ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പിറവിത്തിരുന്നാൾ കർമ്മങ്ങളുടെ ശുശ്രൂഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു ,രൂപതയിലെ എഴുപത്തി ഒൻപത് ഇടവകകളിലും , മിഷൻ കേന്ദ്രങ്ങളിലും പരമ്പരാഗതമായ രീതിയിൽ പിറവിത്തിരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട് , ഇരുപത്തി നാലാം തീയതി പാതിരാകുർബാനയും , ശുശ്രൂഷകളും , ക്രിസ്മസ് ദിനത്തിലും തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഇരുപത്തി നാലാം തീയതി വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന പിറവിത്തിരുന്നാൾ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമവും , സ്ഥലവും , ചാർജുള്ള വൈദികന്റെ കോണ്ടാക്റ്റ് ഡീറ്റൈൽസും ഉൾപ്പടെ ഉള്ള വിശദമായ ക്രമീകരണങ്ങൾ ഇതോടൊപ്പമുള്ള ഷീറ്റിൽ ലഭ്യമാണ്.
CSMEGBParishes_(Proposed) Mission 2022 Christmas Holy Qurbana Timings for publishing
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ “പരിശുദ്ധൻ പരിശുദ്ധർക്ക് ” എന്ന രണ്ടാമത് പഞ്ചവത്സര അജപാലന പദ്ധതിയുടെ ( 2022 -2027 ) ആദ്യ പ്രതി പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ നിയുക്ത പ്രീഫെക്ട് ആർച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ലണ്ടനിലെ ഉക്രേനിയൻ കത്തോലിക്കാ രൂപതാ മെത്രാൻ കെന്നെത് നൊവാകൊസ്‌കിക്ക് നൽകി പ്രകാശനം ചെയ്തു .
2020 – 2022 കാലയളവിലെ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് നുൺഷ്യോ ആയി ശുശ്രൂഷ ചെയ്യുന്ന ആർച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി പ്രീഫെക്ട് ആയി ചുമതലയേൽക്കാനായി റോമിലേക്ക് പോകുന്നതിനു മുന്നോടിയായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതി ലണ്ടനിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത് . വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ വിൻസെന്റ് നിക്കോളസിന്റെ കാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയോടെയാണ് ആരംഭിച്ചത് .
സീറോ മലബാർ സഭയുടെ തനത് ആരാധനക്രമം , ദൈവശാസ്ത്രം ,ആധ്യാത്മികത , ശിക്ഷണക്രമം , സംസ്കാരം തുടങ്ങിയവ വരുന്ന അഞ്ചു വർഷങ്ങളിൽ പഠിക്കാനും , നടപ്പിലാക്കാനും ഉതകുന്ന രീതിയിൽ തയാറാക്കപ്പെട്ടിട്ടുള്ളതാണ് ഈ പഞ്ചവത്സര അജപാലന പദ്ധതി .
സൗത്ത് ലണ്ടൻ : ക്രോയിഡൻ സെന്റ് പോൾസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഈ വർഷത്തെ തിരുപ്പിറവി ശുശ്രൂഷകൾക്ക് 24 -ന് തുടക്കം , ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ അച്ചൻറെ കാർമികത്വത്തിൽ ക്യാറ്റർ ഹാം ഓൺ ദ ഹിൽ സെനിട്ടറി ഹാളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം ഇടവക ഭാരവാഹികൾ അറിയിച്ചു.
ക്രിസ്തുവിൻറെ ജനന പെരുന്നാളിന്റെ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി കർത്താവിൻെറ നാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
24 12 2002 – ന് 6 pm മുതൽ ക്രിസ്തുമസ് പാതിരാ കുർബാന, പ്രദക്ഷിണം, സീക്രട്ട് സാന്റാ , കലാസന്ധ്യ, സ്നേഹവിരുന്ന് .
പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് ബാബു (ട്രസ്റ്റി ) – 0753572301
റോയി മാത്യു (സെക്രട്ടറി) – O7480495628
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം ഘട്ടമായ ഇയർ ഓഫ് ലിറ്റർജിയുടെ ഭാഗമായി രൂപതാ അംഗങ്ങൾക്കായി ആരാധനക്രമത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു . ഇടവക റീജിയണൽ , രൂപതാ തലങ്ങളിൽ നടക്കുന്ന ക്വിസ് മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി രൂപതയുടെ ഔദ്യോഗിക വീക്കിലി ന്യൂസ് ബുള്ളറ്റിൻ ആയ ദനഹായിൽ ഡിസംബർ 18 മുതൽ തുടർച്ചയായി അൻപത് ആഴ്ചകളിൽ ആരാധനക്രമമവുമായി ബന്ധപ്പെട്ട ഇരുപത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പ്രസിദ്ധീകരിക്കും .
ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാനും , ഇതിന് ഒരുങ്ങുവാനായി ദനഹായിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യോത്തരങ്ങൾ ഹൃദ്യസ്ഥമാക്കാനും എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു . ദനഹാ സബ്സ്ക്രൈബ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക .
യു കെ യിലെ പ്രശസ്തമായ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം കോവിഡിന്റെ ഇടവേളയ്ക്കു ശേഷം പൂർവ്വാധികം ഭംഗിയായി അഘോഷിക്കുവാൻ അരങ്ങൊരുകുകയാണ്. 2023 ജനുവരി 7നു ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 9 മണി വരെ മാഞ്ചസ്റ്ററിൽ ജെയിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഭക്ത്യാദരപൂർവ്വം അതിഗംഭീരമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് 2 മണിക്ക് നെറ്റിപ്പട്ടവും ശബരീശന്റെ തിടമ്പും ഏറ്റിയ മാഞ്ചസ്റ്റർ മണികണ്ഠൻ എന്ന ഗജവീരന്റെയും യുകെയിലെ പ്രശസ്തമായ ചെണ്ടമേളകലാകാരൻമാരായ മാഞ്ചസ്റ്റർ മേളത്തിന്റെ ചെമ്പടമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപൊലിയേന്തിയ നൂറുകണക്കിന് തരൂണീമണികളുടെയും അകമ്പടിയോടെ മകരവിളക്കുൽസവത്സവത്തിന്റെ എഴുന്നെള്ളിപ്പ് ആരംഭിക്കുന്നു. എഴുന്നെള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ എത്തുമ്പോൾ ഉത്സവതന്ത്രി ശ്രീ പ്രസാദ് ഭട്ട് കൊടിയേറ്റ കർമ്മം നിർവ്വഹിക്കും. തുടർന്ന് മാഞ്ചസ്റ്റർ ഹിന്ദു സമാജം ഒരുക്കുന്ന ഭക്തി ഗാനസുധ ആരംഭിക്കുകയായി.
അതിനോടൊപ്പം ശ്രീ പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിൽ ഗണപതി പൂജ, പൂങ്കാവന പൂജ വിളക്ക് പൂജ , പതിനെട്ട് പടിപൂജ , അർച്ചന , ദീപാരാധന , ഹരിവരാസനവും തുടർന്ന് മാഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തിനും സാക്ഷാൽ കലിയുഗവരദന്റെ അനുഗ്രഹത്തിനും കൃപാ കടാക്ഷങ്ങൾക്കുമായി ഭഗവാന് അർച്ചന നടത്തുവാനുള്ള സൗകര്യം അന്നേ ദിവസം ഒരുക്കിയിട്ടള്ളതാണ്.
ജനപങ്കാളിത്തം കൊണ്ടും കയ്യും, മെയ്യും മറന്ന് ഭക്തജനങ്ങൾ അഹോരാത്രം തങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ച് ഒരുക്കുന്ന ഈ മകരവിളക്ക് മഹോത്സവത്തിൽ ഏകദേശം 500 ഓളം ഭക്തജനങ്ങളുടെ സാന്നിദ്ധ്യമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ സ്വപ്നതുല്ല്യ ഉൽസവം അതി മനോഹരവും ആർഭാടവുമായി ആഘോഷിക്കണമെങ്കിൽ ഏവരുടെയും സാന്നിദ്ധ്യ സഹായസഹകരണങ്ങൾ അനിവാര്യമാണ്. ആയതിനാൽ ഏവരും സകുടുംബം ഇന മഹോത്സവത്തിൽ പങ്കെടുക്കണമെന്ന് അയപ്പ സ്വാമിയുടെ നാമധേയത്തിൽ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
യുകെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജകളിൽ ഒന്നായ ഈ മകരവിളക്കത്സവത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജാതി മത ഭേദമന്യേ ഏവരുടെയും സാന്നിധ്യം ഇക്കുറി പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന ആളുകളുമായി ബന്ധപ്പെടുക.
