ട്‌സിന്റേയും പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും.

തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം തിരുനാളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. വിശുദ്ധ സൈമണ്‍ സ്റ്റോക്കിനു മാതാവ് പ്രത്യക്ഷപ്പെട്ട് വെന്തിങ്ങ നല്കിയെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എയില്‍സ്‌ഫോര്‍ഡ് പ്രയറിയിലെ റെലിക്‌സ് ചാപ്പലില്‍ വിശുദ്ധന്റെ തലയോട്ടി വണക്കത്തിനായ് പ്രതിഷ്ഠിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായാണ് എയില്‍സ്‌ഫോര്‍ഡിലെ പ്രയറി അറിയപ്പെടുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ ഭക്തി നിറഞ്ഞ പ്രാര്‍ത്ഥനകളും ഗാനങ്ങളും ഉയരുമ്പോള്‍ ആരാധനയുടെ പുത്തന്‍ ഉണര്‍വാണ് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

സതക്ക് ചാപ്ലയന്‍സിയിലെ 13 സെന്ററുകളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും തിരുനാളില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ഭക്തിസാന്ദ്രമായ രീതിയില്‍ നടത്തപ്പെടുന്ന തിരുനാളിന് അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടാറ്. വാഹനങ്ങളും, കോച്ച് ബസുകളും പാര്‍ക്ക് ചെയ്യുവാനുള്ള വലിയ സൗകര്യം എയില്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ റവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.

തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ചാപ്ലൈന്‍ റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07440070420 (ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍), 07428658756 (ഫാ ഹാന്‍സ് പുതിയാകുളങ്ങര)

സുബി ജെയ്‌സണ്‍

സൗത്തെന്‍ഡ് സെന്റ് അല്‍ഫോന്‍സാ സെന്ററില്‍ ഇടവക മധ്യസ്ഥ ആയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ സമുചിതമായി ആചരിച്ചു. രണ്ടായിരത്തി അഞ്ച് മുതല്‍ സീറോ മലബാര്‍ സെന്റര്‍ ആയി മുന്നോട്ട് പോകുന്ന സൗത്തെന്റിലെ വിശ്വാസ സമൂഹം രണ്ടായിരത്തി ഒന്‍പതു മുതല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും തിരുന്നാളുകള്‍ ഭക്തിയാഡംബര പൂര്‍വം ആഘോഷിക്കുകയും ചെയ്യുന്നു. ജൂലൈ ഒന്നാം തീയതി കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം നടന്നു.

പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. ജോസ് അന്തിയാംകുളം മുഖ്യ കാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോണ്‍സന്‍ വചന സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ദിനമായ ജൂലൈ ഒന്നാം തിയതി പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. ജോസ് അന്തിയാംകുളം തിരുനാള്‍ കൊടിയേറ്റത്തിന് കാര്‍മികത്വം വഹിച്ചു.ഫാ. വിന്‍സെന്റ് മേച്ചേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷ പൂര്‍വമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശ്വാസ പ്രഖ്യാപനമായി വാദ്യ മേള ഘോഷങ്ങളോടെ പ്രദക്ഷിണം നടന്നു. നേര്‍ച്ച വിളമ്പിനും സ്‌നേഹവിരുന്നിനും ശേഷം അടുത്ത വര്‍ഷം ഒരു പൂര്‍ണ ഇടവകയായി മാറി തിരുനാള്‍ ആഘോഷിക്കാം എന്ന പ്രതീക്ഷയില്‍ വിശ്വാസ സമൂഹം മടങ്ങി.

സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യു.കെയിലെ ക്നാനായ കത്തോലിക്കര്‍ക്ക് ഇന്ന് അഭിമാന മുഹൂര്‍ത്തം. സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹ സാക്ഷാത്കാരം. സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഇന്ന് വൈകുന്നേരം ആറരയ്ക്ക് നടക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിക്കുമ്പോള്‍ വികാര്‍ ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യൂ കട്ടിയാങ്കെല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും.

ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. വെഞ്ചിരിപ്പിനുശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

വിലാസം
UKKCA COMMUNITY CENTRE
WOODCROSS LANE
WV 14 9 BW

സഖറിയ പുത്തന്‍കളം

16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്റെ മുഖ്യാതിഥി ക്നാനായക്കാരുടെ ദ്വിതീയ തലവന്‍, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് യു.കെ.കെ.സി.എ ഭാരവാഹികളും മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികളും ഫാ. സജി മലയില്‍ പുത്തന്‍പുരയും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നല്‍കി.

യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ അതിഥികളായി വെസ്റ്റ് മിനിസ്റ്റര്‍ രൂപതാ ബിഷപ്പ് മാര്‍ പോള്‍ മക്ക്‌ലീന്‍, സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഗ്ലോസ്റ്റര്‍ ഷെയര്‍ മേയര്‍ ക്ലാര ഡഡ്വില്‍, കടുത്തുരുത്തി എം.എല്‍എ. മോന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിക്കും.

