Spiritual

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ:കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനവേദി വാത്സിങ്ങാമിൽ നിന്നും ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് മാറ്റി. ധ്യാനത്തിൽ പങ്കുചേരാനായി റജിസ്ട്രേഷൻ നടപടി തുടങ്ങിയപ്പോൾ മുതൽ കാണുന്ന വലിയ താൽപ്പര്യവും തിരക്കും സൗകര്യവും പരിഗണിച്ചാണ് വാത്സിങ്ങാമിൽ നിന്നും വേദി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. പുതിയ തീരുമാനപ്രകാരം ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് 2025 ഓഗസ്റ്റ്മാസം 2 നും 3 നും ആണ് ദ്വിദിന ധ്യാനം നടക്കുക. എയ്‌ൽസ്‌ഫോർഡിൽ വെച്ച്‌ നടത്തുവാൻ തീരുമാനിച്ച കൃപാസനം ഉടമ്പടി ധ്യാനം ഓഗസ്റ്റ് മാസം 6 നും 7 നും എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വെച്ചുതന്നെ നടത്തപ്പെടുന്നതാണ്.

കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും, കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായറവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും. യു.കെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ,കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ ശുശ്രൂഷകൾ നയിക്കും.

ആത്മീയ നവീകരണത്തിനും, പരിശുദ്ധ അമ്മക്ക് സമർപ്പിതമായ വിശ്വാസ അനുഭവത്തിനുമായി ഒരുക്കുന്ന നാലു ദിവസത്തെ താമസിച്ചുള്ള ധ്യാനങ്ങൾ യു കെ യിലെ ബെർമിംഗ്ഹാമിലും, എയ്‌ൽസ്‌ഫോർഡിലും രണ്ടു ദിവസം വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.

പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷപ്രകാരം ആരംഭിച്ച കൃപാസനംമരിയൻ റിട്രീറ്റ് സെന്ററിൽ പരിശുദ്ധ അമ്മയുമായി പ്രാർത്ഥനയിൽ എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ നിരവധിയാണ്.

വിശ്വാസജീവിതം ഉടമ്പടി പ്രകാരം നയിക്കുമ്പോൾ മാതൃ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ റെസിഡൻഷ്യൽ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കന്നത്.

രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.

യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം യേശു നാമത്തിൽ ക്ഷണിക്കുന്നു.

കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പേരുകൾ മുൻകൂട്ടി രെജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിച്ചു.

Click Here Birmingham registration link
Click Here Aylesford registration link
For More Details:
07770730769, 07459873176

 

ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു സംഗീതം നൽകിയത് ഷാൻ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുൽ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്ക്കാരം ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്ത് ആണ്, ജസ്റ്റിൻ എ എസ് എഡിറ്റിംഗ് നിർവഹിച്ച ഈ ഗാനം നിർമ്മിച്ചത് ബിനോയ്‌ ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോർഡിങ് ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളം നിർവഹിച്ചു.

ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാർത്ഥനനിർഭരമായ നിമിഷങ്ങളിൽ പങ്കാളികളായി.

നോമ്പുകാല പ്രാർത്ഥനയിൽ ആയിരിക്കുന്ന ഏവർക്കും വരാനിരിക്കുന്ന പ്രത്യാശയുടെ ദിനമായ ഈസ്റ്ററിന്റ എല്ലാവിധ ആശംസകൾ നേരുന്നു.

ഗാഗുൽ ജോസഫ് പാടിയ ഈ വർഷത്തെ ഏറ്റവും പുതിയ ഹൃദയ സ്പർശിയായ പീഡാനുഭവ ഗാനം.കേൾക്കാൻ മറക്കരുത്..

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി കഴിഞ്ഞ പത്തു വർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ്മ പുതുക്കുന്ന ദുഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ഏപ്രിൽ 18-ാം തീയതി 10.40 – മണിക്ക് നോർത്ത് വെയിൽസിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപ്പെടുന്നു. കുരിശിൻറെ വഴി പ്രാർത്ഥനകൾക്ക് ഫാ. ജോർജ് അരീക്കുഴി സി.എം .ഐ നേതൃത്വം നൽകുന്നതാണ്.

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും. കൈയ്പ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. നേർച്ച കഞ്ഞി കൊണ്ടുവരാൻ താല്പര്യം ഉള്ളവർ നേരത്തെ അറിയിക്കുമല്ലോ.

നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേയ്ക്കു സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –

FRACISCAN FRIARY MONASTERY ROAD, PANTASAPH. CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
Jaison Raphel -07723926806
Timi Mathew – 07846339927
Johnny – 07828624951
Biju Jacob – 07868385430

ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടത്തിവരുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ഈ വർഷം 2025 മെയ് 31 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടൻ, കാന്റർബറി റീജിയനുകളുടെ നേതൃത്വത്തിലാണ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

മെയ് 31 ശനിയാഴ്ച രാവിലെ 11.30 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോർഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും നൽകിവരുന്നു.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.

കർമ്മലമാതാവിന്റെ സവിധത്തിലേക്കു നടക്കുന്ന അനുഗ്രഹീതമായ ഈ മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും തീർത്ഥാടനത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കലും അറിയിച്ചു.

പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/wJxzScXoNs6se7Wb6

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343

Addres of the Venue: The Friars, Aylesford, Kent, ME20 7BX

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രത്തിനായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ പരിസമാപ്തിയായി പൊങ്കാല സമർപ്പണം, ദേവീ ഉപാസന, മഹിഷാസുര മർദിനി സ്‍‍തുതി, നാമജപം, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തജനങ്ങൾ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.

ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വാർഷിക ധ്യാനം ഏപ്രിൽ 4, 5, 6 തീയതികളിൽ നടത്തപ്പെടും. ഏപ്രിൽ 4-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെയും 5-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയും 6-ാം തീയതി ഞായറാഴ്ച 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുമാണ് വാർഷിക ധ്യാനം നടത്തപ്പെടുക. പ്രമുഖ വചനപ്രഘോഷകനായ ഫാ. ലിൻസൺ ചെങ്ങിനിയാടൻ ആണ് വാർഷിക ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ആത്മ വിശുദ്ധീകരണം പ്രാപിക്കാൻ ഇടവക വികാരി ഫാ.ജോസ് അന്ത്യാംകുളം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഷിബി ചേപ്പനത്ത്

ലണ്ടൻ : യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 45ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി.

യുകെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി, കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മൊത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ ഭദ്രാസനത്തിലെ വൈദികരുടെ ഏകദിന ധ്യാനം ഏപ്രിൽ മാസം 14ന് മാഞ്ചെസ്റ്ററിലെ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി ജോലി കാര്യങ്ങൾ ക്രമീകരിച്ച് ഹാശായുടെ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ തക്കവണ്ണം ഒരുങ്ങണമെന്നും വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.

മെട്രിസ് ഫിലിപ്പ്

യേശുനാഥന്റെ പീഡാനുഭ കാലം, കുരിശിലേക്കുള്ള ഒരു സഞ്ചാരം കൂടിയാണ്. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്, എന്ന് പറഞ്ഞുകൊണ്ട്, പുൽകുടിലിൽ ജനിച്ചു തുടങ്ങിയ ജീവിതം ഗാഗുൽത്താവരെ നീണ്ടു നിന്നു. മനുഷ്യർക്ക്, സ്നേഹം പകർന്നു നൽകുകയും, സ്‌നേഹിക്കാൻ പഠിപ്പിക്കുകയും ആയിരുന്നു യേശു ജീവിതകാലം മുഴുവൻ ചെയ്തത്. നിങ്ങൾ പരസ്പരം സ്‌നേഹിക്കുക, എന്നാണ് യേശു അരുളി ചെയ്തത്.
കച്ചവടക്കാരെയും ചൂതു കളിക്കാരെയും, തന്റെ പിതാവിന്റെ ആലയത്തിൽ നിന്നും ചാട്ടവാറുകൊണ്ട് ആട്ടി ഓടിച്ച യേശു, അവസാനം, ചാട്ടവാറിന്റെ അടിയേറ്റ്, മൂന്നു തവണ കുരിശു കൊണ്ട് നിലത്തു വീഴുക ആയിരുന്നു.