പ്രസിഡൻ്റ് – രജനി ജീമോൻ
07715 461790
സെക്രട്ടറി – ഹരിമേനോൻ
07584 894376
ട്രഷറർ –
സുനിൽ ഉണ്ണി,
07920 142948
ബിർമിംഗ്ഹാം : ക്രിസ്മസിന്റെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ. മണ്ണിൽ അവതരിച്ച രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വിണ്ണിലെ സ്വർഗീയ ഗണങ്ങളോടൊപ്പം അവർ ചേർന്നു പാടി. കണ്ണിനും കാതിനും കുളിർമ്മയായി ‘ജോയ് ടു ദി വേൾഡ്- 5’
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 10 ശനിയാഴ്ച്ച ബിർമിംഗ്ഹാം ബാർട് ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ അഞ്ചാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ടു ഗായകസംഘങ്ങൾ. സ്വർഗീയനാദം അലയടിച്ച ‘ജോയ് ടു ദി വേൾഡ്’ സീസൺ 5 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് വിജയകിരീടം ചൂടി. ലണ്ടൻ സെന്റ്. തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് രണ്ടാം സ്ഥാനവും ഔർ ലേഡി ഓഫ് ഡോളർസ് സീറോ മലബാർ മിഷൻ, ലണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം ഹെവൻലി വോയിസ് സ്റ്റോക്ക്-ഓൺ-ട്രെന്റും ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ സീറോ മലബാർ മിഷൻ എയ്‌ൽസ്‌ഫോർഡും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് പീറ്റർബറോ ഓൾ സൈന്റ്സ് മാർത്തോമാ ചർച്ച് അർഹരായി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും ക്വയർ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ വിജയികളെ കാത്തിരുന്നത് ആയിരം പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയുമാണ്. രണ്ടും മൂണും സ്ഥാനത്തെത്തിയവർക്ക് യഥാക്രമം അഞ്ഞൂറ്, ഇരുനൂറ്റമ്പത് ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ വെരി. റവ. ഫാ. ജിനോ അരീക്കാട്ട് പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്, ഗായിക പ്രീതി സന്തോഷ് എന്നിവർ അതിഥികളായി എത്തിയിരുന്നു.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് റവ. ഫാ. ജിനോ അരീക്കാട്ട്, ഡെൽസി നൈനാൻ, ഫ്രഡി കുളങ്ങര, അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, ബിജോ ടോം, ജെയ്സൺ വൈസ്‌ഫോക്സ്, മനോജ് ടോംടൺ ട്രാവെൽസ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
യുകെയിൽ വളർന്നു വരുന്ന യുവസംഗീതപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന് ഓൺലൈനായി നടത്തിയ ഓൾ യുകെ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റിൽ ഫൈനലിൽ എത്തിയ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഗ്രാൻഡ് ഫിനാലെയും ഇതോടൊപ്പം നടത്തുകയുണ്ടായി. മൂന്നു ക്യാറ്റഗറികളിലായി പതിനഞ്ചു യുവഗായകരാണ് ഫൈനലിൽ പ്രവേശിച്ചത്. അത്യന്തം വാശിയേറിയ മത്സരത്തിൽ 5 -10 വയസ് ക്യാറ്റഗറിയിൽ അന്നബെൽ ബിജു ഒന്നാം സ്ഥാനവും, അലീന ജോൺ രണ്ടാം സ്ഥാനവും, ഇഫാ മരിയ ഫെവാസ് മൂന്നാം സ്ഥാനവും നേടി. 11 – 15 വയസ് ക്യാറ്റഗറിയിൽ ഇസബെൽ ഫ്രാൻസിസ് ഒന്നാം സ്ഥാനവും, ഷെയിൻ തോമസ് രണ്ടാം സ്ഥാനവും, സോഫിയ സോണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 16 – 21 വയസ് ക്യാറ്റഗറിയിൽ ആഷ്‌നി ഷിജു ഒന്നാമതെത്തിയപ്പോൾ റിയോണ റോയ് രണ്ടാം സ്ഥാനവും എവ്‌ലിൻ ജെയിംസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും നൽകിയ ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു.
കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.
ബിനോയ് എം. ജെ.
മരണം മനുഷ്യന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നു. അതങ്ങനെ ആവേണ്ടിയിരുന്നില്ല. നേരെ മറിച്ചായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. മരണം ജീവിതത്തെ പ്രകാശിപ്പിക്കേണ്ടിയിരുന്നു. മരണത്തിന് വേണ്ടിയുള്ള ഒരു തയ്യാറെടുപ്പാണ് ജീവിതം എന്ന് വേണമെങ്കിൽ പറയാം. അല്ലെങ്കിൽ മരണം ജീവിതത്തിനും ഉപരിയോ ജീവിതത്തേക്കാൾ ശ്രേഷ്ഠമോ ആണ്. ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുവാൻ വേണ്ടി ജീവിതത്തിന്റെ നല്ല ഒരു ഭാഗം പരിശീലനത്തിനായി മാറ്റിവക്കുന്ന കായികതാരങ്ങളെ കണ്ടിട്ടില്ലേ? ഒളിംപിക്സിലെ പ്രകടനമാണവരുടെ ലക്ഷ്യം. അതാണ് വർഷങ്ങളായുളള അവരുടെ തയ്യാറെടുപ്പുകൾക്കും ജീവിതത്തിനു തന്നെയും അർത്ഥം പകരുന്നത്. ഇപ്രകാരം ജീവിതം മരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാകുമ്പോൾ മരണം ജീവിതത്തിന് അർത്ഥം പകരുകയും ജീവിതത്തിൽ പ്രകാശം ചൊരിയുകയും ചെയ്യും.
എന്താണ് ജീവിതം? എന്താണ് മരണം?ആത്മാവിന്റെ ശരീര ബന്ധനമാണ് ജീവിതം. മരണമാവട്ടെ ഈ ബന്ധനത്തിൽ നിന്നുള്ള ആത്മാവിന്റെ മോചനവും. ആത്മാവ് ശരീരവുമായി യോജിച്ച് പ്രവൃത്തിക്കുമ്പോൾ താനീ ശരീരം തന്നെ എന്ന മിഥ്യാ ഭ്രമം ഉണ്ടാവുക സ്വാഭാവികം. ഇതാണ് ശാരീര ബന്ധനം. എന്നാൽ കൂടിച്ചേർന്നവ ഒക്കെ വേർപെട്ടേ തീരൂ. ആത്മാവ് ശരീരത്തിൽനിന്നും വേർപെടണം. ഈ വേർപെടലാകുന്നു മരണം. എന്നാൽ മരണവുമായി പൊരുത്തപ്പെടുവാൻ ആകാത്തവരിൽ ഈ കൂടിച്ചേരൽ വീണ്ടും സംഭവിക്കുന്നു. പുനരപി ജനനം, പുനരപി മരണം. നിങ്ങൾ എന്ന് മരണവുമായി പൊരുത്തപ്പെടുന്നുവോ അന്നു വരെ നിങ്ങളുടെ ജീവിതത്തിൽ ജനനവും മരണവും ആവർത്തിച്ച് കൊണ്ടേയിരിക്കും. ഇതൊരു വലയം ആണ്. പരീക്ഷയിൽ തോൽക്കുന്നവൻ വീണ്ടും പരീക്ഷ എഴുതിയേ തീരൂ. മരണത്തിന്റെ മുന്നിൽ തോൽവി സമ്മതിക്കുന്നവൻ വീണ്ടും അതിൽ കൂടി കടന്നു പോയേ തീരൂ. ഇതിനു വേണ്ടി അയാൾ പുനർജ്ജനിക്കുന്നു . എന്ന് മരണവുമായി ഞാനും നിങ്ങളും പൊരുത്തപ്പെടുന്നുവോ അന്നു വരെ നമ്മുടെ ജീവിതത്തിൽ ജനിമൃതികൾ സംഭവിച്ചുകൊണ്ടേയിരിക്കും.