ശനിയാഴ്ച രാവിലെ കൃത്യം 9.30-ന് പതാക ഉയര്‍ത്തല്‍ 9.45 ബിഷപ്പുമാരും വൈദികരും തിരുവസ്ത്രമണിഞ്ഞ് പ്രദക്ഷിണം, തുടര്‍ന്ന് 10-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി 12.45-ന് 500ലധികം വനിതകള്‍ അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം 1.30ന് യൂണിറ്റുകളുടെ കരുത്ത് തെളിയിക്കുന്ന പടുകൂറ്റന്‍ റാലി, ഉച്ചകഴിഞ്ഞ് 3.30ന് പ്രൗഢഗംഭീരമായ പൊതുസമ്മേളനം തുടര്‍ന്ന് 150-ലധികം യുവജനങ്ങള്‍ യു.കെ.കെ.സി.വൈ.എല്‍ അണിയിച്ചൊരുക്കുന്ന സ്വാഗതഗാന നൃത്തം തുടര്‍ന്ന് കലാസന്ധ്യ.

നാളെ വൈകുന്നേരം 6.30-ന് സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം യു.കെ.കെ.സി.എ ആസ്ഥാനമന്ദിരത്ത് നടക്കും. കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയില്‍, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്, അഡൈ്വസേഴ്സ് ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ചെല്‍ട്ടണ്‍ഹാം: 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് രണ്ട് നാളുകള്‍ മാത്രം ശേഷിക്കേ വീറും വാശിയും പകരുന്ന റാലി മത്സരം ഏറ്റവും മനോഹരമാക്കുവാന്‍ റാലി കമ്മിറ്റി സുസജ്ജമായി. യു.കെ.കെ.സി.എ ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ചെയര്‍മാനായി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിലെ സജി ഉതുപ്പ്, ബ്ലാക് പൂള്‍ യൂണിറ്റിലെ ജോണി ചാക്കോ, കെന്റ് യൂണിറ്റിലെ സ്റ്റീഫന്‍ തെരുവത്ത്, ലിവര്‍പൂള്‍ യൂണിറ്റിലെ സാജു ലൂക്കോസ്, സ്റ്റിവനേജ് യൂണിറ്റിലെ ജോണി കല്ലടാന്തിയില്‍, ഈസ്റ്റ് സസെക്‌സ് യൂണിറ്റിലെ സണ്ണി തോമസ്, ബ്രിസ്റ്റോള്‍ യൂണിറ്റിലെ ബിജു എബ്രഹാം എന്നിവരാണ്.

മൂന്ന് കാറ്റഗറിയിലായിട്ടാണ് മത്സരം നടക്കുന്നത്. അക്ഷരമാല ക്രമത്തില്‍ ആദ്യം ഗ്രൂപ്പ് എ (25 കുടുംബങ്ങളില്‍ താഴെ) തുടര്‍ന്ന് മറ്റ് രണ്ട് ഗ്രൂപ്പുകളും അണിചേരും. റാലിയുടെ ഏറ്റവും മുന്‍നിരയില്‍ വിശിഷ്ടാതിഥികള്‍, തുടര്‍ന്ന് യു.കെ.കെ.സി.വൈ.എല്‍ ഭാരവാഹികള്‍, വനിതാഫോറം കമ്മിറ്റി അംഗങ്ങള്‍, തുടര്‍ന്ന് ശുഭ്രവസ്തധാരികളായി നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും അണിചേരും.

ശനിയാഴ്ച രാവിലെ കൃത്യം 9.20-ന് പതാക ഉയര്‍ത്തുന്നതോടുകൂടി കണ്‍വെന്‍ഷന് തുടക്കമാകും. കണ്‍വെന്‍ഷന്‍ വേദി വിലാസം

JOCKEY CLUB
CHELTENHAM
G L 50 4 SH

ബെന്നി തോമസ്

റെക്‌സം രൂപതാ കേരളാ, ഇംഗ്ലീഷ് കമ്മ്യൂണിറ്റി സംയുക്തമായി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ട് 4.30ന് ജപമാല പ്രാര്‍ഥന, തുടര്‍ന്ന് 5 മണിക്ക് ആഘോഷമായ ദിവ്യബലി. ആഘോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം, ഫാദര്‍ എബ്രഹാം സി.എം.ഐ തുടങ്ങിയവര്‍ കാര്‍മ്മികരായി പങ്കുചേര്‍ന്നു.

പരിശുദ്ധ കുര്‍ബാന മദ്ധ്യേ റെക്‌സം രൂപതാ ബിഷപ്പ് മാര്‍ പീറ്റര്‍ ബ്രിഗനല്‍ സുവിശേഷ സന്ദേശം നല്‍കി. റെക്‌സം രൂപതയിലുള്ള കേരളാ കമ്മ്യൂണിറ്റി എല്ലാവര്‍ഷവും ഭാരത മദ്ധ്യസ്ഥന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രം കൊണ്ടാടുന്നതിതില്‍ ഏവര്‍ക്കും പ്രാര്‍ത്ഥനാ ആശംസകളാല്‍ നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും കേരളത്തനിമയോടെ നമ്മുടെ മദ്ധ്യസ്ഥന്റെ വിശ്വാസ പ്രഘോഷണത്തില്‍ പങ്കുചേരാന്‍ ഒപ്പം ഉണ്ടാകുമെന്നു പിതാവ് അറിയിച്ചു.