ആധുനിക ലോകത്തിൽ, നമ്മളൊക്കെ, കുരിശിൽ മുറിവേറ്റ് കിടക്കുന്ന യേശുവിന്റെ മുഖത്തേക്ക് നോക്കാറുണ്ടോ? നമ്മൾ ബലി അർപ്പിക്കുന്ന, ബഹു. വൈദികൻ, ഏതു വശത്തേക്കാണ് നിൽക്കുന്നത് എന്ന് നോക്കി, അതിലെ പാകപിഴകൾ കണ്ട്, പള്ളിക്കുള്ളിൽ പരസ്പരം അടിവെക്കുകയും, തിരുവോസ്തി എറിഞ്ഞു കളയുകയും ചെയ്തു കൊണ്ട്, യേശുവിനെ ഒന്ന് കൂടി കുരിശിൽ തറക്കുകയാണ്.

എന്തിനാണ് ദൈവാലയത്തിന്റ, പുറത്തായി, ഹാനാൻ വെള്ളം വെക്കുന്നത്. ദൈവാലയം പരിശുദ്ധമാണ്. ഉള്ളിലേക്കു പ്രവേശിക്കുന്നതിന് മുന്നേ, ആ പരിശുദ്ധ വെള്ളത്തിൽ തൊട്ട്,കുരിശു വരച്ചു കൊണ്ട്, തങ്ങളിലെ പാപങ്ങൾ എല്ലാം കഴുകി കളഞ്ഞു കൊണ്ട് വേണം അകത്തേക്ക് പ്രവേശിക്കാൻ. വി. കുർബാനക്ക്, ശേഷം തിരിച്ചു പള്ളിയിൽ നിന്നും പോകുമ്പോൾ, തിരിച്ച് ഹാനാം വെള്ളം തൊടരുത്. ദൈവാലയത്തിൽ നിന്നും ലഭിച്ച അരുപിക്കൊണ്ട് വീട്ടിലേക്ക് പോകുക. ഇനി അവിടെ വെള്ളം ഇല്ലെങ്കിൽ, ദൈവാലയത്തിന്റെ വാതിലിന്റെ, കട്ടളയിൽ തൊട്ട് കുരിശ് വരച്ചു കൊണ്ട് അകത്തേക്ക് പ്രവേശിക്കാം. ഈ നോമ്പ് കാലം, അനുതാപത്തിന്റെയും സ്നേഹത്തിന്റെയും ദിവസങ്ങൾ ആക്കാം. പരസ്പരം സ്നേഹിക്കാം, സഹായിക്കാം. നന്ദിയുള്ള ഹൃദയം ഉള്ളവർ ആവാം. ഒരു സ്നേഹ പുഞ്ചിരി നൽകാം. ദൈവം അനുഗ്രഹിക്കട്ടെ.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..

[email protected]
+6597526403
Singapore

ഫാ. ഹാപ്പി ജേക്കബ്ബ്

പുരോഗമന വാദവും സോഷ്യലിസവും, സഹോദരത്വവും സമത്വവും കേൾക്കുവാനും ഉപദേശിപ്പാനും പഠിപ്പിപ്പാനും പറ്റിയ വിഷയങ്ങളാണ്. ഇതെല്ലാം കാലാകാലങ്ങളായി നാം കേട്ട് പരിചയിച്ചിട്ടുള്ളതുമാണ്. എന്നാൽ ഈ മേഖലകളിൽ ജീവിതപരിചയം ഉണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ പല ആചാര്യന്മാരുടെ പഠിപ്പിക്കലുകൾ അല്ലാതെ സ്വജീവിതത്തിൽ എടുത്തു കാണിക്കുവാൻ എന്താണ് ഉള്ളത്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന അറിയാത്തവരും ചൊല്ലാത്തവരുമായി ആരാണ് ഉള്ളത്. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ ഞങ്ങളുടെ കടങ്ങളേയും ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കുവാൻ എങ്ങനെ കഴിയുന്നു എന്ന് വിചാരിച്ച് അധൈര്യപ്പെടേണ്ട. ധൈര്യത്തോടെ അർത്ഥമറിഞ്ഞ് പൂർണ്ണമായി സമർപ്പിച്ച് പ്രാർത്ഥിക്കണം. നമ്മെപ്പോലെ ദൈവ ആശ്രയത്തോടെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ, എന്നാൽ ആ കർത്തൃ മുഖത്തേക്ക് ഒന്ന് നോക്കുവാൻ കഴിയാതിരുന്ന ഒരു സ്ത്രീക്ക് എങ്ങനെ സൗഖ്യം ലഭിച്ചു എന്ന ചിന്ത ഇന്ന് ധ്യാനത്തോടെ ഓർക്കാം. വി. ലൂക്കോസ് 13 :10- 17