മരണം ഒരു പരീക്ഷയാണ്. അത് മോക്ഷപ്രാപ്തിയിലേക്കുള്ള പ്രവേശന പരീക്ഷയാണ്. അത് നിഷേധാത്മകമായ ഒരു സംഗതിയല്ല. മറിച്ച് അത് അത്യന്തം ഭാവാത്മകമാണ്. പഠിക്കാത്തവനാണ് പരീക്ഷയെ ഭയപ്പെടുന്നത്. ഉഴപ്പിത്തല്ലി നടക്കുന്നവന് പരീക്ഷ ഒരു പേടിസ്വപ്നമാണ്. അവന് ദിശാബോധമില്ല. അവൻ വഴി പിഴച്ചു പോയിരിക്കുന്നു. പഠിക്കുമ്പോൾ പ്രണയത്തിന്റെ പിറകേ പോകുന്നവന് പരീക്ഷയിൽ വിജയം കൊയ്യുവാനാവില്ല. ജീവിച്ചിരിക്കുമ്പോൾ ഈ ലോകത്തിലെ മായാഭ്രമങ്ങൾക്ക് പിറകേ പോകുന്നവന് മരണത്തിൽ വിജയം കൊയ്യുവാനാവില്ല. അത്തരക്കാർ വഴി പിഴച്ചു പോയവരാണ്. അവർ വീണ്ടും ജനിക്കുന്നു. കൊതി തീരുവോളം അവർ ജീവിതം ആസ്വദിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ഇവിടുത്തെ സുഖദു:ഖങ്ങളിലൂടെയെല്ലാം വേണ്ടുവോളം കടന്നുപോയി വിരക്തിയാർജ്ജിച്ചവർ മാത്രമേ മരണത്തിന് മേൽ വിജയം വരിക്കുന്നുള്ളൂ. അവർക്ക് മാത്രമേ മോക്ഷം കിട്ടുന്നുള്ളൂ.
ജീവിതത്തോട് ആസക്തിയുള്ളവരുടെ ജീവിതം വീണ്ടും തുടരുന്നു. അതങ്ങനെ തന്നെയാകുവാനേ വഴിയുള്ളൂ. ജീവിതം മടുത്തുപേക്ഷിച്ചവന് മാത്രമേ മോക്ഷം കിട്ടുന്നുള്ളൂ. ഇത് തിരിച്ചറിയാൻ ഉള്ള പരീക്ഷണമാകുന്നു മരണം. നിങ്ങൾക്ക് മരണത്തോട് പൊരുത്തപ്പെടുവാൻ കഴിയുന്നുണ്ടോ? നിങ്ങൾ ജീവിതം മടുത്ത ആളാണെങ്കിൽ നിങ്ങൾക്ക് മരണം സ്വാഗതാർഹമാണ്. ജീവിതത്തിൽ കൊതി ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് മരണം സ്വാഗതാർഹമല്ല. നിങ്ങൾക്ക് അതിനോട് പൊരുത്തപ്പെടുവാനാകുന്നില്ല. നിങ്ങൾ പുനർജ്ജനിച്ചേ തീരൂ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലീഡ്സ് ഇടവകയുടെ വികാരിയായി ഫാ. ജോസ് അന്ത്യാംകുളം ചുമതലയേറ്റു. ഫാ. മാത്യു മുളയോലിൽ ബെക്സ്ഹിൽ ഓൺസിലേയ്ക്ക് സ്ഥലം മാറിപ്പോയ ഒഴിവിലാണ് ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നിയമനം. ഫാ. ജോസ് അന്ത്യാംകുളം നേരത്തേ ബെക്സ്ഹിൽ ഓൺ സിയിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്.
മികച്ച വാഗ്‌മിയും ധ്യാന പ്രസംഗകനുമായി അറിയപ്പെടുന്ന ഫാ. ജോസ് അന്ത്യാംകുളം പതിവുപോലെ “ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരി സഹോദരങ്ങളേ ” എന്ന അഭിസംബോധന യോടെയാണ് ലീഡ്സിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയുടെ സൃഷ്ടാവ് ഒരു തികഞ്ഞ മരിയൻ ഭക്തനായ ഫാ. ജോസ് അന്ത്യാംകുളം ആണ് . പ്രഭാഷണങ്ങൾ, മനോഹരമായ ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന യൂട്യൂബ് വീഡിയോ ആണ് അമ്മയോടൊപ്പം ഈശോയിലേക്ക് എന്ന ആത്മീയ ശുശ്രൂഷ. പ്രസ്തുത പരിപാടി 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.
സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലീഡ്സിലാണ് ആദ്യമായി ഒരു ദേവാലയം വിശ്വാസികൾ ധനസമാഹാരണം നടത്തി സ്വന്തമാക്കുന്നത്. ലീഡ്സ് കേന്ദ്രീകൃതമായി പുതിയതായി ഉടൻതന്നെ ഒരു പുതിയ റീജൺ രൂപീകൃതമാകാൻ സാധ്യത തെളിയുന്ന സാഹചര്യത്തിൽ ഫാ. ജോസ് അന്ത്യാംകുളത്തിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണ്.
തലശ്ശേരി രൂപതയിലെ പാലാവയലിൽ അന്ത്യാംകുളം കുടുംബത്തിലെ ഉലഹന്നൻ മറിയം ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് ഫാ. ജോസ് അന്ത്യാംകുളം ദിവ്യ കാരുണ്യ മിഷനറി സഭാഗമാണ് .ഫാ. ജോസിനെ കൂടാതെ മറ്റൊരു വൈദീകനും അന്ത്യാംകുളം കുടുംബത്തിലുണ്ട്. മൂത്ത സഹോദരൻ ഫാ. ജോൺസൺ അന്ത്യാംകുളം. തലശ്ശേരി അതിരൂപതയിലെ വെള്ളരിക്കുണ്ട് ഇടവകയിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്വൽ കമ്മീഷൻ ചെയർമാനായും ഫാ. ജോസ് അന്ത്യാംകുളം ഇപ്പോൾ സേവനമനുഷ്ടിക്കുന്നു.
അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷ 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ മലയാളം യുകെയിൽ വന്ന വാർത്ത വായിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
2023 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ എന്ന പേരിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ ,അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി , അഭിഷേകാഗ്നി സിസ്റ്റേഴ്സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ വ.ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും . സീറോ മലങ്കര സഭ യുകെ കോഓർഡിനേറ്റർ റവ. ഡോ കുര്യാക്കോസ് തടത്തിൽ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക റോസ്സ് പവൽ എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ , അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
തലക്കെട്ട് കാണുമ്പോൾ എന്താണ് ഇവിടെ പ്രസക്തി എന്ന് ചിന്തിച്ചേക്കാം. ദാനം എന്ന് കേൾക്കുമ്പോൾ വെറുതെ കിട്ടുന്ന എന്തോ എന്നായിരിക്കും ആദ്യം മനസ്സിൽ വരുന്നത്. എനിക്ക് വേണ്ടാത്ത എന്തെങ്കിലും ഒഴിവാക്കുന്ന രീതിക്കും നാം ദാനം എന്ന് വിളിക്കാറുണ്ട്. ആര് നൽകിയാലും വാങ്ങുന്ന, ലഭിക്കുന്ന ആൾക്ക് പ്രയോജനമില്ലെങ്കിൽ പിന്നെ ദാനത്തിന് എന്ത് പ്രസക്തി.
ക്രിസ്തുമസ് കാലയളവ് പ്രധാനമായും സമ്മാനങ്ങൾ കൈമാറ്റം ചെയ്യുന്ന സമയമാണ്. മനസ്സിനൊത്തവണ്ണം സ്നേഹത്തിന്റെ വ്യാപ്തിക്കനുസരിച്ച് സമ്മാനങ്ങൾ നാം ഒരുക്കും. ഒരാൾക്ക് സമ്മാനം കൊടുക്കുമ്പോൾ നമ്മുടെ മനസ്സിൽ ചില ചിന്തകൾ ഉയർന്നുവരും. നമ്മൾ കൊടുക്കുന്ന സമ്മാനം അവർ ആഗ്രഹിക്കുന്നതാണോ , അവർക്ക് ആവശ്യമുള്ളതാണോ, അവർക്ക് ധരിക്കാൻ പറ്റുന്നതാണോ , അവർക്ക് വായിക്കാൻ പറ്റുന്നതാണോ ഇങ്ങനെ ആയിരിക്കും ചിന്തകൾ പോകുന്നത്.
ഇതിനെല്ലാം ആധാരം ആയിരിക്കുന്നത് പിതാവായ ദൈവം സ്വന്തം പുത്രനെ തന്നെ ദാനമായി നമുക്ക് തന്നു . പഴയ നിയമകാലം മുതൽ ദൈവജനം നോക്കിപ്പാർത്തിരുന്നു ; ഒരു രക്ഷകൻ അവതരിക്കുമെന്ന് . അത് വെറും ഒരു ആഗ്രഹം മാത്രമായിരുന്നോ അവർക്ക് . അല്ല അത് അവർക്ക് ഏറ്റവും ആവശ്യമായ ഒരു സമ്മാനം ആയിരുന്നു. കാരണം അധാർമികതയുടെയും , അനീതിയുടേയും കാലത്തിൽ നിന്നും മാനസാന്തരം പ്രസംഗിച്ച പ്രവാചകന്മാരുടേയും കർത്താവിന് വഴി ഒരുക്കിയ യോഹന്നാനും വിളിച്ചു പറഞ്ഞ മാനസാന്തര സുവിശേഷം ആയിരുന്നു ഈ സമ്മാനം. സ്വീകരിക്കുവാൻ തക്കവണ്ണം ജനതകൾ കാത്തിരുന്നു. തീർത്തും നാം തിരിഞ്ഞു നോക്കിയാൽ ഏദനിലുള്ള വീഴ്ചയുടെ കാലം മുതൽ തലമുറകൾ നോക്കിയിരുന്നു ഈ സമ്മാനത്തിനുവേണ്ടി . സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല ചതയ്ക്കും എന്ന് ആദ്യ പുസ്തകത്തിൽ നാം വായിക്കുന്ന സമ്മാനം അല്ലേ ഇത്.
ഇനി അടുത്ത ചിന്ത ധരിക്കാൻ പറ്റുന്ന അനുഭവം . എന്താണ് ഏദനിൽ സംഭവിച്ചത്. ദൈവത്തോടൊപ്പം കഴിഞ്ഞ ആദവും ഹവ്വയും പാപം ചെയ്ത് കഴിഞ്ഞപ്പോൾ അവർ നഗ്നരെന്ന് അറിഞ്ഞ് ലജ്ജിക്കുന്നു. എന്നാൽ അതിന് മുൻപ് അവർക്ക് ലജ്ജ തോന്നാതിരുന്നത് എന്തുകൊണ്ട് ? കാരണം സൃഷ്ടിയിൽ തന്നെ ദൈവം അവർക്കായി നൽകിയിരുന്ന സംരക്ഷണം പാപം മൂലം അവർ നഷ്ടപ്പെടുത്തി. ഈ ജനന സമ്മാനം രക്ഷയുടെ വസ്ത്രം നമുക്ക് നൽകുവാനുള്ളതല്ലേ .
ഈ ജനനസമ്മാനം ഒരു യുഗത്തിന്റെ ആരംഭം ആയിരുന്നു. പാരമ്പര്യത്തിന്റേയും കീഴ്‌വഴക്കത്തിന്റേയും ഭാവങ്ങളെ മാറ്റി തലമുറകൾക്ക് അനുഭവവേദ്യമാകുന്ന പാഠപുസ്തകം ആയി തന്നു . കണ്ട് പഠിക്കാൻ , അനുസരിച്ച് ജീവിക്കുവാൻ വേറെ എന്ത് സമ്മാനം ആണ് നാം കാത്തിരിക്കേണ്ടത്.
യോഹന്നാൻ 3 :16 -17 “തൻറെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ”
സമ്മാനം തരുന്ന ആളിന്റെ മനസ്സാണ്, സന്തോഷമാണ് , കരുതലാണ്, നന്മയാണ്. ദൈവം നമുക്കായി നൽകിയ സമ്മാനം. ഇത് നാം സ്വീകരിക്കുക. ചിന്തിക്കുക ദൈവീക ദാനമാണ് , ദൈവത്തിൻറെ പുത്രൻ ആണ് , സ്നേഹത്തിൻറെ സമ്മാനമാണ്.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലങ്കര ഓർത്തഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.