വിശുദ്ധബലിയെ തുടര്‍ന്ന് ആഘോഷമായ ലദീഞ്ഞ്, വിശുദ്ധ തോമാശ്ലീഹായുടെ തിരുരൂപം വഹിച്ച് മുത്തുക്കുടയേന്തിയ ഭക്തി സാന്ദ്രമായ പ്രദക്ഷിണം, സമാപന പ്രാര്‍ത്ഥനകള്‍, പാച്ചോര്‍ നേര്‍ച്ച വിതരണം, തുടര്‍ന്ന് ചെസ്റ്ററില്‍ നിന്നുള്ള അജിയുടേയും കുടുംബത്തിന്റെയും സ്‌നേഹോപഹാരമായി കേരള ഭക്ഷണവും തിരുന്നാളിനെ കൂടുതല്‍ ആസ്വാദ്യമാക്കി.

വിശുദ്ധ തോമാശ്‌ളീഹായുടെ തിരുനാളില്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ റെക്‌സം രൂപതയുടെ അയല്‍ പ്രദേശങ്ങളായ ചെസ്റ്റര്‍, ലിവര്‍പൂള്‍, എല്‍സമീര്‍ പോര്‍ട്ട്, കോള്‍വിന്‍ബെ, ഫ്‌ലിന്റ്,റൂദിന്‍, ക്രൂ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു. തിരുനാളില്‍ പങ്കുകൊണ്ട ഏല്ലാവര്‍ക്കും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം നന്ദി അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍.ഒ

ബോളിംഗ്ടണ്‍: ദൈവവിളി കണ്ടെത്താനും അത് സ്വീകരിക്കാന്‍ മനസിനെ പ്രാപ്തമാക്കാനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ദൈവവിളി വിവേചന ബോധവത്കണ ക്യാമ്പില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തൊന്‍പത് യുവാക്കള്‍ പങ്കുചേര്‍ന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ഇന്നലെ വൈകിട്ട് 4 മണിക്ക് അവസാനിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരുന്ന ഈ ആദ്യ ദൈവവിളി ക്യാമ്പ് നയിച്ചത് ദൈവവിളി പരിശീലനരംഗത്ത് പ്രാഗത്ഭ്യമുള്ള റവ. ഫാ. ഡേവിഡ് ഒമാലി എസ്.ഡി.ബി., റവ. ഫാ. സിറില്‍ ഇടമന എസ്.ഡി.ബിയും സംഘവുമാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രതിനിധിയായി, വികാരി ജനറല്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ ക്യാമ്പ് അംഗങ്ങളെ സന്ദര്‍ശിക്കാനെത്തി. രൂപതാ വൊക്കേഷന്‍ പ്രമോട്ടര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തിലാണ് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. രൂപത സംഘടിപ്പിച്ച ഈ ആദ്യ ദൈവവിളി ക്യാമ്പില്‍ തന്നെ യുവതലമുറയില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചത് ഏറെ സന്തോഷമാണെന്നും ക്യാമ്പില്‍ നിന്ന് കിട്ടിയ നല്ല ബോധ്യങ്ങള്‍ക്കനുസരിച്ച് ഉത്തമമായ ദൈവവിളികള്‍ തിരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സാജു ജോസഫ്

ഭാരത സഭയുടെ, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ മധ്യസ്ഥരായ വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ചാവറയച്ചന്‍, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരുടെ തിരുനാള്‍ സംയുക്തമായി വെസ്റ്റ് ബൈഫ്‌ലീറ്റ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 ശനിയാഴ്ച വുഡ്ഹാം ഓള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ വെച്ച് സമുചിതമായി ആഘോഷിക്കുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ കൂട്ടായ്മയുടെ വാര്‍ഷികവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.

അന്നേദിവസം രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയെത്തുടര്‍ന്ന് ലദീഞ്ഞും മുത്തുക്കുടകളുടെയും കൊടികളുടെയും അകമ്പടിയോടുകൂടി പരിശുദ്ധ ദൈവമാതാവിന്റെയും മൂന്ന് വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയുടെ പ്രധാന കാര്‍മ്മികന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ റവ. ഫാ. തോമസ് പാറയടിയില്‍ ആയിരിക്കും.

സ്‌നേഹവിരുന്നിനു ശേഷം കലാപരിപാടികളും ഫാന്‍സിഡ്രസ്സ്മത്സരവും സമ്മാനദാനവും പള്ളി ഹാളില്‍ വെച്ച് നടക്കും. തിരുനാളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വോക്കിങ്ങിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. റോയ് മുത്തുമാക്കലും പ്രസുദേന്തിമാരും പള്ളി കമ്മറ്റി അംഗങ്ങളും അറിയിച്ചു.

തിരുനാള്‍നടക്കുന്ന പള്ളിയുടെ വിലാസം

ALL SAINTS CHURCH, 564 WOODHAM LANE, WOKING, SURREY, GU21 5SH.
കൂടുതല്‍വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07888669589, 07859888530, 07939262702

RECENT POSTS
Copyright © . All rights reserved