1 . അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിക്കുക

ഈ സ്ത്രീ ആരെന്നോ എവിടെനിന്നോ വന്നതോ എന്നല്ല പ്രസക്തി . അവൾ ദേവാലയത്തിന്റെ ഉള്ളിൽ ആയിരുന്നു. ശാരീരികമായും, സാമൂഹികപരമായും, ആത്മീക പരമായും ഒറ്റപ്പെട്ടു കഴിയേണ്ടി വന്നവൾ ലക്ഷ്യം സൗഖ്യം തന്നെ ആയിരിക്കണം. അതുവരെയും ഇന്നും ചിന്തിക്കുന്ന പോലെ പൈശാചികതയുടെ ശക്തിയിൽ കീഴ്പ്പെട്ട് ശിരസ്സ് കുനിഞ്ഞ് പോയ ഒരു വ്യക്തി തന്നെ ബാധിച്ചിരിക്കുന്ന ബന്ധനവും അടിമത്വവും പൊട്ടിച്ചെറിയുവാൻ പാട് പെട്ടിട്ടുണ്ടാവാം. കഴിയാതെ വന്നപ്പോൾ നിരാശപ്പെട്ടിട്ടുണ്ടാവാം. എന്നാൽ നമ്മെപ്പോലെ ഓടി ഒളിക്കുവാനോ സ്വന്തേഷ്ടമായി അന്യതപ്പെട്ടു പോകാനോ അവൾ ആഗ്രഹിച്ചില്ല. ഒന്ന് അപേക്ഷിക്കാനോ അവൾക്കു വേണ്ടി മാധ്യസ്ഥം പറയുവാനോ ആരെയും കണ്ടതുമില്ല. എന്നാൽ രക്ഷകൻ അവളെ കണ്ടിരിക്കുന്നു. നമ്മെ ബാധിച്ചിരിക്കുന്ന തെറ്റും പാപങ്ങളും മാത്രമല്ല നാം പാലിക്കുന്ന പല ജീവിതചര്യകളും നമ്മെ അടിമകളാക്കി വച്ചിരിക്കുകയാണ്. നോമ്പിന്റെ നാളുകളിൽ കുമ്പസാരിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നതും ഇത് കാരണമാണ്. അനുതാപത്തോടെ കടന്നുവരുന്ന ഓരോരുത്തർക്കും ബന്ധനങ്ങൾ അഴിച്ച്, കെട്ടുകൾ മാറ്റി, സ്വാതന്ത്ര്യത്തോടെ ദൈവ മുഖത്തേക്ക് നോക്കുവാനും പിതാവേ എന്ന് അഭിസംബോധന ചെയ്യുവാനും പുത്രത്വത്തിന്റെ ആത്മാവിനെ നമുക്കായി ഒരുക്കിയിരിക്കുന്നു. കത്തൃ സാമിപ്യത്തിൽ അവളെ വിളിച്ച് അവൾക്ക് സൗഖ്യം കൊടുക്കുന്നു. അവൾ നിവർന്ന് നിന്ന് ദൈവ മുഖം ദർശിച്ചത് പോലെ നമ്മെ അടിമപ്പെടുത്തിയ എല്ലാ തിന്മകളെയും കത്തൃ കൃപയാല്‍ പൊട്ടിച്ചെറിയണം.

2 . മാറ്റുരക്കപ്പെടാത്ത ദൈവസ്നേഹം .

പാപം നമ്മെ അന്ധകാരപ്പെടുത്തും. നാണവും ലജ്ജയും ഇന്ന് ആരാധനയ്ക്കും ദേവാലയത്തിലും പങ്കെടുക്കുവാൻ ആവശ്യപ്പെടുമ്പോഴാണ് . എന്നാൽ എന്ത് തിന്മ ചെയ്യുന്നതിനും, ഏത് അധമപ്രവർത്തനത്തിനും പങ്കാളി ആവുന്നതിനും ഒട്ടും ലജ്ജ ഇല്ലാത്ത കാലമാണല്ലോ ഇത്. കൊള്ളയും പിടിച്ച് പറിയും മാത്രമല്ല ഏതൊക്കെ കാര്യങ്ങളിൽ കഴിഞ്ഞ തലമുറ തലകുനിച്ചുവോ അതെല്ലാം നിർലോഭം ലജ്ജ കൂടാതെ മാനുഷിക ബലഹീനതയായും, സാഹചര്യ സമ്മർദ്ദമായും ഒക്കെ ചെയ്ത് അഭിമാനിക്കുന്നു. എന്നാൽ നോമ്പിന്റെ കാലത്ത് നമ്മുടെ ഒക്കെ ചിന്ത ഇതെല്ലാം വിട്ടൊഴിഞ്ഞ് പുതിയ സൃഷ്ടി ആകണം എന്നാണ്. ഒരു ദിവസം തീരുമാനം എടുക്കും തൊട്ടടുത്ത ദിവസം തന്നെ വ്യതിചലിക്കും. എന്നാൽ ഓർക്കുക; വിട്ടുമാറാത്തവൻ , ഏത് ഹീനാവസ്ഥയിലും തൊട്ടു സൗഖ്യമാക്കുന്നവൻ, മാറോട് ചേർക്കുന്നവൻ ഈ സ്ത്രീയേയും അനുഗ്രഹിച്ച് തൊട്ട് സൗഖ്യമാക്കുന്നു. ഇതിനപ്പുറം ഒരു സ്നേഹവും കരുതലും വേറെ എവിടെ കിട്ടും. ആ കൃപ പ്രാപിപ്പാനാണ് ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നത്. കരുണയും താഴ്മയും, ഓരോ ധർമ്മങ്ങളും ശീലിക്കുവാൻ പ്രായശ്ചിത്തത്തിലൂടെ നിർവഹിപ്പാൻ നോമ്പ് ആഹ്വാനം ചെയ്യുന്നു.

3 . ദൈവസ്നേഹത്തിന്റെ പ്രകീർത്തനം

അവൾ ക്ഷണത്തിൽ നിവർന്ന് നിന്ന് ദൈവത്തെ മഹത്വപ്പെടുത്തി എന്നത് ഏറ്റവും ശ്രദ്ധേയമായ ഒരു വാക്യമാണ്. സ്തുതിയും സ്തോത്രവും ആരാധനയും മഹത്വവും അർപ്പിപ്പാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ് നാം ഓരോരുത്തരും. അതിരാവിലെ നാം കേൾക്കുന്ന കളകൂജനങ്ങളും കാറ്റിലാടുന്ന വർണ്ണ പുഷ്പങ്ങളും നമുക്ക് തരുന്ന പാഠവും ഇത് തന്നെയാണ്. എപ്പോഴൊക്കെ നമുക്ക് ദൈവകൃപയെ സ്തോത്രം ചെയ്യുവാൻ കഴിയാതെ ഇരിക്കുന്നുവോ അപ്പോഴൊക്കെ നാം ഓർക്കുക നാം ദൈവ സ്നേഹത്തിൽ നിന്ന് അകന്ന് പോയെന്ന്. ഒരു തിരിച്ച് വരവ് സാധ്യമല്ലേ. ലഭിച്ചിരിക്കുന്ന ആയുസ്സിന്റെ ഓരോ ദിനവും മഹത്വത്തോടെ ദൈവ മുൻപിൽ നമുക്ക് നിൽക്കാം. ബാധിച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളേയും വിട്ട് ദൈവ മുഖത്തേക്ക് നോക്കുവാനും സ്തോത്രമർപ്പിപ്പാനും നമ്മെ തന്നെ ദൈവ സന്നിധിയിൽ കാഴ്ച അർപ്പിപ്പാനും ഈ ചിന്ത ബലം നൽകട്ടെ.

സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഷിബി ചേപ്പനത്ത്

ലണ്ടൻ : കാതോലിക്ക സ്ഥാനാരോഹണവുമായി യുകെയിൽ നിന്നും ലെബാനോനിൽ എത്തിച്ചേർന്ന പ്രത്യേക സംഘം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവായുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭദ്രാസന കാര്യങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തുകയും പരിശുദ്ധ ബാവായ്ക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്‌തു. തുടർന്ന് വൈകുന്നേരം നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കുകയും ശ്രേഷ്ഠ ബാവാ ഒരുക്കിയ അഥിതി സൽക്കാരത്തിൽ പങ്കെടുത്ത് ബാവായ്ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved